ദൈവദത്ത സ്വാതന്ത്ര്യത്തിനുവേണ്ടി ഉറച്ചുനിൽക്കുക!
“അത്തരം സ്വാതന്ത്ര്യത്തിനുവേണ്ടി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി. അതുകൊണ്ട് ഉറച്ചുനിൽക്കുക, ഒരു അടിമത്വനുകത്തിൽ വീണ്ടും കുടുക്കപ്പെടാൻ നിങ്ങളേത്തന്നെ അനുവദിക്കരുത്.”—ഗലാത്യർ 5:1, NW.
1, 2. ദൈവദത്ത സ്വാതന്ത്ര്യം എങ്ങനെ നഷ്ടപ്പെട്ടു?
യഹോവയുടെ ജനം സ്വതന്ത്രരാണ്. എന്നാൽ അവർ ദൈവത്തെ വിട്ടുള്ള സ്വാതന്ത്ര്യം തേടുന്നില്ല, കാരണം അത് സാത്താന്റെ കീഴിലെ അടിമത്തത്തെ അർത്ഥമാക്കും. അവർ യഹോവയുമായുള്ള തങ്ങളുടെ അടുത്ത ബന്ധത്തെ വിലമതിക്കുകയും തങ്ങൾക്ക് അവൻ നൽകുന്ന സ്വാതന്ത്ര്യത്തിൽ സന്തോഷിക്കുകയും ചെയ്യുന്നു.
2 നമ്മുടെ ആദ്യ മാതാപിതാക്കളായിരുന്ന ആദാമും ഹവ്വായും പാപം ചെയ്തതിനാലും പാപത്തിന്റെയും മരണത്തിന്റെയും പിശാചിന്റെയും അടിമകളായിത്തീർന്നതിനാലും ദൈവദത്തമായ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി. (ഉല്പത്തി 3:1-19; റോമർ 5:12) എന്തിന്, സാത്താൻ മുഴു ലോകത്തെയും നാശത്തിലേക്കുള്ള പാപപൂർണ്ണമായ വഴിയിലാക്കി! എന്നാൽ ദൈവദത്തമായ സ്വാതന്ത്ര്യത്തിനുവേണ്ടി ഉറച്ചുനിൽക്കുന്നവർ നിത്യജീവനിലേക്കുള്ള പാതയിൽ നടക്കുന്നു.—മത്തായി 7:13, 14; 1 യോഹന്നാൻ 5:19.
അടിമത്തത്തിൽനിന്നുള്ള സ്വാതന്ത്ര്യം
3. ദൈവം ഏദെനിൽ ഏതു പ്രത്യാശ വെച്ചുനീട്ടി?
3 തന്റെ നാമത്തെ ബഹുമാനിക്കുന്ന മനുഷ്യർ സാത്താന്റെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് സ്വതന്ത്രരായിരിക്കണമെന്ന് യഹോവ ഉദ്ദേശിച്ചു. ഏദെനിൽ സാത്താനാൽ ഉപയോഗിക്കപ്പെട്ട സർപ്പത്തോട് ദൈവം ഇങ്ങനെ പറഞ്ഞപ്പോൾ ആ പ്രത്യാശ വെച്ചുനീട്ടപ്പെട്ടു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:14, 15) യഹോവയുടെ സ്വർഗ്ഗീയ സ്ഥാപനത്തിൽനിന്നുള്ള സന്തതിയായ യേശുക്രിസ്തു സ്തംഭത്തിൽ മരിച്ചപ്പോൾ കുതികാൽതകർക്കൽ അനുഭവിച്ചു, എന്നാൽ ദൈവം അങ്ങനെ വിശ്വാസമുള്ള മനുഷ്യവർഗ്ഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും സ്വതന്ത്രരാക്കുന്നതിന് ഒരു മറുവിലയാഗം പ്രദാനംചെയ്യുകയാണുണ്ടായത്. (മത്തായി 20:28; യോഹന്നാൻ 3:16) കാലക്രമത്തിൽ, യേശു ആദ്യ സർപ്പമായിരുന്ന സാത്താന്റെ തല ചതക്കും.—വെളിപ്പാട് 12:9.
4. അബ്രാഹാം ഏതു സ്വാതന്ത്ര്യം അനുഭവിച്ചു, യഹോവ അവനോട് എന്തു വാഗ്ദത്തം ചെയ്തു?
4 ഏദെനിൽ നൽകപ്പെട്ട വാഗ്ദത്തത്തിനുശേഷം ഏതാണ്ട് 2,000 വർഷം കഴിഞ്ഞ്, “യഹോവയുടെ സ്നേഹിത”നായിരുന്ന അബ്രാഹാം ദൈവത്തെ അനുസരിക്കുകയും മറെറാരു സ്ഥലത്തേക്കു പോകാൻ ഊർ നഗരം വിടുകയും ചെയ്തു. (യാക്കോബ് 2:23; എബ്രായർ 11:8) അവന് അങ്ങനെ ദൈവദത്ത സ്വാതന്ത്ര്യം ലഭിക്കുകയും, വ്യാജമതവും ദുഷിച്ച രാഷ്ട്രീയവും അത്യാഗ്രഹമുള്ള വ്യാപാരവും അടങ്ങിയ സാത്താന്റെ ലോകത്തിന്റെ ഒരു അടിമയായി മേലാൽ ജീവിക്കാതിരിക്കുകയും ചെയ്തു. ഏദെനിക പ്രവചനത്തോട് ദൈവം അബ്രാഹാമും അവന്റെ സന്തതിയും മുഖാന്തരം സകല കുടുംബങ്ങളും ജനതകളും തങ്ങളേത്തന്നെ അനുഗ്രഹിക്കുമെന്നുള്ള വാഗ്ദത്തങ്ങൾ കൂട്ടിച്ചേർത്തു. (ഉല്പത്തി 12:3; 22:17, 18) അബ്രാഹാം ‘യഹോവയിൽ വിശ്വാസമർപ്പിച്ചതുകൊണ്ട്’ അവൻ കുററവിധിയിൽനിന്ന് വിമുക്തനായിരുന്നു, ‘യഹോവ അവന് അത് നീതിയായി കണക്കിട്ടു.’ (ഉല്പത്തി 15:6) ഇന്ന് യഹോവയുമായുള്ള ഒരു അടുത്ത ബന്ധം സമാനമായി കുററവിധിയിൽനിന്നും സാത്താന്റെ അധികാരത്തിൽ കിടക്കുന്ന ലോകത്തിലെ അടിമത്തത്തിൽനിന്നുമുള്ള ഒരു ദൈവദത്ത സ്വാതന്ത്ര്യം കൈവരുത്തുന്നു.
ഹഠാദാകർഷിക്കുന്ന ഒരു പ്രതീകാത്മക നാടകം
5. ഇസ്ഹാക്കിന്റെ ജനനം ഏതു സാഹചര്യങ്ങളോട് ബന്ധപ്പെട്ടിരുന്നു?
5 അബ്രാഹാമിന് ഒരു സന്തതിയുണ്ടാകേണ്ടതിന്, അവന്റെ മച്ചിയായ ഭാര്യ സാറാ കുട്ടിയെ പ്രസവിക്കാനുള്ള ഒരു ആളായി തന്റെ ദാസിയായ ഹാഗാറിനെ അവനു കൊടുത്തു. അബ്രാഹാം അവളിലൂടെ ഇശ്മായേലിനെ ജനിപ്പിച്ചു, എന്നാൽ ദൈവം അവനെ വാഗ്ദത്ത സന്തതിയായി തിരഞ്ഞെടുത്തില്ല. പകരം അബ്രാഹാമിന് 100വയസ്സും സാറായ്ക്ക് 90വയസ്സുമായിരുന്നപ്പോൾ ഇസ്ഹാക്ക് എന്നു പേരുള്ള ഒരു പുത്രനെ ജനിപ്പിക്കാൻ യഹോവ അവരെ പ്രാപ്തരാക്കി. ഇശ്മായേൽ ഇസ്ഹാക്കിനെ പരിഹസിച്ചപ്പോൾ ഹാഗാറും അവളുടെ പുത്രനും പറഞ്ഞുവിടപ്പെടുകയും സ്വതന്ത്രസ്ത്രീയായിരുന്ന സാറായിലുള്ള അബ്രാഹാമിന്റെ പുത്രനെ അബ്രാഹാമിന്റെ അവിതർക്കിത സന്തതിയായി ശേഷിപ്പിക്കുകയും ചെയ്തു. അബ്രാഹാമിനെപ്പോലെ, ഇസ്ഹാക്കും വിശ്വാസം പ്രകടമാക്കുകയും ദൈവദത്ത സ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്തു.—ഉല്പത്തി 16:1-16; 21:1-21; 25:5-11.
6, 7. വ്യാജോപദേഷ്ടാക്കൻമാർ ചില ഗലാത്യക്രിസ്ത്യാനികളെ എന്തു ബോദ്ധ്യപ്പെടുത്തിയിരുന്നു, എന്നാൽ പൗലോസ് എന്തു വിശദീകരിച്ചു?
6 ഈ സംഭവങ്ങൾ ദൈവദത്തമായ സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നവർക്ക് സുപ്രധാനമായ കാര്യങ്ങളെ മുൻനിഴലാക്കി. ഇത് അപ്പോസ്തലനായ പൗലോസ് പൊ.യു. ഏതാണ്ട് 50മുതൽ 52വരെ ഗലാത്യയിലെ സഭകൾക്കെഴുതിയ ലേഖനത്തിൽ സൂചിപ്പിക്കപ്പെട്ടു. അപ്പോഴേക്കും ക്രിസ്ത്യാനികൾക്ക് പരിച്ഛേദന ആവശ്യമില്ലെന്ന് ഭരണസംഘം തീരുമാനിച്ചിരുന്നു. എന്നാൽ അത് ക്രിസ്ത്യാനിത്വത്തിന്റെ മർമ്മപ്രധാനമായ ഒരു സവിശേഷതയാണെന്ന് ഗലാത്യരിൽ ചിലരെ വ്യാജോപദേഷ്ടാക്കൾ വിശ്വസിപ്പിച്ചിരുന്നു.
7 പൗലോസ് ഗലാത്യരോട് ഇങ്ങനെ പറഞ്ഞു: ഒരു വ്യക്തി മോശൈകന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല, പിന്നെയോ ക്രിസ്തുവിലുള്ള വിശ്വാസത്താലാണ് നീതിമാനായി പ്രഖ്യാപിക്കപ്പെടുന്നത്. (1:1–3:14) ന്യായപ്രമാണം അബ്രാഹാമിക ഉടമ്പടിയോട് ബന്ധിപ്പിക്കപ്പെട്ടിരുന്ന വാഗ്ദത്തത്തെ അസാധുവാക്കിയില്ല, എന്നാൽ ലംഘനങ്ങളെ പ്രകടമാക്കുകയും ക്രിസ്തുവിലേക്കു നയിക്കുന്ന ഒരു ഗുരുവായി പ്രയോജനപ്പെടുകയും ചെയ്തു. (3:15-25) യേശു തന്റെ മരണത്താൽ ന്യായപ്രമാണത്തിൻകീഴുള്ളവരെ മോചിപ്പിക്കുകയും അവരെ ദൈവപുത്രൻമാരാകാൻ പ്രാപ്തരാക്കുകയും ചെയ്തു. അതുകൊണ്ട് ദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും ആചരിക്കുന്ന ഒരു ക്രമീകരണത്തിലേക്കു തിരിച്ചുപോകുന്നത് അടിമത്തത്തിലേക്ക് തിരികെപോകുന്നതിനെ അർത്ഥമാക്കുമായിരുന്നു. (4:1-20) അപ്പോൾ പൗലോസ് ഇങ്ങനെ എഴുതി:
8, 9. (എ) നിങ്ങളുടെ സ്വന്തം വാക്കുകളിൽ, ഗലാത്യർ 4:21-26-ൽ പൗലോസ് പറഞ്ഞതിനെ വിശദമാക്കുക. (ബി) ഈ പ്രതീകാത്മക നാടകത്തിൽ അബ്രാഹാമും സാറായും ആരെ ചിത്രീകരിച്ചു, വാഗ്ദത്ത സന്തതി ആരാണ്?
8 “നിയമത്തിൻകീഴിലായിരിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾ എന്നോടു പറയുക, നിങ്ങൾ ന്യായപ്രമാണം കേൾക്കുന്നില്ലയോ? ദൃഷ്ടാന്തത്തിന്, അബ്രാഹാം രണ്ടു പുത്രൻമാരെ സമ്പാദിച്ചുവെന്ന് എഴുതപ്പെട്ടിരിക്കുന്നു, ഒരുവൻ [ഇശ്മായേൽ] ദാസിപ്പെണ്ണിലൂടെ [ഹാഗാർ] ഉള്ളവനും ഒരുവൻ [ഇസ്ഹാക്ക്] സ്വതന്ത്രസ്ത്രീയിലൂടെ [സാറാ] ഉള്ളവനും; എന്നാൽ ദാസിപ്പെണ്ണിലൂടെയുള്ളവൻ യഥാർത്ഥത്തിൽ ജഡരീതിയിൽ ജനിച്ചു, സ്വതന്ത്രസ്ത്രീയിലൂടെയുള്ള മററവൻ ഒരു വാഗ്ദത്തത്തിലൂടെയും. ഈ കാര്യങ്ങൾ ഒരു പ്രതീകാത്മക നാടകമായി നിലകൊള്ളുന്നു; എന്തെന്നാൽ ഈ സ്ത്രീകൾ രണ്ട് ഉടമ്പടികളെ അർത്ഥമാക്കുന്നു, സീനായി മലയിൽ [അവിടെയായിരുന്നു ദൈവം ഇസ്രയേല്യരുമായുള്ള ആ ഉടമ്പടി ഉത്ഘാടനംചെയ്തത്] നിന്നുള്ളത് [ന്യായപ്രമാണ ഉടമ്പടി] അടിമത്തത്തിനുവേണ്ടി മക്കളെ ജനിപ്പിക്കുന്നതും ഹാഗാരായിരിക്കുന്നതും. [മറേറ ഉടമ്പടി തന്റെ സന്തതി സംബന്ധിച്ച് അബ്രാഹാമിനോട് ചെയ്തതായിരുന്നു.] ഇപ്പോൾ ഈ ഹാഗാർ അറേബ്യയിലെ ഒരു പർവതമായ സീനായിയെ അർത്ഥമാക്കുന്നു, അവൾ ഇന്നത്തെ യെരൂശലേമിനോട് ഒക്കുന്നു, എന്തെന്നാൽ അവൾ തന്റെ മക്കളോടൊത്ത് [അബ്രാഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതികൾ] അടിമത്തത്തിലാകുന്നു. എന്നാൽ മീതെയുള്ള യെരൂശലേം സ്വതന്ത്രയാകുന്നു, അവളാകുന്നു നമ്മുടെ അമ്മ.”—ഗലാത്യർ 4:21-26, NW.
9 ഈ പ്രതീകാത്മക നാടകത്തിൽ അബ്രാഹാം യഹോവയുടെ ഒരു പ്രതിനിധാനം ആയിരുന്നു. “സ്വതന്ത്രസ്ത്രീ”യായ സാറാ ദൈവത്തിന്റെ “സ്ത്രീ”യെ അഥവാ വിശുദ്ധ സാർവത്രികസ്ഥാപനത്തെ ചിത്രീകരിച്ചു. അത് ആ പ്രതീകാത്മക സ്ത്രീയുടെയും വലിപ്പമേറിയ അബ്രാഹാമിന്റെയും സന്തതിയായ ക്രിസ്തുവിനെ ഉളവാക്കി. (ഗലാത്യർ 3:16) അശുദ്ധാരാധനയിൽനിന്നും പാപത്തിൽനിന്നും സാത്താനിൽനിന്നുമുള്ള വിടുതലിന്റെ വഴി ആളുകൾക്ക് കാണിച്ചുകൊടുക്കുന്നതിന് യേശു സത്യം പഠിപ്പിക്കുകയും വ്യാജമതത്തെ തുറന്നുകാട്ടുകയും ചെയ്തു, എന്നാൽ യെരൂശലേമും അവളുടെ മക്കളും അവനെ നിരസിച്ചതുകൊണ്ട് മതപരമായ അടിമത്തത്തിൽ സ്ഥിതിചെയ്തു. (മത്തായി 23:37, 38) യേശുവിന്റെ യഹൂദ അനുഗാമികൾ, അപൂർണ്ണതക്കും പാപത്തിനും മരണത്തിനുമുള്ള അവരുടെ അടിമത്തത്തെ പ്രകടമാക്കിയിരുന്ന ന്യായപ്രമാണത്തിൽനിന്ന് സ്വതന്ത്രരായി. യേശുവിനെ മശിഹൈക രാജാവും ‘ബന്ദികളോട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന’ വിമോചകനുമായിരിക്കാൻ ദൈവത്തിന്റെ “സ്ത്രീ”യാൽ ജനിപ്പിക്കപ്പെട്ടവൻ എന്ന നിലയിൽ സ്വീകരിക്കുന്ന എല്ലാവരും തീർച്ചയായും സ്വതന്ത്രരാണ്!—യെശയ്യാവ് 61:1, 2; ലൂക്കോസ് 4:18, 19.
ഒരു അടിമത്വനുകത്തെ ഒഴിവാക്കുക
10, 11. ഏത് അടിമത്ത നുകത്തിൽനിന്ന് ക്രിസ്തു തന്റെ അനുഗാമികളെ സ്വതന്ത്രരാക്കി, ഇന്ന് ഏതു സമാന്തരങ്ങൾ ഗ്രഹിക്കാൻ കഴിയും?
10 വലിപ്പമേറിയ ഇസ്ഹാക്കായ ക്രിസ്തുവിനോടൊപ്പം അബ്രാഹാമിന്റെ സന്തതിയായിത്തീരുന്നവരോട് പൗലോസ് പറയുന്നു: “മീതെയുള്ള യെരൂശലേം സ്വതന്ത്രയാകുന്നു, അവളാകുന്നു നമ്മുടെ അമ്മ. . . . സഹോദരൻമാരായ നാം ഇസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്തിന്റെ മക്കളാകുന്നു. എന്നാൽ അന്നത്തെപ്പോലെ ജഡത്തിന്റെ രീതിയിൽ ജനിച്ചവൻ [ഇശ്മായേൽ] ആത്മാവിന്റെ രീതിയിൽ ജനിച്ചവനെ [ഇസ്ഹാക്കിനെ] പീഡിപ്പിച്ചുതുടങ്ങിയതുപോലെതന്നെ ഇപ്പോഴും. . . . നാം ഒരു ദാസിപ്പെണ്ണിന്റെയല്ല, പിന്നെയോ സ്വതന്ത്രസ്ത്രീയുടെ മക്കളാകുന്നു. [ന്യായപ്രമാണത്തിൽനിന്നുള്ള] അത്തരം സ്വാതന്ത്ര്യത്തിനുവേണ്ടി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി. അതുകൊണ്ട് ഉറച്ചുനിൽക്കുക, വീണ്ടും ഒരു അടിമത്വനുകത്തിൽ കുടുക്കപ്പെടാൻ നിങ്ങളേത്തന്നെ അനുവദിക്കരുത്.”—ഗലാത്യർ 4:26–5:1, NW.
11 യേശുവിന്റെ അനുഗാമികളിൽ ആരെങ്കിലും ന്യായപ്രമാണത്തിന് കീഴ്പ്പെട്ടിരുന്നെങ്കിൽ, അടിമത്തത്തിന്റെ ഒരു നുകത്തിൽ കുടുങ്ങിപ്പോകുമായിരുന്നു. വ്യാജമതം ഇപ്പോഴത്തെ ഒരു അടിമത്വനുകമാണ്. ക്രൈസ്തവലോകം പുരാതന യെരൂശലേമിനോടും അവളുടെ മക്കളോടും സമാന്തരമാണ്. എന്നാൽ അഭിഷിക്തർ ദൈവത്തിന്റെ സ്വതന്ത്ര സ്വർഗ്ഗീയ സ്ഥാപനമായ മീതെയുള്ള യെരൂശലേമിന്റെ മക്കളാണ്. അവരും ഭൗമികപ്രത്യാശകളോടുകൂടിയ സഹവിശ്വാസികളും ഈ ലോകത്തിന്റെ ഭാഗമല്ല, സാത്താന്റെ അടിമത്തത്തിലുമല്ല. (യോഹന്നാൻ 14:30; 15:19; 17:14, 16) സത്യത്താലും യേശുവിന്റെ ബലിയാലും സ്വാതന്ത്ര്യം പ്രാപിച്ചതിനാൽ നമുക്ക് നമ്മുടെ ദൈവദത്തമായ സ്വാതന്ത്ര്യത്തിനുവേണ്ടി ഉറച്ചുനിൽക്കാം.
ദൈവദത്തമായ സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു നില സ്വീകരിക്കൽ
12. വിശ്വാസികൾ ഏതു ഗതി സ്വീകരിക്കുന്നു, ഇപ്പോൾ എന്തു ചർച്ച ചെയ്യപ്പെടും?
12 ദശലക്ഷങ്ങൾ ഇപ്പോൾ യഹോവയുടെ സാക്ഷികളെന്ന നിലയിൽ യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നു. വേറെ ദശലക്ഷങ്ങൾക്ക് ബൈബിളദ്ധ്യയനങ്ങൾ നടത്തപ്പെട്ടുകൊണ്ടിരിക്കുന്നു, അവരിലനേകർ “നിത്യജീവനുവേണ്ടി ശരിയായ പ്രകൃതമുള്ളവർ” ആകുന്നു. വിശ്വാസികളായിത്തീർന്ന ശേഷം അവർ സ്നാപനമേൽക്കുന്നതിനാൽ അവർ ദൈവദത്തമായ സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു നില സ്വീകരിക്കുന്നു. (പ്രവൃത്തികൾ 13:48, NW; 18:8) എന്നാൽ ക്രിസ്തീയ സ്നാപനത്തിനു മുമ്പ് ഏതു പടികൾ സ്വീകരിക്കണം?
13. അറിവും സ്നാപനവും തമ്മിൽ എന്തു ബന്ധമുണ്ട്?
13 ഒരു വ്യക്തി സ്നാപനമേൽക്കുന്നതിനുമുമ്പ് തിരുവെഴുത്തുകളുടെ സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും വേണം. (എഫേസ്യർ 4:13) അങ്ങനെ യേശു തന്റെ അനുഗാമികളോട് “പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാപനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചിരിക്കുന്ന സകല കാര്യങ്ങളും അനുഷ്ഠിക്കാൻ പഠിപ്പിച്ചും കൊണ്ട് സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കിക്കൊൾക” എന്ന് പറഞ്ഞു.—മത്തായി 28:19, 20.
14. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാപനമേൽക്കുന്നതിന് എന്ത് അറിവ് ആവശ്യമാണ്?
14 പിതാവിന്റെ നാമത്തിൽ സ്നാപനമേൽക്കുന്നതിന്റെ അർത്ഥം ദൈവവും സ്രഷ്ടാവും സാർവത്രിക പരമാധികാരിയുമെന്ന നിലയിൽ യഹോവയുടെ സ്ഥാനത്തെയും അധികാരത്തെയും തിരിച്ചറിയുക എന്നാണ്. (ഉല്പത്തി 17:1; 2 രാജാക്കൻമാർ 19:15; വെളിപ്പാട് 4:11) പുത്രന്റെ നാമത്തിലുള്ള സ്നാപനം ക്രിസ്തുവിന്റെ സ്ഥാനത്തെയും ഉയർത്തപ്പെട്ട ഒരു ആത്മീയ ജീവിയും മശിഹൈകരാജാവും ദൈവം ആരിലൂടെ “ഒരു അനുയോജ്യമറുവില” നൽകിയിരിക്കുന്നുവോ ആ ഒരുവനുമെന്ന നിലയിൽ ക്രിസ്തുവിന്റെ അധികാരത്തെയും തിരിച്ചറിയേണ്ടതാവശ്യമാക്കിത്തീർക്കുന്നു. (1 തിമൊഥെയോസ് 2:5, 6; ദാനിയേൽ 7:13, 14; ഫിലിപ്പിയർ 2:9-11) പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്നാപനമേൽക്കുന്ന ഒരു വ്യക്തി അത് സൃഷ്ടിപ്പിലും ബൈബിളെഴുത്തുകാരെ നിശ്വസ്തരാക്കുന്നതിലും അതുപോലെ മററു വിധങ്ങളിലും യഹോവയാൽ ഉപയോഗിക്കപ്പെടുന്ന ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണെന്ന് തിരിച്ചറിയുന്നു. (ഉല്പത്തി 1:2; 2 പത്രോസ് 1:21) തീർച്ചയായും, ദൈവത്തെയും ക്രിസ്തുവിനെയും പരിശുദ്ധാത്മാവിനെയുംകുറിച്ച് വളരെയധികംകൂടെ പഠിക്കാനുണ്ട്.
15. ഒരു വ്യക്തി സ്നാപനമേൽക്കുന്നതിനു മുമ്പ് വിശ്വാസം പ്രകടമാക്കേണ്ടതെന്തുകൊണ്ട്?
15 സ്നാപനത്തിനുമുമ്പ്, ഒരു വ്യക്തി സൂക്ഷ്മപരിജ്ഞാനത്തിലധിഷ്ഠിതമായ വിശ്വാസം പ്രകടമാക്കണം. “വിശ്വാസം കൂടാതെ [യഹോവയെ] നന്നായി പ്രസാദിപ്പിക്കുക അസാദ്ധ്യമാണ്.” (എബ്രായർ 11:6, NW.) ദൈവത്തിലും ക്രിസ്തുവിലും ദിവ്യ ഉദ്ദേശ്യത്തിലും വിശ്വാസം പ്രകടമാക്കുന്ന ഒരു വ്യക്തി ദൈവവചനത്തിനു ചേർച്ചയായി ജീവിച്ചുകൊണ്ടും സുവാർത്താപ്രസംഗത്തിൽ അർത്ഥവത്തായ ഒരു പങ്കുവഹിച്ചുകൊണ്ടും യഹോവയുടെ സാക്ഷികളിലൊരാളായിരിക്കാൻ ആഗ്രഹിക്കും. അയാൾ യഹോവയുടെ രാജത്വത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കും.—സങ്കീർത്തനം 145:10-13; മത്തായി 24:14.
16. അനുതാപം എന്താണ്, അത് ക്രിസ്തീയ സ്നാപനത്തോടു ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
16 അനുതാപം സ്നാപനത്തിന്റെ ഒരു മുൻവ്യവസ്ഥയാണ്. അനുതപിക്കുക എന്നതിന്റെ അർത്ഥം “ഖേദം അല്ലെങ്കിൽ അസംതൃപ്തി നിമിത്തം കഴിഞ്ഞ കാലത്തെ (അല്ലെങ്കിൽ ഉദ്ദേശിച്ചിരുന്ന) പ്രവർത്തനമോ നടത്തയോ സംബന്ധിച്ച ഒരുവന്റെ മനസ്സിന് മാററംവരുത്തുക” എന്നാണ്, അല്ലെങ്കിൽ “ഒരുവൻ ചെയ്തിരിക്കുന്നതുസംബന്ധിച്ച് അല്ലെങ്കിൽ ചെയ്യാതെ വിട്ടുകളഞ്ഞതുസംബന്ധിച്ച് ഖേദമോ മനസ്താപമോ മനസ്സാക്ഷിക്കുത്തോ തോന്നുക” എന്നാണ്. ഒന്നാം നൂററാണ്ടിലെ യഹൂദൻമാർ യേശുക്രിസ്തുവിനെതിരായ തങ്ങളുടെ പാപങ്ങൾസംബന്ധിച്ച് അനുതപിക്കേണ്ടയാവശ്യമുണ്ടായിരുന്നു. (പ്രവൃത്തികൾ 3:11-26) കൊരിന്തിലെ ചില വിശ്വാസികൾ ദുർവൃത്തിയും വിഗ്രഹാരാധനയും വ്യഭിചാരവും സ്വവർഗ്ഗസംഭോഗവും മോഷണവും അത്യാഗ്രഹവും മദ്യമത്തും അധിക്ഷേപവും പിടിച്ചുപറിയും സംബന്ധിച്ച് അനുതപിച്ചു. തത്ഫലമായി, അവർ യേശുവിന്റെ രക്തത്തിൽ “അലക്കി വെളുപ്പിക്കപ്പെട്ടു,” യഹോവയുടെ സേവനത്തിനായി വേർതിരിക്കപ്പെട്ടവരെന്ന നിലയിൽ “വിശുദ്ധീകരിക്ക”പ്പെടുകയും യേശുക്രിസ്തുവിന്റെ നാമത്തിലും ദൈവത്തിന്റെ ആത്മാവിനാലും “നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.” (1 കൊരിന്ത്യർ 6:9-11, NW.) അതുകൊണ്ട് അനുതാപം ഒരു നല്ല മനസ്സാക്ഷിയിലേക്കും പാപം സംബന്ധിച്ച് അലട്ടുന്ന കുററബോധത്തിൽനിന്നുള്ള ദൈവദത്ത സ്വാതന്ത്ര്യത്തിലേക്കുമുള്ള ഒരു പടിയാണ്.—1 പത്രോസ് 3:21.
17. പരിവർത്തനത്തിന്റെ അർത്ഥമെന്താണ്, സ്നാപനമേൽക്കാൻ ആസൂത്രണംചെയ്യുന്ന ഒരാളിൽനിന്ന് അത് എന്ത് ആവശ്യപ്പെടുന്നു?
17 യഹോവയുടെ സാക്ഷികളിലൊരുവനെന്ന നിലയിൽ ഒരു വ്യക്തി സ്നാപനമേൽക്കുന്നതിനുമുമ്പ് പരിവർത്തനവും സംഭവിക്കണം. അനുതാപമുള്ള ഒരു വ്യക്തിയുടെ പരിവർത്തനം അയാളുടെ തെററായ ഗതി ഉപേക്ഷിച്ചതിനും ശരിയായതു ചെയ്യാൻ തീരുമാനിച്ചതിനും ശേഷം നടക്കുന്നു. പരിവർത്തനത്തോടു ബന്ധപ്പെട്ട എബ്രായ, ഗ്രീക്ക് ക്രിയകൾ “പിന്തിരിയുന്നതിനെ, അല്ലെങ്കിൽ തിരിഞ്ഞുവരുന്നതിനെ, അല്ലെങ്കിൽ മടങ്ങിവരുന്നതിനെ” അർത്ഥമാക്കുന്നു. ഒരു നല്ല ആത്മീയ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുമ്പോൾ അത് ഒരു തെററായ വഴിയിൽനിന്ന് ദൈവത്തിലേക്ക് തിരിയുന്നതിനെ പരാമർശിക്കുന്നു. (1 രാജാക്കൻമാർ 8:33, 34) പരിവർത്തനത്തിന് “അനുതാപത്തിന് യോജിച്ച പ്രവൃത്തികൾ” ആവശ്യമാണ്, ദൈവം കല്പിക്കുന്നത് നാം ചെയ്യേണ്ടതും വ്യാജമതത്തെ ഉപേക്ഷിക്കേണ്ടതും യഹോവയെ മാത്രം സേവിക്കത്തക്കവണ്ണം അവനിലേക്കു നമ്മുടെ ഹൃദയങ്ങളെ വ്യതിചലനംകൂടാതെ തിരിക്കേണ്ടതും ആവശ്യമാണ്. (പ്രവൃത്തികൾ 26:20; ആവർത്തനം 30:2, 8, 10; 1 ശമുവേൽ 7:3) ഇത് മാററംഭവിച്ച ചിന്തക്കും പ്രകൃതത്തിനും ജീവിതലാക്കിനുംവേണ്ടി “ഒരു പുതിയ ഹൃദയവും ഒരു പുതിയ ആത്മാവും” ആവശ്യമാക്കിത്തീർക്കുന്നു. (യെഹെസ്ക്കേൽ 18:31) തത്ഫലമായുളവാകുന്ന പുതിയ വ്യക്തിത്വം ഭക്തികെട്ട സ്വഭാവങ്ങൾക്കു പകരം ദൈവികഗുണങ്ങൾ ഉളവാക്കുന്നു. (കൊലൊസ്യർ 3:5-14) അതേ, യഥാർത്ഥ അനുതാപം യഥാർത്ഥത്തിൽ ഒരുവൻ “തിരിഞ്ഞുവരാൻ” ഇടയാക്കുന്നു.—പ്രവൃത്തികൾ 3:19.
18. പ്രാർത്ഥനയിൽ ദൈവത്തിന് ഒരു സമർപ്പണംചെയ്യുന്നതെന്തുകൊണ്ട്, ഈ പടിയുടെ പ്രാധാന്യമെന്താണ്?
18 സ്നാപനത്തിനു മുമ്പ് പ്രാർത്ഥനയിൽ ദൈവത്തിനുള്ള സമർപ്പണമുണ്ടായിരിക്കണം. (ലൂക്കോസ് 3:21, 22 താരതമ്യപ്പെടുത്തുക.) സമർപ്പണത്തിന്റെ അർത്ഥം ഒരു പാവനമായ ഉദ്ദേശ്യാർത്ഥം വേർതിരിക്കുക എന്നാണ്. ദൈവത്തിന് സമ്പൂർണ്ണഭക്തി കൊടുക്കാനും അവനെ എന്നേക്കും സേവിക്കാനുമുള്ള നമ്മുടെ തീരുമാനത്തെ നാം പ്രാർത്ഥനയിൽ ദൈവത്തോട് പ്രസ്താവിക്കേണ്ടതാവശ്യമായിരിക്കത്തക്കവണ്ണം ഈ പടി വളരെ പ്രധാനമാണ്. (ആവർത്തനം 5:8, 9; 1 ദിനവൃത്താന്തം 29:10-13) തീർച്ചയായും നമ്മുടെ സമർപ്പണം ഒരു വേലക്കുവേണ്ടിയല്ല, പിന്നെയോ ദൈവത്തിനുതന്നെയാണ്. ആ ആശയം വാച്ച്ററവർ സൊസൈററിയുടെ ആദ്യത്തെ പ്രസിഡണ്ടായിരുന്ന ചാൾസ് റെറയ്സ് റസ്സലിന്റെ ശവസംസ്കാരവേളയിൽ വ്യക്തമാക്കപ്പെട്ടു. 1916-ലെ ആ സന്ദർഭത്തിൽ, സൊസൈററിയുടെ സെക്രട്ടറി-ട്രഷററായിരുന്ന ഡബ്ലിയൂ. ഈ. വാൻ ആംബേർഗ് ഇങ്ങനെ പറയുകയുണ്ടായി: “ഈ വലിയ ലോകവ്യാപകവേല ഏതെങ്കിലും ഒരാളുടെ വേലയല്ല. അത് അങ്ങനെയായിരിക്കാൻ പാടില്ലാത്തവിധം അത്ര വലുതാണ്. അത് ദൈവത്തിന്റെ വേലയാണ്, അതിന് മാററമുണ്ടാകുന്നില്ല. കഴിഞ്ഞ കാലത്ത് ദൈവം അനേകം ദാസൻമാരെ ഉപയോഗിച്ചിട്ടുണ്ട്, നിസ്സംശയമായി അവൻ ഭാവിയിൽ അനേകരെ ഉപയോഗിക്കുകയും ചെയ്യും. നമ്മുടെ പ്രതിഷ്ഠ [സമർപ്പണം] ഒരു മനുഷ്യനോ ഒരു മമനുഷ്യന്റെ വേലക്കോ അല്ല, പിന്നെയോ തന്റെ വചനത്താലും ദൈവഹിതസംബന്ധമായ നടത്തിപ്പുകളാലും ദൈവം നമുക്കു വെളിപ്പെടുത്തിത്തരുന്ന തരത്തിലുള്ള ദൈവേഷ്ടം ചെയ്യുന്നതിനുവേണ്ടിയാണ്. ദൈവമാണ് ഇപ്പോഴും ചുക്കാൻ പിടിക്കുന്നത്.” എന്നാൽ ദൈവത്തോടുള്ള സമർപ്പണം സംബന്ധിച്ച് വേറെ എന്തുംകൂടെ ചെയ്യേണ്ടതാണ്?
19. (എ) വ്യക്തികൾ യഹോവക്കായുള്ള സമർപ്പണത്തിന്റെ പരസ്യമായ തെളിവു കൊടുക്കുന്നതെങ്ങനെ? (ബി) ജലസ്നാപനം എന്തിന്റെ ഒരു പ്രതീകമാണ്?
19 ഒരു വ്യക്തി സ്നാപനമേൽക്കുമ്പോൾ യഹോവക്കുള്ള സമർപ്പണത്തിന്റെ പരസ്യമായ തെളിവ് നൽകപ്പെടുന്നു. സ്നാപനം ജലനിമജ്ജനത്തിനു വിധേയനാകുന്ന വ്യക്തി യേശുക്രിസ്തു മുഖാന്തരം യഹോവയാം ദൈവത്തിന് നിരുപാധികമായ ഒരു സമർപ്പണം ചെയ്തിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു പ്രതീകമാണ്. (മത്തായി 16:24 താരതമ്യപ്പെടുത്തുക.) ഒരു സ്നാപനാർത്ഥി വെള്ളത്തിനടിയിലേക്ക് ആഴ്ത്തപ്പെടുകയും അനന്തരം ഉയർത്തപ്പെടുകയും ചെയ്യുമ്പോൾ അയാൾ ആലങ്കാരികമായി തന്റെ മുൻ ജീവിതഗതിസംബന്ധിച്ചു മരിക്കുകയും ഒരു പുതിയ ജീവിതരീതിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്യുന്നു, ഇപ്പോൾ കലവറയില്ലാതെ ദൈവത്തിന്റെ ഇഷ്ടംചെയ്യാൻതന്നെ. (റോമർ 6:4-6 താരതമ്യപ്പെടുത്തുക.) യേശു സ്നാപനമേററപ്പോൾ, അവൻ കലവറയില്ലാത്ത ഒരു വിധത്തിൽ തന്റെ സ്വർഗ്ഗീയപിതാവിന് തന്നേത്തന്നെ ഏൽപ്പിച്ചുകൊടുത്തു. (മത്തായി 3:13-17) യോഗ്യതയുള്ള വിശ്വാസികൾ സ്നാപനമേൽക്കണമെന്ന് തിരുവെഴുത്തുകൾ ആവർത്തിച്ച് പ്രകടമാക്കുന്നു. (പ്രവൃത്തികൾ 8:13; 16:27-34; 18:8) അതുകൊണ്ട് ഇന്ന് യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുന്നതിന്, ഒരു വ്യക്തി യഥാർത്ഥമായി വിശ്വാസം പ്രകടമാക്കുകയും സ്നാപനമേൽക്കുകയും ചെയ്യുന്ന ഒരു വിശ്വാസിയായിരിക്കണം.—പ്രവൃത്തികൾ 8:26-39 താരതമ്യപ്പെടുത്തുക.
ഉറച്ചുനിൽക്കുക
20. യഹോവയുടെ സ്നാപനമേററ സാക്ഷികളെന്ന നിലയിൽ നാം ദൈവദത്ത സ്വാതന്ത്ര്യത്തിനുവേണ്ടി നില സ്വീകരിക്കുന്നതിനാൽ അനുഗ്രഹിക്കപ്പെടുമെന്നു തെളിയിക്കുന്ന ചില ബൈബിൾ ദൃഷ്ടാന്തങ്ങളേവ?
20 നിങ്ങൾ യഹോവയുടെ സ്നാപനമേററ ഒരു സാക്ഷിയായിത്തീർന്നുകൊണ്ട് ദൈവദത്ത സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു ഉറച്ച നില സ്വീകരിച്ചിരിക്കുന്നുവെങ്കിൽ, അവൻ കഴിഞ്ഞ കാലത്ത് തന്റെ ദാസൻമാരെ അനുഗ്രഹിച്ചിട്ടുള്ളതുപോലെ നിങ്ങളെ അനുഗ്രഹിക്കും. ഉദാഹരണത്തിന്, ദൈവഭയമുള്ള ഒരു പുത്രനായിരുന്ന ഇസ്ഹാക്കിനെ കൊടുത്തുകൊണ്ട് യഹോവ വൃദ്ധരായിരുന്ന അബ്രാഹാമിനെയും സാറായെയും അനുഗ്രഹിച്ചു. പ്രവാചകനായിരുന്ന മോശെ വിശ്വാസത്താൽ ദൈവജനത്തോടുകൂടെ ദ്രോഹിക്കപ്പെടുന്നതിനെ തെരഞ്ഞെടുത്തു, “പാപത്തിന്റെ തൽക്കാല ഭോഗത്തെ . . . നിരസിക്കുകയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ [അല്ലെങ്കിൽ ദൈവത്തിന്റെ അഭിഷിക്തന്റെ] [ഒരു പുരാതന പ്രരൂപമായിരിക്കുന്നതിന്റെ] നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രായർ 11:24-26) മോശെക്ക് ഈജിപ്ററിലെ അടിമത്വത്തിൽനിന്ന് ഇസ്രയേല്യരെ പുറത്തേക്കു നയിക്കുന്നതിന് യഹോവയാൽ ഉപയോഗിക്കപ്പെടുന്നതിനുള്ള പദവി ലഭിച്ചു. മാത്രവുമല്ല, അവൻ യഹോവയെ വിശ്വസ്തമായി സേവിച്ചതുകൊണ്ട് അവൻ പുനരുത്ഥാനം പ്രാപിക്കുകയും വലിപ്പമേറിയ മോശെയായ യേശുക്രിസ്തുവിൻകീഴിൽ “സർവ്വഭൂമിയിലുമുള്ള പ്രഭുക്കൻമാരിൽ” ഒരാളായി സേവിക്കുകയും ചെയ്യും.—സങ്കീർത്തനം 45:16; ആവർത്തനം 18:17-19.
21. പുരാതന കാലങ്ങളിലെ ദൈവഭക്തരായിരുന്ന സ്ത്രീകളെസംബന്ധിച്ച് ഏത് പ്രോൽസാഹകമായ ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടിരിക്കുന്നു?
21 ഇന്നത്തെ സമർപ്പിതക്രിസ്ത്യാനികൾക്ക് യഥാർത്ഥത്തിൽ സ്വതന്ത്രരും സന്തുഷ്ടരുമായിത്തീർന്ന സ്ത്രീകളെക്കുറിച്ച് പരിചിന്തിക്കുന്നതിനാലും പ്രോൽസാഹിതരാകാൻ കഴിയും. അവരിൽ പെട്ടവളായിരുന്നു മോവാബ്യസ്ത്രീയായിരുന്ന രൂത്ത്, അവൾക്ക് വൈധവ്യത്തിന്റെ ഹൃദയവേദനയും വ്യാജമതത്തിൽനിന്നുള്ള ദൈവദത്ത സ്വാതന്ത്ര്യത്തിന്റെ സന്തോഷവും അനുഭവപ്പെട്ടിരുന്നു. അവളുടെ ജനത്തെയും അവളുടെ ദൈവങ്ങളെയും ഉപേക്ഷിച്ചുകൊണ്ട് അവൾ വിധവയായിരുന്ന തന്റെ അമ്മായിയമ്മയോട്, നവോമിയോട്, പററിനിന്നു. “നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്ത് ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം” എന്നു രൂത്ത് പറഞ്ഞു. (രൂത്ത് 1:16) ബോവസിന്റെ ഭാര്യയെന്ന നിലയിൽ രൂത്ത് ദാവീദിന്റെ പിതാമഹനായിരുന്ന ഒബേദിന്റെ അമ്മയായിത്തീർന്നു. (രൂത്ത് 4:13-17) എന്തിന്, യഹോവ താഴ്മയുണ്ടായിരുന്ന ഈ ഇസ്രയേല്യേതര സ്ത്രീയെ മശിഹായായ യേശുവിന്റെ ഒരു പൂർവിക മാതാവായിത്തീരാൻ അനുവദിച്ചുകൊണ്ട് അവൾക്ക് “ഒരു പൂർണ്ണപ്രതിഫലം” കൊടുത്തു! (രൂത്ത് 2:12) രൂത്ത് പുനരുത്ഥാനം പ്രാപിക്കുകയും തനിക്ക് അങ്ങനെയുള്ള ഒരു പദവി ഉണ്ടായിരുന്നതായി മനസ്സിലാക്കുകയും ചെയ്യുമ്പോൾ അവൾ എത്ര സന്തുഷ്ടയായിരിക്കും! ദുർമ്മാർഗ്ഗത്തിൽനിന്നും വ്യാജാരാധനയിൽനിന്നും സ്വതന്ത്രയാക്കപ്പെട്ടവളും പുനരുത്ഥാനം പ്രാപിക്കുന്നവളുമായ മുൻവേശ്യയായിരുന്ന രാഹാബിന്റെയും അതുപോലെതന്നെ തെററുചെയ്തെങ്കിലും അനുതാപമുണ്ടായിരുന്ന ബേത്ശേബയുടെയും ഹൃദയങ്ങളിൽ സമാനമായ സന്തോഷം നിറയുമെന്നതിനു സംശയമില്ല, എന്തെന്നാൽ യേശുക്രിസ്തുവിന്റെ പൂർവമാതാക്കളായിത്തീരാൻ തങ്ങളെ അനുവദിച്ചുവെന്ന് അവരും മനസ്സിലാക്കും.—മത്തായി 1:1-6, 16.
22. അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കപ്പെടും?
22 ദൈവദത്തമായ സ്വാതന്ത്ര്യം ലഭിച്ചവരെക്കുറിച്ചുള്ള ഒരു പരിചിന്തനത്തിന് നീണ്ടുനീണ്ടുപോകാൻ കഴിയും. ദൃഷ്ടാന്തത്തിന്, അവരിൽ എബ്രായർ 11-ാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന വിശ്വാസമുണ്ടായിരുന്ന സ്ത്രീപുരുഷൻമാർ ഉൾപ്പെടുന്നു. അവർ ഉപദ്രവവും ദുഷ്പെരുമാററവും സഹിച്ചു, “ലോകം അവർക്കു യോഗ്യമായിരുന്നില്ല.” അവരുടെ എണ്ണത്തോട് ഒന്നാംനൂററാണ്ടിലെ വിശ്വസ്തരായിരുന്ന ക്രിസ്താനുഗാമികളെയും ഇപ്പോൾ യഹോവയെ അവന്റെ സാക്ഷികളായി സേവിക്കുന്ന ദശലക്ഷങ്ങൾ ഉൾപ്പെടെ അതിനുശേഷമുള്ള മററു വിശ്വസ്തരെയും കൂട്ടുക. നാം അടുത്തതായി കാണാൻ പോകുന്നതുപോലെ, നിങ്ങൾ അവരോടൊത്ത് ദൈവദത്ത സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു നില സ്വീകരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് സന്തോഷത്തിന് അനേകം കാരണങ്ങളുണ്ട്.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
▫ ദൈവദത്തമായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോൾ ദൈവം എന്തു പ്രത്യാശ വെച്ചുനീട്ടി?
▫ ഏത് “അടിമത്വ നുക”ത്തിൽനിന്ന് ക്രിസ്തു തന്റെ അനുഗാമികളെ സ്വതന്ത്രരാക്കി?
▫ യഹോവയുടെ സാക്ഷികളിലൊരാളായുള്ള സ്നാപനത്തിനു മുമ്പ് ഏതു പടികൾ ആവശ്യമാണ്?
▫ നാം ദൈവദത്തമായ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നുവെങ്കിൽ നാം അനുഗ്രഹിക്കപ്പെടുമെന്ന് ഏതു തിരുവെഴുത്തുദൃഷ്ടാന്തങ്ങൾ തെളിയിക്കുന്നു?
[16-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളിലൊരാളായുള്ള സ്നാപനത്തിനു മുമ്പ് ഏതു പടികളുണ്ടെന്ന് നിങ്ങൾക്കറിയാമോ?