നിത്യജീവൻ വാഗ്ദാനം ചെയ്ത യഹോവയെ അനുകരിക്കുക
“ആകയാൽ പ്രിയമക്കളായി ദൈവത്തെ അനുകരിക്കുവിൻ.”—എഫെ. 5:1.
1. നമുക്കുള്ള ഏതു കഴിവാണ് യഹോവയെ അനുകരിക്കാൻ നമ്മെ സഹായിക്കുന്നത്?
മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള കഴിവോടെയാണ് യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. നമ്മൾ അവരുടെ സാഹചര്യങ്ങളിലൂടെ ഒരിക്കൽപ്പോലും കടന്നുപോയിട്ടില്ലെങ്കിലും നമുക്ക് അതിനു കഴിയും. (എഫെസ്യർ 5:1, 2 വായിക്കുക.) യഹോവയെ അനുകരിക്കാൻ ഈ കഴിവ് നമ്മളെ എങ്ങനെ സഹായിക്കും? ഈ കഴിവ് എങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ നമ്മൾ ശ്രദ്ധയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
2. നമ്മൾ കഷ്ടത അനുഭവിക്കുമ്പോൾ യഹോവയ്ക്ക് എന്താണ് തോന്നുന്നത്?
2 യഹോവ നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് കഷ്ടതകളൊന്നുമില്ലാത്ത ഒരു ശോഭനമായ ഭാവിയാണ്. അഭിഷിക്തർക്ക് സ്വർഗത്തിലും ‘വേറെ ആടുകൾക്ക്’ ഭൂമിയിലും എന്നേക്കും ജീവിക്കാനാകുന്ന ഒരു കാലത്തിനായി കാത്തിരിക്കാനാകും. (യോഹ. 10:16; 17:3; 1 കൊരി. 15:53) എങ്കിലും, ഇന്ന് പല വിധത്തിലുള്ള കഷ്ടങ്ങൾ നമ്മെ അലട്ടുന്നുണ്ട്. നമ്മൾ അനുഭവിക്കുന്ന ആ വേദന യഹോവ നന്നായി മനസ്സിലാക്കുന്നുമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ തന്റെ ജനം ഈജിപ്തിൽ കഷ്ടത അനുഭവിച്ചപ്പോൾ യഹോവയ്ക്കു വിഷമം തോന്നി. “അവരുടെ സർവദുരിതങ്ങളിലും അവരോടൊത്തു അവിടുന്നു (യഹോവ) ദുരിതമനുഭവിച്ചു.” (യെശ. 63:9, സത്യവേദപുസ്തകം ആധുനിക വിവർത്തനം) മറ്റൊരിക്കൽ, ശത്രുക്കളിൽനിന്നുള്ള ആക്രമണം പ്രതീക്ഷിച്ചുകൊണ്ടായിരുന്നു യഹൂദന്മാർ ആലയത്തിന്റെ പണി ചെയ്തത്. അപ്പോൾ അവർക്കുണ്ടായ വികാരങ്ങൾ യഹോവ മനസ്സിലാക്കി. അതുകൊണ്ട് യഹോവ അവരോട് ഇപ്രകാരം പറഞ്ഞു: ‘നിങ്ങളെ തൊടുന്നവൻ എന്റെ കണ്മണിയെതൊടുന്നു.’ (സെഖ. 2:8) ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനോടു തോന്നുന്ന അതേ സ്നേഹവാത്സല്യമാണ് യഹോവയ്ക്ക് തന്റെ ദാസരോടുള്ളത്. അവരെ സഹായിക്കാൻ അത് യഹോവയെ പ്രേരിപ്പിക്കുന്നു. (യെശ. 49:15) മറ്റൊരാളുടെ സാഹചര്യത്തിൽ നമ്മെത്തന്നെ നിറുത്തിക്കൊണ്ട് അവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ യഹോവയെ അനുകരിക്കുകയാണ്.—സങ്കീ. 103:13, 14.
യഹോവയെ അനുകരിച്ചുകൊണ്ട് യേശു ആളുകളെ സ്നേഹിച്ചു
3. ആളുകളെക്കുറിച്ച് യേശുവിന് എന്തു തോന്നി?
3 കഷ്ടപ്പെടുന്നവരുടെ വേദന മനസ്സിലാക്കാൻ യേശുവിന് കഴിഞ്ഞു; അത്തരം കഷ്ടപ്പാടുകൾ ഒരിക്കൽപ്പോലും അനുഭവിച്ചിട്ടില്ലെങ്കിൽക്കൂടി. ഉദാഹരണത്തിന്, ബുദ്ധിമുട്ടേറിയ ജീവിതമാണ് പലരും നയിക്കുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. മതനേതാക്കൾ അവരെ കബളിപ്പിക്കുകയും ദൈവത്തിൽനിന്നുള്ളതല്ലാത്ത പല ചട്ടങ്ങളും പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തു. അതുകൊണ്ട് ആളുകൾക്ക് അവരെ ഭയമായിരുന്നു. (മത്താ. 23:4; മർക്കോ. 7:1-5; യോഹ. 7:13) യേശു അവരെ ഭയക്കുകയോ അവരുടെ പൊള്ളയായ വാക്കുകൾ വിശ്വസിക്കുകയോ ചെയ്തില്ല. എങ്കിലും ആളുകളുടെ വികാരങ്ങൾ യേശു മനസ്സിലാക്കി. മതനേതാക്കൾ ആളുകളോട് എത്ര മോശമായിട്ടാണ് പെരുമാറുന്നതെന്ന് കണ്ടപ്പോൾ യേശുവിനെ അത് വല്ലാതെ വേദനിപ്പിച്ചു. “ഇടയനില്ലാത്ത ആടുകളെപ്പോലെ” നിസ്സഹായാവസ്ഥയിലായിരുന്നു അവർ. (മത്താ. 9:36) ആളുകളെ സ്നേഹിക്കാനും അവരോട് “കരുണയും കൃപയും” കാണിക്കാനും യേശു തന്റെ പിതാവിൽനിന്നു പഠിച്ചു.—സങ്കീ. 103:8.
4. ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടപ്പോൾ യേശു എന്ത് ചെയ്തു?
4 ആളുകൾ കഷ്ടം അനുഭവിക്കുന്നത് കണ്ടപ്പോൾ യേശു അവരെ സഹായിച്ചു. കാരണം അവൻ അവരെ സ്നേഹിച്ചിരുന്നു. യേശു തന്റെ പിതാവിനെപ്പോലെതന്നെ ആയിരുന്നു. ഉദാഹരണത്തിന്, ഒരിക്കൽ പ്രസംഗവേലയ്ക്കായി ദീർഘദൂരം സഞ്ചരിച്ചശേഷം യേശുവും ശിഷ്യന്മാരും അല്പം വിശ്രമിക്കാൻ ആഗ്രഹിച്ചു. എന്നാൽ, തന്നെയും കാത്ത് അനേകം ആളുകൾ നിൽക്കുന്നത് യേശുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അവർക്ക് തന്റെ സഹായം ആവശ്യമാണെന്ന് യേശുവിന് മനസ്സിലായി. അതുകൊണ്ട് ക്ഷീണിതനായിരുന്നിട്ടുപോലും “അവൻ പല കാര്യങ്ങളും അവരെ പഠിപ്പിക്കാൻതുടങ്ങി.”—മർക്കോ. 6:30, 31, 34.
യഹോവയെപ്പോലെ സ്നേഹിക്കുന്നവരായിരിക്കുക
5, 6. യഹോവ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കുന്നതിന് നമ്മൾ എന്തു ചെയ്യണം? ഉദാഹരണം നൽകുക. (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
5 യഹോവയെപ്പോലെ സ്നേഹിക്കുന്നവരാകണമെങ്കിൽ നമ്മൾ എന്തു ചെയ്യണം? ഇങ്ങനെയൊന്നു ചിന്തിക്കൂ: കാഴ്ചശക്തി ക്ഷയിച്ച, നടക്കാൻ പ്രയാസമുള്ള പ്രായംചെന്ന ഒരു സഹോദരനെക്കുറിച്ച് അലൻ എന്നു പേരുള്ള യുവസഹോദരൻ ചിന്തിക്കുകയാണ്. അലൻ യേശുവിന്റെ ഈ വാക്കുകൾ ഓർക്കുന്നു: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങൾ അവർക്കും ചെയ്യുവിൻ.” (ലൂക്കോ. 6:31) എന്നിട്ട് അലൻ സ്വയം ഇങ്ങനെ ചോദിക്കുന്നു: ‘മറ്റുള്ളവർ എനിക്കായി എന്തു ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്?’ എന്നിട്ട് അവൻ പറയുന്നു: ‘അവർ എന്നോടൊപ്പം ഫുട്ബോൾ കളിക്കണം.’ പക്ഷേ ആ വൃദ്ധനായ സഹോദരന് ഓടാനോ ഫുട്ബോൾ കളിക്കാനോ ഒന്നും പറ്റില്ല. അപ്പോൾ യഥാർഥത്തിൽ അലൻ സ്വയം ചോദിക്കേണ്ടത് ഇതാണ്. ‘ആ സഹോദരന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ മറ്റുള്ളവർ എന്തു ചെയ്തുതരാനായിരിക്കും ഞാൻ ആഗ്രഹിക്കുന്നത്?’
6 ഇപ്പോൾ ചെറുപ്പമാണെങ്കിലും വൃദ്ധനാകുമ്പോൾ തന്റെ വികാരവിചാരങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് അലൻ ഭാവനയിൽ കാണുന്നു. ഇത് മനസ്സിൽപ്പിടിച്ച്, അവൻ ആ സഹോദരനോടൊപ്പം സമയം ചെലവഴിക്കുകയും അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുന്നു. ബൈബിൾ വായിക്കുന്നതും വീടുതോറുമുള്ള വേലയിൽ ഏർപ്പെടുന്നതും ആ സഹോദരനു ബുദ്ധിമുട്ടുള്ള കാര്യങ്ങളാണെന്ന് അങ്ങനെ അലൻ മനസ്സിലാക്കുന്നു. തുടർന്ന്, അദ്ദേഹത്തെ എങ്ങനെ സഹായിക്കാമെന്ന് അവൻ ചിന്തിക്കുകയും തന്നാലാകുന്ന വിധങ്ങളിലെല്ലാം അദ്ദേഹത്തെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കി നമ്മൾ അവരെ സ്നേഹിക്കുമ്പോൾ നമ്മൾ യഹോവയെപ്പോലെ ആകും.—1 കൊരി. 12:26.
സ്നേഹം കാണിച്ചുകൊണ്ട് യഹോവയെ അനുകരിക്കുക (7-ാം ഖണ്ഡിക കാണുക)
7. മറ്റുള്ളവർ അനുഭവിക്കുന്ന വേദനകൾ നമുക്ക് എങ്ങനെ മനസ്സിലാക്കാം?
7 മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കുന്നത് എല്ലായ്പോഴും എളുപ്പമല്ല. പ്രത്യേകിച്ച്, നമ്മൾ അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടില്ലെങ്കിൽ. ഉദാഹരണത്തിന്, നമ്മുടെ സഹോദരങ്ങളിൽ പലരും രോഗങ്ങളാലോ അപകടങ്ങളാലോ പ്രായാധിക്യത്താലോ ഒക്കെ വേദന അനുഭവിക്കുന്നവരാണ്. ചിലർ വിഷാദത്താലോ അമിതമായ ഉത്കണ്ഠയാലോ ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിന് ഇരയായതിന്റെ അനന്തരഫലങ്ങളാലോ ഒക്കെ ആഴമായി ദുഃഖിക്കുന്നവരാണ്. മറ്റു ചിലർ ജീവിതപങ്കാളിയുടെ പിന്തുണയില്ലാതെ മക്കളെ വളർത്തുന്നവരാണ്. ഇനി ചിലരുടെ കുടുംബാംഗങ്ങളാകട്ടെ യഹോവയെ സേവിക്കാത്തവരാണ്. പ്രശ്നങ്ങളില്ലാത്തവരായി ആരുമില്ല. അവയിൽ മിക്കതും നമ്മുടേതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. എങ്കിലും മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും ആണ് നമ്മൾ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ നമുക്ക് എന്തു ചെയ്യാം? പലർക്കും പല തരത്തിലുള്ള സഹായമായിരിക്കാം വേണ്ടത്. അതുകൊണ്ട് നമ്മൾ ആ വ്യക്തി പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അദ്ദേഹത്തിന്റെ വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം. അപ്പോൾ അദ്ദേഹത്തെ സഹായിക്കാനാകുന്ന ഏറ്റവും നല്ല മാർഗം മനസ്സിലാക്കാൻ നമുക്ക് കഴിയും. ചിലപ്പോൾ, ആ പ്രശ്നങ്ങളെക്കുറിച്ച് യഹോവയ്ക്ക് എന്തായിരിക്കാം തോന്നുന്നതെന്ന് നമുക്ക് അദ്ദേഹത്തെ ഓർമിപ്പിക്കാം. അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ അദ്ദേഹത്തെ സഹായിക്കാനായേക്കും. അങ്ങനെ ചെയ്യുന്നതിലൂടെ നമ്മൾ യഹോവയെ അനുകരിക്കുകയാണ്.—റോമർ 12:15; 1 പത്രോസ് 3:8 വായിക്കുക.
യഹോവയെപ്പോലെ ദയയുള്ളവരായിരിക്കുക
8. ദയയുള്ളവനായിരിക്കാൻ യേശുവിനെ പ്രാപ്തനാക്കിയത് എന്താണ്?
8 യഹോവ എല്ലാവരോടും ദയയുള്ളവനാണ്. (ലൂക്കോ. 6:35) ഇക്കാര്യത്തിൽ യേശുവും തന്റെ പിതാവിനെപ്പോലെയാണ്. ഭൂമിയിലായിരുന്നപ്പോൾ മറ്റുള്ളവരോട് ദയ കാണിക്കാൻ യേശുവിനെ പ്രാപ്തനാക്കിയത് എന്താണ്? താൻ ചെയ്യുന്നതോ പറയുന്നതോ ആയ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് എന്തു തോന്നുമെന്ന് യേശു ചിന്തിച്ചു. ഉദാഹരണത്തിന്, മോശമായ കാര്യങ്ങൾ ചെയ്തിരുന്ന ഒരു സ്ത്രീ ഒരിക്കൽ യേശുവിന്റെ അടുക്കൽ എത്തി. യേശുവിന്റെ കാൽപ്പാദങ്ങൾ കണ്ണുനീരാൽ നനയുംവിധം അവൾ അതിയായി കരഞ്ഞു. താൻ ചെയ്ത കാര്യങ്ങളെല്ലാം വളരെ തെറ്റായിപ്പോയെന്ന് മനസ്സിലാക്കിയ അവൾ യഥാർഥത്തിൽ അനുതപിച്ചെന്ന് യേശു തിരിച്ചറിഞ്ഞു. അപ്പോൾ താൻ അവളോട് ദയാരഹിതമായിട്ടാണ് പെരുമാറുന്നതെങ്കിൽ അത് അവൾക്ക് എത്ര ഹൃദയഭേദകമായിരിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് അവൾ ചെയ്ത നന്മയെപ്രതി അവൻ അവളെ പ്രശംസിക്കുകയും അവളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്തു. ആ സ്ത്രീക്കായി താൻ ചെയ്ത പ്രവൃത്തിയിൽ അനിഷ്ടം തോന്നിയ ഒരു പരീശനോടും യേശു ദയയോടെയാണ് സംസാരിച്ചത്.—ലൂക്കോ. 7:36-48.
9. യഹോവയെപ്പോലെ ദയയുള്ളവരായിരിക്കാൻ നമ്മളെ എന്തു സഹായിക്കും? ഒരു ഉദാഹരണം പറയുക.
9 നമുക്ക് എങ്ങനെ യഹോവയെപ്പോലെ ദയയുള്ളവരായിരിക്കാം? എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതിനു മുമ്പ് നമ്മൾ നന്നായി ആലോചിക്കണം. കാരണം ഒരു വ്യക്തിയോട് ദയയോടെ ഇടപെടാനും അദ്ദേഹത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്താതിരിക്കാനും അത് അത്യന്താപേക്ഷിതമാണ്. പൗലോസ് അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞു: ഒരു ക്രിസ്ത്യാനി “കലഹിക്കുന്നവൻ ആയിരിക്കരുത്; പിന്നെയോ എല്ലാവരോടും ശാന്തതയോടെ ഇടപെടുന്ന”വനായിരിക്കണം. (2 തിമൊ. 2:24) പിൻവരുന്ന സാഹചര്യങ്ങളിൽ നിങ്ങൾക്ക് എങ്ങനെ ദയ കാണിക്കാം എന്ന് ചിന്തിക്കുക. നിങ്ങളുടെ തൊഴിലുടമ തന്റെ ഉത്തരവാദിത്വങ്ങൾ നന്നായി നിർവഹിക്കുന്നില്ലെങ്കിൽ നിങ്ങൾ എന്തു ചെയ്യും? മാസങ്ങളായി സഭായോഗങ്ങളിൽ വരാതിരുന്ന ഒരു സഹോദരൻ പെട്ടെന്ന് ഒരു ദിവസം വരുമ്പോൾ നിങ്ങൾ അദ്ദേഹത്തോട് എന്തു പറയും? വയൽശുശ്രൂഷയിലായിരിക്കുമ്പോൾ ‘ഇപ്പോൾ സംസാരിക്കാൻ സമയമില്ല, ഞാൻ തിരക്കിലാണ്’ എന്ന് ആരെങ്കിലും പറഞ്ഞാൽ, അദ്ദേഹത്തോട് നിങ്ങൾക്ക് എങ്ങനെ ദയ കാണിക്കാം? ഏതെങ്കിലും ഒരു കാര്യം എന്തുകൊണ്ട് തന്നോടു പറഞ്ഞില്ല എന്ന് ഭാര്യ ചോദിക്കുന്നെങ്കിൽ അവളോട് നിങ്ങൾ ദയയോടെ മറുപടി പറയുമോ? മറ്റുള്ളവർക്ക് എന്തു തോന്നുന്നെന്നും നമ്മുടെ വാക്കുകൾ അവരെ എങ്ങനെ ബാധിക്കുമെന്നും നമ്മൾ ചിന്തിക്കണം. അപ്പോൾ യഹോവയുടെ ദയ അനുകരിച്ചുകൊണ്ട് മറ്റുള്ളവരോട് എങ്ങനെ സംസാരിക്കാമെന്ന് നമ്മൾ മനസ്സിലാക്കും.—സദൃശവാക്യങ്ങൾ 15:28 വായിക്കുക.
യഹോവയെപ്പോലെ ജ്ഞാനമുള്ളവരായിരിക്കുക
10, 11. യഹോവയുടെ ജ്ഞാനം അനുകരിക്കാൻ നമ്മളെ എന്ത് സഹായിക്കും? ഒരു ഉദാഹരണം നൽകുക.
10 യഹോവ ജ്ഞാനത്തിന്റെ മകുടോദാഹരണമാണ്. ഭാവിയിൽ എന്താണ് നടക്കാൻപോകുന്നതെന്ന് മുൻകൂട്ടിക്കാണാനുള്ള കഴിവ് യഹോവയ്ക്കുണ്ട്. ഭാവി എന്താണെന്ന് നമുക്ക് അറിയില്ലെങ്കിലും നമുക്കും ജ്ഞാനമുള്ളവരായിരിക്കാം. എങ്ങനെ? ഒരു കാര്യം തീരുമാനിക്കുന്നതിന് മുമ്പ് നമ്മളെയോ മറ്റുള്ളവരെയോ അത് എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാനാകും. നമ്മൾ ഇസ്രായേല്യരെപ്പോലെ ആയിരിക്കരുത്. യഹോവയോട് അനുസരണക്കേട് കാണിച്ചാൽ തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് അവർ ചിന്തിച്ചില്ല. യഹോവയുമായുള്ള ബന്ധത്തെക്കുറിച്ചും യഹോവ അവർക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ചും അവർ ഓർത്തതേയില്ല. ഇതു തിരിച്ചറിഞ്ഞ മോശ അവർ പാപത്തിലേക്കാണ് പോകുന്നത് എന്ന് മനസ്സിലാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “അവർ ആലോചനയില്ലാത്ത ജാതി; അവർക്കു വിവേകബുദ്ധിയില്ല. ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.”—ആവ. 31:29, 30; 32:28, 29.
11 ഉദാഹരണത്തിന്, നിങ്ങൾ ഡേറ്റിങ്ങിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് വിചാരിക്കുക. നിങ്ങൾക്ക് മറ്റൊരാളോട് അടുപ്പം തോന്നുമ്പോൾ, വികാരങ്ങളെയും ലൈംഗികാഗ്രഹങ്ങളെയും നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണെന്ന് മനസ്സിൽപ്പിടിക്കുക. അതുകൊണ്ട് യഹോവയുമായുള്ള നിങ്ങളുടെ അമൂല്യബന്ധത്തിന് കോട്ടം വരുത്തുന്ന ഒന്നും ചെയ്യരുത്. പകരം, ജ്ഞാനികളായിരുന്നുകൊണ്ട് അപകടം ഒഴിവാക്കുക. യഹോവയുടെ ജ്ഞാനപൂർവമായ ഈ ബുദ്ധിയുപദേശത്തിന് ശ്രദ്ധ കൊടുക്കുക: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”—സദൃ. 22:3.
ചിന്തകളെ നിയന്ത്രിക്കുക
12. നമ്മൾ ചിന്തിക്കുന്ന കാര്യങ്ങൾക്ക് നമ്മെ എങ്ങനെ ദോഷകരമായി ബാധിക്കാനാകും?
12 ജ്ഞാനിയായ ഒരാൾ തന്റെ ചിന്തകളെ നിയന്ത്രിക്കും. നമ്മുടെ ചിന്തകൾ തീ പോലെയാണ്. തീയ്ക്ക് ഉപകാരപ്രദമോ നാശകരമോ ആയിരിക്കാൻ കഴിയും. ശരിയായി ഉപയോഗിക്കുകയാണെങ്കിൽ തീ ഉപയോഗിച്ച് നമുക്ക് ആഹാരം പാകം ചെയ്യാം. എന്നാൽ അത് അശ്രദ്ധമായിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന് നമ്മുടെ വീടിനെയോ ചിലപ്പോൾ നമ്മെത്തന്നെയോ പൂർണമായി നശിപ്പിക്കാനാകും. നമ്മുടെ ചിന്തകളുടെ കാര്യത്തിലും ഇതു സത്യമാണ്. യഹോവയിൽനിന്നു പഠിച്ച കാര്യങ്ങൾ ചിന്തിക്കുന്നത് നമുക്കു നന്മ വരുത്തും. എന്നാൽ നമ്മൾ ലൈംഗികാധാർമികതയെക്കുറിച്ച് ചിന്തിക്കുകയോ മോശമായ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി ദിവാസ്വപ്നം കാണുകയോ ചെയ്യുന്നെങ്കിൽ അവയോടുള്ള നമ്മുടെ ആഗ്രഹം അതിയായി വർധിക്കുമെന്നു മാത്രമല്ല നമ്മൾ അങ്ങനെതന്നെ ചെയ്യാനും ഇടയുണ്ട്. അത് യഹോവയുമായുള്ള നമ്മുടെ ബന്ധത്തിന് ഒരു വിരാമമിട്ടേക്കാം.—യാക്കോബ് 1:14, 15 വായിക്കുക.
13. ഹവ്വാ തന്റെ ജീവിതത്തെക്കുറിച്ച് എന്താണ് ചിന്തിച്ചത്?
13 നമുക്ക് ആദ്യസ്ത്രീയായ ഹവ്വായിൽനിന്നു പഠിക്കാം. “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്” എന്ന് യഹോവ ആദാമിനോടും ഹവ്വായോടും പറഞ്ഞിരുന്നു. (ഉല്പ. 2:16, 17) എന്നാൽ സാത്താൻ ഹവ്വായോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും.” നന്മയും തിന്മയും സ്വയം തീരുമാനിക്കാനാകുമായിരുന്നെങ്കിൽ തന്റെ ജീവിതം എത്ര നന്നായിരുന്നേനേ എന്ന് ഹവ്വാ ചിന്തിച്ചു. ഇതേക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയ അവൾ, ‘ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും എന്നു കണ്ടു.’ പിന്നീട് എന്തു സംഭവിച്ചു? അവൾ “ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു.” (ഉല്പ. 3:1-6) അതിന്റെ ഫലമായി, “പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു.” (റോമ. 5:12) തെറ്റായ ആ കാര്യത്തെക്കുറിച്ച് ഹവ്വാ ചിന്തിച്ചുകൊണ്ടിരുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. അവൾ അങ്ങനെ ചെയ്യരുതായിരുന്നു.
14. ലൈംഗികാധാർമികതയെക്കുറിച്ച് ബൈബിൾ നമുക്ക് എന്തു മുന്നറിയിപ്പാണ് നൽകുന്നത്?
14 ഹവ്വായുടെ പാപത്തിൽ ലൈംഗികാധാർമികത ഉൾപ്പെട്ടിരുന്നില്ല എന്നതു ശരിതന്നെ. എന്നാൽ നമ്മൾ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാധാർമികതയിൽ ഏർപ്പെടുന്നതായി ചിന്തിച്ചുകൊണ്ടിരിക്കുന്നതിന് എതിരെ ബൈബിൾ മുന്നറിയിപ്പു നൽകുന്നു. യേശു പറഞ്ഞു: “ഒരു സ്ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു.” (മത്താ. 5:28) “ജഡമോഹങ്ങൾ തൃപ്തിപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കരുത്” എന്ന് പൗലോസും മുന്നറിയിപ്പു നൽകി.—റോമ. 13:14.
15. ഏതു നിക്ഷേപങ്ങളിലായിരിക്കണം നമ്മുടെ ശ്രദ്ധ, എന്തുകൊണ്ട്?
15 നമ്മുടെ ശ്രദ്ധ യഹോവയെ പ്രസാദിപ്പിക്കുന്നതിലായിരിക്കണം, അല്ലാതെ ധനികരാകുന്നതിനെക്കുറിച്ചായിരിക്കരുത് എന്ന് ബൈബിൾ പറയുന്നു. ഒരുവൻ ധനികനാണെങ്കിലും ശരി, അവന്റെ പണത്തിന് അവനെ ഒരിക്കലും രക്ഷിക്കാനാവില്ല. (സദൃ. 18:11) ഒരുവൻ തനിക്കായിത്തന്നെ അനേകം നിക്ഷേപങ്ങൾ സ്വരൂപിക്കുകയും തന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം യഹോവയ്ക്കു നൽകാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ആ വ്യക്തി വിഡ്ഢിയാണെന്ന് യേശു പറഞ്ഞു. അവൻ “ദൈവവിഷയമായി സമ്പന്ന”നല്ല. (ലൂക്കോ. 12:16-21) എന്നാൽ യഹോവയ്ക്കു പ്രസാദകരമായ കാര്യങ്ങൾ ചെയ്തുകൊണ്ട് നമ്മൾ “സ്വർഗത്തിൽ നിക്ഷേപങ്ങൾ” സ്വരൂപിക്കുമ്പോൾ നമ്മൾ യഹോവയെയും നമ്മളെത്തന്നെയും സന്തോഷിപ്പിക്കുകയായിരിക്കും. (മത്താ. 6:20; സദൃ. 27:11) യഹോവയുമായുള്ള ഒരു നല്ല ബന്ധത്തെക്കാൾ വിലയേറിയതായി ഒന്നുമില്ല.
ഉത്കണ്ഠപ്പെട്ടുകൊണ്ടിരിക്കുന്നത് ഒഴിവാക്കുക
16. ഉത്കണ്ഠ ലഘൂകരിക്കാൻ നമ്മെ എന്തു സഹായിക്കും?
16 ഈ ലോകത്തിൽ സമ്പന്നരാകാൻ നമ്മൾ പരക്കംപായുകയാണെങ്കിൽ അത് പല ആകുലതകളും വരുത്തിവെക്കും. (മത്താ. 6:19) പണത്തെക്കുറിച്ച് എപ്പോഴും ഉത്കണ്ഠപ്പെട്ടുകൊണ്ടിരിക്കുന്നവർക്ക് തങ്ങളുടെ ജീവിതത്തിൽ ദൈവരാജ്യം ഒന്നാമതുവെച്ച് പ്രവർത്തിക്കുന്നത് പ്രയാസമുള്ള ഒന്നായിരിക്കുമെന്ന് യേശു പറഞ്ഞു. (മത്താ. 13:18, 19, 22) തങ്ങൾക്ക് സംഭവിച്ചേക്കാവുന്ന മോശമായ കാര്യങ്ങളെക്കുറിച്ചാണ് എല്ലായ്പോഴും ചിലരുടെ ഉത്കണ്ഠ. നമ്മൾ ഇങ്ങനെ എപ്പോഴും ഉത്കണ്ഠപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിൽ നമ്മൾ ശാരീരികമായും ആത്മീയമായും തളർന്നുപോയേക്കാം. പകരം, യഹോവ സഹായിക്കുമെന്ന ഉറപ്പ് നമുക്കുണ്ടായിരിക്കണം. ബൈബിൾ ഇങ്ങനെ പറയുന്നു: “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു” (സദൃ. 12:25) നിങ്ങൾക്ക് എന്തെങ്കിലും കാര്യത്തെക്കുറിച്ച് ഉത്കണ്ഠ തോന്നുന്നെങ്കിൽ നിങ്ങളെ നന്നായി അറിയാവുന്ന ഒരു സഹവിശ്വാസിയോട് തുറന്നുപറയുക. മാതാപിതാക്കൾക്കോ ഭാര്യക്കോ ഭർത്താവിനോ ഒരു നല്ല സുഹൃത്തിനോ, യഹോവയിൽ ആശ്രയിച്ചുകൊണ്ട് ആശ്വാസം കണ്ടെത്താൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാനാകും.
17. ഉത്കണ്ഠാകുലരായിരിക്കുമ്പോൾ യഹോവയ്ക്ക് നമ്മളെ എങ്ങനെ സഹായിക്കാനാകും?
17 മറ്റാരെക്കാളും നന്നായി നമ്മുടെ വികാരവിചാരങ്ങൾ വിവേചിച്ചറിയാനാകുന്നത് യഹോവയ്ക്കാണ്. നമ്മൾ വ്യാകുലചിത്തരായിരിക്കുമ്പോൾ നമ്മെ ആശ്വസിപ്പിക്കാൻ യഹോവയ്ക്കാകും. പൗലോസ് എഴുതി: “ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക; അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശു മുഖാന്തരം കാത്തുകൊള്ളും.” (ഫിലി. 4:6, 7) അതുകൊണ്ട് വ്യാകുലരായിരിക്കുമ്പോൾ താനുമായുള്ള ബന്ധം ശക്തമായി നിലനിറുത്താൻ യഹോവ സഹോദരീസഹോദരന്മാരിലൂടെയും മൂപ്പന്മാരിലൂടെയും വിശ്വസ്തനും വിവേകിയും ആയ അടിമയിലൂടെയും ദൂതന്മാരിലൂടെയും യേശുവിലൂടെയും നൽകുന്ന സഹായങ്ങളെക്കുറിച്ചു ചിന്തിക്കുക.
18. ഭാവനാശേഷിക്ക് നമ്മളെ എങ്ങനെ സഹായിക്കാൻ കഴിയും?
18 മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ നമ്മുടെ കഴിവ് ഉപയോഗിക്കുമ്പോൾ നമ്മൾ യഹോവയെ അനുകരിക്കുകയാണെന്ന് പഠിച്ചു. (1 തിമൊ. 1:11; 1 യോഹ. 4:8) മറ്റുള്ളവരോട് സ്നേഹവും ദയയും കാണിക്കുന്നതും നമ്മുടെ പ്രവൃത്തികളുടെ പരിണതഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും ഉത്കണ്ഠ ഒഴിവാക്കുന്നതും സന്തുഷ്ടരായിരിക്കാൻ നമ്മളെ സഹായിക്കും. ദൈവരാജ്യഭരണത്തിൻകീഴിലെ നമ്മുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്ന് നമുക്കു ഭാവനയിൽ കാണാം. അതുപോലെ യഹോവയെ അനുകരിക്കാൻ നമ്മുടെ കഴിവിന്റെ പരമാവധി നമുക്ക് ശ്രമിക്കാം.—റോമ. 12:12.