വിവാഹബന്ധത്തിലെ കീഴ്പ്പെടലിന്റെ അർത്ഥമെന്ത്?
ഒരു ക്രിസ്തീയ സ്ത്രീ വിവാഹിതയാകുമ്പോൾ അവൾ പല ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്. ഒരുപക്ഷേ ഇവയിൽ ഏററവും വലുത് അവളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നു. പ്രായമുള്ള ഒരു അവിവാഹിതയെന്ന നിലയിൽ അവൾ ആരോടും ആലോചിക്കാതെ തന്റെ സ്വന്തം തീരുമാനങ്ങളിൽ പലതും ചെയ്യാൻ സ്വതന്ത്രയായിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ അവൾക്ക് ഒരു ഭർത്താവുള്ളതുകൊണ്ട് അവൾക്ക് അയാളോട് ആലോചന ചോദിക്കാനും അവൾ സ്വന്തമായി തീരുമാനിക്കുക പതിവായിരുന്ന പല കാര്യങ്ങളും ചെയ്യുന്നതിന് ഭർത്താവിന്റെ അനുവാദം ചോദിക്കാനും അവൾക്ക് കടപ്പാടുണ്ട്. ഇത് എന്തുകൊണ്ട്?
എന്തുകൊണ്ടെന്നാൽ സ്രഷ്ടാവ് ആദ്യ സ്ത്രീയെ ആദ്യ പുരുഷന് വിവാഹംചെയ്തുകൊടുത്തപ്പോൾ അവൻ പുരുഷനെ അവന്റെ ഭാര്യയുടെയും അവരുടെ ഭാവി മക്കളുടെയും തലയായി നിയമിച്ചു. ഇത് ന്യായം മാത്രമായിരുന്നു. ആളുകളുടെ ഏതു സംഘടിത സമൂഹത്തിലും ആരെങ്കിലും നേതൃത്വം വഹിക്കുകയും അന്തിമ തീരുമാനങ്ങൾ എടുക്കുകയും ചെയ്യേണ്ടയാവശ്യമുണ്ട്. വിവാഹത്തിന്റെ സംഗതിയിൽ, “ഒരു ഭർത്താവ് അവന്റെ ഭാര്യയുടെ തലയാകുന്നു”വെന്ന് സ്രഷ്ടാവ് വിധിച്ചു.—എഫേസ്യർ 5:23, NW.
ഇതിനു തെളിവായി, ദിവ്യ നിർദ്ദേശം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഭാര്യമാർ തങ്ങളുടെ ഭർത്താക്കൻമാർക്ക് കീഴ്പ്പെട്ടിരിക്കട്ടെ.” (എഫേസ്യർ 5:22, NW) ഒരു ഭാര്യ ഈ ക്രമീകരണത്താൽ എങ്ങനെ ബാധിക്കപ്പെടുമെന്നുള്ളത് രണ്ടു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു: ഒന്നാമത്, ഈ ക്രമീകരണത്തിന് കീഴ്പ്പെടാൻ അവൾ എത്ര സന്നദ്ധയാണ്? രണ്ടാമത്, അവളുടെ ഭർത്താവ് എങ്ങനെ തന്റെ അധികാരം പ്രയോഗിക്കും? സത്യത്തിൽ, രണ്ട് വിവാഹപങ്കാളികളും ഈ ക്രമീകരണത്തെ ഉചിതമായി വീക്ഷിക്കുമ്പോൾ അത് ഭാര്യക്കും ഭർത്താവിനും അവരുടെ മക്കൾക്കും ഒരു അനുഗ്രഹമാണെന്ന് അവർ കണ്ടെത്തുന്നു.
ഒരു ക്രൂര ഭരണാധികാരിയല്ല
ഒരു ഭർത്താവ് എങ്ങനെ തന്റെ അധികാരം പ്രയോഗിക്കും? ദൈവപുത്രന്റെ വിശിഷ്ടമായ മാതൃക അനുസരിച്ചുകൊണ്ട്. ബൈബിൾ പറയുന്നു: “ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവ് ഭാര്യക്ക് തലയാകുന്നു. ഭർത്താക്കൻമാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.” (എഫേസ്യർ 5:23, 25) യേശുക്രിസ്തുവിന്റെ ശിരഃസ്ഥാനത്തിന്റെ പ്രയോഗം സഭക്ക് ഒരു അനുഗ്രഹമായിരുന്നു. അവൻ ഒരു ക്രൂര ഭരണാധികാരിയല്ലായിരുന്നു. അവൻ തന്റെ ശിഷ്യൻമാർ നിയന്ത്രിതരോ മർദ്ദിതരോ ആണെന്ന് വിചാരിക്കാനിടയാക്കിയില്ല. പകരം, സ്നേഹത്തോടും സഹതാപത്തോടുംകൂടിയ അവരോടുള്ള പെരുമാററത്താൽ അവൻ എല്ലാവരുടെയും ആദരവു നേടി. ഭർത്താക്കൻമാർക്ക് തങ്ങളുടെ ഭാര്യമാരോടുള്ള പെരുമാററത്തിൽ അനുസരിക്കുന്നതിന് എന്തൊരു നല്ല മാതൃക!
എന്നാൽ ഈ നല്ല മാതൃക അനുസരിക്കാത്ത ഭർത്താക്കൻമാരുണ്ട്. അവർ തങ്ങളുടെ ഭാര്യമാരുടെ നൻമക്കായിരിക്കാതെ സ്വാർത്ഥപരമായി തങ്ങളുടെ ദൈവദത്തമായ ശിരഃസ്ഥാനം ഉപയോഗിക്കുന്നു. അവർ തങ്ങളുടെ ഭാര്യമാരുടെമേൽ മർദ്ദകഭരണം നടത്തുകയും സമ്പൂർണ്ണകീഴ്പ്പെടൽ ആവശ്യപ്പെടുകയും മിക്കപ്പോഴും സ്വന്തമായി യാതൊരു തീരുമാനവും ചെയ്യാൻ അവരെ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഭർത്താക്കൻമാരുടെ ഭാര്യമാർ മിക്കപ്പോഴും ഒരു അസന്തുഷ്ടമായ ജീവിതം നയിക്കുന്നത് മനസ്സിലാക്കാം. അങ്ങനെയുള്ള ഒരു ഭർത്താവ് തന്റെ ഭാര്യയുടെ സ്നേഹപൂർവകമായ ആദരവു നേടുന്നതിൽ പരാജയപ്പെടുന്നതുകൊണ്ടും നഷ്ടമനുഭവിക്കുന്നു.
കുടുംബത്തലവനെന്ന നിലയിൽ അവളുടെ ഭർത്താവ് വഹിക്കുന്ന സ്ഥാനത്തെ ഭാര്യ ആദരിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നുവെന്നത് സത്യംതന്നെ. ഒരു വ്യക്തിയെന്ന നിലയിൽ തന്നോടുള്ള അവളുടെ ഹൃദയംഗമമായ ആദരവ് ഭർത്താവ് ആഗ്രഹിക്കുന്നുവെങ്കിൽ അയാൾ അത് നേടിയെടുക്കേണ്ടതുണ്ട്. അതു ചെയ്യാനുള്ള ഏററം നല്ല മാർഗ്ഗം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതും കുടുംബത്തലവനെന്ന നിലയിൽ നല്ല ദൈവിക ഗുണങ്ങൾ നട്ടുവളർത്തുന്നതുമാണ്.
കീഴ്പ്പെടൽ ആപേക്ഷികമാണ്
ഭാര്യയുടെമേലുള്ള ഭർത്താവിന്റെ അധികാരം സമ്പൂർണ്ണമല്ല. ചില വിധങ്ങളിൽ ഭാര്യയുടെ കീഴ്പ്പെടലിനെ ഒരു ലോകഭരണാധികാരിയോടുള്ള ഒരു ക്രിസ്ത്യാനിയുടെ കീഴ്പ്പെടലിനോട് താരതമ്യപ്പെടുത്താൻ കഴിയും. ഒരു ക്രിസ്ത്യാനി “ശ്രേഷ്ഠാധികാരങ്ങൾക്ക് കീഴട”ങ്ങിയിരിക്കണമെന്ന് ദൈവം കല്പിക്കുന്നു. (റോമർ 13:1) എന്നിരുന്നാലും ഈ കീഴ്പ്പെടൽ നാം ദൈവത്തോടു കടപ്പെട്ടിരിക്കുന്ന കാര്യങ്ങളാൽ എപ്പോഴും സമീകരിക്കപ്പെടണം. “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്ന് യേശു പറഞ്ഞു. (മർക്കോസ് 12:17) ദൈവത്തിനുള്ളത് നാം കൈസർക്കു കൊടുക്കണമെന്ന് കൈസർ (ലൗകികഗവൺമെൻറ്) ആവശ്യപ്പെടുന്നുവെങ്കിൽ “നാം മനുഷ്യരെക്കാൾ അധികമായി ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്” എന്ന് അപ്പോസ്തലനായ പത്രോസ് പറഞ്ഞതായി നാം ഓർക്കുന്നു.—പ്രവൃത്തികൾ 5:29, NW.
ഏതാണ്ട് സമാനമായ ഒരു വിധത്തിൽ, ക്രിസ്തീയ തത്വങ്ങളെ ആദരിക്കാത്തതോ മനസ്സിലാക്കാത്തതോ ആയ ഒരു മനുഷ്യനെ ഒരു ക്രിസ്തീയ സ്ത്രീ വിവാഹംചെയ്തിരിക്കുന്നുവെങ്കിൽ, ഏതായാലും അവൾ അയാൾക്ക് കീഴ്പെട്ടിരിക്കാൻ കടപ്പെട്ടിരിക്കുന്നു. ദൈവനിയമിതമായ ഈ ക്രമീകരണത്തോടു മത്സരിക്കുന്നതിനു പകരം അവൾ അയാളോട് സ്നേഹത്തോടും പരിഗണനയോടുംകൂടെ വർത്തിക്കുകയും അങ്ങനെ അയാളുടെ വിശ്വാസം നേടാൻ ശ്രമിക്കുകയും ചെയ്യുന്നത് നന്നാണ്. ഒരുപക്ഷേ അങ്ങനെയുള്ള നല്ല നടത്ത അവളുടെ ഭർത്താവിന് മാററം വരാനിടയാക്കിയേക്കാം; അത് അയാളെ സത്യത്തിലേക്ക് നേടുകപോലും ചെയ്തേക്കാം. (1 പത്രോസ് 3:1, 2) അവളുടെ ഭർത്താവ് ദൈവം വിലക്കിയിരിക്കുന്ന എന്തെങ്കിലും ചെയ്യാൻ അവളോട് ആജ്ഞാപിക്കുന്നുവെങ്കിൽ, ദൈവമാണ് അവളുടെ മുഖ്യഭരണാധികാരിയെന്ന് അവൾ ഓർമ്മിക്കേണ്ടതുണ്ട്. ദൃഷ്ടാന്തത്തിന്, അവൾ ഭാര്യാകൈമാററം പോലെയുള്ള അധാർമ്മിക ലൈംഗിക നടപടികളിൽ ഏർപ്പെടണമെന്ന് അയാൾ ആവശ്യപ്പെടുന്നുവെങ്കിൽ അതിന് കീഴ്പ്പെടാതിരിക്കാൻ അവൾക്ക് കടപ്പാടുണ്ട്. (1 കൊരിന്ത്യർ 6:9, 10) അവളുടെ ഭർത്താവിനോടുള്ള അവളുടെ കീഴ്പ്പെടൽ അവളുടെ മനഃസാക്ഷിയാലും ദൈവത്തോടുള്ള അവളുടെ പ്രഥമ കീഴ്പ്പെടലിനാലുമാണ് ഭരിക്കപ്പെടുന്നത്.
ദാവീദ്രാജാവിന്റെ കാലത്ത്, അബീഗയിൽ ദൈവിക തത്വങ്ങളെ ആദരിക്കാഞ്ഞവനും ദാവീദിനോടും ദാവീദിന്റെ ആൾക്കാരോടും പരുഷമായും സ്നേഹരഹിതമായും പെരുമാറിയവനുമായ ഒരു മനുഷ്യനായിരുന്ന നാബാലിനെ വിവാഹംചെയ്തിരുന്നു. ദാവീദിന്റെ ആൾക്കാർ നാബാലിന്റെ ആയിരക്കണക്കിന് ചെമ്മരിയാടുകളെയും കോലാടുകളെയും സംരക്ഷിച്ചിരുന്നു. എന്നാൽ ദാവീദ് ഒരു ഭക്ഷ്യസംഭാവനക്കുവേണ്ടി അപേക്ഷിച്ചപ്പോൾ നാബാൽ എന്തെങ്കിലും കൊടുക്കാൻ വിസമ്മതിച്ചു.
തന്റെ ഭർത്താവിന്റെ പിശുക്കൻമനോഭാവം തന്റെ കുടുംബത്തിൻമേൽ വിപത്തു വരുത്താൻ പോകുകയാണെന്ന് അബീഗയിൽ മനസ്സിലാക്കിയപ്പോൾ ദാവീദിന് ഭക്ഷണം എത്തിച്ചുകൊടുക്കാൻ അവൾ സ്വന്തമായി തീരുമാനിച്ചു. “ഉടനെ അബീഗയിൽ ഇരുനൂറ് അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകംചെയ്ത അഞ്ചു ആടും അഞ്ചു പറ മലരും നൂറു ഉണക്ക മുന്തിരിക്കുലയും ഇരുനൂറു അത്തിയടയും എടുത്തു കഴുതപ്പുറത്തു കയററി ബാല്യക്കാരോടു: നിങ്ങൾ എനിക്കു മുമ്പായി പോകുവിൻ; ഞാൻ ഇതാ, പിന്നാലെ വരുന്നു എന്നു പറഞ്ഞു. തന്റെ ഭർത്താവായ നാബാലിനോട് അവൾ ഒന്നും അറിയിച്ചില്ലതാനും.”—1 ശമൂവേൽ 25:18, 19.
തന്റെ ഭർത്താവിന്റെ ഇഷ്ടത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിൽ അബീഗയിൽ തെററുചെയ്തോ? ഈ കാര്യത്തിൽ ഇല്ല. വിശേഷാൽ, നാബാലിന്റെ ബുദ്ധിശൂന്യമായ ഗതി അവളുടെ മുഴു കുടുംബത്തെയും അപകടത്തിലാക്കിയതുകൊണ്ട് അബീഗയിലിന്റെ കീഴ്പ്പെടൽ അവളുടെ ഭർത്താവിനെപ്പോലെ അവൾ സ്നേഹമില്ലാത്തവളായിരിക്കണമെന്ന് ആവശ്യപ്പെട്ടില്ല. അതുകൊണ്ട്, ദാവീദ് അവളോട് “എന്നെ എതിരേൽപ്പാൻ നിന്നെ ഇന്ന് അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവക്ക് സ്തോത്രം. നിന്റെ വിവേകം സ്തുത്യം” എന്നു പറഞ്ഞു. (1 ശമൂവേൽ 25:32, 33) സമാനമായി, ക്രിസ്തീയ ഭാര്യമാർ ഇന്ന് തങ്ങളുടെ ഭർത്താക്കൻമാരുടെ ശിരഃസ്ഥാനത്തിനെതിരെ ക്ഷോഭിക്കുകയോ മത്സരിക്കുകയോ ചെയ്യരുത്, എന്നാൽ അവർ ഒരു ക്രിസ്തീയവിരുദ്ധ ഗതി സ്വീകരിക്കുന്നുവെങ്കിൽ അതിൽ ഭാര്യമാർ അവരെ അനുസരിക്കേണ്ടതില്ല.
എഫേസ്യർക്കുള്ള തന്റെ ലേഖനത്തിൽ പൗലോസ് “സഭ ക്രിസ്തുവിന് കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കൻമാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം” എന്നു പറഞ്ഞുവെന്നതു സത്യംതന്നെ. (എഫേസ്യർ 5:24) “സകലത്തിലും” എന്ന പദത്തിന്റെ അപ്പോസ്തലനാലുള്ള ഉപയോഗം ഭാര്യയുടെ കീഴ്പ്പെടലിന് പരിമിതികളില്ലെന്ന് ഇവിടെ അർത്ഥമാക്കുന്നില്ല. “സഭ ക്രിസ്തുവിനു കീഴടങ്ങിയിരിക്കുന്നതുപോലെ” എന്ന പൗലോസിന്റെ പ്രസ്താവന അവന്റെ മനസ്സിലുണ്ടായിരുന്നതെന്തെന്ന് സൂചിപ്പിക്കുന്നു. തന്റെ സഭയോട് ക്രിസ്തു ആവശ്യപ്പെടുന്നതെല്ലാം ദൈവേഷ്ടത്തോടുള്ള ചേർച്ചയിൽ നീതിയുക്തമാണ്. അതുകൊണ്ട്, സഭക്ക് അനായാസവും സന്തോഷപൂർവവും സകലത്തിലും അവന് കീഴ്പ്പെട്ടിരിക്കാൻ കഴിയും. സമാനമായി, യേശുവിന്റെ ദൃഷ്ടാന്തമനുസരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന ഒരു ക്രിസ്തീയ ഭർത്താവിന്റെ ഭാര്യക്ക് സകലത്തിലും അയാൾക്ക് കീഴ്പ്പെട്ടിരിക്കാൻ സന്തോഷമായിരിക്കും. അയാൾ തന്റെ ഉത്തമ താത്പര്യങ്ങളിൽ വളരെ ശ്രദ്ധാലുവാണെന്നും ദൈവേഷ്ടത്തിന് അനുയോജ്യമല്ലാത്ത എന്തെങ്കിലും ചെയ്യാൻ തന്നോട് അയാൾ ഒരിക്കലും അറിഞ്ഞുകൊണ്ടാവശ്യപ്പെടുകയില്ലെന്നും അവൾക്കറിയാം.
ഒരു ഭർത്താവ് അന്യോന്യം സ്നേഹിക്കാൻ തന്റെ അനുഗാമികളോടു കല്പിച്ച യേശുക്രിസ്തുവിന്റെ, തന്റെ തലയുടെ, ദൈവികഗുണങ്ങളെ പ്രതിഫലിപ്പിക്കുമ്പോൾ അയാൾ തന്റെ ഭാര്യയുടെ സ്നേഹവും ആദരവും നിലനിർത്തും. (യോഹന്നാൻ 13:34) ഒരു ഭർത്താവ് തെററുപററാവുന്നവനും അപൂർണ്ണനുമാണെങ്കിലും അയാൾ ക്രിസ്തുവിന്റെ ശ്രേഷ്ഠ ശിരഃസ്ഥാനത്തിനനുയോജ്യമായി തന്റെ അധികാരം കൈകാര്യംചെയ്യുന്നുവെങ്കിൽ, അയാൾ താൻ ഭർത്താവായുള്ളതിൽ സന്തുഷ്ടയായിരിക്കാൻ ഭാര്യക്ക് എളുപ്പമാക്കിത്തീർക്കുന്നു. (1 കൊരിന്ത്യർ 11:3) ഒരു ഭാര്യ വിനയവും സ്നേഹദയയുമാകുന്ന ക്രിസ്തീയ ഗുണങ്ങൾ നട്ടുവളർത്തുന്നുവെങ്കിൽ തന്റെ ഭർത്താവിന് കീഴ്പ്പെട്ടിരിക്കുന്നത് അവൾക്ക് പ്രയാസമല്ല.
താഴ്മയും ന്യായബോധവുമുള്ളവൾ
സഭയിലെ ഭർത്താക്കൻമാരും ഭാര്യമാരും യഹോവയുടെ മുമ്പാകെ തുല്യനിലയുള്ള ആത്മീയ സഹോദരൻമാരും സഹോദരിമാരുമാണ്. (ഗലാത്യർ 3:28 താരതമ്യപ്പെടുത്തുക.) എന്നിരുന്നാലും, സഭാമേൽവിചാരണ നടത്തുന്നതിന് ദൈവം നിയമിച്ചിരിക്കുന്നത് പുരുഷൻമാരെയാണ്. നീതിഹൃദയമുള്ള സ്ത്രീകൾ സകല കീഴ്വഴക്കത്തോടുംകൂടെ ഇത് സന്തോഷപൂർവം അംഗീകരിക്കുന്നു. ആട്ടിൻകൂട്ടത്തിൻമേൽ കർതൃത്വം നടത്താതിരിക്കാൻ അത് പുരുഷൻമാരുടെമേൽ വെക്കുന്ന ഘനമായ കടപ്പാട് സഭയിലെ പക്വതയുള്ള പുരുഷൻമാർ വിനീതമായി അംഗീകരിക്കുന്നു.—1 പത്രോസ് 5:2, 3.
സഭയിൽ സ്ത്രീപുരുഷൻമാർ തമ്മിലുള്ള ബന്ധം അതാണെങ്കിൽ തന്റെ ആത്മീയ സഹോദരിയായ തന്റെ ഭാര്യയോട് ഒരു ക്രൂര ഭരണാധികാരിയായി പെരുമാറുന്നതിനെ ഒരു ക്രിസ്തീയ ഭർത്താവിന് എങ്ങനെ ന്യായീകരിക്കാൻ കഴിയും? ശിരഃസ്ഥാനത്തിനുവേണ്ടി തന്റെ ഭർത്താവിനോട് മത്സരിക്കുന്നതിനെ ഭാര്യക്ക് എങ്ങനെ ന്യായീകരിക്കാൻ കഴിയും? പകരം, പത്രോസ് സഭയിലെ സകല അംഗങ്ങളെയും ബുദ്ധിയുപദേശിക്കുന്നതുപോലെ, അവർ അന്യോന്യം കരുതണം: “എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.” (1 പത്രോസ് 3:8) പൗലോസും ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ, എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കുകയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ.”—കൊലോസ്യർ 3:12, 13.
സഭയിൽ അങ്ങനെയുള്ള മനോഭാവം നട്ടുവളർത്തപ്പെടണം. ഭർത്താവിനും ഭാര്യക്കുമിടക്ക് ക്രിസ്തീയഭവനത്തിൽ അവ വിശേഷാൽ നട്ടുവളർത്തപ്പെടണം. തന്റെ ഭാര്യയിൽനിന്നുള്ള നിർദ്ദേശങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഒരു ഭർത്താവിന് തന്റെ ആർദ്രപ്രിയവും സൗമ്യതയും പ്രകടമാക്കാൻ കഴിയും. അയാൾ കുടുംബത്തെ ബാധിക്കുന്ന ഒരു തീരുമാനംചെയ്യുന്നതിനു മുമ്പ് തന്റെ ഭാര്യയുടെ വീക്ഷണഗതി പരിഗണിക്കേണ്ടതാണ്. ക്രിസ്തീയ ഭാര്യമാർ ശൂന്യമസ്തിഷ്കരല്ല. സാറാ അവളുടെ ഭർത്താവായ അബ്രാഹാമിന് കൊടുത്തതുപോലെ, അവർക്ക് മിക്കപ്പോഴും തങ്ങളുടെ ഭർത്താക്കൻമാർക്ക് വിലപ്പെട്ട നിർദ്ദേശങ്ങൾ കൊടുക്കാൻ കഴിയും. (ഉല്പത്തി 21:12) മറിച്ച്, ഒരു ക്രിസ്തീയ ഭാര്യ തന്റെ ഭർത്താവിനോട് അന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുകയില്ല. അവൾ അയാളുടെ നേതൃത്വം അനുസരിച്ചുകൊണ്ടും അയാളുടെ തീരുമാനങ്ങളെ പിന്താങ്ങിക്കൊണ്ടും തന്റെ ദയയും മനസ്സിന്റെ എളിമയും പ്രകടമാക്കും, ചിലപ്പോൾ അവ തന്റെ സ്വന്തം ഇഷ്ടങ്ങളിൽനിന്ന് വിഭിന്നമായിരുന്നാലും.
ന്യായബോധമുള്ള ഒരു ഭർത്താവ്, ന്യായബോധമുള്ള ഒരു മൂപ്പനെപ്പോലെ, അഭിഗമ്യനും ദയാലുവുമാണ്. സ്നേഹമുള്ള ഒരു ഭാര്യ, അപൂർണ്ണതയും ജീവിതസമ്മർദ്ദങ്ങളുമുണ്ടെങ്കിലും ഭർത്താവ് തന്റെ ഉത്തരവാദിത്വങ്ങൾ നിറവേററാൻ നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കുന്നതിനാൽ സഹതാപവും ദീർഘക്ഷമയുമുള്ളവളായിരുന്നുകൊണ്ട് പ്രതികരിക്കുന്നു. ഭർത്താവും ഭാര്യയും അങ്ങനെയുള്ള മനോഭാവങ്ങൾ നട്ടുവളർത്തുമ്പോൾ വിവാഹബന്ധത്തിലെ കീഴ്പ്പെടൽ ഒരു പ്രശ്നമാകാൻ പോകുന്നില്ല. പകരം, അത് സന്തോഷത്തിന്റെയും സുരക്ഷിതത്വത്തിന്റെയും നിലനിൽക്കുന്ന സംതൃപ്തിയുടെയും ഒരു ഉറവാണ്. (w91 12/15)