ക്രിസ്തീയ യുഗത്തിലെ ദിവ്യാധിപത്യ ഭരണം
“തന്റെ പ്രസാദപ്രകാരം . . . സ്വർഗത്തിലുള്ളതും ഭൂമിയിലുള്ളതും എല്ലാം പിന്നെയും ക്രിസ്തുവിൽ ഒരുമിച്ചു കൂട്ടിവരുത്തുക.”—എഫെസ്യർ 1:9, 10.
1, 2. (എ) ‘സ്വർഗത്തിലുള്ളതി’ന്റെ കൂട്ടിവരുത്തൽ പൊ.യു. 33-ൽ ആരംഭിച്ച് എങ്ങനെ പുരോഗമിച്ചിരിക്കുന്നു? (ബി) 1914 മുതൽ അഭിഷിക്ത ക്രിസ്ത്യാനികൾ മോശയുടെയും ഏലീയാവിന്റെയും മനോഭാവം പ്രകടിപ്പിച്ചിരിക്കുന്നതെങ്ങനെ?
‘സ്വർഗത്തിലുള്ള’തിന്റെ ഈ കൂട്ടിവരുത്തൽ “ദൈവത്തിന്റെ യിസ്രായേൽ” ജനിച്ച പൊ.യു. 33-ൽ തുടങ്ങി. (ഗലാത്യർ 6:16; യെശയ്യാവു 43:10; 1 പത്രൊസ് 2:9, 10) പൊ.യു. ഒന്നാം നൂറ്റാണ്ടിനുശേഷം, ഈ കൂട്ടിവരുത്തൽ മന്ദഗതിയിലായി, കാരണം യഥാർഥ ക്രിസ്ത്യാനികളുടെ (യേശു “ഗോതമ്പ്” എന്നു വിളിച്ചവരുടെ) എണ്ണം തീരെ കുറഞ്ഞുപോകുകയും സാത്താൻ വിതച്ച വിശ്വാസത്യാഗ “കള”കളുടെ എണ്ണം പെരുകുകയും ചെയ്തു. എന്നാൽ “അന്ത്യകാലം” സമീപിച്ചപ്പോൾ, ദൈവത്തിന്റെ യഥാർഥ ഇസ്രായേൽ വീണ്ടും പ്രത്യക്ഷമാകുകയും അതിന് 1919-ൽ യേശുവിന്റെ സ്വത്തുക്കളുടെ മേൽനോട്ടം ലഭിക്കുകയും ചെയ്തു.a—മത്തായി 13:24-30, 36-43; 24:45-47; ദാനീയേൽ 12:4.
2 ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ, അഭിഷിക്ത ക്രിസ്ത്യാനികൾ മോശയും ഏലീയാവും ചെയ്തതുപോലുള്ള വീര്യപ്രവൃത്തികൾ നിർവഹിക്കുകയുണ്ടായി.b (വെളിപ്പാടു 11:5, 6) വിദ്വേഷപൂരിതമായ ഒരു ലോകത്തിൽ അവർ 1919 മുതൽ സുവാർത്ത പ്രസംഗിച്ചിരിക്കുന്നു. ഇതു ചെയ്യണമെങ്കിൽ ഏലീയാവ് പ്രകടിപ്പിച്ചതുപോലുള്ള ധൈര്യം വേണം. (മത്തായി 24:9-14) 1922 മുതൽ അവർ മനുഷ്യവർഗത്തിനുള്ള യഹോവയുടെ ന്യായവിധികൾ പ്രഖ്യാപിച്ചിരിക്കുന്നു, മോശ പുരാതന ഈജിപ്തിന്മേൽ ദൈവത്തിന്റെ ബാധകൾ കൊണ്ടുവന്നതുപോലെ. (വെളിപ്പാടു 15:1; 16:2-17) ഇന്ന് ഈ അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പ് യഹോവയുടെ സാക്ഷികളുടെ പുതിയ ലോകസമൂഹത്തിന്റെ കേന്ദ്രബിന്ദുവാണ്.
ഒരു ഭരണസംഘം പ്രവർത്തനത്തിൽ
3. ആദിമ ക്രിസ്തീയ സഭ സുസംഘടിതമായിരുന്നുവെന്ന് ഏതു സംഭവങ്ങൾ പ്രകടമാക്കുന്നു?
3 ആരംഭംമുതലേ യേശുവിന്റെ അഭിഷിക്താനുഗാമികൾ സംഘടിതരായിരുന്നു. ശിഷ്യന്മാരുടെ വർധനയ്ക്കനുസൃതമായി പ്രാദേശിക സഭകൾ സ്ഥാപിക്കപ്പെടുകയും മൂപ്പന്മാർ നിയമിക്കപ്പെടുകയും ചെയ്തു. (തീത്തൊസ് 1:5) പൊ.യു. 33-നുശേഷം 12 അപ്പോസ്തലന്മാർ ആധികാരിക കേന്ദ്ര ഭരണസംഘമായി പ്രവർത്തിച്ചു. അതിൻപ്രകാരം, സാക്ഷ്യവേലയിൽ അവർ ധീരമായ നേതൃത്വം വഹിച്ചു. (പ്രവൃത്തികൾ 4:33, 35, 37; 5:18, 29) മുട്ടുള്ളവർക്കു ഭക്ഷ്യവിതരണം സംഘടിപ്പിച്ചു. താത്പര്യമുള്ളവരുണ്ടെന്നറിഞ്ഞ് പത്രൊസിനെയും യോഹന്നാനെയും ശമര്യയിലേക്ക് അയച്ചു. (പ്രവൃത്തികൾ 6:1-6; 8:6-8, 14-17) മുൻ പീഡകനായിരുന്ന പൗലൊസ് ഇപ്പോൾ യേശുവിന്റെ അനുഗാമിയാണെന്നു സ്ഥിരീകരിക്കുന്നതിനായി ബർന്നബാസ് അവനെ അവരുടെ അടുക്കലേക്കു കൊണ്ടുപോയി. (പ്രവൃത്തികൾ 9:27; ഗലാത്യർ 1:18, 19) കൊർന്നേല്യൊസിനോടും വീട്ടുകാരോടും പ്രസംഗിച്ചശേഷം, പത്രൊസ് യെരൂശലേമിലേക്കു മടങ്ങി അവരുടെ കാര്യം സംബന്ധിച്ച ദൈവഹിതം പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയതെങ്ങനെയെന്ന് അപ്പോസ്തലന്മാരോടും യഹൂദ്യയിലെ മറ്റു സഹോദരങ്ങളോടും വിശദീകരിച്ചു.—പ്രവൃത്തികൾ 11:1-18.
4. പത്രൊസിനെ വധിക്കാൻ ഏതു ശ്രമമുണ്ടായി, എന്നാൽ അവന്റെ ജീവൻ രക്ഷിക്കപ്പെട്ടതെങ്ങനെ?
4 പിന്നെ ഭരണസംഘം മൃഗീയമായ ആക്രമണത്തിനു വിധേയമായി. പത്രൊസ് തടവിലാക്കപ്പെട്ടു. ദൂത ഇടപെടലിനാൽ മാത്രമാണ് അവൻ രക്ഷപ്പെട്ടത്. (പ്രവൃത്തികൾ 12:3-11) ഇപ്പോൾ ആദ്യമായി, 12 അപ്പോസ്തലന്മാരിൽ ഉൾപ്പെടാത്ത ഒരാൾ യെരൂശലേമിൽ ഒരു പ്രമുഖ സ്ഥാനത്ത് എത്തി. ജയിൽമോചിതനായി, മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ മാതൃഭവനത്തിൽ എത്തിയ പത്രൊസ് അവിടെ കൂടിയിരുന്നവരോടു പറഞ്ഞു: “ഇതു യാക്കോബിനോടും [യേശുവിന്റെ അർധസഹോദരൻ] ശേഷം സഹോദരന്മാരോടും അറിയിപ്പിൻ.”—പ്രവൃത്തികൾ 12:17.
5. യാക്കോബിന്റെ രക്തസാക്ഷിത്വത്തിനുശേഷം ഭരണസംഘത്തിന്റെ ഘടനയ്ക്കു മാറ്റംവന്നതെങ്ങനെ?
5 മുമ്പ്, വഞ്ചന കാട്ടിയ അപ്പോസ്തലനായ യൂദാസ് ഇസ്കര്യോത്ത ആത്മഹത്യ ചെയ്തതിനുശേഷം, ഒരു അപ്പോസ്തലനെന്ന നിലയിലുള്ള അവന്റെ “അദ്ധ്യക്ഷസ്ഥാനം” യേശുക്രിസ്തുവിന്റെ ശുശ്രൂഷാ സമയത്ത് അവനോടുകൂടെയുണ്ടായിരുന്നവനും അവന്റെ മരണത്തിനും പുനരുത്ഥാനത്തിനും സാക്ഷ്യം വഹിച്ചവനുമായ ആർക്കെങ്കിലും കൊടുക്കേണ്ടത് ആവശ്യമാണെന്നു വന്നു. എന്നാൽ യോഹന്നാന്റെ സഹോദരൻ യാക്കോബ് വധിക്കപ്പെട്ടപ്പോൾ, 12 പേരിൽ ഒരുവനെന്ന നിലയിൽ അവന്റെ സ്ഥാനത്ത് ആരെയും നിയമിച്ചില്ല. (പ്രവൃത്തികൾ 1:20-26; 12:1, 2) എങ്കിലും ഭരണസംഘത്തെക്കുറിച്ചുള്ള അടുത്ത തിരുവെഴുത്തു പരാമർശം പ്രകടമാക്കുന്നത് അതു വിപുലീകരിക്കപ്പെട്ടുവെന്നാണ്. യേശുവിന്റെ അനുഗാമികളായ വിജാതീയർ മോശൈക ന്യായപ്രമാണത്തിനു കീഴ്പെടണമോ എന്നതിനെച്ചൊല്ലി ഒരു തർക്കമുണ്ടായപ്പോൾ, ഒരു തീർപ്പിനായി “യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും [“പ്രായമേറിയ പുരുഷന്മാരുടെയും,” NW]” മുമ്പാകെ സംഗതി അവതരിപ്പിച്ചു. (പ്രവൃത്തികൾ 15:2, 6, 20, 22, 23; 16:4) ഭരണസംഘത്തിലിപ്പോൾ വ്യക്തമായും “പ്രായമേറിയ പുരുഷന്മാ”രുടെ സാന്നിധ്യമുള്ളതെന്തുകൊണ്ട്? ബൈബിൾ അതു പറയുന്നില്ലെങ്കിലും, അതുകൊണ്ടു വ്യക്തമായൊരു പ്രയോജനമുണ്ടായിരുന്നു. യാക്കോബ് മരിക്കുകയും പത്രൊസ് കാരാഗൃഹത്തിലാകുകയും ചെയ്തതോടെ ഒരു നാൾ അപ്പോസ്തലന്മാർ തടവിലാക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യതയുണ്ടായിരുന്നു. അത്തരമൊരു പ്രത്യേക സ്ഥിതിവിശേഷം ഉടലെടുക്കുന്നപക്ഷം, ഭരണസംഘത്തിന്റെ നടപടിക്രമങ്ങളിൽ പരിചയസമ്പന്നരും യോഗ്യരുമായ മറ്റു മൂപ്പന്മാരുള്ളതുകൊണ്ട് ക്രമമുള്ള മേൽനോട്ടം നിലച്ചുപോകുകയില്ലെന്ന് ഉറപ്പാകുമായിരുന്നു.
6. ഭരണസംഘത്തിലെ ആദിമാംഗങ്ങൾ യെരൂശലേമിൽനിന്നു പോയിട്ടും ഭരണസംഘം അവിടെത്തന്നെ പ്രവർത്തനം തുടർന്നതെങ്ങനെ?
6 പൊ.യു. 56-നോടടുത്ത് പൗലൊസ് യെരൂശലേമിലേക്കു വന്നപ്പോൾ, അവൻ യാക്കോബിന്റെയടുക്കൽ വന്നു. ബൈബിൾ പറയുന്നു: “മൂപ്പന്മാരും എല്ലാം അവിടെ വന്നുകൂടി.” (പ്രവൃത്തികൾ 21:18) ഈ യോഗത്തിൽ അപ്പോസ്തലന്മാരെക്കുറിച്ചു പരാമർശമൊന്നുമില്ലാത്തത് എന്തുകൊണ്ടാണ്? അതേക്കുറിച്ചും ബൈബിൾ യാതൊന്നും പറയുന്നില്ല. എന്നാൽ പൊ.യു. 66-നു മുമ്പെപ്പോഴോ, “തങ്ങളെ കൊല്ലുന്നതിനു നിരന്തരം ഗൂഢാലോചനകൾ നടന്നിരുന്നതിനാൽ ജീവൻ അപകടത്തിലായതിനെത്തുടർന്ന് ശേഷിക്കുന്ന അപ്പോസ്തലന്മാർ യഹൂദ്യയിൽനിന്നു പുറത്തുപോകാൻ നിർബന്ധിതരായി. എന്നാൽ തങ്ങളുടെ സന്ദേശം പഠിപ്പിക്കുന്നതിനുവേണ്ടി ക്രിസ്തുവിന്റെ ശക്തിയാൽ അവർ എല്ലാ ദേശത്തേക്കും യാത്രചെയ്തു” എന്നു ചരിത്രകാരനായ യൂസേബിയസ് പിൽക്കാലത്ത് റിപ്പോർട്ടു ചെയ്തിട്ടുണ്ട്. (യൂസേബിയസ്, പുസ്തകം III, V, v. 2) യൂസേബിയസിന്റെ വാക്കുകൾ നിശ്വസ്തരേഖയുടെ ഭാഗമല്ലെന്നതു ശരിയാണെങ്കിലും, ബൈബിൾരേഖയുമായി അതു യോജിപ്പിലാണ്. ഉദാഹരണത്തിന്, പൊ.യു. 62 ആയപ്പോഴേക്കും, പത്രൊസ് യെരൂശലേമിൽനിന്ന് വളരെയകലെ ബാബിലോനിലായിരുന്നു. (1 പത്രൊസ് 5:13) എന്നിരുന്നാലും, പൊ.യു. 56-ലും, സാധ്യതയനുസരിച്ച് പൊ.യു. 66 വരെയും യെരൂശലേമിൽ ഒരു ഭരണസംഘം വ്യക്തമായും സജീവമായി പ്രവർത്തിച്ചിരുന്നു.
ഭരണം ആധുനിക നാളിൽ
7. ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘവുമായുള്ള താരതമ്യത്തിൽ, ഇന്നത്തെ ഭരണസംഘത്തിന്റെ ഘടനയിൽ ഏതു ശ്രദ്ധേയമായ വ്യത്യാസമുണ്ട്?
7 പൊ.യു. 33 മുതൽ യെരൂശലേമിലെ പീഡനംവരെ, ഭരണസംഘത്തിൽ വ്യക്തമായും യഹൂദ ക്രിസ്ത്യാനികളാണ് ഉണ്ടായിരുന്നത്. പൊ.യു. 56-ലെ സന്ദർശനത്തിനിടയിൽ, യെരൂശലേമിലെ അനേകം യഹൂദ ക്രിസ്ത്യാനികളും “നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കു”ന്നുണ്ടായിരുന്നെങ്കിലും അപ്പോഴും “[മോശൈക] ന്യായപ്രമാണതല്പരന്മാ”രായിരുന്നെന്നു പൗലൊസ് മനസ്സിലാക്കി.c (യാക്കോബ് 2:1; പ്രവൃത്തികൾ 21:20-25) ഭരണസംഘത്തിൽ ഒരു വിജാതീയൻ സേവിക്കുന്നതിൽ അത്തരം യഹൂദന്മാർക്കു ബുദ്ധിമുട്ടു തോന്നിയിരിക്കാം. എന്നാൽ ആധുനികനാളിൽ, ഈ സംഘത്തിന്റെ ഘടനയിൽ മറ്റൊരു മാറ്റം സംഭവിച്ചു. ഇന്ന് ഇതിലെ അംഗങ്ങൾ മുഴുവനും പുറജാതീയരായ അഭിഷിക്ത ക്രിസ്ത്യാനികളാണ്. യഹോവ ഇവരുടെ മേൽനോട്ടത്തെ വലിയ അളവിൽ അനുഗ്രഹിച്ചിരിക്കുകയാണ്.—എഫെസ്യർ 2:11-15.
8, 9. ആധുനികനാളുകളിൽ ഭരണസംഘത്തിൽ എന്തു സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നു?
8 1884-ൽ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി സ്ഥാപിതമായതുമുതൽ 1972 വരെ, യഹോവയുടെ സ്ഥാപനത്തിൽ സൊസൈറ്റിയുടെ പ്രസിഡൻറിനു കാര്യമായ അധികാരമുണ്ടായിരുന്നു. അതേസമയം ഭരണസംഘം സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളുമായി അടുത്തു പ്രവർത്തിക്കുകയായിരുന്നു. പ്രസ്തുത ക്രമീകരണത്തിനു യഹോവയുടെ അംഗീകാരമുണ്ടായിരുന്നു, കാരണം ആ വർഷങ്ങളിൽ ആസ്വദിച്ച അനുഗ്രഹങ്ങൾതന്നെ അതിനുള്ള തെളിവാണ്. 1972-നും 1975-നുമിടയിൽ, ഭരണസംഘം 18 അംഗങ്ങളായി വിപുലീകരിക്കപ്പെട്ടു. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയയുടെ ഡയറക്ടർമാരിൽ ചിലരും അംഗങ്ങളായുള്ള വിപുലീകരിക്കപ്പെട്ട ഈ സംഘത്തിൽ കൂടുതൽ അധികാരം നിക്ഷിപ്തമായപ്പോൾ സംഗതികൾ ഒന്നാം നൂറ്റാണ്ടിലേതിനോടു കൂടുതൽ സദൃശമായി.
9 1975-നുശേഷം ഈ 18 വ്യക്തികളിൽ പലരുടെയും ഭൗമിക ജീവിതം അവസാനിച്ചു. ലോകത്തെ ജയിച്ചടക്കിയ അവർ അതോടെ ‘യേശുവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരി’ക്കുകയും ചെയ്തു. (വെളിപ്പാടു 3:21) ഇക്കാരണത്താലും മറ്റു കാരണങ്ങളാലും, 1994-ൽ ചേർക്കപ്പെട്ട അംഗമുൾപ്പെടെ ഭരണസംഘത്തിൽ ഇപ്പോൾ 10 അംഗങ്ങളേയുള്ളൂ. മിക്കവരും പ്രായം ചെന്നവർ. എന്നിരുന്നാലും, ഭാരിച്ച ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന ഈ അഭിഷിക്തർക്കു നല്ല പിന്തുണ ലഭിക്കുന്നുണ്ട്. എവിടെനിന്നാണ് ആ പിന്തുണ? ദൈവജനത്തിനിടയിലെ ആധുനികകാല സംഭവവികാസങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം ആ ചോദ്യത്തിന് ഉത്തരം നൽകും.
ദൈവത്തിന്റെ ഇസ്രായേലിനു പിന്തുണ
10. ഈ അന്ത്യനാളുകളിൽ യഹോവയുടെ സേവനത്തിൽ അഭിഷിക്തരോടൊപ്പം ആർ ചേർന്നിരിക്കുന്നു, ഇതിനെക്കുറിച്ചു പ്രവചിക്കപ്പെട്ടിരുന്നതെങ്ങനെ?
10 1884-ൽ ദൈവത്തിന്റെ ഇസ്രായേലുമായി സഹവസിച്ചവരിൽ മിക്കവരും അഭിഷിക്ത ക്രിസ്ത്യാനികളായിരുന്നു. എന്നിരുന്നാലും, ക്രമേണ മറ്റൊരു കൂട്ടം പ്രത്യക്ഷപ്പെടാൻ തുടങ്ങി, 1935-ൽ ഈ കൂട്ടം വെളിപ്പാടു 7-ാം അധ്യായത്തിലെ “മഹാപുരുഷാര”മായി തിരിച്ചറിയിക്കപ്പെട്ടു. ഭൗമിക പ്രത്യാശയുള്ള ഇവർ യഹോവ ക്രിസ്തുവിൽ കൂട്ടിച്ചേർക്കാൻ ഉദ്ദേശിക്കുന്ന ‘ഭൂമിയിലുള്ളതി’നെ പ്രതിനിധാനം ചെയ്യുന്നു. (എഫെസ്യർ 1:10) ആട്ടിൻതൊഴുത്തുകളെക്കുറിച്ചുള്ള യേശുവിന്റെ ഉപമയിലെ ‘വേറെ ആടുകളെ’ പ്രതിനിധാനം ചെയ്യുന്നവരാണ് ഇവർ. (യോഹന്നാൻ 10:16) 1935 മുതൽ വേറെ ആടുകൾ യഹോവയുടെ സ്ഥാപനത്തിലേക്കു കൂട്ടമായി വന്നിരിക്കുന്നു. അവർ “മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നു”വന്നിരിക്കുന്നു. (യെശയ്യാവു 60:8) മഹാപുരുഷാരത്തിന്റെ സംഖ്യ വർധിക്കുന്നതുകൊണ്ടും മരണത്തോടെ ഭൗമിക ഗതി അവസാനിക്കുന്ന അഭിഷിക്ത വർഗത്തിന്റെ എണ്ണം കുറയുന്നതുകൊണ്ടും യോഗ്യതയുള്ള വേറെ ആടുകൾക്കു ക്രിസ്തീയ പ്രവർത്തനങ്ങളിൽ വർധിച്ച അളവിൽ പങ്കാളിത്തം ലഭിച്ചിരിക്കുന്നു. ഏതെല്ലാം വിധങ്ങളിൽ?
11. ആരംഭത്തിൽ അഭിഷിക്ത ക്രിസ്ത്യാനികൾക്കുമാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഏതെല്ലാം പദവികളാണ് ഇപ്പോൾ വേറെ ആടുകൾക്കു കൊടുത്തിരിക്കുന്നത്?
11 യഹോവയുടെ സദ്ഗുണങ്ങളെക്കുറിച്ചു പ്രഖ്യാപിക്കുന്നത് എന്നും ദൈവത്തിന്റെ “വിശുദ്ധജന”ത്തിന്റെ ഒരു പ്രത്യേക കടമയായിരുന്നു. പൗലൊസ് അതിനെ ഒരു ആലയബലിയായി വർണിച്ചു. ഒരു “രാജകീയപുരോഹിതവർഗ്ഗം” ആയിത്തീരാനുള്ളവർക്കു പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള നിയോഗം യേശു നൽകി. (പുറപ്പാടു 19:5, 6; 1 പത്രൊസ് 2:4, 9; മത്തായി 24:14; 28:19, 20; എബ്രായർ 13:15, 16) എന്നിരുന്നാലും, വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 1932 ആഗസ്റ്റ് 1 ലക്കം യോനാദാബിനാൽ മുൻനിഴലാക്കപ്പെട്ടവരെ ഈ വേലയിൽ പങ്കെടുക്കുന്നതിനു പ്രത്യേകാൽ പ്രോത്സാഹിപ്പിച്ചു. വേറെ ആടുകളിൽപ്പെട്ട അനേകരും അതിനോടകംതന്നെ ആ വേലയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. ഇന്ന്, “[ദൈവത്തിന്റെ] ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്ന”തിന്റെ മുഖ്യഭാഗം പ്രസംഗവേലയാണ്. ഇതിന്റെ ഏറിയപങ്കും നിർവഹിക്കുന്നത് വേറെ ആടുകളാണ്. (വെളിപ്പാടു 7:15) അതുപോലെ, യഹോവയുടെ ജനത്തിന്റെ ആധുനിക ചരിത്രത്തിന്റെ ആദ്യഭാഗത്ത്, സഭാമൂപ്പന്മാർ അഭിഷിക്ത ക്രിസ്ത്യാനികളായിരുന്നു, യേശുക്രിസ്തുവിന്റെ വലങ്കയ്യിലെ ‘നക്ഷത്രങ്ങളാ’യിരുന്നു. (വെളിപ്പാടു 1:16, 20) വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 1937 മേയ് 1 ലക്കം വേറെ ആടുകൾക്കും കമ്പനിദാസന്മാർ (അധ്യക്ഷമേൽവിചാരകന്മാർ) ആയിത്തീരാമെന്നു പ്രഖ്യാപിച്ചു. അഭിഷിക്തപുരുഷന്മാരുണ്ടെങ്കിലും, അവർ ഉത്തരവാദിത്വം നിറവേറ്റാൻ പ്രാപ്തരല്ലെങ്കിൽ, വേറെ ആടുകളെ ഉപയോഗിക്കാവുന്നതാണ്. ഇന്ന്, മിക്കവാറും എല്ലാ സഭകളിലെയും മൂപ്പന്മാർ വേറെ ആടുകളിൽപ്പെട്ടവരാണ്.
12. ഭാരിച്ച സംഘടനാപരമായ ഉത്തരവാദിത്വങ്ങൾ യോഗ്യതയുള്ള വേറെ ആടുകൾ സ്വീകരിക്കുന്നതിനു തിരുവെഴുത്തുപരമായ എന്തു കീഴ്വഴക്കങ്ങളുണ്ട്?
12 അത്തരം ഭാരിച്ച ഉത്തരവാദിത്വങ്ങൾ വേറെ ആടുകൾക്കു നൽകുന്നത് തെറ്റാണോ? അല്ല, അതിനു ചരിത്രപരമായ കീഴ്വഴക്കമുണ്ട്. വിദേശീയരായ ചില മതപരിവർത്തിതർ (അന്യദേശക്കാർ) പുരാതന ഇസ്രായേലിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു. (2 ശമൂവേൽ 23:37, 39; യിരെമ്യാവു 38:7-9) ബാബിലോന്യ പ്രവാസത്തിനുശേഷം, യോഗ്യരായ നെഥിനിമുകൾക്ക് (ഇസ്രായേല്യരല്ലാത്ത ആലയ ശുശ്രൂഷകർ) മുമ്പു ലേവ്യർക്കു മാത്രം കൊടുത്തിരുന്ന ആലയസേവന പദവികൾ കൊടുത്തു. (എസ്രാ 8:15-20; നെഹെമ്യാവു 7:60) കൂടാതെ, രൂപാന്തരീകരണത്തിൽ യേശുവിനോടൊപ്പം കാണപ്പെട്ട മോശ മിദ്യാന്യനായ യിത്രോയിൽനിന്നുള്ള ഉത്തമ ബുദ്ധ്യുപദേശം സ്വീകരിക്കുകയുണ്ടായി. പിന്നീട്, അവൻ യിത്രോയുടെ പുത്രനായ ഹോബാബിനോട് അവരെ മരൂഭൂമിയിലൂടെ നയിക്കാൻ ആവശ്യപ്പെടുകയുണ്ടായി.—പുറപ്പാടു 18:5, 17-24; സംഖ്യാപുസ്തകം 10:29.
13. യോഗ്യതയുള്ള വേറെ ആടുകൾക്കു താഴ്മയോടെ ഉത്തരവാദിത്വം ഏൽപ്പിച്ചുകൊടുക്കുന്നതിൽ അഭിഷിക്തർ ആരുടെ നല്ല മാതൃകയാണ് അനുകരിക്കുന്നത്?
13 നാൽപ്പതുവർഷ മരുഭൂവാസം അന്ത്യത്തോടടുത്തപ്പോൾ, വാഗ്ദത്തദേശത്തു പ്രവേശിക്കുകയില്ലെന്ന് അറിയാമായിരുന്ന മോശ, തനിക്കൊരു പിൻഗാമിയെ തരണമേയെന്നു യഹോവയോടു പ്രാർഥിച്ചു. (സംഖ്യാപുസ്തകം 27:15-17) എല്ലാവരുടെയും മുമ്പാകെ യോശുവയെ നിയമിക്കാൻ യഹോവ അവനോടു പറഞ്ഞു. ആരോഗ്യവാനായിരുന്നിട്ടുപോലും മോശ അങ്ങനെതന്നെ ചെയ്തു. അവൻ ഇസ്രായേലിനെ സേവിക്കുന്നത് ഉടൻ നിർത്തിയുമില്ല. (ആവർത്തനപുസ്തകം 3:28; 34:5-7, 9) സമാനമായി താഴ്മയുള്ള ഒരു മനോഭാവത്തോടെ, ഇതിനോടകംതന്നെ അഭിഷിക്തർ വേറെ ആടുകളിൽപ്പെട്ട യോഗ്യരായ പുരുഷന്മാർക്ക് അധികമധികം പദവികൾ നീട്ടിക്കൊടുത്തുകൊണ്ടിരിക്കുകയാണ്.
14. വേറെ ആടുകളുടെ വർധിച്ചുവരുന്ന സംഘടനാപരമായ പങ്കിനെക്കുറിച്ച് ഏതെല്ലാം പ്രവചനങ്ങൾ സൂചിപ്പിക്കുന്നു?
14 വേറെ ആടുകൾക്കു സ്ഥാപനത്തിൽ അധികമധികം ഉത്തരവാദിത്വങ്ങൾ കൊടുക്കുമെന്നതിനെക്കുറിച്ചും പ്രവചനമുണ്ടായിരുന്നു. ഇസ്രായേല്യനല്ലാത്ത ഫെലിസ്ത്യൻ “യെഹൂദയിൽ ഒരു മേധാവിയെപ്പോലെ”യായിത്തീരുമെന്ന് സെഖര്യാവു മുൻകൂട്ടിപ്പറഞ്ഞു. (സെഖര്യാവു 9:6, 7) മേധാവികൾ ഗോത്രത്തലവന്മാരായിരുന്നു. അതുകൊണ്ട് ഇസ്രായേലിന്റെ ഒരു മുൻശത്രു സത്യാരാധന സ്വീകരിച്ച് വാഗ്ദത്ത ദേശത്ത് ഒരു ഗോത്രത്തലവനെപ്പോലെ ആയിത്തീരുമെന്നു പറയുകയായിരുന്നു സെഖര്യാവ്. കൂടാതെ, ദൈവത്തിന്റെ ഇസ്രായേലിനെ അഭിസംബോധന ചെയ്തുകൊണ്ട്, യഹോവ പറഞ്ഞു: “അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയ്ക്കും; പരദേശക്കാർ നിങ്ങൾക്കു ഉഴുവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും. നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്കു പേരാകും.” (യെശയ്യാവു 61:5, 6) “അന്യജാതിക്കാ”രും “പരദേശക്കാ”രും വേറെ ആടുകളാണ്. പ്രായമേറിക്കൊണ്ടിരിക്കുന്ന അഭിഷിക്തശേഷിപ്പ് ഭൗമികഗതി അവസാനിപ്പിച്ച് യഹോവയുടെ രാജസിംഹാസനത്തിനുചുറ്റും “നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകർ” എന്നനിലയിൽ പൂർണ അർഥത്തിൽ “യഹോവയുടെ” സ്വർഗീയ “പുരോഹിതന്മാ”രായി സേവിക്കാൻ പോകാനുള്ളവരായതുകൊണ്ട് അധികമധികം ജോലികൾ ഏറ്റെടുത്തുനടത്തുന്നതിനായി വേറെ ആടുകൾക്ക് ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുത്തിട്ടുണ്ട്.—1 കൊരിന്ത്യർ 15:50-57; വെളിപ്പാടു 4:4, 9-11; 5:9, 10.
‘വരുവാനുള്ള തലമുറ’
15. ഈ അന്ത്യകാലത്ത്, ക്രിസ്ത്യാനികളുടെ ഏതു കൂട്ടം ‘വാർധക്യം’ പ്രാപിച്ചിരിക്കുന്നു, ‘വരുവാനുള്ള തലമുറ’യെ പ്രതിനിധാനം ചെയ്യുന്നത് ഏതു കൂട്ടമാണ്?
15 അഭിഷിക്ത ശേഷിപ്പു വേറെ ആടുകളെ വർധിച്ച ഉത്തരവാദിത്വങ്ങൾക്കായി ശുഷ്കാന്തിയോടെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സങ്കീർത്തനം 71:18 പറയുന്നു: “ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.” ഈ വാക്യത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് 1948 ഡിസംബർ 15 വീക്ഷാഗോപുരം (ഇംഗ്ലീഷ്) അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭ തീർച്ചയായും വാർധക്യം പ്രാപിച്ചിരിക്കുകയാണെന്ന് സൂചിപ്പിക്കുകയുണ്ടായി. അഭിഷിക്തർ സന്തോഷത്തോടെ “ബൈബിൾപ്രവചനത്തിന്റെ വെളിച്ചത്തിൽ ഒരു പുതിയ തലമുറയ്ക്കായി നോക്കിപ്പാർത്തിരിക്കുകയും അതിനെ കാണുകയും ചെയ്യുന്നു” എന്ന് അതു തുടർന്നു പറഞ്ഞു. വിശേഷിച്ചും ഇത് ആരെയാണു പരാമർശിക്കുന്നത്? വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “യേശു അവരെ തന്റെ ‘വേറെ ആടുകൾ’ എന്നാണ് വിശേഷിപ്പിച്ചത്.” സ്വർഗരാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ഭൗമിക ഭരണത്തിൻകീഴിൽ ജീവിക്കാനിരിക്കുന്ന മനുഷ്യരെയാണ് ‘വരുവാനുള്ള തലമുറ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
16. ‘വരുവാനുള്ള തലമുറ’യിൽപ്പെട്ടവർ എന്ത് അനുഗ്രഹങ്ങൾക്കായി ആകാംക്ഷാപൂർവം നോക്കിപ്പാർത്തിരിക്കുന്നു?
16 അഭിഷിക്ത ക്രിസ്ത്യാനികൾ ‘വരുവാനുള്ള’ ഈ ‘തലമുറ’യിലെ തങ്ങളുടെ സഹോദരങ്ങളിൽനിന്നു വേർപിരിഞ്ഞ് യേശുക്രിസ്തുവിനോടൊപ്പം മഹത്ത്വീകരിക്കപ്പെടാൻ പോകുന്നതെപ്പോഴാണെന്നു ബൈബിൾ വ്യക്തമായി പറയുന്നില്ല. എന്നാൽ അതിനുള്ള സമയം സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ അഭിഷിക്തർക്ക് ഉറപ്പുണ്ട്. “അന്ത്യകാലത്തെ”ക്കുറിച്ചുള്ള യേശുവിന്റെ മഹത്തായ പ്രവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന സംഭവങ്ങൾ 1914 മുതൽ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇത് ഈ ലോകത്തിന്റെ നാശം അടുത്തിരിക്കുന്നുവെന്നു പ്രകടമാക്കുന്നു. (ദാനീയേൽ 12:4; മത്തായി 24:3-14; മർക്കൊസ് 13:4-20; ലൂക്കൊസ് 21:7-24) ഉടൻ, യഹോവ ഒരു പുതിയ ലോകം ആനയിക്കും, അതിൽ ‘ലോകസ്ഥാപനംമുതൽ തങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം [ഭൗമിക മേഖല]’ ‘വരുവാനുള്ള തലമുറ’ ‘അവകാശമാക്കും.’ (മത്തായി 25:34) പറുദീസ പുനഃസ്ഥാപിതമാകുന്നതിനെയും പാതാളത്തിൽ (ഹേഡീസിൽ) നിന്നു കോടിക്കണക്കിനാളുകൾ പുനരുത്ഥാനം പ്രാപിക്കുന്നതിനെയും കുറിച്ച് ഓർത്ത് അവർ പുളകംകൊള്ളുകയാണ്. (വെളിപ്പാടു 20:13) പുനരുത്ഥാനം പ്രാപിക്കുന്നവരെ സ്വാഗതം ചെയ്യാൻ അഭിഷിക്തർ ഉണ്ടായിരിക്കുമോ? 1925-ൽ, മേയ് 1 വീക്ഷാഗോപുരം (ഇംഗ്ലീഷ്) പ്രസ്താവിച്ചു: “ദൈവം . . . എന്തു ചെയ്യുമെന്നോ എന്തു ചെയ്യുകയില്ലെന്നോ നാം നമ്മുടെ ഇംഗിതമനുസരിച്ചു പറയരുത്. [എന്നാൽ] സഭാംഗങ്ങൾ [അഭിഷിക്ത ക്രിസ്ത്യാനികൾ] പുരാതനകാലത്തെ യോഗ്യരുടെ [ക്രിസ്തീയപൂർവ കാലത്തെ വിശ്വസ്ത സാക്ഷികളുടെ] പുനരുത്ഥാനത്തിനുമുമ്പുതന്നെ മഹത്ത്വീകരിക്കപ്പെടുമെന്ന നിഗമനത്തിലെത്താൻ നാം പ്രേരിതരാകുകയാണ്.” പുനരുത്ഥാനം പ്രാപിക്കുന്നവരെ സ്വാഗതംചെയ്യാൻ ചില അഭിഷിക്തരുണ്ടാകുമോ എന്നതിനെക്കുറിച്ചുള്ള സമാനമായൊരു ചർച്ചയിൽ, 1990 മേയ് 1 വീക്ഷാഗോപുരം പറഞ്ഞു: “ഇത് ആവശ്യമായിരിക്കുകയില്ല.”d
17. ഒരു കൂട്ടമെന്നനിലയിൽ അഭിഷിക്തർ അത്ഭുതകരമായ ഏതെല്ലാം പദവികളിലാണ് സിംഹാസനസ്ഥ രാജാവായ യേശുക്രിസ്തുവിനോടൊപ്പം പങ്കുപറ്റുന്നത്?
17 ഓരോ അഭിഷിക്ത ക്രിസ്ത്യാനിയുടെയും കാര്യത്തിൽ എന്തു സംഭവിക്കുമെന്നു നമുക്കറിയില്ലെന്നതു സത്യംതന്നെ. എന്നാൽ രൂപാന്തരീകരണ ദർശനത്തിൽ യേശുവിനോടൊപ്പം മോശയും ഏലീയാവും ഉണ്ടായിരുന്നുവെന്നത്, ന്യായവിധിയും വധനിർവഹണവും നടത്തിക്കൊണ്ട് “ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കാ”ൻ യേശു മഹത്ത്വത്തിൽ വരുമ്പോൾ പുനരുത്ഥാനം പ്രാപിച്ച അഭിഷിക്ത ക്രിസ്ത്യാനികളും അവനോടൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്കു വകനൽകുന്നു. മാത്രമല്ല, ‘ജയിച്ച’ടക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികൾ അർമഗെദോനിൽ ‘ഇരിമ്പുകോൽകൊണ്ടു ജാതികളെ മേയിക്കു’ന്നതിൽ തന്നോടൊപ്പം പങ്കെടുക്കുമെന്നുള്ള യേശുവിന്റെ വാഗ്ദാനവും നാം അനുസ്മരിക്കുന്നു. യേശു മഹത്ത്വത്തിൽ വരുമ്പോൾ, അവർ അവനോടൊപ്പമിരുന്ന് “യിസ്രായേൽഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും.” യേശുവിനോടൊപ്പം, അവർ ‘സാത്താനെ തങ്ങളുടെ കാല്ക്കീഴെ ചതെച്ചുകളയും.’—മത്തായി 16:27–17:9; 19:28; വെളിപ്പാടു 2:26, 27; 16:14, 16; റോമർ 16:20; ഉല്പത്തി 3:15; സങ്കീർത്തനം 2:9; 2 തെസ്സലൊനീക്യർ 1:9, 10.
18. (എ) ‘സ്വർഗത്തിലുള്ളതു ക്രിസ്തുവിൽ ഒരുമിച്ചു കൂട്ടിവരുത്തുന്നതു’ സംബന്ധിച്ച സ്ഥിതിവിശേഷമെന്ത്? (ബി) ‘ഭൂമിയിലുള്ളതു ക്രിസ്തുവിൽ ഒരുമിച്ചു കൂട്ടിവരുത്തുന്നതു’ സംബന്ധിച്ച് നമുക്കെന്തു പറയാനാകും?
18 തന്റെ ഭരണത്തിന്റെ ഭാഗമെന്ന നിലയിൽ, “എല്ലാം പിന്നെയും ക്രിസ്തുവിൽ ഒരുമിച്ചു കൂട്ടിവരുത്താ”ൻ യഹോവ ക്രമാനുഗതമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ‘സ്വർഗത്തിലുള്ള’തിന്റെ കാര്യത്തിൽ, അവന്റെ ഉദ്ദേശ്യം പാരമ്യത്തോട് അടുക്കുകയാണ്. “കുഞ്ഞാടിന്റെ കല്യാണ”ത്തിനായി 1,44,000 പേരും സ്വർഗത്തിൽ യേശുവിനോടു ചേരുന്നതിനുള്ള സമയം അടുത്തുവരികയാണ്. അതുകൊണ്ട്, ‘ഭൂമിയിലുള്ളതി’നെ പ്രതിനിധാനം ചെയ്യുന്ന വേറെ ആടുകളിൽപ്പെട്ട, വളരെയേറെ കാലമായി സേവിക്കുന്ന പക്വതയുള്ള സഹോദരങ്ങൾക്ക്, അഭിഷിക്ത സഹോദരങ്ങളെ പിന്തുണയ്ക്കവെ, കൂടുതൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ നൽകപ്പെട്ടിരിക്കുന്നു. എത്ര രസകരമായ കാലത്താണ് നാം ജീവിക്കുന്നത്! യഹോവയുടെ ഉദ്ദേശ്യം നിവൃത്തിയോടടുക്കുന്നുവെന്നു കാണുന്നത് എത്ര പുളകപ്രദം! (എഫെസ്യർ 1:9, 10; 3:10-12; വെളിപ്പാടു 14:1; 19:7, 9) വേറെ ആടുകളും അഭിഷിക്തരും യേശുക്രിസ്തു എന്ന രാജാവിനു കീഴ്പെട്ട്, അഖിലാണ്ഡ പരമാധീശനായ യഹോവയെന്ന മഹാദൈവത്തിന്റെ മഹത്ത്വത്തിനായി “ഒരാട്ടിൻകൂട്ട”മെന്ന നിലയിൽ “ഒരിടയനു” കീഴിൽ ഒരുമിച്ച് ഒരു കൂട്ടമായി സേവിക്കുകയാണ്. അങ്ങനെ ചെയ്യവെ തങ്ങളുടെ അഭിഷിക്ത സഹോദരങ്ങളെ പിന്തുണയ്ക്കുന്നതിൽ വേറെ ആടുകൾ എത്ര ആഹ്ലാദിക്കുന്നു!—യോഹന്നാൻ 10:16; ഫിലിപ്പിയർ 2:9-11.
[അടിക്കുറിപ്പുകൾ]
a 1981 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 16-26 പേജുകൾ കാണുക.
b ഉദാഹരണത്തിന്, നാലു ഭാഗങ്ങളുള്ള ദൃശ്യ-ശബ്ദലേഖിത അവതരണമായ, “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” 1914 മുതൽ പാശ്ചാത്യലോകത്തുടനീളം തിയേറ്ററുകളിൽ തിങ്ങിനിറഞ്ഞ സദസ്സിനുമുന്നിൽ പ്രദർശിപ്പിക്കുകയുണ്ടായി.
c ചില യഹൂദ ക്രിസ്ത്യാനികൾ ന്യായപ്രമാണം മുറുകെപ്പിടിച്ചതിനുള്ള കാരണങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 2, 1163-4 പേജുകൾ കാണുക.
d വീക്ഷാഗോപുരം (ഇംഗ്ലീഷ്) 1990 ആഗസ്റ്റ് 15 ലക്കത്തിന്റെ 30-1 പേജുകളും 1990 ഡിസംബർ 15 ലക്കത്തിന്റെ 30-ാം പേജും കാണുക.
നിങ്ങൾക്കു വിശദീകരിക്കാമോ?
□ ഒന്നാം നൂറ്റാണ്ടിൽ ദൈവസ്ഥാപനം മുന്നേറിയതെങ്ങനെ?
□ യഹോവയുടെ സാക്ഷികളുടെ ആധുനിക ചരിത്രത്തിൽ ഭരണസംഘം വികസിപ്പിക്കപ്പെട്ടതെങ്ങനെ?
□ യഹോവയുടെ സ്ഥാപനത്തിൽ വേറെ ആടുകൾക്ക് അധികാരം കൊടുക്കുന്നതിന് അടിസ്ഥാനമായ തിരുവെഴുത്തുകളേവ?
□ ‘സ്വർഗത്തിലുള്ളതും ഭൂമിയിലുള്ളതും’ ക്രിസ്തുവിൽ ഒരുമിച്ചു കൂട്ടിവരുത്തപ്പെട്ടിരിക്കുന്നതെങ്ങനെ?
[16-ാം പേജിലെ ചിത്രം]
ആദിമ അംഗങ്ങൾ യെരൂശലേമിൽ ഇല്ലാതിരുന്നപ്പോഴും, അവിടെ ഭരണസംഘത്തിന്റെ പ്രവർത്തനം നിലച്ചില്ല
സി. റ്റി. റസ്സൽ 1884-1916
[18-ാം പേജിലെ ചിത്രം]
പക്വതയുള്ള അഭിഷിക്ത ക്രിസ്ത്യാനികൾ യഹോവയുടെ ജനത്തിന് ഒരു അനുഗ്രഹമാണ്
ജെ. എഫ്. റഥർഫോർഡ് 1916-42
എൻ. എച്ച്. നോർ 1942-77
എഫ്. ഡബ്ലിയു. ഫ്രാൻസ് 1977-92
എം. ജി. ഹെൻഷൽ 1992-