ചെറുപ്പക്കാർ ചോദിക്കുന്നു . . .
“നിന്റെ പിതാവിനെയും നിന്റെ മാതാവിനെയും ബഹുമാനിക്ക”എന്നാൽ എന്തുകൊണ്ട്?
“നീ വളരെ പരുഷയാണ്, എനിക്ക് നിന്നെക്കൊണ്ട് ഒന്നും വയ്യ,” വേദയുടെ കുപിതനായ പിതാവ് പറഞ്ഞു. “നീ എനിക്ക് യാതൊരു ബഹുമാനവും തരുന്നില്ല. നീ കുഴപ്പം വിളിച്ചുവരുത്തുകയാണ്.” വേദ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദുരുപയോഗത്തിൽ ഉൾപ്പെട്ടിരുന്ന ഒരു ചെറുപ്പക്കാരനുമായി ഡേററിംഗ് നടത്തുകയായിരുന്നു. അവൾ ഡിസ്ക്കോ നൃത്തത്തിന് പുലർച്ചവരെ പതിവായി പോയിരുന്നു. അവളുടെ പിതാവ് ശക്തമായി എതിർത്തെങ്കിലും വേദ കൂട്ടാക്കിയില്ല.
“അദ്ദേഹം വളരെ കർക്കശനാണെന്ന് എനിക്ക് തോന്നി” എന്ന് വേദ വിവരിച്ചു. “ആ സമയത്ത് എനിക്ക് 18 വയസ്സുണ്ടായിരുന്നു. ഞാൻ വളർന്നെന്നും എനിക്കെല്ലാം അറിയാമെന്നും ഞാൻ വിചാരിച്ചു. എന്റെ പിതാവ് സങ്കുചിതമനസ്കനാണെന്നും ഞാൻ നേരമ്പോക്ക് ആസ്വദിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും ഞാൻ കരുതി. അതുകൊണ്ട് ഞാൻ പുറത്തിറങ്ങി ഞാൻ ചെയ്യാനാഗ്രഹിച്ചത് ചെയ്തു.”
ജിന എന്ന മറെറാരു യുവതി ഇപ്രകാരമെഴുതി: “എന്റെ പിതാവ് വളരെയധികം കുടിക്കുകയും എന്റെ മാതാപിതാക്കൾ വാദപ്രതിവാദം നടത്തുകയും വളരെയധികം ആക്രോശിക്കുകയും ചെയ്തിരുന്നതിനാൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഞാൻ കട്ടിലിൽ കിടന്ന് വെറുതെ കരയുമായിരുന്നു. എന്റെ വികാരം എനിക്കവരെ അറിയിക്കാൻ കഴിഞ്ഞില്ല. കാരണം എന്റെ അമ്മ ഒരുപക്ഷേ എന്നെ തല്ലും. ബൈബിൾ പറയുന്നു, ‘നിന്റെ പിതാവിനെ ബഹുമാനിക്ക,’ എന്നാൽ എനിക്കു സാദ്ധ്യമല്ല.”
വേദയെയും ജിനയെയും പോലെ, ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുക പ്രയാസമായി കണ്ടെത്തുന്നുണ്ടായിരിക്കാം. അത്, ഒരുപക്ഷേ, ന്യായമല്ലെന്ന് നിങ്ങൾക്ക് തോന്നുന്ന ചില കാര്യങ്ങൾ അവർ ആവശ്യപ്പെടുന്നതിനാലോ മോശമായ പെരുമാററത്തിന്റെ ഒരു ദൃഷ്ടാന്തം വെക്കുന്നതിനാലോ ആയിരിക്കാം. എന്നിരുന്നാലും ബൈബിൾ വ്യക്തമായി കല്പിക്കുന്നു: “നിന്റെ പിതാവിനെയും നിന്റെ മാതാവിനെയും ബഹുമാനിക്ക.” (എഫേസ്യർ 6:2) ഇതിൽ കേവലം എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? മാതാപിതാക്കൾ അവരെ ബഹുമാനിക്കുക പ്രയാസമാക്കിത്തീർക്കുമ്പോഴും അവരെ ബഹുമാനിക്കുന്നതിന് നല്ല കാരണങ്ങളുണ്ടോ?
“ബഹുമാനം” എന്തർത്ഥമാക്കുന്നു?
“ബഹുമാന”ത്തിൽ ഉചിതമായി നിയമിക്കപ്പെട്ട അധികാരത്തിന്റെ അംഗീകാരം ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ക്രിസ്ത്യാനികളോട് ഇപ്രകാരം കൽപ്പിക്കപ്പെട്ടിരിക്കുന്നു, “രാജാവിനോട് ബഹുമാനം പ്രകടമാക്കുക.” (1 പത്രോസ് 2:17) ഒരു ദേശീയ ഭരണാധികാരിയുമായി നിങ്ങൾ എല്ലായ്പ്പോഴും യോജിക്കാതിരുന്നേക്കാമെങ്കിലും, അദ്ദേഹത്തിന്റെ സ്ഥാനത്തെ അല്ലെങ്കിൽ പദവിയെ ആദരിക്കേണ്ടതാണ്. കുടുംബവൃത്തത്തിനുള്ളിൽ, ദൈവം തന്റെ പ്രതിനിധികളെന്ന നിലയിൽ മാതാപിതാക്കൾക്ക് കുറേ അധികാരം നൽകിയിട്ടുണ്ട്. അതുകൊണ്ട് ദൈവഭക്തരായ കുട്ടികൾ ആ അധികാരത്തെ ബഹുമാനിക്കണം. എന്നാൽ കുട്ടികൾ വെറും ബാഹ്യമായ ബഹുമാനത്തിലധികം പ്രകടിപ്പിക്കേണ്ടതാണ്.
ബൈബിളിൽ “ബഹുമാനിക്കുക” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂല ഗ്രീക്ക് ക്രിയാപദം അടിസ്ഥാനപരമായി ആരെയെങ്കിലും വളരെ മൂല്യമുള്ള ആളായി കണക്കാക്കുന്നതിനെ അർത്ഥമാക്കുന്നു. അതുപോലെ മാതാപിതാക്കളെയും വിലയേറിയവരായി, ഉന്നതമൂല്യമുള്ളവരായി, നിങ്ങൾക്ക് പ്രിയമുള്ളവരായി വീക്ഷിക്കണം. ഇതിൽ അവരോട് വിലമതിപ്പോടുകൂടിയ ഊഷ്മള വികാരങ്ങൾ ഉണ്ടായിരിക്കുന്നത് ഉൾപ്പെടുന്നു. ‘എന്നാൽ അവർ എന്നെ വളരെ വിഷമിപ്പിക്കുമ്പോൾ എനിക്ക് ആ വിധത്തിൽ എങ്ങനെ തോന്നും?’ എന്ന് നിങ്ങൾ ചോദിക്കുന്നു.
നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ എന്തുകൊണ്ട് ബഹുമാനിക്കണം?
ഒരു സംഗതി, സദൃശവാക്യം 23:22 പറയുന്നു: “നീ ജനിക്കാനിടയാക്കിയ നിന്റെ പിതാവിനെ കേട്ടനുസരിക്കുക, നിന്റെ മാതാവിനെ അവഹേളിക്കരുത്.” ലോകവ്യാപകമായി പ്രതിവർഷം ഏതാണ്ട് 3 കോടി 50 ലക്ഷം ഗർഭച്ഛിദ്രങ്ങൾ നടക്കുന്നുണ്ട്. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾ ജനിക്കാനിടയാക്കി എന്ന വെറും വസ്തുതതന്നെ അവരെ ബഹുമാനിക്കുന്നതിനുള്ള ഒരു കാരണമാണ്. ഒരിക്കൽ വളരെ അനാദരവു കാട്ടിയിരുന്ന ഗ്രിഗറി ഇത് തിരിച്ചറിയാൻ ഇടയായി. “എന്റെ അമ്മ എനിക്കുവേണ്ടി ചെയ്തതെല്ലാം ഞാൻ മനസ്സിലാക്കാൻ തുടങ്ങി” എന്ന് അവൻ സമ്മതിച്ചുപറയുന്നു. “അമ്മ എന്നെ ഗർഭച്ഛിദ്രത്തിന് വിധേയമാക്കാതിരുന്നതിനാൽ അല്ലെങ്കിൽ ഒരു ശിശുവെന്ന നിലയിൽ എന്നെ ഒരു ചവററുകൊട്ടയിലേക്കെറിയാതിരുന്നതിനാൽ ഞാൻ യഹോവയാം ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങൾക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ ആറ് കുട്ടികളുണ്ടായിരുന്നു. അത് അമ്മക്ക് ദുഷ്ക്കരമായിരുന്നുവെന്ന് എനിക്കറിയാം.”
എന്നാൽ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത് “ദുഷ്ക്കരം” മാത്രമല്ല പിന്നെയോ ചെലവേറിയതുമാണ്. ഒരു കുട്ടി മാത്രമുള്ളതും മാതാപിതാക്കൾ ഇരുവരുമുള്ളതുമായ ഒരു കുടുംബം ഒരു കുട്ടിയെ 18 വയസ്സുവരെ വളർത്തിക്കൊണ്ടുവരുന്നതിന് കുറഞ്ഞത് 9,96,000 രൂപ ചെലവുവരുമെന്ന് കാനഡയിൽനിന്നുള്ള ഒരു റിപ്പോർട്ട് വെളിപ്പെടുത്തി! നിങ്ങൾക്ക് ഭക്ഷണവും വസ്ത്രവും നൽകുന്നതിനുവേണ്ടിയുള്ള നിങ്ങളുടെ മാതാപിതാക്കളുടെ സ്വാത്മത്യാഗത്തെക്കുറിച്ച് ചിന്തിക്കുക. “ഒരിക്കൽ ഞങ്ങൾക്കെല്ലാവർക്കും ഭക്ഷിക്കുന്നതിനുവേണ്ടി അവശേഷിച്ചത് ഒരു പാത്രം ചോളവും പൊടിച്ച കുറെ യവവും ആയിരുന്നു” എന്ന് ഗ്രിഗറി വിശദീകരിച്ചു. “എന്റെ അമ്മ അത് കുട്ടികളായ ഞങ്ങൾക്ക് നൽകി, പക്ഷേ അമ്മ കഴിച്ചില്ല. ഞാൻ നിറഞ്ഞ വയറോടെ കിടക്കയിലേക്ക് പോയി, എന്നാൽ അമ്മ കഴിക്കാതിരുന്നതെന്തുകൊണ്ടാണെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. ഇപ്പോൾ എനിക്ക് എന്റെ സ്വന്തം കുടുംബമുണ്ട്. അമ്മ ഞങ്ങൾക്കുവേണ്ടി ത്യാഗം സഹിക്കുകയായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് എന്റെ കുട്ടിക്കുവേണ്ടി ആഹാരം വിട്ടുകൊടുക്കാൻ കഴിയുമോ എന്ന് ഞാൻ അതിശയിക്കുന്നു. അമ്മ അതെങ്ങനെ ചെയ്തെന്ന് എനിക്ക് മനസ്സിലാകുന്നില്ല.”
നിസ്സംശയമായും, നിങ്ങൾക്ക് രോഗം വന്നപ്പോൾ നിങ്ങളുടെ മാതാപിതാക്കൾ ഉറങ്ങാതെ നിങ്ങളെ ശുശ്രൂഷിച്ചുകൊണ്ട് നിരവധി രാവുകൾ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. മാററുന്നതിന് നൂറുകണക്കിന് ഉടുതുണികളും കഴുകുന്നതിന് ചുമടുകണക്കിന് മുഷിഞ്ഞ വസ്ത്രങ്ങളുമുണ്ടായിരുന്നു. 2,00,000-ത്തിലധികം അമേരിക്കക്കാരോട് വീണ്ടും കുട്ടികളെ ജനിപ്പിക്കാൻ കഴിയുന്നെങ്കിൽ അവർക്ക് എത്ര കുട്ടികൾ ഉണ്ടായിരിക്കും എന്ന് ചോദിക്കുകയുണ്ടായി. ‘ഇതേ സംഖ്യതന്നെ ഞങ്ങൾക്കുണ്ടായിരിക്കും’ എന്ന് മാതാപിതാക്കളിൽ 54 ശതമാനം പ്രസ്താവിച്ചു! “ആരുമുണ്ടായിരിക്കയില്ല” എന്ന് കേവലം 6 ശതമാനം പറഞ്ഞു.
അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്ക് ജീവൻ നൽകുകയും നിങ്ങളെ പരിപാലിക്കുകയും ചെയ്തു. അവർ നിശ്ചയമായും നിങ്ങളുടെ ആദരവും ബഹുമാനവും അർഹിക്കുന്നു.
പ്രശ്നക്കാരായ മാതാപിതാക്കൾ
എന്നാൽ നിങ്ങളുടെ മാതാപിതാക്കൾ മോശമായ ഒരു ദൃഷ്ടാന്തം വെക്കുന്നെങ്കിൽ, ഒരുപക്ഷേ ക്ഷിപ്രകോപികളോ കുടിയൻമാരോ ദുർവൃത്തരോ ആണെങ്കിൽ എന്ത്? പരിണതഫലമായി നിങ്ങൾ കഷ്ടപ്പെട്ടേക്കാം എന്നത് മനസ്സിലാക്കാവുന്നതേയുള്ളു. അത്തരം മാതാപിതാക്കളെ നിങ്ങൾക്കെങ്ങനെ ബഹുമാനിക്കാൻ കഴിയും?a
അപൂർണ്ണ വ്യക്തികളെന്ന നിലയിൽ നിങ്ങളുടെ മാതാപിതാക്കൾക്ക് ഗുരുതരമായ പ്രശ്നങ്ങളോ വ്യക്തിത്വവൈകല്യങ്ങളോ ഉണ്ടായിരിക്കാം. (സഭാപ്രസംഗി 7:20) എന്നിരുന്നാലും അവരുടെ കുറവുകൾ ഗണ്യമാക്കാതെ, ദൈവം അവർക്ക് നിങ്ങളുടെ ജീവന്റെമേൽ ഒരളവുവരെ നിയന്ത്രണം നൽകിയിരിക്കയാണ്. അവരുടെ അധികാരത്തെ ബഹുമാനിക്കാൻ അവൻ നിങ്ങളോട് ഇപ്പോഴും ആവശ്യപ്പെടുകയാണ്. അർഹമായ ബഹുമാനം ഭരണകർത്താക്കൾക്കുപോലും കൊടുക്കണമെന്ന് ദൈവം പറഞ്ഞുവെന്ന് ഓർക്കുക. (റോമർ 13:7) ഇത് അവരുടെ പെരുമാററത്തിനതീതമായി നോക്കുന്നതും അവരുടെ സ്ഥാനത്തിലോ പദവിയിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ആവശ്യമാക്കുന്നു. അതുകൊണ്ട് മാതാപിതാക്കൾ തങ്ങളുടെ അധികാരത്തെ ദുർവിനിയോഗം ചെയ്യുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അനാദരവുള്ളവരാകാതെ അക്ഷുബ്ധരായിരിക്കാൻ ശ്രമിക്കുക. (സഭാപ്രസംഗി 10:4 താരതമ്യപ്പെടുത്തുക) സംഗതി ദൈവത്തിന്റെ കരങ്ങളിൽ ഭരമേൽപ്പിക്കുക. എന്തുകൊണ്ടെന്നാൽ “തെററുചെയ്യുന്നവന് താൻ തെററായി ചെയ്തത് മടക്കി ലഭിക്കും. അവിടെ മുഖപക്ഷമില്ല.”—കൊലോസ്യർ 3:25.
നിങ്ങളുടെ പിതാവ് നിങ്ങൾക്കുവേണ്ടി കരുതുന്നിടത്തോളം കാലം അദ്ദേഹത്തിന് കുടുംബത്തിന്റെ ഉത്തരവാദിത്വമുണ്ടെന്നുള്ള വസ്തുത നിങ്ങൾ അംഗീകരിക്കണം. സഭാപ്രസംഗി 8:3, 4 പറയുന്നു: “അവൻ [അധികാരമുള്ളവൻ] തനിക്ക് ചെയ്യാൻ ഇഷ്ടമുള്ളതൊക്കെയും ചെയ്യും, എന്തുകൊണ്ടെന്നാൽ രാജാവിന്റെ വാക്ക് നിയന്ത്രണശക്തിയാണ്.” മത്സരം നിങ്ങളെ നേട്ടമില്ലാത്ത സ്ഥിതിയിലാക്കുന്നു.
എന്നാൽ നീരസം വളർത്തുന്നതൊഴിവാക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും? നിങ്ങളുടെ മാതാപിതാക്കൾ ആ വിധത്തിൽ പ്രവർത്തിക്കുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. കൂടാതെ അവർ കൈവരുത്തുന്ന പ്രയോജനങ്ങളെക്കുറിച്ച് സ്വയം ഓർമ്മിക്കുക. ഉദാഹരണത്തിന്, മദ്യപാനിയായ ഒരു രണ്ടാനപ്പനും വികാരശൂന്യയായ ഒരു അമ്മയുമുണ്ടായിരുന്ന ഡോഡി എഴുതി: “ഒരുപക്ഷേ എന്റെ അമ്മ ഞങ്ങളോട് ഒരിക്കലും സ്നേഹം പ്രകടിപ്പിച്ചില്ല, കാരണം വഷളാക്കപ്പെട്ട ഒരു കുട്ടിയായിരുന്ന അമ്മയെ അതെങ്ങനെയെന്ന് ഒരിക്കലും പഠിപ്പിച്ചിരുന്നില്ല. എന്റെ രണ്ടാനപ്പൻ അമിതമായി കുടിക്കാഞ്ഞപ്പോൾ ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ഒരു താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല. എന്നിരുന്നാലും എനിക്കും എന്റെ സഹോദരിക്കും ഭക്ഷണവും താമസസൗകര്യവും എല്ലായ്പ്പോഴും ഉണ്ടായിരുന്നു.” അതുകൊണ്ട് ഡോഡി തന്റെ മാതാപിതാക്കളെ ബഹുമാനിക്കാൻ അവളാലാവുന്നത് ചെയ്തു എന്ന ബോധത്താൽ അവളുടെ മന:സാക്ഷി ശുദ്ധമാണ്.
ആരെയെങ്കിലും ആദരിക്കുന്നത് ആ വ്യക്തിയുമായി നിങ്ങൾ യോജിക്കുന്നതിനെ അവശ്യം അർത്ഥമാക്കുന്നില്ല. സഭാപ്രസംഗി 8:2 “ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ട് രാജാവിന്റെ [അല്ലെങ്കിൽ മാതാപിതാക്കളുടെ] കൽപ്പന അനുസരിക്കുക” എന്ന് ബുദ്ധിയുപദേശിക്കുന്നു. ഈ കൽപ്പന ദൈവനിയമങ്ങളെ ലംഘിക്കാത്തിടത്തോളംകാലം അതിനെ മാനിച്ചുകൊണ്ട് ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുക. “സകലത്തിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക, എന്തുകൊണ്ടെന്നാൽ ഇത് കർത്താവിൽ സുപ്രസാദകരമാകുന്നു.”—കൊലോസ്യർ 3:20.
കൂടാതെ, മാതാപിതാക്കളുടെ ദൃഷ്ടാന്തം മോശമാണെങ്കിലും അവർ നിങ്ങളോടു പറയുന്നതെല്ലാം തെററാണെന്ന് നിഗമനം ചെയ്യരുത്. യേശുക്രിസ്തുവിന്റെ നാളുകളിൽ, ദൈവവചനം പഠിപ്പിക്കാൻ അധികാരമുണ്ടായിരുന്ന മതനേതാക്കൻമാർ വളരെ ദുഷിച്ചവരായിത്തീർന്നു. എന്നിട്ടും യേശു ജനത്തോടിങ്ങനെ പറഞ്ഞു: “അവർ നിങ്ങളോടു പറയുന്നതെല്ലാം ചെയ്യുകയും അനുഷ്ഠിക്കുകയും ചെയ്യുക, എന്നാൽ അവരുടെ പ്രവൃത്തികൾക്കനുസൃതമായി ചെയ്യരുത്.” (മത്തായി 23:1–3; 25, 26) ദൈവവചനത്തിൽനിന്ന് നൽകപ്പെടുന്ന ബുദ്ധ്യുപദേശം മാനിക്കുന്നതിനാൽ ജനം ദൈവത്താൽ അനുഗ്രഹിക്കപ്പെടും. നിങ്ങളുടെ മാതാപിതാക്കളിൽനിന്നുള്ള ദൈവിക ബുദ്ധ്യുപദേശം മാനിക്കുന്നതിനാൽ നിങ്ങളുടെ സംഗതിയിലും വാസ്തവം ഇതുതന്നെയായിരിക്കാൻ കഴിയും.
‘എന്റെ പിതാവ് പറഞ്ഞത് ശരിയായിരുന്നു’
അന്തിമമായി, വേദ അവളുടെ മാതാപിതാക്കളോടുള്ള തന്റെ മനോഭാവം മാററി. എന്നാൽ അവൾ പാഠം പഠിച്ചു. കഞ്ചാവും ബിയറുമടിച്ച് പൂസായിരുന്ന തന്റെ സ്നേഹിതനോടൊത്ത് വിഹരിക്കവെ, കാർ നിയന്ത്രണം വിട്ടുപോയി. അത് മണിക്കൂറിൽ 60 മൈൽ സ്പീഡിൽ പോയി ഒരു വൈദ്യുതപോസ്ററിനിട്ടിടിച്ചു. കാർ തകർന്നു. വേദയ്ക്ക് നെററിയിൽ ആഴമായി മുറിവേററു. അവൻ അവളെ സഹായിക്കാൻ ആശുപത്രിയിൽ ഒരിക്കലും ചെല്ലാതെ സ്ഥലംവിട്ടു.
“എന്റെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിയപ്പോൾ എന്റെ പിതാവ് പറഞ്ഞതെല്ലാം ശരിയായിരുന്നുവെന്നും ഞാൻ വളരെ മുമ്പുതന്നെ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും ഞാൻ അവരോട് പറഞ്ഞു” എന്ന് വേദ സമ്മതിച്ചുപറഞ്ഞു. ആ ഘട്ടം മുതൽ വേദ അവളുടെ മാതാപിതാക്കളെ ബഹുമാനിക്കാൻ തീരുമാനിച്ചു. “അത് എളുപ്പമായിരുന്നില്ല,” അവൾ സമ്മതിച്ചു. “എന്തുകൊണ്ടെന്നാൽ ഞാൻ അപ്പോഴും ഡിസ്ക്കോ നൃത്തങ്ങൾക്ക് പോകാൻ ആഗ്രഹിച്ചു. വീട്ടിൽ കഴിയുന്നത് വളരെ വിരസമായിരിക്കുമായിരുന്നു. എന്നാൽ ഞാൻ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിച്ചു. ഞാൻ വലിയോരു തെററ് ചെയ്തിരുന്നു. അത് എന്റെ ജീവനെ മിക്കവാറും നഷ്ടപ്പെടുത്തി. അതുകൊണ്ട് ഞാൻ എന്റെ മനോഭാവം മാററാൻ എന്നെ സഹായിക്കുന്നതിനുവേണ്ടി യഹോവയോട് പ്രാർത്ഥിച്ചു.”
വേദ മർമ്മപ്രധാനമായ ഒരു പാഠം പഠിച്ചു—ഉചിതമായ അധികാരത്തെ ആദരിക്കുക. ഇത് പഠിക്കുന്നതിലെ പരാജയം സ്കൂളിൽ വിജയിക്കുന്നതിൽനിന്നും ഒരു തൊഴിൽ കണ്ടുപിടിക്കുന്നതിൽനിന്നും അല്ലെങ്കിൽ ഒരു സന്തുഷ്ട ദാമ്പത്യജീവിതമുണ്ടായിരിക്കുന്നതിൽനിന്നും അനേകരെ തടഞ്ഞിട്ടുണ്ട്. “എളുപ്പമല്ലാത്തപ്പോൾപ്പോലും എന്റെ പിതാവിനെ ആദരിക്കാൻ പഠിക്കുന്നത് കൃത്യമായും എന്റെ ഭർത്താവിന് കീഴ്പ്പെടാൻ എന്നെ സഹായിച്ചു” എന്ന് ഇപ്പോൾ സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന വേദ വെളിപ്പെടുത്തി. അതെ, മററുള്ളവരുമായുള്ള ഉല്ലാസകരമായ ബന്ധങ്ങളും ദൈവത്തോടുള്ള ഒരു നല്ല മനഃസാക്ഷിയും നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കാൻ പഠിക്കുന്നതിന്റെ പ്രതിഫലങ്ങളാണ്. (g88 4/8)
[അടിക്കുറിപ്പുകൾ]
a ഈ ലേഖനം ഒരു കുട്ടിയെ ശാരീരികമോ ലൈംഗികമോ ആയ ദുരുപയോഗത്തിന് വിധേയനാക്കുന്ന തികച്ചും പൊറുക്കാവതല്ലാത്ത സാഹചര്യങ്ങളെ പരാമർശിക്കുന്നില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒരു കുട്ടി ഭവനത്തിനു പുറത്തുള്ള ചികിൽസാവിദഗ്ദ്ധരുടെ സഹായം തേടേണ്ടതുണ്ടായിരിക്കാം. ഞങ്ങളുടെ 1982 ജനുവരി 8-ലെ ലക്കത്തിൽ “അഗമ്യഗമനം—ഒരു നിഗൂഢ കുററകൃത്യം” എന്ന ലേഖനം കാണുക.
[23-ാം പേജിലെ ചിത്രം]
നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്കുവേണ്ടി വർഷങ്ങളിൽ ചെയ്തിരിക്കുന്നതിനെക്കുറിച്ചുള്ള വിചിന്തനം അവരെ ബഹുമാനിക്കാൻ നിങ്ങളെ പ്രേരിപ്പിക്കേണ്ടതാണ്