“നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കരുത്”
“പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കരുത്.” അപ്പോസ്തലനായ പൗലോസ് അങ്ങനെയാണ് പറഞ്ഞത്. (എഫേസ്യർ 6:4) വ്യാവസായിക സമുദായത്തിന്റെ സമ്മർദ്ദങ്ങൾക്കും സംഘർഷങ്ങൾക്കും മാതാപിതാക്കൾ വിധേയരായിരിക്കുന്ന പാശ്ചാത്യദേശങ്ങളിൽ, തങ്ങളുടെ മക്കളോട് ദയാപൂർവം ഇടപെടുക എല്ലായ്പ്പോഴും എളുപ്പമല്ല. ശിശുക്കളെ വളർത്തൽ വികസ്വരരാജ്യങ്ങളിൽ കുറഞ്ഞ ഒരു വെല്ലുവിളിയല്ല. ജീവിതത്തിന്റെ ഗതിവേഗം പാശ്ചാത്യദേശങ്ങളിലേതിലും മന്ദമായിരുന്നേക്കാമെന്നത് സത്യംതന്നെ. എന്നാൽ പണ്ടേയുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും മിക്കവാറും തീർച്ചയായി മക്കളെ നിരാശപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന വിധങ്ങളിൽ അവരോട് ഇടപെടാൻ മാതാപിതാക്കളെ സ്വാധീനിച്ചേക്കാം.
ചില വികസ്വര രാജ്യങ്ങളിലെ കുട്ടികൾ അംഗീകാരത്തിന്റെയും ആദരവിന്റെയും ഏററവും താണ തലത്തിലാണ് വെക്കപ്പെട്ടിരിക്കുന്നത്. ചില സംസ്കാരങ്ങളിൽ കുട്ടികളോട് ഭീഷണിയുടെയും അധികാരത്തിന്റെയും സ്വരത്തിൽ ആജ്ഞാപിക്കുകയും അവരുടെ നേരെ അലറുകയും അവർ നിന്ദിക്കപ്പെടുകയുംചെയ്യുന്നു. ഒരു കുട്ടിയോട് ഒരു മുതിർന്നയാൾ ദയാപൂർവകമായ ഒരു വാക്ക് പറഞ്ഞുകേൾക്കുന്നത് അപൂർവമായിരുന്നേക്കാം, “ദയവായി” എന്നോ “നിനക്കു നന്ദി” എന്നോ ഉള്ള മര്യാദകളുടെ കാര്യം പറയുകയുംവേണ്ട. പിതാക്കൾ ബലിഷ്ഠകരങ്ങൾ ഉപയോഗിച്ച് തങ്ങളുടെ അധികാരം ഉറപ്പിക്കേണ്ടതാണെന്ന് വിചാരിച്ചേക്കാം. കഠിനവാക്കുകൾ കഠിനപ്രഹരങ്ങളാൽ ബലവത്താക്കപ്പെടുന്നു.
ചില ആഫ്രിക്കൻരാജ്യങ്ങളിൽ, ഒരു കുട്ടി മുൻകൈ എടുത്ത് ഒരു മുതിർന്നയാളിനെ അഭിവാദനംചെയ്യുന്നത് അപ്രസക്തമാണെന്നുപോലും വീക്ഷിക്കപ്പെടുന്നു. തങ്ങളുടെ തലകളിലെ കനത്ത ചുമടുകളാൽ ഭാരപ്പെടുന്ന യുവജനങ്ങൾ മുതിർന്നവരുടെ ഒരു കൂട്ടത്തെ അഭിവാദനംചെയ്യാൻ അനുവാദത്തിനായി ക്ഷമാപൂർവം കാത്തുനിൽക്കുന്നത് കാണുന്നത് അപൂർവമല്ല. മുതിർന്നവർ തങ്ങളുടെ വ്യർത്ഥസംസാരം തുടരുകയും അഭിവാദനങ്ങളർപ്പിക്കാൻ അവരെ അനുവദിക്കാനിഷ്ടപ്പെടുന്നതുവരെ കാത്തുനിൽക്കുന്ന യുവജനങ്ങളെ അവഗണിക്കുകയും ചെയ്യും. ആ അഭിവാദനങ്ങളർപ്പിച്ച ശേഷം മാത്രമേ കടന്നുപോകാൻ കുട്ടികൾ അനുവദിക്കപ്പെടുന്നുള്ളു.
കുട്ടികളുടെ ക്ഷേമത്തിന് പ്രതിബന്ധമാകാൻ കഴിയുന്ന മറെറാരു ഘടകമാണ് ദാരിദ്ര്യം. ചെറുപ്പക്കാരുടെ ആരോഗ്യത്തിനും സ്കൂൾ പഠനത്തിനും നഷ്ടം ഭവിക്കുമാറ് അവർ ബാലതൊഴിലാളികളെന്ന നിലയിൽ ചൂഷണംചെയ്യപ്പെടുന്നു. ഭവനത്തിൽപോലും കുട്ടികളുടെമേൽ ഭാരിച്ച ജോലിയുടെ ചുമടുകൾ കയററിയേക്കാം. സ്കൂൾ പഠനം നടത്തുന്ന കാലത്ത് ബന്ധുക്കളാൽ പരിപാലിക്കപ്പെടുന്നതിന് ഗ്രാമപ്രദേശങ്ങളിൽ കുടുംബങ്ങൾ തങ്ങളുടെ കുട്ടികളെ വൻനഗരങ്ങളിലേക്ക് അയക്കുന്നടത്ത് അവർ മിക്കപ്പോഴും ഫലത്തിൽ അടിമകളായി കരുതപ്പെടുന്നു. തീർച്ചയായും, ഈ അന്യായമായ പെരുമാററമെല്ലാം കുട്ടികളെ പ്രകോപിപ്പിക്കുന്നു.
‘അവരെ പ്രകോപിപ്പിക്കുന്നതിന്റെ’ അർത്ഥം
ചില മാതാപിതാക്കൾ ജനപ്രീതിയുള്ള ശിശുവളർത്തൽ ആചാരങ്ങളുടെ വേലിയേററത്താൽ സ്വാധീനിക്കപ്പെടാൻ തങ്ങളെത്തന്നെ അനുവദിക്കുന്നു, പരിണതഫലങ്ങളെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നുമില്ല. എന്നിരുന്നാലും, തങ്ങളുടെ മക്കളെ പ്രകോപിപ്പിക്കരുതെന്ന് ദൈവവചനം മാതാപിതാക്കളെ പ്രോൽസാഹിപ്പിക്കുന്നത് നല്ല കാരണത്തോടെയാണ്. “പ്രകോപിപ്പിക്കരുത്” എന്ന് വിവർത്തനം ചെയ്തിരിക്കുന്ന മൂല ഗ്രീക്ക് പദപ്രയോഗത്തിന്റെ അക്ഷരീയമായ അർഥം “നിങ്ങൾ കോപിപ്പിക്കരുത്” എന്നാണ്. (രാജ്യവരിമദ്ധ്യം) റോമർ 10:19-ൽ ഇതേ ക്രിയ “ഉഗ്രകോപത്തിന് പ്രേരിപ്പിക്കുക” എന്ന് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു.
ററുഡേയ്സ് ഇംഗ്ലീഷ് വേർഷ്യൻ ഇപ്രകാരം പറയുന്നു: “കുട്ടികളെ കുപിതരാക്കത്തക്ക വിധത്തിൽ നിങ്ങളുടെ മക്കളോട് പെരുമാറരുത്.” ദി ജറൂസലം ബൈബിൾ സമാനമായി പറയുന്നു: “നിങ്ങളുടെ മക്കളെ നീരസത്തിലേക്ക് തള്ളിവിടരുത്.” അതുകൊണ്ട് ബൈബിൾ ഒരു പിതാവ് അപൂർണ്ണതനിമിത്തം കുട്ടിക്ക് വരുത്തിയേക്കാവുന്ന നിസ്സാര ശല്യങ്ങളെക്കുറിച്ച് പറയുകയല്ല, അത് നീതിപൂർവം പ്രയോഗിക്കുന്ന ശിക്ഷണത്തെ കുററംവിധിക്കുകയുമല്ല. വിശുദ്ധ തിരുവെഴുത്തുകളെക്കുറിച്ചുള്ള ലാംഗെയുടെ ഭാഷ്യം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് ഈ ബൈബിൾവാക്യം “കുട്ടികൾ പുറന്തള്ളപ്പെടുകയും എതിർപ്പിനും ധിക്കരിക്കലിനും പിണക്കത്തിനും വഴിതെററിക്കപ്പെടത്തക്കവണ്ണം. . . അവരോടുള്ള തിടുക്കത്തിലുള്ളതും പരുഷവും ഭാവപ്പകർച്ചയോടുകൂടിയതുമായ പെരുമാററ”ത്തെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്.”
വിദ്യാഭ്യാസപ്രവർത്തകനായ ജെ. എസ്. ഫാരെൻറ് പ്രസ്താവിച്ചതുപോലെ: “കുട്ടികൾ മനുഷ്യരാണെന്നുള്ളതാണ് വസ്തുത. അവർ മാതാപിതാക്കളെപ്പോലെ തങ്ങളുടെ ചുററുപാടുകളോട് ഒരു നിഷ്ക്രിയമായ വിധത്തിലല്ല കേവലം പ്രതിവർത്തിക്കുന്നത്. അവർ പ്രതികരിക്കുന്നു. മിക്കപ്പോഴും അന്യായമായ പെരുമാററത്തോടുള്ള പ്രതികരണം ആത്മീയവും വൈകാരികവുമായ തകർക്കലിൽ കലാശിക്കുന്നു. “എന്തെന്നാൽ കേവല മർദ്ദനം ഒരു ജ്ഞാനി ഭ്രാന്തമായി പെരുമാറാൻ ഇടയാക്കിയേക്കാം” എന്ന് സഭാപ്രസംഗി 7:7 പറയുന്നു.
കുട്ടികളെ ദൈവത്തിന്റെ ശിക്ഷണത്തിൽ വളർത്തൽ
തങ്ങളുടെ കുട്ടികൾ സത്യത്തിൽ തുടർന്ന് നടക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ അവരെ എങ്ങനെ വളർത്തുമെന്നുള്ളതിന്റെ നിർണ്ണായകഘടകങ്ങൾ സാംസ്കാരികപ്രമാണങ്ങളും പാരമ്പര്യങ്ങളും ആയിരിക്കാൻ അനുവദിക്കരുത്. (3 യോഹന്നാൻ 4 താരതമ്യപ്പെടുത്തുക.) തങ്ങളുടെ മക്കളെ പ്രകോപിപ്പിക്കുന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പുകൊടുത്ത ശേഷം പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവൽക്കരണത്തിലും വളർത്തിക്കൊണ്ടുവരിക.” (എഫേസ്യർ 6:4) അങ്ങനെ യഹോവയുടെ നിലവാരങ്ങൾ പ്രാദേശിക ആചാരങ്ങളെയും വീക്ഷണങ്ങളെയും കാൾ മികച്ചുനിൽക്കുന്നു.
ചില രാജ്യങ്ങളിൽ കുട്ടികൾ താണവരും അടിമപ്പണിക്കാരുമായി വീക്ഷിക്കപ്പെടുന്നത് സാധാരണമായിരിക്കെ, ബൈബിൾ സങ്കീർത്തനം 127:3-ൽ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നോക്കൂ! പുത്രൻമാർ യഹോവയിൽനിന്നുള്ള ഒരു അവകാശമാകുന്നു; ഉദരഫലം ഒരു പ്രതിഫലമാകുന്നു.” ഒരു പിതാവ് തന്റെ അവകാശത്തെ ഹീനമായി കരുതുന്നുവെങ്കിൽ അയാൾക്ക് ദൈവവുമായി നല്ല ബന്ധങ്ങൾ നിലനിർത്താൻ കഴിയുമോ? ഇല്ല. കുട്ടികൾ അവരുടെ മാതാപിതാക്കളുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രമാണ് സ്ഥിതിചെയ്യുന്നതെന്ന വീക്ഷണത്തിനും ഇടമില്ല. 2 കൊരിന്ത്യർ 12:14-ൽ ബൈബിൾ നമ്മെ ഇങ്ങനെ ഓർമ്മിപ്പിക്കുന്നു: “എന്തെന്നാൽ മക്കൾ തങ്ങളുടെ മാതാപിതാക്കൾക്കുവേണ്ടി ചരതിക്കേണ്ടതില്ല, എന്നാൽ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കുവേണ്ടിയാണ്.”
കുട്ടികൾ വീട്ടുജോലികളിലും ചുമതലകളിലുമുള്ള അവരുടെ പങ്കിൽനിന്ന് ഒഴിവാക്കപ്പെടണമെന്നല്ല. എന്നാൽ കുട്ടിയുടെ സ്വന്തം ഉത്തമ താത്പര്യങ്ങൾ പരിഗണിക്കപ്പെടേണ്ടതല്ലേ? ഉദാഹരണത്തിന്, ആഫ്രിക്കയിലെ ഒരു ക്രിസ്തീയ പെൺകുട്ടിയോട് അവളുടെ മാതാപിതാക്കൾ അവൾക്കുവേണ്ടി എന്തു ചെയ്യാനാണ് ഏററവുമധികം അവളാഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ അവൾ ഇങ്ങനെ ഉത്തരം പറഞ്ഞു: “എനിക്ക് വയൽസേവനക്രമീകരണങ്ങളുള്ള ദിവസം എന്റെ വീട്ടുജോലികൾ കുറവുചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” അതുകൊണ്ട് വീട്ടുജോലിയുടെ ഭാരിച്ച ചുമടുനിമിത്തം കൃത്യസമയത്ത് സ്കൂളിലെത്താനോ യോഗങ്ങൾക്ക് ഹാജരാകാനോ പ്രയാസമാണെന്ന് കണ്ടെത്തുന്നുവെങ്കിൽ ചില ക്രമീകരണങ്ങൾ ചെയ്യുന്നത് ഏററവും നല്ലതായിരിക്കുകയില്ലേ?
ചെറുപ്പക്കാരോട് ഇടപെടുന്നത് പ്രയാസമായിരിക്കാൻ കഴിയുമെന്നത് സത്യംതന്നെ. ദുഷിച്ചതോ പ്രകോപനപരമൊ അല്ലാത്ത വിധത്തിൽ മാതാപിതാക്കൾക്ക് അവരോട് എങ്ങനെ ഇടപെടാൻ കഴിയും? സദൃശവാക്യങ്ങൾ 19:11 ഇങ്ങനെ പറയുന്നു: “ഒരു മമനുഷ്യന്റെ ഉൾക്കാഴ്ച തീർച്ചയായും അവന്റെ കോപത്തെ മന്ദീഭവിപ്പിക്കുന്നു.” അതെ, ആദ്യമായി ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളുടെ കുട്ടിയെ മനസ്സിലാക്കാൻ ശ്രമിക്കുക. ഓരോ കുട്ടിയും സ്വന്തം താത്പര്യങ്ങളും പ്രാപ്തികളും ആവശ്യങ്ങളുമുള്ളവനായി അനുപമനാണ്. അവ എന്തൊക്കെയാണ്? നിങ്ങൾ നിങ്ങളുടെ കുട്ടിയെ അറിയാനും അവന്റെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ പഠിക്കുന്നതിനും സമയമെടുത്തിട്ടുണ്ടോ? ഒരുമിച്ചു ജോലിചെയ്യുകയും ആരാധിക്കുകയും ചെയ്യൽ, കുടുംബവിനോദത്തിലേർപ്പെടൽ—ഈ കാര്യങ്ങൾ തങ്ങളുടെ കുട്ടികളോട് കൂടുതൽ അടുക്കാൻ മാതാപിതാക്കൾക്ക് അവസരം നൽകുന്നു.
രണ്ട് തിമൊഥെയോസ് 2:22ൽ പൗലോസ് തിമൊഥെയോസിനോട് “യൗവനസഹജമായ മോഹങ്ങൾ വിട്ട് ഓടിപ്പോകുക” എന്നു പറഞ്ഞപ്പോൾ അവൻ രസകരമായ മറെറാരു നിരീക്ഷണം നടത്തി. അതെ, യൗവനം ഒരു പ്രക്ഷുബ്ധകാലഘട്ടമായിരിക്കാമെന്ന് പൗലോസിന് മനസ്സിലായി. ശാരീരികവും വൈകാരികവുമായ നാടകീയ മാററങ്ങൾ നടക്കുന്നു. വിപരീതലിംഗവർഗ്ഗത്തോടുള്ള ആകർഷണം വളരുന്നു. ഈ കാലത്ത് ഗുരുതരമായ പാളിച്ചകൾ ഒഴിവാക്കുന്നതിന് യുവജനങ്ങൾക്ക് പക്വവും സ്നേഹപുരസ്സരവുമായ മാർഗ്ഗനിർദ്ദേശം ആവശ്യമാണ്. എന്നാൽ അവർ അസാൻമാർഗ്ഗികളാണെന്നുള്ള മട്ടിൽ അവരോട് പെരുമാറേണ്ടയാവശ്യമില്ല. ഒരു ക്രിസ്തീയപുരുഷന്റെ കുപിതയായ മകൾ ഇങ്ങനെ പരിതപിച്ചു: “ഞാൻ ദുർവൃത്തി നടത്തിയിട്ടില്ലെങ്കിലും, എന്റെ പിതാവ് അതിന് എന്നെ കുററപ്പെടുത്തുകയാണെങ്കിൽ, എനിക്ക് പോയി അതു ചെയ്യുന്നതിന് കുഴപ്പമില്ലല്ലോ.” ദുഷിച്ച ആന്തരങ്ങൾ ആരോപിക്കുന്നതിനു പകരം നിങ്ങളുടെ കുട്ടിയിൽ വിശ്വാസം പ്രകടമാക്കുക. (2 തെസ്സലോനീക്യർ 3:4 താരതമ്യപ്പെടുത്തുക.) വിമർശിക്കുന്നതിനു പകരം, സ്നേഹപൂർവകവും പൊരുത്തമുള്ളതുമായ ഒരു വിധത്തിൽ സഹാനുഭാവവും വിവേചനയുമുള്ളവരായിരിക്കുക.
എന്നിരുന്നാലും, ഒരു കുട്ടി അഭിമുഖീകരിക്കുന്ന ധാർമ്മികാപകടങ്ങൾ മാതാപിതാക്കൾ മുന്നമേ ചർച്ചചെയ്യുകയാണെങ്കിൽ അനേകം പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും. തങ്ങളുടെ സന്താനങ്ങൾക്ക് ദൈവവചനത്തിൽ പരിശീലനവും വിദ്യാഭ്യാസവും കൊടുക്കാൻ ദൈവം മാതാപിതാക്കളെ കടപ്പാടുള്ളവരാക്കുന്നുവെന്ന് ഓർക്കുക. (ആവർത്തനം 6:6, 7) അതിന് ഗണ്യമായ സമയവും ശ്രമവും ആവശ്യമായിരുന്നേക്കാം. നിർഭാഗ്യവശാൽ, ചില മാതാപിതാക്കൾക്ക് ക്ഷമയില്ലാത്തതുകൊണ്ട് അവർ തങ്ങളുടെ പഠിപ്പിക്കൽ നിയമനം നിറവേററുന്നില്ല. അനേകം വികസ്വര രാജ്യങ്ങളിലെ ഒരു വമ്പിച്ച പ്രശ്നമായ നിരക്ഷരത മററു മാതാപിതാക്കളെ തടസ്സപ്പെടുത്തുന്നു.
ചില കേസുകളിൽ സഹായിക്കുന്നതിന് പക്വതയുള്ള ഒരു ക്രിസ്ത്യാനിയോട് അപേക്ഷിക്കാവുന്നതാണ്. അത് കേവലം പരിചയക്കുറവുള്ള പിതാവിന് നിർദ്ദേശങ്ങൾ കൊടുക്കുന്ന സംഗതിയായിരിക്കാം. (സദൃശവാക്യങ്ങൾ 27:17) അല്ലെങ്കിൽ അതിൽ കുടുംബാദ്ധ്യയനം തന്നെ നടത്തുന്നതിൽ സഹായിക്കുന്നത് ഉൾപ്പെട്ടേക്കാം. എന്നാൽ അത് തന്റെ സന്താനത്തെ ദൈവവചനം പഠിപ്പിക്കാനുള്ള പിതാവിന്റെ ഉത്തരവാദിത്വത്തിൽനിന്ന് അയാളെ ഒഴിവാക്കുന്നില്ല. (1 തിമൊഥെയോസ് 5:8) അയാൾക്ക് തന്റെ കുട്ടികളോടുകൂടെ വയൽശുശ്രൂഷയിൽ പ്രവർത്തിക്കാനും ഭക്ഷണ സമയങ്ങളിലോ മററ് ഉചിതമായ അവസരങ്ങളിലോ ആത്മീയകാര്യങ്ങൾ ചർച്ചചെയ്യാനോ ഒരു ശ്രമംചെയ്യാവുന്നതാണ്.
യൗവനത്തോടടുക്കുന്ന ഒരു യുവാവ് സ്വാഭാവികമായി കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിച്ചേക്കാം. മിക്കപ്പോഴും ഇത് കീഴ്പ്പെടലില്ലായ്മയോ ധിക്കാരമോ ആയി വ്യാഖ്യാനിക്കപ്പെടുന്നു. അവന്റെ മാതാപിതാക്കൾ അവനോട് ഒരു കൊച്ചു കുട്ടിയെപ്പോലെ ഇടപെട്ടുകൊണ്ടു പ്രതികരിക്കുകയും അവന് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അത് എത്ര പ്രകോപനപരമായിരിക്കും! ശാന്തവും ആദരപൂർവകവുമായ ഒരു രീതിയിൽ അവനുമായി കാര്യങ്ങൾ സംസാരിക്കാതെ അവന്റെ ജീവിതത്തിന്റെ സകല വശങ്ങളും—വിദ്യാഭ്യാസവും ജീവിതവൃത്തിയും വിവാഹവും—അവർ തീരുമാനിക്കുന്നത് തുല്യമായി പ്രകോപനപരമായിരിക്കും. (സദൃശവാക്യങ്ങൾ 15:22) “ഗ്രഹണശക്തികളിൽ പൂർണ്ണവളർച്ച പ്രാപിക്കാൻ” അപ്പോസ്തലനായ പൗലോസ് സഹക്രിസ്ത്യാനികളെ പ്രോൽസാഹിപ്പിച്ചു. (1 കൊരിന്ത്യർ 14:20) തങ്ങളുടെ സ്വന്തം കുട്ടികൾ— വൈകാരികമായും ആത്മീയമായും—വളർന്നുവരണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കേണ്ടതല്ലേ? എന്നിരുന്നാലും ഒരു യുവാവിന്റെ “ഗ്രഹണശക്തികൾ” “ഉപയോഗത്താൽ” മാത്രമേ പരിശീലിപ്പിക്കപ്പെടാൻ കഴിയൂ. (എബ്രായർ 5:14) അവയെ ഉപയോഗിക്കുന്നതിന് അവന് കുറെ അളവിൽ തെരഞ്ഞെടുപ്പുസ്വാതന്ത്ര്യം അനുവദിക്കപ്പെടേണ്ടതാണ്.
ഈ പ്രയാസകാലങ്ങളിൽ കുട്ടികളെ വളർത്തുന്നത് എളുപ്പമല്ല. എന്നാൽ ദൈവവചനം അനുസരിക്കുന്ന മാതാപിതാക്കൻമാർ തങ്ങളുടെ മക്കൾ “നിരുത്സാഹപ്പെടാതിരിക്കാൻ” അവരെ വെറിപിടിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്നില്ല. (കൊലോസ്യർ 3:21) പകരം, അവർ കുട്ടികളോട് ഊഷ്മളതയോടും ഗ്രാഹ്യത്തോടും മാന്യതയോടുംകൂടെ പെരുമാറാൻ ശ്രമിക്കുന്നു. അവരുടെ കുട്ടികൾ നയിക്കപ്പെടുകയാണ്, ഓടിക്കപ്പെടുകയല്ല; പോഷിപ്പിക്കപ്പെടുകയാണ്, അവഗണിക്കപ്പെടുയല്ല; സ്നേഹിക്കാൻ പ്രേരിപ്പിക്കപ്പെടുയാണ്, കോപത്തിലേക്കോ നിരാശയിലേക്കോ ഇളക്കിവിടപ്പെടുകയല്ല. (w91 10/1)
[31-ാം പേജിലെ ചിത്രം]
ഘാനായിലെ ഒരു പ്രാദേശിക ഭവനാന്തർവിനോദക്കളിയായ ഓവാർകളി ഈ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളുമായി സഹവസിക്കുന്നതിന് ഒരു അവസരം കൊടുക്കുന്നു