നിങ്ങൾക്കു “സംസാരസ്വാതന്ത്ര്യ”മുണ്ടോ?
ബൈബിൾ “സംസാരസ്വാതന്ത്ര്യ”മെന്നു വിളിക്കുന്നത്, ഇന്ന് 235 ദേശങ്ങളിലുള്ള 60 ലക്ഷത്തിൽപ്പരം ആളുകൾ ആസ്വദിക്കുന്നുണ്ട്. ഇംഗ്ലീഷിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ ഈ പ്രയോഗം 16 പ്രാവശ്യം കാണാം. (സത്യവേദപുസ്തകത്തിൽ ഇത് ധൈര്യം, പ്രാഗത്ഭ്യം എന്നൊക്കെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്) (ഫിലിപ്പിയർ 1:20; 1 തിമൊഥെയൊസ് 3:13; എബ്രായർ 3:6; 1 യോഹന്നാൻ 3:21) സംസാരസ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്തെല്ലാമാണ്? അതു നേടിയെടുക്കാൻ എന്തു നമ്മെ സഹായിക്കും? ആശയവിനിമയത്തിന്റെ ഏതെല്ലാം മേഖലകളിലാണ് തടസ്സമില്ലാതെ സംസാരിക്കാൻ ഈ സ്വാതന്ത്ര്യം നമ്മെ അനുവദിക്കുന്നത്?
വൈൻസ് എക്സ്പോസിറ്ററി ഡിക്ഷനറി ഓഫ് ഓൾഡ് ആൻഡ് ന്യൂ ടെസ്റ്റമെന്റ് വേർഡ്സ് പറയുന്നപ്രകാരം, “സംസാരസ്വാതന്ത്ര്യം” എന്ന പദം വന്നിരിക്കുന്ന ഗ്രീക്കു പദത്തിന് “അഭിപ്രായസ്വാതന്ത്ര്യം, തുറന്നു സംസാരിക്കൽ, . . . ഭയംകൂടാതെ ധീരമായി സംസാരിക്കൽ എന്നൊക്കെയാണ് അർഥം. അതുകൊണ്ടുതന്നെ ബോധ്യം, ധീരത, നിർഭയത്വം എന്നിവയെ അത് സൂചിപ്പിക്കുന്നു. അവശ്യം സംസാരവുമായി അതിനു ബന്ധമുണ്ടാകണമെന്നില്ല.” എന്നിരുന്നാലും ഇങ്ങനെ തുറന്നു സംസാരിക്കുകയെന്നാൽ മര്യാദയില്ലാതെയോ പരുഷമായോ ഉള്ള സംസാരമാണെന്നു ധരിക്കരുത്. “നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയ”തായിരിക്കട്ടെ എന്നു ബൈബിൾ പറയുന്നു. (കൊലൊസ്സ്യർ 4:6) നമ്മെ സംസാരിക്കുന്നതിൽനിന്നു തടയാൻ മാനുഷഭയത്തെയോ ക്ലേശകരമായ സാഹചര്യങ്ങളെയോ അനുവദിക്കാതിരിക്കുകയും അതേസമയം നയപൂർവം സംസാരിക്കുകയും ചെയ്യുന്നത് സംസാരസ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
സംസാരസ്വാതന്ത്ര്യം ജന്മനായുള്ള ഒരു അവകാശമാണോ? എഫെസൊസിലെ ക്രിസ്ത്യാനികൾക്ക് അപ്പൊസ്തലനായ പൗലൊസ് എഴുതിയതു ശ്രദ്ധിക്കുക: ‘സകലവിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാൻ ഈ കൃപ നല്കിയിരിക്കുന്നു.’ തുടർന്ന്, യേശുക്രിസ്തു മുഖാന്തരം “ക്രിസ്തുവിലെ വിശ്വാസത്താൽ നമുക്കു ദൈവസന്നിധിയിലേക്ക് അടുത്തുചെല്ലുവാൻ ധൈര്യവും [“സംസാരസ്വാതന്ത്ര്യവും,” NW] പ്രവേശനവും ലഭിച്ചിരിക്കുന്നു” (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) എന്ന് അവൻ കൂട്ടിച്ചേർത്തു. (എഫെസ്യർ 3:8-12) ഇത് ജന്മനാ ലഭിക്കുന്ന അവകാശമല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യഹോവയാം ദൈവവുമായുള്ള ബന്ധത്തിൽനിന്ന് ഉളവാകുന്നതാണ്. ഈ സ്വാതന്ത്ര്യം എങ്ങനെ നേടാനാകുമെന്നും പ്രസംഗിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും പ്രാർഥിക്കുമ്പോഴും ഇത് എപ്രകാരം പ്രകടമാക്കാമെന്നും നമുക്കു നോക്കാം.
ധൈര്യത്തോടെ പ്രസംഗിക്കാൻ നമ്മെ സഹായിക്കുന്നതെന്ത്?
സംസാരസ്വാതന്ത്ര്യം പ്രകടമാക്കിയതിന്റെ ഒരു മകുടോദാഹരണമാണ് യേശുക്രിസ്തു. പ്രസംഗിക്കാനുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ തീക്ഷ്ണതയാണ് അവനെ പ്രേരിപ്പിച്ചത്. വിശ്രമിക്കുക, ആരുടെയെങ്കിലും വീട്ടിൽ ഭക്ഷണം കഴിക്കുക, വഴിനടക്കുക തുടങ്ങി ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കാൻ ലഭിച്ച അവസരങ്ങളൊന്നുംതന്നെ അവൻ പാഴാക്കിയില്ല. പരിഹാസമോ നേരിട്ടുള്ള എതിർപ്പോ തന്നെ നിശ്ശബ്ദനാക്കാൻ അവൻ അനുവദിച്ചില്ല, മറിച്ച് അക്കാലത്തെ വ്യാജ മതനേതാക്കന്മാരുടെ കാപട്യം അവൻ നിർഭയം തുറന്നുകാട്ടി. (മത്തായി 23:13-36) അറസ്റ്റു ചെയ്യപ്പെട്ട് വിചാരണ നേരിട്ട സന്ദർഭത്തിൽപ്പോലും യേശു ധൈര്യപൂർവം സംസാരിച്ചു.—യോഹന്നാൻ 18:6, 19, 20, 37.
യേശുവിന്റെ അപ്പൊസ്തലന്മാരും അതേ ധൈര്യം പ്രകടമാക്കി. പൊതുയുഗം 33-ലെ പെന്തക്കൊസ്ത് ദിനത്തിൽ 3,000-ത്തിലധികം വരുന്ന ഒരു ജനക്കൂട്ടത്തിന്റെ മുമ്പാകെ പത്രൊസ് ധൈര്യസമേതം പ്രസംഗിച്ചു. എന്നാൽ കുറച്ചുനാൾ മുമ്പ് ഒരു ബാല്യക്കാരത്തി അവനെ തിരിച്ചറിഞ്ഞപ്പോൾ അവൻ പതറിയിരുന്നുവെന്നതു ശ്രദ്ധിക്കുക. (മർക്കൊസ് 14:66-71; പ്രവൃത്തികൾ 2:14, 29, 41) മതനേതാക്കന്മാരുടെ മുമ്പാകെ കൊണ്ടുവരപ്പെട്ടപ്പോൾ പത്രൊസിനും യോഹന്നാനും ഭയം തോന്നിയില്ല. പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തുവിനെക്കുറിച്ചു തെല്ലും ഭയമില്ലാതെ അവർ സാക്ഷീകരിച്ചു. അവരുടെ ഈ ധൈര്യം അഥവാ സംസാരസ്വാതന്ത്ര്യം നിമിത്തമാണ് അവർ യേശുവിനോടുകൂടെ ആയിരുന്നവരാണെന്നു തിരിച്ചറിയാൻ മതനേതാക്കന്മാർക്കു കഴിഞ്ഞത്. (പ്രവൃത്തികൾ 4:5-13) അത്ര ധൈര്യത്തോടെ സംസാരിക്കാൻ അവരെ പ്രാപ്തരാക്കിയത് എന്താണ്?
യേശു തന്റെ അപ്പൊസ്തലന്മാർക്ക് ഈ വാഗ്ദാനം നൽകിയിരുന്നു: “എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങിനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയിൽ തന്നേ നിങ്ങൾക്കു ലഭിക്കും. പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.” (മത്തായി 10:19, 20) തുറന്നു സംസാരിക്കുന്നതിനു വിഘാതം സൃഷ്ടിക്കുമായിരുന്ന ലജ്ജ, ഭയം എന്നിങ്ങനെ എന്തിനെയും തരണംചെയ്യാൻ പത്രൊസിനെയും മറ്റുള്ളവരെയും സഹായിച്ചതു പരിശുദ്ധാത്മാവാണ്. ആ ശക്തിക്കു നമ്മെയും സഹായിക്കാൻ കഴിയും.
ശിഷ്യരെ ഉളവാക്കാനുള്ള നിയോഗവും യേശു തന്റെ അനുഗാമികൾക്കു നൽകിയിട്ടുണ്ട്. അവന് “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും” നൽകപ്പെട്ടിരിക്കുന്നതിനാൽ അത് ഉചിതമായിരുന്നുതാനും. മാത്രമല്ല അവൻ ‘അവരോടു കൂടെ’ ഉണ്ടായിരിക്കുകയും ചെയ്യും. (മത്തായി 28:18-20) യേശുവിന്റെ പിന്തുണയുണ്ടെന്ന ബോധ്യം, പ്രസംഗവേലയെ തടയാൻ കച്ചകെട്ടിയിറങ്ങിയ അധികാരികളെ നേരിടേണ്ടിവന്നപ്പോൾ ആദിമക്രിസ്ത്യാനികൾക്ക് ആത്മധൈര്യം പകർന്നു. (പ്രവൃത്തികൾ 4:18-20; 5:28, 29) അത്തരം ബോധ്യം നമ്മെയും സഹായിക്കും.
തുറന്നു സംസാരിക്കുന്നതിനുള്ള മറ്റൊരു കാരണത്തെക്കുറിച്ചു പറയവേ പൗലൊസ് പ്രത്യാശയെ “വളരെ പ്രാഗത്ഭ്യ”ത്തോടെ സംസാരിക്കുന്നതിനോട് [“വലിയ സംസാരസ്വാതന്ത്ര്യത്തോട്,” NW] ബന്ധപ്പെടുത്തി. (2 കൊരിന്ത്യർ 3:12; ഫിലിപ്പിയർ 1:20) പ്രത്യാശയുടെ സന്ദേശം വളരെ നല്ലതാകയാൽ അത് തങ്ങളിൽത്തന്നെ അടക്കിവെക്കാതെ ക്രിസ്ത്യാനികൾ അതിനെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കണമായിരുന്നു. വ്യക്തമായും, സംസാരസ്വാതന്ത്ര്യം ഉപയോഗിക്കാനുള്ള ഒരു ഈടുറ്റ കാരണമാണ് നമ്മുടെ പ്രത്യാശ.—എബ്രായർ 3:6.
സധൈര്യം പ്രസംഗിക്കൽ
വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽപ്പോലും നമുക്ക് എങ്ങനെ സധൈര്യം പ്രസംഗിക്കാം? പൗലൊസ് അപ്പൊസ്തലന്റെ മാതൃക ശ്രദ്ധിക്കുക. റോമിൽ തടവിലായിരുന്നപ്പോൾ “എന്റെ വായി തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥി”ക്കാൻ അവൻ സഹവിശ്വാസികളോട് ആവശ്യപ്പെട്ടു. (എഫെസ്യർ 6:19, 20) ആ പ്രാർഥനകൾക്ക് ഉത്തരം ലഭിച്ചോ? ഉവ്വ്. തടവിലായിരിക്കെ പൗലൊസ് “പൂർണ്ണപ്രാഗത്ഭ്യത്തോടെ [“ഏറ്റവും വലിയ സംസാരസ്വാതന്ത്ര്യത്തോടെ,” NW] വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചു.”—പ്രവൃത്തികൾ 28:30, 31.
സ്കൂളിലോ ജോലിസ്ഥലത്തോ യാത്രയിലോ ആയിരിക്കുമ്പോൾ സാക്ഷീകരിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ നമുക്ക് എത്രത്തോളം ധൈര്യവും ആത്മവിശ്വാസവും ഉണ്ടെന്നു നാം പ്രകടമാക്കുകയായിരിക്കും ചെയ്യുന്നത്. ലജ്ജ, ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന ഭയം അല്ലെങ്കിൽ ആത്മവിശ്വാസക്കുറവ് എന്നിവ നിമിത്തം നാം മിണ്ടാതിരുന്നേക്കാം. ഇക്കാര്യത്തിലും അപ്പൊസ്തലനായ പൗലൊസ് ഒരു നല്ല മാതൃകയാണ്. “വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു” എന്ന് അവൻ എഴുതുകയുണ്ടായി. (1 തെസ്സലൊനീക്യർ 2:2) യഹോവയിലുള്ള ആശ്രയം ഒന്നുകൊണ്ടു മാത്രമാണ്, സ്വന്ത പ്രാപ്തിയാൽ ചെയ്യാൻ കഴിയുമായിരുന്നില്ലാത്ത വേല ചെയ്യാൻ പൗലൊസിനു സാധിച്ചത്.
അനൗപചാരികമായി സാക്ഷീകരിക്കാൻ ഒരു അവസരം ലഭിച്ചപ്പോൾ ധൈര്യസമേതം സംസാരിക്കാൻ പ്രാർഥന ഷെറിയെ സഹായിച്ചു. ഒരിക്കൽ, അവൾ ഭർത്താവിനെയും കാത്ത് ഒരിടത്ത് നിൽക്കുകയായിരുന്നു. അപ്പോഴാണ് വേറൊരു സ്ത്രീയും അവിടെ നിൽക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടത്. “പരിഭ്രമംകൊണ്ട് വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയെങ്കിലും, ധൈര്യത്തിനായി ഞാൻ യഹോവയോടു പ്രാർഥിച്ചു”വെന്നു ഷെറി പറയുന്നു. അവൾ ആ സ്ത്രീയെ സമീപിച്ചപ്പോൾ ഒരു ബാപ്റ്റിസ്റ്റ് ശുശ്രൂഷകനും അവിടെയെത്തി. ഷെറി ഒരു പുരോഹിതനെ അവിടെ പ്രതീക്ഷിച്ചില്ല. എങ്കിലും അവൾ വീണ്ടും പ്രാർഥിക്കുകയും ആ സ്ത്രീയോട് സാക്ഷീകരിക്കുകയും ചെയ്തു, തുടർന്ന് സാഹിത്യങ്ങൾ സ്വീകരിച്ച അവർക്ക് ഒരു മടക്കസന്ദർശനവും ക്രമീകരിച്ചു. സാക്ഷ്യം നൽകാനുള്ള അവസരങ്ങൾ ലഭിക്കുമ്പോൾ യഹോവയിൽ ആശ്രയിക്കുന്നത് സധൈര്യം സംസാരിക്കാൻ നമ്മെയും സഹായിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.
പഠിപ്പിക്കുമ്പോൾ
പഠിപ്പിക്കുമ്പോഴും നമുക്ക് സംസാരസ്വാതന്ത്ര്യം കൂടിയേതീരൂ. സഭയിൽ “നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ള” പുരുഷന്മാരെക്കുറിച്ചു ബൈബിൾ ഇപ്രകാരം പറയുന്നു: “[അവർ] തങ്ങൾക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും [“സംസാരസ്വാതന്ത്ര്യവും,” NW] സമ്പാദിക്കുന്നു.” (1 തിമൊഥെയൊസ് 3:13) മറ്റുള്ളവരെ പഠിപ്പിക്കുന്ന കാര്യങ്ങൾ സ്വയം ബാധകമാക്കിക്കൊണ്ടാണ് അവർ ഈ സംസാരസ്വാതന്ത്ര്യം നേടുന്നത്. അങ്ങനെ ചെയ്യുന്നത് സഭയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഈ വിധത്തിൽ നമുക്കു സംസാരസ്വാതന്ത്ര്യം ഉണ്ടായിരിക്കുമ്പോൾ നാം നൽകുന്ന ബുദ്ധിയുപദേശം കൂടുതൽ ഫലപ്രദമായിരിക്കും, മാത്രമല്ല മറ്റുള്ളവർ അതു പിൻപറ്റാനുള്ള സാധ്യതയും ഏറെയായിരിക്കും. നമ്മുടെ മോശമായ മാതൃക കേൾവിക്കാരെ ആശയക്കുഴപ്പത്തിലാക്കുകയേയുള്ളൂ. എന്നാൽ അവരെ പഠിപ്പിക്കുന്ന കാര്യങ്ങൾ നാം ബാധകമാക്കുന്നതായി കാണുമ്പോൾ അവർ പ്രോത്സാഹിതരാകുന്നു. പ്രശ്നങ്ങൾ വഷളാകുന്നതിനു മുമ്പേ ‘തങ്ങളുടെ സഹോദരനെ യഥാസ്ഥാനപ്പെടുത്താൻ’ ഈ സ്വാതന്ത്ര്യം ആത്മീയ യോഗ്യതയുള്ള പുരുഷന്മാരെ പ്രാപ്തരാക്കുന്നു. (ഗലാത്യർ 6:1) എന്നാൽ മോശമായ മാതൃക വെക്കുന്ന ഒരാൾ തനിക്ക് ഉപദേശിക്കാനുള്ള യോഗ്യതയില്ലെന്നു മനസ്സിലാക്കിക്കൊണ്ട് ബുദ്ധിയുപദേശം നൽകുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയേക്കാം. ആവശ്യമായ ബുദ്ധിയുപദേശം നൽകാൻ വൈകുന്നത് വിപത്കരമായ പരിണതഫലങ്ങളിൽ കലാശിച്ചേക്കാം.
ധൈര്യത്തോടെ സംസാരിക്കുകയെന്നത് വിമർശനാത്മക മനോഭാവം വെച്ചുപുലർത്തുന്നതിനെയോ കടുംപിടുത്തം കാണിക്കുന്നതിനെയോ അല്ല അർഥമാക്കുന്നത്. പൗലൊസ് “സ്നേഹം നിമിത്തം” ആണ് ഫിലേമോനെ ഉദ്ബോധിപ്പിച്ചത്. (ഫിലേമോൻ 8, 9) പൗലൊസിന്റെ വാക്കുകൾക്ക് അനുകൂല ഫലം ലഭിക്കുകയും ചെയ്തു. ഒരു മൂപ്പൻ നൽകുന്ന ഏതൊരു ബുദ്ധിയുപദേശത്തിന്റെയും പ്രേരകഘടകം സ്നേഹമായിരിക്കണം.
മറ്റു സന്ദർഭങ്ങളിലെന്നപോലെ ബുദ്ധിയുപദേശം നൽകുമ്പോഴും സംസാരസ്വാതന്ത്ര്യം കൂടിയേതീരൂ. കൊരിന്തിലെ സഭയ്ക്ക് പൗലൊസ് ഇപ്രകാരം എഴുതി: “നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയത്.” (2 കൊരിന്ത്യർ 7:4) ഉചിതമായിരുന്നപ്പോൾ തന്റെ സഹോദരങ്ങളെ അനുമോദിക്കാൻ അവൻ മടിച്ചില്ല. സഹവിശ്വാസികളുടെ തെറ്റുകുറ്റങ്ങൾ അറിയാമായിരുന്നെങ്കിലും അവരുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്നേഹം അവനെ പ്രേരിപ്പിച്ചു. സമാനമായി ഇന്ന് സഹോദരീസഹോദരന്മാരെ മൂപ്പന്മാർ അകമഴിഞ്ഞ് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ ക്രിസ്തീയ സഭ ഉറപ്പും ബലവും നേടുന്നു.
ഫലകരമായി പഠിപ്പിക്കണമെങ്കിൽ ക്രിസ്ത്യാനികളായ എല്ലാവർക്കും സംസാരസ്വാതന്ത്ര്യം ആവശ്യമാണ്. നേരത്തേ പരാമർശിച്ച ഷെറി, സ്കൂളിൽ സാക്ഷീകരിക്കാൻ തന്റെ മക്കളെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിച്ചു. അവൾ ഇങ്ങനെ പറയുന്നു. “ഞാൻ ജനിച്ചുവളർന്നത് ഒരു സാക്ഷിക്കുടുംബത്തിൽ ആണെങ്കിലും, സ്കൂളിൽ വിരളമായേ സാക്ഷീകരിച്ചിട്ടുള്ളൂ. അനൗപചാരിക സാക്ഷീകരണത്തിന്റെ കാര്യവും ഒട്ടും വ്യത്യസ്തമായിരുന്നില്ല. അതുകൊണ്ട്, ‘കുട്ടികൾക്കായി ഏതുതരം മാതൃകയാണു വെക്കുന്നത്’ എന്നു ഞാൻ എന്നോടുതന്നെ ചോദിക്കുമായിരുന്നു.” അനൗപചാരികമായി സാക്ഷീകരിക്കാനുള്ള ശ്രമത്തിനു ആക്കംകൂട്ടാൻ ഇത് ഷെറിയെ പ്രേരിപ്പിച്ചു.
മറ്റുള്ളവർ നമ്മുടെ പ്രവൃത്തി നിരീക്ഷിക്കുന്നുണ്ടെന്നു മാത്രമല്ല നാം പഠിപ്പിക്കുന്നതിനു ചേർച്ചയിലാണോ ജീവിക്കുന്നതെന്നു ശ്രദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പറയുന്നതിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട് സംസാരസ്വാതന്ത്ര്യം നേടിയെടുക്കാൻ നമുക്കു ശ്രമിക്കാം.
പ്രാർഥനയിൽ
യഹോവയോടുള്ള പ്രാർഥനയുടെ കാര്യത്തിൽ സംസാരസ്വാതന്ത്ര്യത്തിനു സവിശേഷ പ്രാധാന്യമുണ്ട്. ഉത്തരം ലഭിക്കുമെന്ന പൂർണബോധ്യത്തോടെ യഹോവയുടെ മുമ്പാകെ മനസ്സുതുറക്കാൻ നമുക്കു സാധിക്കുന്നതിനാൽ സ്വർഗീയ പിതാവുമായി ഒരു ഉറ്റബന്ധം നാം ആസ്വദിക്കുന്നു. നാം തീരെ നിസ്സാരരാണെന്നു വിചാരിച്ചുകൊണ്ട് ഒരിക്കലും യഹോവയെ സമീപിക്കാതിരിക്കരുത്. ദൈവമുമ്പാകെ ഹൃദയംപകരുന്നതിൽനിന്നു കുറ്റബോധമോ പാപഭാരമോ നമ്മെ തടയുന്നെങ്കിലോ? അപ്പോഴും നമുക്ക് അഖിലാണ്ഡപരമാധികാരിയുടെ അടുത്തേക്കു ചെല്ലാനാകുമോ?
മഹാപുരോഹിതനെന്ന നിലയിലുള്ള യേശുവിന്റെ ഉന്നതസ്ഥാനം വിശ്വാസത്തോടെ പ്രാർഥിക്കാനുള്ള കൂടുതലായ ഒരു കാരണമാണ്. എബ്രായർ 4:15, 16-ൽ നാം ഇപ്രകാരം വായിക്കുന്നു: “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.” യേശുവിന്റെ മരണത്തിനും മഹാപുരോഹിതനെന്ന നിലയിലുള്ള അവന്റെ സ്ഥാനത്തിനും അത്രയ്ക്കു വിലയുണ്ട്.
യഹോവയെ അനുസരിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നപക്ഷം നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുമെന്നു പ്രതീക്ഷിക്കാൻ സകല കാരണവുമുണ്ട്. അപ്പൊസ്തലനായ യോഹന്നാൻ ഇപ്രകാരം എഴുതി: “പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു. അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.”—1 യോഹന്നാൻ 3:21, 22.
യാതൊരു തടസ്സവും കൂടാതെ യഹോവയെ പ്രാർഥനയിൽ സമീപിക്കുക എന്നതിന്റെ അർഥം നമുക്ക് ദൈവത്തോട് ഏതൊരു കാര്യവും സംസാരിക്കാമെന്നാണ്. നമ്മുടെ ഭയമോ ആകുലതയോ ഉത്കണ്ഠയോ എന്തുതന്നെ ആയിരുന്നാലും, ആത്മാർഥമായ പ്രാർഥനകൾ യഹോവ കേൾക്കുകതന്നെ ചെയ്യുമെന്ന അടിയുറച്ച ബോധ്യത്തോടെ നമുക്ക് ഇക്കാര്യങ്ങൾ ദൈവമുമ്പാകെ സമർപ്പിക്കാവുന്നതാണ്. ഗുരുതരമായ പാപം ചെയ്തിട്ടുണ്ടെങ്കിൽപ്പോലും ആത്മാർഥമായ അനുതാപമുണ്ടെങ്കിൽ കുറ്റബോധം പ്രാർഥനയ്ക്ക് ഒരു തടസ്സമാകേണ്ടതില്ല.
സംസാരസ്വാതന്ത്ര്യമെന്ന അനർഹദാനം വിലയേറിയതുതന്നെയാണ്. പ്രസംഗ-പഠിപ്പിക്കൽ വേലയിൽ ആയിരിക്കെ ദൈവത്തെ മഹത്ത്വപ്പെടുത്താനും പ്രാർഥനയിൽ അവനോട് പൂർവാധികം അടുത്തുചെല്ലാനും അതു നമ്മെ പ്രാപ്തരാക്കുന്നു. അതുകൊണ്ട് നിത്യജീവനെന്ന ‘മഹാ പ്രതിഫലമുള്ള ധൈര്യം [“സംസാരസ്വാതന്ത്ര്യം,” NW] നമുക്ക് തള്ളിക്കളയാതിരിക്കാം.’—എബ്രായർ 10:35.
[13-ാം പേജിലെ ചിത്രം]
പൗലൊസ് അപ്പൊസ്തലൻ സധൈര്യം സംസാരിച്ചു
[15-ാം പേജിലെ ചിത്രങ്ങൾ]
ഫലകരമായി പഠിപ്പിക്കാൻ സംസാരസ്വാതന്ത്ര്യം കൂടിയേതീരൂ
[16-ാം പേജിലെ ചിത്രം]
പ്രാർഥനയിൽ സംസാരസ്വാതന്ത്ര്യം അനിവാര്യം