“സമാധാനത്തിന്റെ ദൈവം” ക്ലേശിതർക്കായി കരുതുന്നു
പുരാതന കാലത്തെ ദാവീദിനു വളരെയധികം ക്ലേശം നേരിട്ടുവെന്നു ബൈബിൾ വ്യക്തമാക്കുന്നു. അവനു വർഷങ്ങളോളം അഭയാർഥിയായി ജീവിക്കേണ്ടിവന്നു. ഏതുവിധേനയും കൊല്ലാൻ കച്ചകെട്ടിയിറങ്ങിയ ദുഷ്ടനും ദുർവാശിക്കാരനുമായ ഒരു രാജാവ് അവനെ നിർദാക്ഷിണ്യം വേട്ടയാടുന്നുണ്ടായിരുന്നു. ഈ കഷ്ടകാലത്ത്, ദാവീദ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒളിച്ചുപാർത്തു. എന്നാൽ അവൻ മറ്റൊന്നുകൂടി ചെയ്തു. തന്റെ പ്രതികൂലാവസ്ഥയെക്കുറിച്ച് അവൻ യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു. തന്റെ കഠിന പരീക്ഷയെക്കുറിച്ച് പിൽക്കാലത്ത് അവൻ എഴുതി: ‘ഞാൻ യഹോവയോടു ഉറക്കെ നിലവിളിച്ചു; അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകർന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിച്ചു.’—സങ്കീർത്തനം 142:1, 2.
ദൈവത്തിലുള്ള ദാവീദിന്റെ ആശ്രയത്തെ ചിലർ ഇന്നു പരിഹസിച്ചേക്കാം. പ്രാർഥന മനഃശാസ്ത്രപരമായ ഒരു ഊന്നുവടിയാണെന്നും പ്രായോഗിക തലത്തിൽ അതു സമയംകളയലാണെന്നും അവർ പറഞ്ഞേക്കാം. എന്നാൽ, ദൈവത്തിലുള്ള ദാവീദിന്റെ ഉറപ്പ് അസ്ഥാനത്തല്ലായിരുന്നു, കാരണം അവന്റെ ശത്രുക്കൾ അവസാനം തറപറ്റുകതന്നെ ചെയ്തു. തന്റെ അനുഭവത്തിലേക്കു പിന്തിരിഞ്ഞുനോക്കിക്കൊണ്ട്, ദാവീദ് എഴുതി: “ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.” (സങ്കീർത്തനം 34:6) ദാവീദ് ആശ്രയിച്ച സത്യദൈവത്തെ മറ്റു സ്ഥലങ്ങളിൽ “സമാധാനത്തിന്റെ ദൈവം” എന്നു വിളിച്ചിരിക്കുന്നു. (ഫിലിപ്പിയർ 4:9; എബ്രായർ 13:20) അവൻ നമുക്കു സമാധാനം നൽകി ക്ലേശങ്ങളിൽനിന്നു വിടുതൽ സാധ്യമാക്കുമോ?
യഹോവ നിങ്ങൾക്കായി കരുതുന്നു
തന്റെ ജനത്തിന്റെ കഷ്ടങ്ങളിൽ താത്പര്യമില്ലാത്തവനല്ല യഹോവ. (സങ്കീർത്തനം 34:15) ഒരു കൂട്ടമെന്ന നിലയിൽ തന്റെ ദാസന്മാരുടെ മാത്രമല്ല, തന്നെ ഭയപ്പെടുന്ന ഓരോ വ്യക്തിയുടെയും ആവശ്യങ്ങളിൽ അവൻ ശ്രദ്ധിക്കുന്നുണ്ട്. പുരാതന യെരൂശലേമിലെ ആലയത്തിന്റെ സമർപ്പണനേരത്ത്, ‘നിന്റെ ജനമായ യിസ്രായേൽ മുഴുവനുമോ മറ്റാരെങ്കിലുമോ ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞു വല്ല പ്രാർത്ഥനയും യാചനയും കഴിച്ചാൽ’ കേൾക്കണമേയെന്ന് ശലോമോൻ യഹോവയോടു യാചിച്ചു. (2 ദിനവൃത്താന്തം 6:29) ശലോമോൻ പറയുന്നതുപോലെ, ഓരോ വ്യക്തിക്കും അവനവന്റേതായ വ്യക്തിഗത ക്ലേശങ്ങൾ ഉണ്ടായിരിക്കും. ഒരാൾക്ക് ശാരീരിക അസുഖമാണെങ്കിൽ മറ്റൊരാൾക്കു വൈകാരിക ക്ലേശമായിരിക്കാം. പ്രിയപ്പെട്ട ആരെങ്കിലും മരിച്ചതുനിമിത്തമുള്ള ക്ലേശമാകാം ചിലരുടേത്. തൊഴിലില്ലായ്മ, സാമ്പത്തിക ഞെരുക്കം, കുടുംബപ്രശ്നങ്ങൾ എന്നിവയും ഈ പ്രയാസകരമായ കാലത്തെ സ്ഥിരം വിഷമതകളാണ്.
‘നിങ്ങളുടെതന്നെ വ്യാധിയെയും ദുഃഖ’ത്തെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. സങ്കീർത്തനക്കാരനായ ദാവീദിനു തോന്നിയതുപോലെ നിങ്ങൾക്കും ചിലപ്പോഴൊക്കെ അനുഭവപ്പെട്ടിട്ടുണ്ടാകാം. അവൻ എഴുതി: “വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.” എന്നിരുന്നാലും, നിങ്ങളുടെ സ്ഥിതിവിശേഷം സംബന്ധിച്ചു ദൈവം കരുതുന്നുവെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. കാരണം തുടർന്ന് അതേ സങ്കീർത്തനത്തിൽ ദാവീദ് എഴുതി: “യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല.”—സങ്കീർത്തനം 69:20, 33.
ദാവീദിന്റെ വാക്കുകൾ വ്യാപകമായ അർഥത്തിലെടുത്താൽ, ആലങ്കാരികമായി പറയുകയാണെങ്കിൽ ക്ലേശങ്ങളുടെ തടവറയിൽ കഴിയുന്നവരുടെ പ്രാർഥനകൾ മനുഷ്യവർഗത്തിന്റെ സ്രഷ്ടാവ് ശ്രദ്ധിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. അതിലുപരി, അവൻ അവരുടെ ശോച്യാവസ്ഥയോടു പ്രതികരിക്കുന്നു. ക്ലേശിതരോടുള്ള യഹോവയുടെ അനുകമ്പ വെളിപ്പെടുത്തുന്ന ചില പ്രസ്താവനകൾ പരിചിന്തിക്കുക.
“വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുതു. അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; എന്റെ കോപവും ജ്വലിക്കും.”—പുറപ്പാടു 22:22-24.
“ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘ ക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?”—ലൂക്കൊസ് 18:7.
“അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.”—സങ്കീർത്തനം 72:12-14.
“നിങ്ങളെ [ഭൂമിയിലെ ദൈവജനത്തെ] തൊടുന്നവൻ എന്റെ കൃഷ്ണമണിയെയാണു തൊടുന്നത്.”—സെഖര്യാവു 2:8, NW.
തന്റെ ജനത്തിന്റെ ക്ഷേമത്തിൽ നമ്മുടെ സ്രഷ്ടാവിനുള്ള ആഴമായ താത്പര്യം പ്രകടമാക്കുന്ന ഏതാനും ദൃഷ്ടാന്തങ്ങളാണ് ഇവ. അതുകൊണ്ട് പത്രൊസ് അപ്പോസ്തലന്റെ ഈ അനുശാസനം പിൻപറ്റാൻ നമുക്കു മതിയായ കാരണമുണ്ട്: “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.” (1 പത്രൊസ് 5:7) എന്നാൽ ക്ലേശസമയങ്ങളിൽ ദൈവം നമ്മെ എങ്ങനെ സഹായിക്കും?
ദൈവം ക്ലേശിതരെ സഹായിക്കുന്ന വിധം
നാം കണ്ടുകഴിഞ്ഞതുപോലെ, ദാവീദിനു ക്ലേശം നേരിട്ടപ്പോൾ, മാർഗനിർദേശത്തിനായി അവൻ ദൈവത്തോട് ആത്മാർഥമായി പ്രാർഥിച്ചു. അതേസമയം, തന്നെ വേട്ടയാടുന്നവരിൽനിന്നു രക്ഷപ്പെടാൻ സൂക്ഷ്മബുദ്ധി ഉപയോഗിച്ചുകൊണ്ട് അവൻ സ്ഥിതിവിശേഷത്തിന് അയവു വരുത്താൻ മുൻകൈ എടുത്തു. അങ്ങനെ, യഹോവയിലുള്ള ആശ്രയവും വ്യക്തിപരമായ ശ്രമവും ദാവീദിനെ പ്രതികൂലാവസ്ഥയിൽ സഹിച്ചുനിൽക്കുന്നതിനു പ്രാപ്തനാക്കി. ഇതിൽനിന്നു നമുക്ക് എന്തു പഠിക്കാം?
നമുക്കു ക്ലേശം നേരിടുമ്പോൾ, പ്രശ്നം പരിഹരിക്കുന്നതിനു നാം ന്യായയുക്തമായ മുൻകൈ എടുക്കുന്നതു തീർച്ചയായും തെറ്റല്ല. ഉദാഹരണത്തിന്, ഒരു ക്രിസ്ത്യാനി തൊഴിൽരഹിതനാണെങ്കിൽ, ഒരു തൊഴിൽ കണ്ടെത്തുന്നതിനായി അയാൾ ശ്രമം നടത്തുകയില്ലേ? അല്ലെങ്കിൽ ശാരീരിക രോഗത്താൽ കഷ്ടപ്പെടുന്നെങ്കിൽ, അയാൾ വൈദ്യചികിത്സ തേടുകയില്ലേ? തീർച്ചയായും, എല്ലാത്തരം രോഗങ്ങളും സുഖപ്പെടുത്താൻ ശക്തിയുണ്ടായിരുന്ന യേശുപോലും ‘ദീനക്കാർക്ക് വൈദ്യനെ ആവശ്യമാണ്’ എന്നു പറയുകയുണ്ടായി. (മത്തായി 9:12; 1 തിമൊഥെയൊസ് 5:23 താരതമ്യം ചെയ്യുക.) ചില ഗതികേടുകൾ മാറ്റാനാവില്ലെന്നതു ശരിതന്നെ; അക്കാര്യത്തിൽ സഹിച്ചുനിൽക്കുകയല്ലാതെ നിർവാഹമില്ല. എന്നിരുന്നാലും, ചിലരെപ്പോലെ, ഒരു സത്യക്രിസ്ത്യാനി കഷ്ടപ്പാടിനെ അതിൽത്തന്നെ ഒരു നന്മയായി വീക്ഷിക്കുന്നില്ല. (1 രാജാക്കന്മാർ 18:28 താരതമ്യം ചെയ്യുക.) മറിച്ച്, തന്റെ ക്ലേശാവസ്ഥയെ നേരിടാനാവശ്യമായ നടപടികൾ അവൻ സ്വീകരിക്കുന്നു.
അതേസമയം, സംഗതി യഹോവയോടുള്ള പ്രാർഥനയിൽ ഉൾപ്പെടുത്തുന്നത് ന്യായയുക്തമാണ്. എന്തുകൊണ്ട്? ഒന്നാമത്, സഹായത്തിനായി നാം നമ്മുടെ സ്രഷ്ടാവിലേക്കു തിരിയുന്നെങ്കിൽ “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ ഉറപ്പാ”ക്കാൻ നാം സഹായിക്കപ്പെടും. (ഫിലിപ്പിയർ 1:10, NW) ഉദാഹരണത്തിന്, ജോലി തേടുന്നയവസരത്തിൽ, ദൈവത്തിൽ പ്രാർഥനാപൂർവം ആശ്രയിക്കുന്നത് ബൈബിൾ തത്ത്വങ്ങളുമായി യോജിക്കാത്ത ജോലി വേണ്ടെന്നുവെക്കാൻ നമ്മെ സഹായിക്കും. പണസ്നേഹംമൂലം “വിശ്വാസത്തിൽനിന്നു വ്യതിചലിക്ക”പ്പെടുന്നതും നാം ഒഴിവാക്കും. (1 തിമൊഥെയൊസ് 6:10, NW) തൊഴിലോ ജീവിതത്തിലെ മറ്റേതെങ്കിലും കാര്യമോ സംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ, നാം ദാവീദിന്റെ അനുശാസനം പിൻപറ്റേണ്ടതുണ്ട്: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.”—സങ്കീർത്തനം 55:22.
ക്ലേശങ്ങളിൽ മുങ്ങിപ്പോകാതെ നമ്മുടെ മാനസിക സമനില കാത്തുസൂക്ഷിക്കുന്നതിനും പ്രാർഥന നമ്മെ സഹായിക്കുന്നു. പൗലൊസ് അപ്പോസ്തലൻ എഴുതി: “എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.” അതിന്റെ ഫലമെന്തായിരിക്കും? “സകലബുദ്ധിയേയും [“സകല വിചാരങ്ങളെയും,” NW] കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) അതേ, സമാധാനം, ദൈവസമാധാനം. ആ സമാധാനം ‘സകല വിചാരങ്ങളെയും കവിയുന്ന’താണ്, അതുകൊണ്ടുതന്നെ അരിഷ്ടതയിൽ വ്യാകുലപ്പെടുമ്പോൾ അതിനു നമ്മെ ഉറപ്പിച്ചുനിർത്താനാകും. അതു ‘നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും കാക്കും.’ അങ്ങനെ നമ്മുടെ ക്ലേശങ്ങൾ പിന്നെയും വർധിപ്പിക്കാനാകുന്ന, വിവേകശൂന്യമായ എടുത്തുചാട്ട പ്രതികരണം ഒഴിവാക്കാൻ നമ്മെ സഹായിക്കും.—സഭാപ്രസംഗി 7:7.
പ്രാർഥനയ്ക്ക് ഇതിലുമധികം ചെയ്യാനാകും. ഒരു സ്ഥിതിവിശേഷം എങ്ങനെ വികാസം പ്രാപിക്കുന്നുവെന്നതിന്മേൽ അതിനു സ്വാധീനം ചെലുത്താനാകും. ഒരു ബൈബിൾ ദൃഷ്ടാന്തം പരിചിന്തിക്കുക. പൗലൊസ് അപ്പോസ്തലൻ റോമിൽ തടങ്കലിലായിരുന്നപ്പോൾ, തനിക്കുവേണ്ടി പ്രാർഥിക്കാൻ അവൻ സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. എന്തുകൊണ്ട്? “എന്നെ നിങ്ങൾക്കു വേഗത്തിൽ വീണ്ടും കിട്ടേണ്ടതിന്നു നിങ്ങൾ പ്രാർത്ഥിക്കേണം എന്നു ഞാൻ വിശേഷാൽ അപേക്ഷിക്കുന്നു” എന്ന് അവൻ അവർക്ക് എഴുതി. (എബ്രായർ 13:19) സഹവിശ്വാസികളുടെ സ്ഥിരോത്സാഹത്തോടെയുള്ള പ്രാർഥനയ്ക്കു താൻ എപ്പോൾ വിമോചിതനാകുമെന്നതിനെ സ്വാധീനിക്കാനാകുമെന്ന് പൗലൊസിന് അറിയാമായിരുന്നു.—ഫിലേമോൻ 22.
പ്രാർഥന നിങ്ങളുടെ ക്ലേശത്തിന്റെ അനന്തരഫലത്തിനു മാറ്റംവരുത്തുമോ? മാറ്റംവരുത്തിയേക്കാം. യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നത് എല്ലായ്പോഴും നാം പ്രതീക്ഷിക്കുന്ന വിധത്തിലായിരിക്കണമെന്നില്ല എന്നു നാം തിരിച്ചറിയണം. ഉദാഹരണത്തിന്, ‘ജഡത്തിലെ ശൂല’ത്തെക്കുറിച്ച്—ഒരുപക്ഷേ കാഴ്ചശക്തിയുമായി ബന്ധപ്പെട്ട ഒരു ശാരീരിക പ്രശ്നത്തെക്കുറിച്ച്—പൗലൊസ് ആവർത്തിച്ചു പ്രാർഥിച്ചു. പ്രസ്തുത ക്ലേശം മാറ്റിക്കൊടുക്കുന്നതിനുപകരം, ദൈവം പൗലൊസിനോടു പറഞ്ഞു: “എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.”—2 കൊരിന്ത്യർ 12:7-9.
അതുകൊണ്ട്, ചിലപ്പോൾ നമ്മുടെ ക്ലേശങ്ങൾ മാറുകയില്ല. പകരം, നമ്മുടെ സ്രഷ്ടാവിൽ നമുക്കുള്ള ആശ്രയം തെളിയിക്കുന്നതിനുള്ള അവസരം നമുക്കു ലഭിക്കും. (പ്രവൃത്തികൾ 14:22) കൂടാതെ, യഹോവ നമ്മുടെ ഉപദ്രവം മാറ്റിത്തരുന്നില്ലെങ്കിൽപ്പോലും, “[നമുക്കു] സഹിപ്പാൻ കഴിയേണ്ടതിന്നു . . . അവൻ പോക്കുവഴിയും ഉണ്ടാക്കി”ത്തരുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാം. (1 കൊരിന്ത്യർ 10:13) അതേ, ‘നമുക്കുള്ള കഷ്ടത്തിൽ ഒക്കെയും നമ്മെ ആശ്വസിപ്പിക്കുന്ന, സർവ്വാശ്വാസവും നല്കുന്ന ദൈവ’മെന്ന് യഹോവയെ വിളിച്ചിരിക്കുന്നതിനു തക്കതായ കാരണമുണ്ട്. (2 കൊരിന്ത്യർ 1:3, 4) കാര്യമായ സമാധാനം അനുഭവിച്ചുകൊണ്ട് സഹിച്ചുനിൽക്കുന്നതിന് ആവശ്യമായവ അവൻ നമുക്കു നൽകുന്നു.
ക്ലേശങ്ങളില്ലാത്ത ഒരു ലോകം—ഉടൻ!
തന്റെ രാജ്യം മുഖാന്തരം മനുഷ്യവർഗത്തിന്റെ ക്ലേശങ്ങൾ ഉടൻ നീക്കുമെന്ന് സ്രഷ്ടാവു വാഗ്ദാനം ചെയ്യുന്നു. അവൻ ഇത് എങ്ങനെ നിവർത്തിക്കും? ക്ലേശങ്ങളുടെ മുഖ്യകാരണക്കാരനും സമാധാനത്തിന്റെ മുഖ്യശത്രുവുമായ പിശാചായ സാത്താനെ നീക്കിക്കൊണ്ട്. ബൈബിൾ അവനെ “ഈ വ്യവസ്ഥിതിയുടെ ദൈവ”മായി തിരിച്ചറിയിക്കുന്നു. (2 കൊരിന്ത്യർ 4:4, NW) എന്നാൽ മനുഷ്യവർഗത്തിൻമേലുള്ള അവന്റെ നിയന്ത്രണം ഉടൻ അവസാനിക്കും. അവനെ നീക്കം ചെയ്യുന്നതോടെ, ദൈവത്തെ ഭയപ്പെടുന്നവർക്ക് എണ്ണമറ്റ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനുള്ള വഴി തുറക്കും. യഹോവ “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി” എന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു.—വെളിപ്പാടു 21:4, 5.
ക്ലേശങ്ങളൊന്നുമില്ലാത്ത ഒരു ലോകം അവിശ്വസനീയമായി തോന്നുന്നുവോ? പ്രതികൂലാവസ്ഥകളിൽ ജീവിച്ചു പരിചയിച്ച നമുക്ക് അതില്ലാത്ത അവസ്ഥയെക്കുറിച്ചു വിഭാവന ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. എന്നാൽ ഭയം, ഉത്കണ്ഠ, വിപത്തുകൾ എന്നിവയിൽനിന്നു മുക്തമായ ഒരു അവസ്ഥയാണു ദൈവം മനുഷ്യവർഗത്തെ സൃഷ്ടിച്ചപ്പോൾ ഉദ്ദേശിച്ചത്, അവന്റെ ഉദ്ദേശ്യം നിറവേറുകതന്നെ ചെയ്യും.—യെശയ്യാവു 55:10, 11.
പ്രാരംഭ ലേഖനത്തിൽ സൂചിപ്പിച്ച സോണിയ, ഫാബിയാന, എയ്ന എന്നിവർ കണ്ടെത്തിയ പ്രത്യാശ ഇതാണ്. എയ്ഡ്സുമൂലം മരിച്ച രണ്ടു പുത്രന്മാരുടെ അമ്മയായ സോണിയയ്ക്കു ബൈബിൾ വെച്ചുനീട്ടുന്ന പ്രത്യാശയിൽനിന്ന്—നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനമെന്ന പ്രത്യാശയിൽനിന്ന്—കാര്യമായ സമാധാനം ലഭിച്ചു. (പ്രവൃത്തികൾ 24:15) “ഒരു കാര്യം ഉറപ്പാണ്, ഏതു വേദനയെയും കവിയുന്നതാണ് നമ്മുടെ പ്രത്യാശ,” അവൾ പറയുന്നു.
അനാഥാലയത്തിൽ കഴിഞ്ഞിരുന്നപ്പോഴായിരുന്നു എയ്നയെ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരുവൾ സന്ദർശിച്ചത്. എയ്ന പറയുന്നു: “അവർ എനിക്കു യഹോവയുടെ നാമം ബൈബിളിൽനിന്നു കാണിച്ചുതന്നു. സന്തോഷത്താൽ എന്റെ കണ്ണുനിറഞ്ഞു. എനിക്കു ശരിക്കും സഹായം വേണമായിരുന്നു. നമുക്കായി കരുതുന്ന ഒരു ദൈവമുണ്ടെന്നു ഞാൻ മനസ്സിലാക്കി.” അനാഥാലയം വിട്ടതിനുശേഷം, എയ്ന ബൈബിളധ്യയനം സ്വീകരിച്ച് യഹോവയുടെ വാഗ്ദാനങ്ങളെക്കുറിച്ചു കൂടുതലായി പഠിച്ചു. പിന്നീട് യഹോവയ്ക്കു ജീവിതം സമർപ്പിച്ച് അത് അവൾ സ്നാപനത്തിലൂടെ പ്രതീകപ്പെടുത്തി. “അന്നുമുതൽ പ്രാർഥനയിലൂടെ ഞാൻ യഹോവയിലുള്ള ആശ്രയം തുടർന്നിരിക്കുന്നതുകൊണ്ട്, അവൻ എന്നെ സഹായിക്കുമെന്ന ഉറപ്പിൽ ഞാൻ ആശ്വാസംകൊള്ളുകയാണ്.”
ഭാവിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ചു പഠിച്ചുകൊണ്ട് ക്ലേശത്തിലും ഫാബിയാന കാര്യമായ ആശ്വാസവും മനസ്സമാധാനവും കണ്ടെത്തിയിരിക്കുന്നു. “ബൈബിളിൽനിന്നു സത്യം മനസ്സിലാക്കുന്നത് ശോകമൂകവും ഇരുണ്ടതുമായ ഒരു സ്ഥലം വിട്ട് വ്യക്തവും ശോഭനവും സുഖകരവുമായ ഒരു മുറിയിലേക്കു പ്രവേശിക്കുന്നതുപോലെയാണ്.”—സങ്കീർത്തനം 118:5 താരതമ്യം ചെയ്യുക.
എന്നാൽ യഥാർഥ സമാധാനം ആഗോളമായി എങ്ങനെ, എപ്പോൾ വരും? പിൻവരുന്ന ലേഖനങ്ങളിൽ നമുക്കതു കാണാം.
[6-ാം പേജിലെ ചതുരം]
ക്ലേശത്തിന്റെ വിവിധ വശങ്ങൾ
◼ ലോക ജനസംഖ്യയുടെ നാലിലൊന്നു കൊടുംപട്ടിണിയിലാണ്, കൂടാതെ ദശലക്ഷക്കണക്കിനാളുകൾ ജീവിക്കുന്നത് അതിജീവനത്തിനുതന്നെ ഭീഷണിയായ നിലവാരം കുറഞ്ഞ അവസ്ഥകളിലാണ്.
◼ 20 കോടിയിലധികം കുട്ടികൾ വികലപോഷിതരാണ്.
◼ അഞ്ചു വയസ്സിനു താഴെയുള്ള മുപ്പതു ലക്ഷത്തോളം കുട്ടികൾ വർഷംതോറും വയറിളക്കംമൂലം മരിക്കുന്നു.
◼ 1993-ൽ മാത്രം പകർച്ചവ്യാധികൾ ഏതാണ്ട് 1 കോടി 65 ലക്ഷം ആളുകളുടെ ജീവനപഹരിച്ചു. ചില രാജ്യങ്ങൾ രോഗങ്ങളെ വ്യത്യസ്തമായി പട്ടികപ്പെടുത്തുന്നതുകൊണ്ട്, യഥാർഥ സംഖ്യ ഇതിലും വളരെ കൂടുതലായിരിക്കാം.
◼ 50 കോടി ആളുകൾക്ക് ഏതെങ്കിലും വിധത്തിലുള്ള മാനസിക പ്രശ്നമുണ്ട്.
◼ വേറേ ഏതൊരു പ്രായക്കാരെക്കാളുമധികമായി, യുവജനങ്ങൾക്കിടയിൽ ആത്മഹത്യാനിരക്ക് കുതിച്ചുയരുകയാണ്.
◼ “വിശപ്പും തൊഴിലില്ലായ്മയും ലോകത്തിന്റെ കളങ്കമായിത്തീർന്നിരിക്കുകയാണ്,” ദ യുനെസ്കോ കുറിയർ പ്രസ്താവിക്കുന്നു. “ലോകത്തിലെ ഏറ്റവും സമ്പന്നമായ ഏഴു രാഷ്ട്രങ്ങളിൽ 3.5 കോടി തൊഴിൽരഹിതർ ഉണ്ട്. നിത്യവൃത്തിക്കു തികയാത്ത തുച്ഛമായ വരുമാനമുള്ള ജോലിക്കാർ ബ്രസീലിൽ മാത്രം 2 കോടിയുണ്ട്.”
[7-ാം പേജിലെ ചിത്രം]
ക്ലേശങ്ങളൊന്നുമില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രാർഥന നമ്മെ സഹായിക്കും