യഹോവയിൽ സന്തോഷിപ്പിൻ!
“കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നുഞാൻ പിന്നെയും പറയുന്നു.”—ഫിലിപ്പിയർ 4:4.
1. ക്രിസ്ത്യാനികൾ എല്ലായ്പോഴും സന്തോഷിക്കണമെന്നു പറഞ്ഞപ്പോൾ പൗലോസ് ഉദ്ദേശിച്ചതെന്തായിരിക്കാമെന്നു നാം അത്ഭുതപ്പെടുന്നതെന്തുകൊണ്ട്?
ഇക്കാലത്ത്, സന്തോഷിക്കാനുള്ള കാരണങ്ങൾ തീരെ കുറവാണ്, അപൂർവവുമാണ്. പൊടിയാൽ നിർമിതമായ മനുഷ്യർ, യഥാർഥ ക്രിസ്ത്യാനികൾപോലും അഭിമുഖീകരിക്കുന്ന സ്ഥിതിവിശേഷം അവരെ ദുഃഖത്തിലാഴ്ത്തുന്നവയാണ്. ഇതിൽ തൊഴിലില്ലായ്മ, മോശമായ ആരോഗ്യസ്ഥിതി, പ്രിയപ്പെട്ടവരുടെ മരണം, വ്യക്തിത്വപ്രശ്നങ്ങൾ, അല്ലെങ്കിൽ അവിശ്വാസികളായ കുടുംബാംഗങ്ങളിൽനിന്നോ മുൻ സുഹൃത്തുക്കളിൽനിന്നോ ഉള്ള എതിർപ്പ് എന്നിവയൊക്കെ ഉൾപ്പെടും. അപ്പോൾ “എപ്പോഴും സന്തോഷിപ്പിൻ” എന്ന പൗലോസിന്റെ ആഹ്വാനം നാം എങ്ങനെ മനസ്സിലാക്കണം? നാമെല്ലാം സഹിക്കേണ്ടിവരുന്ന അസുഖകരമായ, പരിശോധനാത്മകമായ സാഹചര്യങ്ങൾ വെച്ചുനോക്കുമ്പോൾ ഇതു സാധിക്കുന്ന കാര്യമാണോ? ഇതു വ്യക്തമാകണമെങ്കിൽ ഈ വാക്കുകളുടെ സന്ദർഭം പരിശോധിച്ചാൽ മതിയാകും.
സന്തോഷിക്കുക—എന്തുകൊണ്ട്, എങ്ങനെ?
2, 3. യേശുവിന്റെയും പുരാതന ഇസ്രായേല്യരുടെയും കാര്യത്തിൽ ദൃഷ്ടാന്തീകരിച്ചിരിക്കുന്നതുപോലെ സന്തോഷത്തിനുള്ള പ്രാധാന്യമെന്ത്?
2 “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.” ഇതു നമ്മെ അനുസ്മരിപ്പിക്കുന്നത് 24 നൂററാണ്ടുകൾക്കു മുമ്പ് ഇസ്രായേല്യർക്കു കൊടുത്ത വാക്കുകളെയാണ്: “യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബഹുബലം ആകുന്നുവല്ലോ” അഥവാ മോഫററിന്റെ പരിഭാഷപ്രകാരമാണെങ്കിൽ “നിത്യനായവനിൽ സന്തോഷിക്കുകയാണു നിങ്ങളുടെ ബലം.” (നെഹെമ്യാവു 8:10) സന്തോഷം ശക്തി പകർന്നുതരുന്നതാണ്. അത് ആശ്വാസത്തിനും സംരക്ഷണത്തിനും വേണ്ടി ഓടിയണയാനുള്ള സങ്കേതം പോലെയുള്ള ഒന്നാണ്. പൂർണമനുഷ്യനായ യേശുവിനെപ്പോലും സഹിച്ചുനിൽക്കാൻ സഹായിച്ചത് ഈ സന്തോഷമായിരുന്നു. “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.” (എബ്രായർ 12:2) വ്യക്തമായും, പ്രയാസങ്ങൾക്കു നടുവിൽ സന്തോഷിക്കാൻ കഴിയുന്നതു രക്ഷയ്ക്കു മർമപ്രധാനമാണ്.
3 വാഗ്ദത്തദേശത്തേക്കു പ്രവേശിക്കുന്നതിനു മുമ്പ്, ഇസ്രായേല്യരോട് ഇങ്ങനെ കൽപ്പിച്ചിരുന്നു: “നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിന്നും തന്നിട്ടുള്ള എല്ലാനൻമയിലും നീയും ലേവ്യനും നിങ്ങളുടെ മദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കേണം.” സന്തോഷത്തോടെ യഹോവയെ സേവിക്കാൻ പരാജയപ്പെടുന്നതിന്റെ പരിണതഫലം കഠിനമായിരിക്കുമായിരുന്നു. ‘സകലവസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉൻമേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേൽ വരികയും നശിക്കുംവരെ നിന്നെ പിന്തുടർന്നുപിടിക്കയും ചെയ്യും.’—ആവർത്തനപുസ്തകം 26:11; 28:45-47.
4. നാം സന്തോഷിക്കാൻ പരാജയപ്പെട്ടേക്കാവുന്നത് എന്തുകൊണ്ട്?
4 അതുകൊണ്ട്, ഇന്നത്തെ അഭിഷിക്ത ശേഷിപ്പും “വേറെ ആടുക”ളെന്ന സഹകാരികളും സന്തോഷിക്കണമെന്നത് ആജ്ഞാദ്യോതകമാണ്! (യോഹന്നാൻ 10:16) “ഞാൻ പിന്നെയും പറയുന്നു” എന്ന ബുദ്ധ്യുപദേശം ആവർത്തിച്ചുകൊണ്ട് പൗലോസ് യഹോവ നമുക്കു ചെയ്തുതന്നിരിക്കുന്ന സകല നല്ല കാര്യങ്ങളെയുംപ്രതി സന്തോഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. നമ്മൾ അതു ചെയ്യുന്നുണ്ടോ? അല്ലെങ്കിൽ സന്തോഷിക്കാനുള്ള അനവധി കാരണങ്ങൾ നാം ചിലപ്പോഴൊക്കെ മറന്നുപോകുംവിധം അനുദിന ജീവിതചര്യയിൽ നാം അത്രയധികമായി മുഴുകുന്നുണ്ടോ? രാജ്യവും അതിന്റെ അനുഗ്രഹങ്ങളും കാഴ്ചയിൽനിന്നു മറഞ്ഞുപോകുമാറ് പ്രശ്നങ്ങൾ കുന്നുകൂടുന്നുണ്ടോ? ദൈവനിയമങ്ങളോട് അനുസരണക്കേടു കാണിക്കൽ, ദിവ്യതത്ത്വങ്ങൾ അവഗണിക്കൽ, അല്ലെങ്കിൽ ക്രിസ്തീയ കടമകൾ വിട്ടുകളയൽ എന്നിങ്ങനെയുള്ള മററു സംഗതികൾ നമ്മുടെ സന്തോഷത്തെ കെടുത്തിക്കളയാൻ നാം അനുവദിക്കുന്നുണ്ടോ?
5. ന്യായയുക്തനല്ലാത്ത ഒരു മനുഷ്യനു സന്തോഷിക്കാൻ ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
5 “നിങ്ങളുടെ സൌമ്യത [“ന്യായയുക്തത,” NW] സകല മനുഷ്യരും അറിയട്ടെ. കർത്താവു വരുവാൻ അടുത്തിരിക്കുന്നു.” (ഫിലിപ്പിയർ 4:5) ന്യായയുക്തനല്ലാത്ത ഒരു മനുഷ്യനു സമനിലയുണ്ടായിരിക്കയില്ല. അനാവശ്യമായ പിരിമുറുക്കത്തിനോ ഉത്കണ്ഠയ്ക്കോ ശരീരത്തെ അനാവശ്യമായി വിധേയമാക്കിക്കൊണ്ട് തന്റെ ആരോഗ്യം വേണ്ടവണ്ണം പരിപാലിക്കുന്നതിൽ അയാൾ പരാജയപ്പെട്ടേക്കാം. ഒരുപക്ഷേ, തന്റെ പരിമിതികളെ അംഗീകരിച്ച് അതിനു ചേർച്ചയിലുള്ള ഒരു ജീവിതം നയിക്കാൻ അയാൾ പഠിച്ചിട്ടില്ലായിരിക്കാം. അയാൾ വളരെ ഉയർന്ന ലക്ഷ്യങ്ങൾ വെച്ച് അതിനു വേണ്ടിവരുന്ന ത്യാഗങ്ങൾ കണക്കിലെടുക്കാതെ എത്തിപ്പിടിക്കാൻ ശ്രമിക്കുകയാവാം. അല്ലെങ്കിൽ അയാൾ തന്റെ പരിമിതികളെ ഒരു ന്യായമായി എടുത്തുകാട്ടിക്കൊണ്ട് മന്ദഗതിയിലാകാനോ ശുഷ്കാന്തിയില്ലാത്തവനാകാനോ ശ്രമിക്കുകയാവാം. സമനിലയും ന്യായയുക്തതയും ഇല്ലാത്തതുകൊണ്ട്, അദ്ദേഹത്തിനു സന്തോഷിക്കാൻ ബുദ്ധിമുട്ടായിരിക്കും.
6. (എ) സഹക്രിസ്ത്യാനികൾ നമ്മെ എന്തായി കാണണം, ഇത് ഇങ്ങനെയായിരിക്കുന്നത് എപ്പോൾ മാത്രം? (ബി) 2 കൊരിന്ത്യർ 1:24-ലെയും റോമർ 14:4-ലെയും പൗലോസിന്റെ വാക്കുകൾ ന്യായയുക്തരായിരിക്കാൻ നമ്മെ സഹായിക്കുന്നതെങ്ങനെ?
6 എതിരാളികൾ നമ്മെ മതഭ്രാന്തൻമാരായി വീക്ഷിച്ചാൽപ്പോലും, നമ്മുടെ ന്യായയുക്തത കാണാൻ സഹക്രിസ്ത്യാനികൾക്കു കഴിയണം. നമുക്കു സമനിലയുണ്ടെങ്കിൽ, നാം നമ്മിൽനിന്നോ മററുള്ളവരിൽനിന്നോ പൂർണത പ്രതീക്ഷിക്കുന്നില്ലെങ്കിൽ അവർ അതു ചെയ്യും. അതിലുപരി, ദൈവവചനം ആവശ്യപ്പെടുന്നതിനുമപ്പുറം പോകുന്ന ഭാരങ്ങൾ മററുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നതിൽനിന്നു നാം പിൻവാങ്ങണം. “നിങ്ങളുടെ വിശ്വാസത്തിൻമേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രേ” എന്ന് അപ്പോസ്തലനായ പൗലോസ് പറയുകയുണ്ടായി. (2 കൊരിന്ത്യർ 1:24) അധികാരസ്ഥാനത്തുള്ളവർ ഉണ്ടാക്കി അടിച്ചേൽപ്പിക്കുന്ന അയവില്ലാത്ത നിയമങ്ങൾ സന്തോഷത്തിന്റെ കഴുത്തു ഞെരിക്കുമെന്നും എന്നാൽ അതേസമയം സഹപ്രവർത്തകർ നൽകുന്ന സഹായകരമായ നിർദേശങ്ങൾ അതിനെ വർധിപ്പിക്കുമെന്നും ഒരു മുൻ പരീശനെന്ന നിലയിൽ പൗലോസിന് അറിയാമായിരുന്നു. “കർത്താവ് അടുത്തെത്തിയിരിക്കുന്നു”വെന്ന വസ്തുത ന്യായയുക്തനായ മനുഷ്യനെ പിൻവരുന്ന സംഗതികൾ അനുസ്മരിപ്പിക്കണം: നാം “മറെറാരുത്തന്റെ ദാസനെ വിധി”ക്കാൻ പാടില്ല. “അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ.”—റോമർ 14:4.
7, 8. ക്രിസ്ത്യാനികൾ പ്രശ്നങ്ങളുണ്ടാകാൻ പ്രതീക്ഷിക്കേണ്ടത് എന്തുകൊണ്ട്, എങ്കിലും സന്തോഷിക്കുന്നതിൽ തുടരാൻ അവർക്കു കഴിയുന്നതെങ്ങനെ?
7 “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.” (ഫിലിപ്പിയർ 4:6) പൗലോസ് എഴുതിയ “ഇടപെടാൻ പ്രയാസമായ സമയങ്ങൾ” നാം ഇന്ന് അനുഭവിക്കുകയാണ്. (2 തിമോത്തി 3:1-5, NW) അതുകൊണ്ട്, ക്രിസ്ത്യാനികൾ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ പ്രതീക്ഷിക്കണം. വല്ലപ്പോഴുമൊക്കെ ഒരു വിശ്വസ്ത ക്രിസ്ത്യാനിക്കു നിരാശയുടെയോ മടുപ്പിന്റെയോ അനുഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെ “എപ്പോഴും സന്തോഷിപ്പിൻ” എന്ന പൗലോസിന്റെ വാക്കുകൾ തള്ളിക്കളയുന്നില്ല. പൗലോസ് തന്റെ സ്വന്തം കാര്യം യാഥാർഥ്യബോധത്തോടെ ഇങ്ങനെ സമ്മതിക്കുകയുണ്ടായി: “ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല.” (2 കൊരിന്ത്യർ 4:8, 9) എന്നുവരികിലും, ഒരു ക്രിസ്ത്യാനിയുടെ സന്തോഷം, ആത്യന്തികമായി ഉത്കണ്ഠയുടെയും ദുഃഖത്തിന്റെയും താത്കാലിക ഘട്ടങ്ങളെ ലഘൂകരിക്കുകയും ക്രമേണ മറികടക്കുകയും ചെയ്യുന്നു. സന്തോഷിക്കാനുള്ള അനവധി കാരണങ്ങൾ ഒരിക്കലും മറന്നുകളയാതെ മുന്നേറിക്കൊണ്ടിരിക്കാൻ ആവശ്യമായ ശക്തി അതു പ്രദാനം ചെയ്യുന്നു.
8 പ്രശ്നങ്ങളുടെ സ്വഭാവം എന്തുതന്നെയായാലും, അവ ഉടലെടുക്കുമ്പോൾ സന്തോഷവാനായ ക്രിസ്ത്യാനി പ്രാർഥനയിലൂടെ യഹോവയുടെ സഹായത്തിനായി താഴ്മയോടെ കേണപേക്ഷിക്കുന്നു. അയാൾ ക്രമാതീതമായി ഉത്കണ്ഠപ്പെടുന്നില്ല. പ്രശ്നം പരിഹരിക്കാൻ ന്യായയുക്തമായി തന്നാൽ കഴിയുന്നതെല്ലാം ചെയ്തശേഷം അയാൾ അതു യഹോവയുടെ കരങ്ങളിലേൽപ്പിക്കുന്നു. “നിന്റെ ഭാരം യഹോവയുടെ മേൽ വെച്ചുകൊൾക” എന്ന ക്ഷണത്തിനു ചേർച്ചയിലാണ് അയാൾ അങ്ങനെ ചെയ്യുന്നത്. അതിനിടയിൽ, ഒരു ക്രിസ്ത്യാനി യഹോവയുടെ സകല നൻമകൾക്കും അവനു നന്ദി കൊടുത്തുകൊണ്ടേയിരിക്കുന്നു.—സങ്കീർത്തനം 55:22; ഇതുകൂടെ കാണുക: മത്തായി 6:25-34.
9. സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനം മനസ്സമാധാനം നൽകുന്നതെങ്ങനെ, ഇത് ഒരു ക്രിസ്ത്യാനിയിൽ എന്തു ഫലമുളവാക്കുന്നു?
9 “എന്നാൽ സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:7) ബൈബിൾ സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനം ക്രിസ്ത്യാനിയുടെ മനസ്സിനെ വ്യാജത്തിൽനിന്നു വിടുവിക്കുകയും ആരോഗ്യാവഹമായ ചിന്താരീതികൾ വികസിപ്പിച്ചെടുക്കാൻ അയാളെ സഹായിക്കുകയും ചെയ്യും. (2 തിമൊഥെയൊസ് 1:13) അങ്ങനെ, മററുള്ളവരുമായുള്ള സമാധാനപൂർണമായ ബന്ധങ്ങളെ അപകടപ്പെടുത്തുന്ന തെററായ അല്ലെങ്കിൽ ബുദ്ധിമോശമായ പെരുമാററങ്ങൾ ഒഴിവാക്കാൻ അയാൾ സഹായിക്കപ്പെടുന്നു. അനീതിയിലും ദുഷ്ടതയിലും കുണ്ഠിതപ്പെടുന്നതിനുപകരം, രാജ്യത്തിലൂടെ മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ അയാൾ യഹോവയിൽ ആശ്രയം വെക്കുന്നു. അത്തരം മനസ്സമാധാനം അയാളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു, അയാളുടെ ആന്തരങ്ങളെ നിർമലമായി കാക്കുന്നു, നീതിയുടെ മാർഗത്തിൽ ചിന്തയെ നയിക്കുന്നു. അതിന്റെ ഫലമെന്നോണം, കുഴഞ്ഞുമറിഞ്ഞ ഈ ലോകം എത്ര പ്രശ്നങ്ങളും സമ്മർദങ്ങളും വരുത്തിക്കൂട്ടിയാലും, നിർമലമായ ആന്തരങ്ങളും ശരിയായ ചിന്തയും നമുക്കു സന്തോഷിക്കാൻ എണ്ണമററ കാരണങ്ങൾ നൽകുന്നു.
10. എന്തിനെപ്പററി സംസാരിച്ചാൽ അഥവാ ചിന്തിച്ചാൽ മാത്രമേ യഥാർഥ സന്തോഷം ലഭിക്കുകയുള്ളൂ?
10 “ഒടുവിൽ സഹോദരൻമാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സൽക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.” (ഫിലിപ്പിയർ 4:8) മോശമായ സംഗതികളെക്കുറിച്ചു സംസാരിക്കുന്നതിലോ ചിന്തിക്കുന്നതിലോ ഒരു ക്രിസ്ത്യാനിക്ക് ഒരു സുഖവും തോന്നുന്നില്ല. ഇതിനാൽ ലോകം വെച്ചുനീട്ടുന്ന വിനോദങ്ങളിൽ ഏറിയപങ്കും സ്വതവേ ഒഴിവായിപ്പോകുന്നു. വ്യാജം, വ്യർഥഭാഷണം എന്നിവയെക്കൊണ്ടും അന്യായമായ, അധാർമികമായ, പുണ്യമല്ലാത്ത, വിദ്വേഷപൂരിതമായ, അറപ്പുളവാക്കുന്ന കാര്യങ്ങൾകൊണ്ടും മനസ്സിനെയും ഹൃദയത്തെയും നിറയ്ക്കുന്ന ആർക്കും ക്രിസ്തീയ സന്തോഷം നിലനിർത്താനാവില്ല. ചുരുക്കത്തിൽ, മനസ്സിലും ഹൃദയത്തിലും മാലിന്യം നിറച്ചുകൊണ്ട് ആർക്കും യഥാർഥ സന്തോഷം കണ്ടെത്താനാവില്ല. സാത്താന്റെ അഴുകിയ ലോകത്തിൽ, ചിന്തിക്കാനും ചർച്ച ചെയ്യാനും ക്രിസ്ത്യാനികൾക്ക് അനേകം കാര്യങ്ങളുണ്ടെന്ന് അറിയുന്നത് എത്ര പരിപുഷ്ടിദായകമാണ്!
സന്തോഷിക്കാൻ കണക്കററ കാരണങ്ങൾ
11. (എ) ഒരിക്കലും നിസ്സാരമായി കാണാൻ പാടില്ലാത്തത് എന്തിനെ, എന്തുകൊണ്ട് പാടില്ല? (ബി) ഒരു സാർവദേശീയ കൺവെൻഷനിൽ പങ്കെടുത്തപ്പോൾ അത് ഒരു പ്രതിനിധിയിലും അയാളുടെ ഭാര്യയിലും എന്തു ഫലമുളവാക്കി?
11 സന്തോഷിക്കാനുള്ള കാരണങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ നമ്മുടെ സാർവദേശീയ സാഹോദര്യത്തെ നമുക്കു മറക്കാതിരിക്കാം. (1 പത്രൊസ് 2:17) ലോകത്തിലെ ദേശീയവും വംശീയവുമായ സമൂഹങ്ങൾ പരസ്പരം കടുത്ത വിദ്വേഷം പ്രകടമാക്കുമ്പോൾ ദൈവജനത സ്നേഹത്തിൽ തമ്മിലടുക്കുകയാണ്. സാർവദേശീയ കൺവെൻഷനുകളിൽ അവരുടെ ഈ ഐക്യം വിശേഷാൽ ദൃശ്യമാണ്. 1993-ൽ ഉക്രെയിനിലെ കീവിൽ നടന്ന ഒരു കൺവെൻഷനെക്കുറിച്ച് ഐക്യനാടുകളിൽനിന്നുള്ള ഒരു പ്രതിനിധി എഴുതി: “സന്തോഷാശ്രുക്കൾ, തിളക്കമാർന്ന കണ്ണുകൾ, കുടുംബാംഗങ്ങൾതമ്മിലെന്നപോലെ നിറുത്താതെയുള്ള ആലിംഗനം, വർണശബളമായ നിവർത്തിയ കുടകളും തുവാലകളും വീശി സ്റേറഡിയത്തിന്റെ വശങ്ങളിലേക്കു പരസ്പരം കൈമാറുന്ന ആശംസകൾ എന്നിവയെല്ലാം ദിവ്യാധിപത്യ ഐക്യത്തിന്റെ തെളിവായിരുന്നു. യഹോവ അത്ഭുതകരമായി സാധ്യമാക്കിയ ലോകവ്യാപക സാഹോദര്യത്തിൽ ഞങ്ങളുടെ ഹൃദയം അഭിമാനപുളകിതമായി. എന്റെയും ഭാര്യയുടെയും ഹൃദയത്തെ തൊട്ടുണർത്തിയ ഈ സംഭവം ഞങ്ങളുടെ വിശ്വാസത്തിനു പുതിയ മാനങ്ങൾ കൈവരുത്തി.”
12. യെശയ്യാവു 60:22 നമ്മുടെ കൺമുമ്പിൽത്തന്നെ നിറവേറിക്കൊണ്ടിരിക്കുന്നതെങ്ങനെ?
12 ഇന്നു തങ്ങളുടെ കൺമുമ്പിൽത്തന്നെ, ബൈബിൾ പ്രവചനങ്ങൾ നിവർത്തിക്കുന്നതു കാണുമ്പോൾ അതു ക്രിസ്ത്യാനികളുടെ വിശ്വാസത്തിന് എത്ര കരുത്തേകുന്നു! ഉദാഹരണത്തിന്, യെശയ്യാവു 60:22-ലെ വാക്കുകൾ എടുക്കുക: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.” രാജ്യം പിറവിയെടുത്ത 1914-ൽ സജീവ പ്രസംഗകരായി 5,100 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, തികച്ചും കുറഞ്ഞവൻതന്നെ. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ, ലോകവ്യാപക സാഹോദര്യത്തിന്റെ വലിപ്പം ആഴ്ചതോറും വർധിക്കുകയായിരുന്നു—ശരാശരി 5,628 പുതുതായി സ്നാപനമേററ സാക്ഷികൾ വീതം! 1993-ൽ 47,09,889 സജീവ ശുശ്രൂഷകരുടെ ഒരു അത്യുച്ചം നേടുകയുണ്ടായി. ഒന്നു വിഭാവന ചെയ്യുക! 1914-ലെ “കുറഞ്ഞവൻ” അക്ഷരാർഥത്തിൽത്തന്നെ “ആയിര”മായിത്തീരുന്നതിനോട് അടുത്തെത്തിയിരിക്കുന്നു!
13. (എ) 1914 മുതൽ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു? (ബി) 2 കൊരിന്ത്യർ 9:7-ലെ പൗലോസിന്റെ വാക്കുകളിൽ അടങ്ങിയിരിക്കുന്ന തത്ത്വം യഹോവയുടെ സാക്ഷികൾ ബാധകമാക്കുന്നതെങ്ങനെ?
13 1914 മുതൽ മിശിഹൈക രാജാവ് തന്റെ ശത്രുക്കളുടെ മധ്യേ കീഴടക്കിക്കൊണ്ടു പുറപ്പെട്ടിരിക്കുകയാണ്. ലോകവ്യാപക പ്രസംഗവേലയും സാർവദേശീയ നിർമാണവേലയും നിർവഹിക്കുന്നതിനു തങ്ങളുടെ സമയവും ശക്തിയും പണവും സംഭാവന ചെയ്തുകൊണ്ട് അവന്റെ ഭരണത്തെ മനുഷ്യ അനുഗാമികൾ സ്വമനസ്സാലെ പിന്തുണച്ചിരിക്കുന്നു. (സങ്കീർത്തനം 110:2, 3) പണപരമായ സംഭാവനകൾ ഇത്തരം പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി ഉപയോഗിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ അതീവ സന്തുഷ്ടരാണ്. എന്നാൽ അവരുടെ യോഗങ്ങളിൽ പണത്തിനുവേണ്ടിയുള്ള അഭ്യർഥനകൾ ഒരിക്കലും നടത്തുന്നില്ല.a (താരതമ്യം ചെയ്യുക: 1 ദിനവൃത്താന്തം 29:9.) ദാനം ചെയ്യുന്നതിനു സത്യക്രിസ്ത്യാനികളെ കുത്തിക്കുത്തി പ്രേരിപ്പിക്കേണ്ടതില്ല; തങ്ങളുടെ സാഹചര്യത്തിനു ചേർച്ചയിൽ തങ്ങളുടെ രാജാവിനെ പിന്തുണക്കുന്നത് ഒരു പദവിയായി വീക്ഷിക്കുന്ന അവർ ഓരോരുത്തരും ‘ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കുന്നു. സങ്കടത്തോടെയുമല്ല, നിർബ്ബന്ധത്താലുമല്ല.’—2 കൊരിന്ത്യർ 9:7.
14. സന്തോഷിക്കാൻ എന്തു കാരണം നൽകിക്കൊണ്ട് ദൈവജനത്തിന്റെ ഇടയിൽ 1919 മുതൽ ഏത് അവസ്ഥ വ്യക്തമായിത്തീർന്നിരിക്കുന്നു?
14 ദൈവജനത്തിനിടയിലെ മുൻകൂട്ടിപ്പറയപ്പെട്ട സത്യാരാധനയുടെ പുനഃസ്ഥാപനം ഒരു ആത്മീയ പറുദീസ രൂപംകൊള്ളുന്നതിൽ കലാശിച്ചിരിക്കുന്നു. 1919 മുതൽ അതിന്റെ അതിർത്തികൾ ക്രമാനുഗതമായി വ്യാപിച്ചിരിക്കുന്നു. (സങ്കീർത്തനം 14:7; യെശയ്യാവു 52:9, 10) ഫലമോ? സത്യക്രിസ്ത്യാനികൾ “ആനന്ദവും സന്തോഷവും” അനുഭവിക്കുന്നു. (യെശയ്യാവു 51:11) ദൈവത്തിന്റെ പരിശുദ്ധാത്മാവിന് അപൂർണ മനുഷ്യരെ ഉപയോഗിച്ചുകൊണ്ട് എന്തു സാധ്യമാക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് അതിലൂടെ ലഭിച്ച നല്ല ഫലം. ഇതിനുള്ള സകല സ്തുതിയും മഹത്ത്വവും യഹോവക്കുള്ളതാണ്. എന്നാൽ ദൈവത്തിന്റെ കൂട്ടുവേലക്കാർ ആയിത്തീരുന്നതിനെക്കാൾ വലിയ എന്തു പദവിയാണുള്ളത്? (1 കൊരിന്ത്യർ 3:9) ആവശ്യമായിവരുന്നപക്ഷം, കല്ലുകളെ ഉപയോഗിച്ച് സത്യത്തിന്റെ സന്ദേശം വിളിച്ചുപറയിപ്പിക്കാനുള്ള ശക്തി യഹോവക്കുണ്ട്. എന്നിരുന്നാലും, അത്തരം രീതികൾ അവലംബിക്കുന്നതിനുപകരം തന്റെ ഇഷ്ടം നിവർത്തിക്കാൻ പൊടിയിൽനിന്നു നിർമിതമായ മനസ്സൊരുക്കമുള്ള സൃഷ്ടികളെ പ്രേരിപ്പിക്കാനാണ് അവൻ തീരുമാനിച്ചത്.—ലൂക്കൊസ് 19:40.
15. (എ) ഏത് ആധുനിക സംഭവവികാസങ്ങളാണു നാം താത്പര്യത്തോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്? (ബി) ഏതു സംഭവമാണു നാം സന്തോഷത്തോടെ ഉററുനോക്കിക്കൊണ്ടിരിക്കുന്നത്?
15 പ്രധാന ബൈബിൾ പ്രവചനങ്ങളുമായി ബന്ധപ്പെട്ട ലോകസംഭവങ്ങൾ വീക്ഷിക്കുന്ന യഹോവയുടെ സാക്ഷികൾ അത്ഭുതസ്തബ്ധരാവുകയാണ്. ഒരു ഉറച്ച സമാധാന അന്തരീക്ഷം കൈവരിക്കാൻ രാഷ്ട്രങ്ങൾ കഠിന പ്രയത്നം ചെയ്യുകയാണ്. എന്നാൽ അതു പാഴ്വേലയായിത്തീരുകയാണ്. ലോകത്തിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് അഭ്യർഥിക്കാൻ സംഭവവികാസങ്ങൾ അവരെ പ്രേരിപ്പിക്കുന്നു. (വെളിപ്പാടു 13:15-17) അതിനിടയിൽ, എക്കാലത്തേക്കുമായി സംഭവിക്കാനുള്ള ഏററവും സന്തോഷകരമായ സംഭവങ്ങളിലൊന്നിലേക്കു ദൈവജനം ഇപ്പോൾത്തന്നെ വലിയ പ്രതീക്ഷയോടെ ഉററുനോക്കുകയാണ്. അതാകട്ടെ, ദിവസംചെല്ലുന്തോറും അടുത്തടുത്തുകൊണ്ടിരിക്കുകയാണുതാനും. “നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.”—വെളിപ്പാടു 19:7.
പ്രസംഗിക്കൽ—ഒരു ഭാരമോ സന്തോഷമോ?
16. പഠിച്ചിരിക്കുന്നതു പ്രാവർത്തികമാക്കാൻ പരാജയപ്പെട്ടാൽ അതിന് ഒരു ക്രിസ്ത്യാനിയുടെ സന്തോഷത്തെ എങ്ങനെ കെടുത്തിക്കളയാനാകുമെന്നു ദൃഷ്ടാന്തീകരിക്കുക.
16 “എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.” (ഫിലിപ്പിയർ 4:9) പഠിച്ചിരിക്കുന്നതു പ്രാവർത്തികമാക്കുകവഴി, ദൈവാനുഗ്രഹം ലഭിക്കുമെന്നു ക്രിസ്ത്യാനികൾക്കു പ്രതീക്ഷിക്കാനാവും. മററുള്ളവരോടു സുവാർത്ത പ്രസംഗിക്കേണ്ടത് അത്യാവശ്യമാണെന്നതാണ് അവർ പഠിച്ചിരിക്കുന്ന ഏററവും പ്രധാനപ്പെട്ട സംഗതികളിലൊന്ന്. പരമാർഥഹൃദയർക്കു വിവരങ്ങൾ കൈമാറാതിരിക്കുന്നുവെങ്കിൽ, വിശേഷിച്ച് അവരുടെ ജീവൻ അതു കേൾക്കുന്നതിൽ ആശ്രയിച്ചിരിക്കുന്നുവെങ്കിൽ, തീർച്ചയായും ആർക്കാണു മനസ്സമാധാനമുണ്ടാവുക, സന്തോഷമുണ്ടാവുക?—യെഹെസ്കേൽ 3:17-21; 1 കൊരിന്ത്യർ 9:16; 1 തിമൊഥെയൊസ് 4:16.
17. നമ്മുടെ പ്രസംഗപ്രവർത്തനം എന്നും സന്തോഷത്തിന്റെ ഒരു ഉറവായിരിക്കേണ്ടത് എന്തുകൊണ്ട്?
17 ചെമ്മരിയാടുതുല്യരായവർ യഹോവയെക്കുറിച്ചു പഠിക്കാൻ മനസ്സൊരുക്കം കാട്ടുന്നതു കാണാനാകുന്നത് എന്തൊരു സന്തോഷമാണ്! തീർച്ചയായും ശരിയായ ആന്തരത്തോടെ സേവിക്കുന്നവർക്കു രാജ്യസേവനം സന്തോഷത്തിന്റെ ഉറവായിരിക്കും. ഇത് എന്തുകൊണ്ടെന്നറിയാൻ യഹോവയുടെ സാക്ഷിയായിരിക്കുന്നതിന്റെ മുഖ്യ കാരണം നോക്കിയാൽ മതി. അത് അവന്റെ നാമത്തെ പുകഴ്ത്തുക, പരമാധികാര ഭരണാധിപൻ എന്നനിലയിൽ അവന്റെ സ്ഥാനത്തെ ഉയർത്തിപ്പിടിക്കുക എന്നിവയാണ്. (1 ദിനവൃത്താന്തം 16:31) താൻ കൊടുക്കുന്ന സുവാർത്തയെ ആളുകൾ ചിന്താശൂന്യമായി തിരസ്കരിക്കുമ്പോൾപ്പോലും ഈ വസ്തുത തിരിച്ചറിയുന്ന വ്യക്തി സന്തോഷിക്കും. അവിശ്വാസികളോടു പ്രസംഗിക്കുന്നത് ഒരു നാൾ അവസാനിക്കുമെന്നും എന്നാൽ അതേസമയം യഹോവയുടെ നാമത്തെ സ്തുതിക്കൽ എന്നെന്നേക്കും തുടരുമെന്നും അയാൾക്ക് അറിയാം.
18. യഹോവയുടെ ഇഷ്ടം ചെയ്യാൻ ഒരു ക്രിസ്ത്യാനിയെ പ്രേരിപ്പിക്കുന്നതെന്ത്?
18 യഹോവ ആവശ്യപ്പെടുന്ന സംഗതികൾ ചെയ്യാൻ സത്യമതം അത് ആചരിക്കുന്നവരെ ഉത്തേജിപ്പിക്കുന്നു. അതാകട്ടെ, അവർ ചെയ്യേണ്ടതുകൊണ്ടല്ല, അവർ ചെയ്യാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്. (സങ്കീർത്തനം 40:8; യോഹന്നാൻ 4:34) ഇതു മനസ്സിലാക്കാൻ അനേകമാളുകൾക്കും ബുദ്ധിമുട്ടാണ്. തന്നെ സന്ദർശിക്കുകയായിരുന്ന ഒരു സാക്ഷിയോട് ഒരിക്കൽ ഒരു സ്ത്രീ പറഞ്ഞു: “ഇതിനു ഞാൻ നിങ്ങളെ പ്രശംസിച്ചേ മതിയാകൂ. നിങ്ങൾ ചെയ്യുന്നതുപോലെ എന്റെ മതത്തെക്കുറിച്ചു വീടുതോറും പ്രസംഗിക്കാൻ ഞാനാണെങ്കിൽ ഒരിക്കലും പോകുകയില്ലായിരുന്നു.” ഒരു ചെറുപുഞ്ചിരിയോടെ സാക്ഷി പറഞ്ഞു: “നിങ്ങളുടെ മനോഗതം എനിക്കു മനസ്സിലാവുന്നുണ്ട്. ഞാൻ യഹോവയുടെ സാക്ഷി ആകുന്നതിനുമുമ്പായിരുന്നെങ്കിൽ എന്നെക്കൊണ്ടു മററാളുകളുടെ അടുക്കൽ പോയി മതത്തെക്കുറിച്ചു സംസാരിപ്പിക്കാൻ നിങ്ങൾക്ക് ആകുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതു ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.” ഒരു നിമിഷം ചിന്തിച്ചശേഷം ആ സ്ത്രീ നിഗമനം ചെയ്തു: “അപ്പോൾ വ്യക്തമായും എന്റെ മതത്തിനില്ലാത്ത എന്തോ ഒന്നു നിങ്ങളുടെ മതത്തിനു നൽകാനുണ്ട്. അങ്ങനെയെങ്കിൽ അതൊന്നു പരിശോധിക്കണമല്ലോ.”
19. മുമ്പെന്നത്തെക്കാൾ സന്തോഷിക്കാനുള്ള സമയം ഇപ്പോഴായിരിക്കുന്നത് എന്തുകൊണ്ട്?
19 രാജ്യഹാളുകളിൽ സ്പഷ്ടമായി പ്രദർശിപ്പിച്ചിരിക്കുന്ന 1994-ലെ വാർഷികവാക്യം നമ്മെ നിരന്തരം അനുസ്മരിപ്പിക്കുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക.” (സദൃശവാക്യങ്ങൾ 3:5) സന്തോഷിക്കുന്നതിനാണെങ്കിൽ, നാം അഭയംതേടുന്ന സങ്കേതമായ യഹോവയിൽ നമ്മുടെ ആശ്രയം വെക്കുന്നതിനെക്കാൾ വലിയ കാരണമുണ്ടോ? “നീതിമാൻ യഹോവയിൽ ആനന്ദിച്ചു അവനെ ശരണമാക്കു”മെന്നു സങ്കീർത്തനം 64:10 വിശദമാക്കുന്നു. ചാഞ്ചാടാനോ വിട്ടുകളയാനോ ഉള്ള സമയമല്ല ഇത്. ഹാബേലിന്റെ നാളുകൾ മുതൽ യഹോവയുടെ ദാസൻമാർ കാണാൻ കൊതിച്ച യാഥാർഥ്യത്തിലേക്കു നമ്മെ കൂടുതൽക്കൂടുതൽ അടുപ്പിക്കുകയാണ് കടന്നുപോകുന്ന ഓരോ മാസവും. സന്തോഷിക്കാൻ ഇത്രയധികം കാരണങ്ങൾ ഒരുകാലത്തും നമുക്കുണ്ടായിരുന്നിട്ടില്ലെന്ന് അറിഞ്ഞുകൊണ്ട്, മുഴു ഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കാനുള്ള സമയം ഇപ്പോഴാണ്!
[അടിക്കുറിപ്പ്]
a കൺവെൻഷനുകളിലും മാസത്തിലൊരിക്കൽ സഭകളിലും സ്വമേധയാ ലഭിച്ച സംഭാവനകളുടെ തുക, ചെലവായ തുക എന്നിവ സൂചിപ്പിക്കുന്ന ഒരു ഹ്രസ്വമായ പ്രസ്താവന വായിച്ചുകേൾപ്പിക്കാറുണ്ട്. അത്തരം സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അറിയിക്കുന്ന എഴുത്തുകളും കൂടെക്കൂടെ അയയ്ക്കാറുണ്ട്. അങ്ങനെ ഓരോരുത്തരെയും യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയുടെ സാമ്പത്തിക നിലയെക്കുറിച്ച് ഓർമിപ്പിക്കുന്നു.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ നെഹെമ്യാവു 8:10 പറയുന്നതനുസരിച്ചു നാം സന്തോഷിക്കേണ്ടത് എന്തുകൊണ്ട്?
◻ ആവർത്തനപുസ്തകം 26:11-ഉം 28:45-47-ഉം സന്തോഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രകടമാക്കുന്നതെങ്ങനെ?
◻ എല്ലായ്പോഴും സന്തോഷിക്കാൻ ഫിലിപ്പിയർ 4:4-9-നു നമ്മെ സഹായിക്കാൻ കഴിയുന്നതെങ്ങനെ?
◻ 1994-ലെ വാർഷികവാക്യം നമുക്കു സന്തോഷിക്കാൻ എന്തു കാരണം നൽകുന്നു?
[16-ാം പേജിലെ ചിത്രം]
ഒരു സാർവദേശീയ സഹോദരവർഗത്തിന്റെ ഭാഗമായിരിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്ന റഷ്യൻ, ജർമൻ സാക്ഷികൾ
[17-ാം പേജിലെ ചിത്രം]
മററുള്ളവരുമായി സത്യം പങ്കുവെക്കൽ സന്തോഷിക്കാനുള്ള ഒരു കാരണം