നിങ്ങൾക്ക് ആത്മീയ പുരോഗതി കൈവരിക്കാനാകും
യഥാർഥ മൂല്യം തിരിച്ചറിയാൻ പ്രയാസമാണ്. വജ്രങ്ങളുടെ കാര്യത്തിൽ അതു ശരിയാണ്. മിനുക്കിയ വജ്രം വെട്ടിത്തിളങ്ങുമെങ്കിലും മിനുക്കാത്തതിന്റെ തിളക്കം കുറഞ്ഞിരിക്കും. എങ്കിലും, മിനുക്കാത്ത വജ്രത്തിനുള്ളിൽ മനോഹരമായ ഒരു രത്നത്തിനുള്ള എല്ലാ സാധ്യതകളും ഒളിഞ്ഞിരിക്കുന്നു.
പല വിധങ്ങളിലും ക്രിസ്ത്യാനികൾ മിനുക്കാത്ത വജ്രങ്ങൾ പോലെയാണ്. നാം പൂർണതയിൽനിന്നു ബഹുദൂരം അകലെയാണെങ്കിലും യഹോവ വിലമതിക്കുന്ന ഒരു അന്തഃസ്ഥിത മൂല്യം നമുക്കുണ്ട്. വജ്രങ്ങൾപോലെ, നമുക്കെല്ലാവർക്കും തനതായ ഗുണങ്ങളുണ്ട്. ഹൃദയംഗമമായ ആഗ്രഹമുണ്ടെങ്കിൽ കൂടുതലായ ആത്മീയ പുരോഗതി കൈവരിക്കാൻ നമുക്കോരോരുത്തർക്കും സാധിക്കും. യഹോവയ്ക്കു കൂടുതൽ മഹത്ത്വം കരേറ്റുന്ന വിധത്തിൽ നമ്മുടെ വ്യക്തിത്വങ്ങളെ മിനുക്കിയെടുക്കാൻ കഴിയും.—1 കൊരിന്ത്യർ 10:31.
ഒരു വജ്രം മുറിച്ചെടുത്ത് മിനുക്കിക്കഴിഞ്ഞാൽ അതിന്റെ ഗുണങ്ങളെ കൂടുതലായി പ്രതിഫലിപ്പിക്കുന്ന ഒരു പശ്ചാത്തലത്തിൽ അതു വെക്കുന്നു. സമാനമായി, നാം ‘സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചാൽ’ വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ അഥവാ നിയമനങ്ങളിൽ യഹോവയ്ക്കു നമ്മെ ഉപയോഗിക്കാനാകും.—എഫെസ്യർ 4:20-24.
അത്തരം ആത്മീയ പുരോഗതി സ്വതവേ ഉണ്ടാകുന്നില്ല. ഒരു വജ്രം അതിന്റെ സ്വാഭാവികാവസ്ഥയിൽ ഒരു രത്നംപോലെ വെട്ടിത്തിളങ്ങുന്നില്ലല്ലോ. നാം ദീർഘകാലമായുള്ള ഒരു ദൗർബല്യം പരിഹരിക്കുകയോ ഉത്തരവാദിത്വം സ്വീകരിക്കുന്നതു സംബന്ധിച്ച് മനോഭാവത്തിൽ മാറ്റം വരുത്തുകയോ ആത്മീയമായി ചടഞ്ഞ ഒരവസ്ഥയിൽനിന്നു പുറത്തുവരാൻ കഠിനശ്രമം നടത്തുകയോപോലും ചെയ്യേണ്ടതുണ്ടായിരിക്കാം. എന്നാൽ യഥാർഥ ആഗ്രഹമുള്ളപക്ഷം നമുക്കു പുരോഗതി കൈവരിക്കാനാകും. എന്തെന്നാൽ നമുക്കു “സാധാരണയിൽ കവിഞ്ഞ ശക്തി” നൽകാൻ യഹോവയാം ദൈവത്തിനു സാധിക്കും.—2 കൊരിന്ത്യർ 4:7, NW; ഫിലിപ്പിയർ 4:13.
യഹോവ തന്റെ ദാസന്മാരെ ശക്തീകരിക്കുന്നു
വജ്രം മുറിച്ച് രൂപപ്പെടുത്തിയെടുക്കാൻ സൂക്ഷ്മമായ അറിവിൽനിന്ന് ഉളവാകുന്ന ആത്മവിശ്വാസം അനിവാര്യമാണ്. കാരണം, മിനുക്കാത്ത വജ്രത്തിൽനിന്ന് ഒരു ഭാഗം മുറിച്ചുമാറ്റിയാൽപ്പിന്നെ അത് ഉപയോഗിക്കാൻ കഴിയാതാകും. വിലകൂടിയ വജ്രക്കല്ല് മനസ്സിനിണങ്ങുന്ന രൂപത്തിൽ ആക്കിയെടുക്കാൻ അതിന്റെ കുറെ ഭാഗം—ചിലപ്പോൾ മുറിക്കാത്ത കല്ലിന്റെ 50 ശതമാനത്തോളം പോലും—മുറിച്ചുകളയേണ്ടിവരും. നമുക്കും വ്യക്തിത്വം രൂപപ്പെടുത്താനും ആത്മീയ പുരോഗതി പ്രാപിക്കാനും സൂക്ഷ്മപരിജ്ഞാനത്തിൽനിന്നു ഉളവാകുന്ന ആത്മവിശ്വാസം ആവശ്യമാണ്. പ്രത്യേകിച്ചും യഹോവ നമ്മെ ശക്തീകരിക്കുമെന്ന ഉറപ്പുണ്ടായിരിക്കണം.
എങ്കിലും, നമുക്കു പ്രാപ്തിയില്ലെന്നു തോന്നിയേക്കാം, അല്ലെങ്കിൽ കൂടുതൽ ചെയ്യാൻ സാധിക്കില്ലെന്നു നാം വിചാരിച്ചേക്കാം. കഴിഞ്ഞകാല വിശ്വസ്ത ദൈവദാസന്മാർക്കും ചിലപ്പോഴൊക്കെ അങ്ങനെ തോന്നിയിരുന്നു. (പുറപ്പാടു 3:11, 12; 1 രാജാക്കന്മാർ 19:1-4) “ജാതികൾക്കു പ്രവാചകനായി” ദൈവത്താൽ നിയോഗിക്കപ്പെട്ടപ്പോൾ “എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ” എന്ന് യിരെമ്യാവ് പറഞ്ഞു. (യിരെമ്യാവു 1:5, 6) മിതഭാഷിയെങ്കിലും വിദ്വേഷികളായ ആളുകൾക്ക് വളച്ചുകെട്ടില്ലാത്ത സന്ദേശങ്ങൾ നൽകിയ ഒരു ധീരപ്രവാചകനായിത്തീർന്നു യിരെമ്യാവ്. അത് എങ്ങനെ സാധിച്ചു? യഹോവയിൽ ആശ്രയിക്കാൻ അവൻ പഠിച്ചു. യിരെമ്യാവ് പിന്നീട് ഇങ്ങനെ എഴുതി: “യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.”—യിരെമ്യാവു 17:7; 20:11.
സമാനമായി, തന്നിലാശ്രയിക്കുന്നവരെ യഹോവ ഇന്നു ശക്തീകരിക്കുന്നു. ആത്മീയ പുരോഗതി വരുത്തുന്നതിൽ മാന്ദ്യമുള്ളവനായിരുന്ന എഡ്വേർഡ്a അതു സത്യമെന്നു കണ്ടെത്തി. നാലു കുട്ടികളുടെ പിതാവായ അദ്ദേഹം വിശദീകരിക്കുന്നു: “ഞാൻ യഹോവയുടെ സാക്ഷിയായിട്ട് ഒമ്പതു വർഷം കഴിഞ്ഞിരുന്നു. എന്നാൽ ആത്മീയമായി പുരോഗതിയൊന്നും വരുത്താത്തതുപോലെ എനിക്കു തോന്നി. പ്രചോദനവും ആത്മവിശ്വാസവും ഇല്ലാത്തതായിരുന്നു പ്രശ്നം. സ്പെയിനിലേക്കു താമസം മാറിയപ്പോൾ ഒരു ചെറിയ സഭയോടൊത്തായിരുന്നു ഞാൻ സഹവസിച്ചത്. അവിടെ ഒരു മൂപ്പനും ഒരു ശുശ്രൂഷാദാസനും മാത്രമാണുണ്ടായിരുന്നത്. ആവശ്യമായി വന്നതിനാൽ പല നിയമനങ്ങളും കൈകാര്യം ചെയ്യാൻ മൂപ്പൻ എന്നോട് ആവശ്യപ്പെട്ടു. എന്റെ ആദ്യ പ്രസംഗങ്ങളും യോഗഭാഗങ്ങളും നടത്തിയപ്പോൾ ഞാൻ വിറച്ചുപോയി. എങ്കിലും, യഹോവയിൽ ആശ്രയിക്കാൻ ഞാൻ പഠിച്ചു. മൂപ്പൻ എപ്പോഴും എന്നെ അഭിനന്ദിക്കുകയും പുരോഗതി വരുത്താൻ വേണ്ട നിർദേശങ്ങൾ നയപൂർവം നൽകുകയും ചെയ്യുമായിരുന്നു.
“അതേസമയം ഞാൻ എന്റെ വയൽസേവന പ്രവർത്തനം വർധിപ്പിച്ചു. കുടുംബത്തിൽ മെച്ചമായ ആത്മീയ നേതൃത്വം വഹിച്ചു. തത്ഫലമായി, കുടുംബത്തിലുള്ള സകലർക്കും സത്യം ഏറെ അർഥവത്തായിത്തീർന്നു. എനിക്കു വളരെയധികം സംതൃപ്തി തോന്നി. ഇപ്പോൾ ഞാനൊരു ശുശ്രൂഷാദാസനാണ്. ഒരു ക്രിസ്തീയ മേൽവിചാരകനു വേണ്ട ഗുണങ്ങൾ വളർത്തിയെടുക്കാൻ ഞാനിപ്പോൾ കഠിനമായി ശ്രമിക്കുന്നു.”
‘പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുക’
എഡ്വേർഡ് തിരിച്ചറിഞ്ഞതുപോലെ, ആത്മീയ പുരോഗതിക്ക് യഹോവയിലുള്ള ആശ്രയം അനിവാര്യമാണ്. ക്രിസ്തുസമാനമായ “പുതിയ വ്യക്തിത്വം” വളർത്തിയെടുക്കുന്നതും പ്രധാനമാണ്. അതെങ്ങനെ ചെയ്യാനാകും? പഴയ വ്യക്തിത്വത്തിന്റെ ഭാഗമായ പ്രവണതകൾ ഉരിഞ്ഞുകളയുക എന്നതാണ് ആദ്യ പടി. (കൊലൊസ്സ്യർ 3:9, 10, NW) ഒരു വജ്രം വെട്ടിത്തിളങ്ങുന്ന ഒരു രത്നമാക്കി മാറ്റാൻ അതിൽനിന്ന് അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യേണ്ടതുള്ളതുപോലെ, നമ്മുടെ പുതിയ വ്യക്തിത്വം തിളക്കമുള്ളതാക്കാൻ “ലോകത്തിന്റെ” മനോഭാവങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ട്.—ഗലാത്യർ 4:3.
തങ്ങളിൽനിന്നു വളരെയധികം ആവശ്യപ്പെടുമെന്ന ഭയം നിമിത്തം ഉത്തരവാദിത്വം സ്വീകരിക്കാനുള്ള മടി അത്തരമൊരു മനോഭാവമാണ്. ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പ്രവൃത്തി ഉൾപ്പെട്ടിരിക്കുന്നുവെന്നതു സത്യമാണ്. എന്നാൽ അതു സംതൃപ്തിദായകമാണ്. (പ്രവൃത്തികൾ 20:35 താരതമ്യം ചെയ്യുക.) ‘അദ്ധ്വാനിക്കാനും പോരാടാനും [“തീവ്രശ്രമം ചെയ്യാനും,” NW]’ ദൈവഭക്തി നിഷ്കർഷിക്കുന്നുവെന്ന് പൗലൊസ് സമ്മതിച്ചു. നാം അതു സസന്തോഷം ചെയ്യുന്നത് ‘ജീവനുള്ള ദൈവത്തിൽ ആശ വെക്കുന്നതു’ നിമിത്തമാണെന്ന് അവൻ പറഞ്ഞു. സഹക്രിസ്ത്യാനികളെയും മറ്റുള്ളവരെയും പ്രതി നാം ചെയ്യുന്ന പ്രവൃത്തി ഒരിക്കലും മറന്നുകളയാത്തവനാണ് ദൈവം.—1 തിമൊഥെയൊസ് 4:9, 10; എബ്രായർ 6:10.
ചില വജ്രങ്ങൾ “ഉന്നതമർദം” ഉള്ളവയാണ്. അവ രൂപംകൊണ്ട സമയത്ത് ഉണ്ടായതാണത്. തന്മൂലം ശ്രദ്ധയോടെ വേണം അവ കൈകാര്യം ചെയ്യാൻ. എങ്കിലും പോളാരിസ്കോപ് എന്ന ഉപകരണത്തിന്റെ സഹായത്താൽ, വജ്രം മിനുക്കുന്നയാൾക്ക് ഈ ഉന്നതമർദ ഭാഗങ്ങൾ കണ്ടെത്താനും ആ കല്ല് വിജയകരമായി രൂപപ്പെടുത്തിയെടുക്കാനും സാധിക്കും. നമുക്കും ആന്തരിക ഉന്നതമർദം അല്ലെങ്കിൽ വ്യക്തിത്വവൈകല്യം കണ്ടേക്കാം. നമ്മുടെ പശ്ചാത്തലമോ വ്രണപ്പെടുത്തുന്ന എന്തെങ്കിലും അനുഭവമോ ആയിരിക്കാം അതിനു കാരണം. നമുക്ക് എന്തു ചെയ്യാൻ കഴിയും? ഒന്നാമതായി, നാംതന്നെ പ്രശ്നമെന്തെന്ന് മനസ്സിലാക്കി സാധ്യമാകുന്നിടത്തോളം അതു പരിഹരിക്കാൻ ദൃഢനിശ്ചയം ചെയ്യണം. പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ നാം നമ്മുടെ ഭാരങ്ങൾ ഇറക്കിവെക്കേണ്ടതുണ്ട്. ഒപ്പം ഒരു ക്രിസ്തീയ മൂപ്പന്റെ ആത്മീയ സഹായവും തേടാവുന്നതാണ്.—സങ്കീർത്തനം 55:22; യാക്കോബ് 5:14, 15.
അത്തരം ആന്തരിക ഉന്നതമർദം നിക്കൊളാസിനെ ബാധിച്ചു. അദ്ദേഹം വിശദീകരിക്കുന്നു: “എന്റെ പിതാവ് ഒരു മദ്യപനായിരുന്നു. അദ്ദേഹം എനിക്കും പെങ്ങൾക്കും കുഴപ്പങ്ങളുണ്ടാക്കി. . . . വിദ്യാഭ്യാസാനന്തരം ഞാൻ സൈന്യത്തിൽ ചേർന്നു. എന്നാൽ എന്റെ മത്സരസ്വഭാവം പെട്ടെന്നുതന്നെ എന്നെ കുഴപ്പത്തിൽ ചാടിച്ചു. മയക്കുമരുന്ന് വിറ്റതിനു സൈനികാധികൃതർ എന്നെ ജയിലിലാക്കി. മറ്റൊരു സന്ദർഭത്തിൽ ഞാൻ സൈന്യത്തിൽനിന്ന് ഒളിച്ചോടി. ഒടുവിൽ ഞാൻ സൈന്യത്തിൽനിന്നു പോന്നെങ്കിലും അപ്പോഴും എനിക്കു പ്രശ്നങ്ങളുണ്ടായിരുന്നു. മയക്കുമരുന്ന് ദുരുപയോഗവും മുഴുക്കുടിയും നിമിത്തം എന്റെ ജീവിതം ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്നു. എങ്കിലും, എനിക്കു ബൈബിളിൽ താത്പര്യമുണ്ടായിരുന്നു, ജീവിതത്തിൽ ഒരു ഉദ്ദേശ്യമുണ്ടായിരിക്കാനും ഞാൻ വാഞ്ഛിച്ചു. കുറെ കാലത്തിനുശേഷം യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വന്ന ഞാൻ ജീവിതരീതിക്കു മാറ്റം വരുത്തിക്കൊണ്ട് സത്യം സ്വീകരിച്ചു.
“എന്നിരുന്നാലും, എന്റെ വ്യക്തിത്വത്തിലെ ഒരു അപാകത തിരിച്ചറിഞ്ഞ് അതു പരിഹരിക്കാൻ വർഷങ്ങൾതന്നെ വേണ്ടിവന്നു. അധികാരത്തോട് എനിക്കു പുച്ഛമായിരുന്നു. ആരെങ്കിലും എന്നെ ബുദ്ധ്യുപദേശിക്കുകയാണെങ്കിൽ ഞാൻ അതിനോടു മറുക്കുമായിരുന്നു. യഹോവയാൽ പൂർണമായി ഉപയോഗിക്കപ്പെടാൻ ഞാൻ ആഗ്രഹിച്ചെങ്കിലും ഈ ദൗർബല്യം എന്നെ തളച്ചുനിർത്തി. ഒടുവിൽ, സഹാനുഭൂതി കാട്ടിയ രണ്ടു മൂപ്പന്മാരുടെ സഹായത്താൽ എന്റെ പ്രശ്നം തിരിച്ചറിഞ്ഞ ഞാൻ അവരുടെ സ്നേഹപുരസ്സരമായ തിരുവെഴുത്തു ബുദ്ധ്യുപദേശം ബാധകമാക്കാൻ തുടങ്ങി. ഇടയ്ക്കൊക്കെ കുറച്ച് നീരസം തലപൊക്കാറുണ്ടെങ്കിലും, എന്റെ മത്സരസ്വഭാവത്തെ ഞാൻ നിയന്ത്രിച്ചിരിക്കുന്നു. യഹോവ എന്നോടു ക്ഷമ കാട്ടിയതിലും മൂപ്പന്മാർ സ്നേഹപുരസ്സരം സഹായിച്ചതിലും ഞാൻ നന്ദിയുള്ളവനാണ്. ഞാൻ കൈവരിച്ച ആത്മീയ പുരോഗതി ഹേതുവായി അടുത്തയിടെ ഞാനൊരു ശുശ്രൂഷാദാസനായി നിയമിക്കപ്പെട്ടു.”
നിക്കൊളാസ് മനസ്സിലാക്കിയതുപോലെ, ആഴത്തിൽ വേരോടിയിരിക്കുന്ന മനോഭാവങ്ങൾ പിഴുതുകളയുക എളുപ്പമല്ല. സമാനമായ വെല്ലുവിളി നാമും അഭിമുഖീകരിച്ചേക്കാം. ഒരുപക്ഷേ നാം തൊട്ടാവാടികളായിരിക്കാം. എന്തെങ്കിലും അസ്വാസ്ഥ്യം മനസ്സിലുണ്ടായിരിക്കാം, അല്ലെങ്കിൽ നാം സ്വാതന്ത്ര്യത്തിന് അമിത പ്രാധാന്യം നൽകുന്നുണ്ടായിരിക്കാം. തന്മൂലം നാം കാര്യമായി ക്രിസ്തീയ പുരോഗതി കൈവരിക്കുന്നില്ലെന്നുവരാം. നാറ്റ്സ് എന്നു വിളിക്കുന്ന കല്ലുകളുടെ കാര്യത്തിൽ വജ്രം മിനുക്കുന്നവർക്കു സമാനമായ ഒരനുഭവമാണുള്ളത്. വജ്ര രൂപവത്കരണ സമയത്ത് രണ്ടു കല്ലുകൾ ഉരുകി ഒന്നായിത്തീർന്നാണ് ഇവ ഉണ്ടാകുന്നത്. തത്ഫലമായി, നാറ്റ്സുകൾ വിരുദ്ധമായ രണ്ടു വളർച്ചയടുക്കുകൾ ഉള്ളവയാണ്. അതുകൊണ്ട് അവയുടെ അടുക്കുകൾപ്രകാരം മുറിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. നമ്മുടെ കാര്യത്തിൽ, ഒരുക്കമുള്ള മനസ്സിന്റെ “അടുക്കുകൾ” അഥവാ ചായ്വുകൾ അപൂർണ ജഡത്തിന്റെ “അടുക്കുക”ളുമായി പോരാട്ടത്തിലാണ്. (മത്തായി 26:41; ഗലാത്യർ 5:17) നമ്മുടെ വ്യക്തിത്വത്തിലെ കുറവുകൾ പ്രസക്തമല്ല എന്നു വിചാരിച്ചുകൊണ്ട് ചിലപ്പോൾ ശ്രമം പാടേ ഉപേക്ഷിക്കാൻ നമുക്കു ചായ്വു തോന്നിയേക്കാം. ‘എന്തൊക്കെയാണെങ്കിലും, കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടല്ലോ’ എന്നു നാം പറഞ്ഞേക്കാം.
എന്നിരുന്നാലും, നാം സഹോദരങ്ങളെ സേവിക്കുകയും നമ്മുടെ സ്വർഗീയ പിതാവിനെ മഹത്ത്വപ്പെടുത്തുകയും ചെയ്യണമെങ്കിൽ പുതിയ വ്യക്തിത്വം ധരിച്ചുകൊണ്ട് ‘ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിക്കണം.’ ശ്രമം മൂല്യവത്താണ്. നിക്കൊളാസിനും മറ്റ് നിരവധി പേർക്കും അതു സാക്ഷ്യപ്പെടുത്താൻ കഴിയും. ഒരു പാഴ്വസ്തു മതി ഒരു വജ്രത്തെ കളങ്കമുള്ളതാക്കാനെന്ന് വജ്രം മിനുക്കുന്നയാൾക്കറിയാം. സമാനമായി, നമ്മുടെ വ്യക്തിത്വത്തിന്റെ ഒരു ബലഹീന വശം അവഗണിച്ചാൽ അതു നമ്മുടെ ആത്മീയ ആകാരത്തെ വികൃതമാക്കും. ഗുരുതരമായ ഒരു ബലഹീനത നമ്മുടെ ആത്മീയ പതനത്തിലേക്കു നയിച്ചേക്കാമെന്നത് അതിലും എത്രയോ മോശമാണ്.—സദൃശവാക്യങ്ങൾ 8:33.
നമുക്കുള്ളിൽ ഒരു “ജ്വാല” പോലെ
വജ്രം മിനുക്കുന്നയാൾ അതിനുള്ളിലെ ജ്വാല (തിളക്കം) നിലനിർത്താൻ ശ്രമിക്കും. മഴവില്ലിന്റെ പ്രതീതി ജനിപ്പിക്കുന്ന വിധത്തിൽ പാർശ്വങ്ങൾ ക്രമീകരിച്ചുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. വജ്രത്തിനുള്ളിൽ ബഹുവർണ പ്രകാശം തലങ്ങും വിലങ്ങും പ്രതിഫലിക്കുന്നു, അങ്ങനെ വജ്രങ്ങൾ വെട്ടിത്തിളങ്ങും വിധത്തിലുള്ള ജ്വാല ഉളവാകുന്നു. സമാനമായി, ദൈവാത്മാവിനു നമ്മുടെ ഉള്ളിൽ ഒരു “ജ്വാല” പോലെ ആയിരിക്കാൻ കഴിയും.—1 തെസ്സലൊനീക്യർ 5:19, NW; പ്രവൃത്തികൾ 18:25; റോമർ 12:11.
എന്നാൽ ആത്മീയ പ്രചോദനത്തിന്റെ ആവശ്യം നമുക്കു തോന്നുന്നെങ്കിലോ? ആത്മീയമായി പ്രചോദിതരായിത്തീരാൻ എങ്ങനെ കഴിയും? നാം നമ്മുടെ ‘വഴികൾ’ പരിചിന്തിക്കേണ്ടതുണ്ട്. (സങ്കീർത്തനം 119:59, 60) നമ്മിൽ ആത്മീയ മാന്ദ്യം ഉളവാക്കുന്ന സംഗതികൾ തിരിച്ചറിയുന്നതും ഏതു ദിവ്യാധിപത്യ പ്രവർത്തനങ്ങളിലാണ് നാം സജീവമായി പങ്കുപറ്റേണ്ടതെന്നു നിർണയിക്കുന്നതും അതിൽ ഉൾപ്പെടുന്നു. നിരന്തരമായ വ്യക്തിഗത പഠനത്തിലൂടെയും മുട്ടിപ്പായുള്ള പ്രാർഥനയിലൂടെയും ആത്മീയ വിലമതിപ്പ് വർധിപ്പിക്കാൻ സാധിക്കും. (സങ്കീർത്തനം 119:18, 32; 143:1, 5, 8, 10) തന്നെയുമല്ല, വിശ്വാസത്തിൽ കഠിനാധ്വാനം ചെയ്യുന്നവരോടു കൂടെ സഹവസിക്കുന്നതിനാൽ യഹോവയെ തീക്ഷ്ണമായി സേവിക്കാനുള്ള നമ്മുടെ തീരുമാനം ബലിഷ്ഠമാക്കപ്പെടും.—തീത്തൊസ് 2:14.
ലോവിസ് എന്ന ക്രിസ്തീയ യുവതി ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഒരു പയനിയറായി അഥവാ മുഴുസമയ രാജ്യഘോഷകയായി പേർ ചാർത്തുന്നതിനു മുമ്പ് രണ്ടു വർഷത്തോളം ഞാൻ അതേക്കുറിച്ചു പരിചിന്തിച്ചു. യാതൊന്നും എനിക്കു പ്രതിബന്ധമായി ഉണ്ടായിരുന്നില്ല. എന്റേത് തീർത്തും അനായാസകരമായ ഒരു പട്ടികയായിരുന്നു. അതിൽനിന്നു പുറത്തുകടക്കാൻ ഞാൻ ശ്രമിച്ചില്ല. അങ്ങനെയിരിക്കെ പെട്ടെന്നായിരുന്നു ഡാഡിയുടെ മരണം. ജീവൻ എത്ര ലോലമാണെന്നു ഞാൻ മനസ്സിലാക്കി. സമയം ഞാൻ നന്നായി വിനിയോഗിക്കുന്നില്ലല്ലോയെന്നും തിരിച്ചറിഞ്ഞു. അതുകൊണ്ട് എന്റെ ആത്മീയ വീക്ഷണത്തിനു ഞാൻ മാറ്റം വരുത്തി, സേവനം വർധിപ്പിച്ചു, അങ്ങനെ ഒരു നിരന്തര പയനിയറായിത്തീർന്നു. എന്റെ ആത്മീയ സഹോദരീസഹോദരന്മാർ വയൽസേവന ക്രമീകരണങ്ങളെ പിന്തുണയ്ക്കുകയും ശുശ്രൂഷയിൽ എന്നോടൊപ്പം പതിവായി പോരുകയും ചെയ്തത് ഇക്കാര്യത്തിൽ പ്രത്യേകിച്ചും സഹായമായി. നമ്മുടെയും നമ്മുടെ സഹകാരികളുടെയും മൂല്യങ്ങളും ലക്ഷ്യങ്ങളും നല്ലതോ മോശമോ ആയിരുന്നാലും ഒന്നു തന്നെയാണെന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു.”
ഇരുമ്പിനാലെന്നപോലെ മൂർച്ച കൂട്ടുന്നു
ഭൂമിയിൽ സ്വാഭാവികമായുള്ള പദാർഥങ്ങളിൽ ഏറ്റവും കടുപ്പമുള്ളത് വജ്രത്തിനാണ്. അതുകൊണ്ട് ഒരു വജ്രം മുറിക്കണമെങ്കിൽ മറ്റൊരു വജ്രം ആവശ്യമാണ്. ഇത്, “ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു” എന്ന സദൃശവാക്യം ബൈബിൾ വിദ്യാർഥികളുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം. (സദൃശവാക്യങ്ങൾ 27:17) ഒരു മമനുഷ്യന്റെ ‘മൂർച്ചകൂട്ടാൻ’ കഴിയുന്നത് എങ്ങനെയാണ്? ഒരു കഷണം ഇരുമ്പുകൊണ്ട് അതേ ലോഹത്തിൽ തീർത്ത ഒരു കത്തി മൂർച്ചയുള്ളതാക്കാൻ കഴിയുന്നതുപോലെ, ഒരു വ്യക്തിയുടെ ബൗദ്ധികവും ആത്മീയവുമായ അവസ്ഥ മൂർച്ചയുള്ളതാക്കാൻ മറ്റൊരാൾക്കു കഴിഞ്ഞേക്കാം. ഉദാഹരണത്തിന്, നിരാശ നിമിത്തം വിഷാദം അനുഭവപ്പെടുകയാണെങ്കിൽ മറ്റൊരു വ്യക്തിയുടെ പ്രോത്സാഹനവാക്കുകൾ ഫലം ചെയ്തേക്കാം. വിഷാദം മാറി നമ്മുടെ മുഖത്ത് പ്രസരിപ്പ് പരന്നേക്കാം. തീക്ഷ്ണതയുള്ള പുതിയ പ്രവർത്തനങ്ങൾക്കായി നമുക്ക് ഉത്സാഹമുള്ളവരായിരിക്കാൻ സാധിക്കും. (സദൃശവാക്യങ്ങൾ 13:12) പുരോഗതി വരുത്താനാവശ്യമായ തിരുവെഴുത്തു പ്രോത്സാഹനവും ബുദ്ധ്യുപദേശവും നൽകിക്കൊണ്ട് സഭാമൂപ്പന്മാർക്കു വിശേഷാൽ സഹായിക്കാൻ സാധിക്കും. ശലോമോൻ പ്രസ്താവിച്ച തത്ത്വം അവർ പിൻപറ്റുന്നു: “ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വർദ്ധിക്കും; നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.”—സദൃശവാക്യങ്ങൾ 9:9.
തീർച്ചയായും, ആത്മീയ പരിശീലനത്തിനു സമയമാവശ്യമാണ്. അപ്പോസ്തലനായ പൗലൊസ് പത്തിലധികം വർഷം തന്റെ അനുഭവപരിചയവും പഠിപ്പിക്കൽ രീതികളും തിമൊഥെയൊസുമായി പങ്കുവെച്ചു. (1 കൊരിന്ത്യർ 4:17; 1 തിമൊഥെയൊസ് 4:6, 16) മോശ 40-വർഷ കാലയളവിൽ യോശുവയ്ക്കു നൽകിയ പരിശീലനം വളരെക്കാലം ഇസ്രായേൽ ജനത്തിനു പ്രയോജനം ചെയ്തു. (യോശുവ 1:1, 2; 24:29, 31) പ്രവാചകനായ ഏലീയാവിന്റെ കൂടെ ഒരുപക്ഷേ 6 വർഷത്തോളം ഉണ്ടായിരുന്നത് എലീശായുടെ 60 വർഷത്തോളം നീണ്ടുനിന്ന ശുശ്രൂഷയ്ക്ക് ഒരു നല്ല അടിസ്ഥാനമായി ഉതകി. (1 രാജാക്കന്മാർ 19:21; 2 രാജാക്കന്മാർ 3:11) ക്ഷമാപൂർവം തുടർച്ചയായ പരിശീലനം നൽകിക്കൊണ്ട് മൂപ്പന്മാർ പൗലൊസിന്റെയും മോശയുടെയും ഏലീയാവിന്റെയും മാതൃക പിൻപറ്റുന്നു.
അനുമോദനം പരിശീലനത്തിന്റെ ഒരു പ്രധാന ഭാഗമാണ്. നന്നായി നിർവഹിക്കുന്ന നിയമനങ്ങളെയോ സ്തുത്യർഹമായ പ്രവൃത്തികളെയോ പ്രതിയുള്ള ഹൃദയംഗമമായ വിലമതിപ്പിൻ വാക്കുകൾ ദൈവത്തെ കൂടുതൽ തികവോടെ സേവിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചേക്കാം. അനുമോദനം ആത്മവിശ്വാസം വർധിപ്പിക്കുന്നു. ക്രമത്തിൽ അത് ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനു പ്രചോദിപ്പിക്കുന്നു. (1 കൊരിന്ത്യർ 11:2 താരതമ്യം ചെയ്യുക.) രാജ്യപ്രസംഗവേലയിലും സഭാപരമായ മറ്റു പ്രവർത്തനങ്ങളിലും ഉത്സാഹത്തോടെ വ്യാപരിക്കുന്നതിനാലും സത്യത്തിൽ പുരോഗതി വരുത്താനുള്ള പ്രോത്സാഹനം ലഭിക്കുന്നു. (പ്രവൃത്തികൾ 18:5) ആത്മീയ പുരോഗതിക്ക് അനുസൃതമായി മൂപ്പന്മാർ സഹോദരന്മാരെ ഉത്തരവാദിത്വം ഏൽപ്പിക്കുമ്പോൾ അതവർക്ക് വിലയേറിയ അനുഭവജ്ഞാനം നൽകുകയും ആത്മീയമായി പുരോഗമിച്ചുകൊണ്ടിരിക്കാനുള്ള അവരുടെ ആഗ്രഹത്തെ ശക്തീകരിക്കുകയും ചെയ്യും.—ഫിലിപ്പിയർ 1:8, 9.
ആത്മീയ പുരോഗതി കൈവരിക്കുന്നതിനുള്ള നല്ല കാരണം
വജ്രങ്ങൾ അമൂല്യമായി കരുതപ്പെടുന്നു. യഹോവയുടെ ആരാധകരുടെ ലോകവ്യാപക കുടുംബത്തോടൊപ്പം ഇപ്പോൾ സഹവസിച്ചുകൊണ്ടിരിക്കുന്നവരുടെ കാര്യത്തിലും അതു സത്യമാണ്. വാസ്തവത്തിൽ, ദൈവംതന്നെ അവരെ “അഭികാമ്യ”മായ അഥവാ “വിലപ്പെട്ട” വസ്തുക്കൾ എന്നു വിളിക്കുന്നു. (ഹഗ്ഗായി 2:7, NW അടിക്കുറിപ്പ്) കഴിഞ്ഞ വർഷം 3,75,923 പേർ സ്നാപനമേറ്റ് യഹോവയുടെ സാക്ഷികളായിത്തീർന്നു. ഈ വളർച്ചയ്ക്കൊത്ത് ‘കൂടാരം വിശാലമാ’ക്കേണ്ടതുണ്ട്. ക്രിസ്തീയ സേവനപദവികൾ എത്തിപ്പിടിച്ചുകൊണ്ട് ആത്മീയമായി പുരോഗതി പ്രാപിക്കുന്നതിലൂടെ ഈ വികസനത്തിനായി കരുതുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ സാധിക്കും.—യെശയ്യാവു 54:2; 60:22.
ബാങ്കിലെ ലോക്കറുകൾക്കുള്ളിൽ ആരും കാണാതെ ഭദ്രമായി വെച്ചിരിക്കുന്ന അനേകം വജ്രങ്ങളിൽനിന്നു വ്യത്യസ്തമായി, നമ്മുടെ ആത്മീയ മൂല്യത്തിന് ഉജ്ജ്വലമായി പ്രശോഭിക്കാൻ കഴിയും. നമ്മുടെ ക്രിസ്തീയ ഗുണങ്ങൾ പതിവായി മിനുക്കിയെടുത്ത് പ്രദർശിപ്പിക്കുമ്പോൾ നാം യഹോവയെയായിരിക്കും മഹത്ത്വപ്പെടുത്തുന്നത്. യേശു തന്റെ അനുഗാമികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:16) തീർച്ചയായും, ആത്മീയ പുരോഗതി കൈവരിക്കുന്നതിനുള്ള ഈടുറ്റ കാരണമാണത്.
[അടിക്കുറിപ്പ്]
a ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത് പകരം പേരുകളാണ്.