-
ദൈവജനത്തിന്റെ ഇടയിൽ സുരക്ഷിതത്വം കണ്ടെത്തുകനിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
-
-
“സ്നേഹം ധരിപ്പിൻ”
9. സ്നേഹം പ്രകടിപ്പിക്കുന്നതിൽ യഹോവ ദൃഷ്ടാന്തം വെച്ചിരിക്കുന്നത് എങ്ങനെ?
9 “എല്ലാററിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ” എന്നു പൗലോസ് എഴുതി. (കൊലൊസ്സ്യർ 3:14) യഹോവ കൃപാപൂർവം നമുക്ക് ഈ വസ്ത്രം ഒരുക്കിത്തന്നിട്ടുണ്ട്. ഏതു വിധത്തിൽ? സ്നേഹം യഹോവയുടെ പരിശുദ്ധാത്മാവിന്റെ ദൈവദത്ത ഫലങ്ങളിലൊന്നാകയാൽ ക്രിസ്ത്യാനികൾക്ക് അതു പ്രകടമാക്കാൻ കഴിയും. (ഗലാത്യർ 5:22, 23) നമുക്കു നിത്യജീവൻ ലഭിക്കേണ്ടതിനു തന്റെ ഏകജാതനായ പുത്രനെ അയച്ചുകൊണ്ടു യഹോവതന്നെ ഏററവും മഹത്തായ സ്നേഹം പ്രകടമാക്കിയിരിക്കുന്നു. (യോഹന്നാൻ 3:16) സ്നേഹത്തിന്റെ ഈ പരമോന്നതപ്രകടനം ഈ ഗുണം പ്രകടമാക്കുന്നതിൽ നമുക്ക് ഒരു മാതൃക പ്രദാനം ചെയ്തു. “ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു” എന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി.—1 യോഹന്നാൻ 4:11.
10. “സഹോദരൻമാരുടെ മുഴു സമൂഹ”ത്തിൽനിന്നും നമുക്ക് എങ്ങനെ പ്രയോജനമനുഭവിക്കാൻ കഴിയും?
10 രാജ്യഹാളിൽ നിങ്ങൾ യോഗങ്ങൾക്കു ഹാജരാകുന്നതു സ്നേഹം പ്രകടമാക്കുന്നതിനു നിങ്ങൾക്ക് ഒരു വിശിഷ്ടമായ അവസരം നൽകും. അവിടെ നിങ്ങൾ പല തരക്കാരായ ആളുകളെ കാണും. അവരിൽ പലരിലും നിങ്ങൾ പെട്ടെന്നുതന്നെ ആകൃഷ്ടരാകുമെന്നുളളതിനു സംശയമില്ല. തീർച്ചയായും, യഹോവയെ സേവിക്കുന്നവരുടെ ഇടയിൽപോലും വ്യക്തിത്വങ്ങൾ വ്യത്യസ്തമാണ്. ഒരുപക്ഷേ കഴിഞ്ഞ കാലത്തു നിങ്ങളുടെ താത്പര്യങ്ങൾ അല്ലെങ്കിൽ സ്വഭാവവിശേഷങ്ങൾ ഇല്ലാഞ്ഞ ആളുകളിൽനിന്നു നിങ്ങൾ കേവലം ഒഴിഞ്ഞുമാറിയിരിക്കാം. എന്നിരുന്നാലും ക്രിസ്ത്യാനികൾ “സഹോദരൻമാരുടെ മുഴു സമൂഹത്തെയും സ്നേഹി”ക്കേണ്ടതാണ്. (1 പത്രോസ് 2:17, NW) അതുകൊണ്ട്, രാജ്യഹാളിൽ കാണുന്നവരെ—പ്രായമോ വ്യക്തിത്വമോ വർഗമോ വിദ്യാഭ്യാസ നിലവാരമോ നിങ്ങളുടേതിൽനിന്നു വിഭിന്നമായിട്ടുളളവരെപ്പോലും—പരിചയപ്പെടുന്നതു നിങ്ങളുടെ ലക്ഷ്യമാക്കുക. ഓരോരുത്തരും പ്രിയങ്കരമായ ഏതെങ്കിലും ഗുണത്തിൽ മികച്ചുനിൽക്കുന്നതായി നിങ്ങൾ കണ്ടെത്താനിടയുണ്ട്.
11. യഹോവയുടെ ജനത്തിന്റെ ഇടയിലെ വൈവിധ്യമാർന്ന വ്യക്തിത്വങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കരുതാത്തത് എന്തുകൊണ്ട്?
11 സഭയിലെ വ്യക്തിത്വങ്ങളിലുളള വൈവിധ്യം നിങ്ങളെ അസ്വസ്ഥരാക്കേണ്ടതില്ല. ദൃഷ്ടാന്തത്തിന്, ഒരു റോഡിൽ നിരവധി വാഹനങ്ങൾ നിങ്ങളുടെ വശത്തു സഞ്ചരിക്കുന്നതായി സങ്കൽപ്പിക്കുക. എല്ലാം ഒരേ വേഗത്തിലല്ല നീങ്ങുന്നത്, എല്ലാം ഒരേ കണ്ടീഷനിലുമല്ല. ചിലത് അനേകം കിലോമീറററുകൾ സഞ്ചരിച്ചിരിക്കുന്നു, മററു ചിലത് നിങ്ങളെപ്പോലെ തുടക്കമിട്ടതേയുളളു. എന്നിരുന്നാലും ഈ വ്യത്യാസങ്ങൾ ഗണ്യമാക്കാതെ, എല്ലാം റോഡിലൂടെ സഞ്ചരിക്കുകയാണ്. ഒരു സഭയിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെ സംബന്ധിച്ചും ഇങ്ങനെതന്നെയാണ്. എല്ലാവരും ഒരേ വേഗത്തിൽ ക്രിസ്തീയ ഗുണങ്ങൾ വളർത്തിയെടുക്കുന്നില്ല. കൂടാതെ, എല്ലാവരും ശാരീരികമോ വൈകാരികമോ ആയ ഒരേ അവസ്ഥയിലുമല്ല. ചിലർ അനേകവർഷമായി യഹോവയെ ആരാധിച്ചുകൊണ്ടാണിരിക്കുന്നത്; മററു ചിലർ തുടക്കമിട്ടതേയുളളു. എന്നിരുന്നാലും എല്ലാവരും നിത്യജീവനിലേക്കുളള പാതയിൽ യാത്ര ചെയ്യുകയാണ്, “ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജി”ച്ചുതന്നെ. (1 കൊരിന്ത്യർ 1:10) അതുകൊണ്ട്, സഭയിലുളളവരുടെ ദൗർബല്യങ്ങളല്ല, സദ്ഗുണങ്ങൾ അന്വേഷിക്കുക. അങ്ങനെ ചെയ്യുന്നതു നിങ്ങളുടെ ഹൃദയത്തെ ഊഷ്മളമാക്കും, എന്തുകൊണ്ടെന്നാൽ ദൈവം യഥാർഥത്തിൽ ഈ ആളുകളുടെ ഇടയിൽ ഉണ്ടെന്നു നിങ്ങൾ തിരിച്ചറിയും. തീർച്ചയായും നിങ്ങൾ ഇവിടെ ആയിരിക്കാനാണ് ആഗ്രഹിക്കുന്നത്.—1 കൊരിന്ത്യർ 14:25.
12, 13. (എ) സഭയിലെ ആരെങ്കിലും നിങ്ങളെ ദ്രോഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? (ബി) നീരസം വെച്ചുപുലർത്താതിരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
12 എല്ലാ മനുഷ്യരും അപൂർണരായതുകൊണ്ട്, ചില സമയങ്ങളിൽ ആരെങ്കിലും നിങ്ങളെ അസ്വസ്ഥനാക്കുന്ന എന്തെങ്കിലും പറഞ്ഞേക്കാം അല്ലെങ്കിൽ ചെയ്തേക്കാം. (റോമർ 3:23) ശിഷ്യനായ യാക്കോബ് യാഥാർഥ്യബോധത്തോടെ ഇങ്ങനെ എഴുതി: “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെററാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുളള പുരുഷൻ ആകുന്നു.” (യാക്കോബ് 3:2) ആരെങ്കിലും നിങ്ങളെ ദ്രോഹിക്കുന്നുവെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? ഒരു ബൈബിൾ സദൃശവാക്യം ഇങ്ങനെ പറയുന്നു: “വിവേകബുദ്ധിയാൽ [“ഉൾക്കാഴ്ച,” NW] മനുഷ്യന്നു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.” (സദൃശവാക്യങ്ങൾ 19:11) ഉൾക്കാഴ്ച ഉണ്ടായിരിക്കയെന്നാൽ ഒരു സാഹചര്യത്തെ ആഴത്തിൽ നോക്കിക്കാണുക, ഒരു വ്യക്തി ഒരു പ്രത്യേക വിധത്തിൽ സംസാരിക്കാനോ പ്രവർത്തിക്കാനോ ഇടയാക്കുന്ന അടിസ്ഥാനവസ്തുതകൾ എന്താണെന്നു ഗ്രഹിക്കുക എന്നാണ്. നമ്മുടെ സ്വന്തം തെററുകൾക്ക് ഒഴികഴിവു കാണുന്നതിൽ നമ്മിൽ മിക്കവരും വളരെയധികം ഉൾക്കാഴ്ച ഉപയോഗിക്കുന്നു. മററുളളവരുടെ അപൂർണതകൾ മനസ്സിലാക്കാനും മറയ്ക്കാനുംകൂടെ അത് എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ?—മത്തായി 7:1-5; കൊലൊസ്സ്യർ 3:13.
13 നമുക്കു യഹോവയുടെ ക്ഷമ ലഭിക്കണമെങ്കിൽ, നാം മററുളളവരോടു ക്ഷമിക്കണമെന്നത് ഒരിക്കലും മറക്കരുത്. (മത്തായി 6:9, 12, 14, 15) നാം സത്യം ആചരിക്കുന്നുവെങ്കിൽ നാം മററുളളവരോടു സ്നേഹപൂർവകമായ ഒരു വിധത്തിൽ പെരുമാറും. (1 യോഹന്നാൻ 1:6, 7; 3:14-16; 4:20, 21) അതുകൊണ്ട്, നിങ്ങൾ സഭയിലെ ഒരാളുമായുളള ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുന്നുവെങ്കിൽ നീരസം വെച്ചുപുലർത്തുന്നതിനെതിരെ പോരാടുക. നിങ്ങൾ സ്നേഹം ധരിക്കുന്നുവെങ്കിൽ നിങ്ങൾ പ്രശ്നം പരിഹരിക്കാൻ കഠിനശ്രമം ചെയ്യും; നിങ്ങളാണ് ഇടർച്ച വരുത്തിയതെങ്കിൽ ക്ഷമായാചനം ചെയ്യാൻ നിങ്ങൾ മടിക്കില്ല.—മത്തായി 5:23, 24; 18:15-17.
14. നാം ഏതു ഗുണങ്ങൾ ധരിക്കണം?
14 നമ്മുടെ ആത്മീയ വസ്ത്രത്തിൽ സ്നേഹത്തോട് അടുത്തു ബന്ധമുളള മററു ഗുണങ്ങൾ ഉൾപ്പെടണം. പൗലോസ് ഇങ്ങനെ എഴുതി: “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചു”കൊൾക. സ്നേഹത്തിൽ പൊതിഞ്ഞ ഈ സ്വഭാവഗുണങ്ങൾ ദൈവികമായ ‘പുതു മനുഷ്യന്റെ’ (പുതിയ വ്യക്തിത്വം, NW) ഭാഗമാണ്. (കൊലൊസ്സ്യർ 3:10, 12) നിങ്ങൾ ഈ വിധത്തിൽ വസ്ത്രം ധരിക്കാൻ ശ്രമിക്കുമോ? നിങ്ങൾ വിശേഷാൽ സഹോദരസ്നേഹം ധരിക്കുന്നുവെങ്കിൽ നിങ്ങൾക്കു യേശുവിന്റെ ശിഷ്യരുടെ ഒരു തിരിച്ചറിയൽ അടയാളം ഉണ്ടായിരിക്കും, എന്തുകൊണ്ടെന്നാൽ “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും” എന്ന് അവൻ പറഞ്ഞു.—യോഹന്നാൻ 13:35.
-
-
ദൈവജനത്തിന്റെ ഇടയിൽ സുരക്ഷിതത്വം കണ്ടെത്തുകനിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
-
-
[165-ാം പേജ് നിറയെയുള്ള ചിത്രം]
-