അധ്യായം പതിന്നാല്
നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കാവുന്ന വിധം
ഒരു നല്ല ഭർത്താവായിരിക്കാൻ എന്താണ് ആവശ്യം?
ഒരു സ്ത്രീക്ക് എങ്ങനെയാണ് നല്ല ഭാര്യയായിരിക്കാനാകുക?
ഒരു നല്ല മാതാവോ പിതാവോ ആയിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്?
കുടുംബജീവിതം സന്തുഷ്ടമാക്കുന്നതിനു കുട്ടികൾക്ക് എന്തു ചെയ്യാൻ കഴിയും?
1. എന്താണ് സന്തുഷ്ട കുടുംബജീവിതത്തിന്റെ താക്കോൽ?
നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമായിരിക്കാൻ യഹോവയാം ദൈവം ആഗ്രഹിക്കുന്നു. അവന്റെ വചനമായ ബൈബിൾ കുടുംബത്തിലെ ഓരോ അംഗത്തിനും മാർഗനിർദേശം നൽകുന്നു, ഓരോരുത്തരും കുടുംബത്തിൽ എന്തു പങ്കു വഹിക്കാനാണ് ദൈവം പ്രതീക്ഷിക്കുന്നതെന്ന് അതു വിശദീകരിക്കുകയും ചെയ്യുന്നു. ദൈവിക ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ കുടുംബാംഗങ്ങൾ തങ്ങളുടെ പങ്കു നിറവേറ്റുമ്പോൾ നല്ല ഫലം ഉണ്ടാകുന്നു. യേശു പറഞ്ഞു: ‘ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].’—ലൂക്കൊസ് 11:28.
2. കുടുംബസന്തുഷ്ടി നാം എന്തു തിരിച്ചറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു?
2 “ഞങ്ങളുടെ പിതാവേ” എന്ന് യേശു വിളിച്ച യഹോവയെ കുടുംബത്തിന്റെ കാരണഭൂതനായി തിരിച്ചറിയുന്നതിലാണ് കുടുംബത്തിന്റെ സന്തുഷ്ടി മുഖ്യമായും കുടികൊള്ളുന്നത്. (മത്തായി 6:9) ഭൂമിയിലെ സകല കുടുംബങ്ങൾക്കും കാരണമായിത്തീർന്നത് നമ്മുടെ സ്വർഗീയ പിതാവാണ്. കുടുംബത്തിൽ സന്തോഷമുണ്ടായിരിക്കാൻ എന്താണ് ആവശ്യമെന്ന് അവനു തീർച്ചയായും അറിയാം. (എഫെസ്യർ 3:14, 15) അങ്ങനെയെങ്കിൽ, കുടുംബത്തിലെ ഓരോ അംഗത്തിന്റെയും പങ്കു സംബന്ധിച്ചു ബൈബിൾ എന്താണു പഠിപ്പിക്കുന്നത്?
കുടുംബം—ഒരു ദിവ്യക്രമീകരണം
3. മനുഷ്യകുടുംബത്തിന്റെ തുടക്കത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു, ആ വിവരണം സത്യമാണെന്നു നമുക്ക് എങ്ങനെ അറിയാം?
3 ആദ്യമനുഷ്യരായ ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചിട്ട് യഹോവ അവരെ ഭാര്യാഭർത്താക്കന്മാരായി ഒന്നിപ്പിച്ചു. അവൻ അവരെ ഭൂമിയിലെ മനോഹരമായ ഒരു പറുദീസാഭവനത്തിൽ അതായത് ഏദെൻതോട്ടത്തിൽ ആക്കി. മക്കളെ ഉത്പാദിപ്പിക്കാനുള്ള കൽപ്പനയും അവൻ നൽകി. ‘സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുക’ എന്ന് യഹോവ അവരോടു പറഞ്ഞു. (ഉല്പത്തി 1:26-28; 2:18, 21-24) ഇതു വെറുമൊരു കെട്ടുകഥയോ പഴംപുരാണമോ അല്ല. കാരണം, കുടുംബക്രമീകരണത്തിന്റെ തുടക്കം സംബന്ധിച്ചുള്ള ഉല്പത്തിയിലെ വിവരണം സത്യമാണെന്നു യേശു വ്യക്തമാക്കി. (മത്തായി 19:4, 5) ജീവിതം ഇന്നു പ്രശ്നപൂരിതവും ദൈവം ഉദ്ദേശിച്ചതിൽനിന്നു വ്യത്യസ്തവും ആണെങ്കിലും കുടുംബസന്തുഷ്ടി സാധ്യമായിരിക്കുന്നതിന്റെ കാരണം നമുക്കു പരിശോധിക്കാം.
4. (എ) ഓരോ കുടുംബാംഗത്തിനും കുടുംബസന്തുഷ്ടിക്കു സംഭാവന ചെയ്യാൻ കഴിയുന്നത് എങ്ങനെ? (ബി) യേശുവിന്റെ ജീവിതത്തെക്കുറിച്ചു പഠിക്കുന്നതു കുടുംബസന്തുഷ്ടിക്കു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിൽ സ്വർഗീയ പിതാവിനെ അനുകരിച്ചുകൊണ്ട് കുടുംബസന്തുഷ്ടിക്കു സംഭാവന ചെയ്യാൻ കുടുംബത്തിലെ ഓരോ അംഗത്തിനും കഴിയും. (എഫെസ്യർ 5:1, 2) ദൈവത്തെ കാണാൻ കഴിയാത്ത സ്ഥിതിക്ക് നമുക്ക് എങ്ങനെയാണ് അവനെ അനുകരിക്കാനാകുക? യഹോവ തന്റെ ആദ്യജാതപുത്രനെ സ്വർഗത്തിൽനിന്നു ഭൂമിയിലേക്ക് അയച്ചതിനാൽ നമുക്ക് യഹോവയുടെ പ്രവർത്തനവിധം മനസ്സിലാക്കാൻ കഴിയും. (യോഹന്നാൻ 1:14, 18) ഭൂമിയിലായിരിക്കെ അവന്റെ പുത്രനായ യേശുക്രിസ്തു സ്വർഗീയ പിതാവിനെ അതേപടി അനുകരിച്ചു. അതുകൊണ്ട് യേശുക്രിസ്തുവിനെ കാണുന്നതും ശ്രദ്ധിക്കുന്നതും യഹോവയോടൊപ്പം ആയിരുന്നുകൊണ്ട് അവനിൽനിന്നു കേൾക്കുന്നതുപോലെ ആയിരുന്നു. (യോഹന്നാൻ 14:9) അതിനാൽ, യേശു പ്രകടമാക്കിയ സ്നേഹത്തെക്കുറിച്ചു പഠിക്കുകയും അവന്റെ മാതൃക പിൻപറ്റുകയും ചെയ്തുകൊണ്ട് നമുക്ക് ഓരോരുത്തർക്കും കുടുംബജീവിതം ഏറെ സന്തുഷ്ടമാക്കാൻ കഴിയും.
ഭർത്താക്കന്മാർക്ക് ഒരു മാതൃക
5, 6. (എ) യേശു സഭയോട് ഇടപെടുന്ന വിധം ഭർത്താക്കന്മാർക്ക് ഒരു മാതൃകയായിരിക്കുന്നത് എങ്ങനെ? (ബി) പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ എന്തു ചെയ്യണം?
5 യേശു തന്റെ ശിഷ്യന്മാരോട് എങ്ങനെ ഇടപെടുന്നുവോ അതേ വിധത്തിലാവണം ഭർത്താക്കന്മാർ ഭാര്യമാരോട് ഇടപെടേണ്ടതെന്ന് ബൈബിൾ പറയുന്നു. ബൈബിളിന്റെ പിൻവരുന്ന നിർദേശം ശ്രദ്ധിക്കുക: ‘ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു. അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റിപ്പുലർത്തുകയത്രേ ചെയ്യുന്നത്.’—എഫെസ്യർ 5:23, 25-29.
6 തന്റെ അനുഗാമികളടങ്ങുന്ന സഭയോട് യേശു കാണിക്കുന്ന സ്നേഹം ഭർത്താക്കന്മാർക്ക് ഒരു ഉത്തമ മാതൃകയാണ്. അപൂർണരായിരുന്നിട്ടുപോലും അവർക്കായി സ്വജീവൻ ത്യജിച്ചുകൊണ്ട് അവൻ “അവസാനത്തോളം അവരെ സ്നേഹിച്ചു.” (യോഹന്നാൻ 13:1; 15:13) സമാനമായി, ഭർത്താക്കന്മാരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചിരിക്കുന്നു: “നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുത്.” (കൊലൊസ്സ്യർ 3:19) അത്തരം ബുദ്ധിയുപദേശം ബാധകമാക്കാൻ ഒരു ഭർത്താവിനെ എന്തു സഹായിക്കും, പ്രത്യേകിച്ച് ചിലപ്പോഴൊക്കെ ഭാര്യ വിവേകത്തോടെ പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തുന്നെങ്കിൽ? തനിക്കും തെറ്റുപറ്റാറുണ്ടെന്നും ദിവ്യക്ഷമ ലഭിക്കാൻ താൻ എന്തു ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഓർക്കണം. അദ്ദേഹം എന്താണു ചെയ്യേണ്ടത്? തന്നോടു പാപം ചെയ്യുന്നവരോട് ക്ഷമിക്കണം, അതിൽ ഭാര്യയുടെ തെറ്റുകൾ ക്ഷമിക്കുന്നതും ഉൾപ്പെടുന്നു. ഭാര്യയും അങ്ങനെതന്നെ ചെയ്യേണ്ടതാണ്. (മത്തായി 6:12, 14, 15) ക്ഷമിക്കാൻ മനസ്സുള്ള രണ്ടുപേരുടെ കൂടിച്ചേരലാണ് സന്തോഷകരമായ ദാമ്പത്യമെന്നു ചിലർ പറഞ്ഞിട്ടുള്ളതിന്റെ കാരണം നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ?
7. യേശു ഏതു കാര്യം കണക്കിലെടുത്തു, ഇതു ഭർത്താക്കന്മാർക്ക് ഒരു മാതൃക ആയിരിക്കുന്നത് എങ്ങനെ?
7 യേശു ശിഷ്യന്മാരോട് എല്ലായ്പോഴും പരിഗണന കാണിച്ചിരുന്നുവെന്ന കാര്യവും ഭർത്താക്കന്മാർ മനസ്സിൽപ്പിടിക്കേണ്ടതുണ്ട്. അവരുടെ പരിമിതികളും ശാരീരിക ആവശ്യങ്ങളും അവൻ കണക്കിലെടുത്തു. അവർ ക്ഷീണിതരായിരുന്ന ഒരു സന്ദർഭത്തിൽ അവൻ അവരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ.” (മർക്കൊസ് 6:30-32) ഭാര്യമാരും ചിന്തയും പരിഗണനയും അർഹിക്കുന്നവരാണ്. ബൈബിൾ ഭാര്യമാരെ “ബലഹീനപാത്രം” എന്നാണു വിശേഷിപ്പിക്കുന്നത്. അവർക്ക് “ബഹുമാനം” കൊടുക്കാൻ ഭർത്താക്കന്മാരോടു കൽപ്പിച്ചിരിക്കുന്നു. എന്തുകൊണ്ട്? കാരണം, ഭർത്താവും ഭാര്യയും “ജീവന്റെ കൃപെക്കു” തുല്യാവകാശികളാണ്. (1 പത്രൊസ് 3:7) സ്ത്രീയോ പുരുഷനോ എന്നതല്ല, വിശ്വസ്തതയാണ് ഒരു വ്യക്തിയെ ദൈവത്തിനു വിലപ്പെട്ടവനാക്കുന്നതെന്ന കാര്യം ഭർത്താക്കന്മാർ ഓർക്കേണ്ടതാണ്.—സങ്കീർത്തനം 101:6.
8. (എ) “ഭാര്യയെ സ്നേഹിക്കുന്ന” ഭർത്താവ് “തന്നെത്താൻ സ്നേഹിക്കുന്നു”വെന്നു പറയാനാകുന്നത് എന്തുകൊണ്ട്? (ബി) ‘ഒരു ദേഹം’ ആയിരിക്കുക എന്നത് ഭാര്യാഭർത്താക്കന്മാർക്ക് എന്തർഥമാക്കുന്നു?
8 “ഭാര്യയെ സ്നേഹിക്കുന്ന” ഭർത്താവ് “തന്നെത്താൻ സ്നേഹിക്കുന്നു”വെന്നു ബൈബിൾ പറയുന്നു. യേശു വ്യക്തമാക്കിയതുപോലെ, പുരുഷനും സ്ത്രീയും ‘മേലാൽ രണ്ടല്ല, ഒരു ദേഹം’ ആയതിനാലാണിത്. (മത്തായി 19:6) അതുകൊണ്ട്, ലൈംഗിക താത്പര്യങ്ങൾ അവർ ഇരുവർക്കുമിടയിൽ മാത്രമായി ഒതുക്കിനിറുത്തണം. (സദൃശവാക്യങ്ങൾ 5:15-21; എബ്രായർ 13:4) ഇരുവരും നിസ്സ്വാർഥമായി ഇണയുടെ ആവശ്യങ്ങൾ പരിഗണിക്കുന്നെങ്കിൽ അവർക്ക് അതിനു സാധിക്കും. (1 കൊരിന്ത്യർ 7:3-5) പിൻവരുന്ന ഓർമിപ്പിക്കൽ ശ്രദ്ധേയമാണ്: “ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; . . . അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നത്.” ഭർത്താക്കന്മാർ തങ്ങളെപ്പോലെതന്നെ ഭാര്യമാരെ സ്നേഹിക്കുകയും തങ്ങളുടെ ശിരസ്സായ യേശുക്രിസ്തുവിനോടു കണക്കു ബോധിപ്പിക്കേണ്ടവരാണെന്ന് ഓർക്കുകയും വേണം.—എഫെസ്യർ 5:29; 1 കൊരിന്ത്യർ 11:3.
9. യേശുവിന്റെ ഏതു ഗുണത്തെക്കുറിച്ചാണ് ഫിലിപ്പിയർ 1:8 പറയുന്നത്, ഭർത്താക്കന്മാർ ഭാര്യമാരോടുള്ള ഇടപെടലിൽ ഈ ഗുണം പ്രകടമാക്കേണ്ടത് എന്തുകൊണ്ട്?
9 “ക്രിസ്തുയേശുവിന്റെ ആർദ്രത”യെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പറയുകയുണ്ടായി. (ഫിലിപ്പിയർ 1:8) യേശുവിന്റെ ആർദ്രത നവോന്മേഷദായകമായിരുന്നു. അവന്റെ ശിഷ്യത്വം സ്വീകരിച്ച സ്ത്രീകൾക്ക് അതു പ്രിയങ്കരമായി തോന്നി. (യോഹന്നാൻ 20:1, 11-13, 16) ഭർത്താക്കന്മാരുടെ ആർദ്രപ്രിയം ഭാര്യമാർ അതിയായി ആഗ്രഹിക്കുന്നു.
ഭാര്യമാർക്ക് ഒരു മാതൃക
10. യേശു ഭാര്യമാർക്ക് മാതൃക വെക്കുന്നത് എങ്ങനെ?
10 ഒരു കുടുംബം ഒരു സംഘടനയാണ്, അതു സുഗമമായി മുന്നോട്ടു പോകണമെങ്കിൽ നേതൃത്വമെടുക്കാൻ ഒരാൾ വേണം. തന്റെ ശിരസ്സെന്ന നിലയിൽ യേശുപോലും ഒരാൾക്കു കീഴ്പെട്ടിരിക്കുന്നു. “ക്രിസ്തുവിന്റെ തല ദൈവം” ആയിരിക്കുന്നതുപോലെ “സ്ത്രീയുടെ തല പുരുഷൻ” ആണ്. (1 കൊരിന്ത്യർ 11:3) ദൈവത്തിന്റെ ശിരഃസ്ഥാനത്തോടുള്ള യേശുവിന്റെ കീഴ്പെടൽ ഒരു ഉത്തമ മാതൃകയാണ്. കാരണം, നാമെല്ലാം മറ്റാരുടെയെങ്കിലും ശിരഃസ്ഥാനത്തിൻ കീഴിലാണ്.
11. ഭർത്താവിനോടു ഭാര്യക്ക് ഏതു മനോഭാവം ഉണ്ടായിരിക്കണം, അവളുടെ നടത്ത എന്തിൽ കലാശിച്ചേക്കാം?
11 അപൂർണരായ പുരുഷന്മാർക്കു തെറ്റുപറ്റുകയും മാതൃകായോഗ്യരായ കുടുംബനാഥന്മാർ ആയിരിക്കുന്നതിൽ പലപ്പോഴും അവർ വീഴ്ചവരുത്തുകയും ചെയ്യുന്നു. അപ്പോൾ, ഭാര്യ എന്താണു ചെയ്യേണ്ടത്? ഭർത്താവ് ചെയ്യുന്നതിനെ വിലകുറച്ചുകാണുകയോ അദ്ദേഹത്തിന്റെ ശിരഃസ്ഥാനം ഏറ്റെടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. സൗമ്യതയും സാവധാനതയും ഉള്ള മനസ്സ് ദൈവമുമ്പാകെ വിലയേറിയതാണെന്ന് ഭാര്യ ഓർത്തിരിക്കണം. (1 പത്രൊസ് 3:4) അങ്ങനെയുള്ള ഒരു മനസ്സുള്ളപ്പോൾ, പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും ദൈവിക കീഴ്പെടൽ പ്രകടമാക്കുക എളുപ്പമാണെന്ന് അവൾ കണ്ടെത്തും. കൂടുതലായി ബൈബിൾ ഇങ്ങനെ പറയുന്നു: “ഭാര്യയോ ഭർത്താവിനെ ആഴമായി ബഹുമാനിക്കേണ്ടതാകുന്നു.” (എഫെസ്യർ 5:33, NW) എന്നാൽ, ക്രിസ്തുവിനെ തന്റെ തലയായി അദ്ദേഹം സ്വീകരിക്കുന്നില്ലെങ്കിലോ? ബൈബിൾ ഭാര്യമാരെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ [“ആഴമായ ബഹുമാനത്തോടുകൂടിയ,” NW] നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.”—1 പത്രൊസ് 3:1, 2.
12. ഭാര്യ ആദരപൂർവം തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതു തെറ്റല്ലാത്തത് എന്തുകൊണ്ട്?
12 ഭർത്താവ് ഒരു സഹവിശ്വാസി ആയിരുന്നാലും അല്ലെങ്കിലും, അദ്ദേഹത്തിന്റേതിൽനിന്നു വ്യത്യസ്തമായ ഒരു അഭിപ്രായം ഭാര്യ നയപൂർവം പ്രകടിപ്പിക്കുന്നെങ്കിൽ അത് അനാദരവല്ല. ഭാര്യ പറയുന്നത് ശരിയായിരിക്കാം. അദ്ദേഹം അതിൻപ്രകാരം പ്രവർത്തിച്ചാൽ മുഴുകുടുംബത്തിനും പ്രയോജനം ലഭിച്ചെന്നുംവരാം. കുടുംബത്തിലെ ഒരു പ്രത്യേക പ്രശ്നത്തോടുള്ള ബന്ധത്തിൽ തന്റെ ഭാര്യ സാറാ ഒരു പ്രായോഗിക പരിഹാരം നിർദേശിച്ചപ്പോൾ അബ്രാഹാമിനു യോജിപ്പില്ലായിരുന്നെങ്കിലും ദൈവം അവനോട് ഇങ്ങനെ പറഞ്ഞു: “അവളുടെ വാക്കു കേൾക്ക.” (ഉല്പത്തി 21:9-12) ഭർത്താവ് ദൈവനിയമത്തിനു വിരുദ്ധമല്ലാത്ത ഒരു തീരുമാനം കൈക്കൊള്ളുന്നപക്ഷം, അതിനെ പിന്തുണച്ചുകൊണ്ടു ഭാര്യ കീഴ്പെടൽ പ്രകടമാക്കുന്നു.—പ്രവൃത്തികൾ 5:29; എഫെസ്യർ 5:24.
ഭാര്യമാർക്കായി ഏത് ഉത്തമ ദൃഷ്ടാന്തമാണു സാറാ വെച്ചത്?
13. (എ) എന്തു ചെയ്യാനാണ് തീത്തൊസ് 2:4, 5 വിവാഹിത സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നത്? (ബി) വേർപിരിയലും വിവാഹമോചനവും സംബന്ധിച്ചു ബൈബിൾ എന്തു പറയുന്നു?
13 ഭാര്യക്ക് കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി പലവിധങ്ങളിൽ കരുതാനാകും. ഉദാഹരണത്തിന്, വിവാഹിത സ്ത്രീകൾ “ഭർത്തൃപ്രിയമാരും പുത്രപ്രിയമാരും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കന്മാർക്കു കീഴ്പെടുന്നവരും” ആയിരിക്കണമെന്നു ബൈബിൾ വ്യക്തമാക്കുന്നു. (തീത്തൊസ് 2:4, 5) ഭാര്യയും അമ്മയും എന്നനിലയിൽ ഈവിധം പ്രവർത്തിക്കുന്ന ഒരു സ്ത്രീ അവളുടെ കുടുംബത്തിന്റെ നിലനിൽക്കുന്ന സ്നേഹവും ആദരവും നേടും. (സദൃശവാക്യങ്ങൾ 31:10, 28) എങ്കിലും, വിവാഹം എന്നത് രണ്ട് അപൂർണ വ്യക്തികളുടെ കൂടിച്ചേരലായതിനാൽ, അപൂർവം ചില സാഹചര്യങ്ങൾ വേർപിരിയലിലേക്കോ വിവാഹമോചനത്തിലേക്കോ നയിച്ചേക്കാം. ചില സാഹചര്യങ്ങളിൽ വേർപിരിയാൻ ബൈബിൾ അനുമതി നൽകുന്നുണ്ട്. എന്നുവരികിലും വേർപിരിയലിനെ നിസ്സാരമായി കാണരുത്. എന്തെന്നാൽ ബൈബിൾ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ഭാര്യ ഭർത്താവിനെ വേറുപിരിയരുതു . . . ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുത്.” (1 കൊരിന്ത്യർ 7:10, 11) ദമ്പതികളിൽ ആരുടെയെങ്കിലും പരസംഗം മാത്രമാണ് വിവാഹമോചനത്തിനുള്ള തിരുവെഴുത്തടിസ്ഥാനം.—മത്തായി 19:9.
മാതാപിതാക്കൾക്ക് തികവുറ്റ ഒരു മാതൃക
14. യേശു കുട്ടികളോട് ഇടപെട്ടത് എങ്ങനെ, മാതാപിതാക്കളിൽനിന്നു കുട്ടികൾക്ക് എന്താണ് ആവശ്യമായിരിക്കുന്നത്?
14 കുട്ടികളോട് ഇടപെടുന്ന വിധം സംബന്ധിച്ച് യേശു മാതാപിതാക്കൾക്കായി തികവുറ്റ ഒരു മാതൃകവെച്ചു. യേശുവിന്റെ അടുത്തേക്കു വരുന്നതിൽനിന്നു കൊച്ചുകുട്ടികളെ മറ്റുള്ളവർ തടഞ്ഞപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു: “ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ, അവരെ തടുക്കരുത്.” “പിന്നെ അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു”വെന്നു ബൈബിൾ പറയുന്നു. (മർക്കൊസ് 10:13-16) കുട്ടികളോടൊത്ത് യേശു സമയം ചെലവഴിച്ചു, അങ്ങനെയെങ്കിൽ നിങ്ങളുടെ മക്കളോടൊത്തു നിങ്ങളും അതുതന്നെ ചെയ്യേണ്ടതല്ലേ? അവർക്കു നിങ്ങളുടെ കുറച്ചുസമയം പോരാ, ധാരാളം സമയം ആവശ്യമാണ്. അവരെ പഠിപ്പിക്കാൻ നിങ്ങൾ സമയമെടുക്കണം, കാരണം അതു ചെയ്യാനാണ് യഹോവ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.—ആവർത്തനപുസ്തകം 6:4-9.
15. മക്കളെ സംരക്ഷിക്കാനായി മാതാപിതാക്കൾ എന്തു ചെയ്യണം?
15 ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ ലൈംഗികമായി ചൂഷണം ചെയ്തുകൊണ്ടുംമറ്റും കുട്ടികളെ ദ്രോഹിക്കുന്നവരിൽനിന്നു മാതാപിതാക്കൾ അവർക്കു സംരക്ഷണമേകേണ്ടതുണ്ട്. “കുഞ്ഞുങ്ങളേ” എന്ന് യേശു വാത്സല്യപൂർവം വിളിച്ച തന്റെ ശിഷ്യന്മാരെ അവൻ സംരക്ഷിച്ച വിധം നോക്കുക. വധിക്കപ്പെടുന്നതിനു മുമ്പായി യേശു അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ അവൻ അവർക്കു രക്ഷപ്പെടാനുള്ള വഴിയൊരുക്കി. (യോഹന്നാൻ 13:33; 18:7-9) നിങ്ങളുടെ കുഞ്ഞുങ്ങളെ ദ്രോഹിക്കാനുള്ള പിശാചിന്റെ ശ്രമങ്ങൾ സംബന്ധിച്ച് ഒരു മാതാവോ പിതാവോ ആയ നിങ്ങൾ ജാഗ്രതപുലർത്തേണ്ടതുണ്ട്. നിങ്ങൾ അവർക്ക് അതു സംബന്ധിച്ചു മുന്നറിയിപ്പു നൽകണം.a (1 പത്രൊസ് 5:8) കുട്ടികളുടെ ശാരീരികവും ആത്മീയവും ധാർമികവും ആയ സുരക്ഷയ്ക്ക് മുമ്പൊരിക്കലും ഇത്രയധികം ഭീഷണി നേരിട്ടിട്ടില്ല.
യേശു കുട്ടികളോട് ഇടപെട്ട വിധത്തിൽനിന്നു മാതാപിതാക്കൾക്ക് എന്തു പഠിക്കാനാകും?
16. യേശു തന്റെ ശിഷ്യന്മാരുടെ അപൂർണതകൾ കൈകാര്യംചെയ്ത വിധത്തിൽനിന്നു മാതാപിതാക്കൾക്ക് എന്തു പഠിക്കാനാകും?
16 യേശുവിന്റെ മരണത്തിനു തലേ രാത്രിയിൽ, ആരാണു വലിയവൻ എന്നതു സംബന്ധിച്ച് അവന്റെ ശിഷ്യന്മാർക്കിടയിൽ തർക്കമുണ്ടായി. എങ്കിലും, അവരോടു ദേഷ്യപ്പെടുന്നതിനു പകരം വാക്കിനാലും മാതൃകയാലും യേശു അവരെ തുടർന്നും സ്നേഹപൂർവം പഠിപ്പിക്കുകയാണു ചെയ്തത്. (ലൂക്കൊസ് 22:24-27; യോഹന്നാൻ 13:3-8) നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, കുട്ടികളെ തിരുത്തുന്നതിൽ യേശുവിന്റെ മാതൃക എങ്ങനെ അനുകരിക്കാനാകുമെന്നു നിങ്ങൾക്കു കാണാനാകുന്നുണ്ടോ? അവർക്കു ശിക്ഷണം വേണമെന്നതു ശരിയാണ്. എന്നാൽ ‘ന്യായമായ’ തോതിൽ ആയിരിക്കണം അതു നൽകേണ്ടത്. ശിക്ഷണം നൽകുന്നത് ഒരിക്കലും ദേഷ്യത്തോടെ ആയിരിക്കരുത്. “വാളുകൊണ്ടു കുത്തുംപോലെ” ചിന്താശൂന്യമായി സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല. (യിരെമ്യാവു 30:11; സദൃശവാക്യങ്ങൾ 12:18) ശിക്ഷണം എത്ര ഉചിതമായിരുന്നെന്നു കുട്ടി പിന്നീടു മനസ്സിലാക്കത്തക്ക വിധമായിരിക്കണം അതു നൽകേണ്ടത്.—എഫെസ്യർ 6:4; എബ്രായർ 12:9-11.
കുട്ടികൾക്ക് ഒരു മാതൃക
17. കുട്ടികൾക്കായി യേശു തികവുറ്റ ഒരു മാതൃകവെച്ചത് എങ്ങനെ?
17 യേശുവിൽനിന്നു കുട്ടികൾക്കു പഠിക്കാനാകുമോ? തീർച്ചയായും! കുട്ടികൾ മാതാപിതാക്കളെ അനുസരിക്കേണ്ടത് എങ്ങനെയാണെന്നു സ്വന്ത മാതൃകയാൽ അവൻ പ്രകടമാക്കി. അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” തുടർന്ന് ഇങ്ങനെ കൂട്ടിച്ചേർത്തു: ‘ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നു.’ (യോഹന്നാൻ 8:28, 29) യേശു തന്റെ സ്വർഗീയ പിതാവിനോട് അനുസരണമുള്ളവൻ ആയിരുന്നു. മാതാപിതാക്കളെ അനുസരിക്കാൻ ബൈബിൾ കുട്ടികളോടു പറയുന്നു. (എഫെസ്യർ 6:1-3) പൂർണതയുള്ള ഒരു കുട്ടിയായിരുന്നെങ്കിലും, അപൂർണരായിരുന്ന തന്റെ മാനുഷ മാതാപിതാക്കളെ, അതായത് യോസേഫിനെയും മറിയയെയും യേശു അനുസരിച്ചു. അതു മുഴു കുടുംബത്തിന്റെയും സന്തുഷ്ടിയിൽ കലാശിച്ചു എന്നതിനു സംശയമില്ല.—ലൂക്കൊസ് 2:4, 5, 51, 52.
18. യേശു എല്ലായ്പോഴും തന്റെ സ്വർഗീയ പിതാവിനെ അനുസരിച്ചത് എന്തുകൊണ്ട്, ഇക്കാലത്ത് കുട്ടികൾ മാതാപിതാക്കളെ അനുസരിക്കുമ്പോൾ ആരാണു സന്തോഷിക്കുന്നത്?
18 കഴിവതും യേശുവിനെപ്പോലെ ആയിക്കൊണ്ട് മാതാപിതാക്കളെ സന്തോഷിപ്പിക്കാനുള്ള വിധങ്ങൾ കണ്ടെത്താൻ കുട്ടികൾക്കു കഴിയുമോ? മാതാപിതാക്കളെ അനുസരിക്കുക എന്നതു ചിലപ്പോഴൊക്കെ അത്ര എളുപ്പമല്ലെന്നു കുട്ടികൾക്കു തോന്നിയേക്കാം. എങ്കിലും, അവർ അതു ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. (സദൃശവാക്യങ്ങൾ 1:8; 6:20) യേശു സ്വർഗീയ പിതാവിനോട് എപ്പോഴും അനുസരണമുള്ളവനായിരുന്നു, പ്രയാസ സാഹചര്യങ്ങളിൽപ്പോലും. ഒരിക്കൽ ദൈവേഷ്ടത്തോടുള്ള ചേർച്ചയിൽ വളരെ പ്രയാസമുള്ള ഒരു കാര്യം ചെയ്യേണ്ടിവന്നപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ഈ പാനപാത്രം [യേശുവിനോടു ചെയ്യാൻ ആവശ്യപ്പെട്ട പ്രത്യേക കാര്യം] എങ്കൽ നിന്നു നീക്കേണമേ.” എന്നിട്ടും, യേശു ദൈവം പറഞ്ഞതു ചെയ്തു. കാരണം, തനിക്ക് ഏറ്റവും നല്ലത് എന്താണെന്നു പിതാവിന് അറിയാമെന്ന ബോധ്യം അവന് ഉണ്ടായിരുന്നു. (ലൂക്കൊസ് 22:42) അനുസരണമുള്ളവരായിരിക്കാൻ പഠിക്കുന്നതിലൂടെ കുട്ടികൾ മാതാപിതാക്കൾക്കും സ്വർഗീയ പിതാവിനും വളരെയേറെ സന്തോഷം കൈവരുത്തും.b—സദൃശവാക്യങ്ങൾ 23:22-25.
പ്രലോഭനം നേരിടുമ്പോൾ കുട്ടികൾ എന്തിനെക്കുറിച്ചു ചിന്തിക്കണം?
19. (എ) സാത്താൻ കുട്ടികളെ പ്രലോഭിപ്പിക്കുന്നത് എങ്ങനെ? (ബി) കുട്ടികളുടെ മോശമായ പെരുമാറ്റം മാതാപിതാക്കളെ എങ്ങനെ ബാധിക്കും?
19 പിശാച് യേശുവിനെ പ്രലോഭിപ്പിച്ചു. അതുപോലെ അവൻ ഇന്നു കുട്ടികളെയും തെറ്റുചെയ്യാനായി പ്രലോഭിപ്പിക്കുമെന്ന് ഉറപ്പാണ്. (മത്തായി 4:1-10) പിശാചായ സാത്താൻ അതിനായി സമപ്രായക്കാരിൽനിന്നുള്ള സമ്മർദം ഉപയോഗിക്കുന്നു. അതിനെ ചെറുത്തുനിൽക്കുക എളുപ്പമല്ല. അതുകൊണ്ട്, തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരുമായി കുട്ടികൾ ചങ്ങാത്തം കൂടാതിരിക്കേണ്ടത് എത്ര പ്രധാനമാണ്! (1 കൊരിന്ത്യർ 15:33, NW) യഹോവയെ ആരാധിക്കാത്തവരുമായി യാക്കോബിന്റെ മകളായ ദീനാ കൂട്ടുകൂടിയത് നിരവധി പ്രശ്നങ്ങൾക്ക് ഇടയാക്കി. (ഉല്പത്തി 34:1, 2) ഒരംഗം ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടാൽ അതു കുടുംബത്തിന് എത്രമാത്രം ദുഃഖം വരുത്തിവെക്കുമെന്നു ചിന്തിച്ചുനോക്കൂ!—സദൃശവാക്യങ്ങൾ 17:21, 25.
കുടുംബസന്തുഷ്ടിയുടെ താക്കോൽ
20. സന്തുഷ്ട കുടുംബജീവിതം ആസ്വദിക്കുന്നതിന് കുടുംബത്തിലെ ഓരോരുത്തരും എന്തു ചെയ്യണം?
20 ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കുമ്പോൾ കുടുംബപ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയെന്നത് ഏറെ എളുപ്പമാണ്. വാസ്തവത്തിൽ, അത്തരം ബുദ്ധിയുപദേശം ബാധകമാക്കുന്നതാണ് കുടുംബസന്തുഷ്ടിയുടെ താക്കോൽ. അതുകൊണ്ട് ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുകയും യേശു സഭയോട് പെരുമാറുന്നതുപോലെ അവരോടു പെരുമാറുകയും ചെയ്വിൻ. ഭാര്യമാരേ, ഭർത്താക്കന്മാരുടെ ശിരഃസ്ഥാനത്തിനു കീഴ്പെട്ടിരിക്കുകയും സദൃശവാക്യങ്ങൾ 31:10-31 വർണിച്ചിരിക്കുന്ന സാമർഥ്യമുള്ള ഭാര്യയുടെ മാതൃക പിൻപറ്റുകയും ചെയ്യുക. മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുക. (സദൃശവാക്യങ്ങൾ 22:6) പിതാക്കന്മാരേ, ‘സ്വന്ത കുടുംബത്തെ നന്നായി ഭരിക്കുക.’ (1 തിമൊഥെയൊസ് 3:4, 5; 5:8) കുട്ടികളേ, നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക. (കൊലൊസ്സ്യർ 3:20) കുടുംബത്തിലെ ആരും പൂർണരല്ലാത്തതിനാൽ എല്ലാവർക്കും തെറ്റുപറ്റും. അതുകൊണ്ട്, താഴ്മയുള്ളവരായിരുന്നുകൊണ്ട് അന്യോന്യം ക്ഷമ ചോദിക്കുക.
21. അത്ഭുതകരമായ ഏതെല്ലാം പ്രതീക്ഷകളാണ് നമുക്കുള്ളത്, നമുക്ക് ഇപ്പോൾ സന്തുഷ്ട കുടുംബജീവിതം ആസ്വദിക്കാൻ കഴിയുന്നത് എങ്ങനെ?
21 അതേ, കുടുംബജീവിതം സംബന്ധിച്ച വിലയേറിയ ബുദ്ധിയുപദേശവും മാർഗനിർദേശവും ബൈബിളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, ദൈവത്തിന്റെ പുതിയ ലോകത്തെയും യഹോവയെ സേവിക്കുന്ന സന്തുഷ്ട ജനത്തെക്കൊണ്ടു നിറഞ്ഞ ഭൗമിക പറുദീസയെയും കുറിച്ചും അതു നമ്മെ പഠിപ്പിക്കുന്നു. (വെളിപ്പാടു 21:3-5) എത്ര അത്ഭുതകരമായ പ്രതീക്ഷകളാണ് നമുക്കുള്ളത്! ദൈവവചനമായ ബൈബിളിലെ മാർഗനിർദേശങ്ങൾ ബാധകമാക്കുകവഴി ഇപ്പോൾപ്പോലും നമുക്ക് സന്തുഷ്ട കുടുംബജീവിതം ആസ്വദിക്കാനാകും.
a കുട്ടികളെ സംരക്ഷിക്കാൻ സഹായകമായ വിവരങ്ങൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 32-ാം അധ്യായത്തിൽ കാണാവുന്നതാണ്.
b മാതാവോ പിതാവോ, ദൈവകൽപ്പന ലംഘിക്കാൻ ആവശ്യപ്പെട്ടാൽ മാത്രമേ കുട്ടി അനുസരിക്കാതിരിക്കാവൂ.—പ്രവൃത്തികൾ 5:29.