ആശ്രയിക്കണമോ ആശ്രയിക്കാതിരിക്കണമോ എന്നത്
ആശ്രയിക്കണമോ ആശ്രയിക്കാതിരിക്കണമോ എന്നറിയുക വിഷമകരമായിരിക്കാം. രണ്ടിനും അവയുടേതായ അപകടങ്ങളുണ്ട്, പ്രത്യേകിച്ചു ചതിയും വിശ്വാസവഞ്ചനയും ഇത്രമാത്രം വ്യാപകമായിരിക്കുന്ന ഒരു ലോകത്തിൽ. എങ്കിലും കഷ്ടകാലത്ത് നമ്മെ പിന്തുണയ്ക്കുന്ന ആശ്രയയോഗ്യരായ സുഹൃത്തുക്കളെ നമുക്കെല്ലാവർക്കും ആവശ്യമാണ്. (സദൃശവാക്യങ്ങൾ 17:17) ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്കുമുമ്പ് റോമൻ എഴുത്തുകാരനായ ഫേയ്ഡ്രസ് ഈ വിഷമസന്ധിയെക്കുറിച്ച് ഈ രീതിയിൽ വിവരിച്ചു: “ആശ്രയിക്കുന്നതും ആശ്രയിക്കാതിരിക്കുന്നതും ആപത്കരമാണ്.”
ആശ്രയിക്കുന്നത് ആപത്കരമായിരിക്കാൻ കഴിയും
മറ്റാരെയെങ്കിലും ആശ്രയിക്കുന്നത് ആപത്കരമായിരുന്നേക്കാവുന്നതെന്തുകൊണ്ട്? കൊള്ളാം, സൈക്കോളജി ടുഡേ മാസികയിൽ കൊടുത്തിരിക്കുന്ന മുന്നറിയിപ്പു പരിഗണിക്കുക. ആളുകളുടെ ആശ്രയത്തെ ചൂഷണം ചെയ്യുന്ന ചിലരെ അതു വർണിക്കുന്നത്, “തങ്ങൾക്കു ചുറ്റുമുള്ളവരെ ചതിക്കാനും കളിപ്പാവകളാക്കാനും അവരുടെ ജീവിതങ്ങളെ തകർക്കാനും വശ്യതയും ഓന്തിനെപ്പോലെ നിറംമാറുന്ന സ്വഭാവത്തെയും ഉപയോഗിക്കുന്ന ഇരപിടിയൻമാരാ”യിട്ടാണ്. സ്പഷ്ടമായും അത്തരം ചതിയൻമാർ ചുറ്റുമുള്ളപ്പോൾ അമിതമായി ആശ്രയിക്കുന്നതു തീർച്ചയായും അപകടകരമാണ്.
അമിതമായി ആശ്രയിക്കുന്ന ഒരാളെ എളുപ്പത്തിൽ കബളിപ്പിക്കാൻ കഴിഞ്ഞേക്കും. അതിന്റെ ഫലമായി അവർ എളുപ്പത്തിൽ വഞ്ചിക്കപ്പെടുകയും കളിപ്പാവകളാക്കപ്പെടുകയും ചെയ്യും. എളുപ്പത്തിൽ കബളിപ്പിക്കപ്പെട്ടതിനു മകുടോദാഹരണമായിരുന്നു കുശാഗ്ര ചിന്തയുടെ വിദഗ്ധ ഡിറ്റക്ടീവായ ഷെർലോക്ക് ഹോമസിന്റെ ഉപജ്ഞാതാവായ സർ ആർതർ കോനാൻ ഡൊയ്ൽ. ഇംഗ്ലണ്ടിലെ കോട്ടിങ്ങ്ലിയിലുള്ള തങ്ങളുടെ വീട്ടിലെ പൂന്തോട്ടത്തിൽവെച്ച് യക്ഷികളുമായി കളിച്ചെന്ന് എൽസി റൈറ്റ് അവളുടെ കസിൻ ഫ്രാൻസെസ് ഗ്രിഫത്സ് എന്നിങ്ങനെ രണ്ടു പെൺകുട്ടികൾ 1917-ൽ അവകാശപ്പെട്ടു. അതു തെളിയിക്കാനുള്ള ശ്രമത്തിൽ അവർ യക്ഷികളുടെ ഫോട്ടോകൾവരെ ഉണ്ടാക്കി.
തന്റെ പുത്രന്റെ മരണത്തിനുശേഷം ഭൂതവിദ്യയിൽ ആഴത്തിൽ തത്പരനായിരുന്ന കോനാൻ ഡോയ്ൽ അവരെ ആശ്രയിക്കുകയും യക്ഷികളെക്കുറിച്ചുള്ള കഥകൾ വിശ്വസിക്കുകയും ചെയ്തു—ആ കാലത്തെ അനേകം ആളുകളെപ്പോലെ തന്നെ. അതെല്ലാം ഒരു തട്ടിപ്പായിരുന്നുവെന്നും “യക്ഷികളു”ടെ പടങ്ങൾ ഒരു പുസ്തകത്തിൽനിന്ന് വെട്ടിയെടുത്തിട്ട് അവയുടെ ഫോട്ടോയെടുത്തതാണെന്നും ആ രണ്ടു പെൺകുട്ടികൾ ഏതാണ്ട് 55 വർഷം കഴിഞ്ഞാണു സമ്മതിച്ചത്. അവരുടെ കഥ ആരെങ്കിലും വിശ്വസിച്ചതിൽ ഫ്രാൻസെസ് ഗ്രിഫിത്സ് അത്ഭുതം പ്രകടമാക്കി. അവർ ഇങ്ങനെ പറഞ്ഞു: “അവർ യഥാർഥമാണെന്നു വിശ്വസിക്കാൻ തക്കവണ്ണം ലോകത്തിൽ ആർക്കെങ്കിലും അത്ര വിഡ്ഢിയായിരിക്കാൻ കഴിഞ്ഞതെങ്ങനെയെന്നത് എനിക്ക് എല്ലായ്പോഴും ഒരു രഹസ്യമായിരുന്നു.”—തട്ടിപ്പുകാരും അവരുടെ ഇരകളും (ഇംഗ്ലീഷ്).
കോനാൻ ഡോയ്ൽ വീണ കെണി നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ? ആ കഥ നേരായിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചതുകൊണ്ട് അത് അതുപടി കണ്ണടച്ചങ്ങു വിശ്വസിച്ചു. ഗ്രന്ഥകാരനായ നോർമൻ മോസ്സ് ഇപ്രകാരം പറയുന്നു: “പതിവു പ്രവണത നമ്മുടെ ഗ്രഹണപ്രാപ്തികളെ കേവലം മന്ദീഭവിപ്പിച്ചിരിക്കുന്നതുകൊണ്ട് നമ്മെ മടയൻ കളിപ്പിക്കാൻ കഴിയും. നാം പകുതിയടഞ്ഞ കണ്ണുകളിലൂടെയാണു കാര്യങ്ങളെ നോക്കുന്നത്. . . . ചിലപ്പോൾ ഒരു കാര്യം സത്യമായിരിക്കാൻ നാം ആഗ്രഹിക്കുന്നതുകൊണ്ട് നാം ആ കാര്യത്തെ സത്യമായി സ്വീകരിക്കുന്നു.” (ദ പ്ലഷേഴ്സ് ഓഫ് ഡിസെപ്ഷൻ) നമ്മുടെ പൊതുയുഗത്തിനു ഏതാണ്ട് 350 വർഷം മുമ്പ് പ്രസിദ്ധ ഗ്രീക്ക് വാഗ്മി ഡെമൊസ്തെനെസ് നൽകിയ മുന്നറിയിപ്പിനെ ഇത് പ്രതിധ്വനിപ്പിക്കുന്നു: “സ്വയം ചതിക്കാനാണ് എല്ലാത്തിലും ഏറ്റവും എളുപ്പം. എന്തുകൊണ്ടെന്നാൽ ഒരു മനുഷ്യൻ സത്യമായിരിക്കാൻ ആഗ്രഹിക്കുന്നത് സാധാരണഗതിയിൽ അവൻ സത്യമാണെന്നു വിശ്വസിക്കുന്നു.” നമ്മുടെ വികാരങ്ങളിൽ മാത്രം ആശ്രയിക്കുന്നത് അപകടകരമായിരിക്കാൻ കഴിയും.
സത്യംതന്നെ, അതു തീരെ അസാധാരണമായ ഒരു ഉദാഹരണമാണെന്നും കാനോൻ ഡോയ്ൽ നിങ്ങൾ എന്നെങ്കിലും ആയിരുന്നേക്കാവുന്നതിലും വലിയ മടയനാണെന്നും നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ ചതിക്കപ്പെടുന്നതിന്റെ അപകടത്തിൽ ആയിരിക്കുന്നത് എളുപ്പത്തിൽ കബളിപ്പിക്കാവുന്നവർ മാത്രമല്ല. ശ്രദ്ധാലുക്കളും സാധാരണഗതിയിൽ ജാഗരൂകരുമായ അനേകം ആളുകളും ആശ്രയയോഗ്യരെന്നു തോന്നുന്ന ആളുകളാൽ വിഡ്ഢികളാക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ആശ്രയിക്കാതിരിക്കുന്നത് ആപത്കരമായിരിക്കാൻ കഴിയും
എന്നാൽ, ആരെയും അല്ലെങ്കിൽ ഒന്നിനെയും ആശ്രയിക്കാതിരിക്കുന്നതിലും അപകടങ്ങളുണ്ട്. ആശ്രയമില്ലായ്മ ദ്രവിപ്പിക്കുന്ന തുരുമ്പുപോലെയാണ്. അല്ലാത്തപക്ഷം സന്തോഷകരമായിരിക്കാവുന്ന അടുത്ത ബന്ധങ്ങൾ കാർന്നുതിന്നുന്നതിന് അതിനു കഴിയും. ആഴത്തിൽ വേരുപിടിച്ചിരിക്കുന്ന സഹവാസവിരക്ഷിക്കും വിട്ടുവീഴ്ചവരുത്താത്ത അനാശ്രയത്വത്തിനും നിങ്ങളെ വളരെ അസന്തുഷ്ടനും സുഹൃത്തുക്കളില്ലാത്തവനുമാക്കിത്തീർക്കാൻ കഴിയും. മറ്റാളുകളുമായുള്ള ബന്ധങ്ങളുടെമേൽ വളരെയധികം ക്ഷതമേൽപ്പിക്കാൻ അതിനു കഴിയും. അതേക്കുറിച്ച്, ഇംഗ്ലീഷ് എഴുത്തുകാരനായ സാമുവേൽ ജോൺസൺ പിൻവരുന്നപ്രകാരം എഴുതാൻ തക്കവണ്ണം പ്രേരിതനായി: “ആശ്രയിക്കാതിരിക്കുന്നതിലും അധികം സന്തോഷകരം ചിലപ്പോഴൊക്കെ വഞ്ചിക്കപ്പെടുന്നതാണ്.”
അനാശ്രയത്വത്തിനു നിങ്ങളുടെ ശാരീരിക ആരോഗ്യത്തെപ്പോലും അപകടത്തിലാക്കാൻ കഴിയും. കോപം പോലുള്ള ശക്തമായ വികാരങ്ങൾക്കു ഹൃദയസ്തംഭനത്തിന് ഇടയാക്കാൻ കഴിയുമെന്ന സംഗതി നിങ്ങൾക്ക് അറിയാമായിരിക്കാം. എന്നാൽ അനാശ്രയത്വമുള്ളവരായിരിക്കുന്നതിന് അതുതന്നെ ചെയ്യാൻ കഴിയുമെന്ന് ചില ഗവേഷണം നിർദേശിക്കുന്നതായി നിങ്ങൾക്ക് അറിയാമായിരുന്നോ? ഷാട്ലാൻ മാസിക ഇപ്രകാരം പറയുന്നു: “തങ്ങളുടെ സ്വഭാവംകൊണ്ട് ഹൃദ്രോഗം ഉണ്ടാകുന്നതിനുള്ള സാധ്യതകൾ വർധിപ്പിച്ചേക്കാവുന്നവർ കോപത്താൽ പൊട്ടിത്തെറിക്കുന്നവർ മാത്രമല്ല. സഹവാസവിരക്തിയും അനാശ്രയത്വവും കാട്ടുന്നവരായിരിക്കാനുള്ള പ്രവണത പോലുള്ള ശത്രുതയുടെ സൂക്ഷ്മ രൂപങ്ങൾക്കുപോലും അപകടമുയർത്താൻ കഴിയുമെന്ന് പുതിയ ഗവേഷണം സൂചിപ്പിക്കുന്നു.”
സൂക്ഷ്മബുദ്ധിയോടെ നിങ്ങളുടെ നടപ്പുകൾ സൂക്ഷിച്ചുകൊൾക
നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ഈ സംഗതി സംബന്ധിച്ച് ബൈബിൾ ചില നല്ല ഉപദേശം നൽകുന്നു: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 14:15 പറയുന്നു. ഇത് നാശകരമായ സഹവാസവിരക്തിയല്ല. ജാഗ്രതയുടെ ആവശ്യം സംബന്ധിച്ച ഒരു യഥാർഥ ഓർമിപ്പിക്കലാണ് അത്. തീരെ ശുദ്ധഗതിക്കാരനായ അനുഭവപരിചയമില്ലാത്ത വ്യക്തിമാത്രമേ താൻ കേൾക്കുന്ന ഏതുവാക്കും കണ്ണടച്ചു വിശ്വസിക്കുകയുള്ളൂ. നല്ല കാരണത്തോടെ ബൈബിൾ സദൃശവാക്യം ഇപ്രകാരം തുടരുന്നു: “സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” ഇംഗ്ലീഷ് നാടകകൃത്തായ വില്യം ഷേക്ക്സ്പിയർ ഇങ്ങനെ എഴുതി: “ജീർണിച്ച പലകകളെ ആശ്രയിക്കരുത്.” ആഴമുള്ള ഒരു കുഴിക്കു മീതെയുള്ള ഒരു പാലത്തിലെ പലകകൾ ജീർണിച്ചതായിരിക്കുമെന്നു വിചാരിക്കുന്ന ഒരുവൻ അവയിൽ ചവിട്ടുന്നതു വലിയ മടയത്തരമായിരിക്കും. അങ്ങനെയെങ്കിൽ നിങ്ങളുടെ ആശ്രയം അസ്ഥാനത്തു വയ്ക്കാതിരിക്കാൻ തക്കവണ്ണം നിങ്ങൾക്ക് ‘നിങ്ങളുടെ നടപ്പുകൾ സൂക്ഷിക്കാൻ’ എങ്ങനെ കഴിയും?
നാം കേൾക്കുന്നതെന്തും വെറുതെ കണ്ണടച്ച് അംഗീകരിക്കുന്നതിനു പകരം ആളുകൾ പറയുന്നതു പരിശോധിച്ചു നോക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “അണ്ണാക്കു ആഹാരത്തെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു” എന്ന് അതു പറയുന്നു. (ഇയ്യോബ് 34:3) അതു സത്യമല്ലേ? നാം ആഹാരം ഇറക്കുന്നതിനു മുമ്പ് സാധാരണമായി അതിന്റെ രുചി നോക്കാറില്ലേ? അതുപോലെ, ആളുകളുടെ വാക്കുകളും പ്രവൃത്തികളും അംഗീകരിക്കുന്നതിനു മുമ്പു നാം അവ പരിശോധിക്കേണ്ടതുണ്ട്. ആത്മാർഥതയുള്ള ഒരുവനു നാം അയാളുടെ വിശ്വാസയോഗ്യതകൾ പരിശോധിക്കുന്ന പക്ഷം നീരസം തോന്നുകയില്ല. എന്തെങ്കിലും സംഗതി യഥാർഥമാണെന്നു കാണാൻ നാം അതു പരിശോധിച്ചു നോക്കേണ്ടിയിരിക്കുന്നുവെന്നുള്ളതു പിൻവരുന്ന സ്കോട്ടിഷ് പഴമൊഴിയാൽ പിന്തുണയ്ക്കപ്പെടുന്നു: “എന്നെ ഒരു പ്രാവശ്യം ചതിച്ചാൽ ലജ്ജ ചതിക്കുന്നയാളിനാണ്; എന്നാൽ അവൻ എന്നെ രണ്ടു തവണ ചതിച്ചാൽ ലജ്ജ എനിക്കാണ്.”
“എല്ലാത്തിനെയും ശോധന ചെയ്യുക” എന്ന് അപ്പോസ്തലനായ പൗലോസ് ഉപദേശിച്ചു. (1 തെസ്സലൊനീക്യർ 5:21, റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) “ശോധന” എന്നുള്ളതിന് അപ്പോസ്തലനായ പൗലോസ് ഉപയോഗിച്ചിരിക്കുന്ന പദം, വിലയേറിയ ലോഹങ്ങൾ യഥാർഥത്തിലുള്ളതാണോ എന്നറിയുന്നതിന് മാറ്റുരച്ചുനോക്കുന്നതിനോടുള്ള ബന്ധത്തിലും ഉപയോഗിച്ചിട്ടുണ്ട്. താൻ വാങ്ങിക്കുന്നത് യഥാർഥത്തിലുള്ളതാണോയെന്നറിയാൻ വിവേകിയായ ഒരു വ്യക്തി എല്ലായ്പോഴും ശോധന ചെയ്യും. അല്ലാത്തപക്ഷം അയാൾ വാങ്ങിക്കുന്നതു വിഡ്ഢിയുടെ സ്വർണം എന്നു പറയുന്നതായിരിക്കും. സ്വർണംപോലെയിരിക്കുന്നതും എന്നാൽ വാസ്തവത്തിൽ വിലയില്ലാത്തതുമായ ഒരു വസ്തു.
ന്യായബോധവും സമനിലയും ഉള്ളവരായിരിക്കുക
തീർച്ചയായും, നാം ഈ കാര്യത്തിൽ ന്യായബോധമുള്ളവരും മറ്റുള്ളവരെക്കുറിച്ച് അമിതമായി സംശയിക്കാത്തവരുമായിരിക്കാൻ ആഗ്രഹിക്കുന്നു. (ഫിലിപ്പിയർ 4:5) ആർക്കെങ്കിലും മോശമായ ആന്തരങ്ങളുണ്ടെന്ന് പെട്ടെന്ന് ആരോപിക്കാതിരിക്കുക. ആന്തരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നത് നല്ല, അടുത്ത ബന്ധങ്ങളെ തകർക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗമായിരിക്കാൻ കഴിയും. പ്രയാസകരമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കൾക്കു മോശമായ ആന്തരങ്ങൾ ഉണ്ടെന്ന് ആരോപിക്കുന്നതിനുപകരം അവർ നിങ്ങൾക്ക് ഏറ്റവും നല്ലതു ചെയ്യാൻ ആഗ്രഹിക്കുന്നു എന്നു സങ്കൽപ്പിക്കുന്നതാണു സാധാരണമായി ഏറ്റവും നല്ലത്.
മറ്റുള്ളവരുടെ അപൂർണതകൾക്കും തെറ്റുകൾക്കും വിട്ടുവീഴ്ചകൾ വരുത്തുക. “ഒരു സുഹൃത്തിനാലുള്ള വഞ്ചന ആശ്രയത്തിന്റെ ലംഘനത്തെ അർഥമാക്കുന്നു” എന്ന് എഴുത്തുകാരിയായ ക്രിസ്റ്റിൻ വൊൺ ക്രൈസ്ലർ പറയുന്നു. എന്നിരുന്നാലും, അത്തരം വിശ്വാസവഞ്ചന കരുതിക്കൂട്ടി ചെയ്തതല്ലായിരിക്കാം. അല്ലെങ്കിൽ ഇപ്പോൾ ആഴമായ മനസ്താപം തോന്നുന്ന ബലഹീനതയുടെ ഫലമായിരുന്നിരിക്കാം. അതുകൊണ്ട് അവർ ഇപ്രകാരം തുടരുന്നു: “ആ വഞ്ചനയെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കരുത്—അല്ലെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കുന്നതിൽനിന്നു നിങ്ങളെ തടയാൻ അതിനെ നിങ്ങൾ അനുവദിക്കരുത്.” മറ്റുള്ളവരുമായി ആശ്രയകരമായ ബന്ധങ്ങൾ കെട്ടുപണിചെയ്യുന്നതിൽനിന്നു വന്നേക്കാവുന്ന സന്തോഷങ്ങളെ തിക്തവും നിഷേധാത്മകവുമായ അനുഭവങ്ങൾ നിങ്ങളിൽനിന്നും കവർന്നുകളയാൻ അനുവദിക്കരുത്.
സമനിലയുള്ളവരായിരിക്കുക. ആളുകളെ വിലയിരുത്തുമ്പോൾ നിങ്ങൾ കൺമറകൾ ധരിക്കേണ്ടതില്ല; മുൻകരുതലുള്ള ഒരു വ്യക്തി ജാഗ്രതയുള്ളവനായി ഇരിക്കുന്നു. നേരേമറിച്ച്, മറ്റുള്ളവർ തങ്ങളുടെ പരമാവധി ചെയ്യുന്നുണ്ടെന്നു സങ്കൽപ്പിക്കാനും അവരുടെ വീക്ഷണഗതി മനസ്സിലാക്കാനും നാം ശ്രമിക്കണമെന്നും സാധ്യമായിരിക്കുമ്പോഴെല്ലാം “മറ്റുള്ളവരെ ആശ്രയിക്കുന്നതു ശീലമാക്ക”ണമെന്നും ഡോക്ടർ റെഡ്ഫർഡ് വില്ല്യംസ് നിർദേശിക്കുന്നു. ഒരിക്കലും ആശ്രയിക്കാതിരിക്കുന്നതിനെക്കാൾ മെച്ചം അമിതമായി ആശ്രയിക്കുന്നതായിരുന്നേക്കാം.
‘പരസ്പരം ഛിദ്രിക്കാൻ പ്രവണതയുള്ള സുഹൃത്തുക്കൾ’—അതായത് നിങ്ങളുടെ ആശ്രയത്തെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന ആളുകൾ ‘ഉണ്ടെ’ന്ന് സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകത്തിന്റെ ലേഖകൻ സമ്മതിച്ചു പറയുന്നു. ലോകം അവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. എന്നാൽ ആശ്രയയോഗ്യരെന്നു പ്രകടിപ്പിക്കാൻ മറ്റുള്ളവർക്കു സമയവും സന്ദർഭവും നൽകുക. അങ്ങനെയെങ്കിൽ വാസ്തവത്തിൽ, “സഹോദരനെക്കാളും പറ്റുള്ള” സ്നേഹിതരെ നിങ്ങൾ കണ്ടെത്തും.—സദൃശവാക്യങ്ങൾ 18:24.
അപ്പോൾപ്പിന്നെ, നിങ്ങളുടെ ആശ്രയം ചൂഷണം ചെയ്യപ്പെടും അല്ലെങ്കിൽ വഞ്ചിക്കപ്പെടും എന്ന ഭയം കൂടാതെ നിങ്ങൾക്ക് പൂർണ ആശ്രയം അർപ്പിക്കാൻ കഴിയുന്ന ആരെങ്കിലും അഥവാ എന്തെങ്കിലുമുണ്ടോ? ഉണ്ട്, തീർച്ചയായുമുണ്ട്. സമ്പൂർണമായ ഉറപ്പോടെ നിങ്ങൾക്ക് ആശ്രയം വെക്കാൻ കഴിയുന്നത് എവിടെയെന്ന് അടുത്ത ലേഖനം ഹ്രസ്വമായി പരിചിന്തിക്കുന്നതായിരിക്കും.
[6-ാം പേജിലെ ആകർഷകവാക്യം]
“അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.”—സദൃശവാക്യങ്ങൾ 14:15
[7-ാം പേജിലെ ചിത്രം]
മറ്റുള്ളവരുടെ അപൂർണതകൾക്കും തെറ്റുകൾക്കും വിട്ടുവീഴ്ചകൾ വരുത്തുക