നിങ്ങൾ സദ്ഗുണം പിന്തുടരുന്നുവോ?
“ഏതു സദ്ഗുണവും ഏതു സ്തുത്യർഹമായ കാര്യവും, ഇവ പരിചിന്തിക്കുന്നതിൽ തുടരുക.”—ഫിലിപ്പിയർ 4:8, NW.
1. എന്താണു ദുർഗുണം, യഹോവയുടെ ആരാധനയെ അതു ദുഷിപ്പിച്ചിട്ടില്ലാത്തത് എന്തുകൊണ്ട്?
ധാർമിക വഷളത്തം അല്ലെങ്കിൽ ദുഷിപ്പാണു ദുർഗുണം. നാം ജീവിക്കുന്ന ലോകത്തിൽ അതു പടർന്നുപിടിച്ചിരിക്കുന്നു. (എഫെസ്യർ 2:1-3) എന്നിരുന്നാലും, തന്റെ ശുദ്ധാരാധന ദുഷിച്ചുപോകാൻ യഹോവ അനുവദിക്കുകയില്ല. നീതികെട്ട നടത്ത സംബന്ധിച്ചു ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും യോഗങ്ങളും സമ്മേളനങ്ങളും കൺവെൻഷനുകളുമെല്ലാം നമുക്കു കാലോചിത മുന്നറിയിപ്പു തരുന്നു. ‘നല്ലതിനോടു പറ്റിനിൽക്കാൻ’ നമ്മെ സഹായിക്കുന്ന തിരുവെഴുത്തുപരമായ നല്ല സഹായം നമുക്കു ലഭിക്കുന്നു. (റോമർ 12:9) അതുകൊണ്ട്, ഒരു സ്ഥാപനമെന്ന നിലയ്ക്കു ശുദ്ധിയും സദ്ഗുണവുമുള്ളവരായിരിക്കാൻ യഹോവയുടെ സാക്ഷികൾ പരിശ്രമിക്കുന്നു. വ്യക്തികളെന്ന നിലയിൽ നമ്മളോ? വാസ്തവത്തിൽ, നിങ്ങൾ സദ്ഗുണം പിന്തുടരുന്നുണ്ടോ?
2. എന്താണു സദ്ഗുണം, സദ്ഗുണം നിലനിർത്താൻ ശ്രമമാവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
2 സദ്ഗുണമെന്നു പറഞ്ഞാൽ ധാർമിക ശ്രേഷ്ഠത, നന്മ, ശരിയായ പ്രവൃത്തിയും ചിന്തയും എന്നൊക്കെയാണ്. യാതൊരു പ്രഭാവവും ചെലുത്താത്ത ഒരു ഗുണമല്ലത്, മറിച്ച് സജീവമായ, ക്രിയാത്മകമായ ഒരു ഗുണമാണ്. സദ്ഗുണത്തിൽ പാപം ഒഴിവാക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു; നല്ലതു പിന്തുടരുക എന്നാണ് അതിന്റെ അർഥം. (1 തിമൊഥെയൊസ് 6:11) പത്രൊസ് അപ്പോസ്തലൻ സഹക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: ‘നിങ്ങളുടെ വിശ്വാസത്തിനു സദ്ഗുണം പ്രദാനം ചെയ്യുക.’ എങ്ങനെ? ‘[ദൈവത്തിന്റെ അമൂല്യ വാഗ്ദത്തങ്ങളോടുള്ള] പ്രതികരണമായി ആത്മാർഥമായ സകല ശ്രമവും സംഭാവന ചെയ്യുന്നതിനാൽ.’ (2 പത്രൊസ് 1:5, NW) നമ്മുടെ പാപപ്രകൃതം നിമിത്തം സദ്ഗുണമുള്ളവരായി നിലകൊള്ളുന്നതിനു യഥാർഥ ശ്രമമാവശ്യമാണ്. എങ്കിലും, കടുത്ത പ്രതിസന്ധികളിൻമധ്യേപോലും ദൈവഭയമുണ്ടായിരുന്ന കഴിഞ്ഞകാല വ്യക്തികൾ സദ്ഗുണമുള്ളവരായി നിലകൊണ്ടിട്ടുണ്ട്.
അവൻ സദ്ഗുണം പിന്തുടർന്നു
3. ഏതെല്ലാം ദുഷ്പ്രവൃത്തികൾക്ക് ആഹാസ് രാജാവു കുറ്റക്കാരനായിരുന്നു?
3 സദ്ഗുണം പിന്തുടർന്നവരെക്കുറിച്ചുള്ള അനവധി വിവരണങ്ങൾ തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, സദ്ഗുണമുണ്ടായിരുന്ന ഹിസ്കീയാവിന്റെ കാര്യം പരിചിന്തിക്കാം. അവന്റെ പിതാവ്, യഹൂദയിലെ ആഹാസ് രാജാവ്, മോലേക്കിനെ ആരാധിച്ചിരുന്നുവെന്നതു വ്യക്തമാണ്. “ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ തന്റെ ദൈവമായ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തില്ല. അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു. അവൻ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.” (2 രാജാക്കന്മാർ 16:2-4) ‘അഗ്നിപ്രവേശം ചെയ്യിക്കുന്നത്’ നരബലിയല്ല, മറിച്ച് ഏതോ തരത്തിലുള്ള ശുദ്ധീകരണച്ചടങ്ങായിരുന്നെന്നു ചിലർ അവകാശപ്പെടുന്നു. എന്നിരുന്നാലും, ജോൺ ഡേയുടെ മോലേക്ക്—പഴയനിയമത്തിലെ നരബലി ദൈവം (ഇംഗ്ലീഷ്) ഇങ്ങനെ അഭിപ്രായപ്പെടുന്നു: “കനാന്യ ലോകത്തിൽ . . . നരബലി നിലവിലിരുന്നുവെന്നതിനു ഗ്രീക്ക്, പ്യൂണിക്ക് [കാർത്തേജ്] ഗ്രന്ഥങ്ങളിലെ തെളിവു കൂടാതെ പുരാവസ്തുശാസ്ത്രപരമായ തെളിവുമുണ്ട്. അതുകൊണ്ട് പഴയനിയമം [നരബലിയെ] പരാമർശിക്കുമ്പോൾ സംശയിക്കാൻ യാതൊരു കാരണവുമില്ല.” തന്നെയുമല്ല, ആഹാസ് “സ്വപുത്രൻമാരെ ഹോമിച്ചു”വെന്ന് 2 ദിനവൃത്താന്തം 28:3 [പി.ഒ.സി. ബൈബിൾ] പ്രത്യേകം പറയുന്നു. (ആവർത്തനപുസ്തകം 12:31; സങ്കീർത്തനം 106:37, 38 എന്നിവ താരതമ്യം ചെയ്യുക.) എത്ര ദുഷ്ടമായ പ്രവൃത്തികൾ!
4. ദുർഗുണപൂരിതമായ ചുറ്റുപാടിൽ ഹിസ്കീയാവ് എങ്ങനെ പ്രവർത്തിച്ചു?
4 ദുർഗുണപൂരിതമായ ഒരു ചുറ്റുപാടിൽ ഹിസ്കീയാവ് എങ്ങനെയാണു കഴിഞ്ഞുകൂടിയത്? 119-ാം സങ്കീർത്തനം താത്പര്യമർഹിക്കുന്നതാണ്. കാരണം, രാജകുമാരനായിരിക്കെ ഹിസ്കീയാവ് രചിച്ചതാണ് അതെന്നു ചിലർ വിശ്വസിക്കുന്നു. (സങ്കീർത്തനം 119:46, 99, 100) അതുകൊണ്ട് അവന്റെ ചുറ്റുപാടുകൾ ഈ വാക്കുകൾക്കൊണ്ടു വിശദീകരിക്കാവുന്നതാണ്: “പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു. എന്റെ പ്രാണൻ വിഷാദംകൊണ്ടു ഉരുകുന്നു.” (സങ്കീർത്തനം 119:23, 28) ഹിസ്കീയാവ് വ്യാജമതാരാധകർക്കു മധ്യേയാണു ജീവിച്ചത്. അവൻ രാജധാനിയിലെ അംഗങ്ങളുടെ ഇടയിൽ പരിഹാസപാത്രമായിത്തീർന്നിരിക്കാൻ ഇടയുണ്ട്. വിഷാദംകൊണ്ട് പ്രാണൻ ഉരുകിപ്പോകുന്ന ഘട്ടത്തോളം അത് എത്തി. എങ്കിലും സദ്ഗുണം പിന്തുടർന്ന അവൻ കാലക്രമത്തിൽ രാജാവായിത്തീർന്നു. അവൻ “യഹോവെക്കു പ്രസാദമുള്ളതു ചെയ്തു. . . . അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു.”—2 രാജാക്കന്മാർ 18:1-5.
അവർ സദ്ഗുണമുള്ളവരായി നിലകൊണ്ടു
5. ദാനീയേലും അവന്റെ മൂന്നു കൂട്ടുകാരും എന്തെല്ലാം പരിശോധനകൾ അഭിമുഖീകരിച്ചു?
5 സദ്ഗുണത്തിന്റെ കാര്യത്തിൽ മാതൃകയായിരുന്നു ദാനീയേലും ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ പേരുകളുള്ള അവന്റെ മൂന്ന് എബ്രായ കൂട്ടുകാരും. അവരെ മാതൃദേശത്തുനിന്നു ബലാൽക്കാരേണ ബാബിലോനിലേക്കു നാടുകടത്തുകയാണു ചെയ്തത്. ആ നാലു യുവാക്കൾക്ക് ബേൽത്ത്ശസ്സർ, ശദ്രക്ക്, മേശക്ക്, അബേദ്-നെഗോ എന്നീ ബാബിലോന്യ പേരുകൾ നൽകി. അവർക്കു നൽകിയത് ‘രാജഭോജനങ്ങ’ളായിരുന്നു, ദൈവം വിലക്കിയിരുന്ന ഭക്ഷ്യസാധനങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. തന്നെയുമല്ല, ‘കല്ദയരുടെ വിദ്യയോടും ഭാഷയോടും’ ബന്ധപ്പെട്ട ഒരു ത്രിവത്സര പരിശീലനപരിപാടിക്കു വിധേയരാകാൻ അവർ നിർബന്ധിതരായി. കേവലം മറ്റൊരു ഭാഷ പഠിക്കുന്നതല്ല ഇതിൽ ഉൾപ്പെട്ടിരുന്നത്, കാരണം ‘കല്ദയർ’ എന്ന ഇവിടത്തെ പദപ്രയോഗം അഭ്യസ്ത വിഭാഗത്തെ സൂചിപ്പിക്കുന്നതാണെന്നു തോന്നുന്നു. അങ്ങനെ ഈ എബ്രായ യുവാക്കൾ വികടമായ ബാബിലോന്യ പഠിപ്പിക്കലുകൾക്കു വിധേയരായി.—ദാനീയേൽ 1:1-7.
6. ദാനീയേൽ സദ്ഗുണം പിന്തുടർന്നുവെന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
6 അനുരഞ്ജനപ്പെടുന്നതിനു കടുത്ത സമ്മർദം നേരിട്ടിട്ടും ദാനീയേലും അവന്റെ മൂന്നു കൂട്ടുകാരും ദുർഗുണത്തിനുപകരം സദ്ഗുണമായിരുന്നു തിരഞ്ഞെടുത്തത്. ദാനീയേൽ 1:21 ഇങ്ങനെ പറയുന്നു: “ദാനീയേലോ കോരെശ്രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.” അതേ, യഹോവയുടെ സദ്ഗുണമുള്ള ഒരു ദാസനായി ദാനീയേൽ 80 വർഷത്തിലധികം—ശക്തരായ രാജാക്കന്മാർ വരുകയും പോകുകയും ചെയ്ത കാലഘട്ടത്തിൽ—“ജീവിച്ചിരുന്നു.” ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർ അവനെതിരെ വഞ്ചകപദ്ധതിയും ഗൂഢാലോചനയും നടത്തി; ബാബിലോന്യ മതത്തിലെങ്ങും ലൈംഗിക ദുർഗുണം കൊടികുത്തി വാണു; എന്നിട്ടും, അവൻ ദൈവത്തോടു വിശ്വസ്തനായി നിലകൊണ്ടു. ദാനീയേൽ സദ്ഗുണം പിന്തുടരുന്നതിൽനിന്നു വ്യതിചലിച്ചില്ല.
7. ദാനീയേലും അവന്റെ മൂന്നു കൂട്ടുകാരും പിൻപറ്റിയ ഗതിയിൽനിന്ന് എന്തു പഠിക്കാൻ സാധിക്കും?
7 ദൈവഭയമുണ്ടായിരുന്ന ദാനീയേലിൽനിന്നും അവന്റെ കൂട്ടുകാരിൽനിന്നും നമുക്കു വളരെ പഠിക്കാനുണ്ട്. സദ്ഗുണം പിന്തുടർന്ന അവർ ബാബിലോന്യ സംസ്കാരം തങ്ങളെ സ്വാധീനിക്കാൻ അനുവദിച്ചില്ല. ബാബിലോന്യ പേരുകളുണ്ടായിരുന്നെങ്കിലും യഹോവയുടെ ദാസന്മാർ എന്ന താദാത്മ്യം അവർ ഒരിക്കലും നഷ്ടപ്പെടുത്തിയില്ല. എന്തിന്, ഏതാണ്ട് 70 വർഷം കഴിഞ്ഞും ബാബിലോന്യ രാജാവ് ദാനീയേലിനെ വിളിച്ചത് അവന്റെ എബ്രായ പേരു പറഞ്ഞാണ്! (ദാനീയേൽ 5:13) ജീവിതത്തിലുടനീളം ദാനീയേൽ അനുരഞ്ജനത്തിനു വിസമ്മതിച്ചു, ചെറിയ കാര്യങ്ങളിൽ പോലും. ഒരു യുവാവെന്ന നിലയിൽ, ‘രാജാവിന്റെ ഭോജനംകൊണ്ടു തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു.’ (ദാനീയേൽ 1:8) ദാനീയേലും അവന്റെ മൂന്നു കൂട്ടുകാരും കൈക്കൊണ്ട അചഞ്ചലമായ ആ നിലപാട് പിന്നീടുണ്ടായ ജീവൻ-മരണ പരിശോധനകളെ അഭിമുഖീകരിക്കാൻ അവരെ ശക്തീകരിച്ചു.—ദാനീയേൽ 3, 6 എന്നീ അധ്യായങ്ങൾ.
ഇന്ന് സദ്ഗുണം പിന്തുടരൽ
8. സാത്താന്റെ ലോകത്തിന്റെ സ്വാധീനത്തെ ക്രിസ്തീയ യുവാക്കൾക്ക് എങ്ങനെ ചെറുത്തുനിൽക്കാനാകും?
8 ദാനീയേലിനെയും അവന്റെ മൂന്നു കൂട്ടുകാരെയും പോലെ ഇന്നു ദൈവജനം സാത്താന്റെ ദുഷ്ടലോകത്തിന്റെ സ്വാധീനത്തിനെതിരെ ചെറുത്തുനിൽക്കുന്നു. (1 യോഹന്നാൻ 5:19) നിങ്ങളൊരു ക്രിസ്തീയ യുവാവാണെങ്കിൽ, വസ്ത്രധാരണത്തിലും ചമയത്തിലും സംഗീതത്തിലും സമപ്രായക്കാർക്കുള്ള അതിരുകവിഞ്ഞ അഭിരുചികൾ അനുകരിക്കാൻ ശക്തമായ സമ്മർദം നേരിട്ടേക്കാം. പുറത്തുവരുന്ന എല്ലാത്തരം ഭ്രമങ്ങളും ഫാഷനുകളും പിൻപറ്റുന്നതിനു പകരം ഉറച്ചുനിൽക്കുക. “ഈ ലോകത്തിന്നു അനുരൂപ”മായിത്തീരാൻ അനുവദിക്കരുത്. (റോമർ 12:2) ‘ഭക്തികേട് വർജ്ജിച്ച് സുബോധത്തോടും നീതിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുക.’ (തീത്തൊസ് 2:13) മുഖ്യ സംഗതി നിങ്ങളുടെ സമപ്രായക്കാരുടെ അംഗീകാരമല്ല, പിന്നെയോ യഹോവയുടെ അംഗീകാരമാണ്.—സദൃശവാക്യങ്ങൾ 12:2.
9. ബിസിനസ് രംഗത്തുള്ള ക്രിസ്ത്യാനികൾ എന്തെല്ലാം സമ്മർദങ്ങൾ അഭിമുഖീകരിച്ചേക്കാം, അവർ എങ്ങനെ പ്രവർത്തിക്കണം?
9 പ്രായപൂർത്തിയായ ക്രിസ്ത്യാനികൾക്കും സമ്മർദങ്ങൾ നേരിടാറുണ്ട്, അവരും സദ്ഗുണമുള്ളവരായിരിക്കണം. ചോദ്യം ചെയ്യത്തക്കവിധത്തിലുള്ള രീതികൾ ഉപയോഗിച്ചുനോക്കാനോ ഗവൺമെൻറ് നിയമങ്ങളും നികുതി നിയമങ്ങളും അവഗണിക്കാനോ ക്രിസ്ത്യാനികളായ ബിസിനസുകാർക്കു പ്രലോഭനം തോന്നിയേക്കാം. എന്നാൽ, ബിസിനസ് കിടമത്സരക്കാരും സഹജോലിക്കാരും എങ്ങനെ പ്രവർത്തിച്ചാലും ‘നാം സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കുന്നു.’ (എബ്രായർ 13:18) സത്യസന്ധരായിരിക്കാനും തൊഴിലുടമകളോടും ജോലിക്കാരോടും ഉപഭോക്താക്കളോടും ലൗകിക ഗവൺമെൻറുകളോടും മുഖപക്ഷമില്ലാതെ പെരുമാറാനും നമുക്കു തിരുവെഴുത്തുപരമായ ബാധ്യതയുണ്ട്. (ആവർത്തനപുസ്തകം 25:13-16; മത്തായി 5:37; റോമർ 13:1; 1 തിമൊഥെയൊസ് 5:18; തീത്തൊസ് 2:9, 10) നമ്മുടെ ബിസിനസ് കാര്യങ്ങളിൽ ക്രമമുള്ളവരായിരിക്കാൻ നമുക്കു ശ്രമിക്കാം. കൃത്യമായ രേഖകൾ സൂക്ഷിക്കുകയും ഉടമ്പടികൾ എഴുതിവെക്കുകയും ചെയ്യുന്നതിനാൽ നമുക്കു മിക്കപ്പോഴും തെറ്റിദ്ധാരണകൾ ഒഴിവാക്കാനാകും.
ജാഗ്രത പാലിക്കുക!
10. സംഗീതം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ‘ജാഗ്രത പാലിക്കേണ്ട’ ആവശ്യമുള്ളതെന്തുകൊണ്ട്?
10 ദൈവദൃഷ്ടിയിൽ സദ്ഗുണമുള്ളവരായി നിലകൊള്ളേണ്ടതിന്റെ മറ്റൊരു വശം സങ്കീർത്തനം 119:9 എടുത്തുകാണിക്കുന്നു. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ [“ജാഗ്രത പാലിക്കുന്നതിനാൽ,” NW].” സാത്താന്റെ ഏറ്റവും ഫലപ്രദമായ ആയുധങ്ങളിലൊന്നു സംഗീതമാണ്. അതിനു വികാരങ്ങളെ ഉണർത്തിവിടാനുള്ള ശക്തിയുണ്ട്. സങ്കടകരമെന്നു പറയട്ടെ, സംഗീതത്തിന്റെ കാര്യത്തിൽ ‘ജാഗ്രത പാലിക്കാൻ’ ചില ക്രിസ്ത്യാനികൾ പരാജയപ്പെട്ടിരിക്കുന്നു. റാപ്പ്, ഹെവിമെറ്റൽ എന്നിങ്ങനെ അതിരുകവിഞ്ഞ സംഗീതരൂപങ്ങളിൽ അവർ ആകൃഷ്ടരായിത്തീരുന്നു. അത്തരം സംഗീതം തങ്ങൾക്ക് ഉപദ്രവമൊന്നും ചെയ്യുന്നില്ലെന്ന് അല്ലെങ്കിൽ അതിലെ വാക്കുകൾക്കു തങ്ങൾ ശ്രദ്ധ കൊടുക്കുന്നില്ലെന്നു ചിലർ വാദിച്ചേക്കാം. ശക്തമായ പശ്ചാത്തലസംഗീതമോ ഗിത്താറിന്റെ ഉച്ചത്തിലുള്ള നാദമോ തങ്ങൾക്കിഷ്ടമാണെന്നു മറ്റു ചിലർ പറഞ്ഞേക്കാം. എങ്കിലും, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഒരു സംഗതി ആസ്വാദ്യമാണോ എന്നുള്ളതല്ല പ്രധാനം. അതു “കർത്താവിന്നു പ്രസാദമായതു” ആണോ എന്നതാണ് അവരുടെ പ്രധാന ചിന്ത. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (എഫെസ്യർ 5:9) മ്ലേച്ഛത, പരസംഗം, സാത്താന്യാരാധന എന്നിങ്ങനെയുള്ള ദുർഗുണങ്ങളാണ് പൊതുവേ ഹെവിമെറ്റൽ, റാപ്പ് തുടങ്ങിയ സംഗീതരൂപങ്ങൾ ഉന്നമിപ്പിക്കുന്നത്—അത്തരം കാര്യങ്ങൾക്കു ദൈവജനത്തിനിടയിൽ യാതൊരു സ്ഥാനവുമില്ല.a (എഫെസ്യർ 5:3) ചെറുപ്പമാണെങ്കിലും അല്ലെങ്കിലും നാം ഇങ്ങനെ ചോദിക്കുന്നത് ഉചിതമാണ്, സംഗീതം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഞാൻ സദ്ഗുണമാണോ ദുർഗുണമാണോ പിന്തുടരുന്നത്?
11. ടെലിവിഷൻ പരിപാടികൾ, വീഡിയോകൾ, ചലച്ചിത്രങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ ജാഗ്രത പുലർത്താനാകും?
11 പല ടെലിവിഷൻ പരിപാടികളും വീഡിയോകളും ചലച്ചിത്രങ്ങളും പ്രോത്സാഹിപ്പിക്കുന്നതു ദുർഗുണത്തെയാണ്. ഒരു പ്രമുഖ മാനസികാരോഗ്യ വിദഗ്ധൻ പറയുന്നപ്രകാരം, ‘സുഖാസക്തി, ലൈംഗികത, അക്രമം, അത്യാഗ്രഹം, സ്വാർഥത’ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇന്ന് നിർമിക്കപ്പെടുന്ന മിക്ക ചലച്ചിത്രങ്ങളിലും മുഴച്ചുനിൽക്കുന്നത്. അതുകൊണ്ട്, നാം കാണാൻ തിരഞ്ഞെടുക്കുന്ന സംഗതികളുടെ കാര്യത്തിൽ തിരഞ്ഞെടുപ്പുമനോഭാവം പുലർത്തുന്നതും ജാഗ്രത പാലിക്കുന്നതിൽ ഉൾപ്പെടുന്നു. സങ്കീർത്തനക്കാരൻ പ്രാർഥിച്ചു: ‘വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിക്കേണമേ.’ (സങ്കീർത്തനം 119:37) ജോസഫ് എന്ന ക്രിസ്തീയ യുവാവ് ഈ തത്ത്വം ബാധകമാക്കി. ഒരു സിനിമയിൽ ലൈംഗികതയും അക്രമവും പ്രദർശിപ്പിക്കാൻ തുടങ്ങിയപ്പോൾ അവൻ തിയേറ്റർ വിട്ടിറങ്ങിപ്പോയി. അങ്ങനെ ചെയ്യുന്നതിൽ അവനു ജാള്യത തോന്നിയോ? “ഒട്ടുമില്ല. ഞാൻ ആദ്യം യഹോവയെക്കുറിച്ചും അവനെ പ്രസാദിപ്പിക്കുന്നതിനെക്കുറിച്ചുമാണു ചിന്തിച്ചത്,” ജോസഫ് പറയുന്നു.
പഠനം, ധ്യാനം—ഇവയ്ക്കുള്ള സ്ഥാനം
12. സദ്ഗുണം പിന്തുടരുന്നതിനു വ്യക്തിപരമായ പഠനവും ധ്യാനവും ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
12 മോശമായ കാര്യങ്ങൾ ഒഴിവാക്കുന്നതു മാത്രം മതിയാകുന്നില്ല. സദ്ഗുണം പിന്തുടരുന്നതിൽ, നീതിയുള്ള തത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കുക എന്ന ലക്ഷ്യത്തോടെ ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നല്ല കാര്യങ്ങൾ പഠിക്കുന്നതും ധ്യാനിക്കുന്നതും ഉൾപ്പെടുന്നു. “നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു” എന്നു സങ്കീർത്തനക്കാരൻ ഉദ്ഘോഷിച്ചു. (സങ്കീർത്തനം 119:97) ബൈബിളും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും പഠിക്കുന്നത് നിങ്ങളുടെ പ്രതിവാര പട്ടികയുടെ ഭാഗമാണോ? ദൈവവചനം ഉത്സാഹപൂർവം പഠിക്കുന്നതിനും അതേക്കുറിച്ചു പ്രാർഥനാപൂർവം ധ്യാനിക്കുന്നതിനും സമയം കണ്ടെത്തുന്നതു വെല്ലുവിളിപരമായിരിക്കാമെന്നതു സത്യംതന്നെ. എന്നാൽ മിക്കപ്പോഴും മറ്റു പ്രവർത്തനങ്ങളിൽനിന്നു സമയം വിലയ്ക്കു വാങ്ങുക സാധ്യമാണ്. (എഫെസ്യർ 5:15, 16) ഒരുപക്ഷേ പ്രാർഥനയ്ക്കും പഠനത്തിനും ധ്യാനത്തിനും പറ്റിയതായിരിക്കാം അതിരാവിലെയുള്ള സമയം.—സങ്കീർത്തനം 119:147 താരതമ്യം ചെയ്യുക.
13, 14. (എ) ധ്യാനം അമൂല്യമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഏതെല്ലാം തിരുവെഴുത്തുകളെക്കുറിച്ചു ധ്യാനിക്കുന്നത് ലൈംഗിക അധാർമികതയെ ശക്തമായി വെറുക്കാൻ സഹായിക്കുന്നു?
13 അമൂല്യമായ ഒന്നാണു ധ്യാനം, കാരണം നാം പഠിക്കുന്നതു മറക്കാതിരിക്കാൻ അതു സഹായിക്കുന്നു. അതിലും പ്രധാനമായി, ദൈവിക വീക്ഷണങ്ങൾ ഉന്നമിപ്പിക്കുന്നതിന് അതിനു സഹായിക്കാനാകും. ദൃഷ്ടാന്തീകരിക്കുന്നതിന്: ദൈവം പരസംഗത്തെ വിലക്കുന്നുവെന്ന് അറിയുന്നത് ഒരു സംഗതി, എന്നാൽ ‘തീയതിനെ വെറുത്തു നല്ലതിനോടു പറ്റിനിൽക്കുന്നത്’ തികച്ചും മറ്റൊരു സംഗതിയും. (റോമർ 12:9) “ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ” എന്നു പ്രോത്സാഹിപ്പിക്കുന്ന കൊലൊസ്സ്യർ 3:5 പോലുള്ള മുഖ്യ ബൈബിൾ വാക്യങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത് ലൈംഗിക അധാർമികത സംബന്ധിച്ച് യഹോവയ്ക്കുള്ള മനോഭാവം നമുക്കുമുണ്ടായിരിക്കാൻ വാസ്തവത്തിൽ സഹായിക്കും. സ്വയമിങ്ങനെ ചോദിക്കുക: ‘ഏതു തരത്തിലുള്ള ലൈംഗിക തൃഷ്ണയാണു ഞാൻ മരിപ്പിക്കേണ്ടത്? അശുദ്ധമായ മോഹം ജനിപ്പിച്ചേക്കാവുന്ന കാര്യങ്ങൾ ഒഴിവാക്കാൻ ഞാൻ എന്തു ചെയ്യണം? എതിർലിംഗവർഗത്തിൽ പെട്ടവരുമായി ഞാൻ ഇടപെടുന്ന വിധത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ?’—1 തിമൊഥെയൊസ് 5:1, 2 താരതമ്യം ചെയ്യുക.
14 “ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും” ചെയ്യാതിരിക്കേണ്ടതിന് പരസംഗം വർജിക്കാനും ആത്മനിയന്ത്രണം പാലിക്കാനും പൗലൊസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (1 തെസ്സലൊനീക്യർ 4:3-7) സ്വയം ചോദിക്കുക: ‘പരസംഗം ചെയ്യുന്നതു ഹാനികരമായിരിക്കുന്നത് എന്തുകൊണ്ട്? ഇക്കാര്യത്തിൽ ഞാൻ പാപം ചെയ്താൽ എനിക്കോ മറ്റാർക്കെങ്കിലുമോ ഞാൻ എന്തു ഹാനിയായിരിക്കും വരുത്തിവെക്കുക? അത് ആത്മീയവും വൈകാരികവും ശാരീരികവുമായി എന്നെ എങ്ങനെ ബാധിക്കും? സഭയിൽ ദൈവനിയമം ലംഘിച്ചിട്ട് അനുതാപമില്ലാതെ തുടരുന്ന വ്യക്തികളുടെ കാര്യമോ? അവരെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എങ്ങനെയാണ്?’ അത്തരം നടത്ത സംബന്ധിച്ച് തിരുവെഴുത്തുകൾ പറയുന്ന കാര്യങ്ങൾ മനസ്സിൽ പിടിക്കുന്നത് ദൈവദൃഷ്ടിയിൽ മോശമായതിനോടുള്ള നമ്മുടെ വെറുപ്പു വർധിപ്പിക്കും. (പുറപ്പാടു 20:14; 1 കൊരിന്ത്യർ 5:11-13; 6:9, 10; ഗലാത്യർ 5:19-21; വെളിപ്പാടു 21:8) പരസംഗക്കാരൻ ‘മനുഷ്യനെ അല്ല, ദൈവത്തെയാണു തുച്ഛീകരിക്കുന്നത്’ എന്നു പൗലൊസ് പറയുന്നു. (1 തെസ്സലൊനീക്യർ 4:8) ഏതു സത്യക്രിസ്ത്യാനിയാണു തന്റെ സ്വർഗീയ പിതാവിനെ നിന്ദിക്കാനാഗ്രഹിക്കുക?
സദ്ഗുണവും സഹവാസവും
15. നാം സദ്ഗുണം പിന്തുടരുന്നതിൽ സഹവാസത്തിനുള്ള പങ്കെന്ത്?
15 സദ്ഗുണമുള്ളവരായി നിലകൊള്ളാനുള്ള മറ്റൊരു സഹായം നല്ല സഹവാസമാണ്. സങ്കീർത്തനക്കാരൻ പാടി: “നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവർക്കും ഞാൻ കൂട്ടാളിയാകുന്നു.” (സങ്കീർത്തനം 119:63) ക്രിസ്തീയ യോഗങ്ങളിൽ ലഭിക്കുന്ന ആരോഗ്യാവഹമായ സഹവാസം നമുക്കാവശ്യമാണ്. (എബ്രായർ 10:24, 25) സ്വയം ഒറ്റപ്പെടുത്തുകയാണെങ്കിൽ, ചിന്താതലത്തിൽ നാം സ്വാർഥതയുള്ളവരായിത്തീർന്നേക്കാം. അങ്ങനെ ദുർഗുണത്തിനു നമ്മുടെമേൽ എളുപ്പം നിയന്ത്രണം ചെലുത്താനാകും. (സദൃശവാക്യങ്ങൾ 18:1) ഊഷ്മളമായ ക്രിസ്തീയ സഹവാസത്തിനു സദ്ഗുണമുള്ളവരായി നിലകൊള്ളാനുള്ള നമ്മുടെ തീരുമാനത്തെ ശക്തിപ്പെടുത്താനാകും. തീർച്ചയായും, നാം മോശമായ സഹവാസങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. അയൽക്കാർ, സഹപ്രവർത്തകർ, സഹപാഠികൾ തുടങ്ങിയവരോടൊക്കെ നാം ഹൃദ്യമായി പെരുമാറണം. എന്നാൽ നാം യഥാർഥത്തിൽ ജ്ഞാനപൂർവം പ്രവർത്തിക്കുകയാണെങ്കിൽ, ക്രിസ്തീയ സദ്ഗുണം പിന്തുടരാത്തവരുമായി കൂടുതൽ അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കും.—കൊലൊസ്സ്യർ 4:5 താരതമ്യം ചെയ്യുക.
16. ഇന്നു സദ്ഗുണം പിന്തുടരാൻ 1 കൊരിന്ത്യർ 15:33 ബാധകമാക്കുന്നത് എങ്ങനെ സഹായിക്കുന്നു?
16 പൗലൊസ് എഴുതി: “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” ക്രിസ്ത്യാനികളെന്നു കരുതുന്നവരെങ്കിലും പുനരുത്ഥാനം സംബന്ധിച്ച തിരുവെഴുത്തു പഠിപ്പിക്കൽ തള്ളിക്കളയുന്നവരോടൊത്തു സഹവസിക്കുകവഴി വിശ്വാസം നഷ്ടപ്പെട്ടേക്കാമെന്ന് ആ പ്രസ്താവന നടത്തിക്കൊണ്ട് അവൻ വിശ്വാസികൾക്കു മുന്നറിയിപ്പു കൊടുക്കുകയായിരുന്നു. പൗലൊസിന്റെ മുന്നറിയിപ്പിനു പിന്നിലെ തത്ത്വം സഭയ്ക്ക് അകത്തും പുറത്തുമുള്ള നമ്മുടെ സഹവാസങ്ങളുടെ കാര്യത്തിൽ ബാധകമാണ്. (1 കൊരിന്ത്യർ 15:12, 33, NW) നാം പുലർത്തുന്ന തികച്ചും വ്യക്തിഗതമായ ഏതെങ്കിലും വീക്ഷണത്തോടു യോജിക്കാത്ത നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരെ ഒഴിവാക്കാൻ നാമാഗ്രഹിക്കുന്നില്ല എന്നതു വ്യക്തമാണ്. (മത്തായി 7:4, 5; റോമർ 14:1-12) എന്നിരുന്നാലും, സഭയിലുള്ള ആരെങ്കിലും ചോദ്യം ചെയ്യുന്നതരം നടത്തയിലേർപ്പെടുകയോ മോശമായ, പരാതിയുടേതായ മനോഭാവം കാണിക്കുകയോ ചെയ്യുന്നെങ്കിൽ ജാഗ്രത അനിവാര്യമാണ്. (2 തിമൊഥെയൊസ് 2:20-22) നമുക്കു ‘പരസ്പരം പ്രോത്സാഹിപ്പിക്കാൻ’ കഴിയുന്നവരുമൊത്ത് അടുത്തു സഹവസിക്കുന്നതു ജ്ഞാനമാണ്. (റോമർ 1:11, 12, പി.ഒ.സി. ബൈബിൾ) സദ്ഗുണമുള്ള ഗതി പിന്തുടരുന്നതിനും “ജീവന്റെ വഴി”യിൽ നിലകൊള്ളുന്നതിനും അതു നമ്മെ സഹായിക്കും.—സങ്കീർത്തനം 16:11.
സദ്ഗുണം പിന്തുടർന്നുകൊണ്ടിരിക്കുക
17. സംഖ്യാപുസ്തകം 25-ാം അധ്യായമനുസരിച്ച്, ഇസ്രായേല്യർക്കു നേരിട്ട വിപത്ത് എന്താണ്, ഇതിൽനിന്നു നമുക്കുള്ള പാഠമെന്ത്?
17 ഇസ്രായേല്യർ വാഗ്ദത്തദേശം കൈവശമാക്കുന്നതിനു തൊട്ടുമുമ്പ് അവരിൽ ആയിരക്കണക്കിനു പേർ പിന്തുടർന്നതു ദുർഗുണമാണ്—അങ്ങനെ അവർക്കു വിപത്തു നേരിടുകയും ചെയ്തു. (സംഖ്യാപുസ്തകം 25-ാം അധ്യായം) ഇന്ന്, യഹോവയുടെ ജനം നീതിയുള്ള പുതിയലോകത്തിന്റെ കവാടത്തിലാണു നിൽക്കുന്നത്. ഈ ലോകത്തിലെ ദുർഗുണങ്ങൾ ത്യജിച്ചുകൊണ്ടേയിരിക്കുന്നവർക്കായിരിക്കും ആ പുതിയ ലോകത്തിലേക്കു പ്രവേശിക്കുന്നതിനുള്ള അനുഗൃഹീത പദവി ലഭിക്കുക. അപൂർണ മനുഷ്യരെന്ന നിലയ്ക്കു നമുക്കു തെറ്റായ ചായ്വുകൾ കണ്ടേക്കാം. എന്നാൽ തന്റെ പരിശുദ്ധാത്മാവിനാലുള്ള നീതിനിഷ്ഠമായ നടത്തിപ്പുകളനുസരിച്ചു പോകാൻ ദൈവത്തിനു നമ്മെ സഹായിക്കാനാകും. (ഗലാത്യർ 5:16; 1 തെസ്സലൊനീക്യർ 4:3, 4) അതുകൊണ്ട്, “യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ” എന്ന് ഇസ്രായേല്യർക്കു യോശുവ നൽകിയ ഉദ്ബോധനത്തിനു നമുക്കു ചെവികൊടുക്കാം. (യോശുവ 24:14) സദ്ഗുണ ഗതി പിൻപറ്റാൻ യഹോവയെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭക്ത്യാദരവു കലർന്ന ഭയത്തിനു നമ്മെ സഹായിക്കാനാകും.
18. ദുർഗുണവും സദ്ഗുണവും സംബന്ധിച്ച് എല്ലാ ക്രിസ്ത്യാനികളുടെയും ദൃഢതീരുമാനം എന്തായിരിക്കണം?
18 ദൈവത്തെ പ്രസാദിപ്പിക്കുക എന്നതു നിങ്ങളുടെ ഹൃദയാഭിലാഷമാണെങ്കിൽ, പൗലൊസിന്റെ ഈ ഉദ്ബോധനമനുസരിച്ചു പ്രവർത്തിക്കാൻ ദൃഢനിശ്ചയം ചെയ്യുക: “ഒടുവിൽ സഹോദരൻമാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.” നിങ്ങളതു ചെയ്താൽ എന്തായിരിക്കും ഫലം? പൗലൊസ് പറഞ്ഞു: ഇവ “പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.” (ഫിലിപ്പിയർ 4:8, 9) അതേ, യഹോവയുടെ സഹായത്തോടെ നിങ്ങൾക്കു ദുർഗുണം ത്യജിക്കാനും സദ്ഗുണം പിന്തുടരാനും സാധിക്കും.
[അടിക്കുറിപ്പുകൾ]
a 1993 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 19-24 പേജുകളും ഉണരുക!യുടെ 1993 ഫെബ്രുവരി 8, ഫെബ്രുവരി 22, മാർച്ച് 22 (ഇംഗ്ലീഷ്), 1996 നവംബർ 22 എന്നീ ലക്കങ്ങളിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ” ലേഖനങ്ങളും കാണുക.
പുനരവലോകന ആശയങ്ങൾ
□ സദ്ഗുണം പിന്തുടരുന്നതിന് എന്താണാവശ്യം?
□ എങ്ങനെയുള്ള സാഹചര്യങ്ങളിലാണു ഹിസ്കീയാവും ദാനീയേലും മൂന്ന് എബ്രായരും സദ്ഗുണം നിലനിർത്തിയത്?
□ സാത്താന്റെ തന്ത്രങ്ങളെ ചെറുത്തുനിൽക്കുന്നതിൽ നമുക്കെങ്ങനെ ദാനീയേലിനെപ്പോലെ ആകാനാകും?
□ വിനോദത്തിന്റെ കാര്യത്തിൽ ക്രിസ്ത്യാനികൾ ജാഗ്രത പാലിക്കേണ്ടത് എന്തുകൊണ്ട്?
□ സദ്ഗുണം പിന്തുടരുന്നതിൽ പഠനം, ധ്യാനം, സഹവാസം എന്നിവയ്ക്കുള്ള പങ്കെന്ത്?
[15-ാം പേജിലെ ചിത്രം]
തനിക്കു ചുറ്റും മോലേക്കിന്റെ ആരാധകരായിരുന്നെങ്കിലും ഹിസ്കീയാവ് സദ്ഗുണം പിന്തുടർന്നു
[17-ാം പേജിലെ ചിത്രം]
വിനോദത്തിന്റെ കാര്യത്തിൽ ക്രിസ്ത്യാനികൾ ജാഗ്രത പാലിക്കണം