യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള യുദ്ധം
ഒരു വലിയ ജർമ്മൻ സെപ്പലിൻ രാത്രിയിലെ മാനത്തിലൂടെ ഇരമ്പിപ്പറന്നു. അത് ലണ്ടൻമേലുള്ള ഒരു ആക്രമണത്തിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു, അത് എസ്സെക്സിലെ ഒരു ഗ്രാമത്തിൻമീതെ കടന്നുപോയപ്പോൾ ബോംബുകൾ വർഷിക്കുകയുണ്ടായി. ഫ്രാൻസിലെ യുദ്ധത്തിൽനിന്ന് അവധിക്കുവന്ന ഒരു നേഴ്സിനെ അവയിലൊന്നു കൊന്നു.
ഇത് ഒന്നാം ലോകമഹായുദ്ധത്തിലെ ഒരു ചെറിയ കഥ മാത്രമായിരുന്നു, എന്നാൽ അതിന് വലിയ അർത്ഥസൂചനകളുണ്ടായിരുന്നു. അത് മനുഷ്യൻ ‘മേലാൽ യുദ്ധം അഭ്യസിക്കാത്ത’ ഒരു കാലത്തെ ആനയിക്കുന്നതിനുപകരം 20-ാം നൂററാണ്ട് യുദ്ധായുധങ്ങളിലും യുദ്ധരംഗങ്ങളിലും വലിയ വളർച്ചയെ ദർശിച്ചതിന്റെ ഒരു ദൃഷ്ടാന്തമായിരുന്നു. (യെശയ്യാവ് 2:2-4) ആയിരക്കണക്കിനു വർഷങ്ങളിൽ, കരയിലും സമുദ്രോപരിതലത്തിലും യുദ്ധങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്. എന്നാൽ ഒന്നാം ലോകമഹായുദ്ധത്തിൽ പോരാട്ടം അന്തരീക്ഷത്തിലേക്കും സമുദ്രോപരിതലത്തിനടിയിലേക്കും വ്യാപിച്ചു. തൽഫലമായി, യുദ്ധ അണികളിൽനിന്ന് ശതക്കണക്കിനു മൈൽ ദൂരെയായിരുന്ന പൗരൻമാർ ബോംബുകളാൽ കൊല്ലപ്പെട്ടു. കാണപ്പെടാത്ത അന്തർവാഹിനികൾ അനേകം കപ്പലുകളെ കടൽത്തട്ടിലേക്കയച്ചു.
തീർച്ചയായും, ആ ഒന്നാമത്തെ ഭയങ്കര യുദ്ധകാലത്ത് 80 ലക്ഷം പടയാളികൾ പോരാട്ടത്തിൽ മരണമടഞ്ഞു. പട്ടിണിയും തണുപ്പും വെയിലും പോലെയുള്ള കാലാവസ്ഥാശല്യവും ഉൾപ്പെട്ട കാരണങ്ങളാൽ 1 കോടി 20 ലക്ഷം പൗരൻമാരും മരണമടഞ്ഞു. ചരിത്രകാരനായ എച്ച്. ഏ. എൽ. ഫിഷർ പറയുന്നതനുസരിച്ച് “മഹായുദ്ധത്തിന്റെ [ഒന്നാം ലോകമഹായുദ്ധം] ദുരന്തം സ്വസ്ഥബുദ്ധിയുള്ള ഏതാനും ചിലർക്ക് അനായാസം പരിഹരിക്കാമായിരുന്ന ഒരു പ്രശ്നത്തിൻപേരിൽ യൂറോപ്പിലെ അത്യന്തം സംസ്ക്കാരസമ്പന്നരായ ജനങ്ങൾ തമ്മിലാണ് അതു നടന്നത് എന്നതായിരുന്നു.” ഭീകരമായ സംഹാരത്തെ നീതീകരിക്കുന്നതിന് “യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള യുദ്ധം” എന്ന് അത് വിളിക്കപ്പെട്ടു. എന്നാൽ ആ പദപ്രയോഗം പെട്ടെന്നുതന്നെ തീർത്തും പൊള്ളയാണെന്ന് തോന്നി.
ഒരു സമാധാനസ്ഥാപനം
ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിൽ സമാധാനം പ്രഖ്യാപിക്കപ്പെട്ടതോടെ അത്തരമൊരു യുദ്ധം വീണ്ടുമൊരിക്കലും സംഭവിക്കാതിരിക്കാൻ ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കോപാകുലമായ ഒരു തലമുറ ആവശ്യപ്പെട്ടു. അങ്ങനെ, 1919-ൽ സർവരാജ്യസഖ്യം ഉടലെടുത്തു. എന്നാൽ സഖ്യം വലിയ ഒരു ഇച്ഛാഭംഗമായിരുന്നു. 1939-ൽ ലോകം വീണ്ടും ലോകയുദ്ധത്തിൽ ആണ്ടുപോയി—ഒന്നാമത്തേതിനെക്കാൾ മാരകമായ ഒന്നിൽത്തന്നെ.
രണ്ടാം ലോകമഹായുദ്ധത്തിൽ അനേകം നഗരങ്ങൾ പൗരജീവിതത്തെ ഒരു പേടിസ്വപ്നമാക്കിമാററിക്കൊണ്ട് കൽക്കൂനകളായിത്തീർന്നു. പിന്നീട് 1945-ൽ ഹിറോഷിമായിലും നാഗസാക്കിയിലും അണുബോംബുകൾ ഇടുകയും മനുഷ്യനെ ന്യൂക്ലിയർയുഗത്തിലേക്കു പ്രവേശിപ്പിക്കുകയും ചെയ്തു. ആ രണ്ടു ജാപ്പനീസ് നഗരങ്ങളിൻമേൽ ഉയർന്ന ഭയാനക മേഘകൂണുകൾ അന്നുമുതൽ മനുഷ്യവർഗ്ഗത്തിൻമേൽ തൂങ്ങിനിൽക്കുന്ന ഒരു ഭീഷണിയുടെ മുന്നോടികളായിരുന്നു.
എന്നിരുന്നാലും, ആ ബോംബുകൾ വീഴുന്നതിനുമുമ്പുപോലും പ്രവർത്തനരഹിതമായ സർവരാജ്യസഖ്യം പോലെ ഒരു സ്ഥാപനം ഏർപ്പെടുത്തുന്നതിന് ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഫലം ഐക്യരാഷ്ട്രങ്ങളായിരുന്നു, അതിനും അതിന്റെ മുൻഗാമിയുടെ അതേ ലക്ഷ്യമാണുണ്ടായിരുന്നത്—ലോകസമാധാനം പാലിക്കുക എന്നതുതന്നെ. അത് എന്തു നേടിയിരിക്കുന്നു? ശരി, 1945നുശേഷം ലോകയുദ്ധം ഉണ്ടായിട്ടില്ല, എന്നാൽ ദശലക്ഷക്കണക്കിനാളുകൾ മരിച്ച ചെറിയ നിരവധി യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്.
മനുഷ്യർ ‘മേലാൽ യുദ്ധം അഭ്യസിക്കുകയില്ല’ എന്ന യെശയ്യാവിലൂടെയുള്ള ദൈവത്തിന്റെ വാഗ്ദാനത്തിന്റെ നിവൃത്തി മനുഷ്യവർഗ്ഗം ഒരിക്കലും കാണുകയില്ല എന്ന് ഇതിനർത്ഥമുണ്ടോ? ഇല്ല. അത് മനുഷ്യരാൽ കൈവരുത്തപ്പെടുകയില്ല എന്നു മാത്രമേ അതിനർത്ഥമുള്ളു. ‘നമ്മുടെ പാതക്ക് ഒരു വെളിച്ചം’ എന്നു വിളിക്കപ്പെടുന്ന ബൈബിളിലാണ് ആ നിശ്വസ്തവാഗ്ദത്തം അടങ്ങിയിരിക്കുന്നത്. ഒടുവിൽ സകല യുദ്ധങ്ങളെയും നിർത്തൽചെയ്യുന്നത് ദൈവമല്ലാതെ മററാരുമായിരിക്കുകയില്ലെന്ന് പ്രകടമാക്കുന്നത് ബൈബിൾ തന്നെയാണ്.—സങ്കീർത്തനം 119:105.
സകല യുദ്ധത്തിനും അവസാനം
മുൻ ലേഖനത്തിൽ പറഞ്ഞതുപോലെ, ഒന്നാം നൂററാണ്ടിൽ ഒരു സാർവദേശീയ സഹോദരവർഗ്ഗത്തെ സ്ഥാപിച്ച ഒരു കൂട്ടമുണ്ടായിരുന്നു. ആ സഹോദരവർഗ്ഗത്തിൽ ഒരംഗം തന്റെ സഹോദരനോ സഹോദരിക്കോ എതിരായി പോരാടുന്നത് അചിന്ത്യമായിരുന്നു. ആ സ്ഥാപനം ക്രിസ്തീയസഭയായിരുന്നു. അതിലെ അംഗങ്ങൾ വളരെ അക്ഷരീയമായ ഒരു അർത്ഥത്തിൽത്തന്നെ ‘തങ്ങളുടെ വാളുകളെ കൊഴുക്കളാക്കി അടിച്ചുതീർത്തിരുന്നു’. ഇന്ന്, മനുഷ്യവർഗ്ഗത്തിന് മൊത്തത്തിൽ യുദ്ധം നീക്കംചെയ്യുന്നതിൽ പുരോഗതിവരുത്താൻ കഴികയില്ലെങ്കിലും ശ്രദ്ധേയമായ ഇതേ ലക്ഷ്യം നേടിയിട്ടുള്ള ഒരു കൂട്ടം വീണ്ടുമുണ്ട്. അവർ ആരാണ്?
ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലിനു മുമ്പത്തെ വർഷങ്ങളിൽത്തന്നെ ഈ ചെറിയ കൂട്ടത്തിന് ബൈബിളിൽ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട്, യുദ്ധം നീക്കംചെയ്യാനുള്ള മനുഷ്യരുടെ ശ്രമം വിജയിക്കുകയില്ലെന്ന് അവർക്കറിയാമായിരുന്നു. അവരുടെ ബൈബിൾ പഠനത്തിൽനിന്ന് 1914 മനുഷ്യചരിത്രത്തിലെ ഒരു വഴിത്തിരിവായിരിക്കുമെന്ന് അവർ മനസ്സിലാക്കി. അവർ 40 വർഷക്കാലം ഇതു സംബന്ധിച്ച മുന്നറിയിപ്പു കൊടുത്തുകൊണ്ടിരുന്നു. ബൈബിൾ പ്രവചനമനുസരിച്ചുതന്നെ, 1914 ക്ഷാമത്താലും പകർച്ചവ്യാധിയാലും ഭൂകമ്പങ്ങളാലും യുദ്ധങ്ങളാലും അടയാളപ്പെടുത്തപ്പെട്ട ഒരു കാലത്തിന്റെ തുടക്കമായിരുന്നു. (മത്തായി 24:3, 7, 8; ലൂക്കോസ് 21:10, 11) ഒന്നാം ലോകമഹായുദ്ധത്തെസംബന്ധിച്ച് ചരിത്രകാരനായ ജയിംസ് കാമറോൺ ഇങ്ങനെ എഴുതി: “1914-ൽ അന്നറിയപ്പെട്ടിരുന്നതും അംഗീകരിക്കപ്പെട്ടിരുന്നതുമായ ലോകം അവസാനിച്ചു.”
ആ യുദ്ധം അവസാനിക്കുന്നതിനുമുമ്പ്, ഭയങ്കര സാംക്രമികരോഗമായിരുന്ന ഫ്ളൂ ആഗോളമായ തോതിൽ പ്രഹരിക്കുകയും 2 കോടി ആളുകളെ കൊല്ലുകയുംചെയ്തു—യുദ്ധത്തിൽത്തന്നെ മരിച്ച പടയാളികളുടെ എണ്ണത്തിന്റെ ഇരട്ടി. അതിനുശേഷം, കാൻസറും അടുത്ത കാലത്തെ എയ്ഡ്സും പോലെയുള്ള രോഗങ്ങൾ മനുഷ്യവർഗ്ഗത്തെ ഭയപ്പെടുത്തിയിരിക്കുന്നു.
മറെറാരു ബൈബിൾപ്രവചനം ശ്രദ്ധിക്കുക: “അധർമ്മത്തിന്റെ വർദ്ധനവു നിമിത്തം അധികംപേരുടെയും സ്നേഹം തണുത്തുപോകും.” (മത്തായി 24:12) ഇതു നിവർത്തിക്കുന്നുണ്ടോ? തീർച്ചയായും! മാദ്ധ്യമങ്ങൾ അനുദിനം ലോകവ്യാപക നിയമരാഹിത്യത്തെ വെളിച്ചത്തുകൊണ്ടുവരുന്നു: കൊലപാതകങ്ങൾ, പിടിച്ചുപറികൾ, പൊതു അക്രമം. കൂടാതെ, രണ്ടാം ലോകമഹായുദ്ധത്തെ സംബന്ധിച്ച ഒരു രാഷ്ട്രീയപ്രവചനം അത് “ഭയത്തിൽനിന്നുള്ള സ്വാതന്ത്ര്യം” കൈവരുത്തുമെന്നുള്ളതായിരുന്നു. ഇതിനു വിപരീതമായി മനുഷ്യർ “ഭയത്താലും നിവസിതഭൂമിമേൽ സംഭവിക്കുന്ന കാര്യങ്ങളുടെ പ്രതീക്ഷയാലും മോഹാലസ്യപ്പെടു”മെന്ന് ബൈബിൾ കൃത്യമായി മുൻകൂട്ടിപ്പറഞ്ഞു. (ലൂക്കോസ് 21:26) വീണ്ടും മനുഷ്യപ്രവചനങ്ങൾ തെററായിരുന്നു, ദൈവത്തിന്റെ പ്രാവചനികവചനങ്ങൾ സത്യവുമായിരുന്നു.
മുഖ്യ യുദ്ധക്കൊതിയൻ
ഒരു യുദ്ധക്കൊതിയൻ യുദ്ധമിളക്കിവിടുന്നവനാണ്. രാജ്യതന്ത്രജ്ഞൻമാരും വൈദികരും വ്യാപാരികളും ഈ റോൾ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഏററവും വലിയ യുദ്ധക്കൊതിയൻ പിശാചായ സാത്താനല്ലാതെ മററാരുമല്ല, അവൻ തിരുവെഴുത്തുകളിൽ “ഈ വ്യവസ്ഥിതിയുടെ ദൈവം” എന്ന് വിളിക്കപ്പെട്ടിരിക്കുന്നു.—2 കൊരിന്ത്യർ 4:4.
സഹസ്രാബ്ദങ്ങൾക്കു മുമ്പ് സാത്താൻ യഹോവയാം ദൈവത്തിനെതിരെ മത്സരിച്ചു. പിന്നീട് അവൻ ദൂതൻമാരുടെ ഒരു സമൂഹത്തെ തന്നോടു ചേരാൻതക്കവണ്ണം വശീകരിച്ചു. എന്നാൽ 1914-ൽ അവന്റെ സമയം തീർന്നു. ബൈബിൾ നമ്മോടു പറയുന്നു: “സ്വർഗ്ഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു: മീഖായേലും അവന്റെ ദൂതൻമാരും മഹാസർപ്പത്തോടു യുദ്ധംചെയ്തു, മഹാസർപ്പവും അതിന്റെ ദൂതൻമാരും യുദ്ധംചെയ്തു, എന്നാൽ അതു വിജയിച്ചില്ല, അവർക്ക് മേലാൽ സ്വർഗ്ഗത്തിൽ ഒരു സ്ഥലം കാണപ്പെട്ടുമില്ല. അങ്ങനെ മുഴുനിവസിതഭൂമിയെയും വഴിതെററിക്കുന്ന പിശാചും സാത്താനുമെന്നു വിളിക്കപ്പെടുന്ന ആദ്യപാമ്പായ മഹാസർപ്പം താഴോട്ടു വലിച്ചെറിയപ്പെട്ടു; അവൻ ഭൂമിയിലേക്കു താഴോട്ടു വലിച്ചെറിയപ്പെട്ടു, അവന്റെ ദൂതൻമാർ അവനോടുകൂടെ താഴോട്ടു വലിച്ചെറിയപ്പെട്ടു.”—വെളിപ്പാട് 12:7-9.
ഭൂമി 1914 മുതൽ ഇത്ര അപകടകരമായ ഒരു സ്ഥലമായിരിക്കുന്നതെന്തുകൊണ്ടെന്ന് ഇതു വിശദമാക്കുന്നു. സാത്താന്റെ പതനത്തിന്റെ ഫലം ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു: “ഭൂമിക്കും . . . മഹാകഷ്ടം, എന്തുകൊണ്ടെന്നാൽ പിശാച് തനിക്ക് അല്പകാലഘട്ടമാണുള്ളതെന്നറിഞ്ഞുകൊണ്ട് മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാട് 12:12) എത്ര ചുരുങ്ങിയ കാലം? യേശു പറഞ്ഞു: “ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ [1914-ൽ തുടങ്ങിയ സംഭവങ്ങൾ കാണുന്ന തലമുറ] യാതൊരു പ്രകാരത്തിലും നീങ്ങിപ്പോകുകയില്ല.” (മത്തായി 24:34) ഏതു കാര്യങ്ങൾ? നമ്മുടെ കാലത്തേക്ക് യേശു പ്രവചിച്ചിരുന്ന സകല വിപത്തുകളും കലക്കവും.
എന്നിരുന്നാലും, സർവരാജ്യസഖ്യത്തിന്റെ പതനവും ഐക്യരാഷ്ട്രസ്ഥാപനത്തിന്റെ ഇപ്പോഴത്തെ അശക്തിയുമുണ്ടെങ്കിലും സമാധാനമുണ്ടാക്കാനുള്ള രാഷ്ട്രങ്ങളുടെ സ്വന്തം ശ്രമങ്ങൾ അവ നിർത്തുകയില്ലെന്ന് ബൈബിൾ പ്രകടമാക്കുന്നു. തീർച്ചയായും, തങ്ങൾ വിജയിച്ചുവെന്ന് അവർ വിചാരിക്കുന്ന സമയം വരും. “സമാധാനവും സുരക്ഷിതത്വവും” എന്ന വലിയ ഒരു ആക്രോശം ഉണ്ടാകും, എന്നാൽ അതിനെ തുടർന്ന് ഈ ദുഷ്ടലോകത്തിൻമേൽ “പെട്ടെന്നുള്ള നാശം” വരേണ്ടതാണ്. ഇരുട്ടിലായിരിക്കുകയാൽ, മനുഷ്യർ ഈ സംഭവവികാസത്തിൽ അതിശയിച്ചുപോകും, അത് “രാത്രിയിലെ ഒരു കള്ളനെപ്പോലെ വരുന്നു.”—1 തെസ്സലോനീക്യർ 5:2, 3.
ഇത് എന്തിലേക്കു നയിക്കും? യഥാർത്ഥത്തിൽ “യുദ്ധങ്ങളെ അവസാനിപ്പിക്കാനുള്ള യുദ്ധ”ത്തിലേക്ക്: “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മെന്ന് ബൈബിളിൽ വിളിക്കപ്പെട്ടിരിക്കുന്ന അർമ്മഗെദ്ദോൻയുദ്ധത്തിലേക്കുതന്നെ. ഇത് സകല ദുഷ്ട ഘടകങ്ങളുടെയും അവരുടെ പിന്തുണക്കാരുടെയും നാശത്തെ അർത്ഥമാക്കും. “ദുഷ്പ്രവൃത്തിക്കാർതന്നെ ഛേദിക്കപ്പെടും.” (വെളിപ്പാട് 16:14-16; സങ്കീർത്തനം 37:9) ഒടുവിൽ, വലിയ യുദ്ധക്കൊതിയനായ സാത്താൻ അവന് മേലാൽ മനുഷ്യരുടെമേൽ കൂടുതലായ സ്വാധീനമില്ലാത്ത ഒരു സ്ഥലത്ത് ഒതുക്കിനിർത്തപ്പെടും. ഒടുവിൽ, അവനും നശിപ്പിക്കപ്പെടേണ്ടതാണ്.—വെളിപ്പാട് 20:1-3, 7-10.
എന്നിരുന്നാലും, ഇത് നിഷ്ക്കളങ്കരുടെയും കുററക്കാരുടെയും അർത്ഥശൂന്യവും മനസ്സാക്ഷിരഹിതവുമായ സംഹാരമായിരിക്കുകയില്ലെന്ന് കുറിക്കൊള്ളുക. അതിജീവകർ ഉണ്ടായിരിക്കും, അവർ “[ദൈവത്തിന്] രാവും പകലും വിശുദ്ധസേവനമർപ്പിക്കുന്ന”വർ ആയിരിക്കും. അതെ, ഇപ്പോൾപ്പോലും മേലാൽ യുദ്ധം അഭ്യസിക്കാത്തവരും ഒരു സത്യക്രിസ്ത്യാനിയുടെ സമാധാനമാർഗ്ഗങ്ങൾ പിന്തുടരുന്നവരും ഈ അവസാനത്തെ മഹായുദ്ധത്തെ അതിജീവിക്കും. അവർ അനേകർ ഉണ്ടായിരിക്കുമോ? ബൈബിൾ അവരെ “സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ഭാഷകളിൽനിന്നും ഉള്ളതായി യാതൊരു മനുഷ്യനും എണ്ണാൻ കഴിയാഞ്ഞ ഒരു മഹാപുരുഷാരം” എന്നു വിളിക്കുന്നു.—വെളിപ്പാട് 7:9, 14, 15.
കൊടുങ്കാററിനുശേഷം
അവർക്ക് എന്തോരു ആശ്വാസമായിരിക്കും അനുഭവപ്പെടുക! അനേകം ദേശീയഗവൺമെൻറുകൾക്കു പകരം, ഒരു ഗവൺമെൻറ് മാത്രമെ ഉണ്ടായിരിക്കുകയുള്ളു: ദൈവരാജ്യം. (ദാനിയേൽ 2:44; മത്തായി 6:9, 10) അഹങ്കാരികൾക്കും അതിമോഹികൾക്കും പകരം സൗമ്യതയുള്ളവർ ഭൂമിയെ അവകാശപ്പെടുത്തും, അവർ “സമാധാന സമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.” (സങ്കീർത്തനം 37:10, 11) “ദൈവംതന്നെ . . . അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. (വെളിപ്പാട് 21:3, 4) യഹോവ “ഭൂമിയുടെ അറുതിയോളം യുദ്ധങ്ങളെ നിർത്തൽചെയ്യും.” വാളുകൾ കൊഴുക്കളായും കുന്തങ്ങൾ കോതുകത്രികകളായും അടിച്ചുതീർക്കപ്പെടും. ‘അവർ മേലാൽ യുദ്ധം അഭ്യസിക്കുകയില്ല.’—സങ്കീർത്തനം 46:8, 9; യെശയ്യാവ് 2:4.
അത്തരമൊരു ലോകത്തിൽ ജിവിക്കാൻ നിങ്ങളാഗ്രഹിക്കുകയില്ലേ? തീർച്ചയായും, നിങ്ങളാഗ്രഹിക്കും! ശരി, സാദ്ധ്യതയുണ്ട്. ആദ്യനടപടി ദൈവവചനമായ ബൈബിൾ പഠിക്കുകയും ഈ പ്രത്യാശ സത്യവും ഈടുററ അടിസ്ഥാനമുള്ളതുമാന്നെണ് തിട്ടപ്പെടുത്തുകയുമാണ്. അനന്തരം, ഇപ്പോൾ നിങ്ങളെ സംബന്ധിച്ച ദൈവേഷ്ടം എന്താണെന്ന് കണ്ടുപിടിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. പഠനത്തിന് ശ്രമം ആവശ്യമാണെന്നുള്ളത് സത്യമാണ്, എന്നാൽ അത് അതിനുതക്ക വിലയുള്ളതാണ്. നിങ്ങൾ സമ്പാദിക്കുന്ന അറിവ് ഉചിതമായി ഉപയോഗിക്കുന്നുവെങ്കിൽ, “നിത്യജീവൻ” കൈവരുത്തുമെന്ന് യേശു പറഞ്ഞു. (യോഹന്നാൻ 17:3) അതിനെക്കാൾ പ്രധാനമായി എന്തെങ്കിലും ഉണ്ടായിരിക്കാൻ കഴിയുമോ? (w88 11⁄1)