പാഠം 47
സ്നാനപ്പെടാൻ നിങ്ങൾ തയ്യാറായോ?
ഇതുവരെയുള്ള ബൈബിൾപഠനത്തിൽനിന്ന് യഹോവയെക്കുറിച്ച് നിങ്ങൾ ഒരുപാടു കാര്യങ്ങൾ പഠിച്ചു. പഠിച്ചതനുസരിച്ച് ജീവിതത്തിൽ പല മാറ്റങ്ങളും നിങ്ങൾ വരുത്തിയിട്ടുണ്ടാകും. എങ്കിലും, യഹോവയ്ക്കു ജീവിതം സമർപ്പിച്ച് സ്നാനമേൽക്കാൻ ഇനിയും എന്തെങ്കിലും കാര്യങ്ങൾ നിങ്ങൾക്കു തടസ്സമായി നിൽക്കുന്നുണ്ടോ? ഈ പാഠത്തിൽ, സ്നാനത്തിനു തടസ്സമായേക്കാവുന്ന ചില കാര്യങ്ങളെക്കുറിച്ചും അതെല്ലാം എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചും നമ്മൾ മനസ്സിലാക്കും.
1. സ്നാനപ്പെടുന്നതിനുമുമ്പ് എത്രത്തോളം കാര്യങ്ങൾ അറിഞ്ഞിരിക്കണം?
സ്നാനമേൽക്കുന്നതിന് നിങ്ങൾ ‘സത്യത്തിന്റെ ശരിയായ അറിവ് നേടണം.’ (1 തിമൊഥെയൊസ് 2:4) എന്നുപറഞ്ഞാൽ, സ്നാനമേൽക്കുന്നതിനുമുമ്പ് ബൈബിളിലുള്ള എല്ലാ കാര്യങ്ങളും നിങ്ങൾ അറിഞ്ഞിരിക്കണം എന്നാണോ? അല്ല. സ്നാനപ്പെട്ടിട്ട് ഒരുപാടു വർഷങ്ങളായ ക്രിസ്ത്യാനികൾപോലും ഇപ്പോഴും പുതിയപുതിയ കാര്യങ്ങൾ ബൈബിളിൽനിന്നു പഠിച്ചുകൊണ്ടിരിക്കുന്നു. (കൊലോസ്യർ 1:9, 10) എന്നാൽ ബൈബിളിലെ അടിസ്ഥാന പഠിപ്പിക്കലുകളെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടായിരിക്കണം. ഈ അറിവ് നിങ്ങൾക്കുണ്ടോ എന്നറിയാൻ സഭയിലെ മൂപ്പന്മാർ നിങ്ങളെ സഹായിക്കും.
2. സ്നാനപ്പെടുന്നതിനുമുമ്പ് നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണ്?
സ്നാനപ്പെടുന്നതിനുമുമ്പ് നിങ്ങൾ ‘മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയണം.’ (പ്രവൃത്തികൾ 3:19 വായിക്കുക.) അതിനർഥം ജീവിതത്തിൽ ചെയ്തുപോയ തെറ്റുകളെക്കുറിച്ച് ആത്മാർഥമായി പശ്ചാത്തപിക്കുകയും യഹോവയോടു ക്ഷമ ചോദിക്കുകയും വേണമെന്നാണ്. കൂടാതെ ഏതെങ്കിലും മോശമായ പെരുമാറ്റരീതികളുണ്ടെങ്കിൽ അവ ഉപേക്ഷിക്കാൻ നിശ്ചയിച്ചുറയ്ക്കുകയും ദൈവത്തിന് ഇഷ്ടപ്പെടുന്ന വിധത്തിൽ ജീവിക്കാൻ തീരുമാനിക്കുകയും വേണം. ഇതോടൊപ്പം സഭയിൽ മീറ്റിങ്ങുകൾക്കു കൂടിവരുകയും സന്തോഷവാർത്ത മറ്റുള്ളവരെ അറിയിക്കുകയും ചെയ്യേണ്ടതുണ്ട്.
3. സ്നാനപ്പെടുന്ന കാര്യത്തിൽ പേടിച്ച് മാറിനിൽക്കേണ്ട, എന്തുകൊണ്ട്?
യഹോവയ്ക്ക് ഒരു വാക്കു കൊടുത്തിട്ട് അതു ചെയ്യാൻ സാധിച്ചില്ലെങ്കിലോ എന്ന പേടികൊണ്ടാണ് പലരും മടിച്ചുനിൽക്കുന്നത്. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമുക്ക് എല്ലാവർക്കും തെറ്റുകൾ സംഭവിക്കാം എന്നതാണ്. വിശ്വസ്തരായ പല ദൈവദാസർക്കും തെറ്റുകൾ പറ്റിയതായി ബൈബിളിൽ കാണാം. തന്റെ ആരാധകർക്കു തെറ്റുകൾ സംഭവിക്കാം എന്ന കാര്യം യഹോവയ്ക്കു നന്നായി അറിയാം. (സങ്കീർത്തനം 103:13, 14 വായിക്കുക.) എന്നാൽ നമ്മൾ ശരി ചെയ്യാൻ കഴിവിന്റെ പരമാവധി ശ്രമിക്കുമ്പോൾ യഹോവ സന്തോഷിക്കും, നമ്മളെ സഹായിക്കും. കൂടാതെ യഹോവ ഇങ്ങനെ ഒരു ഉറപ്പും തന്നിട്ടുണ്ട്: ഒന്നിനും നമ്മളെ ‘(തന്റെ) സ്നേഹത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല’ എന്ന്.—റോമർ 8:38, 39 വായിക്കുക.
ആഴത്തിൽ പഠിക്കാൻ
യഹോവയെ അടുത്തറിയുന്നതും യഹോവയുടെ സഹായം സ്വീകരിക്കുന്നതും, സ്നാനത്തിനു തടസ്സമായേക്കാവുന്ന കാര്യങ്ങളെ മറികടക്കാൻ സഹായിക്കും. എങ്ങനെയെന്നു നോക്കാം.
4. യഹോവയെ കൂടുതൽ അടുത്തറിയുക
സ്നാനപ്പെടുന്നതിനുമുമ്പ് യഹോവയെക്കുറിച്ച് എത്രത്തോളം നമ്മൾ മനസ്സിലാക്കണം? നമുക്ക് യഹോവയെ സ്നേഹിക്കാൻ തോന്നണം, യഹോവ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ ആഗ്രഹം തോന്നണം. അത്രത്തോളം യഹോവയെക്കുറിച്ച് മനസ്സിലാക്കണം. ലോകമെങ്ങുമായി ബൈബിൾ പഠിക്കുന്ന ധാരാളം പേർ ഇത് എങ്ങനെ ചെയ്യുന്നു എന്ന് അറിയാൻ വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
സ്നാനപ്പെടുന്നതിന് തയ്യാറാകാൻ എന്തൊക്കെ കാര്യങ്ങളാണ് ചിലരെ സഹായിച്ചത്?
റോമർ 12:2 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ബൈബിൾ പഠിപ്പിക്കുന്ന ഏതെങ്കിലും കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടോ? യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നതു സത്യമാണെന്ന കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുണ്ടോ?
നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്തു ചെയ്യാൻ കഴിയും?
5. സ്നാനത്തിന് തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ മറികടക്കുക
നമ്മൾ ജീവിതം യഹോവയ്ക്കു സമർപ്പിച്ച് സ്നാനമേൽക്കാൻ തീരുമാനിക്കുമ്പോൾ പല തടസ്സങ്ങളും നേരിട്ടേക്കാം. ഒരു സാഹചര്യം നോക്കാം. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
യഹോവയെ ആരാധിക്കുന്നതിനു നരൻഗാരേലിന് എന്തൊക്കെ തടസ്സങ്ങൾ മറികടക്കണമായിരുന്നു?
യഹോവയോടുള്ള സ്നേഹം തടസ്സങ്ങൾ മറികടക്കാൻ ആ സഹോദരിയെ സഹായിച്ചത് എങ്ങനെയാണ്?
സുഭാഷിതങ്ങൾ 29:25; 2 തിമൊഥെയൊസ് 1:7 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
തടസ്സങ്ങൾ മറികടക്കാനുള്ള ധൈര്യം എവിടെനിന്നാണു കിട്ടുന്നത്?
6. യഹോവ സഹായിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക
യഹോവ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ നമ്മൾ ശ്രമിക്കുമ്പോൾ യഹോവ സഹായിക്കും. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
ഈ വീഡിയോയിൽ കണ്ട വ്യക്തി എന്തുകൊണ്ടാണു സ്നാനപ്പെടാൻ മടിച്ചുനിന്നത്?
ഏതു കാര്യം മനസ്സിലാക്കിയപ്പോഴാണു ധൈര്യത്തോടെ യഹോവയിൽ ആശ്രയിക്കാൻ അദ്ദേഹത്തിനു തോന്നിയത്?
യശയ്യ 41:10, 13 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
സമർപ്പണസമയത്ത് യഹോവയ്ക്കു കൊടുക്കുന്ന വാക്കു പാലിക്കാൻ കഴിയുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
7. യഹോവയുടെ സ്നേഹത്തെക്കുറിച്ച് നന്ദിയോടെ ഓർക്കുക
യഹോവയുടെ സ്നേഹത്തെക്കുറിച്ച് എത്രയധികം ചിന്തിക്കുന്നോ അത്രയധികം യഹോവയോടു നിങ്ങൾക്കു നന്ദി തോന്നും. മാത്രമല്ല യഹോവയെ എന്നെന്നും സേവിക്കാനുള്ള നിങ്ങളുടെ ആഗ്രഹവും കൂടും. സങ്കീർത്തനം 40:5 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യഹോവയിൽനിന്നു കിട്ടിയ ഏതെല്ലാം അനുഗ്രഹങ്ങൾക്കാണു നിങ്ങൾ പ്രത്യേകം നന്ദി കൊടുക്കാൻ ആഗ്രഹിക്കുന്നത്?
യഹോവയെയും യഹോവയുടെ വചനത്തെയും അതിയായി സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു യിരെമ്യ പ്രവാചകൻ. യഹോവയുടെ ഒരു ദാസനായി അറിയപ്പെടാൻ കഴിയുന്നത് വലിയൊരു അനുഗ്രഹമായിട്ടാണ് പ്രവാചകൻ കണ്ടത്. അദ്ദേഹം പറഞ്ഞു: “അങ്ങയുടെ വാക്കുകൾ എനിക്കു കിട്ടി, . . . അവ എനിക്ക് ആഹ്ലാദവും ഹൃദയാനന്ദവും തന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞാൻ അങ്ങയുടെ പേരിലാണല്ലോ അറിയപ്പെടുന്നത്.” (യിരെമ്യ 15:16) ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
യഹോവയുടെ സാക്ഷിയായിരിക്കുന്നതിൽ അഭിമാനിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
യഹോവയുടെ ഒരു സാക്ഷിയായി സ്നാനമേൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
നിങ്ങൾക്ക് അതിനു തടസ്സമായി നിൽക്കുന്ന എന്തെങ്കിലുമുണ്ടോ?
സ്നാനമെന്ന ലക്ഷ്യത്തിലെത്താൻ ഇനി നിങ്ങൾക്ക് എന്തു ചെയ്യാം?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “സ്നാനസമയത്ത് യഹോവയ്ക്കു കൊടുക്കുന്ന വാക്കു പാലിക്കാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല.”
നിങ്ങൾക്ക് അങ്ങനെയാണോ തോന്നുന്നത്?
ചുരുക്കത്തിൽ
യഹോവയുടെ സഹായത്താൽ സ്നാനത്തിനു തടസ്സമായി നിൽക്കുന്ന ഏതു കാര്യവും മറികടക്കാൻ കഴിയും.
ഓർക്കുന്നുണ്ടോ?
സ്നാനപ്പെടുന്നതിനു ബൈബിളിനെക്കുറിച്ച് എത്രത്തോളം അറിയണം?
നിങ്ങൾ സ്നാനപ്പെടുന്നതിനുമുമ്പ് ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം?
സ്നാനപ്പെടുന്ന കാര്യത്തിൽ പേടിച്ച് മാറിനിൽക്കരുതാത്തത് എന്തുകൊണ്ട്?
കൂടുതൽ മനസ്സിലാക്കാൻ
നിങ്ങൾ സ്നാനപ്പെടുന്നതിന്റെ കാരണം എന്തായിരിക്കണം? ഈ ലേഖനം വായിക്കുക.
“നിങ്ങൾ സ്നാനപ്പെടാറായോ?” (വീക്ഷാഗോപുരം 2020 മാർച്ച്)
സ്നാനപ്പെടാൻ തടസ്സമായി നിൽക്കുന്ന കാര്യങ്ങളെ എങ്ങനെ മറികടക്കാമെന്നു പഠിക്കുക.
“സ്നാനമേൽക്കാൻ എനിക്ക് എന്താണു തടസ്സം?” (വീക്ഷാഗോപുരം 2019 മാർച്ച്)
സ്നാനത്തിനു തടസ്സമായിനിന്ന ചില വലിയ പ്രതിസന്ധികളെ ഒരാൾ മറികടന്നത് എങ്ങനെയാണെന്നു മനസ്സിലാക്കുക.
എയ്റ്റേ എന്ന വ്യക്തി ആദ്യം സ്നാനപ്പെടാൻ മടിച്ചത് എന്തുകൊണ്ടാണ്? ആ പ്രധാനപ്പെട്ട തീരുമാനമെടുക്കാൻ പിന്നീട് അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണ്?