‘ദാനശീലരും ഔദാര്യമുള്ളവരും ആയിരിക്കുക’
1 “നന്മ ചെയ്വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി”രിക്കാനും സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കാൻ നൂറ്റാണ്ടുകൾക്കുമുമ്പ് അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനെ ഉദ്ബോധിപ്പിച്ചു. (1 തിമൊ. 6:18) “നന്മചെയ്വാനും കൂട്ടായ്മകാണിപ്പാനും മറക്കരുതു” എന്ന് പൗലൊസ് എബ്രായ ക്രിസ്ത്യാനികളെയും ഓർമിപ്പിച്ചു. (എബ്രാ. 13:16) അവൻ ഈ പ്രബോധനങ്ങൾ നൽകിയത് എന്തുകൊണ്ടായിരുന്നു? എന്തെന്നാൽ, “നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും” ഉണ്ടാകുമെന്നു പൗലൊസിന് അറിയാമായിരുന്നു.—റോമ. 2:10.
2 യഹോവയാം ദൈവം സ്രഷ്ടാവായതിനാൽ, അവൻ എല്ലാറ്റിന്റെയും ഉടയവനാണ്. (വെളി. 4:11) തനിക്ക് സ്വന്തമായ വസ്തുക്കൾ ഉപയോഗിച്ച് നമ്മുടെ പ്രയോജനത്തിനായി അവൻ ചെയ്യുന്ന കാര്യങ്ങളെ നാം തീർച്ചയായും വിലമതിക്കുന്നു. മനുഷ്യവർഗത്തിൽ ഭൂരിഭാഗവും കൃതഘ്നരായിരുന്നിട്ടും, ജീവൻ നിലനിറുത്താൻ ഉദാരമായി നൽകിയിരിക്കുന്ന കരുതലുകൾ പ്രയോജനപ്പെടുത്താൻ പരമോന്നതൻ അവരെ അനുവദിച്ചിരിക്കുന്നു. (മത്താ. 5:45) നമുക്ക് നിത്യജീവൻ ഉണ്ടാകേണ്ടതിന് അവൻ തന്റെ പ്രിയ പുത്രനെ ഒരു യാഗമായി നൽകുകപോലും ചെയ്തു. സഹമനുഷ്യരോട് ഔദാര്യമുള്ളവരായിരുന്നുകൊണ്ട്, കൃതജ്ഞതയുള്ളവരെന്നു തെളിയിക്കാൻ ദൈവം നമ്മോടു കാണിച്ചിരിക്കുന്ന ഈ സ്നേഹം നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ?—2 കൊരി. 5:14, 15.
3 നൽകാൻ നമ്മുടെ പക്കൽ എന്താണുള്ളത്?: നമുക്കുള്ളതെന്തും ദൈവദൃഷ്ടിയിൽ പ്രസാദകരമായ രീതിയിൽ ഉപയോഗിക്കുന്നത് തികച്ചും ഉചിതമാണ്. തീർച്ചയായും ലോകവ്യാപക പ്രസംഗവേലയെ ഭൗതികമായും ആത്മീയമായും പിന്തുണയ്ക്കാൻ നാമെല്ലാം ആഗ്രഹിക്കുന്നു. യഥാർഥത്തിൽ, ഏതൊരുവനും ഉണ്ടായിരിക്കാൻ കഴിയുന്ന ഏറ്റവും വിലയേറിയ നിധിയാണ് സുവാർത്ത. കാരണം, അത് “രക്ഷയ്ക്കായി ദൈവശക്തിയാകുന്നു.” (റോമ. 1:16) ഓരോ മാസവും പ്രസംഗ പഠിപ്പിക്കൽ വേലയിൽ പങ്കെടുക്കാൻ നമ്മുടെ സമയവും ഊർജവുമെല്ലാം ഉദാരമായി ഉപയോഗിക്കുന്നതു മുഖാന്തരം, നമ്മുടെ പക്കലുള്ള ആത്മീയ നിധി മറ്റുള്ളവരുമൊത്ത് പങ്കിടാൻ നമുക്കു സാധിക്കും, അത് അവർ നിത്യജീവൻ പ്രാപിക്കുന്നതിൽ കലാശിക്കുകയും ചെയ്യും.
4 നാം ദരിദ്രരെ സഹായിക്കുമ്പോൾ യഹോവയ്ക്ക് വളരെയധികം സന്തോഷമുണ്ടാകുന്നു. അവൻ നമുക്ക് അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, അവൻ നമ്മെ ഇങ്ങനെ ഓർമിപ്പിക്കുകയും ചെയ്യുന്നു: “ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.” (സദൃ. 11:4; 19:17) രാജ്യവേലയെ ഭൗതികമായി പിന്തുണച്ചുകൊണ്ടും സുവാർത്താ പ്രസംഗത്തിൽ പൂർണപങ്കുണ്ടായിരുന്നുകൊണ്ടും നാം ദാനശീലരും ഔദാര്യമുള്ളവരുമാണെന്ന് പ്രകടമാക്കാം.