അനേകർക്കു പകരമുള്ള ഒരു മറുവില
ആയിരത്തിത്തൊള്ളായിരത്തി എഴുപത് മാർച്ച് 31-ാം തീയതി ജപ്പാനിലെ ഫിജി പർവതത്തിനടുത്തുവെച്ച് ഒരു ജററ് യാത്രാവിമാനം തട്ടിയെടുക്കപ്പെട്ടു. ജാപ്പനീസ് ചെമ്പടവിഭാഗം എന്നറിയപ്പെട്ട ഒരു സംഘത്തിലെ ഒൻപതംഗങ്ങൾ 120-ൽപരം യാത്രക്കാരെയും ജോലിക്കാരെയും ജാമ്യത്തടവുകാരായി പിടിക്കുകയും വടക്കൻ കൊറിയയിലേക്കുള്ള ഒരു സുരക്ഷിത യാത്ര ആവശ്യപ്പെടുകയും ചെയ്തു.
വിമാനം കൊറിയൻ റിപ്പബ്ലിക്കിലെ സോളിൽ ഇറങ്ങിയപ്പോൾ, ജപ്പാനിലെ ഗതാഗത ഉപമന്ത്രിയായ ഷിൻജിറോ യാമാമുറാ ബന്ദികൾക്കുവേണ്ടി തന്റെ ജീവനെ അപകടപ്പെടുത്താൻ സ്വമേധയാ മുന്നോട്ടുവന്നു. വിമാനം തട്ടിയെടുത്തവർ തങ്ങളുടെ സ്വന്തം സുരക്ഷിതത്വത്തിന്റെ ഒരു ഉറപ്പായി അദ്ദേഹത്തെ സ്വീകരിക്കുന്നതിനു സമ്മതിച്ചുകൊണ്ട് വൈമാനികരൊഴിച്ചുള്ള സകല ജാമ്യത്തടവുകാരെയും വിട്ടയച്ചു. അനന്തരം അവർ പ്യോംഗ്യാംഗിലേക്കു പറന്നു, അവിടെ അവർ വടക്കൻ കൊറിയൻ അധികൃതർക്കു കീഴടങ്ങി. പിന്നീട് മി. യാമാമുറായും പൈലററും ജപ്പാനിലേക്ക് നിരപായം തിരിച്ചുപോന്നു.
ഈ കേസിൽ, ഒരാൾ 120-ൽപരം ജാമ്യത്തടവുകാരുടെ ജീവനു പകരമായി സേവിച്ചു. എന്നാൽ മറുവിലയുടെ ബൈബിളുപദേശം മനസ്സിലാക്കുന്നതിന് നാം ഈ വിഷയം കൂടുതൽ പൂർണ്ണമായി പരിശോധിക്കേണ്ടതാണ്.
ഒരു സംഗതി നാം പാപത്തിന്റെ ഉത്ഭവം വിശദമായി പഠിക്കേണ്ടിയിരിക്കുന്നു എന്നതാണ്. “അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപംചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു” എന്ന് ബൈബിൾ വിശദീകരിക്കുന്നു. (റോമർ 5:12) അത് എങ്ങനെ സംഭവിച്ചു? അവിടെ പറഞ്ഞിരിക്കുന്ന മനുഷ്യൻ സൃഷ്ടിക്കപ്പെട്ട ആദ്യമനുഷ്യനായിരുന്ന ആദാമായിരുന്നു. അവന്റെ സൃഷ്ടിയുടെ ചരിത്രവിവരണവും ദൈവത്തിന്റെ പ്രമാണത്തിൽനിന്നുള്ള അവന്റെ വ്യതിചലനത്തിലേക്കു നയിച്ചതെന്തെന്നും നിങ്ങൾക്കു വായിക്കാൻ കഴിയും. ഇത് ഉല്പത്തി എന്ന ബൈബിൾപുസ്തകത്തിന്റെ ആദ്യത്തെ മൂന്നദ്ധ്യായങ്ങളിൽ വിവരിക്കപ്പെട്ടിരിക്കുന്നു.
ആദാം ആദ്യം പാപംചെയ്തപ്പോൾ പൊതുകാഴ്ചയിൽനിന്നു മറഞ്ഞുനിന്ന ഒരു പ്രേരിതാവ് ഉണ്ടായിരുന്നുവെന്ന് ആ വിവരണം വെളിപ്പെടുത്തുന്നു. തന്റെ സ്വന്തം അധികാരക്കൊതിയെ തൃപ്തിപ്പെടുത്തുന്നതിന്, ആ പ്രേരിതാവ് ആദാമിനെയും അവന് ഉണ്ടായേക്കാവുന്ന ഏതു സന്താനങ്ങളെയും ഭരിക്കാൻ പദ്ധതിയിട്ടു. ആ പ്രേരിതാവ് പിശാചായ സാത്താനായിരുന്നു. അവൻ ആദാമിനെ പാപത്തിലേക്കു നയിക്കാൻ ഒരു പാമ്പിനെ ഉപയോഗിച്ചതുകൊണ്ട് അവൻ “ആദ്യപാമ്പ്” എന്നും വിളിക്കപ്പെട്ടു. (വെളിപ്പാട് 12:9) മനുഷ്യവർഗ്ഗത്തിന്റെ സ്നേഹവാനായ സ്രഷ്ടാവ് നൻമയെന്തെന്നും തിൻമയെന്തെന്നും തീരുമാനിക്കാനുള്ള തന്റെ അവകാശത്തെ മാനിക്കാൻ ആദാമിനോടു പറഞ്ഞിരുന്നെങ്കിലും പാമ്പ് ദൈവത്തോട് അനുസരണക്കേടു കാണിക്കാൻ ആദാമിന്റെ ഭാര്യയായിരുന്ന ഹവ്വായെ വശീകരിച്ചു. അനന്തരം അവൾ അനുസരണക്കേടു കാണിക്കാൻ തന്റെ ഭർത്താവിനെ പ്രേരിപ്പിച്ചു. ആ പ്രവർത്തനഗതിയാൽ ആദാം ദൈവത്തെ വിട്ടുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മനഃപൂർവം പാപപൂർണ്ണനായിത്തീരുകയും ചെയ്തു, അങ്ങനെ തന്റെ സന്താനങ്ങൾക്ക് അത്തരം ജീവൻ കൈമാറിക്കൊടുക്കാനേ അവനു കഴിയുമായിരുന്നുള്ളു.
നാം ഇപ്പോഴും പരിണതഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെ? ശരി, ആദാമും ഹവ്വായും മനഃപൂർവം അനുസരണക്കേടിനെ തെരഞ്ഞെടുക്കുകയാണെങ്കിൽ ഫലം മരണമായിരിക്കുമെന്ന് സ്രഷ്ടാവ് ന്യായയുക്തമായി വിധിച്ചിരുന്നു. അക്കാരണത്താൽ ആദാം പാപംചെയ്തുകൊണ്ട് സകല മനുഷ്യവർഗ്ഗത്തെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലേക്കു വിററു.—ഉല്പത്തി 2:17; 3:1-7.
മനുഷ്യവർഗ്ഗത്തെ ആ പാപാവസ്ഥയിൽനിന്ന് എങ്ങനെ വീണ്ടെടുക്കാൻ കഴിയും? യേശുക്രിസ്തു “തന്റെ ദേഹിയെ അനേകർക്കു പകരം ഒരു മറുവിലയായി കൊടുക്കാൻ” ഭൂമിയിലേക്കു വന്നു. ഇത് മനുഷ്യവർഗ്ഗത്തെ വീണ്ടെടുക്കുന്നതിനുള്ള വഴി തുറന്നു.—മത്തായി 20:28, NW.
പരിഹാരവും വിടുതലും
മനുഷ്യവർഗ്ഗത്തെ വീണ്ടെടുക്കുന്ന പ്രക്രിയയിൽ രണ്ടു നടപടികൾ ഉൾപ്പെട്ടിരുന്നതായി ബൈബിൾ പ്രകടമാക്കുന്നു: (1) തിരികെവാങ്ങലും (2) വിടുതലും. “മറുവില” എന്നു ഭാഷാന്തരപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തെക്കുറിച്ച് (ലൈട്രോൺ) ബൈബിൾ പണ്ഡിതനായ ആൽബർട്ട് ബാൺസ് എഴുതി: “മറുവില എന്ന പദത്തിന്റെ അർത്ഥം അക്ഷരീയമായി ബന്ദികളുടെ വീണ്ടെടുപ്പിനുവേണ്ടി കൊടുക്കപ്പെടുന്ന ഒരു വിലയെന്നാണ്. യുദ്ധത്തിൽ, ശത്രുസൈന്യം തടവുകാരെ പിടിക്കുമ്പോൾ അവരുടെ വിടുതലിനുവേണ്ടി ആവശ്യപ്പെടുന്ന പണം മറുവില എന്നു വിളിക്കപ്പെടുന്നു; അതായത് അവർ സ്വതന്ത്രരാക്കപ്പെടുന്നതിനുള്ള മുഖാന്തരം അതാണ്. അതുകൊണ്ട് ആരെയെങ്കിലും ശിക്ഷയുടെയോ കഷ്ടപ്പാടിന്റെയോ പാപത്തിന്റെയോ ഒരു അവസ്ഥയിൽനിന്ന് വിടുവിക്കുന്ന എന്തും ഒരു മറുവിലയെന്നു വിളിക്കപ്പെടുന്നു.”
അതെ, “ആരെയെങ്കിലും വിടുവിക്കുന്ന എന്തി”നെയും ലൈട്രോൺ എന്നു പരാമർശിക്കാൻ കഴിയും. അതുകൊണ്ട് ഈ ഗ്രീക്ക് പദം വിടുവിക്കുന്ന ക്രിയയെ അഥവാ പ്രക്രിയയെ പ്രദീപ്തമാക്കുന്നു.a
മറുവിലയായി കൊടുക്കപ്പെടുന്ന വിലയുടെ മൂല്യത്തെ ദൃഢീകരിക്കാൻ അപ്പോസ്തലനായ പൗലോസ് ബന്ധപ്പെട്ട ആൻറിലൈട്രോൺ എന്ന പദമുപയോഗിച്ചു. 1 തിമൊഥെയോസ് 2:6-ൽ (NW) “എല്ലാവർക്കുംവേണ്ടി ഒരു അനുയോജ്യ മറുവിലയായി” “[യേശു] തന്നെത്താൻ കൊടുത്തു” എന്ന് അവൻ എഴുതി. ഇതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് പാർക്ക്ഹേഴ്സ്ററ്സ് ഗ്രീക്ക് ആൻഡ് ഇംഗ്ലീഷ് ലെക്സിക്കൻ ററു ദ ന്യൂ റെറസ്ററമെൻറ് ഇങ്ങനെ പറയുന്നു: “അത് ഉചിതമായി ബന്ദികൾ ശത്രുവിൽനിന്ന് വീണ്ടെടുക്കപ്പെടുന്നതിനുള്ള ഒരു വിലയെ അർത്ഥമാക്കുന്നു; മറെറാരാളുടെ ജീവനാൽ ഒരുവന്റെ ജീവൻ വീണ്ടെടുക്കപ്പെടുന്ന തരം കൈമാററത്തെയും.” ഇവിടെ ഊന്നൽ നീതിയുടെ ത്രാസിനെ സമനിലയിലാക്കുന്നതിന് കൊടുക്കപ്പെടുന്ന മറുവിലയുടെ അനുയോജ്യ സ്വഭാവത്തിന് അല്ലെങ്കിൽ കാര്യക്ഷമതക്കാണ്. യേശുവിന്റെ മറുവിലയാഗത്തെ ഒരു “അനുയോജ്യ മറുവില”യായി എങ്ങനെ കണക്കാക്കാൻ കഴിയും?
ഒരു അനുയോജ്യ മറുവില
ആദാം നാം ഉൾപ്പെടെ സകല മനുഷ്യവർഗ്ഗത്തെയും പാപത്തിനും മരണത്തിനും വിററു. അവൻ ഒടുക്കിയ വില അഥവാ പിഴ എന്നേക്കും ജീവിക്കുന്നതിനുള്ള സാദ്ധ്യതയോടുകൂടിയ തന്റെ പൂർണ്ണമനുഷ്യജീവനായിരുന്നു. ഇതിനു പരിഹാരംവരുത്തുന്നതിന് മറെറാരു പൂർണ്ണമനുഷ്യജീവൻ—ഒരു അനുയോജ്യ മറുവില—കൊടുക്കപ്പെടണമായിരുന്നു. എന്നിരുന്നാലും അപൂർണ്ണമനുഷ്യരിൽനിന്ന് ജനിച്ച ആർക്കും ആവശ്യമായിരുന്ന പൂർണ്ണ മനുഷ്യജീവൻ പ്രദാനംചെയ്യാൻ കഴിയുമായിരുന്നില്ല. (ഇയ്യോബ് 14:4; സങ്കീർത്തനം 51:5) എന്നിരുന്നാലും, ദൈവം തന്റെ ജ്ഞാനത്തിൽ, ഈ പ്രതിസന്ധിയിൽനിന്ന് പുറത്തുവരാനുള്ള ഒരു വഴി തുറന്നു. അവൻ തന്റെ ഏകജാതനായ പുത്രനെ ഒരു പൂർണ്ണ മനുഷ്യനായി ജനിക്കാൻ അനുവദിച്ചുകൊണ്ട് അവന്റെ പൂർണ്ണതയുള്ള ജീവനെ ഒരു കന്യകയുടെ ഗർഭപാത്രത്തിലേക്കു മാററി. (ലൂക്കോസ് 1:30-38; യോഹന്നാൻ 3:16-18) യേശുവിന്റെ കന്യകാജനനത്തിന്റെ ഈ ഉപദേശം ഒരു മതത്തിന്റെ സ്ഥാപകനെ ഉന്നതനാക്കുന്നതിനു കണ്ടുപിടിച്ച ഒരു കഥയല്ല. മറിച്ച്, അത് ദൈവത്തിന്റെ മറുവിലയുടെ കരുതലിലെ യുക്ത്യാനുസൃതമായ ഒരു നടപടിയെ വിശദമാക്കുന്നു.
വീണ്ടെടുപ്പു സാധിക്കുന്നതിന്, യേശു ഭൂമിയിലായിരുന്ന സമയത്തെല്ലാം ഒരു ശുദ്ധമായ രേഖ നിലനിർത്തണമായിരുന്നു. അവൻ ഇതു ചെയ്തു. പിന്നീട് അവൻ ഒരു ബലിമരണം വരിച്ചു. ഈ വിധത്തിൽ യേശു തന്റെ പൂർണ്ണ മനുഷ്യജീവന്റെ വില മനുഷ്യവർഗ്ഗത്തെ വിടുവിക്കുന്നതിനുള്ള ഒരു മറുവിലയായി കൊടുത്തു. (1 പത്രോസ് 1:19) അതുകൊണ്ട് “ഒരു മനുഷ്യൻ എല്ലാവർക്കുംവേണ്ടി മരിച്ചു”വെന്ന് നമുക്ക് ശരിയായി പറയാൻ കഴിയും. (2 കൊരിന്ത്യർ 5:14) അതെ, “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ, ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.”—1 കൊരിന്ത്യർ 15:22.
അനേകർക്കു പകരമായി ഒരു മനുഷ്യൻ
നേരത്തെ പ്രസ്താവിച്ച തട്ടിയെടുക്കലിന്റെ കേസിൽ, ജാമ്യത്തടവുകാർ ധനികരായിരുന്നാൽ പോലും അവർക്ക് തങ്ങളേത്തന്നെ വിമോചിപ്പിക്കാൻ മാർഗ്ഗമില്ലായിരുന്നു. ബാഹ്യസഹായം ആവശ്യമായിരുന്നു, പകരമായി സേവിക്കുന്ന മനുഷ്യൻ ചില വ്യവസ്ഥകൾ പാലിക്കേണ്ടിയിരുന്നു. മനുഷ്യവർഗ്ഗത്തെ വിടുവിക്കുന്നതിനാവശ്യമായ മറുവിലയോടുള്ള ബന്ധത്തിൽ വളരെയേറെ അഗാധമായ ഒരു വിധത്തിൽ ഇതു സത്യമാണ്. ഒരു സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “അവർ തങ്ങളുടെ . . . ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു. സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.” (സങ്കീർത്തനം 49:6-8) തീർച്ചയായും, മനുഷ്യവർഗ്ഗത്തിന് പുറത്തുനിന്നുള്ള സഹായത്തിന്റെ ആവശ്യമുണ്ടായിരുന്നു. ദൈവത്തിന്റെ നീതിയുടെ ത്രാസിനെ സമനിലയിൽ നിർത്തുന്നതിന് ആവശ്യമായ വ്യവസ്ഥകൾ പാലിക്കുന്ന പക്ഷം ഒരു മമനുഷ്യന്റെ ജീവൻ സകല മനുഷ്യരെയും വീണ്ടെടുക്കാൻ പര്യാപ്തമായിരിക്കും. യോഗ്യതകളിലെത്തിയ ഏകമനുഷ്യൻ യേശുക്രിസ്തു ആയിരുന്നു.
യേശുക്രിസ്തുവിനാലുള്ള മറുവിലകൊടുക്കലിലൂടെ യഹോവയാം ദൈവം മനുഷ്യവർഗ്ഗത്തിന്റെ വിടുതലിനുവേണ്ടി കരുതൽചെയ്തിരിക്കുന്നു. എന്നാൽ ദൈവം കൂടുതൽ ചെയ്തിരിക്കുന്നു. അവൻ പിശാചായ സാത്താന്റെമേൽ ഒരു മരണവിധി ഉച്ചരിച്ചിരിക്കുന്നു, അവനാണല്ലോ മനുഷ്യവർഗ്ഗത്തെ പാപത്തിലേക്കു നയിച്ചത്. (വെളിപ്പാട് 12:7-9) യഹോവ ആ അപരാധിയെ പെട്ടെന്നുതന്നെ ബന്ധിക്കുകയും ഒടുവിൽ നിത്യനാശത്തെ പ്രതീകപ്പെടുത്തുന്ന, ‘തീയും ഗന്ധകവും കത്തുന്ന തടാകത്തിലേക്ക് അവനെ വലിച്ചെറിഞ്ഞുകൊണ്ട്’ ന്യായവിധി നടപ്പിലാക്കുകയും ചെയ്യും. (വെളിപ്പാട് 20:1-3, 7-10, 14) ഈ ദുഷ്ടാത്മജീവിയുടെ നീക്കം ചെയ്യലോടെയും മറുവിലയുടെ ബാധകമാക്കലോടെയും മനുഷ്യവർഗ്ഗം പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്നു മാത്രമല്ല, പിന്നെയോ സാത്താന്റെ സ്വാധീനത്തിൽനിന്നുമുള്ള വിടുതൽ അനുഭവിക്കും. അങ്ങനെ സ്വതന്ത്രരാകുന്നതിനാലും ക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ മൂല്യം പൂർണ്ണമായി പ്രയോഗിക്കപ്പെടുന്നതിനാലും അനുസരണമുള്ള മനുഷ്യവർഗ്ഗം മനുഷ്യപൂർണ്ണതയിലേക്ക് പുരോഗമിക്കും.
മറുവിലയുടെ ക്രമീകരണവും നിങ്ങളും
യേശുക്രിസ്തുവിന്റെ മറുവിലയാഗത്തെക്കുറിച്ച് പഠിച്ചശേഷം പൗരസ്ത്യരാജ്യങ്ങളിലെ അനേകർ തങ്ങൾക്കുവേണ്ടി ദൈവം ചെയ്തിരിക്കുന്നതിനെ ആഴമായി വിലമതിച്ചിരിക്കുന്നു. കാസുവോ ഒരു ദൃഷ്ടാന്തമാണ്. പെയ്ൻറിന്റെ കട്ടികുറക്കുന്ന രാസവസ്തു (തിന്നർ) ശ്വസിച്ച് ലഹരിപിടിക്കുന്നതിലാണ് അയാളുടെ ജീവിതം കേന്ദ്രീകരിച്ചിരുന്നത്. അതിന്റെ സ്വാധീനത്തിൽ കാറോടിക്കുമ്പോൾ അയാൾ തന്റെ കാറുകൾ ആവർത്തിച്ച് തകർത്തുപോന്നു. അയാളുടെ സുഹൃത്തുക്കളിൽ മൂന്നുപേർ തങ്ങളുടെ ആരോഗ്യം നശിപ്പിച്ചശേഷം ആത്മഹത്യചെയ്തു. കാസുവോയും ആത്മഹത്യക്കു ശ്രമിച്ചു. പിന്നീട് അയാൾ ബൈബിൾ പഠിക്കാൻ തുടങ്ങി. താൻ പഠിച്ച സത്യത്താൽ പ്രേരിതനായി അയാൾ തന്റെ ജീവിതത്തെ ശുദ്ധിയാക്കാൻ തീരുമാനിച്ചു. പെയ്ൻറ് തിന്നറിനാൽ തന്റെ ശരീരത്തെ ദുരുപയോഗപ്പെടുത്തുന്ന തന്റെ ശീലത്തോട് അയാൾ പോരാടി. അനേകം പരാജയങ്ങൾ നേരിട്ടിരുന്നു. തന്റെ ജഡികമോഹത്തിനും ശരി ചെയ്യാനുള്ള ഒരു വാഞ്ഛക്കുമിടയിൽ അയാൾക്ക് ഒരു വിഷമാവസ്ഥ നേരിട്ടു. യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ മൂല്യംമുഖേന ക്ഷമക്കായി ദൈവത്തോടു പ്രാർത്ഥിക്കാൻ കഴിഞ്ഞതിൽ അയാൾ എത്ര സന്തുഷ്ടനായിരുന്നു! പ്രാർത്ഥനയാലും ക്രിസ്തീയസ്നേഹിതരുടെ സഹായത്താലും കാസുവോ തന്റെ ദുശ്ശീലത്തെ തരണംചെയ്തു, ഇപ്പോൾ ഒരു ശുദ്ധമനഃസാക്ഷിയോടെ ഒരു സന്തുഷ്ട ശുശ്രൂഷകനെന്ന നിലയിൽ യഹോവയെ സേവിക്കുകയുമാണ്.
മുൻ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ ചിസാക്കോയെ നിങ്ങൾ ഓർക്കുന്നുണ്ടോ? ബൈബിളിന്റെ ഒരു പഠനത്താൽ അവരും മറുവിലയുടെ സ്നേഹപുരസ്സരമായ ക്രമീകരണത്തെക്കുറിച്ച് മനസ്സിലാക്കാനിടയായി. മനുഷ്യവർഗ്ഗത്തെ പാപത്തിൽനിന്നു വിടുവിക്കാൻ ദൈവം തന്റെ പുത്രനെ നൽകിയെന്നു മനസ്സിലാക്കിയപ്പോൾ അവർ അഗാധമായി വികാരാധീനയായി. ചിസാക്കോ യഹോവക്ക് തന്റെ ജീവനെ സമർപ്പിച്ചു. 77-ാം വയസ്സിൽ ഇപ്പോഴും അവർ യഹോവയുടെ വലിയ സ്നേഹത്തെക്കുറിച്ചും അവൻ പ്രകടമാക്കുന്ന അനർഹദയയെക്കുറിച്ചും മററുള്ളവരോടു പറഞ്ഞുകൊണ്ട് ഓരോ മാസവും ഏതാണ്ട് 90 മണിക്കൂർ ചെലവഴിക്കുന്നു.
മറുവില നിങ്ങൾക്കും പ്രധാനമായിരിക്കണം. അതു മുഖേന ദൈവം മനുഷ്യവർഗ്ഗത്തിന് യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിതുറക്കും—പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള സ്വാതന്ത്ര്യത്തിലേക്കുതന്നെ. യേശുക്രിസ്തുവിന്റെ മറുവിലയാഗത്തെ സ്വീകരിക്കുന്നവർക്ക് ഒരു പറുദീസാഭൂമിയിലെ നിത്യജീവന്റെ മഹത്തായ ഭാവി അടുത്തുതന്നെ കൈവരാനിരിക്കുന്നു. യഹോവയുടെ സാക്ഷികളുമായി സമ്പർക്കം പുലർത്തുകയും സ്നേഹപൂർവകമായ മറുവിലയുടെ ക്രമീകരണത്തിലൂടെ നിങ്ങൾക്ക് പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള സ്വാതന്ത്ര്യം എങ്ങനെ ആസ്വദിക്കാൻ കഴിയുമെന്ന് സ്വയം പരിശോധിക്കുകയും ചെയ്യുക.
[അടിക്കുറിപ്പ്]
a എബ്രായ തിരുവെഴുത്തുകളിൽ, പാദായും ബന്ധപ്പെട്ട പദങ്ങളും ഉൾപ്പെട്ടിരിക്കുന്ന വിടുതലിനെ പ്രദീപ്തമാക്കിക്കൊണ്ട് “വീണ്ടെടുക്കുക” എന്നോ “വീണ്ടെടുപ്പുവില” എന്നോ വിവർത്തനംചെയ്യപ്പെടുന്നു.—ആവർത്തനം 9:26.
[5-ാം പേജിലെ ചിത്രത്തിനുള്ള കടപ്പാട്]
Courtesy of the Mainichi Shimbun