ഫാഷൻ—പുരാതന ഗ്രീക്ക് സ്റൈറൽ
ഗ്രീസിലെ ഉണരുക! ലേഖകൻ
ക്രിസ്തീയ എഴുത്തുകാരായ പൗലോസും പത്രോസും ഒന്നാം നൂററാണ്ടിൽ സ്ത്രീകളുടെ വേഷം സംബന്ധിച്ചു നിഷ്കൃഷ്ടമായ ബുദ്ധ്യുപദേശം കൊടുക്കേണ്ടിവന്നത് എന്തുകൊണ്ട്? ദൃഷ്ടാന്തത്തിന്, പൗലോസ് ഇങ്ങനെ എഴുതി: “സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല.” (1 തിമൊഥെയൊസ് 2:9, 10) സമാനമായി, “തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും” സംബന്ധിച്ചു സംസാരിക്കേണ്ടതാവശ്യമാണെന്നു പത്രോസ് കണ്ടെത്തി.—1 പത്രൊസ് 3:3.
അവർ ഗ്രീക്ക് സംസ്കാരത്തിന്റെ സ്വാധീനത്തിൻ കീഴിൽ ജീവിക്കുന്ന ക്രിസ്ത്യാനികൾക്ക് എഴുതുകയായിരുന്നു. ആ സംസ്കാരമാകട്ടെ, ചിരപ്രതിഷ്ഠിതമായ പുരാതന ഗ്രീക്ക് നാഗരികത്വത്തിൽനിന്നു നേരിട്ട് ഉത്ഭൂതമായതായിരുന്നു. പുരാതന ഗ്രീസിൽ ഫാഷൻ എന്നൊന്ന് ഉണ്ടായിരുന്നോ? ഒരു സാധാരണ പുരാതന ഗ്രീക്കുകാരനെക്കുറിച്ചു ചിന്തിക്കുമ്പോൾ, പരിഗണിക്കപ്പെടുന്ന കാലഘട്ടമോ ധരിക്കുന്നയാളുടെ ലിംഗവർഗമോ ജനനസ്ഥലമോ ഏതായിരുന്നാലും, അയാൾ വിസ്തൃതമായ ഖിററൺ അല്ലെങ്കിൽ ററൂണിക്—അങ്കിപോലുള്ള ഉടുപ്പ്—ധരിക്കുന്നതായി അനേകർ സങ്കൽപ്പിക്കാനിടയുണ്ട്.a ആ പ്രതിച്ഛായ ശരിയാണോ? അല്ല!
ഉള്ളങ്കി ഉണ്ടാക്കുകയും ധരിക്കുകയും ചെയ്തിരുന്ന വിധം
പ്രതിമകളുടെയും കളിമൺചിത്രങ്ങളുടെയും പൗരാണിക ലിഖിതങ്ങളുടെയും സൂക്ഷ്മപരിശോധന, പുരാതനഗ്രീക്ക് വേഷം നീണ്ടു വെളുത്ത അങ്കികളെക്കാൾ കവിഞ്ഞതായിരുന്നുവെന്നു വെളിപ്പെടുത്തുന്നു. സ്റൈറലുകളും നെയ്ത്തും നിറങ്ങളും മാതൃകകളും അനുസാരികളും വൈവിധ്യമാർന്നതും നാനാപ്രകാരത്തിലുള്ളതുമായിരുന്നു. വിശേഷാൽ സ്ത്രീകൾ തങ്ങളുടെ സൗന്ദര്യത്തിനു മാററുകൂട്ടുന്നതിനു നാടൻ സംവിധാനങ്ങളുടെ വലിയ വൈവിധ്യം പ്രയോഗിച്ചിരുന്നു.
പുരാതന ഗ്രീക്ക് കവിയായ ഹോമറിന്റെ ഒഡീസി എന്ന മഹാകാവ്യം വായിച്ചിട്ടുള്ളവർ വീരപുരുഷന്റെ ഭാര്യയായ പെനെലെപി അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള മടങ്ങിവരവു പ്രതീക്ഷിച്ചിരിക്കെ ആ വർഷങ്ങളിലെല്ലാം ഒരേ തുണിക്കഷണം നെയ്യുകയും അഴിക്കുകയും ചെയ്തുകൊണ്ടിരുന്നതായി ഓർത്തേക്കാം, കാല്പനിക വീരപുരുഷനായ ഓഡിസ്യെസിന്റെ പത്തുവർഷത്തെ അലച്ചിലിനെ അതു വർണിച്ചു. ഹോമർ വസ്ത്രത്തെക്കുറിച്ചു കുറേ പ്രാവശ്യംകൂടെ പരാമർശിക്കുന്നുണ്ട്, അതിപുരാതനകാലങ്ങൾ മുതൽതന്നെ വസ്ത്രനിർമാണം സ്ത്രീകളുടെ മുഖ്യ ഗാർഹികചുമതലകളിൽ ഒന്നായിരുന്നുവെന്ന് അതു സൂചിപ്പിക്കുന്നു.
തുണി നെയ്തശേഷം അതു ഖിററൺ—ഒരു ശീല, ചിലപ്പോൾ കമ്പളിയുടുപ്പുപോലെയുള്ള ഒരു വസ്ത്രം—നിർമിക്കുന്നതിനു കഷണങ്ങളായി വെട്ടി. അതാണു പുരുഷൻമാരുടെയും സ്ത്രീകളുടെയും വസ്ത്രത്തിന്റെ അടിസ്ഥാനമായിരുന്നത്. പുരാതന കാലങ്ങളിൽ (പൊ.യു.മു. ഏതാണ്ട് 630 മുതൽ 480 വരെ) സ്ത്രീയുടെ ഖിററൺ (അന്ന് എസ്തെസ് എന്നു വിളിക്കപ്പെട്ടിരുന്നു) സ്ത്രീയുടെ പൊക്കത്തോളം വീതിയുള്ളതും അവളുടെ ഭുജങ്ങളുടെ ഇരട്ടി നീളമുള്ളതുമായ ഒരു ഒഴുക്കൻ തുണിക്കഷണം കൊണ്ടു നിർമിതമായിരുന്നു. (താരതമ്യം ചെയ്യുക: യോഹന്നാൻ 19:23; പ്രവൃത്തികൾ 10:30, കിംഗ്ഡം ഇൻറർലീനിയർ.) ഖിററണിൽ ബ്രോച്ചുകൾ ഘടിപ്പിച്ചിരുന്നു, അവ ആദ്യം ചെറു മൃഗങ്ങളുടെ കാലിലെ അസ്ഥികൾകൊണ്ടും പിൽക്കാലത്തു ലോഹംകൊണ്ടും നിർമിച്ചിരുന്നു. അത് ഇരു വശങ്ങളിലും തുറന്നുകിടന്നിരുന്നു, ഒരു അരപ്പട്ടകൊണ്ടു ചേർത്തുനിർത്തിയുമിരുന്നു. അങ്ങനെ അതിനു രണ്ടു വെവ്വേറായ ഉടുപ്പുകളുടെ പ്രതീതി ഉണ്ടായിരുന്നു.
പിന്നീട്, പൊ.യു.മു. ആറാം നൂററാണ്ടിന്റെ പ്രാരംഭത്തിൽ അയോണിയയിലെ ഖിററൺ ഏറെയും ഒരു ഉള്ളുടുപ്പിൽ ഉപരിയായി ഒരു വേഷം പോലെയുള്ളതായിരുന്നു, മുകളിൽ മടക്കാതെ വശങ്ങളിൽ തയ്ച്ചുചേർത്തത്. തത്ഫലമായി, നിർമാണവസ്തുവിന്റെ ഉപയോഗത്തിൽ അതു കൂടുതൽ ലാഭകരമായിരുന്നു. തുണി മുഴുവൻ തീർത്തും വെളുത്തതായിരിക്കാതെ ചിലപ്പോൾ വ്യത്യസ്ത നിറങ്ങളിൽ വീതി കുറഞ്ഞു നീണ്ട വരകളുള്ളതായിരുന്നു, അല്ലെങ്കിൽ തൊങ്ങലുകൾ പിടിപ്പിച്ചവയായിരുന്നു. ഉപയോഗിക്കപ്പെട്ട ഇഷ്ട നിറങ്ങൾ കുങ്കുമവും ചുവപ്പുമായിരുന്നു. ഗ്രീക്ക് കാലഘട്ടത്തിൽ ഏഷ്യൻ സ്വാധീനം ഇളംചുവപ്പ്, നീല, വയലററ്, മഞ്ഞ എന്നിവ പോലുള്ള നിറങ്ങൾ കൊണ്ടുവന്നു. സ്വർണനൂലുകൊണ്ട് അലങ്കരിച്ചതും പുഷ്പങ്ങൾകൊണ്ട് അരികു തീർത്തതുമായ മററു തുണികൾ ആദ്യം ദൈവങ്ങളുടെ പ്രതിമകൾക്കുവേണ്ടിയോ അവരെ ചിത്രീകരിക്കുന്ന നടൻമാർക്കുവേണ്ടിയോ നീക്കിവെച്ചിരുന്നു.
ഒരു ഏഥൻസുകാരി വേറെ എന്തും ധരിക്കും?
തന്റെ ഹിമേഷൻ അഥവാ പുതപ്പ് ധരിക്കാതെ ആത്മാഭിമാനമുള്ള യാതൊരു ഏഥൻസുകാരിയും വീട്ടിൽനിന്നു പോകുകയില്ലായിരുന്നു. ഈ ദീർഘചതുരാകൃതിയുള്ള ശീല വിവിധ വിധങ്ങളിൽ ധരിക്കാൻ കഴിയും—ഒരു ഷാൾ പോലെ തോളിലിടാം, വലത്തെ തോളിലും ഇടതുകക്ഷത്തിലുമായി ചുററിയിടാം, അല്ലെങ്കിൽ വെയിൽ കൊള്ളാതിരിക്കാൻ തല മൂടിയിടാം. വിവിധ വലിപ്പമുള്ള പുതപ്പുകൾ ലഭ്യമായിരുന്നു, തണുപ്പുള്ള കാലാവസ്ഥക്ക് ഇണങ്ങുന്ന വലിപ്പം കൂടിയവ ഏറെയും ഒരു കുപ്പായം പോലെയായിരുന്നു. ഹിമേഷന് മിക്കപ്പോഴും അലങ്കരിച്ച അരികുകൾ ഉണ്ടായിരുന്നു, അതിന്റെ മടക്കുകൾ പ്ലീററുകൾപോലെ കാണത്തക്കവണ്ണമുള്ള അതിന്റെ മടക്കിയിടലിന് വലിയ വൈദഗ്ധ്യമാവശ്യമായിരുന്നിരിക്കണം.
ചിലപ്പോൾ ഹിമേഷനു പകരം മുൻഭാഗത്തു കുടുക്കിടുന്ന നീളംകുറഞ്ഞ ഒരുതരം ജാക്കററ് ആയ കൈപ്പാസിസ് ധരിച്ചിരുന്നു. ഇന്നു നമുക്കറിയാവുന്ന തരത്തിലുള്ള തൊപ്പികൾ സ്ത്രീകൾ ധരിച്ചിരുന്നില്ല. എന്നിരുന്നാലും, പ്രത്യേകിച്ചും ചൂടുള്ള ഒരു ദിവസം ഒരു സ്കിയേഡിയോൻ അല്ലെങ്കിൽ വെയിൽമറ കൊണ്ടുനടന്നേക്കാം. ധനികരായ ഗ്രീക്ക് വനിതകൾ മിക്കപ്പോഴും ഒരു പെപ്ലോസ് അല്ലെങ്കിൽ കമ്പിളിയുടുപ്പ് ധരിച്ചിരുന്നു. ഗ്രീക്ക് തിരുവെഴുത്തുകളിൽ പൗലോസിന്റെ എഴുത്തുകളിൽ “ശിരോവസ്ത്ര”ത്തെക്കുറിച്ചുള്ള (ഗ്രീക്ക്, പെരിബലായ്യോൻ) ഒരു പരാമർശവും കാണുന്നുണ്ട്.—1 കൊരിന്ത്യർ 11:15, NW.
പുരാതന ഗ്രീക്കുകാർ വീടിനുള്ളിൽ സാധാരണയായി ഷൂസ് ധരിച്ചിരുന്നില്ല, ചിലപ്പോൾ വീടിനു പുറത്തും. ഹെസ്യോഡ് എന്ന കവി പറയുന്നതനുസരിച്ച്, ഗ്രാമീണർ കമ്പിളികൊണ്ട് അരികുപാളി വെച്ച, കാളത്തുകൽകൊണ്ടുള്ള ചെരുപ്പുകൾ ധരിച്ചിരുന്നു. പൊക്കം കുറഞ്ഞ സ്ത്രീകൾ പൊക്കമുള്ളവരെന്നു തോന്നിക്കാൻ ചിലപ്പോൾ കോർക്കുകട്ട വെച്ച സോളുകളുള്ള ഷൂസുകൾ ധരിച്ചിരുന്നു.
സ്വർണാഭരണങ്ങൾ ധരിക്കൽ
മുഖ്യമായി മൃഗങ്ങളുടെയും ചെടികളുടെയും എഴുന്നുനിൽക്കുന്ന പ്രതിനിധാനങ്ങളോടെ സ്വർണത്താളുകൾകൊണ്ടു നിർമിതമായ ആഭരണങ്ങൾ വളരെ സാധാരണമായിരുന്നു. പ്രചാരത്തിലിരുന്ന മററ് ആഭരണങ്ങൾ സാധാരണമായി തിരികുററിവളയങ്ങളിൽ വണ്ടിന്റെ രൂപവും മററു രൂപങ്ങളും കൊത്തിയുണ്ടാക്കിയ രത്നാഭരണങ്ങളായിരുന്നു. ചിലപ്പോൾ ഓഫിസ് (സർപ്പം) അല്ലെങ്കിൽ ഡ്രേക്കൺ (വ്യാളം) എന്നു വിളിക്കപ്പെട്ടിരുന്ന കങ്കണങ്ങൾ ഇഷ്ടമുള്ള ആഭരണമായിരുന്നു.
മകുടങ്ങൾ, കൊത്തുമുദ്രകൾ, കണ്ഠാഭരണങ്ങൾ, കുണ്ഡലങ്ങൾ, മോതിരങ്ങൾ മുതലായവയും മററ് ആഭരണങ്ങളും ഖനനംചെയ്തു പുറത്തെടുത്തിട്ടുണ്ട്. വ്യക്തിപരമായ അലങ്കാരത്തിനുള്ള അത്തരം വസ്തുക്കൾ സാധാരണമായി സ്വർണം, ഇരുമ്പ്, ചെമ്പ്, എന്നിവകൊണ്ടും അത്ര സാധാരണമല്ലാത്തവ വെള്ളികൊണ്ടും നിർമിച്ചവ ആയിരുന്നു. അതേസമയം, ആഭരണമണികൾ സ്ഫടികംകൊണ്ടോ വിലകുറഞ്ഞ കല്ലുകൾകൊണ്ടോ നിർമിച്ചവ ആയിരുന്നു.
കടുക്കനും ജനപ്രീതിയുള്ളതായിരുന്നു. ചിലപ്പോൾ അവ മാന്യതയുടെ ബാഹ്യചിഹ്നമോ അധികാരത്തിന്റെ സൂചനകളോ ഭൗതികസമൃദ്ധിയുടെ പ്രതാപപ്രകടനമോ ആയിരുന്നു. പെൺകുട്ടികൾ ബാല്യപ്രായത്തിൽത്തന്നെ കാതുകുത്തിയിരുന്നു.
മുടിപിന്നലിന്റെ സ്റൈറലുകൾ
പുരാതനഗ്രീസിൽ വൈവിധ്യമാർന്ന പല കേശാലങ്കാരരീതികളുണ്ടായിരുന്നു. അത്യന്തം സാധാരണമായിരുന്ന രീതികളിലൊന്നു മുടി രണ്ടായി പകുത്തു നിറമുള്ള റിബ്ബൺകൊണ്ടു പിറകിൽ കെട്ടിയിടുന്നതായിരുന്നു. ചില സ്ത്രീകൾ തലയുടെ ഉച്ചിയിൽ മുടി ചുരുട്ടിക്കെട്ടിവെക്കുമായിരുന്നു. മററുചിലർ നെററിയിൽ തൂങ്ങിക്കിടക്കത്തക്കവണ്ണം മുടി നീളംകുറച്ചു കത്രിച്ചിടുമായിരുന്നു. ചിലപ്പോൾ നെററിക്കു ചുററും റിബ്ബൺ കെട്ടി മുമ്പിൽ ഒരു ചെറിയ ലോഹബട്ടൻകൊണ്ട് അലങ്കരിക്കുമായിരുന്നു. കൃത്രിമ അളകങ്ങൾ സൃഷ്ടിക്കാൻ ഇരുമ്പുകൊണ്ടുള്ള ചുരുട്ടൽ ചവണകൾ ഉപയോഗിക്കപ്പെട്ടു. പൗരാണിക ഏഥൻസിൽ അനേകം സ്ത്രീകൾ തങ്ങളുടെ മുടിക്കു ചായമടിക്കുമായിരുന്നുവെന്നതിനും തെളിവുണ്ട്. പ്രഭാഷകനായ ലൂഷ്യൻ അളകങ്ങൾ ഉണ്ടാക്കാൻ “യന്ത്രങ്ങൾ” ഉപയോഗിച്ചവരും തങ്ങളുടെ ഭർത്താക്കൻമാരുടെ പണം മുടിക്ക് അറേബ്യൻ ചായമടിക്കാൻ ധൂർത്തടിച്ചവരുമായ സ്ത്രീകളുടെ ചാപല്യത്തെ വിമർശിച്ചു.
ധനികരായ പുരാതന ഗ്രീക്ക് സ്ത്രീകളുടെ സാധാരണ കേശാലങ്കാരം അങ്ങേയററം വിപുലവും വളരെ സമയമെടുക്കുന്നതുമായിരുന്നു. അത്തരം കേശാലങ്കാരത്തിന് ഒരു ബ്യൂട്ടീഷൻ അനേകം മണിക്കൂർ നേരം ഒരുക്കേണ്ടതും വളരെ പണം ചെലവഴിക്കേണ്ടതും ആവശ്യമായിരുന്നു. അവ അങ്ങനെയുള്ള കേശാലങ്കാരം നടത്തുന്ന ആളിലേക്കു ശ്രദ്ധ ആകർഷിച്ചുകൊണ്ടു വളരെ പകിട്ടുകാട്ടുന്നതുമായിരുന്നു.
തങ്ങളേത്തന്നെ അലങ്കരിക്കുന്ന സ്ത്രീകൾ
മേക്കപ്പുകളുടെ ഉപയോഗം വ്യാപാരികളും സഞ്ചാരികളും ഗ്രീസിലേക്കു കൊണ്ടുവന്ന മറെറാരു പൗരസ്ത്യ ശീലമായിരുന്നു. പൊ.യു.മു. അഞ്ചാം നൂററാണ്ടിൽ ഏഥൻസിലെ സ്ത്രീകൾ തങ്ങളുടെ മുഖം വെളുപ്പിക്കാൻ ഈയം ഉപയോഗിച്ചു. ചുണ്ടുകൾ ചുവപ്പിക്കാൻ കടൽക്കളയിൽനിന്നോ ചെടികളുടെ വേരിൽനിന്നോ അതിനുള്ള ചായം ഉണ്ടാക്കി ഉപയോഗിച്ചു. കരികൊണ്ടു പുരികങ്ങൾ തടിപ്പിച്ചു. കൺപോളകൾ (പൊടിച്ച ആൻറിമണി സൾഫൈഡ് പോലെയുള്ള) മഷികൊണ്ടു കറുപ്പിച്ചു. ചാണകത്തിൽനിന്നോ മുട്ടയുടെ വെള്ളയുടെയും പശയുടെയും മിശ്രിതത്തിൽനിന്നോ നേത്രാഞ്ജനം ഉണ്ടാക്കി.
പുരാതനഗ്രീസിലെ കൊട്ടാരങ്ങളിലും ശ്മശാനങ്ങളിലും അധിവാസകേന്ദ്രങ്ങളിലും നടത്തിയ പുരാവസ്തുഗവേഷണം സ്ത്രീകളുടെ സൗന്ദര്യവൽക്കരണത്തോടു ബന്ധപ്പെട്ട ഒട്ടേറെ വസ്തുക്കൾ വെളിച്ചത്തുവരുത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന വിപുലമായ ഉപകരണങ്ങളിലും കോപ്പുകളിലും കണ്ണാടികൾ, ചീപ്പുകൾ, കൊളുത്തിന്റെ ആകൃതിയുള്ള പിന്നുകൾ, ഭംഗിയുള്ള ചെറുകത്തികൾ, ഹെയർപിന്നുകൾ, ക്ഷൗരക്കത്തികൾ, സുഗന്ധദ്രവ്യങ്ങളും ക്രീമുകളും ചായങ്ങളും സൂക്ഷിക്കുന്നതിനുള്ള ചെറുതാലങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു.
യഥാർഥ സൗന്ദര്യം
പൊതുവേ പറഞ്ഞാൽ, പുരാതന ഗ്രീക്ക് ഹാസ്യവിദഗ്ധരുടെ പരിഹാസങ്ങളുണ്ടായിരുന്നിട്ടും അലങ്കാരരീതി ഒരു സ്ത്രീയിൽ വളരെ ആദരിക്കപ്പെട്ടതും പുരാതന ഗ്രീക്ക് വനിത വളരെയധികം സമയവും ശ്രമവും ജാഗ്രതയും ശ്രദ്ധയും വിനിയോഗിച്ചതുമായ ഒരു ഗുണമായിരുന്നു.
ക്രിസ്തീയ സ്ത്രീയെസംബന്ധിച്ചടത്തോളം ഇതിന് ആത്മീയ ഗുണങ്ങൾക്കു കൊടുക്കേണ്ട ഊന്നലിനെ അനായാസം അപ്രധാനമാക്കാൻ കഴിയുമായിരുന്നു. അതുകൊണ്ടാണ് ഒരു സ്ത്രീക്ക് ഉചിതമായി ധരിക്കാൻകഴിയുമായിരുന്ന ഏററവും ഭംഗിയുള്ളതും മൂല്യവത്തുമായ വസ്ത്രം “സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൃഢമനുഷ്യൻ” ആണെന്ന് അപ്പോസ്തലനായ പത്രോസ് ഉചിതമായി ഊന്നിപ്പറയുന്നത്. (1 പത്രൊസ് 3:3, 4) ശുദ്ധിയും എളിമയുമുള്ള വേഷംസഹിതം വ്യക്തിപരമായ ആ ആന്തരിക അലങ്കാരം ധരിക്കുന്ന ഏതു സ്ത്രീയും കുററമററതും എക്കാലത്തും അനുയോജ്യവുമായ ഫാഷനിൽ ഭംഗിയായി വസ്ത്രധാരണം നടത്തിയിരിക്കും. പൗലോസ് തിമൊഥെയോസിന് ഇങ്ങനെ എഴുതി: “അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു വിലയേറിയ വസ്ത്രം എന്നിവ കൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.”—1 തിമൊഥെയൊസ് 2:9, 10.
[അടിക്കുറിപ്പുകൾ]
a ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ഖിററണിനെക്കുറിച്ചു 11 പ്രാവശ്യം പറയുന്നുണ്ട്, ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ അത് “ഉള്ളങ്കി” (“ഇന്നർ ഗാർമെൻറ്”) എന്നും “അടിവസ്ത്രം” (“അണ്ടർഗാർമെൻറ്”) എന്നും വിവർത്തനംചെയ്യപ്പെട്ടിരിക്കുന്നു. ഡബ്ലിയൂ. ഈ. വൈനിന്റെ പുതിയനിയമ പദങ്ങളുടെ വ്യാഖ്യാനനിഘണ്ടു കാണുക, വാല്യം 1, പേജ് 198, “വസ്ത്രധാരണം” എന്നതിനു കീഴിൽ.
[24-ാം പേജിലെ ചതുരം]
ആഭരണങ്ങളും മതവും
ഒട്ടുമിക്കപ്പോഴും പുരാതനഗ്രീക്ക് ആഭരണങ്ങളിൽ കാണുന്ന ചിത്രീകരണങ്ങൾ മതസ്വഭാവത്തിലുള്ളതാണ്. ചിലത് വിവിധ ദൈവങ്ങളെയും അർത്തേമിസിനെപ്പോലെയുള്ള ദേവികളെയും ഹെർക്കുലീസിനെപ്പോലെയുള്ള അർദ്ധദൈവങ്ങളെയും ചിത്രീകരിക്കുന്ന മഹാമുദ്രകളായിരുന്നു. ഗ്രീസിലുടനീളമുള്ള ക്ഷേത്രങ്ങളിൽ അർപ്പിച്ചിരുന്ന വഴിപാടുകൾ ഒട്ടുമിക്കപ്പോഴും മതകർമങ്ങളുടെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ആഭരണങ്ങളായിരുന്നു. ശരീരത്തിന്റെ മരണത്തെ മനുഷ്യദേഹി അതിജീവിക്കുന്നുവെന്ന വിജാതീയ വിശ്വാസത്തെ പ്രതിഫലിപ്പിക്കുമാറു ശവകുടീരങ്ങളിൽ മരിച്ച ആളോടൊപ്പം അനേകം അലങ്കാരാഭരണങ്ങൾ വെക്കപ്പെട്ടു.
[23-ാം പേജിലെ ചിത്രങ്ങൾ]
ഇടത്ത്: അഥീനാ ദേവിക്കു സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രമായ പാർത്തിനോൺ
മുകളിൽ: അർത്തേമിസിന്റെ ഉടലുള്ള സ്വർണ കൊത്തുമുദ്ര
വലത്ത്: “ഹിമേഷൻ” ധരിച്ച ഒരു ബാലിക അടിയിൽ
വലത്ത്: സ്വർണ മകുടം
അകലെ ഇടത്ത്: “ഖിററണും” “ഹിമേഷനും” അണിഞ്ഞ ഒരു ദേവി
ഇടത്ത്: പാമ്പുകളുടെ തലകളിൽ അവസാനിക്കുന്ന സ്വർണ കങ്കണം
[കടപ്പാട്]
Upper right: Acropolis Museum, Greece
All other photos: National Archaeological Museum, Athens
[22-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Acropolis, Athens, Greece