ബൈബിളിന്റെ വീക്ഷണം
സ്ത്രീകൾ സൗന്ദര്യം മറച്ചുവെക്കേണ്ടതുണ്ടോ?
“ഫാഷൻ ഇഷ്ടപ്പെടുന്നവരാണു സ്ത്രീകൾ,” പരിചയസമ്പന്നനായ ഒരു ഫാഷൻ ഡിസൈനറും ന്യൂയോർക്കിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറുമായ ജോർജ് സൈമന്റൻ പറയുന്നു. അദ്ദേഹം വിശദീകരിക്കുന്നു: “വ്യക്തിത്വവും ആത്മവിശ്വാസവും പ്രതിഫലിപ്പിക്കാനും അഴകു വർധിപ്പിക്കാനും സ്ത്രീകൾ ഇഷ്ടപ്പെടുന്നു. . . . അപ്രകാരം ചെയ്യുന്നത് നിങ്ങളോടുതന്നെയും മറ്റുള്ളവരോടുമുള്ള ആദരവിന്റെ സൂചനയാണെന്നു ഞാൻ കരുതുന്നു.” അതേ, സ്ത്രീകൾക്ക് അവരുടെ സ്ത്രീത്വം പ്രതിഫലിപ്പിക്കാനും അഴകു വർധിപ്പിക്കാനും ഒരളവുവരെ ആത്മവിശ്വാസം കൈവരിക്കാനുമുള്ള മാർഗമായി പണ്ടുമുതലേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒന്നാണ് ഒരുക്കം.
എന്നിരുന്നാലും, സ്ത്രീകൾ ഒരുങ്ങുന്നതു ശരിയല്ലെന്ന അഭിപ്രായക്കാരാണു ചിലർ. മതത്തിന്റെ പേരിലാണ് അവർ ഇതിനെ എതിർക്കുന്നത്. പൊതുയുഗം മൂന്നാം നൂറ്റാണ്ടിലെ തെർത്തുല്യൻ ഇങ്ങനെ എഴുതി: “വിശുദ്ധ സ്ത്രീകൾ . . . സ്വതവേ സൗന്ദര്യമുള്ളവരാണെങ്കിൽ . . . അതു വർധിപ്പിക്കാൻ പാടില്ല. പകരം അതു കുറച്ചു കാണിക്കാൻ ശ്രമിക്കേണ്ടതാണ്.” സൗന്ദര്യവർധകവസ്തുക്കളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ തുടർന്നു: “മുഖത്ത് ക്രീമുകൾ പുരട്ടുകയോ കവിൾത്തടങ്ങൾ റൂഷുകൊണ്ട് ചുവപ്പിക്കുകയോ പുരികങ്ങൾ നീട്ടിവരയ്ക്കുകയോ ചെയ്യുന്ന സ്ത്രീകൾ ദൈവത്തിനെതിരെ പാപം ചെയ്യുന്നു.” വെള്ളിയും സ്വർണവും കൊണ്ടുള്ള “ആഭരണങ്ങളെ” അദ്ദേഹം വിശേഷിപ്പിച്ചത് “വശീകരണോപാധികൾ” എന്നാണ്.
സ്ത്രീകൾ ഒരുങ്ങുന്നതിനെക്കുറിച്ച് ഇന്നും അനേകർ കടുത്ത വീക്ഷണങ്ങൾ വെച്ചുപുലർത്തുന്നു. ചില മതങ്ങൾ അവരുടെ അംഗങ്ങൾ അലങ്കാരപ്പണികളോടുകൂടിയ ആഭരണങ്ങളോ മേയ്ക്കപ്പോ നിറപ്പകിട്ടാർന്ന വസ്ത്രങ്ങളോ അണിയുന്നതിനെ വിലക്കുകപോലും ചെയ്യുന്നു. ഒരു ക്രിസ്തീയ സ്ത്രീ അവളുടെ സൗന്ദര്യം മറച്ചുവെക്കേണ്ടതുണ്ടോ? അതോ തന്റെ അഴകു വർധിപ്പിക്കാനായി അവൾക്കു ശ്രമിക്കാമോ?
ദൈവത്തിന്റെ വീക്ഷണം
ആഭരണങ്ങളുടെയും സൗന്ദര്യവർധകങ്ങളുടെയും ഉപയോഗത്തെക്കുറിച്ച് ബൈബിൾ വിശദമായി ചർച്ചചെയ്യുന്നില്ല. എന്നാൽ ദൈവം ഇവയെയും മറ്റ് അലങ്കാരങ്ങളെയും കുറ്റംവിധിക്കുന്നില്ല എന്നതിനു മതിയായ തെളിവുണ്ട്.
ഉദാഹരണത്തിന്, യെരൂശലേമിനെ താൻ അനുഗ്രഹിച്ച വിധത്തെക്കുറിച്ചു വർണിക്കവേ ദൈവം ആ നഗരത്തെ ഒരു സ്ത്രീയോട് ഉപമിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്നെ ആഭരണം അണിയിച്ചു . . . , നീ . . . ഏറ്റവും സൌന്ദര്യമുള്ളവളായിത്തീർന്നു.” (യെഹെസ്കേൽ 16:11-13) ആലങ്കാരികമായിട്ടായിരുന്നെങ്കിലും അത്തരം ആഭരണങ്ങളിൽ വളകളും മാലയും കമ്മലുകളും ഉൾപ്പെട്ടിരുന്നു. തിരുവെഴുത്തുകൾ സ്വർണാഭരണങ്ങളെ ‘ജ്ഞാനിയായോരു ശാസകനോടും’ തുലനം ചെയ്യുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ മനസ്സുള്ളവർക്ക് അദ്ദേഹം സ്വർണാഭരണങ്ങൾപോലെയാണെന്ന് അതു പറയുന്നു. (സദൃശവാക്യങ്ങൾ 25:1, 12) തിരുവെഴുത്തുകൾ അനുകൂലമായ ഈ താരതമ്യങ്ങൾ നടത്തുന്ന സ്ഥിതിക്ക് അഴകു വർധിപ്പിക്കാനായി സ്ത്രീകൾ ഭംഗിയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് ദൈവത്തെ അപ്രീതിപ്പെടുത്തുകയില്ല എന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമാണ്.
ക്രിസ്തീയ സ്ത്രീകൾ തങ്ങളെത്തന്നെ അലങ്കരിക്കുന്നു
ബൈബിളിലെ ചില ഭാഗങ്ങൾ സ്ത്രീകളുടെ അലങ്കാരത്തെക്കുറിച്ച് നേരിട്ടു ചർച്ചചെയ്യുന്നുണ്ട്. അപ്പൊസ്തലനായ പൗലൊസ് എഴുതി: “സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു . . . തങ്ങളെ അലങ്കരിക്കേണം.” ക്രിസ്തീയ സ്ത്രീകൾ “ലജ്ജാശീലത്തോടും [“വിനയത്തോടും,” NW] സുബോധത്തോടുംകൂടെ” അപ്രകാരം ചെയ്യുമ്പോൾ അത് അവരുടെ ദൈവഭക്തിയുടെ പ്രതിഫലനമായിരിക്കും. (1 തിമൊഥെയൊസ് 2:9, 10) അങ്ങനെ ചെയ്യുന്നത് ദൈവത്തിന്റെ പഠിപ്പിക്കലുകളെക്കുറിച്ചും സഭയെക്കുറിച്ചും മറ്റുള്ളവരിൽ മതിപ്പുളവാക്കും.
“പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്” എന്ന് അതേ വാക്യങ്ങൾതന്നെ പറയുന്നുണ്ടല്ലോ എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ചിലയാളുകൾ എതിർക്കുന്നു. സ്ത്രീകൾ മുടി വൃത്തിയായി ചീകിയൊതുക്കാൻ പാടില്ലെന്നോ ആഭരണങ്ങൾ അണിയരുതെന്നോ ആണോ അതിന്റെ അർഥം?
അല്ല. ബൈബിൾ അലങ്കാരത്തെക്കുറിച്ച് അനുകൂലമായി സംസാരിക്കുന്നു. അതുകൊണ്ട് അലങ്കാരങ്ങളുടെ ഉപയോഗത്തെ വിലക്കുന്നതിനു പകരം ക്രിസ്തീയ ഗുണങ്ങളാലും സത്പ്രവൃത്തികളാലും തങ്ങളെത്തന്നെ അലങ്കരിക്കുന്നതിന് മുഖ്യശ്രദ്ധ കൊടുക്കാൻ പൗലൊസ് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
ആന്തരം പ്രധാനം
അപ്പൊസ്തലനായ പൗലൊസ് എഴുതി: “നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ.” (റോമർ 14:13) വ്യക്തിപരമായ ഒരുക്കം സംബന്ധിച്ച നമ്മുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഇത് എങ്ങനെയാണു ബാധകമാകുന്നത്?
ഒന്നാമതായി “അന്യോന്യം വിധിക്കരുത്” എന്നു പൗലൊസ് നമ്മോടു പറയുന്നു. ‘സഹോദരന്നു ഇടർച്ച വെക്കാതിരിപ്പാൻ’ നാം ശ്രദ്ധിക്കണം. സ്വീകാര്യമായിരിക്കുന്നത് എന്താണെന്നതു സംബന്ധിച്ച മാനദണ്ഡങ്ങൾ ഓരോ രാജ്യത്തിലും സംസ്കാരത്തിലും വ്യത്യസ്തമായിരുന്നേക്കാം. ഒരു കാലയളവിലോ സ്ഥലത്തോ സ്വീകാര്യമായിരിക്കുന്നത് മറ്റൊരു കാലയളവിലോ സ്ഥലത്തോ അനുചിതമായിരുന്നേക്കാം. സഭ്യമല്ലാത്ത ഒരു ജീവിതശൈലിയുമായി ബന്ധപ്പെടുത്തി നമ്മുടെ സംസ്കാരം വീക്ഷിക്കുന്ന ചമയരീതികൾ സ്വീകരിച്ചുകൊണ്ട് നാം മറ്റുള്ളവരെ ഇടറിക്കുകയോ വ്രണപ്പെടുത്തുകയോ ചെയ്യരുത്. ദൈവഭക്തരായ സ്ത്രീകൾ സ്വയം ഇങ്ങനെ ചോദിക്കണം: എന്റെ വസ്ത്രധാരണത്തെയും ചമയത്തെയും സമൂഹം എങ്ങനെയാണു വീക്ഷിക്കുന്നത്? അതു കാണുമ്പോൾ സഭയിലെ അംഗങ്ങൾക്ക് ജാള്യം തോന്നുന്നുവോ? അത് അവരെ സംഭ്രമിപ്പിക്കുകയോ ലജ്ജിപ്പിക്കുകയോ ചെയ്യുന്നുണ്ടോ? ഒരു ക്രിസ്തീയ സ്ത്രീക്ക് ഒരു പ്രത്യേക രീതിയിലുള്ള വസ്ത്രധാരണമോ ചമയമോ സ്വീകരിക്കാനുള്ള അവകാശം ഉണ്ടെങ്കിൽപ്പോലും തന്റെ വസ്ത്രധാരണ ശൈലി അല്ലെങ്കിൽ ചമയരീതി മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നെങ്കിൽ ആ അവകാശം അവൾ വേണ്ടെന്നു വെക്കുകതന്നെ ചെയ്യും.—1 കൊരിന്ത്യർ 10:23, 24.
കൂടാതെ, തന്റെ വസ്ത്രധാരണത്തിനും ചമയത്തിനും ഒരു വ്യക്തി അമിത ശ്രദ്ധ നൽകുന്നത് ഹാനികരമായ മനോഭാവത്തിലേക്കു നയിച്ചേക്കാം. തങ്ങളിലേക്കുതന്നെ അനുചിതമായി ശ്രദ്ധ ആകർഷിക്കുന്നതിന് ചമയം ശൃംഗാരാത്മകമായി ഉപയോഗിക്കുന്ന സ്ത്രീകൾ ഇന്ന് പല നാടുകളിലുമുണ്ട്. എന്നിരുന്നാലും, അത്തരത്തിൽ അണിഞ്ഞൊരുങ്ങുന്നത് ക്രിസ്തീയ സ്ത്രീകൾ കണിശമായും ഒഴിവാക്കുന്നു. “ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു” അവർ തങ്ങളുടെ വ്യക്തിപരമായ കാര്യാദികളിൽ സുബോധമുള്ളവരും നിർമലരും ആയിരിക്കാൻ കഠിനശ്രമം ചെയ്യുന്നു.—തീത്തൊസ് 2:4, 5.
ആഭരണങ്ങളും സൗന്ദര്യവർധകങ്ങളും മറ്റും ഉപയോഗിക്കാൻ തീരുമാനിച്ചേക്കാമെങ്കിലും തങ്ങളുടെ യഥാർഥ സൗന്ദര്യം ‘ഹൃദയത്തിന്റെ ഗൂഢമനുഷ്യനിൽ’ ആണ് കുടികൊള്ളുന്നതെന്നും അങ്ങനെ അതു തങ്ങളുടെ മനോഭാവത്തിലും പെരുമാറ്റത്തിലും പ്രതിഫലിക്കുമെന്നും ദൈവഭക്തരായ സ്ത്രീകൾ മനസ്സിലാക്കുന്നു. (1 പത്രൊസ് 3:3, 4) വസ്ത്രധാരണ രീതി, സൗന്ദര്യവർധകങ്ങളുടെയും ആഭരണങ്ങളുടെയും ഉപയോഗം എന്നിവയുടെ കാര്യത്തിൽ ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തുന്ന സ്ത്രീ മറ്റുള്ളവരുടെ ആദരവു പിടിച്ചുപറ്റുന്നുവെന്നു മാത്രമല്ല അവളുടെ സ്രഷ്ടാവിന് മഹത്ത്വം കൈവരുത്തുകയും ചെയ്യുന്നു.