ബൈബിളിന്റെ വീക്ഷണം
നമ്മുടെ പാപങ്ങൾക്ക് സാത്താനെ പഴിക്കണമോ?
ആദ്യ സ്ത്രീയായ ഹവ്വാ പാപം ചെയ്തപ്പോൾ അവൾ പഴിചാരിയത് സാത്താനെയാണ്. “പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി” എന്ന് അവൾ പറഞ്ഞു. (ഉല്പത്തി 3:13) അന്നു മുതൽ, ‘പിശാചും സാത്താനും എന്ന പഴയ പാമ്പ്’ ആളുകളുടെ “മനസ്സു കുരുടാക്കി”ക്കൊണ്ടും “ഭൂതലത്തെ മുഴുവൻ തെററിച്ചുകള”ഞ്ഞുകൊണ്ടും മനുഷ്യവർഗത്തിനെതിരെ ഉഗ്രപോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. (വെളിപ്പാടു 12:9; 2 കൊരിന്ത്യർ 4:4) ഒരു മനുഷ്യനും അവന്റെ സ്വാധീനത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. നമുക്ക് അവന്റെ സ്വാധീനത്തെ ചെറുത്തുനിൽക്കാൻ സാധിക്കില്ലെന്നാണോ ഇതിന്റെ അർഥം? നമ്മുടെ സകല പാപത്തിനും അവനാണോ കുറ്റക്കാരൻ?
സാത്താൻ ഹവ്വായെ വഞ്ചിക്കുകതന്നെ ചെയ്തുവെന്ന് ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ് 2:14) ദൈവകൽപ്പന ലംഘിക്കുന്നതിലൂടെ ദൈവതുല്യമായ ഉൾക്കാഴ്ചയും സ്വാതന്ത്ര്യവും പ്രാപിക്കാൻ കഴിയുമെന്ന് ചിന്തിക്കത്തക്കവണ്ണം അവൾ വഞ്ചിതയായി. (ഉല്പത്തി 3:4, 5) അങ്ങനെ അവൾ പാപം ചെയ്തു. എന്നിട്ടും, ദൈവം അവളെ സ്വന്തം പാപത്തിന് ഉത്തരവാദിയായി കണക്കാക്കി അവൾക്കു മരണശിക്ഷ വിധിച്ചു. എന്തുകൊണ്ട്? കാരണം സാത്താൻ നുണ പറഞ്ഞെങ്കിലും ദൈവ കൽപ്പന എന്താണെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. അനുസരണക്കേടു കാണിക്കാൻ ആരും അവളെ നിർബന്ധിച്ചില്ല; പകരം സാത്താന്റെ സ്വാധീനത്തെ ചെറുത്തുനിൽക്കുന്നതിന് പൂർണമായി പ്രാപ്തയായിരുന്ന അവൾക്ക് തന്റെ പ്രവർത്തനങ്ങളുടെ മേൽ നിയന്ത്രണം ഉണ്ടായിരുന്നു.
പിശാചിനെ ചെറുത്തുനിൽക്കുക
മനുഷ്യരായ നമുക്ക് പിശാചിനെ ചെറുത്തുനിൽക്കാനാകും. ‘സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോട് നമുക്കു പോരാട്ടം ഉള്ളതായി’ എഫെസ്യർ 6:12 പറയുന്നു. അപ്പോൾ, തീർച്ചയായും നാം സാത്താന്റെ സ്വാധീനത്തോടു പോരാടാൻ ദൈവം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും അമാനുഷ ശക്തിക്കെതിരെ മനുഷ്യർക്ക് എങ്ങനെയാണ് പോരാടാനാകുക? നാം ഏതായാലും പരാജിതരാകുമെന്ന് ഉറപ്പുള്ള, അതുല്യ ശക്തികളുടെ ഒരു പോരാട്ടത്തിൽ ഏർപ്പെടാനാണോ ദൈവം നമ്മോട് ആവശ്യപ്പെടുന്നത്? അല്ല, എന്തെന്നാൽ പിശാചിനോട് നമ്മുടെ സ്വന്തം ശക്തിയാൽ എതിരിടാൻ ദൈവം ആവശ്യപ്പെടുന്നില്ല. പിശാചിന്റെ പ്രലോഭനങ്ങളെ ചെറുത്തുനിന്ന് വിജയം കൈവരിക്കുന്നതിന് നമ്മെ സഹായിക്കുന്ന വ്യത്യസ്ത ഉപാധികൾ യഹോവ നമുക്കു പ്രദാനം ചെയ്യുന്നു. പിശാച് ആരാണെന്നും അവന്റെ പ്രവർത്തന വിധം എങ്ങനെയെന്നും നമുക്ക് സ്വയം എങ്ങനെ സംരക്ഷിക്കാൻ കഴിയുമെന്നുമൊക്കെ ബൈബിൾ നമ്മോടു പറയുന്നു.—യോഹന്നാൻ 8:44; 2 കൊരിന്ത്യർ 2:11; 11:14.
‘പിശാചിനോടു എതിർത്തുനില്ക്കുന്ന’ വിധം
പിശാചിനോട് എതിർത്തുനിൽക്കുന്നതിന് രണ്ടു പടികളുള്ള ഒരു സമീപനമാണ് തിരുവെഴുത്തുകൾ ശുപാർശ ചെയ്യുന്നത്. “നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും” എന്നു തിരുവെഴുത്തുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (യാക്കോബ് 4:7) ദൈവത്തിനു കീഴടങ്ങുക എന്ന ആദ്യ പടിയിൽ അവന്റെ കൽപ്പനകൾ അനുസരിക്കുന്നത് ഉൾപ്പെടുന്നു. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചും അവന്റെ നന്മയെക്കുറിച്ചും അതിഭയങ്കരമായ ശക്തിയെയും അധികാരത്തെയും കുറിച്ചും അവന്റെ ഉത്കൃഷ്ട തത്ത്വങ്ങളെക്കുറിച്ചും എപ്പോഴും ബോധവാന്മാർ ആയിരിക്കുന്നത് സാത്താനോട് എതിർത്തുനിൽക്കുന്നതിനുള്ള ശക്തി നമുക്കു പ്രദാനം ചെയ്യും. ഇടവിടാതെയുള്ള പ്രാർഥനയും മർമപ്രധാനമാണ്.—എഫെസ്യർ 6:18.
പിശാച് യേശുവിനെ പരീക്ഷിച്ച സന്ദർഭം പരിചിന്തിക്കുക. വ്യത്യസ്ത ദൈവകൽപ്പനകൾ ഓർമിച്ചതും ഉദ്ധരിച്ചതും ചെറുത്തുനിൽക്കുന്നതിന് യേശുവിനെ തീർച്ചയായും സഹായിച്ചു. യേശുവിനെക്കൊണ്ട് പാപം ചെയ്യിക്കാൻ കഴിയാതെ വന്നപ്പോൾ സാത്താൻ അവനെ വിട്ടുപോയി. ആ ഉഗ്രപരീക്ഷയ്ക്കു ശേഷം യഹോവ തന്റെ ദൂതന്മാരെ അയച്ച് യേശുവിനെ കൂടുതലായി ശക്തീകരിച്ചു. (മത്തായി 4:1-11) അതുകൊണ്ട്, തങ്ങളെ “ദുഷ്ടങ്കൽനിന്നു . . . വിടുവി”ക്കുന്നതിനായി ദൈവത്തോടു യാചിക്കാൻ യേശുവിന് തന്റെ ശിഷ്യന്മാരെ ഉറപ്പോടെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞു.—മത്തായി 6:13.
ദൈവം നമ്മെ വിടുവിക്കും എന്നു പറയുമ്പോൾ ഒരു സംരക്ഷണാത്മക കവചം കൊണ്ട് അവൻ നമ്മെ മറയ്ക്കുമെന്ന് അതിന് അർഥമില്ല. പകരം, സത്യം, നീതി, സമാധാനം, വിശ്വാസം എന്നിങ്ങനെയുള്ള ദൈവിക ഗുണങ്ങൾ പിൻപറ്റാൻ അവൻ നമ്മോടു പറയുന്നു. ഈ ഗുണങ്ങൾ “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ” നമ്മെ പ്രാപ്തരാക്കുന്ന ‘ആയുധവർഗ്ഗം’ ആയി വർത്തിക്കുന്നു. (എഫെസ്യർ 6:11, 13-18) അതുകൊണ്ട് ദൈവത്തിന്റെ സഹായത്താൽ പിശാചിന്റെ പ്രലോഭനങ്ങളെ ചെറുത്തു തോൽപ്പിക്കാൻ കഴിയും.
യാക്കോബ് 4:7-ൽ നിർദേശിച്ചിരിക്കുന്ന രണ്ടാമത്തെ പടി ‘പിശാചിനോടു എതിർത്തുനില്ക്ക’ലാണ്. ഇതിൽ ഉറച്ച നടപടി എടുക്കുന്നത്, അതായത് അവന്റെ ഹാനികരമായ സ്വാധീനത്തിൽനിന്ന് ഓടിപ്പോകുന്നത് ഉൾപ്പെടുന്നു. നാം അവന്റെ വഞ്ചനാത്മകമായ ശക്തിക്കു വിധേയരാകുന്നത് ഒഴിവാക്കുകയും ഇന്നത്തെ ലോകത്തിൽ വളരെ പ്രബലമായിരിക്കുന്ന ഭൗതികവും അധാർമികവുമായ തത്ത്വചിന്തകളെ പരിത്യജിക്കുകയും വേണം. പിശാചിനോട് ഇപ്രകാരം എതിർത്തുനിൽക്കുകയും അതോടൊപ്പം ദൈവത്തെ പ്രസാദിപ്പിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്യുന്നത് സാത്താന് എതിരെയുള്ള പോരാട്ടത്തിൽ തികച്ചും അനിവാര്യമാണ്. എന്നാൽ എല്ലാ പാപങ്ങളും പൈശാചിക സ്വാധീനത്തിന്റെ നേരിട്ടുള്ള ഫലമാണോ?
ഉള്ളിൽനിന്നുള്ള പോരാട്ടം
ബൈബിൾ എഴുത്തുകാരനായ യാക്കോബ് ഇങ്ങനെ വിശദീകരിക്കുന്നു: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു.” (യാക്കോബ് 1:14, 15) സങ്കടകരമെന്നു പറയട്ടെ, നമ്മുടെ ജന്മസിദ്ധമായ ബലഹീനതകളെയും അപൂർണതയെയും നമുക്ക് പൂർണമായി തരണം ചെയ്യാനാവില്ല. (റോമർ 5:12) “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല” എന്ന് ബൈബിൾ പറയുന്നു.—സഭാപ്രസംഗി 7:20.
എല്ലാ പാപങ്ങളും തീർത്തും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഇതിന് അർഥമില്ല. ചില സന്ദർഭങ്ങളിൽ നമ്മുടെ തെറ്റായ തിരഞ്ഞെടുപ്പുകൾ നിമിത്തം നാം തന്നെ നമ്മുടെമേൽ പ്രലോഭനങ്ങൾ വരുത്തിവെക്കുന്നു. അതുകൊണ്ട് ഒരു തെറ്റായ ആഗ്രഹം തോന്നുന്നത് നമ്മുടെ സ്വന്തം അപൂർണതയുടെ ഫലമായിട്ടായാലും സാത്താന്യ സ്വാധീനത്തിന്റെ ഫലമായിട്ടായാലും, അതിനെ നാം മനസ്സിൽ താലോലിക്കുന്നുവോ മനസ്സിൽനിന്ന് തള്ളിക്കളയുന്നുവോ എന്നത് പൂർണമായും നമ്മുടെ കൈയിലാണ്. അപ്പൊസ്തലനായ പൗലൊസ് ഉചിതമായിത്തന്നെ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.”—ഗലാത്യർ 6:7.
ഉത്തരവാദിത്വം ഏറ്റെടുക്കുക
മനുഷ്യർക്ക് സ്വന്തം ബലഹീനതകളും പരാജയങ്ങളും പിഴവുകളും അതേ, പാപങ്ങൾ അംഗീകരിക്കാൻ പലപ്പോഴും ബുദ്ധിമുട്ടു തോന്നുന്നു. (സങ്കീർത്തനം 36:2, NW) നമ്മുടെ പാപങ്ങൾക്കുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ നമ്മെ സഹായിക്കുന്ന ഒരു സംഗതി നാം പൂർണരായിരിക്കാൻ ദൈവം ഇപ്പോൾ നമ്മോട് ആവശ്യപ്പെടുന്നില്ല എന്ന അറിവാണ്. “അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല” എന്നു സങ്കീർത്തനക്കാരനായ ദാവീദ് പറഞ്ഞു. (സങ്കീർത്തനം 103:10) ദൈവം ക്ഷമാശീലൻ ആണെങ്കിലും നാം പിശാചിന്റെ പ്രലോഭനങ്ങൾക്കും നമ്മുടെതന്നെ പാപ പ്രവണതകൾക്കും എതിരെ കഠിന പോരാട്ടം നടത്താൻ—നമുക്കുതന്നെ ശിക്ഷണം നൽകാൻ—അവൻ പ്രതീക്ഷിക്കുന്നു.—1 കൊരിന്ത്യർ 9:27.
പിശാചിന് നമ്മുടെ പ്രവർത്തനങ്ങളെ വ്യതിചലിപ്പിക്കാൻ കഴിയുമെന്നും മനുഷ്യവർഗത്തിന്റെ പാപപൂർണമായ അവസ്ഥയ്ക്ക് അവൻ വളരെയധികം ഉത്തരവാദി ആണെന്നും ദൈവം സമ്മതിക്കുന്നു. എങ്കിലും വ്യക്തിപരമായി കണക്കു ബോധിപ്പിക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് അത് നമ്മെ മോചിപ്പിക്കുന്നില്ല എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. റോമർ 14:12 ഇങ്ങനെ പറയുന്നു: “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.”
എന്നാൽ, നാം “തീയതിനെ വെറുത്തു നല്ലതിനോടു പററിക്കൊ”ള്ളുന്ന പക്ഷം നമുക്കു തിന്മയെ ജയിക്കാൻ കഴിയും. (റോമർ 12:9, 21) ആദ്യ സ്ത്രീയായ ഹവ്വാ ഇതു ചെയ്യുന്നതിൽ പരാജയപ്പെടുകയും അനുസരണക്കേടിനുള്ള ശിക്ഷ അനുഭവിക്കുകയും ചെയ്തു; ചെറുത്തുനിന്നുകൊണ്ട് ദൈവത്തോട് അനുസരണം പ്രകടമാക്കാൻ അവൾക്കു കഴിയുമായിരുന്നു. (ഉല്പത്തി 3:16) എന്നാൽ, ഹവ്വായെ വഞ്ചിച്ചതിലുള്ള പിശാചിന്റെ പങ്കിനെ ദൈവം അവഗണിച്ചില്ല. ദൈവം അവനെ ശപിക്കുകയും അന്തിമമായ ഉന്മൂലനാശത്തിനു വിധിക്കുകയും ചെയ്തു. (ഉല്പത്തി 3:14, 15; റോമർ 16:20; എബ്രായർ 2:14) അതുകൊണ്ട്, അവന്റെ ദുഷ്ട സ്വാധീനത്തോട് ആർക്കും പോരാടേണ്ടി വരുകയില്ലാത്ത ഒരു കാലം ഉടൻതന്നെ വന്നെത്തും.—വെളിപ്പാടു 20:1-3, 10.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Erich Lessing/Art Resource, NY