ദൈവജനത്തിന്റെ ഇടയിലെ മക്കളെ ജനിപ്പിക്കൽ
“യഹോവ . . . നിങ്ങളെ ഒരു ആയിരം ഇരട്ടി വർദ്ധിപ്പിക്കട്ടെ.”—ആവർത്തനം 1:11.
1.മക്കളെ ജനിപ്പിക്കലിനെസംബന്ധിച്ച് ബൈബിൾ എങ്ങനെ സംസാരിക്കുന്നു?
“നോക്കൂ! പുത്രൻമാർ യഹോവയിൽനിന്നുള്ള ഒരു അവകാശമാകുന്നു; ഉദരഫലം ഒരു പ്രതിഫലമാകുന്നു. ബലവാനായ ഒരു മമനുഷ്യന്റെ കൈയിലെ ബാണങ്ങൾ പോലെയാണ് യൗവനത്തിലെ പുത്രൻമാർ. അവയെക്കൊണ്ടു തന്റെ ആവനാഴി നിറച്ചിരിക്കുന്ന ശരീരപ്രാപ്തിയുള്ള മനുഷ്യൻ സന്തുഷ്ടനാകുന്നു.” അങ്ങനെയാണ് നാം സങ്കീർത്തനം 127:3-5-ൽ വായിക്കുന്നത്. അതെ, മക്കളെ ജനിപ്പിക്കൽ സ്രഷ്ടാവായ യഹോവ ആദ്യ മനുഷ്യജോടിക്കും അവരുടെ സന്തതികൾക്കും അനുവദിച്ചുകൊടുത്ത അത്ഭുതകരമായ ഒരു പദവിയാകുന്നു.—ഉൽപ്പത്തി 1:28.
മക്കളെ ജനിപ്പിക്കൽ യിസ്രായേലിൽ
2.അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്താനങ്ങളുടെ ഇടയിൽ വലിയ കുടുംബങ്ങൾ അഭികാമ്യമായിരുന്നതെന്തുകൊണ്ട്?
2 യിസ്ഹാക്കിലും യാക്കോബിലുംകൂടിയുള്ള അബ്രാഹാമിന്റെ സന്തതികളുടെ ഇടയിൽ കുടുംബങ്ങൾ വളരെ അഭിലഷണീയമായി കരുതപ്പെട്ടിരുന്നു. ഉപഭാര്യമാർക്കും വെപ്പാട്ടിമാർക്കും പോലും ജനിച്ച കുട്ടികൾ നിയമാനുസൃതം ജനിച്ചവരായി കരുതപ്പെട്ടിരുന്നു. യാക്കോബിന്റെ പുത്രൻമാരിൽ ചിലരുടെ സംഗതിയിൽ ഇതു വാസ്തവമായിരുന്നു. അവർ യിസ്രായേലിന്റെ 12 ഗോത്രങ്ങളുടെ സ്ഥാപകപിതാക്കൾ ആയിത്തീർന്നു. (ഉൽപ്പത്തി 30:3-12; 49:16-21; 2 ദിനവൃത്താന്തങ്ങൾ 11:21 താരതമ്യപ്പെടുത്തുക.) വിവാഹംസംബന്ധിച്ച ദൈവത്തിന്റെ ആദ്യക്രമീകരണം ഏകഭാര്യാത്വം ആയിരുന്നുവെങ്കിലും, അവൻ അബ്രാഹാമിന്റെ സന്താനങ്ങളുടെ ഇടയിൽ ബഹുഭാര്യാത്വവും വെപ്പാട്ടിത്വവും പൊറുത്തിരുന്നു. ഇത് ജനസഃഖ്യയിൽ കൂടുതൽ സത്വരമായ വർദ്ധനവിന് പ്രയോജകീഭവിച്ചു. യിസ്രായേല്യർ “ഭൂമിയിലെ മൺതരികൾ പോലെ നിരവധിയായ ഒരു ജനം” ആയിത്തീരണമായിരുന്നു. (2 ദിനവൃത്താന്തം 1:9; ഉൽപ്പത്തി 13:14-16) ആർമുഖേന “ഭൂമിയിലെ സകല ജനതകളും” തങ്ങളേത്തന്നെ അനുഗ്രഹിക്കാൻ പ്രാപ്തരാകുമോ ആ വാഗ്ദത്തസന്തതി ആ ജനതക്കുള്ളിൽത്തന്നെ വരുമായിരുന്നു.—ഉൽപ്പത്തി 22:17, 18; 28:14; ആവർത്തനം 1:10, 11.
3.ശലോമോന്റെ വാഴ്ചക്കാലത്ത് യിസ്രായേലിലെ അവസ്ഥ എന്തായിരുന്നു?
3 യിസ്രായേലിൽ മക്കളെ ജനിപ്പിക്കൽ യഹോവയുടെ അനുഗ്രഹത്തിന്റെ ഒരു ലക്ഷണമായി വീക്ഷിക്കപ്പെട്ടിരുന്നു. (സങ്കീർത്തനം 128:3, 4) എന്നിരുന്നാലും, 127-ാം സങ്കീർത്തനത്തിൽനിന്ന് ഉദ്ധരിച്ച ഈ ലേഖനത്തിന്റെ തുടക്കത്തിലെ വാക്കുകൾ ശലോമോൻരാജാവിനാൽ എഴുതപ്പെട്ടവയായിരുന്നു എന്ന് ശ്രദ്ധിക്കണം. ഈ രാജാവിന്റെ വാഴ്ചയുടെ അധികകാലവും യിസ്രായേലിന് വിശേഷാൽ അനുകൂലമായ ഒരു കാലമായിരുന്നു. ആ കാലഘട്ടത്തെസംബന്ധിച്ച് ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹൂദയും യിസ്രായേലും ബഹുത്വത്തിൽ സമുദ്രതീരത്തെ മണൽത്തരികൾപോലെയായി തിന്നുകയും കുടിക്കുകയും സന്തോഷിക്കുകയുംചെയ്തുകൊണ്ടിരുന്നു. ശലോമോന്റെ നാളുകളിലെല്ലാം യഹൂദയും യിസ്രായേലും, ദാൻ [വടക്ക്] മുതൽ ബേർശേബ വരെ [തെക്ക്] ഓരോരുത്തനും സ്വന്തം മുന്തിരിവള്ളിയുടെ കീഴിലും സ്വന്തം അത്തിവൃക്ഷത്തിൻ കീഴിലും സുരക്ഷിതമായി വസിക്കുന്നതിൽ തുടർന്നു.”—1 രാജാക്കൻമാർ 4:20, 25.
യിസ്രായേലിലെ കുട്ടികൾക്ക് വിഷമകാലങ്ങൾ
4, 5.(എ) മക്കളെ ജനിപ്പിക്കൽ യിസ്രായേലിൽ എല്ലായ്പ്പോഴും സന്തോഷത്തിനു കാരണമല്ലാഞ്ഞതെന്തുകൊണ്ട്? (ബി) യരൂശലേമിൽ കുറഞ്ഞപക്ഷം രണ്ടു സന്ദർഭങ്ങളിൽ ഏതു ഹൃദയഭേദകമായ രംഗങ്ങൾ നടന്നു?
4 എന്നാൽ യിസ്രായേലിന്റെ ചരിത്രത്തിൽ മക്കളെ ജനിപ്പിക്കൽ അശേഷം സന്തോഷകരമല്ലാതിരുന്ന മററു ഘട്ടങ്ങളുണ്ടായിരുന്നു. യരൂശലേമിന്റെ ആദ്യനാശത്തിന്റെ സമയത്ത് യിരെമ്യാപ്രവാചകൻ ഇങ്ങനെ എഴുതി: “എന്റെ കണ്ണുകൾ കണ്ണുനീർ പൊഴിച്ച് ഒടുങ്ങിപ്പോയിരിക്കുന്നു. . . . പട്ടണവീഥിയിൽ കുട്ടിയുടെയും മുലകുടിക്കുന്ന ശിശുവിന്റെയും മോഹാലസ്യംനിമിത്തം. . . . സ്ത്രീകൾ തങ്ങളുടെ സ്വന്തം ഫലത്തെ, പൂർണ്ണവളർച്ചയിലെത്തി പിറന്ന കുട്ടികളെ, തിന്നുകൊണ്ടിരിക്കണമോ?” “സഹാനുഭൂതിയുള്ള സ്ത്രീകളുടെ കൈകൾ തന്നെ തങ്ങളുടെ സ്വന്തം മക്കളെ വേവിച്ചിരിക്കുന്നു.”—വിലാപങ്ങൾ 2:11, 20; 4:10.
5 പ്രത്യക്ഷത്തിൽ, ഏതാണ്ട് ഏഴ് നൂററാണ്ടുകൾക്കുശേഷം ഹൃദയഭേദകമായ സമാനമായ രംഗങ്ങൾ സംഭവിച്ചു. ക്രി.വ. 70-ലെ യരൂശലേമിന്റെ ഉപരോധകാലത്ത് കുട്ടികൾ തങ്ങളുടെ പിതാക്കൻമാരുടെ വായിൽനിന്ന് ആഹാരം തട്ടിയെടുത്തെന്നും തള്ളമാർ അവരുടെ ശിശുക്കളുടെ വായിൽനിന്ന് ആഹാരമെടുത്തെന്നും യഹൂദചരിത്രകാരനായ ജോസീഫസ് പ്രതിപാദിക്കുന്നു. ഒരു യഹൂദസ്ത്രീ തന്റെ മുലകുടിക്കുന്ന ശിശുവിനെ കൊന്ന് ഉടൽ വറത്ത് ഒരു ഭാഗം തിന്നതായി അദ്ദേഹം വിവരിക്കുന്നു. ക്രി. മു. 607-ലെയും ക്രി. വ. 70-ലെയും യരൂശലേമിനെതിരായ യഹോവയുടെ ന്യായവിധിനിർവഹണത്തിലേക്കു നയിച്ച അന്തിമവർഷങ്ങളിൽ യഹൂദലോകത്തിലേക്ക് മക്കളെ ജനിപ്പിക്കുന്നതിനെ ഉത്തരവാദിത്തമുള്ള മക്കളെ ജനിപ്പിക്കലെന്ന് അശേഷം വിളിക്കാൻകഴിയുമായിരുന്നില്ല.
ആദിമ ക്രിസ്ത്യാനികളുടെ ഇടയിലെ മക്കളെ ജനിപ്പിക്കൽ
6, 7.(എ) ക്രിസ്ത്യാനികൾക്കുവേണ്ടി ഏതു ആചാരങ്ങൾ യേശു നിർത്തൽചെയ്തു? (ബി) ആത്മീയ യിസ്രായേൽ ഏതു മുഖാന്തരത്താൽ വളരേണ്ടതായിരുന്നു, ഇതിനെ തെളിയിക്കുന്നതെന്ത്?
6 ആദിമക്രിസ്ത്യാനികളുടെ ഇടയിൽ മക്കളെ ജനിപ്പിക്കലിനെ എങ്ങനെ വീക്ഷിച്ചിരുന്നു? ഒന്നാമതായി, യേശു തന്റെ ശിഷ്യൻമാരുടെ ഇടയിൽ ബഹുഭാര്യാത്വവും വെപ്പാട്ടിത്വവും നീക്കം ചെയ്തിരുന്നുവെന്ന് കുറിക്കൊള്ളേണ്ടതാണ്. അവൻ യഹോവയുടെ ആദിമപ്രമാണത്തെ, അതായത് ഏകഭാര്യാത്വത്തെ, അഥവാ ഒരു പുരുഷന്റെ ഒരു സ്ത്രീയുമായുള്ള വിവാഹത്തെ, പുനഃസ്ഥാപിച്ചു. (മത്തായി 19:4-9) ജഡികയിസ്രായേൽ മക്കളെ ജനിപ്പിക്കലിലൂടെ ജനപ്പെരുപ്പമുള്ളതായിത്തീർന്നെങ്കിലും ആത്മീയയിസ്രായേൽ ശിഷ്യരാക്കലിലൂടെ വളരണമായിരുന്നു.—മത്തായി 28:19, 20; പ്രവൃത്തികൾ 1:8.
7 ക്രിസ്ത്യാനിത്വത്തിന്റെ വികസനം മുഖ്യമായി മക്കളെ ജനിപ്പിക്കലിലൂടെ സാധിക്കേണ്ടതായിരുന്നെങ്കിൽ യേശു “സ്വർഗ്ഗരാജ്യം നിമിത്തം” അവിവാഹിതത്വത്തിന് “ഇടമുണ്ടാക്കാൻ” തന്റെ ശിഷ്യൻമാരെ പ്രോൽസാഹിപ്പിക്കുകയില്ലായിരുന്നു. (മത്തായി 19:10-12) അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതുകയില്ലായിരുന്നു: “തന്റെ കന്യകാത്വത്തെ വിവാഹം കഴിപ്പിക്കുന്നവനും ഉചിതമായി പ്രവർത്തിക്കുന്നു, എന്നാൽ അതിനെ വിവാഹം കഴിപ്പിക്കാത്തവൻ മെച്ചമായി പ്രവർത്തിക്കും.”—1 കൊരിന്ത്യർ 7:38.
8.ആദിമക്രിസ്ത്യാനികളിൽ അനേകരും വിവാഹിതരും മക്കളുള്ളവരുമായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
8 എന്നിരുന്നാലും, രാജ്യതാൽപ്പര്യത്തെ പിന്താങ്ങുന്നതിനുവേണ്ടി ഏകാകിത്വത്തെ പ്രോൽസാഹിപ്പിച്ചപ്പോൾ യേശുവോ പൗലോസോ അത് അടിച്ചേൽപ്പിച്ചില്ല. ചില ക്രിസ്ത്യാനികൾ വിവാഹംകഴിക്കുമെന്ന് ഇരുവരും മുൻകൂട്ടിക്കണ്ടിരുന്നു. സ്വാഭാവികമായി, കാലക്രമത്തിൽ ഇവരിൽ ചിലർക്ക് കുട്ടികളുണ്ടാകും. ആദിമക്രിസ്ത്യാനികൾക്ക് കുട്ടികളെ വളർത്തുന്നതുസംബന്ധിച്ച് നേരിട്ടുള്ള ബുദ്ധിയുപദേശം കൊടുത്ത അനേകം വേദഭാഗങ്ങൾ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ അടങ്ങിയിട്ടുണ്ട്. (എഫേസ്യർ 6:1-4; കൊലോസ്യർ 3:20, 21) മൂപ്പൻമാരോ ശുശ്രൂഷാദാസൻമാരോ വിവാഹിതരാണെങ്കിൽ അവർ മാതൃകായോഗ്യരായ മാതാപിതാക്കളായിരിക്കണമായിരുന്നു.—1 തിമൊഥെയോസ് 3:4, 12.
9.അപ്പോസ്തലനായ പൗലോസ് പറയുന്നതനുസരിച്ച് ചില ക്രിസ്തീയസ്ത്രീകൾ മക്കളെ പ്രസവിക്കുന്നതിനാൽ എങ്ങനെ സംരക്ഷിതരായിരിക്കുമായിരുന്നു, അതിനു പുറമേ അവർക്ക് എന്താവശ്യമായിരിക്കുമായിരുന്നു?
9 കുട്ടികളുണ്ടായിരിക്കുന്നത് ചില ക്രിസ്തീയസ്ത്രീകൾക്ക് ഒരു സംരക്ഷണമായിരിക്കാമെന്നുപോലും അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ചു. ദരിദ്രവിധവമാർക്കുവേണ്ടിയുള്ള ഭൗതികദുരിതാശ്വാസത്തെസംബന്ധിച്ച് അവൻ ഇങ്ങനെ എഴുതി: “ഇളയ വിധവമാരെ ഒഴിവാക്കുക . . . മാത്രവുമല്ല, അവർ വീടുകൾ തോറും നടന്ന് മെനക്കെടാൻ പഠിക്കുന്നു; അതെ, മെനക്കെടുന്നവർ മാത്രമല്ല, പിന്നെയോ അരുതാത്ത കാര്യങ്ങൾ സംസാരിച്ചുകൊണ്ട് മററുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നവരും കുശുകുശുപ്പുകാരുംതന്നെ. അതുകൊണ്ട്, എതിരാളിക്ക് അധിക്ഷേപിക്കാൻ പ്രേരണകൊടുക്കാതിരിക്കാൻ ഇളയ വിധവമാർ വിവാഹംകഴിക്കാൻ, മക്കളെ ജനിപ്പിക്കാൻ, ഒരു കുടുംബം പുലർത്താൻ, ഞാൻ ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ, ഇപ്പോൾത്തന്നെ, ചിലർ സാത്താനെ അനുഗമിക്കാൻ മാറിപ്പോയിരിക്കുന്നു.” അങ്ങനെയുള്ള സ്ത്രീകൾ “സുബോധത്തോടെ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും തുടരുന്നുവെങ്കിൽ മക്കളെ ജനിപ്പിക്കലിലൂടെ സുരക്ഷിതരായിരിക്കു”മായിരുന്നു.—1 തിമൊഥെയോസ് 5:11-15; 2:15.
‘ജഡത്തിൽ കഷ്ടത’
10.കൊരിന്ത്യർക്കുള്ള തന്റെ ഒന്നാമത്തെ ലേഖനത്തിൽ പൗലോസ് വിധവമാർക്ക് എന്തു വ്യത്യസ്ത ബുദ്ധിയുപദേശം കൊടുത്തു?
10 എന്നിരുന്നാലും, കൊരിന്ത്യർക്കുള്ള തന്റെ ഒന്നാമത്തെ ലേഖനത്തിൽ അതേ അപ്പോസ്തലനായ പൗലോസ് വിധവമാർക്ക് ഒരു വ്യത്യസ്ത പരിഹാരം നിർദ്ദേശിച്ചുവെന്നത് ശ്രദ്ധേയമാണ്. വിവാഹംസംബന്ധിച്ച തന്റെ ബുദ്ധിയുപദേശം “സൗജന്യമെന്ന നിലയിൽ” ആണ് കൊടുത്തത് എന്ന് അവൻ വിശേഷിപ്പിച്ചു. അവൻ എഴുതി: “ഇപ്പോൾ ഞാൻ അവിവാഹിതരോടും വിധവമാരോടും പറയുന്നു, അവർ എന്നേപ്പോലെ നിൽക്കുന്നത് അവർക്ക് നല്ലതാണ്. എന്നാൽ അവർക്ക് ആത്മനിയന്ത്രണമില്ലെങ്കിൽ അവർ വിവാഹംകഴിക്കട്ടെ, എന്തെന്നാൽ വികാരത്താൽ ജ്വലിക്കുന്നതിനെക്കാൾ വിവാഹം കഴിക്കുന്നത് മെച്ചമാണ്. എന്നാൽ എന്റെ അഭിപ്രായമനുസരിച്ച് അവൾ [ഒരു വിധവ] ഇപ്പോഴത്തേതുപോലെ കഴിയുന്നുവെങ്കിൽ അവൾ ഏറെ സന്തുഷ്ടയായിരിക്കും. തീർച്ചയായും എനിക്കും ദൈവാത്മാവുണ്ടെന്ന് ഞാൻ വിചാരിക്കുന്നു.”—1 കൊരിന്ത്യർ 7:6, 8, 9, 40.
11.(എ) വിവാഹിതരാകുന്നവർക്ക് എന്തനുഭവപ്പെടും, 1 കൊരിന്ത്യർ 7:28-ന്റെ മാർജിനിലെ പരാമർശം ഇതു സംബന്ധിച്ചു വെളിച്ചം വീശുന്നതെങ്ങനെ? (ബി) “ഞാൻ നിങ്ങളെ ഒഴിവാക്കുകയാകുന്നു” എന്നു പറഞ്ഞപ്പോൾ പൗലോസ് എന്തർത്ഥമാക്കി?
11 പൗലോസ് വിശദീകരിച്ചു: “കന്യകയായ ഒരാൾ വിവാഹംകഴിക്കുന്നുവെങ്കിൽ അങ്ങനെയുള്ള ആൾ പാപം ചെയ്യുന്നില്ല. എന്നിരുന്നാലും, വിവാഹംകഴിക്കുന്നവർക്ക് ജഡത്തിൽ കഷ്ടതയുണ്ടായിരിക്കും. എന്നാൽ ഞാൻ നിങ്ങളെ ഒഴിവാക്കുകയാണ്.” (1 കൊരിന്ത്യർ 7:28) അങ്ങനെയുള്ള “ജഡത്തിലെ കഷ്ടത” സംബന്ധിച്ച് പുതിയലോകഭാഷാന്തരത്തിന്റെ മാർജിനിലെ പരാമർശം ഉൽപത്തി 3:16 നോക്കാൻ നമ്മെ നയിക്കുന്നു: “സ്ത്രീയോട് അവൻ [യഹോവ] പറഞ്ഞു: ‘ഞാൻ നിന്റെ ഗർഭധാരണത്തിന്റെ വേദനയെ അതിയായി വർദ്ധിപ്പിക്കും; പ്രസവവേദനകളോടെ നീ മക്കളെ പ്രസവിക്കും, നിന്റെ ആകാംക്ഷ നിന്റെ ഭർത്താവിനോടായിരിക്കും, അവൻ നിന്നെ ഭരിക്കും.’” നിസ്സംശയമായി വിവാഹം കഴിക്കുന്നവർക്കു നേരിടുന്ന സാദ്ധ്യതയുള്ള വൈവാഹിക പ്രയാസങ്ങൾക്കു പുറമേയുള്ള “ജഡത്തിലെ കഷ്ടത”യിൽ മക്കളെ ജനിപ്പിക്കലിനോടു ബന്ധപ്പെട്ട പ്രശ്നങ്ങളും ഉൾപ്പെടുന്നു. പൗലോസ് വിവാഹത്തെയോ മക്കളെ ജനിപ്പിക്കലിനെയോ വിലക്കിയില്ലെങ്കിലും അതിന് യഹോവയെ സേവിക്കുന്നതിൽനിന്ന് അവരെ തടഞ്ഞേക്കാവുന്ന പ്രശ്നങ്ങളും ശല്യങ്ങളും വരുത്തിക്കൂട്ടാൻ കഴിയുമെന്ന് തന്റെ സഹക്രിസ്ത്യാനികൾക്കു മുന്നറിയിപ്പ് കൊടുക്കാനുള്ള ഉത്തരവാദിത്വം അവന് തോന്നിയെന്ന് സ്പഷ്ടമാണ്.
“ശേഷിച്ച സമയം കുറഞ്ഞിരിക്കുന്നു”
12.അപ്പോസ്തലനായ പൗലോസ് വിവാഹിതക്രിസ്ത്യാനികൾക്ക് എന്തു ബുദ്ധിയുപദേശം കൊടുത്തു, എന്തു കാരണത്താൽ?
12 ക്രി. വ. ഒന്നാം നൂററാണ്ടിൽ ക്രിസ്ത്യാനികൾക്ക് ലോകജനങ്ങളെപ്പോലെ ജീവിക്കാൻ സ്വാതന്ത്ര്യമില്ലായിരുന്നു. അവരുടെ അവസ്ഥ അവരുടെ വൈവാഹികജീവിതത്തെപ്പോലും ബാധിക്കും. പൗലോസ് എഴുതി: “മാത്രവുമല്ല, സഹോദരൻമാരേ, ഞാൻ ഇതു പറയുന്നു, ശേഷിച്ച സമയം കുറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഭാര്യമാരുള്ളവർ ഇല്ലാത്തതുപോലെ ആയിരിക്കട്ടെ, . . . ലോകത്തെ ഉപയോഗിക്കുന്നവർ അതിനെ പൂർണ്ണമായി ഉപയോഗിക്കാത്തവരെപ്പോലെയും; എന്തുകൊണ്ടെന്നാൽ ഈ ലോകത്തിന്റെ രംഗം മാറുകയാണ്. തീർച്ചയായും, നിങ്ങൾ ഉൽക്കൺഠയിൽനിന്ന് വിമുക്തരായിരിക്കാൻ ഞാനാഗ്രഹിക്കുന്നു. . . . എന്നാൽ നിങ്ങളുടെമേൽ ഒരു കുരുക്കിടേണ്ടതിനല്ല, പിന്നെയോ യോഗ്യമായതിനും ശല്യംകൂടാതെയുള്ള കർത്താവിന്റെ നിരന്തരശുശ്രൂഷക്കും നിങ്ങളെ പ്രേരിപ്പിക്കേണ്ടതിന് നിങ്ങളുടെ വ്യക്തിപരമായ പ്രയോജനത്തിനുവേണ്ടിയാണ് ഇതു ഞാൻ പറയുന്നത്.”—1 കൊരിന്ത്യർ 7:29-35.
13.ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾക്ക് ഏതർത്ഥത്തിൽ ‘ശേഷിച്ച സമയം കുറഞ്ഞിരുന്നു’?
13 ബൈബിൾപണ്ഡിതനായ ഫ്രെഡറിക്ക് കോഡററ് ഇങ്ങനെ എഴുതി: “അവിശ്വാസികൾ ലോകം അനിശ്ചിതമായി നിൽക്കുമെന്ന് ഉറപ്പാണെന്ന് കരുതുന്നുവെന്നിരിക്കെ, ക്രിസ്ത്യാനിക്ക് പറൂസിയാ [സാന്നിദ്ധ്യം] എന്ന പ്രതീക്ഷിതമായ വലിയ വസ്തുത എല്ലായ്പ്പോഴും അവന്റെ കൺമുമ്പിലുണ്ട്.” ക്രിസ്തു തന്റെ ശിഷ്യൻമാർക്ക് അവന്റെ “സാന്നിദ്ധ്യ”ത്തിന്റെ അടയാളം കൊടുത്തിരുന്നു. അവർക്ക് ഈ മുന്നറിയിപ്പും കൊടുത്തിരുന്നു: “അതുകൊണ്ട് നിങ്ങളുടെ കർത്താവ് ഏത് ദിവസത്തിൽ വരുന്നുവെന്ന് നിങ്ങൾ അറിയാത്തതുകൊണ്ട് ഉണർന്നിരിക്കുക.” (മത്തായി 24:3, 42) ആ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ വരവിന്റെ നിരന്തര പ്രതീക്ഷയിൽ ജീവിക്കണമെന്നുള്ളതുകൊണ്ട് ശേഷിച്ച സമയം “കുറഞ്ഞിരുന്നു.” കൂടാതെ, ‘അവരുടെ വിളിയെ ഉറപ്പാക്കാനുള്ള’ സകല സാദ്ധ്യതയെയും അവസാനിപ്പിച്ചുകൊണ്ട് “കാലവും മുൻകൂട്ടിക്കാണാത്ത സംഭവവും” അവരുടെ ജീവനെ അവസാനിപ്പിക്കുന്നതിനു മുമ്പ് അവർക്ക് വ്യക്തിപരമായി എന്തുമാത്രം സമയം ശേഷിച്ചിരുന്നുവെന്ന് അവർക്ക് അറിവില്ലായിരുന്നു.—സഭാപ്രസംഗി 9:11; 2 പത്രോസ് 1:10.
14.(എ) മത്തായി 24:19 എങ്ങനെ മനസ്സിലാക്കേണ്ടതാണ്? (ബി) ക്രി.വ. 66 എന്ന വർഷം സമീപിച്ചപ്പോൾ യേശുവിന്റെ മുന്നറിയിപ്പിന് കൂടുതൽ അടിയന്തിരത കൈവന്നതെങ്ങനെ?
14 യഹൂദയിലെയും യരൂശലേമിലെയും ക്രിസ്ത്യാനികളെ സംബന്ധിച്ച് “ഉണർന്നിരിക്കേണ്ടതിന്റെ” ആവശ്യം വിശേഷാൽ ഉണ്ടായിരുന്നു. യരൂശലേമിന്റെ രണ്ടാമത്തെ നാശത്തെസംബന്ധിച്ച് യേശു മുന്നറിയിപ്പു കൊടുത്തപ്പോൾ അവൻ ഇങ്ങനെ പ്രസ്താവിച്ചു: “ആ നാളുകളിൽ ഗർഭിണികൾക്കും ഒരു ശിശുവിനെ മുലയൂട്ടുന്നവർക്കും മഹാകഷ്ടം!” (മത്തായി 24:19) ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ മക്കളെ ജനിപ്പിക്കുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കണമെന്ന് യേശു പറഞ്ഞില്ലെന്നുള്ളത് സത്യംതന്നെ. യരുശലേമിന്റെ സത്വരമായ നാശത്തിന്റെ അടയാളം പ്രത്യക്ഷപ്പെടുമ്പോൾ ഗർഭിണികൾക്ക് അല്ലെങ്കിൽ കൊച്ചുകുട്ടികളുള്ളവർക്ക് പെട്ടെന്നുള്ള ഓടിപ്പോക്ക് കൂടുതൽ പ്രയാസമായിരിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് അവൻ കേവലം ഒരു പ്രാവചനികവസ്തുത പ്രസ്താവിക്കുകയായിരുന്നു. (ലൂക്കോസ് 19:41-44; 21:20-23) എന്നിരുന്നാലും ക്രി. വ. 66-നു മുമ്പത്തെ വർഷങ്ങളിൽ യഹൂദ്യയിലെ യഹൂദൻമാരുടെ ഇടയിലെ അസ്വസ്ഥതകൾ വർദ്ധിച്ചുവന്നപ്പോൾ യേശുവിന്റെ മുന്നറിയിപ്പ് ക്രിസ്ത്യാനികളുടെ ഓർമ്മയിൽ വരുകയും ആ കുഴപ്പം പിടിച്ച കാലത്ത് ലോകത്തിലേക്ക് മക്കളെ ജനിപ്പിക്കുന്നതുസംബന്ധിച്ച അവരുടെ മനോഭാവത്തെ സ്വാധീനിക്കുകയും ചെയ്തുവെന്നതിന് സംശയമില്ല.
ഇക്കാലത്ത് മക്കളെ ജനിപ്പിക്കൽ
15, 16.(എ) ഇന്ന് ജീവിക്കുന്ന ക്രിസ്ത്യാനികൾക്ക് ‘ശേഷിച്ച സമയം കുറഞ്ഞിരിക്കുന്ന’തെങ്ങനെ? (ബി) ക്രിസ്ത്യാനികൾ തങ്ങളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം?
15 ക്രിസ്ത്യാനികൾ ഇക്കാലത്ത്, “ഈ അന്ത്യകാലത്ത്,” വിവാഹത്തെയും മക്കളെ ജനിപ്പിക്കലിനെയും എങ്ങനെ വീക്ഷിക്കണം? (ദാനിയേൽ 12:4) “ഈ ലോകത്തിന്റെ രംഗം മാറുകയാണെ”ന്നുള്ളത് പൂർവാധികം സത്യമാണ്. അല്ലെങ്കിൽ, മറെറാരു വിവർത്തനം പ്രസ്താവിക്കുന്നതുപോലെ, “ഇപ്പോഴത്തെ കാര്യങ്ങളുടെ പദ്ധതി സത്വരം നീങ്ങിപ്പോകുകയാകുന്നു.”—1 കൊരിന്ത്യർ 7:31, ഫിലിപ്സ്.
16 മുമ്പെന്നത്തേതിലുമധികമായി ഇന്ന് “ശേഷിച്ച സമയം കുറഞ്ഞിരിക്കുന്നു.” അതെ, യഹോവ തന്റെ ജനത്തിന് ചെയ്യാൻ കൊടുത്തിരിക്കുന്ന വേല പൂർത്തീകരിക്കുന്നതിന് പരിമിതമായ സമയമേ ശേഷിക്കുന്നുള്ളു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അവസാനം വരുന്നതിനു മുമ്പ് വേല പൂർത്തീകരിക്കപ്പെടണം. അതുകൊണ്ട്, വിവാഹംചെയ്യുന്നത്, അല്ലെങ്കിൽ വിവാഹിതരെങ്കിൽ മക്കളെ ജനിപ്പിക്കുന്നത്, ആ മർമ്മപ്രധാനമായ വേലയിലെ തങ്ങളുടെ പങ്കിനെ എങ്ങനെ ബാധിക്കുമെന്ന് ക്രിസ്ത്യാനികൾ തങ്ങളോടുതന്നെ ചോദിക്കുന്നത് ഉചിതമാണ്.
ഒരു പുരാതനദൃഷ്ടാന്തം
17.(എ) പ്രളയത്തിനുമുമ്പ് നോഹക്കും അവന്റെ മൂന്നു പുത്രൻമാർക്കും ഏതു വേല പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു, അതിന് പ്രത്യക്ഷത്തിൽ എത്ര കാലമെടുത്തു? (ബി) പ്രളയത്തിനു മുമ്പത്തെ കാലഘട്ടത്തിൽ നോഹയുടെ പുത്രൻമാരും അവരുടെ ഭാര്യമാരും മക്കളെ ജനിപ്പിക്കുന്നതിൽനിന്ന് ഒഴിഞ്ഞിരുന്നതിന് ഏതു കാരണങ്ങളുണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്?
17 “മനുഷ്യപുത്രന്റെ സാന്നിദ്ധ്യ”കാലത്തെ യേശു “നോഹയുടെ നാളുകളോട്” ഉപമിച്ചു. (മത്തായി 24:37) പ്രളയത്തിനുമുമ്പ് നോഹക്കും അവന്റെ മൂന്ന് പുത്രൻമാർക്കും ഒരു പ്രത്യേകവേല ചെയ്തുതീർക്കേണ്ടതുണ്ടായിരുന്നു. അതിൽ ബൃഹത്തായ ഒരു പെട്ടകം പണിയുന്നതും പ്രസംഗിക്കുന്നതും ഉൾപ്പെട്ടിരുന്നു. (ഉൽപ്പത്തി 6:13-16; 2 പത്രോസ് 2:5) യഹോവ പെട്ടകംപണിസംബന്ധിച്ച നിർദ്ദേശങ്ങൾ കൊടുത്തപ്പോൾ പ്രത്യക്ഷത്തിൽ നോഹയുടെ പുത്രൻമാർ അപ്പോൾത്തന്നെ വിവാഹിതരായിരുന്നു. (ഉൽപ്പത്തി 6:18) പെട്ടകം പണിയാൻ കൃത്യം എത്ര കാലം എടുത്തുവെന്ന് നമുക്കറിവില്ല, എന്നാൽ അതിന് പല ദശാബ്ദങ്ങൾ എടുത്തിരിക്കാൻ സാദ്ധ്യതയുണ്ടെന്നു തോന്നുന്നു. പ്രളയത്തിനുമുമ്പത്തെ ഈ നാളുകളിലെല്ലാം നോഹയുടെ മൂന്നു പുത്രൻമാർക്കും അവരുടെ ഭാര്യമാർക്കും മക്കളില്ലായിരുന്നുവെന്നത് കൗതുകകരമാണ്. ‘എട്ടുദേഹികൾ വെള്ളത്തിലൂടെ സുരക്ഷിതമായി കടന്നു’ എന്ന് അപ്പോസ്തലനായ പത്രോസ് പ്രത്യേകം പ്രസ്താവിക്കുന്നു, അതായത്, നാല് വിവാഹിത ഇണകൾ, എന്നാൽ കുട്ടികളില്ലായിരുന്നു. (1 പത്രോസ് 3:20) പുത്രൻമാർ മക്കളില്ലാതെ നിന്നതിന് രണ്ട് കാരണങ്ങൾ ഉണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്. ഒന്ന്, ജലപ്രളയം മുഖേനയുള്ള ആസന്നമായ നാശത്തിന്റെ വീക്ഷണത്തിൽ അവർക്ക് ദിവ്യനിയമിതമായ ഒരു ജോലി ചെയ്യേണ്ടതുണ്ടായിരുന്നു, അതിന് അവരുടെ അവിഭക്തമായ ശ്രദ്ധ ആവശ്യമായിരുന്നു. രണ്ട്, “ഭൂമിയിൽ മമനുഷ്യന്റെ ദുഷ്ടത ധാരാളമായിരുന്നു, അവന്റെ ഹൃദയവിചാരങ്ങളുടെ ഓരോ ചായ്വും എല്ലായ്പ്പോഴും ചീത്ത മാത്രമായിരുന്ന,” ഒരു “അക്രമം നിറഞ്ഞ” ലോകത്തിലേക്ക് മക്കളെ ആനയിക്കുന്നതിൽ അവർക്ക് വൈമനസ്യംതോന്നിയെന്നതിന് സംശയമില്ല.—ഉൽപ്പത്തി 6:5, 13.
18.പിന്തുടരാനുള്ള ഒരു ചട്ടം വെക്കുകയല്ലായിരുന്നെങ്കിലും നോഹയുടെ പുത്രൻമാരും അവരുടെ ഭാര്യമാരും സ്വീകരിച്ച പ്രവർത്തനഗതി ചിന്തക്കു വക നൽകുന്നതെങ്ങനെ?
18 പ്രളയത്തിനുമുമ്പ് നോഹയുടെ പുത്രൻമാരും അവരുടെ ഭാര്യമാരും സ്വീകരിച്ച പ്രവർത്തനഗതി ഇന്നു ജീവിക്കുന്ന വിവാഹിത ഇണകൾക്ക് ചട്ടം വെക്കാനുദ്ദേശിച്ചുള്ളതായിരുന്നുവെന്ന് പറയുകയല്ല. എന്നിരുന്നാലും, യേശു നാം ജീവിക്കുന്ന കാലഘട്ടത്തോട് നോഹയുടെ നാളിനെ താരതമ്യപ്പെടുത്തിയതുകൊണ്ട് അവരുടെ ദൃഷ്ടാന്തത്തിന് ചിന്തക്കുള്ള വക നൽകാൻ കഴിയും.
“വിഷമകാലങ്ങൾ”
19.(എ) നമ്മുടെ കാലം നോഹയുടെ നാളിനോട് ഒത്തുവരുന്നതെങ്ങനെ? (ബി) പൗലോസ് “അന്ത്യനാളിനെ”സംബന്ധിച്ച് എന്ത് മുൻകൂട്ടിപ്പറഞ്ഞു, ഈ പ്രവചനം മക്കളെ ജനിപ്പിക്കലിനോട് ബന്ധപ്പെടുന്നതെങ്ങനെ?
19 നോഹയേയും അവന്റെ കുടുബത്തേയും പോലെ നാമും “ഭക്തികെട്ട ജനങ്ങളുടെ ഒരു ലോകത്തി”ലാണ് ജീവിക്കുന്നത്. (2 പത്രോസ് 2:5) അവരെപ്പോലെ നശിപ്പിക്കപ്പെടാറായിരിക്കുന്ന ഒരു ദുഷ്ടവ്യവസ്ഥിതിയുടെ “അന്ത്യനാളുകളി”ലാണ് നാം ജീവിക്കുന്നത്. സാത്താന്റെ വ്യവസ്ഥിതിയുടെ “അന്ത്യനാളുകൾ” “ഇടപെടാൻ പ്രയാസമായ വിഷമകാലങ്ങൾ” ആനയിക്കുമെന്ന് അപ്പോസ്തലനായ പൗലോസ് പ്രവചിച്ചു. കൈകാര്യംചെയ്യാൻ പ്രയാസമായ കാര്യങ്ങളിലൊന്ന് മക്കളെ വളർത്തലായിരിക്കുമെന്ന് പ്രകടമാക്കിക്കൊണ്ട് കുട്ടികൾ “മാതാപിതാക്കൻമാരോട് അനുസരണമില്ലാത്തവർ” ആയിരിക്കുമെന്ന് അവൻ കൂട്ടിച്ചേർത്തു. കുട്ടികളെയും യുവാക്കളെയും ഒഴിവാക്കാതെ പൊതുവേ ആളുകൾ “നന്ദികെട്ടവരും അഭക്തരും സ്വാഭാവികപ്രിയമില്ലാത്തവരും” ആയിരിക്കുമെന്ന് അവൻ പ്രസ്താവിച്ചു. (2 തിമൊഥെയോസ് 3:1-3) പൗലോസ് ഇവിടെ ലോകജനങ്ങളുടെ ഇടയിലെ അവസ്ഥകളെക്കുറിച്ച് പ്രവചിക്കുകയായിരുന്നുവെങ്കിലും പ്രബലപ്പെട്ടിരിക്കുന്ന അത്തരം മനോഭാവങ്ങൾ, അനേകർക്കും അനുഭവപ്പെട്ടിരിക്കുന്നതുപോലെ മക്കളെ വളർത്തൽ ക്രിസ്ത്യാനികൾക്ക് ഏറെ പ്രയാസകരമാക്കിത്തീർക്കും.
20.അടുത്ത ലക്കത്തിലെ ലേഖനത്തിൽ എന്തു പരിചിന്തിക്കപ്പെടും?
20 മേൽപ്രസ്താവിച്ചതെല്ലാം മക്കളെ ജനിപ്പിക്കൽസംബന്ധിച്ച് ഒരു സന്തുലിതവീക്ഷണമുണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് പ്രകടമാക്കുന്നു. അതിന് അനേകം സന്തോഷങ്ങൾ കൈവരുത്താൻ കഴിയുമെന്നിരിക്കെ, അതിന് അനേകം ഹൃദയവേദനകളും കൈവരുത്താൻകഴിയും. അതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അടുത്ത ലക്കത്തിൽ അവയിൽ ചിലതു പരിചിന്തിക്കപ്പെടും. (w88 3/1)
പുനരവലോകനത്തിനുള്ള പോയിൻറുകൾ
□ യിസ്രായേലിൽ വലിയ കുടുംബങ്ങൾ അഭികാമ്യമായിരുന്നതെന്തുകൊണ്ട്?
□ മക്കളെ ജനിപ്പിക്കൽ യഹൂദൻമാർക്ക് ഹൃദയവേദനകൾ വരുത്തിക്കൂട്ടിയ സമയങ്ങൾ ഉണ്ടായിരുന്നുവെന്ന് എന്തു സൂചിപ്പിക്കുന്നു?
□ ആത്മീയയിസ്രായേൽ എണ്ണത്തിൽ പെരുകേണ്ടിയിരുന്നതെങ്ങനെ?
□ ആദിമക്രിസ്ത്യാനികൾക്ക് ‘ശേഷിച്ച സമയം കുറഞ്ഞിരുന്ന’തെങ്ങനെ?
□ നോഹയുടെ പുത്രൻമാരും അവരുടെ ഭാര്യമാരും പ്രളയത്തിനുമുമ്പ് മക്കളില്ലാതെ നിന്നതിന് ഏതു കാരണങ്ങളുണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്, ഇന്നത്തെ അവസ്ഥസംബന്ധിച്ചെന്ത്?
[25-ാം പേജിലെ ചിത്രം]
കൊച്ചുകുട്ടികളുള്ളവർക്ക് യരൂശലേമിൽനിന്നുള്ള പെട്ടെന്നുള്ള ഓട്ടം കൂടുതൽ പ്രയാസകരമായിരിക്കും