ആത്മനിയന്ത്രണം വളർത്തിയെടുക്കുക
“ദൈവാത്മാവിന്റെ ഫലം . . . ആത്മനിയന്ത്രണം.”—ഗലാ. 5:22, 23.
1, 2. (എ) ആത്മനിയന്ത്രണമില്ലാത്തതുകൊണ്ട് ഉണ്ടായേക്കാവുന്ന ചില പ്രശ്‌നങ്ങൾ എന്തൊക്കെ? (ബി) ആത്മനിയന്ത്രണമെന്ന വിഷയത്തെക്കുറിച്ച് പഠിക്കുന്നത് ഇക്കാലത്ത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ആത്മനിയന്ത്രണം ഒരു ദൈവികഗുണമാണ്. (ഗലാ. 5:22, 23) യഹോവയ്‌ക്കു പൂർണമായ ആത്മനിയന്ത്രണമുണ്ട്. എന്നാൽ അപൂർണരായതുകൊണ്ട് ആത്മനിയന്ത്രണമുള്ളവരായിരിക്കുന്നതു മനുഷ്യർക്ക് എപ്പോഴും അത്ര എളുപ്പമല്ല. യഥാർഥത്തിൽ, ഇന്ന് ആളുകൾ അനുഭവിക്കുന്ന മിക്ക പ്രശ്‌നങ്ങളുടെയും മൂലകാരണം ആത്മനിയന്ത്രണമില്ലായ്‌മയാണ്. കാര്യങ്ങൾ നീട്ടിവെക്കുന്നത് അത്തരം ആളുകളുടെ ഒരു ശീലമായിരിക്കും. സ്‌കൂളിലോ ജോലിസ്ഥലത്തോ അവർക്കു പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാതെയും വന്നേക്കാം. അസഭ്യസംസാരം, മദ്യാസക്തി, അക്രമം, വിവാഹമോചനം, അനാവശ്യമായ കടം, ദുശ്ശീലങ്ങൾ, ജയിൽവാസം, വൈകാരികവേദന, ലൈംഗികമായി പകരുന്ന രോഗങ്ങൾ, ആഗ്രഹിക്കാത്ത ഗർഭധാരണം എന്നിവയും അതിന്റെ ഭവിഷ്യത്തുകളിൽപ്പെടും.—സങ്കീ. 34:11-14.
2 ആത്മനിയന്ത്രണമില്ലാത്ത ആളുകൾ തങ്ങൾക്കുതന്നെയും മറ്റുള്ളവർക്കും പ്രശ്‌നങ്ങൾ വരുത്തിവെക്കുമെന്ന് ഇതിൽനിന്ന് വ്യക്തം. ഈ സ്ഥിതിവിശേഷം കൂടുതൽ ഗുരുതരമായിക്കൊണ്ടിരിക്കുകയുമാണ്. ആത്മസംയമനത്തെക്കുറിച്ച് 1940-കളിൽത്തന്നെ ചില പഠനങ്ങൾ നടത്തിയിരുന്നു. അടുത്തയിടെ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്, കാലം കടന്നുപോകുംതോറും ആളുകൾക്ക് ആത്മനിയന്ത്രണം കുറഞ്ഞുകുറഞ്ഞ് വരുകയാണെന്നാണ്. എന്നാൽ ദൈവവചനം പഠിക്കുന്നവർക്ക് ഇത് ഒരു അതിശയമേ അല്ല. കാരണം ‘അവസാനകാലത്തിന്റെ’ അടയാളമായി ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളിലൊന്ന് ആളുകളുടെ ‘ആത്മനിയന്ത്രണമില്ലായ്‌മയാണ്.’—2 തിമൊ. 3:1-3.
3. ക്രിസ്‌ത്യാനികൾ ആത്മനിയന്ത്രണം വളർത്തിയെടുക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3 നമ്മൾ ആത്മനിയന്ത്രണം വളർത്തിയെടുക്കേണ്ടത് എന്തുകൊണ്ടാണ്? പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, മനസ്സിനെ നിയന്ത്രിച്ചുനിറുത്താൻ അറിയാവുന്നവരുടെ ജീവിതത്തിൽ സാധാരണയായി പ്രശ്‌നങ്ങൾ കുറവായിരിക്കും. മറ്റുള്ളവരുമായി അവർക്കു നല്ല ബന്ധമുണ്ടായിരിക്കും. അവർക്കു പെട്ടെന്നു ദേഷ്യം വരില്ല, മറ്റുള്ളവരെപ്പോലെ എളുപ്പം ഉത്‌കണ്‌ഠയ്‌ക്കും വിഷാദത്തിനും അടിമപ്പെടാത്തവരുമായിരിക്കും അവർ. രണ്ട്, പ്രലോഭനങ്ങൾ ചെറുത്തുനിൽക്കാനും തെറ്റായ ആഗ്രഹങ്ങളെ നിയന്ത്രിക്കാനും കഴിയുന്നെങ്കിൽ മാത്രമേ നമുക്കു ദൈവത്തിന്റെ പ്രീതി നഷ്ടമാകാതിരിക്കൂ. ആദാമും ഹവ്വയും പരാജയപ്പെട്ടത് ഇവിടെയാണ്. (ഉൽപ. 3:6) അന്നുമുതൽ ഇന്നുവരെ എത്രയെത്ര ആളുകളാണ് ഈ വിശിഷ്ടഗുണം കാണിക്കുന്നതിൽ പരാജയപ്പെട്ട് അതിന്റെ തിക്തഫലങ്ങൾ അനുഭവിച്ചറിഞ്ഞത്!
4. ആത്മനിയന്ത്രണം വളർത്തിയെടുക്കാൻ പരിശ്രമിക്കുന്നവർക്കു പ്രോത്സാഹനം പകരുന്ന ഒരു കാര്യം എന്താണ്?
4 ആത്മനിയന്ത്രണത്തിന്റെ കാര്യത്തിൽ തികഞ്ഞവരാകാൻ അപൂർണരായ മനുഷ്യർക്കു കഴിയില്ല. തന്റെ ദാസർക്ക് ഇതു വളരെ ബുദ്ധിമുട്ടാണെന്ന് യഹോവയ്‌ക്ക് അറിയാം. അതുകൊണ്ട് പാപപൂർണമായ ചായ്‌വുകൾ കീഴടക്കുന്നതിന് അവരെ സഹായിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (1 രാജാ. 8:46-50) തന്നെ സേവിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർ ജീവിതത്തിന്റെ ഏതെങ്കിലും മേഖലയിൽ ആത്മനിയന്ത്രണമുള്ളവരായിരിക്കാൻ പ്രയാസപ്പെടുന്നെങ്കിൽ സ്‌നേഹമുള്ള ഒരു സുഹൃത്തിനെപ്പോലെ യഹോവ അവരെ പ്രോത്സാഹിപ്പിക്കുന്നു. നമുക്ക് ആദ്യം, ആത്മനിയന്ത്രണത്തിന്റെ കാര്യത്തിൽ യഹോവയുടെ തികവുറ്റ മാതൃകയെക്കുറിച്ച് പഠിക്കാം. അതിനു ശേഷം ബൈബിളിലെ ചില നല്ല മാതൃകകളും മോശം മാതൃകകളും നോക്കാം. കൂടുതൽ ആത്മനിയന്ത്രണമുള്ളവരായിരിക്കാൻ സഹായിക്കുന്ന ചില പ്രായോഗികനിർദേശങ്ങളും നമ്മൾ പരിശോധിക്കും.
യഹോവയുടെ മാതൃക
5, 6. ആത്മനിയന്ത്രണത്തിന്റെ കാര്യത്തിൽ യഹോവ എന്തു മാതൃകയാണു വെച്ചിരിക്കുന്നത്?
5 യഹോവ എല്ലാ അർഥത്തിലും പൂർണനാണ്, ആത്മനിയന്ത്രണത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. (ആവ. 32:4) എന്നാൽ നമ്മൾ അപൂർണരാണ്. എങ്കിലും ആത്മനിയന്ത്രണത്തിന്റെ കാര്യത്തിൽ യഹോവ വെച്ചിരിക്കുന്ന മാതൃകയെക്കുറിച്ച് പഠിക്കുന്നെങ്കിൽ ആ ഗുണം കൂടുതൽ നന്നായി മനസ്സിലാക്കാനും യഹോവയെ മെച്ചമായി അനുകരിക്കാനും നമുക്കു കഴിയും. അങ്ങനെയെങ്കിൽ, യഹോവ ശ്രദ്ധേയമായ വിധത്തിൽ ആത്മനിയന്ത്രണത്തോടെ പ്രവർത്തിച്ച ഒരു സാഹചര്യം നോക്കാം.
6 സാത്താൻ ധിക്കാരം കാണിച്ചപ്പോൾ യഹോവ എങ്ങനെയാണ് ആത്മനിയന്ത്രണം പാലിച്ചതെന്നു ചിന്തിക്കുക. ആ വെല്ലുവിളിക്ക് ഉത്തരം കൊടുക്കണമായിരുന്നു. സാത്താൻ വെല്ലുവിളി ഉയർത്തിയപ്പോൾ, ദൈവത്തോടു വിശ്വസ്‌തരായ സ്വർഗീയസൃഷ്ടികൾക്ക് ഉറപ്പായും ധാർമികരോഷവും കോപവും പുച്ഛവും ഒക്കെ തോന്നിക്കാണും. സാത്താൻ വരുത്തിവെച്ച എല്ലാ ദുരിതങ്ങളെക്കുറിച്ചും ഓർക്കുമ്പോൾ നമുക്കും അങ്ങനെതന്നെ തോന്നിയേക്കാം. എന്നാൽ യഹോവ എങ്ങനെയാണു പ്രതികരിച്ചത്? തിടുക്കത്തിൽ ഒരു മറുപടി കൊടുക്കാൻ യഹോവ മുതിർന്നോ? ഇല്ല. അളന്നുകുറിച്ച് കാര്യങ്ങൾ നീക്കിയ യഹോവ ഏറ്റവും ഉചിതമായ വിധത്തിലാണു കാര്യങ്ങൾ ചെയ്‌തത്. സാത്താന്റെ ധിക്കാരത്തെപ്രതി പെട്ടെന്നു കോപിക്കാതെ സമയം കടന്നുപോകാൻ അനുവദിച്ചുകൊണ്ട് യഹോവ നീതിയോടെ ആ വിഷയം കൈകാര്യം ചെയ്‌തു. (പുറ. 34:6; ഇയ്യോ. 2:2-6) ആരും നശിച്ചുപോകാതെ ‘എല്ലാവരും മാനസാന്തരപ്പെടണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ്’ യഹോവ ആത്മനിയന്ത്രണം കാണിച്ചത്.—2 പത്രോ. 3:9.
7. യഹോവയുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
7 നമ്മളും ശ്രദ്ധിച്ച് സംസാരിക്കണമെന്നും നന്നായി ചിന്തിച്ച് മാത്രമേ ഓരോ ചുവടും വെക്കാവൂ എന്നും യഹോവയുടെ മാതൃക പഠിപ്പിക്കുന്നു. ഒരിക്കലും എടുത്തുചാടി പ്രവർത്തിക്കരുത്. പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് സമയമെടുത്ത് ചിന്തിക്കുക. അപ്പോൾ നിങ്ങൾക്കു ബുദ്ധിപൂർവം അതു കൈകാര്യം ചെയ്യാനാകും. ഉചിതമായ രീതിയിൽ സംസാരിക്കാനും ശരിയായ കാര്യം ചെയ്യാനും വേണ്ട ജ്ഞാനത്തിനായി പ്രാർഥിക്കുക. (സങ്കീ. 141:3) നമ്മൾ ദേഷ്യപ്പെട്ടോ അസ്വസ്ഥരായോ ഇരിക്കുമ്പോൾ മോശമായി പ്രതികരിക്കാനുള്ള സാധ്യത കൂടുതലാണ്. മുന്നുംപിന്നും നോക്കാതെ പറഞ്ഞ വാക്കുകളോ ചിന്തയില്ലാതെ ചെയ്‌ത കാര്യങ്ങളോ ഓർത്ത് നമ്മളിൽ പലരും പിന്നീടു ഖേദിച്ചിട്ടുണ്ടാകും.—സുഭാ. 14:29; 15:28; 19:2.
ദൈവദാസരുടെ നല്ലതും മോശവും ആയ മാതൃകകൾ
8. (എ) ആത്മനിയന്ത്രണത്തിന്റെ മാതൃകകൾ നമുക്ക് എവിടെ കണ്ടെത്താം? (ബി) പോത്തിഫറിന്റെ ഭാര്യ വശീകരിക്കാൻ ശ്രമിച്ചപ്പോൾ അതിനു വഴിപ്പെടാതിരിക്കാൻ യോസേഫിനെ എന്താണു സഹായിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
8 ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്ന ചില ബൈബിൾദൃഷ്ടാന്തങ്ങൾ ഏതൊക്കെയാണ്? പരിശോധനകൾ നേരിട്ടപ്പോൾ സംയമനം പാലിച്ച ചില ബൈബിൾകഥാപാത്രങ്ങളെ നിങ്ങൾ ഓർക്കുന്നുണ്ടാകും. അതിൽ ഒരാളാണു യാക്കോബിന്റെ മകനായ യോസേഫ്. ഫറവോന്റെ കാവൽക്കാരുടെ മേധാവിയായ പോത്തിഫറിന്റെ വീട്ടിൽ യോസേഫ് ജോലി ചെയ്യുന്ന കാലം. “സുമുഖനും സുന്ദരനും” ആയിരുന്ന യോസേഫിനെ പോത്തിഫറിന്റെ ഭാര്യ നോട്ടമിട്ടു. അവൾ യോസേഫിനെ വശീകരിക്കാൻ ശ്രമിച്ചു. പലവട്ടം അവൾ അതിനു ശ്രമിച്ചെങ്കിലും ആ വലയിൽ വീഴാതിരിക്കാൻ യോസേഫിനെ എന്താണു സഹായിച്ചത്? പ്രലോഭനത്തിനു കീഴടങ്ങിയാലുണ്ടാകുന്ന പരിണതഫലങ്ങളെക്കുറിച്ച് യോസേഫ് സമയമെടുത്ത് ചിന്തിച്ചിട്ടുണ്ടാകും എന്നതിനു സംശയമില്ല. ഒടുവിൽ സാഹചര്യം വഷളായപ്പോൾ യോസേഫ് അവളുടെ അടുത്തുനിന്ന് ഓടിപ്പോയി. “ഇത്ര വലിയൊരു തെറ്റു ചെയ്‌ത് ഞാൻ ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ” എന്നാണു യോസേഫ് പറഞ്ഞത്.—ഉൽപ. 39:6, 9; സുഭാഷിതങ്ങൾ 1:10 വായിക്കുക.
9. പ്രലോഭനങ്ങളെ നേരിടാനായി നിങ്ങൾക്കു മുന്നമേ എങ്ങനെ തയ്യാറാകാം?
9 യോസേഫിന്റെ മാതൃകയിൽനിന്നുള്ള പാഠം എന്താണ്? ദൈവത്തിന്റെ ഏതെങ്കിലും ഒരു നിയമം തെറ്റിക്കാനുള്ള പ്രലോഭനമുണ്ടായാൽ അതിൽനിന്ന് നമ്മൾ ഓടിയകലണം എന്നതാണ് ഒരു പാഠം. യഹോവയുടെ സാക്ഷികളാകുന്നതിനു മുമ്പ് ചിലർ അമിതഭക്ഷണം, അമിതമദ്യപാനം, പുകവലി, മയക്കുമരുന്നിന്റെ ദുരുപയോഗം, ലൈംഗിക അധാർമികത എന്നിവപോലുള്ള മോശമായ കാര്യങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്. ചിലപ്പോഴെല്ലാം, സ്‌നാനമേറ്റശേഷവും അത്തരം കാര്യങ്ങൾ ചെയ്യാൻ അവർക്കു പ്രലോഭനം തോന്നിയേക്കാം. അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ എന്തു ചെയ്യും? അതിനു വഴങ്ങിക്കൊടുത്താൽ യഹോവയുമായുള്ള ബന്ധത്തെ അത് എത്രമാത്രം ബാധിക്കുമെന്നു സമയമെടുത്ത് ചിന്തിക്കുന്നതു നിങ്ങൾക്കു ബലമേകും. നിങ്ങൾക്കു പ്രലോഭനമായേക്കാവുന്ന സാഹചര്യങ്ങൾ മുൻകൂട്ടിക്കാണുക. എന്നിട്ട്, അവ എങ്ങനെ ഒഴിവാക്കാമെന്നു ചിന്തിക്കുക. (സങ്കീ. 26:4, 5; സുഭാ. 22:3) പ്രലോഭനമുണ്ടാകുമ്പോൾ, അതിനെ ചെറുക്കാനുള്ള ജ്ഞാനത്തിനും ആത്മനിയന്ത്രണത്തിനും വേണ്ടി യഹോവയോടു യാചിക്കുന്നതും പ്രയോജനം ചെയ്യും.
10, 11. (എ) സ്‌കൂളിൽ പല ചെറുപ്പക്കാർക്കും ഏതു സാഹചര്യം നേരിടേണ്ടിവരുന്നു? (ബി) മോശമായ കാര്യങ്ങൾ ചെയ്യാനുള്ള പ്രലോഭനത്തെ ചെറുക്കാൻ ചെറുപ്പക്കാരെ എന്തു സഹായിക്കും?
10 യോസേഫിന്റേതുപോലുള്ള പരിശോധനകൾ ഇന്നു ക്രിസ്‌ത്യാനികളായ പല ചെറുപ്പക്കാർക്കും ഉണ്ടാകാറുണ്ട്. കിം എന്ന സഹോദരിയുടെ അനുഭവം നോക്കാം. അവളുടെകൂടെ പഠിക്കുന്ന മിക്ക കുട്ടികളും വാരാന്തങ്ങൾക്കു ശേഷം ക്ലാസിൽ വരുമ്പോൾ, മറ്റുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനെക്കുറിച്ച് പറഞ്ഞ് വീമ്പിളക്കുമായിരുന്നു. എന്നാൽ കിമ്മിന് അത്തരം കഥകളൊന്നും പറയാനില്ലായിരുന്നു. മറ്റുള്ളവരിൽനിന്ന് വ്യത്യസ്‌തയായി നിന്നതുകൊണ്ട് തനിക്കു ചിലപ്പോഴൊക്കെ “ഒറ്റപ്പെടലും ഏകാന്തതയും” തോന്നിയിരുന്നെന്നു കിം പറയുന്നു. ആരുടെയുംകൂടെ ചുറ്റിക്കറങ്ങാനൊന്നും പോകാത്ത അവളെ കഴിവില്ലാത്തവളായിട്ടാണു കൂട്ടുകാർ കണ്ടിരുന്നത്. പക്ഷേ യഥാർഥത്തിൽ കിം ബുദ്ധിമതിയായിരുന്നു. ചെറുപ്പമായിരിക്കുമ്പോൾ ലൈംഗികമോഹങ്ങൾക്കു വഴങ്ങാനുള്ള ആഗ്രഹം ശക്തമായിരിക്കുമെന്നു കിമ്മിന് അറിയാമായിരുന്നു. (2 തിമൊ. 2:22) “നീ ഇപ്പോഴും ഒരു കന്യകയാണോ” എന്നു സഹപാഠികൾ പലപ്പോഴും അവളോടു ചോദിച്ചിരുന്നു. താൻ മറ്റുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാത്തതിന്റെ കാരണം അവർക്കു വിശദീകരിച്ചുകൊടുത്തുകൊണ്ട് അത്തരം അവസരങ്ങളെ അവൾ ഫലകരമായി ഉപയോഗിച്ചു. ലൈംഗിക അധാർമികതയിലേക്കു വീണുപോകാനുള്ള പ്രലോഭനത്തെ ചെറുക്കാൻ ഉറച്ച തീരുമാനമെടുത്ത ഇത്തരം യുവക്രിസ്‌ത്യാനികളെപ്രതി നമ്മൾ അഭിമാനമുള്ളവരാണ്. യഹോവയും അവരെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു!
11 ആത്മനിയന്ത്രണത്തിന്റെ കുറവുകൊണ്ട് ലൈംഗിക അധാർമികതയിലേക്കു വീണുപോയവരെക്കുറിച്ചും ബൈബിൾ പറയുന്നു. അത്തരം പെരുമാറ്റത്തിന്റെ ദുരന്തഫലങ്ങളെപ്പറ്റിയും അതിലുണ്ട്. കിമ്മിന്റേതുപോലുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നവർ സുഭാഷിതങ്ങൾ 7-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന ബുദ്ധിശൂന്യനായ ചെറുപ്പക്കാരനെക്കുറിച്ച് ഓർക്കുന്നതു നല്ലതാണ്. അമ്‌നോനെക്കുറിച്ചും അയാൾ ചെയ്‌ത കാര്യങ്ങളുടെ ഭവിഷ്യത്തുകളെക്കുറിച്ചും ചിന്തിക്കുന്നതും പ്രയോജനം ചെയ്യും. (2 ശമു. 13:1, 2, 10-15, 28-32) പ്രേമബന്ധംപോലുള്ള വിഷയങ്ങളിൽ ആത്മനിയന്ത്രണവും ജ്ഞാനവും കാണിക്കാൻ കുട്ടികളെ സഹായിക്കാനായി മാതാപിതാക്കൾക്ക് അതെക്കുറിച്ച് കുടുംബാരാധനയിൽ ചർച്ച ചെയ്യാവുന്നതാണ്. നമ്മൾ ഇപ്പോൾ കണ്ട ബൈബിൾഭാഗങ്ങൾ നിങ്ങൾക്ക് അതിനായി ഉപയോഗിക്കാനായേക്കും.
12. (എ) യോസേഫ് സഹോദരന്മാരുടെ മുന്നിൽവെച്ച് തന്റെ വികാരങ്ങൾ അടക്കിനിറുത്തിയത് എങ്ങനെയാണ്? (ബി) ഏതൊക്കെ സാഹചര്യങ്ങളിൽ നമുക്കും മനസ്സിനെ അടക്കിനിറുത്തേണ്ടിവന്നേക്കാം?
12 മറ്റൊരു സാഹചര്യത്തിലും യോസേഫ് ആത്മനിയന്ത്രണത്തോടെ പ്രവർത്തിക്കുന്നതിൽ നല്ലൊരു മാതൃകവെച്ചു. ഭക്ഷണസാധനങ്ങൾ വാങ്ങാൻ സഹോദരന്മാർ ഈജിപ്‌തിൽ തന്റെ മുന്നിൽ വന്നപ്പോൾ താൻ ആരാണെന്ന കാര്യം യോസേഫ് മറച്ചുപിടിച്ചു. അവരുടെ ഹൃദയത്തിൽ ഇപ്പോൾ എന്താണെന്ന് അറിയുകയായിരുന്നു ലക്ഷ്യം. എന്നാൽ ഉള്ളിലെ വികാരങ്ങൾ അടക്കാൻപറ്റാതെ വന്നപ്പോൾ താൻ കരയുന്നതു മറ്റാരും കാണാതിരിക്കാൻവേണ്ടി യോസേഫ് തനിച്ച് ഒരിടത്തേക്കു പോയി. (ഉൽപ. 43:30, 31; 45:1) ചിലപ്പോൾ ഒരു സഹക്രിസ്‌ത്യാനിയോ ഒരു സ്‌നേഹിതനോ നമ്മളെ അസ്വസ്ഥരാക്കുന്ന ഒരു കാര്യം ചെയ്‌തേക്കാം. ആ സമയത്ത് യോസേഫിന്റെ ആത്മനിയന്ത്രണം അനുകരിച്ചാൽ, പിന്നീടു ഖേദിച്ചേക്കാവുന്ന എന്തെങ്കിലും പറയുന്നതും ചെയ്യുന്നതും ഒഴിവാക്കാനാകും. (സുഭാ. 16:32; 17:27) ഇനി, നിങ്ങളുടെ ഏതെങ്കിലും കുടുംബാംഗത്തെ സഭയിൽനിന്ന് പുറത്താക്കിയിട്ടുണ്ടെങ്കിൽ ആ വ്യക്തിയുമായി അനാവശ്യസമ്പർക്കത്തിൽ വരാനുള്ള ആഗ്രഹം നിങ്ങൾക്കു തോന്നിയേക്കാം. അപ്പോഴും നിങ്ങൾക്കു മനസ്സിനെ അടക്കിനിറുത്തേണ്ടിവരും. അത് അത്ര എളുപ്പമല്ലെന്നതു ശരിയാണ്. എങ്കിലും നമ്മൾ ആത്മനിയന്ത്രണത്തിന്റെ കാര്യത്തിൽ ദൈവത്തിന്റെ മാതൃക അനുകരിക്കുകയാണെന്നും യഹോവയുടെ കല്‌പനകൾ അനുസരിക്കുകയാണെന്നും ഓർക്കുന്നെങ്കിൽ അത്തരം സാഹചര്യത്തിൽ ആത്മനിയന്ത്രണമുള്ളവരായിരിക്കാൻ കൂടുതൽ എളുപ്പമായിരിക്കും.
13. ദാവീദ് രാജാവിനെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങളിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം?
13 ദാവീദ് രാജാവും അതിനു നല്ലൊരു മാതൃകയാണ്. വലിയ അധികാരമുള്ള ആളായിരുന്നെങ്കിലും, ശൗലും ശിമെയിയും പ്രകോപിപ്പിച്ചപ്പോഴും കോപിക്കാതെ മനസ്സിനെ നിയന്ത്രിച്ചുനിറുത്താൻ ദാവീദിനായി. (1 ശമു. 26:9-11; 2 ശമു. 16:5-10) എന്നാൽ ദാവീദ് എപ്പോഴും ആത്മനിയന്ത്രണമുള്ളവനായിരുന്നോ? അല്ല. ബത്ത്-ശേബയുമായി ചെയ്‌ത പാപവും നാബാലിന്റെ സ്വാർഥതയെക്കുറിച്ച് കേട്ടപ്പോഴുണ്ടായ പ്രതികരണവും അതിന് ഉദാഹരണങ്ങളാണ്. (1 ശമു. 25:10-13; 2 ശമു. 11:2-4) എങ്കിലും നമുക്കു ദാവീദിൽനിന്ന് വിലയേറിയ പല പാഠങ്ങളും പഠിക്കാൻ കഴിയും. ഒന്ന്, ദൈവജനത്തിന് ഇടയിലെ മേൽവിചാരകന്മാർ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യാതിരുന്നുകൊണ്ട് ആത്മനിയന്ത്രണം കാണിക്കണം. രണ്ട്, നമ്മൾ ഒരിക്കലും പ്രലോഭനത്തിനു വഴിപ്പെടില്ലെന്ന അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം.—1 കൊരി. 10:12.
നിങ്ങൾക്കു ചെയ്യാനാകുന്നത്
14. ഒരു സഹോദരനുണ്ടായ അനുഭവം എന്താണ്, അത്തരം സാഹചര്യങ്ങളിൽ നമ്മൾ പ്രതികരിക്കുന്ന വിധം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
14 ആത്മനിയന്ത്രണം വർധിപ്പിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? നടന്ന ഒരു സംഭവം നോക്കാം. ഒരിക്കൽ ഒരു വണ്ടി ലൂയിജിയുടെ കാറിനു പിന്നിൽ വന്ന് ഇടിച്ചു. തെറ്റു മറ്റേ വ്യക്തിയുടെ ഭാഗത്തായിരുന്നെങ്കിലും അയാൾ ലൂയിജിയോടു തട്ടിക്കയറി. അയാൾക്കു വിടാൻ ഭാവമില്ലായിരുന്നു. ശാന്തത കൈവിടാതിരിക്കാൻ സഹായിക്കേണമേ എന്ന് യഹോവയോടു പ്രാർഥിച്ചിട്ട് ലൂയിജി അയാളെ സമാധാനിപ്പിക്കാൻ നോക്കി. പക്ഷേ ഒരു പ്രയോജനവുമുണ്ടായില്ല. ഒടുവിൽ മറ്റേ വണ്ടിയുടെ ഇൻഷ്വറൻസ് വിവരങ്ങളെല്ലാം എഴുതിയെടുത്തിട്ട് ലൂയിജി അവിടെനിന്ന് പോയി. അപ്പോഴും അയാൾ അവിടെ നിന്ന് ഒച്ചവെക്കുന്നുണ്ടായിരുന്നു. ഒരാഴ്‌ചയ്‌ക്കു ശേഷം ലൂയിജി ഒരു സ്‌ത്രീയുടെ അടുത്ത് മടക്കസന്ദർശനത്തിനു ചെന്നപ്പോൾ ആ വീട്ടിൽവെച്ച് അയാളെ വീണ്ടും കണ്ടുമുട്ടി. ആ സ്‌ത്രീയുടെ ഭർത്താവായിരുന്നു അദ്ദേഹം. അന്നു മോശമായി പെരുമാറിയതിൽ വലിയ വിഷമമുണ്ടായിരുന്ന അദ്ദേഹം ലൂയിജിയോടു ക്ഷമാപണം നടത്തി. ലൂയിജിക്കു നഷ്ടപരിഹാരത്തുക കിട്ടുന്നത് എളുപ്പമാക്കാൻ ഇൻഷ്വറൻസ് കമ്പനിയുമായി ബന്ധപ്പെടാൻപോലും അദ്ദേഹം തയ്യാറായി. അന്നത്തെ ബൈബിൾചർച്ചയിൽ അദ്ദേഹവും പങ്കെടുത്തു. കേട്ട കാര്യങ്ങളെല്ലാം അദ്ദേഹത്തിന് ഇഷ്ടവുമായി. അന്ന് ആ അപകടം നടന്നപ്പോൾ താൻ ശാന്തനായി നിന്നത് എത്ര നന്നായെന്നു ലൂയിജി അപ്പോൾ തിരിച്ചറിഞ്ഞു. അന്നു സംയമനം കൈവിട്ടുപോയിരുന്നെങ്കിൽ അത് എന്തൊരു നഷ്ടമായേനേ എന്നും അദ്ദേഹം ഓർത്തു.—2 കൊരിന്ത്യർ 6:3, 4 വായിക്കുക.
നമ്മൾ പ്രതികരിക്കുന്ന രീതി നമ്മുടെ ശുശ്രൂഷയെ നേരിട്ടോ അല്ലാതെയോ ബാധിച്ചേക്കാം (14-ാം ഖണ്ഡിക കാണുക)
15, 16. ബൈബിൾ പഠിക്കുന്നത് ആത്മനിയന്ത്രണം വളർത്തിയെടുക്കാൻ നിങ്ങളെയും കുടുംബത്തെയും സഹായിക്കുന്നത് എങ്ങനെ?
15 ക്രമമുള്ള, അർഥവത്തായ ബൈബിൾപഠനം ആത്മനിയന്ത്രണം വളർത്തിയെടുക്കാൻ ക്രിസ്‌ത്യാനികളെ സഹായിക്കും. ദൈവം യോശുവയോടു പറഞ്ഞു: “ഈ നിയമപുസ്‌തകത്തിലുള്ളതു നിന്റെ വായിൽനിന്ന് നീങ്ങിപ്പോകരുത്. അതിൽ എഴുതിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം പാലിക്കാൻ രാവും പകലും അതു മന്ദസ്വരത്തിൽ വായിക്കണം. അങ്ങനെ ചെയ്‌താൽ നീ വിജയിക്കും. നീ ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യും.” (യോശു. 1:8) ബൈബിൾ പഠിക്കുന്നത് ആത്മനിയന്ത്രണം വളർത്തിയെടുക്കാൻ സഹായിക്കുന്നത് എങ്ങനെയാണ്?
16 ആത്മനിയന്ത്രണത്തോടെ പ്രവർത്തിക്കുന്നതിന്റെ പ്രയോജനങ്ങളും അതിൽ പരാജയപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളും വ്യക്തമാക്കുന്ന ഇത്തരം ധാരാളം വിവരണങ്ങൾ ബൈബിളിലുണ്ട്. ഇതെല്ലാം യഹോവ ബൈബിളിൽ രേഖപ്പെടുത്തിവെച്ചിരിക്കുന്നതിന് ഒരു കാരണമുണ്ട്. (റോമ. 15:4) അങ്ങനെയെങ്കിൽ അവ വായിക്കുന്നതും ധ്യാനിക്കുന്നതും പഠിക്കുന്നതും എത്ര നന്നായിരിക്കും! അവ നിങ്ങൾക്കും കുടുംബത്തിനും പ്രയോജനപ്പെടുന്നത് എങ്ങനെയെന്നു മനസ്സിലാക്കുക. ദൈവവചനം നിർദേശിക്കുന്ന മാറ്റങ്ങൾ വരുത്താനുള്ള സഹായത്തിനായി യഹോവയോടു യാചിക്കുക. നിങ്ങൾക്ക് ആത്മനിയന്ത്രണത്തിന്റെ ഏതെങ്കിലും ഒരു വശത്ത് കുറവുണ്ടെന്നു തിരിച്ചറിഞ്ഞാൽ അക്കാര്യം അംഗീകരിക്കാൻ മനസ്സു കാണിക്കുക. അതെക്കുറിച്ച് പ്രാർഥിച്ചിട്ട് അതിൽ മെച്ചപ്പെടാനുള്ള വഴികൾ തേടുക. (യാക്കോ. 1:5) ക്രിസ്‌തീയപ്രസിദ്ധീകരണങ്ങളിൽ പരിശോധിക്കുന്നത് ഉപകാരപ്രദമായ വിവരങ്ങൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കും.
17. ആത്മനിയന്ത്രണം വളർത്തിയെടുക്കാൻ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെയെല്ലാം സഹായിക്കാം?
17 ആത്മനിയന്ത്രണം വളർത്തിയെടുക്കാൻ നിങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാം? കുട്ടികൾക്ക് ഈ ഗുണം ജന്മനാ ലഭിക്കുന്നതല്ലെന്നു മാതാപിതാക്കൾക്ക് അറിയാം. മറ്റ് ഏതൊരു ഗുണത്തിന്റെയും കാര്യത്തിലെന്നപോലെ, ഈ ഗുണം വളർത്തിയെടുക്കുന്നതിലും മാതാപിതാക്കളാണ് അവർക്കു മാതൃക. (എഫെ. 6:4) അതുകൊണ്ടുതന്നെ വികാരവിക്ഷോഭങ്ങൾ നിയന്ത്രിക്കാൻ നിങ്ങളുടെ കുട്ടികൾ പ്രയാസപ്പെടുന്നതായി കാണുന്നെങ്കിൽ, നിങ്ങൾ അക്കാര്യത്തിൽ നല്ലൊരു മാതൃകയാണോ എന്ന് ആത്മപരിശോധന നടത്തുക. നിങ്ങൾ മുടക്കംകൂടാതെ വയൽസേവനത്തിനു പോകുകയും യോഗങ്ങളിൽ പങ്കെടുക്കുകയും കുടുംബാരാധന നടത്തുകയും ചെയ്യുമ്പോൾ അതു കുട്ടികളെ ആഴമായി സ്വാധീനിക്കും. ഉചിതമായിരിക്കുന്നിടത്ത് കുട്ടികളോടു “പറ്റില്ല” എന്നു പറയാൻ മടിക്കേണ്ടതില്ല. യഹോവ ആദാമിനും ഹവ്വയ്‌ക്കും ചില പരിധികൾ വെച്ചിരുന്നു. യഹോവയുടെ അധികാരത്തോട് ആദരവ് വളർത്തിയെടുക്കാൻ അവരെ സഹായിക്കുന്നവയായിരുന്നു അവ. അതുപോലെ, മാതാപിതാക്കളുടെ ശിക്ഷണവും മാതൃകയും കുട്ടികളെ ആത്മനിയന്ത്രണം പഠിപ്പിക്കും. നിങ്ങളുടെ മക്കളിൽ ദൈവത്തിന്റെ അധികാരത്തോടുള്ള സ്‌നേഹവും ദൈവികനിലവാരങ്ങളോടുള്ള ആദരവും വളർത്തിയെടുക്കാൻ സാധിച്ചാൽ അതൊരു വലിയ നേട്ടമായിരിക്കും.—സുഭാഷിതങ്ങൾ 1:5, 7, 8 വായിക്കുക.
18. നല്ല സുഹൃത്തുക്കൾ ഒരു അനുഗ്രഹമായിരിക്കുന്നത് എങ്ങനെ?
18 നമ്മൾ മാതാപിതാക്കളാണെങ്കിലും അല്ലെങ്കിലും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നല്ല ശ്രദ്ധ വേണം. നല്ല ലക്ഷ്യങ്ങൾ വെക്കാൻ സഹായിക്കുന്നവരെ സുഹൃത്തുക്കളാക്കുക. പല പ്രശ്‌നങ്ങളും നിങ്ങൾക്ക് അതിലൂടെ ഒഴിവാക്കാനാകും. (സുഭാ. 13:20) ആത്മീയമനസ്സുള്ള സുഹൃത്തുക്കളുടെ നല്ല മാതൃക, അവരുടെ ആത്മനിയന്ത്രണം അനുകരിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ നല്ല പെരുമാറ്റം അവർക്കും ഒരു പ്രോത്സാഹനമായിരിക്കുമെന്ന് ഓർക്കുക. നിങ്ങൾ സ്വായത്തമാക്കുന്ന ആത്മനിയന്ത്രണം, ദൈവാംഗീകാരം നേടാനും ജീവിതം ആസ്വദിക്കാനും പ്രിയപ്പെട്ടവരുമായി നല്ല ബന്ധങ്ങളുണ്ടായിരിക്കാനും നിങ്ങളെ സഹായിക്കും.