നാം ജീവിക്കുന്നത് യഥാർഥത്തിൽ ‘അന്ത്യകാലത്താണോ?’
ലോകം സാക്ഷ്യം വഹിക്കുന്ന രണ്ടുതരം മാറ്റങ്ങൾ, ബൈബിൾ അന്ത്യകാലം എന്നു വിളിക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. “ലോകാവസാന”കാലത്ത്, ശ്രദ്ധേയമായ ചില സംഭവങ്ങൾ അരങ്ങേറുമെന്ന് തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മത്തായി 24:3) അതുപോലെ, “അന്ത്യകാല”ത്ത് ആളുകളുടെ മനോഭാവത്തിലും പ്രവൃത്തിയിലും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ബൈബിൾ പ്രവചിച്ചിട്ടുണ്ട്.—2 തിമൊഥെയൊസ് 3:1.
ലോകസംഭവങ്ങളും ആളുകളുടെ സ്വഭാവവും, നാം ജീവിക്കുന്നത് അന്ത്യകാലത്താണെന്നും ദൈവത്തെ സ്നേഹിക്കുന്നവർക്ക് ദൈവരാജ്യം പെട്ടെന്നുതന്നെ നിത്യാനുഗ്രഹങ്ങൾ കൈവരുത്തുമെന്നും തെളിയിക്കുന്നു. അന്ത്യകാലത്തിന്റെ അടയാളമെന്ന നിലയിൽ യേശു പറഞ്ഞ മൂന്നു സംഗതികൾ പരിശോധിച്ചുകൊണ്ടു നമുക്കു തുടങ്ങാം.
‘ഈറ്റുനോവിന്റെ ആരംഭം’
യേശു പറഞ്ഞു: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.” എന്നിട്ട് ഇങ്ങനെ തുടർന്നു: “ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.” (മത്തായി 24:7, 8) ഇവ ഓരോന്നായി നമുക്കു പരിശോധിച്ചു നോക്കാം.
യുദ്ധങ്ങളിലും വംശീയ കലാപങ്ങളിലുമായി ഒട്ടനവധി ആളുകൾ കഴിഞ്ഞ നൂറ്റാണ്ടിൽ മൃഗീയമായി കൊല്ലപ്പെട്ടു. വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു വിദഗ്ധ റിപ്പോർട്ടു പറയുന്ന പ്രകാരം “[20-ാം] നൂറ്റാണ്ടിലെ യുദ്ധങ്ങളിൽ മരിച്ചവരുടെ എണ്ണം, എഡി ഒന്നാം നൂറ്റാണ്ടു മുതൽ 1899 വരെ നടന്ന മൊത്തം യുദ്ധങ്ങളിൽ മരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ്.” മാനവരാശി—ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ധാർമിക ചരിത്രം (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ജോനഥൻ ഗ്ലോവർ പറയുന്നു: “ഒരു കണക്കനുസരിച്ച്, 1900 മുതൽ 1989 വരെയുള്ള കാലഘട്ടത്തിൽ 8.6 കോടി ആളുകൾ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങളിൽ മരണമടഞ്ഞവരുടെ എണ്ണം അതിഭീമമാണ്, സങ്കൽപ്പിക്കാൻ പോലും വയ്യാത്തത്ര വലുത്. മരണസംഖ്യയുടെ ശരാശരി കണക്കാക്കുന്നതിൽ അർഥമില്ല. കാരണം, അതിൽ ഏതാണ്ട് മൂന്നിൽ രണ്ടു ഭാഗവും (5.8 കോടി) രണ്ടു ലോകയുദ്ധങ്ങളിൽ മാത്രമായി കൊല്ലപ്പെട്ടവരാണ്. എന്നാൽ, ഈ മരണസംഖ്യയെ 90 വർഷ കാലയളവിലേക്കു തുല്യമായി വിഭാഗിക്കുകയാണെങ്കിൽ, ദിവസവും ഏതാണ്ട് 2,500 പേർ യുദ്ധം നിമിത്തം കൊല്ലപ്പെട്ടിട്ടുണ്ട്. അതായത് ഓരോ മണിക്കൂറിലും 100-ലേറെ മരണം.” കോടിക്കണക്കിനു വരുന്ന ബന്ധുമിത്രാദികൾക്ക് ഈ മരണങ്ങൾ ഉളവാക്കിയ ദുഃഖവും വേദനയും നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ?
ലോകം ഇന്ന് ധാരാളം ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും, അന്ത്യകാലത്തിന്റെ ലക്ഷണങ്ങളിൽ ഭക്ഷ്യദൗർലഭ്യവും ഉൾപ്പെട്ടിട്ടുണ്ട്. ഗവേഷകരുടെ അഭിപ്രായത്തിൽ, കഴിഞ്ഞ 30 വർഷങ്ങളിലെ ഭക്ഷ്യോത്പാദനത്തിന്റെ നിരക്ക് ജനസംഖ്യാവർധനയുടെ നിരക്കിനെക്കാൾ കൂടുതലാണ്. എന്നിട്ടും ലോകത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷണദൗർലഭ്യം സാധാരണമാണ്. കാരണം, പലർക്കും കൃഷിചെയ്യാൻ ആവശ്യത്തിനു ഭൂമിയില്ല അല്ലെങ്കിൽ ഭക്ഷണം വാങ്ങാനുള്ള പണമില്ല. വികസ്വര രാജ്യങ്ങളിൽ കോടാനുകോടി ആളുകൾ തുച്ഛമായ വരുമാനംകൊണ്ടാണു കഴിഞ്ഞുകൂടുന്നത്. ഇതിൽത്തന്നെ 78 കോടിയോളം പേർ കൊടുംപട്ടിണിയിലാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്, വികലപോഷണം വർഷംതോറും 50 ലക്ഷത്തിനുമേൽ കുട്ടികളുടെ മരണത്തിൽ ഒരു പ്രമുഖ പങ്കുവഹിക്കുന്നു.
ബൈബിളിൽ പ്രവചിച്ചിരിക്കുന്ന ഭൂകമ്പങ്ങളെക്കുറിച്ച് എന്തു പറയാൻ സാധിക്കും? യു.എസ്. ജിയോളജിക്കൽ സർവേ അനുസരിച്ച്, കെട്ടിടങ്ങൾ തകർക്കാൻപോന്ന ശരാശരി 17 ഭൂകമ്പങ്ങൾ വർഷംതോറും ഉണ്ടായിട്ടുണ്ട്, 1990 മുതലുള്ള കണക്കാണിത്. ശരാശരി കണക്കാക്കിയാൽ കെട്ടിടങ്ങൾ ഏതാണ്ട് മുഴുവനായിത്തന്നെ തകർക്കാൻ ശക്തിയുള്ള ഭൂകമ്പങ്ങൾ വർഷത്തിൽ ഒരെണ്ണം വീതം ഉണ്ടായിട്ടുണ്ട്. “കഴിഞ്ഞ നൂറു വർഷങ്ങളിൽ ഭൂകമ്പങ്ങൾ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ചിട്ടുണ്ട്” എന്ന് മറ്റൊരു ഉറവിടം പറയുന്നു. അതിന്റെ കാരണങ്ങളിലൊന്ന് 1914 മുതൽ വലിയ അധിവാസകേന്ദ്രങ്ങളിൽ പലതും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്.
മറ്റു പ്രധാനപ്പെട്ട സംഭവവികാസങ്ങൾ
യേശു പറഞ്ഞു: ‘മഹാവ്യാധികൾ അവിടവിടെ ഉണ്ടാകും.’ (ലൂക്കൊസ് 21:11) വൈദ്യശാസ്ത്രം ഇന്ന് മുമ്പെന്നത്തെക്കാളും അധികം പുരോഗമിച്ചിട്ടുണ്ട്. എന്നിട്ടും പഴയതും പുതിയതുമായ രോഗങ്ങൾ മനുഷ്യവർഗത്തിന്മേൽ സംഹാരതാണ്ഡവമാടുകയാണ്. യു.എസ്. നാഷണൽ ഇന്റെലിജൻസ് കൗൺസിലിന്റെ ഒരു ഡോക്യുമെന്റ് ഇപ്രകാരം പ്രസ്താവിക്കുന്നു: “1973 മുതൽ ക്ഷയം, മലമ്പനി, കോളറ തുടങ്ങി വ്യാപകമായി അറിയപ്പെടുന്ന 20 രോഗങ്ങൾ വീണ്ടും തലപൊക്കുകയോ, കൂടുതൽ പ്രദേശങ്ങളിലേക്കു പടരുകയോ ചെയ്തിട്ടുണ്ട്. മിക്കപ്പോഴും ഇവ കൂടുതൽ വിനാശകാരികളും ഔഷധ പ്രതിരോധശേഷി നേടിയിട്ടുള്ളവയുമാണ്. 1973 മുതൽ 30 പുതിയ രോഗകാരികളെയെങ്കിലും കണ്ടെത്തിയിട്ടുണ്ട്. എച്ച്ഐവി, ഇബോള വൈറസ്, ഹെപ്പറ്റൈറ്റിസ്-സി വൈറസ്, നിപാ വൈറസ് എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. ഇവയ്ക്കാകട്ടെ ഇതുവരെ ചികിത്സയുമില്ല.” 2000 ജൂൺ 28 ലെ റെഡ്ക്രോസ് റിപ്പോർട്ട് അനുസരിച്ച്, പോയവർഷം പകർച്ചവ്യാധികൾ മൂലം മരണമടഞ്ഞവരുടെ എണ്ണം പ്രകൃതി വിപത്തുകൾ മൂലം മരണമടഞ്ഞവരുടെ എണ്ണത്തിന്റെ ഏതാണ്ട് 160 മടങ്ങായിരുന്നു.
“അധർമ്മം പെരുകുന്നതു” അന്ത്യകാലത്തിന്റെ ശ്രദ്ധേയമായ മറ്റൊരു ലക്ഷണമാണ്. (മത്തായി 24:12) ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ആളുകൾ എപ്പോഴും തങ്ങളുടെ വീടു പൂട്ടിയിടുന്നു, രാത്രിയിൽ തെരുവിലൂടെ പോകാൻ അവർക്ക് ഭയവുമാണ്. ഇനിയും, നമുക്കു ചുറ്റുമുള്ള വായു, ജലം, കര എന്നിവ മലിനമായിക്കൊണ്ടിരിക്കുകയാണ്. മിക്കപ്പോഴും നിയമവിരുദ്ധ നടപടികൾമൂലം സംഭവിക്കുന്ന ഈ മലിനീകരണവും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതിന്റെ നിവൃത്തിയാണ്. ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാൻ’ ഉള്ള ദൈവത്തിന്റെ നിശ്ചിത സമയത്തെക്കുറിച്ച് വെളിപ്പാടു പുസ്തകം പറയുന്നു.—വെളിപ്പാടു 11:18.
അന്ത്യകാലത്തെ ആളുകളുടെ സ്വഭാവ വിശേഷതകൾ
ദയവായി നിങ്ങളുടെ ബൈബിൾ തുറന്ന് 2 തിമൊഥെയൊസ് 3:1-5 വരെയുള്ള ഭാഗങ്ങൾ വായിക്കുക. അപ്പൊസ്തലനായ പൗലൊസ് എഴുതുന്നു: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും.” തുടർന്നവൻ ആ കാലത്തു ജീവിക്കുന്ന അഭക്തരായ ആളുകളെ തിരിച്ചറിയിക്കുന്ന 20 വ്യക്തിത്വ സവിശേഷതകൾ പട്ടികപ്പെടുത്തുന്നു. അതിൽ ചിലത് നിങ്ങളുടെ പ്രദേശത്തുള്ളവരിലും കാണാൻ സാധിച്ചിട്ടുണ്ടോ? ഇന്നത്തെ ആളുകളുടെ സ്വഭാവത്തെക്കുറിച്ച് അടുത്തകാലത്ത് വന്ന ചില പ്രസ്താവനകൾ പരിശോധിക്കാം.
‘സ്വസ്നേഹികൾ.’ (2 തിമൊഥെയൊസ് 3:2) “മുമ്പില്ലാത്ത വിധം, [ആളുകൾ] സ്വന്തം കാര്യം നടക്കണമെന്നു നിർബന്ധം പിടിക്കുന്നു. [അവർ] ദൈവങ്ങളായി മാറുന്നു, മറ്റുള്ളവർ അവരെ അങ്ങനെ കരുതണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.”—ഇംഗ്ലണ്ടിലെ വർത്തമാനപത്രമായ ഫിനാൻഷ്യൽ ടൈംസ്.
‘ദ്രവ്യാഗ്രഹികൾ.’ (2 തിമൊഥെയൊസ് 3:2) “അടുത്ത കാലത്ത് ഭൗതികത്വത്തിന്റേതായ സ്വാർഥ മനോഭാവം വിനയത്തെ കീഴ്പെടുത്തിയിരിക്കുന്നു. നിങ്ങളെ ഒരു ധനികനായി സമൂഹം കാണുന്നില്ലെങ്കിൽ ജീവിച്ചിരിക്കുന്നതിൽ യാതൊരു അർഥവുമില്ല.”—ഇന്തൊനീഷ്യയിലെ വർത്തമാനപത്രമായ ജക്കാർത്ത പോസ്റ്റ്.
‘അമ്മയപ്പന്മാരെ അനുസരിക്കാത്തവർ.’ (2 തിമൊഥെയൊസ് 3:2) “4 വയസ്സുള്ള കുട്ടി [ഫ്രാൻസിലെ രാജാവായിരുന്ന] ലൂയി പതിന്നാലാമനെപ്പോലെ ആജ്ഞാപിക്കുമ്പോൾ അല്ലെങ്കിൽ 8 വയസ്സുകാരൻ ‘എനിക്ക് നിങ്ങളെ വെറുപ്പാണ്’ എന്ന് ആക്രോശിക്കുമ്പോൾ മാതാപിതാക്കൾ അന്ധാളിച്ചുപോകുന്നു.”—ഐക്യനാടുകളിലെ മാസികയായ അമേരിക്കൻ എജുക്കേറ്റർ.
‘അശുദ്ധർ [“അവിശ്വസ്തർ,” NW].’ (2 തിമൊഥെയൊസ് 3:2) “ഇണകളെയും കുട്ടികളെയും ഉപേക്ഷിച്ചു പോകാനുള്ള പ്രവണത പുരുഷന്മാർക്കിടയിൽ ഇന്നു വളരെ കൂടുതലാണ്. ഒരുപക്ഷേ [കഴിഞ്ഞ 40 വർഷത്തിനുള്ളിൽ] ധാർമിക മൂല്യങ്ങളിലുണ്ടായ ഏറ്റവും വലിയ മാറ്റമായിരിക്കാം ഇത്.”—ഐക്യനാടുകളിലെ മാസികയായ വിൽസൺ ക്വോർട്ടേർലി.
‘വാത്സല്യമില്ലാത്തവർ.’ (2 തിമൊഥെയൊസ് 3:3) “ലോകമെമ്പാടുമുള്ള സമൂഹങ്ങളിൽ കുടുംബത്തിനുള്ളിലെ അക്രമം ദൈനംദിന ജീവിതത്തിലെ പ്രമുഖ ഘടകമാണ്.”—ഐക്യനാടുകളിലെ മാസികയായ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ.
‘അജിതേന്ദ്രിയന്മാർ’ അഥവാ ആത്മനിയന്ത്രണമില്ലാത്തവർ. (2 തിമൊഥെയൊസ് 3:3) “ആത്മനിയന്ത്രണത്തിന്റെയും ധാർമികമൂല്യങ്ങളോടു പറ്റിനിൽക്കാനുള്ള നിശ്ചയദാർഢ്യത്തിന്റെയും അഭാവം, സഹമനുഷ്യരോടും എന്തിന്, തങ്ങളോടുതന്നെയുമുള്ള ദയാരാഹിത്യം ഇവയെല്ലാം പ്രതിഫലിപ്പിക്കുന്നതാണ് ദിവസവും രാവിലെ പത്രങ്ങളുടെ തലക്കെട്ടുകളായി വരുന്ന പല വാർത്തകളും. . . . നമ്മുടെ സമൂഹം ഇപ്പോൾ ചെയ്യുന്നതുപോലെ തുടർന്നും അക്രമപ്രവണതയ്ക്ക് കൂട്ടുനിൽക്കുകയാണെങ്കിൽ അധികം താമസിയാതെ നമ്മുടെയിടയിൽനിന്ന് ധാർമിക മൂല്യങ്ങൾ അപ്പാടെ അപ്രത്യക്ഷമാകും.”—തായ്ലൻഡിലെ വർത്തമാനപത്രമായ ബാങ്കോക്ക് പോസ്റ്റ.
‘ഉഗ്രന്മാർ.’ (2 തിമൊഥെയൊസ് 3:3) “വണ്ടിയോടിക്കുന്നവർക്കിടയിലും കുടുംബത്തിൽ അരങ്ങേറുന്ന ദുഷ്പെരുമാറ്റങ്ങളിലും . . . പലപ്പോഴും കുറ്റകൃത്യത്തോടൊപ്പം അരങ്ങേറുന്ന . . . അനാവശ്യമായ അക്രമത്തിലും, അന്യായമായ ദേഷ്യവും അനിയന്ത്രിതമായ ക്രോധവും പ്രകടമാണ്. എപ്പോൾ, എങ്ങനെ വേണമെങ്കിലും അക്രമം പൊട്ടിപ്പുറപ്പെടാം. ഫലമോ, മനുഷ്യബന്ധങ്ങളിലെ ഇഴയടുപ്പം നഷ്ടമാകുന്നു, ആളുകൾക്ക് യാതൊരു സുരക്ഷിതത്വവും തോന്നുന്നില്ല.”—ദക്ഷിണാഫ്രിക്കയിലെ വർത്തമാനപത്രമായ ബിസിനസ്സ് ഡേ.
‘ദൈവപ്രിയമില്ലാത്ത ഭോഗപ്രിയർ.’ (2 തിമൊഥെയൊസ് 3:4, 5) “ലൈംഗിക സ്വാതന്ത്ര്യം ഒരു ധർമവിപ്ലവമായിത്തീർന്നിരിക്കുന്നു, ക്രിസ്തീയ ധാർമികത അതിന്റെ ശത്രുവും.”—ഒരു ഇന്റർനെറ്റ് മാസികയായ ബൗൺഡ്ലസ്.
‘ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവർ.’ (2 തിമൊഥെയൊസ് 3:5) “[വേശ്യാവൃത്തിക്ക്] നിയമാംഗീകാരം കൊടുക്കുന്നതിനെതിരെ കൂടുതലും രംഗത്തുവരുന്നതു മതസംഘടനകളാണെന്ന് [നെതർലൻഡ്സിലെ ഒരു മുൻ വേശ്യ] പറഞ്ഞു. എന്നാൽ, മുമ്പ് ഒരു വേശ്യ ആയിരുന്നപ്പോൾ തന്റെ പതിവുകാരിൽ പലരും [മത]ശുശ്രൂഷകർ ആയിരുന്നുവെന്ന് ഒരു ചെറുപുഞ്ചിരിയോടെ അവൾ പറഞ്ഞു. ‘വേശ്യകൾ എപ്പോഴും പറയാറുണ്ട് അവരുടെ ഏറ്റവും നല്ല ഇടപാടുകാർ മതാനുസാരികൾ ആണെന്ന്,’ ഇതു പറഞ്ഞവൾ ചിരിച്ചു.”—ഐക്യനാടുകളിലെ വർത്തമാനപത്രമായ നാഷണൽ കാത്തലിക് റിപ്പോർട്ടർ.
ഭാവിയെന്തായിരിക്കും?
ബൈബിൾ പ്രവചിച്ചതുപോലെതന്നെ ഇന്നു ലോകം പ്രശ്നപൂരിതമാണ്. എന്നിരുന്നാലും, ‘[ക്രിസ്തുവിന്റെ] വരവിന്റെയും ലോകാവസാനത്തിന്റെയും അടയാളത്തെ’ സംബന്ധിച്ച പ്രവചനം ക്രിയാത്മകമായ ഒരു പ്രവർത്തനത്തെക്കുറിച്ചും പറയുന്നുണ്ട്. യേശു പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും.” (മത്തായി 24:3, 14) 230-ലധികം രാജ്യങ്ങളിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കപ്പെട്ടുകൊണ്ടാണിരിക്കുന്നത്. “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും” നിന്നുള്ള 60 ലക്ഷത്തിലധികം പേർ ദൈവരാജ്യത്തെക്കുറിച്ചു ഘോഷിക്കുന്നതിൽ സതീക്ഷ്ണം പങ്കുപറ്റുന്നു. (വെളിപ്പാടു 7:9) അവരുടെ തീക്ഷ്ണതയുള്ള പ്രവർത്തനത്തിന്റെ ഫലമെന്താണ്? ദൈവരാജ്യം എന്താണ്, അതെന്തു ചെയ്യും, അതിന്റെ അനുഗ്രഹങ്ങൾ എങ്ങനെ ആസ്വദിക്കാനാകും എന്നെല്ലാമുള്ള സന്ദേശം ഭൂമിയിൽ മിക്കവാറും എല്ലാവർക്കുംതന്നെ ലഭ്യമാണ് എന്നതാണത്. അതേ, ‘അന്ത്യകാലത്ത് [യഥാർഥ] ജ്ഞാനം വർദ്ധിച്ചിരിക്കുന്നു.’—ദാനീയേൽ 12:4.
ഈ ജ്ഞാനം സമ്പാദിക്കുന്നതിന് നിങ്ങൾക്ക് നല്ല കാരണമുണ്ട്. യഹോവ ആഗ്രഹിക്കുന്ന അളവോളം സുവിശേഷം പ്രസംഗിക്കപ്പെട്ടു കഴിയുമ്പോൾ എന്തു സംഭവിക്കുമെന്നു പരിചിന്തിക്കുക. യേശു പറഞ്ഞു: “അപ്പോൾ അവസാനം വരും.” (മത്തായി 24:14) ഭൂമിയിൽ നിന്ന് സകല ദുഷ്ടതയും തുടച്ചു നീക്കാനുള്ള ദൈവത്തിന്റെ സമയമായിരിക്കും അത്. സദൃശവാക്യങ്ങൾ 2:22 പ്രസ്താവിക്കുന്നു: “ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.” സാത്താനും അവന്റെ ഭൂതഗണങ്ങൾക്കും എന്തു സംഭവിക്കും? അവരെ അഗാധത്തിലേക്കു തള്ളിയിടും. അവിടെ ആയിരിക്കെ അവർക്ക് മേലാൽ ജനതകളെ വഞ്ചിക്കാൻ കഴിയില്ല. (വെളിപ്പാടു 20:1-3) അങ്ങനെ, ‘നേരുള്ളവരും . . . നിഷ്കളങ്കന്മാരും’ ഭൂമിയിൽ ‘ശേഷിക്കുകയും’ അവർ ദൈവരാജ്യത്തിന്റെ മഹത്തായ അനുഗ്രഹങ്ങൾ ആസ്വദിക്കുകയും ചെയ്യും.—സദൃശവാക്യങ്ങൾ 2:21; വെളിപ്പാടു 21:3-5.
നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
സാത്താന്റെ വ്യവസ്ഥിതിയുടെ അന്ത്യം വളരെ അടുത്ത് എത്തിയിരിക്കുന്നു എന്നതിന് ഒട്ടും സംശയമില്ല. നാം അന്ത്യകാലത്താണ് ജീവിക്കുന്നത് എന്നതിന്റെ തെളിവുകൾ അവഗണിക്കുന്നവരെ അന്ത്യം അപ്രതീക്ഷിതമായി പിടികൂടും. (മത്തായി 24:37-39; 1 തെസ്സലൊനീക്യർ 5:2) അതുകൊണ്ട് യേശു തന്റെ ശ്രോതാക്കളോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.”—ലൂക്കൊസ് 21:34-36
മനുഷ്യപുത്രനായ യേശുവിന്റെ മുമ്പാകെ ഒരു അംഗീകൃത അവസ്ഥയിൽ നിൽക്കുന്നവർക്കു മാത്രമേ, ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കാനുള്ള പ്രതീക്ഷ ഉണ്ടായിരിക്കൂ. അവശേഷിച്ചിരിക്കുന്ന സമയം നാം യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും അംഗീകാരം നേടാനായി വിനിയോഗിക്കുന്നത് എത്ര പ്രധാനമാണ്! “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു” എന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ യേശു പറഞ്ഞു. (യോഹന്നാൻ 17:3) അതുകൊണ്ട്, നിങ്ങൾ യഹോവയെക്കുറിച്ചും അവന്റെ നിബന്ധനകളെക്കുറിച്ചും കൂടുതലായി പഠിക്കുന്നത് ബുദ്ധിയാണ്. ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന് നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്. അവരുമായി ബന്ധപ്പെടാനോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതാനോ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു.
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
അന്ത്യകാലത്തിന്റെ ലക്ഷണങ്ങൾ
മുഖ്യ സംഭവവികാസങ്ങൾ:
▪ യുദ്ധങ്ങൾ.—മത്തായി 24:6, 7.
▪ ക്ഷാമം.—മത്തായി 24:7.
▪ ഭൂകമ്പങ്ങൾ.—മത്തായി 24:7.
▪ മഹാവ്യാധികൾ.—ലൂക്കൊസ് 21:11.
▪ പെരുകുന്ന അധർമം.—മത്തായി 24:12
▪ ഭൂമിയെ നശിപ്പിക്കുന്നു.—വെളിപ്പാടു 11:18
ആളുകൾ:
▪ സ്വസ്നേഹികൾ. —2 തിമൊഥെയൊസ് 3:2.
▪ ദ്രവ്യാഗ്രഹികൾ. —2 തിമൊഥെയൊസ് 3:2
▪ അഹങ്കാരികൾ. —2 തിമൊഥെയൊസ് 3:2
▪ അമ്മയപ്പന്മാരെ അനുസരിക്കാത്തവർ. —2 തിമൊഥെയൊസ് 3:2.
▪ നന്ദികെട്ടവർ. —2 തിമൊഥെയൊസ് 3:2.
▪ അവിശ്വസ്തർ. —2 തിമൊഥെയൊസ് 3:2, NW.
▪ വാത്സല്യമില്ലാത്തവർ. —2 തിമൊഥെയൊസ് 3:3.
▪ ആത്മനിയന്ത്രണമില്ലാത്തവർ.—2 തിമൊഥെയൊസ് 3:3.
▪ ഉഗ്രന്മാർ. —2 തിമൊഥെയൊസ് 3:3.
▪ ഭോഗപ്രിയർ. —2 തിമൊഥെയൊസ് 3:5.
▪ കപടഭക്തർ. —2 തിമൊഥെയൊസ് 3:5.
സത്യാരാധകർ:
▪ അവരുടെ ജ്ഞാനം വർധിച്ചിരിക്കുന്നു.—ദാനീയേൽ 12:4.
▪ ലോകവ്യാപകമായി സുവാർത്ത പ്രസംഗിക്കുന്നു.—മത്തായി 24:14.
[കടപ്പാട്]
UNITED NATIONS/Photo by F. GRIFFING