എങ്ങനെ വിജയപ്രദനായ ഒരു പിതാവായിരിക്കാം
“വിജയപ്രദനായ ഒരു പിതാവായിരിക്കാൻ എന്താണാവശ്യമായിരിക്കുന്നത് എന്ന് ഞാൻ നിന്നോട് പറയാം,” അഞ്ചു പേരുടെ പിതാവായ റെയ്മണ്ട് പറയുന്നു. “രക്തം, അദ്ധ്വാനം, കണ്ണുനീർ, വിയർപ്പ്!”
റെയ്മണ്ടിന്റെ ഭാര്യ മുഴുഹൃദയത്തോടെ സമ്മതിക്കുന്നു. അവൾ കൂട്ടിച്ചേർക്കുന്നു: “ഇക്കാലത്ത് മക്കളെ വളർത്തുന്നത് എളുപ്പമല്ല, എന്നാൽ അവർ ഉത്തരവാദിത്വമുള്ള മുതിർന്നവരായി വളർന്നുവരുന്നത് നിങ്ങൾ കാണുമ്പോൾ അതിനായുള്ള പോരാട്ടം തക്കമൂല്യമുള്ളതുതന്നെയാണ്.”
മക്കളെ വളർത്തൽ ഒരിക്കലും തികച്ചും ഉൽക്കണ്ഠാ വിമുക്തമായിരുന്നിട്ടില്ല. എന്നിരുന്നാലും ഇന്ന് അനേകം മാതാപിതാക്കൻമാരുടെ കാര്യത്തിൽ മക്കളെ വളർത്തൽ വളരെ കുഴപ്പം നിറഞ്ഞതായിത്തീർന്നിരിക്കുന്നുവെന്നു തോന്നുന്നു. “ഇന്ന് ജീവിതം കൂടുതൽ സങ്കീർണ്ണമായിത്തീർന്നിരിക്കുന്നതുകൊണ്ട് ഇക്കാലത്ത് ഒരു മാതാവായിരിക്കുന്നത് എന്റെ മാതാപിതാക്കൻമാരുടെ കാലത്തേതിലും പ്രയാസമേറിയതാണ് എന്ന് ഞാൻ വിചാരിക്കുന്നു. 40 വയസ്സുള്ളവളും ഒരു കൗമാരപ്രായക്കാരന്റെ അമ്മയുമായ ഇലൈൻ പറയുന്നതാണിത്. “എപ്പോൾ കർശനം പാലിക്കണമെന്നും എപ്പോൾ അയവ് കാട്ടണമെന്നും നിങ്ങൾക്ക് എപ്പോഴും അറിവില്ല.”
വിജയപ്രദനായ ഒരു പിതാവ് ആരാണ്?
ദൈവത്തെ ആരാധിക്കുന്നതിൽ സജീവമായി തുടരുകയും തന്റെ സമസൃഷ്ടിയോട് സ്നേഹം പ്രകടമാക്കുകയും ചെയ്യുന്ന ഉത്തരവാദിത്വമുള്ള ഒരാളായിത്തീരാൻ കുട്ടിക്ക് സകല അവസരവും ലഭിക്കത്തക്കവിധം തന്റെ കുട്ടിയെ വളർത്തുന്ന ഒരുവനാണ് വിജയപ്രദനായ ഒരു പിതാവ്. (മത്തായി 22:37-39) എന്നിരുന്നാലും എല്ലാ കുട്ടികളും ക്രമത്തിൽ ഉത്തരവാദിത്വമുള്ള മുതിർന്നവരായിത്തീരുന്നില്ലെന്നുള്ളത് സങ്കടകരം തന്നെ. എന്തുകൊണ്ട്? ഇത് സംഭവിക്കുന്നത് എല്ലായ്പ്പോഴും മാതാപിതാക്കളുടെ കുററമാണോ?
ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. ഒരു ബിൽഡിംഗ് കോൺട്രാക്ററർക്ക് ഏററവും നല്ല ബ്ളൂപ്രിൻറുകളും നിർമ്മാണ വസ്തുക്കളും കൈവശമുണ്ടായിരിക്കാം. എന്നാൽ ഒരുപക്ഷേ കുറുക്കുവഴികൾ തേടിക്കൊണ്ടും ഗുണമേൻമയുള്ള നിർമ്മാണവസ്തുക്കൾക്കു പകരം ഗുണം കുറഞ്ഞവ ഉപയോഗിക്കാൻ അനുവദിച്ചുകൊണ്ടുപോലും ബ്ളൂപ്രിൻറുകൾ അനുസരിക്കാൻ കോൺട്രാക്ററർ വിസമ്മതിക്കുന്നുവെങ്കിൽ എന്തായിരിക്കും ഫലം? പൂർത്തിയാകുന്ന കെട്ടിടം കേടുള്ളതോ അപകടകരം പോലുമോ ആയിരിക്കയില്ലേ? എന്നിരുന്നാലും കോൺട്രാക്ററർ മന:സാക്ഷി ബോധത്തോടെ ബ്ളൂപ്രിൻറ് അനുസരിക്കാനും ഗുണമേൻമയുള്ള നിർമ്മാണ വസ്തുക്കൾ ഉപയോഗിക്കാനും കഠിനയത്നം ചെയ്തുവെന്ന് സങ്കൽപ്പിക്കുക. പൂർത്തിയായ കെട്ടിടത്തിന്റെ ഉടമസ്ഥന് അത് ശരിയായി സൂക്ഷിക്കാനുള്ള ഒരു ഉത്തരവാദിത്വം ഇപ്പോൾ ഉണ്ടായിരിക്കയില്ലേ? ഗുണമേൻമയുള്ള വസ്തുക്കൾ പൊളിച്ചുമാററി പകരം ഗുണം കുറഞ്ഞവ സ്ഥാപിക്കാതിരിക്കാനുള്ള ഒരു ഉത്തരവാദിത്തവും അയാൾക്കുണ്ടായിരിക്കയില്ലേ?
ഒരു ആലങ്കാരിക വിധത്തിൽ മാതാപിതാക്കൾ ഒരു നിർമ്മാണവേലയിൽ ഉൾപ്പെട്ടിരിക്കയാണ്. അവർ തങ്ങളുടെ മക്കളിൽ നല്ല വ്യക്തിത്വങ്ങൾ പണിതു ചേർക്കാൻ ആഗ്രഹിക്കുന്നു. ഇതിനുള്ള ഏററം നല്ല ബ്ളൂപ്രിൻറ് ബൈബിൾ പ്രദാനം ചെയ്യുന്നു. ഗുണമേൻമയുള്ള വസ്തുക്കളായ “പൊന്ന്, വെള്ളി, വിലയേറിയ കല്ലുകൾ” എന്നിവയെ തിരുവെഴുത്തുകളിൽ ശക്തമായ വിശ്വാസം, ദൈവിക ജ്ഞാനം, ആത്മീയ വിവേചന, വിശ്വസ്തത, സർവ്വശക്തനായ ദൈവത്തോടും അവന്റെ നിയമങ്ങളോടുമുള്ള സ്നേഹനിർഭരമായ വിലമതിപ്പ് എന്നിങ്ങനെയുള്ള ഗുണങ്ങളോട് ഉപമിച്ചിരിക്കുന്നു.—1 കൊരിന്ത്യർ 3:10-13; സങ്കീർത്തനം 19:7-11; സദൃശവാക്യങ്ങൾ 2:1-6; 1 പത്രോസ് 1:6, 7 താരതമ്യപ്പെടുത്തുക.
കുട്ടിയും പ്രായമേറിവരുമ്പോൾ തന്നിൽത്തന്നെ ഒരു യഥാർത്ഥ നിഷ്ക്കളങ്ക വ്യക്തിത്വം കെട്ടുപണിചെയ്യുന്നതിന് അധികമധികം ഉത്തരവാദിത്വം കയ്യേൽക്കുന്നു. അവനും അതേ ബ്ളൂപ്രിൻറായ ദൈവവചനം അനുസരിക്കാനും തന്റെ മാതാപിതാക്കൾ ഉപയോഗിച്ച ഗുണമേൻമയുള്ള അതേ വസ്തുക്കൾ ഉപയോഗിക്കാനും സന്നദ്ധനായിരിക്കണം. കുട്ടി പ്രായപൂർത്തിയായ ഒരു ചെറുപ്പക്കാരനായിത്തീരുമ്പോൾ ഇത് ചെയ്യാൻ വിസമ്മതിക്കുകയോ അങ്ങനെയുള്ള നല്ല നിർമ്മാണവേലയെ പൊളിച്ചുകളയുകയോ ആണെങ്കിൽ അപ്പോൾ തൽഫലമായുള്ള വിപത്തിന് അവൻ കുററക്കാരനായിരിക്കും.—ആവർത്തനം 32:5.
അത് പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്?
ഇക്കാലത്ത് ഒരു വിജയപ്രദനായ പിതാവായിരിക്കുന്നത് കുറഞ്ഞപക്ഷം രണ്ട് കാരണങ്ങളാൽ പ്രയാസമാണ്. ഒന്നാമത്, മാതാപിതാക്കൻമാരും കുട്ടികളും അപൂർണ്ണരാണ്, അവർ തെററു ചെയ്യുന്നു. മിക്കപ്പോഴും ബൈബിൾ പാപം ചെയ്യൽ എന്ന് വിളിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു, പാപംചെയ്യാനുള്ള പ്രവണത അവകാശപ്പെടുത്തുന്നതുമാണ്.—റോമർ 5:12.
രണ്ടാമത്തെ കാരണം ഇതാണ്: വളർന്നുകൊണ്ടിരിക്കുന്ന കുട്ടികൾ മാതാപിതാക്കൻമാരാൽ മാത്രമല്ല സ്വാധീനിക്കപ്പെടുന്നത്. കുട്ടിയുടെ മൂല്യങ്ങളിൻമേലും ജീവിത വീക്ഷണത്തിൻമേലും മുഴുജനസമുദായത്തിനും കുറെ സ്വാധീനമുണ്ട്. ഇതിന്റെ വീക്ഷണത്തിൽ, നമ്മുടെ നാളിനെ സംബന്ധിച്ച പൗലോസിന്റെ പ്രവചനം മാതാപിതാക്കൾക്ക് താൽപ്പര്യമുള്ളതാണ്. അവൻ പറഞ്ഞു: “നിങ്ങൾ ഈ വസ്തുതയെ അഭിമുഖീകരിക്കണം: ഈ ലോകത്തിന്റെ അന്തിമയുഗം കുഴപ്പങ്ങളുടെ ഒരു സമയമായിരിക്കേണ്ടതാണ്. മനുഷ്യർ പണത്തെയും തങ്ങളെത്തന്നെയുമല്ലാതെ മറെറാന്നിനെയും സേവിക്കയില്ല; അവർ അഹങ്കാരികളും പൊങ്ങച്ചം പറയുന്നവരും അസഭ്യം പറയുന്നവരും ആയിരിക്കും; മാതാപിതാക്കൻമാരോട് ആദരവില്ല, നന്ദിയില്ല, ഭക്തിയില്ല, സ്വാഭാവികപ്രിയമില്ല; അവർ ഒടുങ്ങാ പകയുള്ളവരും അപവാദപ്രിയരും അനിയന്ത്രിതരും ഉഗ്രൻമാരും സകല നൻമക്കും അപരിചിതരും ദ്രോഹികളും സാഹസപ്രിയരും അഹംഭാവത്താൽ ചീർത്തവരും ആയിരിക്കും. അവർ ദൈവത്തിന്റെ സ്ഥാനത്ത് ഉല്ലാസത്തെ വെക്കുന്ന മനുഷ്യർ, മതത്തിന്റെ ബാഹ്യരൂപം നിലനിർത്തുന്നവരെങ്കിലും അതിന്റെ യാഥാർത്ഥ്യത്തിന്റെ സ്ഥിരമായ നിഷേധവും ആയ മനുഷ്യർ ആയിരിക്കും. ഇങ്ങനെയുള്ള മനുഷ്യരെ വിട്ടുമാറുക.” (ഇററാലിക്സ് ഞങ്ങളുടെത്)—2 തിമൊഥെയോസ് 3:1-5, ന്യൂ ഇംഗ്ലീഷ് ബൈബിൾ.
ഇത്തരം കേടുള്ള നൂലുകൾ ചേർന്ന് നെയ്തുണ്ടാക്കിയിരിക്കുന്ന ഇന്നത്തെ ജനസമുദായത്തിൽ ചില മാതാപിതാക്കൾ നിരാശപ്പെട്ട് മക്കളെ വളർത്തൽ മിക്കവാറും ഉപേക്ഷിച്ചു കളയുന്നത് അതിശയമാണോ? 1914 എന്ന വർഷത്തേക്ക് പിൻതിരിഞ്ഞ് നോക്കുക. ആ വിധിനിർണ്ണായക വർഷത്തിൽ സമുദായത്തിന് ഒരടിസ്ഥാന മാററമുണ്ടായി, അത് മെച്ചമായ ഒരു മാററമായിരുന്നില്ല. അതിനു ശേഷമുള്ള രണ്ട് ലോകയുദ്ധങ്ങൾ ഭൂമിയിൽനിന്ന് സമാധാനം മാത്രമല്ല തുടച്ചുനീക്കിയിരിക്കുന്നത്. മക്കളെ ഉത്തരവാദിത്വമുള്ള മുതിർന്നവരായി വളർത്തിയെടുക്കുകയെന്ന ധർമ്മം നിറവേററുന്നതിനാവശ്യമായ ധാർമ്മിക വീര്യം ഇന്നത്തെ സമുദായത്തിനില്ല. യഥാർത്ഥത്തിൽ, നീതിഹൃദയികളായ മാതാപിതാക്കൾ, തങ്ങൾ മക്കളെ പഠിപ്പിക്കാനാഗ്രഹിക്കുന്ന മൂല്യങ്ങളോട് ശത്രുത പുലർത്തുന്ന ഒരു സാമൂഹ്യ ചുററുപാടിനെയാണ് അഭിമുഖീകരിക്കുന്നത്.
അങ്ങനെ, മാതാപിതാക്കൾക്ക് തങ്ങളുടെ പക്ഷത്ത് സഹായികൾ ഏറെയില്ല. കഴിഞ്ഞകാലത്ത് മാതാപിതാക്കൾ എന്ന നിലയിൽ തങ്ങളുടെ ഭവനത്തിൽ വില കൽപ്പിച്ചിരുന്ന അതേ അടിസ്ഥാന മൂല്യങ്ങൾ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിന് സഹായമായി പബ്ളിക്ക് സ്കൂളുകളെ കരുതിയിരുന്നു. മേലാൽ അങ്ങനെ യായിരിക്കുന്നില്ല.
“യുവാക്കളുടെമേലുള്ള ഇന്നത്തെ സമ്മർദ്ദങ്ങൾ വ്യത്യസ്തമാണ്” എന്ന് 1960-ൽ ഹൈസ്കൂൾ ബിരുദം നേടിയ ഷേർളി പറയുന്നു. “ഞാൻ ഹൈസ്കൂളിലായിരുന്നപ്പോൾ ഞങ്ങൾക്ക് മയക്കുമരുന്നുകളോ യഥേഷ്ട ലൈംഗികതയോ ഇല്ലായിരുന്നു. 30 വർഷം മുമ്പ്, രഹസ്യമായി ഒന്നു സിഗരററ് വലിക്കുന്നത് മോശമാണെന്ന് കരുതപ്പെട്ടിരുന്നു. എന്റെ മൂത്ത പുത്രി 1977 മുതൽ 1981 വരെ ഹൈസ്കൂളിൽ പഠിച്ചിരുന്നപ്പോൾ മയക്കുമരുന്നുകളുടെ ഉപയോഗം ഒരു വലിയ പ്രശ്നമായിരുന്നു. ഇപ്പോൾ മയക്കുമരുന്നുകൾ പ്രൈമറി സ്കൂളുകളിലേക്കും നുഴഞ്ഞുകയറിയിരിക്കുന്നു. 13 വയസ്സുള്ള എന്റെ ഏററം ഇളയ മകൾക്ക് കഴിഞ്ഞ രണ്ട് വർഷമായി സ്കൂളിൽ ഓരോ ദിവസവും മയക്കുമരുന്ന് സമ്മർദ്ദത്തെ നേരിടേണ്ടി വന്നിട്ടുണ്ട്.”
കൂടാതെ, കഴിഞ്ഞ കാലത്ത് “കുട്ടി”യുടെ പെരുമാററത്തിന് വല്യമ്മ വല്യപ്പൻമാരും ബന്ധുക്കളും അയൽക്കാരും മേൽനോട്ടം വഹിക്കാൻ സഹായിക്കുമെന്ന് മാതാപിതാക്കൾക്ക് പ്രതീക്ഷിക്കാൻ കഴിയുമായിരുന്നു. എന്നാൽ വീണ്ടും അതിനും മാററം വന്നിരിക്കുന്നു. നിരവധി കുടുംബങ്ങളിൽ മാതാപിതാക്കൾ രണ്ടുപേരുമടങ്ങുന്ന ററീം പോലും ഇല്ലെന്ന് പറയാൻ സങ്കടമുണ്ട്. മക്കളെ വളർത്തലിന്റെ മുഴുഭാരവും അവരിൽ ഒരാളുടെ തോളിലാണ് വന്നുചേരുന്നത്.
മാതാപിതാക്കൾക്കുവേണ്ടിയുള്ള വിജയപ്രദമായ ബ്ളൂപ്രിൻറ്
മക്കളെ വളർത്തൽ ഇന്ന് ഏറെ പ്രയാസമാണെങ്കിലും മാതാപിതാക്കൾ ഇന്ന് സുദീർഘമായി വിജയപ്രദമായിരുന്നിട്ടുള്ള ഒരു സഹായിയായി ബൈബിളിനെ പ്രയോജനപ്പെടുത്തുകയാണെങ്കിൽ അവർക്ക് വിജയിക്കാൻ കഴിയും. മാതാപിതാക്കൻമാരുടെ ധർമ്മം നിറവേററുന്നതിനുള്ള നിങ്ങളുടെ ബ്ളൂപ്രിൻറ് അഥവാ കർമ്മ പരിപാടി ദൈവവചനമായിരിക്കാൻ കഴിയും. ബുദ്ധിയുള്ള ഒരു കോൺട്രാക്ററർ ഒരു കെട്ടിടം പണി വിജയകരമായി പൂർത്തീകരിക്കുന്നതിന് ഒരു ബ്ളൂപ്രിൻറ് നന്നായി ഉപയോഗിക്കുന്നതുപോലെ ഉത്തരവാദിത്വമുള്ള മുതിർന്നവരായി നിങ്ങളുടെ മക്കളെ വളർത്തിയെടുക്കുന്നതിനുള്ള വഴികാട്ടിയെന്ന നിലയിൽ നിങ്ങൾക്ക് ബൈബിൾ ഉപയോഗിക്കാൻ കഴിയും. ബൈബിൾ വിജയപ്രദരായ മാതാപിതാക്കൾക്കുവേണ്ടിയുള്ള ഒരു സംഗ്രഹഗ്രൻഥം മാത്രമായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നില്ലെങ്കിലും അതിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും വേണ്ടി നേരിട്ടുള്ള ബുദ്ധിയുപദേശം അടങ്ങിയിരിക്കുന്നു. അത് ഒരു പിതാവോ മാതാവോ എന്ന നിലയിൽ നിങ്ങൾക്ക് പ്രയോജനം ചെയ്യുന്ന തത്വങ്ങളുടെ ഒരു നിധിയുമാണ്.—ആവർത്തനം 6:4-9.
ദൃഷ്ടാന്തത്തിന്, ഡയേന്റെ കാര്യം പരിചിന്തിക്കുക. അവളുടെ 14 വയസ്സുകാരനായ പുത്രൻ എറിക്, ഇളംപ്രായത്തിൽ “സംസാരിക്കാൻ പ്രയാസമുള്ള ഒരു കടുപ്പക്കാരനായ കുട്ടിയായിരുന്നു” എന്ന് അവൾ പറയുന്നു. ആ ഘട്ടത്തിലാണ് ഈ ബൈബിൾ സദൃശവാക്യത്തിന്റെ പിന്നിലെ ജ്ഞാനം അവൾ കണ്ടുപിടിച്ചത്: “ഒരു മമനുഷ്യന്റെ ഹൃദയത്തിലെ ആലോചന [ഒരുവന്റെ ഉദ്ദേശ്യം അഥവാ ലക്ഷ്യം] ആഴമുള്ള വെള്ളങ്ങൾ പോലെയാകുന്നു, എന്നാൽ വിവേചനയുള്ള മനുഷ്യൻ അത് കോരിയെടുക്കുന്നവനാണ്.” (സദൃശവാക്യം 20:5) ചില കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ വികാരങ്ങളും വിചാരങ്ങളും—അവരുടെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ—ആഴമുള്ള ഒരു കിണററിലെ വെള്ളങ്ങൾ പോലെ അവരുടെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്നു. എറിക് അതുപോലെയായിരുന്നു. ആ ഉദ്ദേശ്യങ്ങൾ പുറത്തുവരുത്തുന്നതിന് മാതാപിതാക്കൾ കഠിനവേല ചെയ്യേണ്ടതുണ്ട്. “അവൻ സ്കൂളിൽനിന്ന് മടങ്ങിവരുമ്പോൾ അവനിൽ പറയാനുള്ള കാര്യങ്ങൾ കുമിളിച്ചു വരികയില്ല. അതുകൊണ്ട് അവൻ സ്കൂളിൽ എന്താണ് അഭിമുഖീകരിക്കുന്നതെന്ന് കണ്ടുപിടിക്കാൻ ഞാൻ സമയമെടുത്തു. ചില സമയങ്ങളിൽ അവൻ തന്റെ ഹൃദയത്തിന്റെ അഗാധതയിൽ യഥാർത്ഥത്തിൽ എന്താണ് ചിന്തിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതിനുമുമ്പ് ഞാൻ അവനുമായി അക്ഷരീയമായി മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു, ഡയേൻ അനുസ്മരിക്കുന്നു.
ഒരു വഴികാട്ടിയെന്ന നിലയിൽ ബൈബിൾ ഉയർന്ന മൂല്യമുള്ളതായിരിക്കുന്നതിന്റെ കാരണം ലളിതമാണ്: അതിന്റെ രചയിതാവ് യഹോവയാം ദൈവമാണ്. അവൻ നമ്മുടെ സ്രഷ്ടാവും കൂടെയാണ്. (വെളിപ്പാട് 4:11) അവനു നമ്മുടെ പ്രകൃതി അറിയാം. ‘നമുക്കുതന്നെ പ്രയോജനം ചെയ്യാനും നാം നടക്കേണ്ടുന്ന വഴിയിൽ നാം പോകാനിടയാക്കാനും നമ്മെ പഠിപ്പിക്കുന്നതിനും’ അവൻ മനസ്സുള്ളവനാണ്. ഒരാൾ ഒരു പിതാവോ, മാതാവോ, കുട്ടിയോ ആയാലും ഇത് സത്യമാണ്. (യെശയ്യാ 48:17; സങ്കീർത്തനം 103:14) ഒരു മെച്ചപ്പെട്ട മാതാവോ പിതാവോ ആയിരിക്കാൻ ചിലർ മററുള്ളവരെ അപേക്ഷിച്ച് കൂടുതൽ പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെങ്കിലും തിരുവെഴുത്തുകളിൽ വിവരിച്ചിരിക്കുന്ന മാർഗ്ഗരേഖകൾ പിൻതുടരുന്നതിനാൽ എല്ലാവർക്കും മെച്ചപ്പെട്ട മാതാപിതാക്കളായിരിക്കാൻ കഴിയും.
ഒരു വ്യക്തിയെന്നപോലെ ഓരോരുത്തരോടും പെരുമാറുക.
ഉചിതമായ കുറെ മാനുഷിക ചട്ടങ്ങളുടെ സമാഹാരം പിൻതുടരുന്നതിനാൽ മാത്രം നല്ല കുട്ടികളെ ഉളവാക്കാൻ കഴിയുകയില്ല. മുതിർന്ന ഏതൊരാളും “പൂർണ്ണതയുള്ള” ഒരു പിതാവോ മാതാവോ ആയിരിക്കാത്തതുപോലെതന്നെ. ഓരോ കുട്ടിക്കും അവന്റെ സ്വന്തം വ്യക്തിത്വമുണ്ട്. ഓരോ കുട്ടിയോടും ഓരോ വ്യത്യസ്ത വ്യക്തി എന്നപോലെ ഇടപെടണം. ബൈബിൾ ഇതു തിരിച്ചറിയുന്നു. ഒരു കുട്ടിയെ മറെറാരു കുട്ടിയോട് പ്രതികൂലമായി താരതമ്യപ്പെടുത്തുന്നത് ഒഴിവാക്കാൻ മാതാപിതാക്കളെ സഹായിക്കുന്നതിന് ഈ ബൈബിൾ ബുദ്ധ്യുപദേശത്തിനു പിന്നിലെ തത്വം പിൻതുടരുന്നത് ഉചിതമാണ്: “എന്നാൽ ഓരോരുത്തൻ തന്റെ സ്വന്തം പ്രവൃത്തിയെന്തെന്ന് തെളിയിക്കട്ടെ. അപ്പോൾ അവന് മറേറ ആളിനോടുള്ള താരതമ്യത്തിലല്ല തന്റെ കാര്യത്തിൽ മാത്രം ആഹ്ളാദത്തിന് കാരണമുണ്ടായിരിക്കും.”—ഗലാത്യർ 5:26.
രണ്ടു മക്കളുടെ പിതാവായ ജോൺ, പരസ്പരമോ മററ് കുടുംബങ്ങളെ സംബന്ധിച്ചോ ഉള്ള തന്റെ മക്കളുടെ വീക്ഷണത്തെ സമനിലയിൽ നിർത്താൻ മേൽപ്പറഞ്ഞ തിരുവെഴുത്തു ബുദ്ധ്യുപദേശം തന്നെ സഹായിക്കുന്നതായി കണ്ടെത്തുന്നു. “മററ് കുടുംബങ്ങൾക്കുള്ളതിനെയോ അവർ ചെയ്യുന്നതിനെയോ നോക്കാതിരിക്കാൻ ഞാൻ എന്റെ മക്കളെ പ്രോൽസാഹിപ്പിക്കുന്നു,” ജോൺ വിശദീകരിക്കുന്നു. “നാം നമ്മുടെ സ്വന്തം കുടുംബനിലവാരമാണ് നിലനിർത്തേണ്ടത്.”
“ശൈശവം മുതൽ” പരിശീലിപ്പിക്കുക
വിജയകരമായി മാതാപിതാക്കളുടെ ധർമ്മം നിറവേററുമ്പോൾ എപ്പോൾ മതം അതിന്റെ ഭാഗമായിത്തീരണം? കിൻറർ ഗാർട്ടനിൽ പഠിത്തം തുടങ്ങിയ പുത്രനുണ്ടായിരുന്ന ഗാരി, “എത്ര നേരത്തെ ആയാലും അത് വളരെ പെട്ടെന്ന് ആയിരിക്കയില്ല” എന്നു പറയുന്നു. കുട്ടികൾ സ്കൂളിൽ പോയിത്തുടങ്ങുന്നതിനുമുമ്പുപോലും അവർക്ക് സ്ഥലത്തെ ക്രിസ്തീയ സഭയിൽ യഥാർത്ഥ സുഹൃത്തുക്കൾ ഉണ്ടായിരിക്കണമെന്ന് ഗാരി വിശ്വസിക്കുന്നു. ഇവാൻ മിക്കവാറും ജനിച്ച ദിവസം മുതൽതന്നെ ഗാരിയും ഭാര്യയും അവനെ ക്രിസ്തീയ യോഗങ്ങൾക്ക് കൊണ്ടുവരുമായിരുന്നതിന്റെ ഒരു കാരണം ഇതാണ്. ഗാരി യൂനിക്കയെ അനുകരിക്കയാണ്. അവൾ തന്റെ പുത്രനായിരുന്ന തിമൊഥെയോസിന്റെ കാര്യത്തിൽ ചെയ്തതു സംബന്ധിച്ച് ബൈബിളിൽ പ്രശംസിക്കപ്പെട്ടിരിക്കുന്ന ഒരു മാതാവാണ്. തിമൊഥെയോസ് തിരുവെഴുത്തുപദേശങ്ങളുടെ ആദ്യപാഠങ്ങൾ “ശൈശവം മുതൽ” തന്നെ പഠിച്ചു.—2 തിമൊഥെയോസ് 1:5; 3:15.
തിമൊഥെയോസിന്റെ അമ്മയും ഒരുപക്ഷേ അവന്റെ വല്യമ്മയായ ലോവീസും തങ്ങളുടെ വ്യക്തിപരമായ ആശയങ്ങളിലല്ല അവന് ശൈശവം മുതൽ മതിപ്പുണ്ടാകുന്നതെന്ന് ഉറപ്പു വരുത്തി, പകരം അവനെ രക്ഷക്ക് ജ്ഞാനിയാക്കുന്നത് യഹോവയുടെ പഠിപ്പിക്കലുകളാണെന്ന് അവർക്കറിയാമായിരുന്നു. അപ്പോസ്തലനായ പൗലോസ് തിമൊഥെയോസിന് എഴുതിയ ലേഖനത്തിൽ ഇങ്ങനെ പ്രസ്താവിക്കുന്നു: “എന്നിരുന്നാലും നീ പഠിച്ചതും വിശ്വസിക്കാൻ പ്രേരിപ്പിക്കപ്പെട്ടതുമായ കാര്യങ്ങളിൽ തുടരുക, നീ ഏത് ആളുകളിൽ നിന്ന് അവ പഠിച്ചു എന്നും ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിലെ വിശ്വാസത്തിലൂടെ നിന്നെ രക്ഷക്ക് ജ്ഞാനിയാക്കുവാൻ പ്രാപ്തമായ വിശുദ്ധ വഴുത്തുകളെ നീ ശൈശവം മുതൽ ഗ്രഹിച്ചിരിക്കുന്നുവെന്നും അറിഞ്ഞുകൊണ്ടുതന്നെ.”—2 തിമൊഥെയോസ് 3:14, 15.
അങ്ങനെ വചനത്തെ അടിസ്ഥാനപ്പെടുത്തി ന്യായവാദം ചെയ്യാനും ദൈവത്തിന്റെ ലിഖിത വചനം പറയുന്നതിൽ വിശ്വാസമർപ്പിക്കാനും തിമൊഥെയാസിനെ ലോവീസും യൂനിക്കയും സഹായിച്ചു. ഈ വിധത്തിൽ അവന്റെ വിശ്വാസം മുഴുവനായി അവന്റെ മാതാപിതാക്കളിലല്ല; പിന്നെയോ യഹോവയുടെ വചനത്തിലെ ദിവ്യജ്ഞാനത്തിലായിരുന്നു അടിസ്ഥാനപ്പെട്ടിരുന്നത്. അവന്റെ അമ്മയോ വല്യമ്മയോ യഹോവയുടെ ആരാധകരായിരുന്നതുകൊണ്ടു മാത്രമല്ല അവൻ ക്രിസ്തീയ സത്യത്തെ പിൻതുടർന്നത്. എന്നാൽ അവർ അവനെ പഠിപ്പിച്ചത് യഥാർത്ഥത്തിൽ സത്യമായിരുന്നുവെന്ന് അവന് ബോദ്ധ്യം വന്നിരുന്നു.
നിസ്സംശയമായി, തന്റെ അമ്മയും വല്യമ്മയും ഏതുതരം ആളുകളായിരുന്നുവെന്നും തിമൊഥെയോസ് പരിഗണിച്ചു—യഥാർത്ഥത്തിൽ ആത്മീയ വ്യക്തികൾ. അവർ സ്വാർത്ഥകാരണങ്ങളാൽ അവനെ കബളിപ്പിക്കുകയോ സത്യത്തെ കോട്ടിമാട്ടുകയോ ഇല്ല; അവർ കപടഭക്തരുമായിരുന്നില്ല. അതുകൊണ്ട് താൻ പഠിച്ച കാര്യങ്ങൾ സംബന്ധിച്ച് തിമൊഥെയോസിന് സംശയം ഇല്ലായിരുന്നു. പ്രായപൂർത്തിയായതിനുശേഷം ഒരു സജീവ ക്രിസ്ത്യാനിയെന്ന നിലയിലുള്ള അവന്റെ ജീവിതം തന്റെ വിശ്വസ്ത മാതാവിന്റെ ഹൃദയത്തെ ഊഷ്മളമാക്കിയെന്നതിന് സംശയമില്ല.
അതെ, വിജയപ്രദരായ മാതാപിതാക്കളായിരിക്കുക എന്നത് കഠിനവേലയാണ്, എന്നാൽ നേരത്തെ ഉദ്ധരിച്ച മാതാവ് പറഞ്ഞതുപോലെ “ആ പോരാട്ടം മൂല്യവത്താണ്”. അപ്പോസ്തലനായ യോഹന്നാൻ തന്റെ ആത്മീയ മക്കൾക്ക് എഴുതിയത് തങ്ങളുടെ കുട്ടികളെ സംബന്ധിച്ച് പറയാൻ മാതാപിതാക്കൻമാർക്ക് കഴിയുമ്പോൾ ഇത് വിശേഷാൽ സത്യമാണ്: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നുവെന്ന് ഞാൻ കേൾക്കുന്ന ഈ കാര്യങ്ങളെക്കാൾ അധികമായി നന്ദിക്കുള്ള കാരണങ്ങൾ എനിക്കില്ല.”—3 യോഹന്നാൻ 4. (w88 5/1)
[6-ാം പേജിലെ ചതുരം]
യിസ്രായേലിലെ മാതാപിതാക്കൻമാർ പിൻതുടർന്ന വിദ്യാഭ്യാസ പരിപാടി
പുരാതന യിസ്രായേലിൽ മാതാപിതാക്കൻമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസവും പരിശീലനവും കൊടുക്കാൻ ഉത്തരവാദിത്തമുള്ളവരായിരുന്നു. അവർ തങ്ങളുടെ കുട്ടികളുടെ പ്രബോധകരും മാർഗ്ഗദർശികളുമായിത്തീർന്നു. സമാനമായ ഒരു പരിപാടി അനുസരിക്കുന്നതിനാൽ ആധുനിക മാതാപിതാക്കൻമാർക്ക് പ്രയോജനം അനുഭവിക്കാൻ കഴിയും. യിസ്രായേലിലെ വിദ്യാഭ്യാസ പരിപാടി ചുവടെ പറയുന്ന പ്രകാരം സംഗ്രഹിക്കാവുന്നതാണ്:
1.യഹോവാഭയം പഠിപ്പിക്കപ്പെട്ടു.—സങ്കീർത്തനം 34:11.
2.അപ്പനോടും അമ്മയോടുമുള്ള ബഹുമാനം ഉപദേശിക്കപ്പെട്ടു.—പുറപ്പാട് 20:12.
3.ന്യായപ്രമാണത്തിന്റെയും യഹോവയുടെ പ്രവൃത്തികളുടെയും ഉദ്ബോധനം നിർവ്വഹിക്കപ്പെട്ടു.—ആവർത്തനം 6:7-21.
4.പ്രായമേറിയവരോടുള്ള ബഹുമാനത്തിന് ഊന്നൽ കൊടുക്കപ്പെട്ടു.—ലേവ്യപുസ്തകം 19:32.
5.അനുസരണം ഊന്നിപ്പറയപ്പെട്ടു.—സദൃശവാക്യങ്ങൾ 23:22-25.
6.പ്രായോഗിക ജീവിതപരിശീലനം ഉദ്ബോധിപ്പിക്കപ്പെട്ടു.—മർക്കോസ് 6:3.
7.വായനയും എഴുത്തും പഠിപ്പിക്കപ്പെട്ടു.—യോഹന്നാൻ 7:15.
[5-ാം പേജിലെ ചിത്രം]
ദൈവവചനം മാതാപിതാക്കൻമാർക്കുള്ള ഒരു ബ്ളൂപ്രിന്റോ കർമ്മപരിപാടിയോ ആണ്