നാം യഹോവക്ക് എങ്ങനെ മടക്കിക്കൊടുക്കും?
ആരെങ്കിലും, ഒരുപക്ഷേ നമ്മുടെ പ്രയോജനത്തിനുവേണ്ടി എന്തെങ്കിലും ചെയ്തുകൊണ്ട്, നമ്മിൽ യഥാർത്ഥമായ ഒരു ഊഷ്മള താത്പര്യം പ്രകടമാക്കുമ്പോൾ, നാം എങ്ങനെ പ്രതികരിക്കുന്നു? ദയയും ഔദാര്യവും സാധാരണയായി ഒരു പ്രതികരണത്തിനിടയാക്കുന്നു, അങ്ങനെയല്ലേ? അപ്പോൾ നമ്മുടെ ദൈവമായ യഹോവക്കു നമ്മോടുള്ള സ്ഥിരമായ സ്നേഹദയക്കുവേണ്ടി നമുക്ക് അവനോടുള്ള വികാരം എന്താണ്?
നമ്മുടെ ദൈനംദിനജീവിതത്തിലെ സമ്മർദ്ദങ്ങളാൽ നാം ചിലപ്പോൾ യഥാർത്ഥത്തിൽ നമുക്കു നന്ദിയില്ലാത്തതുപോലെ പ്രവർത്തിച്ചുകൊണ്ടുപോലും യഹോവയുടെ ഔദാര്യങ്ങളെ വിലമതിക്കാതിരിക്കുക എളുപ്പമാണ്. അതുകൊണ്ട് നാം നിന്ന് ദാവീദിന്റെ ഈ ചോദ്യത്തെക്കുറിച്ചു ചിന്തിക്കുന്നത് നല്ലതാണ്: “യഹോവ എനിക്കു ചെയ്ത എല്ലാ നൻമകൾക്കും വേണ്ടി ഞാൻ അവന് എന്തു മടക്കിക്കൊടുക്കും?” (സങ്കീർത്തനം 116:12) ഏതു വിധത്തിൽ നമുക്ക് പ്രതികരിക്കാം?
യഹോവയിൽനിന്നു ലഭിക്കുന്ന പ്രയോജനങ്ങൾ
യഹോവയുടെ ദാനമാകുന്ന അവന്റെ വചനമായ ബൈബിൾ ഇല്ലായിരുന്നെങ്കിൽ നാം വഴിതെററിപ്പോകുമായിരുന്നു! കഴിഞ്ഞ നൂററാണ്ടുകളിലെ ധൈര്യശാലികളായ സ്ത്രീപുരുഷൻമാർ ഈ പുസ്തകം സ്വന്തമാക്കുന്നതിനും വായിക്കുന്നതിനുംവേണ്ടി തങ്ങളുടെ ജീവൻ പണയപ്പെടുത്തിയിട്ടുണ്ട്, എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ നാം വളരുകയും ചെയ്തിരിക്കുന്നു. ദൈവത്തിന്റെ മനുഷ്യർ നിശ്വസ്ത തിരുവെഴുത്തുകൾ “പഠിപ്പിക്കലിനും ശാസിക്കലിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം നൽകുന്നതിനും” എത്രമാത്രം പ്രയോജനമുള്ളതാണെന്ന് മനസ്സിലാക്കിക്കൊണ്ട് അതിനുവേണ്ടി എല്ലായ്പ്പോഴും നന്ദിയുള്ളവരായിരുന്നിട്ടുണ്ട്.—2 തിമൊഥെയോസ് 3:16.
എന്നിരുന്നാലും, “സകല സൽപ്രവൃത്തിക്കും പൂർണ്ണസജ്ജരാകുന്നതിന്” കേവലം തലയിലെ ബൈബിൾ വിജ്ഞാനത്തേക്കാൾ കൂടുതൽ ആവശ്യമാണെന്നു നമുക്കറിയാം. (2 തിമൊഥെയോസ് 3:17) ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ് പ്രയോജനങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരപ്പെടുന്നത്, ഈ വസ്തുത യഹോവ തന്റെ പ്രവാചകനായ യെശയ്യാവു മുഖാന്തരമുള്ള അവന്റെ ആകർഷകമായ ഈ വാക്കുകളാൽ നമ്മുടെ ശ്രദ്ധയിലേക്ക് വരുത്തിയിരിക്കുന്നു: “ഇപ്പോൾ പരമാധീശ കർത്താവായ യഹോവതന്നേ, അവന്റെ ആത്മാവുതന്നേ, എന്നെ അയച്ചിരിക്കുന്നു. നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ പറഞ്ഞിരിക്കുന്നതിതാണ്: ‘യഹോവയായ ഞാൻ നിങ്ങളുടെ ദൈവമാകുന്നു, നിങ്ങൾക്കു പ്രയോജനം ലഭിക്കത്തക്കവണ്ണം നിങ്ങളെ പഠിപ്പിക്കുന്നവനും നിങ്ങൾ നടക്കേണ്ട വഴിയിൽ നടക്കുന്നതിന് ഇടയാക്കുന്നവനുംതന്നെ. ഹാ നിങ്ങൾ എന്റെ കൽപ്പനകൾക്ക് യഥാർത്ഥത്തിൽ ശ്രദ്ധകൊടുക്കുകമാത്രം ചെയ്തിരുന്നെങ്കിൽ! അപ്പോൾ നിങ്ങളുടെ സമാധാനം നദിപോലെതന്നെയും നിങ്ങളുടെ നീതി സമുദ്രത്തിലെ തിരമാലകൾ പോലെയും ആകുമായിരുന്നു.’” (യെശയ്യാവ് 48:16-18) യഹോവ തന്റെ ആത്മാവും വചനവും ഉപയോഗിച്ച് നമുക്കു പ്രയോജനം കിട്ടുമാറ് നമ്മെ നയിക്കുന്നു, സമാധാനവും നീതിയുമാണ് അതിന്റെ ഫലങ്ങൾ.
അതുകൂടാതെ, പരിശുദ്ധാത്മാവിന്റെ വ്യാപാരമുള്ള ഒരു ഭൗമികസ്ഥാപനമാകുന്ന ഒരു ചട്ടക്കൂട് ഏർപ്പെടുത്തപ്പെട്ടിരിക്കുന്നതിനാൽ യഹോവയുടെ പ്രവർത്തനനിരതമായ ശക്തി നമ്മുടെ പ്രയോജനത്തിനുവേണ്ടി ഫലപ്രദമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 1 കൊരിന്ത്യർ 12-ാം അദ്ധ്യായത്തിൽ പൗലോസ് ക്രിസ്തീയസഭയെ ഒരു ശരീരത്തോട് ഉപമിക്കുകയും 7-ാം വാക്യത്തിൽ ഇപ്രകാരം പറയുകയും ചെയ്യുന്നു: “എന്നാൽ ഓരോരുത്തർക്കും ഒരു പ്രയോജനകരമായ ഉദ്ദേശ്യത്തിൽ ആത്മാവിന്റെ പ്രകടനം നൽകപ്പെട്ടിരിക്കുന്നു.” ദൈവത്തിന്റെ ഭൗമികസ്ഥാപനത്തിന്റെ ഭാഗമായിരിക്കുന്നതിനാൽ നമുക്ക് എങ്ങനെ പ്രയോജനം കിട്ടുന്നുവെന്ന് അവൻ തുടർന്ന് ചൂണ്ടിക്കാണിക്കുന്നു.
അവൻ ആ വാക്കുകൾ എഴുതി അഞ്ചോളം വർഷങ്ങൾക്കുശേഷം അവൻ എഫേസൂസ് സഭക്കുള്ള തന്റെ ലേഖനമെഴുതി, അതിൽ ആ ഭൗമികക്രമീകരണത്തോട് ബന്ധപ്പെടുന്നതിനാലുള്ള പ്രയോജനങ്ങൾ സവിസ്തരം പ്രതിപാദിക്കുന്നു. അവൻ പറഞ്ഞത് പ്രാഥമികമായി അഭിഷിക്തക്രിസ്ത്യാനികൾക്കാണ് ബാധകമാകുന്നതെങ്കിലും മഹാപുരുഷാരത്തിൽപെട്ടവരും ഇന്ന് ‘ശുശ്രൂഷാവേലക്കുവേണ്ടി പുനഃക്രമീകരിക്കപ്പെടുകയും,’ ആത്മീയമായി ‘പൂർണ്ണവളർച്ച പ്രാപിച്ച പുരുഷൻമാരായിത്തീരുകയും,’ ‘മേലാൽ ശിശുക്കളായിരിക്കാതെ’ വിശ്വാസത്തിൽ സ്ഥിരപ്പെടുകയും, ‘സ്നേഹത്തിൽ തലയായ ക്രിസ്തുവിലേക്ക് സകലത്തിലും വളരുകയും’ ചെയ്യുന്നില്ലയോ? (വെളിപ്പാട് 7:9; എഫേസ്യർ 4:12-16) നമുക്കെല്ലാം നന്ദിയുള്ളവരായിരിക്കുന്നതിനു നല്ല കാരണമുണ്ട്.
ക്രിസ്തീയസഭതന്നെയാണ് വിശ്വസ്തനും വിവേകിയുമായ അടിമ, യഹോവ നമുക്കു പ്രയോജനംചെയ്യുന്നുവെന്നതിന്റെ മറെറാരു തെളിവാണ് നമ്മെ ആത്മീയമായി പോഷിപ്പിക്കാനുള്ള അതിന്റെ പ്രവർത്തനം. (മത്തായി 24:45-46) മുൻകൂട്ടിപ്പറയപ്പെട്ട യജമാനന്റെ സാന്നിദ്ധ്യകാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്. “അടിമ” അവന്റെ വേല ചെയ്യുന്നുണ്ടോ? ഈ “അന്ത്യനാളുകളുടെ” ഫലശൂന്യമായ അവസ്ഥയുണ്ടെങ്കിലും നാം പ്രത്യാശാനിർഭരരാണോ? നമുക്ക് ജീവിതത്തിന് ഒരു മൂല്യവത്തായ ഉദ്ദേശ്യമുണ്ടോ? (2 തിമൊഥെയോസ് 3:1-5; റോമർ 5:5; 1 തിമൊഥെയോസ് 4:10) ഉവ്വ്! മാത്രമല്ല, നമ്മുടെ പ്രത്യാശ കേവലം ഒരു സാധ്യതയല്ല, പിന്നെയോ വിശ്വാസത്തിൻമേൽ പണിയപ്പെട്ട ഒരു സുനിശ്ചിത ബോധ്യമാണ്, ക്രമത്തിൽ അത് ഉറപ്പായ തെളിവിൻമേൽ അടിസ്ഥാനപ്പെട്ടതാണ്.—എബ്രായർ 11:1.
പ്രത്യക്ഷ
ത്തിൽ, നമ്മുടെ വലിയ ഉപകാരിയായ യഹോവയാം ദൈവം നാം നന്ദിയുള്ളവരായിരിക്കത്തക്കവണ്ണം നമുക്ക് വളരെയധികം പ്രദാനം ചെയ്തിരിക്കുന്നു. ന്യായയുക്തമായി താഴെക്കൊടുക്കുന്ന ചോദ്യം ഉദിക്കുന്നു:
ഞാൻ യഹോവക്ക് എന്തു മടക്കിക്കൊടുക്കും?
ഒന്നാമത് യഹോവക്ക് നമ്മിൽനിന്ന് യാതൊന്നും ആവശ്യമില്ലെന്ന് സമ്മതിക്കണം. അവനാണ് ഇപ്രകാരം പറഞ്ഞത്, “വെള്ളി എന്റേതാണ്, സ്വർണ്ണവും എന്റേതാണ്,” അതുപോലെ “ഒരു ആയിരം പർവതങ്ങളിലെ മൃഗങ്ങളും.” (ഹഗ്ഗായി 2:8; സങ്കീർത്തനം 50:10; ഇയ്യോബ് 41:11) ഇതിന്റെ അർത്ഥം നമുക്ക് ഒരു പ്രകാരത്തിലും യഹോവയുടെ പ്രീതി “വിലക്കുവാങ്ങാൻ” കഴിയുകയില്ല എന്നാണ്; എന്നിരുന്നാലും അവന് സ്വമേധയാ കാഴ്ചകൾ അർപ്പിക്കുന്നതിന് നാം പ്രോത്സാഹിപ്പിക്കപ്പെടുന്നു. (1 ദിനവൃത്താന്തങ്ങൾ 29:14 താരതമ്യപ്പെടത്തുക.) എന്നിരുന്നാലും നാം യഹോവക്ക് ദാനങ്ങൾ അർപ്പിക്കാൻ അനുവദിക്കപ്പെടുന്നതിന് ചില നിബന്ധനകൾ ഉണ്ട്.
“ഞാൻ എന്തുമായി യഹോവയുടെ മുമ്പാകെ ചെല്ലണം? ഞാൻ ഉന്നതങ്ങളിലെ ദൈവമുമ്പാകെ എന്തോടെ കുമ്പിടണം? ഞാൻ പൂർണ്ണഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കുട്ടികളോടും കൂടെ അവന്റെ മുമ്പിൽ ചെല്ലണമോ? യഹോവ ആയിരമായിരം ആട്ടുകൊററൻമാരിലും പതിനായിരം പതിനായിരം തൈലനദികളിലും പ്രസാദിക്കുമോ? ഞാൻ എന്റെ നിയമലംഘനത്തിനുവേണ്ടി എന്റെ ആദ്യജാതനെയും എന്റെ ദേഹിയുടെ പാപത്തിനുവേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കണമോ? ഭൗമിക മനുഷ്യാ, നല്ലതെന്തെന്ന് അവൻ നിന്നോടു പറഞ്ഞിരിക്കുന്നു. നീതി പ്രവർത്തിക്കാനും സ്നേഹദയയുള്ളവനായിരിക്കാനും നിന്റെ ദൈവത്തോടൊത്ത് നടക്കുന്നതിൽ എളിമയുള്ളവനായിരിക്കാനും അല്ലാതെ യഹോവ എന്താണ് നിന്നോട് മടക്കിചോദിക്കുന്നത്?”—മീഖാ 6:6-8.
യഹോവയുടെ നിബന്ധനകൾ എല്ലായ്പ്പോഴും ന്യായാനുസൃതവും അനുസരിക്കാൻ കഴിയുന്നതും ആണെന്ന് നാം ഇതിൽനിന്ന് അറിയുന്നു. കൂടാതെ, നമ്മുടെ ദാനങ്ങൾ സ്വീകാര്യമായിരിക്കുന്നതിന് മുൻ ഉപാധി എന്ന നിലയിൽ യഹോവയാം ദൈവത്തോടും സഹമനുഷ്യനോടുമുള്ള നമ്മുടെ ബന്ധം ശരിയായിരിക്കണമെന്ന് യേശു ചൂണ്ടിക്കാട്ടി. (മത്തായി 5:23, 24) ശരിയായ അടിസ്ഥാനം ഇട്ടിരിക്കുന്നതിനാൽ, ഇപ്പോൾ യഹോവ നമ്മോടു ചെയ്യുന്ന നൻമയെ വിലമതിച്ചുകൊണ്ട് നമുക്കെല്ലാം യഹോവക്ക് ചിലത് കൊടുക്കാനുണ്ടെന്ന് കാണാൻ കഴിയും.
നമുക്കുള്ളത് എങ്ങനെ ഉപയോഗിക്കാൻ കഴിയും?
സമയവും പ്രയത്നവും ഒരളവിൽ പണവും ആവശ്യമാണെങ്കിലും പ്രസംഗവേലയിൽ യഹോവയെ പ്രതിനിധാനംചെയ്യുന്നത് എന്തോരു പദവിയാണ്! ഈ സ്തുതിയാഗം നമുക്കെല്ലാം യഹോവക്കു കൊടുക്കാൻ കഴിയുന്നതാണ്. മൂന്നു കൊച്ചു കുട്ടികൾ ഉള്ള ഒരു പയനിയർമൂപ്പൻ ഇതു സംബന്ധിച്ച് വിചാരിക്കുന്നതിപ്രകാരമാണ്:
“മുഴുസമയസേവനത്തിൽ പങ്കെടുക്കുന്നത് ഏതൊരു വ്യക്തിപരമായ ത്യാഗത്തിനും തക്കതും—അതിലധികവും—മൂല്യവത്താണ്, എന്തുകൊണ്ടെന്നാൽ നമ്മുടെ സ്വർഗ്ഗീയ പിതാവിന് സ്തുതി അർപ്പിക്കുന്നതിനുള്ള ഏററവും ഫലപ്രദമായ വിധമാണിത്. കൂടാതെ, ഇത് അവൻ എന്നോടു കാണിച്ചിട്ടുള്ള അനർഹദയക്കുവേണ്ടി ഒരളവിൽ അവന് നന്ദികൊടുക്കുന്നത് എനിക്കു സാധ്യമാക്കിത്തീർക്കുന്നു.”
അയാളുടെ ഭാര്യ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എന്റെ ഭർത്താവിനെ പയനിയറിംഗിനു സഹായിക്കുന്നത് യഥാർത്ഥത്തിൽ ഒരു പദവിയാണ്. ഇത് മുഴുകുടുംബത്തിനും ശുശ്രൂഷയിൽ കൂടുതലായ പങ്കുണ്ടായിരിക്കാൻ സഹായിക്കുന്നു, യഹോവയുടെ സ്നേഹമുള്ള കൈ ആത്മീയമായും ഭൗതികമായും ഞങ്ങൾക്കുവേണ്ടി കരുതുന്നത് കാണുന്നത് അവനെ പൂർവാധികം സ്തുതിക്കാൻ ഞങ്ങളിൽ ആഗ്രഹമുളവാക്കുന്നു.”
വാച്ച്ടവർ സൊസൈററി ബൈബിളുകളും ബൈബിൾസാഹിത്യങ്ങളും സ്വമേധയായ ഒരു അടിസ്ഥാനത്തിൽ നൂറിൽപരം വർഷങ്ങളായി വിതരണം ചെയ്തിരിക്കുന്നു, 1920 മുതൽ അവ അതിന്റെ സ്വന്തം പ്രസ്സുകളിൽ അച്ചടിക്കയും ചെയ്തിരിക്കുന്നു. ഇന്നു നമുക്കുള്ള എല്ലാ പ്രസിദ്ധീകരണങ്ങളും ഉല്പാദിപ്പിക്കുന്നതിന് ബഥേലിൽ പ്രവർത്തിക്കുന്ന സ്വമേധയാസേവകർ ചെലവിടുന്ന സമയവും ശ്രമവും അവ വിതരണം ചെയ്യുന്നതിന് സഭാപ്രസാധകരും പയനിയർമാരും ചെലവിടുന്ന സമയവും ശ്രമവും ഫലത്തിൽ ജീവൽപ്രധാനമായ പ്രസംഗപ്രവർത്തനത്തിനുള്ള ഒരു കൂടുതലായ സംഭാവനയാണ്.—മത്തായി 24:14.
കൂടാതെ, സാമ്പത്തികമായി കൂടുതൽ ഭദ്രമായ രാജ്യങ്ങളിലെ ക്രിസ്ത്യാനികൾ ദയാപൂർവം തങ്ങളുടെ രാജ്യത്തെ വാച്ച്ടവർ സൊസൈററിയുടെ ബ്രാഞ്ചോഫീസിലേക്ക് അയക്കുന്ന പണപരമായ സംഭാവനകൾ ലോകത്തിന്റെ മററു ഭാഗങ്ങളിലുള്ള തങ്ങളുടെ സഹോദരങ്ങൾക്ക് മുഴുസമയവും പ്രസംഗ, ശിഷ്യരാക്കൽ, വേലയിൽ ചെലവഴിക്കുക സാധ്യമാക്കിത്തീർക്കുന്നുവെന്ന് അറിയുന്നതിൽ അവർ സന്തോഷമുള്ളവരാണ്. വാച്ച്ടവർ ബൈബിൾസ്കൂൾ ഓഫ് ഗിലയാദിൽനിന്നുള്ള മിഷനറിമാരും സർക്കിട്ട് ഡിസ്ട്രിക്ട് മേൽവിചാരകൻമാരും പ്രത്യേകപയനിയർമാരുമെല്ലാം തങ്ങളുടെ മുഴുസമയസേവനത്തിൽ തുടരുന്നതിന് ഈ സ്വമേധയാ സംഭാവനകളാൽ സഹായിക്കപ്പെടുന്നു.
ഒരുപക്ഷേ നിങ്ങൾക്ക് ബഥേലിലൊ അന്തർദ്ദേശീയ സ്വമേധയാ നിർമ്മാണ പ്രവർത്തക പരിപാടിയിലൊ സേവിക്കുന്നതിന് സാധ്യമല്ലായിരിക്കാം. എന്നാൽ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും, എന്നാൽ അതിൽ തങ്ങളുടെ ചെലവുകൾ വഹിക്കാനുള്ള “മിച്ച” ഫണ്ട് ഇല്ലാത്തവരുമായവരെ പിന്താങ്ങാൻ കഴിയുന്ന ഫണ്ട് നിങ്ങൾക്കുണ്ടായിരിക്കാം. അതുകൊണ്ട് 2 കൊരിന്ത്യർ 8:14-ൽ വിവരിച്ചിരിക്കുന്നതുപോലെ ഒരു സഹായകമായ സമീകരണം ഉണ്ടായിരിക്കാൻ കഴിയും. അത്തരം സംഭാവനകളോടുകൂടെയുള്ള എഴുത്തുകളിൽ താഴെപറയുംപ്രകാരം എഴുതിയ പ്രായമുള്ള ഒരു സഹോദരിയുടെ എഴുത്ത് ഉൾപ്പെടുന്നു:
“യഹോവ എനിക്കു നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കുമായി ഞാൻ വളരെ നന്ദിയുള്ളവളാണ്, ഞാൻ കെട്ടിടനിർമ്മാണ പദ്ധതികൾക്കും സ്ഥാപനത്തിനുംവേണ്ടി തുടർച്ചയായി പ്രാർത്ഥിക്കുന്നു.”
മറെറാരു സഹോദരി ഇപ്രകാരം പറഞ്ഞു: “ഈ ചെറിയ തുക താമസിയാതെ നശിക്കാൻപോകുന്ന ഒരു ബാങ്കിൽ കിടക്കുന്നതിനേക്കാൾ കുറെ ദിവ്യാധിപത്യ നൻമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു!”
ഒരു സഹോദരൻ ഈ വാക്കുകളിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു: “നമ്മുടെ വകകൾ യഹോവയെ മഹത്വപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നതിനുള്ള അവന്റെ ബുദ്ധിയുപദേശം സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ ‘മൂന്നാം ഭാഗ’മായ അത്യാഗ്രഹംനിറഞ്ഞ വ്യാപാരത്തിൽനിന്നുള്ള യഥാർത്ഥസംരക്ഷണത്തിനുള്ള ഒരു ഉപാധിയാണ്. യഹോവ നമുക്കു നൽകുന്ന വർദ്ധനവിന്റെ ത്വരിപ്പിക്കലിന് എന്തെങ്കിലും സംഭാവന ചെയ്യുന്നതിൽ ഞാൻ എത്ര സന്തുഷ്ടനാണ് എന്നു പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കട്ടെ, എന്നെ ഉപയോഗിക്കുക സാദ്ധ്യമാക്കിയതിന് ഞാൻ അവനു നന്ദി പറയുന്നു.”
വൃദ്ധൻമാരിൽനിന്നും ചെറുപ്പക്കാരിൽനിന്നുമുള്ള ദാനങ്ങൾ
പ്രായംചെന്നവരുടെ വിശ്വസ്തമായ തീരുമാനത്തെ സംബന്ധിച്ച് വായിക്കുന്നത് പ്രോത്സാഹജനകമാണ്. അവർ ഈ വ്യവസ്ഥിതിയുടെ അന്ത്യത്തോളം അതിജീവിക്കുന്നതിന് പ്രത്യാശിക്കുന്നുവെങ്കിലും, ഒരു ഉചിതമായ വിൽപ്പത്രമുണ്ടാക്കുന്നതിനാൽ അവർ മരിക്കുമ്പോൾ സുനിശ്ചിതമായി രാജ്യവേലക്കു പ്രയോജനംകിട്ടുമെന്ന് ഉറപ്പുവരുത്തുന്നു. അത്തരം വിൽപ്പത്രം എഴുതിയ ആളുകളുടെ നല്ല മനോഭാവത്തെ അഭിനന്ദിച്ചുകൊണ്ട് ഭരണനിർവാഹകരിൽ നിന്ന് ലഭിച്ച ചില അഭിപ്രായങ്ങളിൽ ചുവടെ ചേർത്തിരിക്കുന്നവ ഉൾപ്പെടുന്നു:
“ജീവിതകാലമെല്ലാം എല്ലാവരോടും വളരെ ദയയുള്ള ഒരു വ്യക്തി, . . . അവൾ യഹോവയെയും അവന്റെ സൃഷ്ടിയെയും സ്നേഹിച്ചു.”
“എല്ലായ്പ്പോഴും രാജ്യതാത്പര്യമായിരുന്നു അവളുടെ പ്രാഥമികപരിഗണന.”
“അയാൾ തന്റെ 70 വർഷത്തെ വിശ്വസ്തസേവനത്തിനുശേഷം അയാളുടെ സ്വർഗ്ഗീയ പ്രതിഫലം നേടി . . . അയാൾ തന്റെ ആസ്തികൾകൊണ്ട് എപ്പോഴും സത്യം പുരോഗമിപ്പിക്കുവാൻ ആഗ്രഹിച്ചു.”
തങ്ങളുടെ ഭൗതികവസ്തുക്കൾ യഹോവയുടെ വേലക്കുവേണ്ടി ഉപയോഗിക്കുന്നതിന് ഉദ്ദേശിക്കുന്ന ചെറുപ്പക്കാരിൽനിന്ന് കേൾക്കുന്നതിലും നാം സന്തോഷിക്കുന്നു. സൊസൈററിയുടെ ബ്രിട്ടനിലെ ഓഫീസിൽ സ്കൂൾപ്രായത്തിലുള്ള ഒരു പ്രസാധികയിൽനിന്നുള്ള ഒരു കത്തു ലഭിച്ചു. അവൾക്ക് ഒരു ഉപന്യാസമത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചതായി അവൾ പറഞ്ഞു. അവൾ സമ്മാനത്തുക മുഴുവൻ അടക്കം ചെയ്തിരുന്നു. സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ മാത്രമായിരുന്നു “ക്രിസ്തീയ ചുമതല” എന്ന അവളുടെ ഉപന്യാസത്തിന്റെ വിവരങ്ങൾക്ക് ഉറവിടമായിരുന്നത്. അതുകൊണ്ട് ആ പണം ഉചിതമായി യഹോവക്കുള്ളതാണെന്ന് അവൾ വിചാരിച്ചു.
സങ്കീർത്തനം 116-ന്റെ എഴുത്തുകാരൻ താൻ യഹോവക്ക് എന്തു മടക്കിക്കൊടുക്കും എന്നു ചോദിച്ചശേഷം 13-ഉം 14-ഉം വാക്യങ്ങളിൽ ഇപ്രകാരം തുടർന്നു പറയുന്നു: “ഞാൻ മഹത്തായ രക്ഷയുടെ പാനപാത്രം എടുക്കും, ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കും. യഹോവക്ക് ഞാൻ എന്റെ നേർച്ചകൾ കഴിക്കും, അതേ അവന്റെ സകല ജനത്തിന്റെയും മുമ്പാകെതന്നെ.” യഹോവയുടെ പുത്രൻമുഖാന്തരമുള്ള അവന്റെ വിലയേറിയ സമ്മാനമായ രക്ഷയെ വിലമതിച്ചുകൊണ്ട് നാം സങ്കീർത്തനക്കാരൻ ചെയ്തതുപോലെ യഹോവയെ വിളിച്ചപേക്ഷിക്കുന്നതിനും അവനോടുള്ള നമ്മുടെ വാഗ്ദാനങ്ങൾ പാലിക്കുന്നതിനും പ്രേരിതരായിത്തീരുന്നു.
യഹോവ നമുക്കു ചെയ്തിരിക്കുന്ന പ്രയോജനങ്ങൾ വളരെയധികമാണ്, അവയോട് താരതമ്യപ്പെടുത്തുമ്പോൾ നമുക്കു തിരിച്ചുചെയ്യാൻ കഴിയുന്ന എന്തും നിസ്സാരമാണെന്നു തോന്നുന്നു. അപ്പോൾ കൃതജ്ഞതയുടെ ഒരു പ്രകടനമെന്ന നിലയിൽ ഏതു വിധത്തിലും നമുക്കു ചെയ്യാൻ കഴിയുന്നതെല്ലാം നാം ചെയ്യുന്നത് എത്ര ഉചിതമാണ്! “ഞാൻ നിനക്ക് നന്ദിപ്രകടന യാഗം അർപ്പിക്കും, ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യും.”—സങ്കീർത്തനം 116:17. (W88 12⁄1)
[31-ാം പേജിലെ ചതുരം]
ചിലർ രാജ്യവേലക്ക് സംഭാവന ചെയ്യുന്ന വിധം
◻ ദാനങ്ങൾ: പണമായുള്ള സ്വമേധയാ സംഭാവനകൾ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് പെൻസിൽവേനിയാ, 25 കൊളംബിയാ ഹൈററ്സ്, ബ്രൂക്ലിൻ, ന്യൂയോർക്ക് 11201-ലേക്കോ സൊസൈററിയുടെ തദ്ദേശീയ ബ്രാഞ്ച് ഓഫീസിലേക്കോ അയക്കാവുന്നതാണ്. ഭൂസ്വത്തുപോലുള്ള വസ്തുവകകളും ആഭരണങ്ങളും മററു വിലയുള്ള വസ്തുക്കളും ദാനം ചെയ്യാവുന്നതാണ്. അങ്ങനെയുള്ളവയോടുകൂടെ അവ നേരിട്ടുള്ള ഒരു സംഭാവനയാണെന്നു പ്രസ്താവിക്കുന്ന ഒരു ഹ്രസ്വമായ കത്തും ഉണ്ടായിരിക്കണം.
◻ സോപാധിക സംഭാവനാ ക്രമീകരണം: വ്യക്തിപരമായ ആവശ്യം നേരിടുന്നപക്ഷം ദാനിക്കു തിരികെ കൊടുക്കാമെന്ന വ്യവസ്ഥയിൽ ട്രസ്ററായി സൂക്ഷിക്കുന്നതിനും വാച്ച്ടവർ സൊസൈററിക്ക് പണം കൊടുക്കാവുന്നതാണ്.
◻ ഇൻഷുറൻസ്: ഒരു ലൈഫ് ഇൻഷുറർസ് പോളിസിയുടെ അല്ലെങ്കിൽ ഒരു റിട്ടയർമെൻറ്⁄പെൻഷൻ പദ്ധതിയുടെ ഗുണഭോക്താവായി വാച്ച്ടവർ സൊസൈററിയെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണം സംബന്ധിച്ചും സൊസൈററിയെ അറിയിക്കേണ്ടതാണ്.
◻ ട്രസ്ററുകൾ: ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകൾ സൊസൈററിക്കുവേണ്ടിയുള്ള ട്രസററുകൾ ആക്കാവുന്നതാണ്. ഇതു ചെയ്യുകയാണെങ്കിൽ ദയവായി സൊസൈററിയെ അറിയിക്കുക. സ്റേറാക്കുകളും ബോണ്ടുകളും വസ്തുവും തന്റെ ആയുഷ്ക്കാലത്ത് തനിക്കു പ്രയോജനം ചെയ്യാനുള്ള ക്രമീകരണത്തിലും സംഭാവന ചെയ്യാവുന്നതാണ്. മരണം സംഭവിക്കുന്നപക്ഷം വസ്തു സൊസൈററിക്കു കിട്ടത്തക്കവണ്ണം ഉറപ്പുവരുത്തുന്നുവെങ്കിൽ ഈ രീതി വിൽപ്പത്രത്തിന്റെ പ്രൊബേററ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും ചെലവുകളും ഒഴിവാക്കുന്നു.
◻ വിൽപ്പത്രങ്ങൾ: നിയമപരമായി ഉണ്ടാക്കുന്ന ഒരു വിൽപ്പത്രം മുഖേന വാച്ച്ടവർ സൊസൈററിക്ക് വസ്തുവിന്റെയൊ പണത്തിന്റെയൊ അവകാശം വാഗ്ദാനം ചെയ്യാവുന്നതാണ്. ഒരു പകർപ്പ് സൊസൈററിക്കയച്ചുകൊടുക്കണം.
ഇങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കും ബുദ്ധിയുപദേശത്തിനുമായി വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് പെൻസിൽവേനിയാ, 25 കൊളംബിയാ ഹൈററ്സ്, ബ്രൂക്ലിൻ, ന്യൂയോർക്ക് 11201-ലേക്കൊ സൊസൈററിയുടെ തദ്ദേശ ബ്രാഞ്ചാഫീസിലേക്കൊ എഴുതുക.