ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയെ സ്നേഹിക്കുന്നവരുടെകൂടെ സമയം ചെലവഴിക്കുക
യഹോവയെ സ്നേഹിക്കുന്നവരുടെകൂടെ നമ്മൾ സമയം ചെലവഴിക്കേണ്ടത് എന്തുകൊണ്ട്? കാരണം, നമ്മൾ ആരോടൊപ്പം സമയം ചെലവഴിക്കുന്നോ, അവർ നമ്മളെ സ്വാധീനിക്കും; ഒന്നുകിൽ നല്ല വിധത്തിൽ, അല്ലെങ്കിൽ മോശമായ രീതിയിൽ. (സുഭ 13:20) ഉദാഹരണത്തിന്, യഹോവാശ് രാജാവ് മഹാപുരോഹിതനായ യഹോയാദയുടെകൂടെ സമയം ചെലവഴിച്ച കാലത്തെല്ലാം “യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു.” (2ദിന 24:2) എന്നാൽ യഹോയാദ മരിച്ചതിനു ശേഷം, യഹോവാശ് രാജാവ് യഹോവയെ ഉപേക്ഷിച്ചു. ചീത്ത കൂട്ടുകെട്ടായിരുന്നു കാരണം.—2ദിന 24:17-19.
ഒന്നാം നൂറ്റാണ്ടിൽ പൗലോസ് അപ്പോസ്തലൻ ക്രിസ്തീയസഭയെ ‘ഒരു വലിയ വീടിനോടും’ സഭയിലുള്ളവരെ ‘പാത്രങ്ങളോടും’ താരതമ്യപ്പെടുത്തി. യഹോവയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നത് ആരായാലും, അതു നമ്മുടെ ഒരു കുടുംബാംഗമോ സഭയിലെ ഒരാളോ ആണെങ്കിൽപ്പോലും, അവരുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കുകയാണെങ്കിൽ നമ്മൾ “മാന്യമായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കൊള്ളാവുന്ന” പാത്രമായിരിക്കും. (2തിമ 2:20, 21) അതുകൊണ്ട്, യഹോവയെ സ്നേഹിക്കുകയും യഹോവയെ സേവിക്കാൻ നമ്മളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരെ സുഹൃത്തുക്കളാക്കാം.
ചീത്ത കൂട്ടുകെട്ട് ഒഴിവാക്കാൻ പഠിക്കുക എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
നമ്മൾപോലുമറിയാതെ നമ്മൾ എങ്ങനെയെല്ലാം ചീത്ത കൂട്ടുകെട്ടിൽ ചെന്നുപെട്ടേക്കാം?
ചീത്ത കൂട്ടുകെട്ട് അവസാനിപ്പിക്കാൻ വീഡിയോയിലെ മൂന്നു സഹോദരങ്ങളെ എന്താണു സഹായിച്ചത്?
കൂട്ടുകെട്ടുകളുടെ കാര്യത്തിൽ നല്ല തീരുമാനമെടുക്കാൻ ഏതു ബൈബിൾതത്ത്വങ്ങൾ നിങ്ങളെ സഹായിക്കും?
ഞാൻ ‘മാന്യമായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കൊള്ളാവുന്ന ഒരു പാത്രമാണോ?’—2തിമ 2:21