ആരോഗ്യാവഹമായ പഠിപ്പിക്കൽ നിങ്ങളുടെ ജീവിതരീതിയാക്കുക
“ദൈവഭക്തി സകലത്തിന്നും പ്രയോജനകരമാകുന്നു.”—തിമൊഥെയൊസ് 4:8.
1, 2. ആളുകൾ തങ്ങളുടെ ആരോഗ്യത്തിൽ എത്രത്തോളം താത്പര്യമെടുക്കുന്നു, എന്തുഫലത്തോടെ?
നല്ല ആരോഗ്യം ജീവിതത്തിലെ ബഹുമൂല്യ സമ്പാദ്യങ്ങളിലൊന്നാണ് എന്ന് മിക്കയാളുകളും സത്വരം സമ്മതിക്കും. ശാരീരികമായി നല്ല ആരോഗ്യമുണ്ടായിരിക്കുന്നതിന് അവർ സമയവും പണവും ഒരു ഗണ്യമായ അളവിൽ ചെലവിടുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ശരിയായ വൈദ്യ ശുശ്രൂഷ ലഭിക്കുന്നുവെന്ന കാര്യത്തിലും അവർ ഉറപ്പുവരുത്തുന്നു. ദൃഷ്ടാന്തത്തിന്, കഴിഞ്ഞ ഒരു വർഷം ഐക്യനാടുകളിൽ വാർഷിക ആരോഗ്യ പരിപാലനത്തിനുവേണ്ടി 90,000 കോടി ഡോളറാണു ചെലവഴിച്ചത്. അതായത്, ആ രാജ്യത്തുള്ള ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കുംവേണ്ടി ഒരു വർഷം 3,000-ത്തിലധികം ഡോളർ ചെലവഴിച്ചു എന്നുവരുന്നു. മററു വികസിത രാജ്യങ്ങളിലെ പ്രതിശീർഷ ചെലവ് അതിനു വളരെ പിന്നിലല്ല.
2 സമയത്തിന്റെയും ഊർജത്തിന്റെയും പണത്തിന്റെയും ആകെ ചെലവ് എന്താണു കൈവരുത്തിയിരിക്കുന്നത്? ചരിത്രത്തിലെ മറേറതെങ്കിലും കാലഘട്ടത്തെക്കാളും അധികം വൈദ്യശാസ്ത്രപരമായ സൗകര്യങ്ങളും സാമഗ്രികളും ഇന്നു മൊത്തത്തിൽ നമുക്കുണ്ട് എന്ന വസ്തുത ആരും നിരസിക്കുകയില്ലെന്നതു തീർച്ചയാണ്. എങ്കിലും, ഇത് ആരോഗ്യാവഹമായ ജീവിതമായി സ്വതേ മാറുന്നില്ല. മറേറതൊരു വികസിതരാജ്യങ്ങളെക്കാൾ അധികമായി “ഈ രാജ്യത്തിൽ ഘോരമായ നിരക്കിലുള്ള അക്രമത്തിനുപുറമേ,” വാസ്തവത്തിൽ, ഐക്യനാടുകളിലെ നിവാസികൾക്കിടയിൽ “എയ്ഡ്സും പുകവലിയും അമിത മദ്യപാനവും കൗമാരപ്രായക്കാരുടെ ഇടയിലെ ഗർഭധാരണവും ശിശുക്കളുടെ അകാല ജനനവും ഉയർന്ന നിരക്കിൽ സ്ഥിതിചെയ്യുന്നു” എന്ന് ഐക്യനാടുകൾക്കുവേണ്ടി നിർദേശിക്കപ്പെട്ട ആരോഗ്യ പരിപാലന പദ്ധതി ആസൂത്രണം ചെയ്തുകൊണ്ടുള്ള ഒരു പ്രസംഗത്തിൽ പ്രസിഡണ്ട് ചൂണ്ടിക്കാട്ടി. അദ്ദേഹം എങ്ങനെയാണ് ഉപസംഹരിച്ചത്? “ആരോഗ്യമുള്ള ജനമെന്ന നിലയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമ്മുടെ ജീവിതരീതികൾക്കു നാം മാററം വരുത്തേണ്ടതുണ്ട്.”—ഗലാത്യർ 6:7, 8.
ആരോഗ്യാവഹമായ ഒരു ജീവിതരീതി
3. പുരാതന ഗ്രീക്ക് സംസ്കാരത്തിന്റെ വീക്ഷണത്തിൽ പൗലോസ് എന്തു ബുദ്ധ്യുപദേശമാണു നൽകിയത്?
3 ശാരീരിക അഭ്യാസത്തിലും വ്യായാമത്തിലും കായികമത്സരങ്ങളിലുമുള്ള അഭിനിവേശത്തിന് ഗ്രീക്കുകാർ ആദിമ നൂററാണ്ടിൽ പേരുകേട്ടവരായിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ യുവാവായ തിമോത്തിക്കു പിൻവരുന്നവിധം എഴുതുവാൻ അപ്പോസ്തലനായ പൗലോസ് നിശ്വസ്തനായി: “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.” (1 തിമൊഥെയൊസ് 4:8) അങ്ങനെ, വൈദ്യശാസ്ത്രപരമോ ശാരീരികമോ ആയ സാമഗ്രികൾ യഥാർഥത്തിൽ ആരോഗ്യാവഹമായ ഒരു ജീവിതരീതി ഉറപ്പുനൽകുന്നില്ലെന്ന് ഇന്ന് ആളുകൾ തിരിച്ചറിയുന്ന വസ്തുതയിലേക്കു പൗലോസ് വിരൽ ചൂണ്ടുകയായിരുന്നു. എന്നാൽ ആത്മീയക്ഷേമവും ദൈവഭക്തിയും നട്ടുവളർത്തുന്നതാണ് ഒഴിച്ചുകൂടാനാവാത്തത് എന്നു പൗലോസ് നമ്മോട് ഉറപ്പിച്ചു പറയുന്നു.
4. ദൈവഭക്തികൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?
4 അത്തരം ജീവിതഗതി “ഇപ്പോഴത്തെ ജീവ”നു പ്രയോജനമുള്ളതാണ് കാരണം, ഭക്തിഹീനരായ ആളുകൾ അല്ലെങ്കിൽ “ഭക്തിയുടെ വേഷം [അഥവാ ബാഹ്യരൂപം] ധരി”ക്കുകമാത്രം ചെയ്യുന്ന ആളുകൾ തങ്ങളുടെമേൽ വരുത്തിക്കൂട്ടുന്ന ഉപദ്രവകരമായ കാര്യങ്ങളിൽനിന്ന് അതു സംരക്ഷണം നൽകുന്നു. (2 തിമൊഥെയൊസ് 3:5; സദൃശവാക്യങ്ങൾ 23:29, 30; ലൂക്കൊസ് 15:11-16; 1 കൊരിന്ത്യർ 6:18; 1 തിമൊഥെയൊസ് 6:9, 10) തങ്ങളുടെ ജീവിതങ്ങളെ രൂപപ്പെടുത്താൻ ദൈവഭക്തിയെ അനുവദിക്കുന്ന ആളുകൾക്കു ദൈവനിയമങ്ങളോടും നിർദേശങ്ങളോടും ആരോഗ്യാവഹമായ ആദരവുമുണ്ട്. ദൈവത്തിന്റെ ആരോഗ്യാവഹമായ പഠിപ്പിക്കൽ തങ്ങളുടെ ജീവിതരീതിയാക്കുവാൻ അത് അവർക്കു പ്രചോദനമേകുന്നു. അത്തരമൊരു ജീവിതരീതി അവർക്ക് ആത്മീയവും ശാരീരികവുമായ ആരോഗ്യവും സംതൃപ്തിയും സന്തുഷ്ടിയും കൈവരുത്തുന്നു. അവർ “സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപി”ക്കുകയാണ്.—1 തിമൊഥെയൊസ് 6:19.
5. തീത്തൊസിനുള്ള ലേഖനത്തിന്റെ രണ്ടാം അധ്യായത്തിൽ പൗലോസ് എന്തെല്ലാം നിർദേശങ്ങളാണു പ്രദാനം ചെയ്തത്?
5 ദൈവത്തിന്റെ ആരോഗ്യാവഹമായ പഠിപ്പിക്കലിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതം അത്തരം അനുഗ്രഹങ്ങൾ ഇപ്പോഴും ഭാവിയിലും കൈവരുത്തുന്നു. അതിനാൽ ദൈവത്തിന്റെ ആരോഗ്യാവഹമായ പഠിപ്പിക്കൽ പ്രായോഗികമായ വിധത്തിൽ എങ്ങനെ നമ്മുടെ ജീവിതരീതിയാക്കാൻ കഴിയും എന്നു നാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. തീത്തോസിന് എഴുതിയ ലേഖനത്തിൽ അപ്പോസ്തലനായ പൗലോസ് അതിന് ഉത്തരം പ്രദാനം ചെയ്തിട്ടുണ്ട്. “പത്ഥ്യോപദേശത്തിന്നു [ആരോഗ്യാവഹമായ പഠിപ്പിക്കലിനു, NW] ചേരുന്നതു പ്രസ്താവിക്ക” എന്ന് അദ്ദേഹം തീത്തോസിനു നിർദേശം നൽകിയ ആ ലേഖനത്തിന്റെ രണ്ടാം അധ്യായം നമുക്കു പ്രത്യേകം പരിചിന്തിക്കാം. ചെറുപ്പക്കാരോ പ്രായമായവരോ ആണോ പെണ്ണോ ആരായാലും ശരി നമുക്കെല്ലാം അത്തരം “ആരോഗ്യാവഹമായ പഠിപ്പിക്കലി”ൽ നിന്നു പ്രയോജനം നേടാമെന്നതു തീർച്ചയാണ്.—തീത്തോസ് 1:4, 5; 2:1, NW.
പ്രായമേറിയ പുരുഷൻമാർക്കു ബുദ്ധ്യുപദേശം
6. സഭയിലെ “പ്രായംചെന്ന പുരുഷൻമാർ”ക്കുവേണ്ടി പൗലോസ് എന്തു ബുദ്ധ്യുപദേശമാണു നൽകിയത്, അത് പൗലോസിന്റെ പക്ഷത്തുനിന്നുള്ള ഉചിതമായ ഒരു സംഗതിയായിരുന്നത് എന്തുകൊണ്ട്?
6 ആദ്യമായി, സഭയിലെ പ്രായമേറിയ പുരുഷൻമാർക്കുവേണ്ടി പൗലോസിന്റെ പക്കൽ ചില ബുദ്ധ്യുപദേശം ഉണ്ടായിരുന്നു. ദയവായി തീത്തൊസ് 2:2 വായിക്കുക. ‘വൃദ്ധൻമാ’രുടെ [പ്രായംചെന്ന പുരുഷൻമാരുടെ, NW] മൊത്തം കൂട്ടം ബഹുമാനിക്കപ്പെടുകയും വിശ്വാസത്തിന്റെയും വിശ്വസ്തതയുടെയും മാതൃകകളായി വീക്ഷിക്കപ്പെടുകയും ചെയ്യുന്നു. (ലേവ്യപുസ്തകം 19:32; സദൃശവാക്യങ്ങൾ 16:31) ഇക്കാരണത്താൽ അത്യധികം ഗൗരവതരമല്ലാത്ത കാര്യങ്ങളിൽ പ്രായമേറിയ പുരുഷൻമാർക്കു ബുദ്ധ്യുപദേശമോ നിർദേശമോ നൽകുന്നതിനു മററുള്ളവർക്കു വൈക്ലബ്യം തോന്നിയേക്കാം. (ഇയ്യോബ് 32:6, 7; 1 തിമൊഥെയൊസ് 5:1) അതുകൊണ്ട്, പ്രായമേറിയ പുരുഷൻമാരെ ആദ്യം അഭിസംബോധനചെയ്യുകയെന്നതു പൗലോസിന്റെ പക്ഷത്തുനിന്നുള്ള ഉചിതമായ ഒരു സംഗതിയായിരുന്നു. പൗലോസിന്റെ വാക്കുകൾ ഗൗരവമായിട്ടെടുക്കുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരു കാര്യമായിരിക്കും. പൗലോസിനെപ്പോലെ അവരും മാതൃകായോഗ്യരാണ് എന്നതിൽ അവർക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.—1 കൊരിന്ത്യർ 11:1; ഫിലിപ്പിയർ 3:17.
7, 8. (എ) “മിതശീലർ” ആയിരിക്കേണം എന്നതിൽ എന്തെല്ലാം ഉൾപ്പെടുന്നു? (ബി) “കാര്യഗൗരവ”ത്തെ “സുബോധ”വുമായി സന്തുലനം ചെയ്തിരിക്കുന്നത് എന്തിന്?
7 പ്രായമേറിയ ക്രിസ്തീയ പുരുഷൻമാർ ആദ്യമേതന്നെ, ‘നിർമ്മദ’രായിരിക്കേണം [“മിതശീലർ”, NW]. മൂലപദത്തിന് മദ്യപാന ശീലത്തെ പരാമർശിക്കാൻ കഴിയുമെങ്കിലും (“മദ്യവിമുഖർ,” രാജ്യ വരിമധ്യം) അതിന് ജാഗ്രതയുള്ളവരായിരിക്കുക, വിവേചനക്ഷമതയുള്ളവരായിരിക്കുക അല്ലെങ്കിൽ ഉണർവുള്ളവരായിരിക്കുക എന്നും അർഥമുണ്ട്. (2 തിമൊഥെയൊസ് 4:5; 1 പത്രൊസ് 1:13) അങ്ങനെ, മദ്യപിക്കുന്നതിലോ മററു കാര്യങ്ങളിലോ ആയിരുന്നാലും ശരി പ്രായമേറിയ പുരുഷൻമാർ മിതത്വം പാലിക്കുന്നവരായിരിക്കണം, അവർ അമിതത്വങ്ങൾ ഒഴിവാക്കണം.
8 കൂടാതെ, അവർ ‘ഗൌരവ’വും, [“കാര്യഗൗരവം”, NW] ‘സുബോധ’വുമുള്ളവരുമായിരിക്കണം. പ്രായംചെല്ലുന്നതനുസരിച്ച് മിക്കയാളുകളും കാര്യഗൗരവമുള്ളവരും അല്ലെങ്കിൽ അന്തസ്സുള്ളവരും ബഹുമാന്യരും ആദരണീയരുമായിത്തീരുന്നു. ചിലർ അമിതമായി ഗൗരവം കാണിക്കുന്നതിനും യുവാക്കളുടെ ഊർജസ്വലതയുള്ള രീതികളിൽ അക്ഷമരായിരിക്കുന്നതിനും പ്രവണതയുള്ളവരായിരിക്കാം. (സദൃശവാക്യങ്ങൾ 20:29) അതുകൊണ്ടാണു “കാര്യഗൗരവ”ത്തെ “സുബോധ”വുമായി സന്തുലനം ചെയ്തിരിക്കുന്നത്. പ്രായമേറിയ പുരുഷൻമാർ പ്രായത്തിന് അനുരൂപമായി ഗൗരവം നിലനിർത്തേണ്ടതാവശ്യമാണ്. എങ്കിലും, അതേസമയംതന്നെ സന്തുലിതമനോഭാവമുള്ളവരും തങ്ങളുടെ വികാരങ്ങളുടേയും ഉൾപ്രേരണകളുടേയുംമേൽ പൂർണമായ നിയന്ത്രണമുള്ളവരുമായിരിക്കണം.
9. പ്രായമേറിയ പുരുഷൻമാർ വിശ്വാസം, സ്നേഹം എന്നിവയിലും വിശേഷിച്ച് സഹിഷ്ണുതയിലും ആരോഗ്യമുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
9 ഒടുവിലായി, പ്രായമേറിയ പുരുഷൻമാർ ‘വിശ്വാസം, സ്നേഹം, സഹിഷ്ണുത എന്നിവയിൽ ആരോഗ്യമുള്ളവ’രായിരിക്കണം. വിശ്വാസം, സ്നേഹം എന്നിവയെ പ്രത്യാശയോടൊപ്പം തന്റെ ലേഖനങ്ങളിൽ പൗലോസ് പലവട്ടം പട്ടികപ്പെടുത്തിയിട്ടുണ്ട്. (1 കൊരിന്ത്യർ 13:13; 1 തെസ്സലൊനീക്യർ 1:3; 5:8) ഇവിടെ അദ്ദേഹം “പ്രത്യാശ”യുടെ സ്ഥാനത്ത് “സഹിഷ്ണുത” ഉപയോഗിച്ചിരിക്കുന്നു. ഒരുപക്ഷേ പ്രായം ചെല്ലുന്തോറും ഉപേക്ഷാമനോഭാവം കടന്നുവരുന്നു എന്ന കാരണത്താലാകാം അങ്ങനെ ചെയ്തിരിക്കുന്നത്. (സഭാപ്രസംഗി 12:1) എന്നിരുന്നാലും, യേശു ചൂണ്ടിക്കാട്ടിയ പ്രകാരം “അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും.” (മത്തായി 24:13) ഇതിനും പുറമേ, പ്രായമേറിയവർ മററുള്ളവർക്കു മാതൃകായോഗ്യരായിരിക്കുന്നത് അവരുടെ പ്രായമോ അനുഭവമോ കാരണം മാത്രമല്ല മറിച്ച്, അവരുടെ കരുത്തുററ ആത്മീയ ഗുണങ്ങൾ—വിശ്വാസം, സ്നേഹം, സഹിഷ്ണുത—നിമിത്തമാണ്.
പ്രായമേറിയ സ്ത്രീകൾക്ക്
10. സഭയിലെ “പ്രായംചെന്ന സ്ത്രീകൾ”ക്കു പൗലോസ് എന്തു ബുദ്ധ്യുപദേശമാണു പ്രദാനം ചെയ്യുന്നത്?
10 പൗലോസ് അടുത്തതായി സഭയിലെ പ്രായമേറിയ സ്ത്രീകളിലേക്കു തന്റെ ശ്രദ്ധ തിരിക്കുന്നു. ദയവായി തീത്തൊസ് 2:3 വായിക്കുക. ‘വൃദ്ധമാർ’ [“പ്രായംചെന്ന സ്ത്രീകൾ”, NW] സഭയിലെ സ്ത്രീകളിൽ മുതിർന്നവരാണ്. അവരിൽ “പ്രായംചെന്ന പുരുഷൻമാരുടെ” ഭാര്യമാരും മററുള്ള അംഗങ്ങളുടെ അമ്മമാരും വല്യമ്മമാരും ഉൾപ്പെടുന്നു. അക്കാരണത്താൽ അവർക്കു നല്ല സ്വാധീനം ചെലുത്താൻ കഴിയും, അതു നല്ലതോ ചീത്തയോ ആയി ഭവിച്ചേക്കാം. അതുകൊണ്ടാണു പൗലോസ് “അങ്ങനെ തന്നേ” എന്നു പറഞ്ഞുകൊണ്ടു തന്റെ വാക്കുകൾ അവതരിപ്പിക്കുന്നത്. അതിന്റെ അർഥം സഭയിൽ തങ്ങളുടെ പങ്കു നിർവഹിക്കുന്നതിനു ‘പ്രായംചെന്ന സ്ത്രീകളും’ ചില ഉത്തരവാദിത്വങ്ങൾക്കൊത്തു ജീവിക്കേണ്ടതുണ്ട് എന്നാണ്.
11. ആദരണീയമായ പെരുമാററം എന്താണ്?
11 ആദ്യമായി “പ്രായംചെന്ന സ്ത്രീകൾ” പവിത്രയോഗ്യമാർ [“ആദരപൂർവകമായ പെരുമാററമുള്ളവർ”, NW] ആയിരിക്കേണം എന്നു പൗലോസ് പറഞ്ഞു. ‘പെരുമാററം’ ഒരാളുടെ ആന്തരിക മനോഭാവത്തിന്റെയും വ്യക്തിത്വത്തിന്റെയും ബാഹ്യപ്രകടനമാണ്. അത് നടത്തയിലും ആകാരത്തിലും പ്രതിഫലിക്കുന്നു. (മത്തായി 12:34, 35) അപ്പോൾ, പ്രായംചെന്ന ഒരു ക്രിസ്തീയ സ്ത്രീയുടെ മനോഭാവം എന്തായിരിക്കണം? ഒററവാക്കിൽ പറഞ്ഞാൽ ‘ആദരണീയർ’ ആയിരിക്കണം. ഇതു വിവർത്തനം ചെയ്തിരിക്കുന്നത് “വ്യക്തികൾ, പ്രവർത്തനങ്ങൾ, അല്ലെങ്കിൽ വസ്തുക്കൾ എന്ന നിലയിൽ ഉചിതമായി ദൈവസേവാർഥം സമർപ്പിച്ചിരിക്കുന്ന” എന്നർഥം വരുന്ന ഒരു ഗ്രീക്കു പദത്തിൽനിന്നാണ്. മററുള്ളവരുടെമേൽ, പ്രത്യേകിച്ചും സഭയിലെ യുവ സ്ത്രീകളുടെമേൽ അവർക്കുള്ള സ്വാധീനത്തിന്റെ വീക്ഷണത്തിൽ തീർച്ചയായും ഇത് ഉചിതമായ ഒരു ബുദ്ധ്യുപദേശമാണ്.—1 തിമൊഥെയൊസ് 2:9, 10.
12. സകലരും നാക്കിന്റെ ഏതു ദുരുപയോഗം ഒഴിവാക്കേണ്ടതുണ്ട്?
12 അടുത്തതു നിഷേധാത്മകമായ രണ്ടു സ്വഭാവവിശേഷതകളാണ്: “ഏഷണി പറയാത്തവരും വീഞ്ഞിന്നു അടിമപ്പെടാത്തവ”രും. ഇവ രണ്ടും ഒരു വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു എന്നതു രസകരമാണ്. “ലഹരിപദാർഥമായി വീഞ്ഞുമാത്രം ലഭ്യമായിരുന്ന പുരാതന നാളുകളിൽ തങ്ങളുടെ ചെറിയ വീഞ്ഞുസത്കാര വേളകളിലായിരുന്നു പ്രായമേറിയ സ്ത്രീകൾ അയൽക്കാരുടെ സ്വഭാവഗുണങ്ങളെ കീറിപ്പറിക്കുമായിരുന്നത്” എന്ന് പ്രൊഫസർ ഇ. എഫ്. സ്കോട്ട് അഭിപ്രായപ്പെടുന്നു. സാധാരണമായി പുരുഷൻമാരെക്കാൾ സ്ത്രീകൾ ആളുകളിൽ അധികം തത്പരരാണ്. അതു പ്രശംസാർഹമാണ്. എങ്കിലും താത്പര്യം, കുശുകുശുപ്പോ ഏഷണിപോലുമോ ആയി വഷളായിത്തീർന്നേക്കാം, പ്രത്യേകിച്ചും മദ്യം കഴിച്ചു നാക്കു കുഴയുമ്പോൾ. (സദൃശവാക്യങ്ങൾ 23:33) പുരുഷൻമാരോ സ്ത്രീകളോ ആരായാലും ശരി, ആരോഗ്യാവഹമായ പഠിപ്പിക്കൽ പിന്തുടരുന്നവർ തീർച്ചയായും ഈ കെണിക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണം.
13. പ്രായമേറിയ സ്ത്രീകൾക്ക് ഏതു വിധത്തിൽ അധ്യാപികമാർ ആയിരിക്കാൻ കഴിയും?
13 ലഭ്യമായ സമയം കെട്ടുപണിചെയ്യുന്ന വിധത്തിൽ ഉപയോഗിക്കേണ്ടതിന് ‘നൻമ ഉപദേശിക്കുന്നവരായിരി’ക്കുവാൻ [“നല്ലകാര്യങ്ങളുടെ ശിക്ഷകർ”, NW] പ്രായമേറിയ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു. സ്ത്രീകൾ സഭയിൽ അധ്യാപികമാർ ആയിരിക്കരുത് എന്നു തെളിവായ നിർദേശങ്ങൾ പൗലോസ് വേറൊരിടത്തു നൽകിയിട്ടുണ്ട്. (1 കൊരിന്ത്യർ 14:34; 1 തിമൊഥെയൊസ് 2:12) എന്നിരുന്നാലും, ദൈവത്തെക്കുറിച്ചുള്ള വിലയേറിയ അറിവ് കുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കും പകർന്നുകൊടുക്കുന്നതിൽനിന്ന് ഇത് അവരെ തടയുന്നില്ല. (2 തിമൊഥെയൊസ് 1:5; 3:14, 15) സഭയിലെ യുവസ്ത്രീകൾക്കു ക്രിസ്തീയ മാതൃകയായിരുന്നുകൊണ്ടും അവർക്ക് അനേകം നല്ല കാര്യങ്ങൾ നിർവഹിക്കാൻ കഴിയും. പിൻവരുന്ന വാക്യങ്ങൾ അതു കാണിക്കുന്നു.
യുവസ്ത്രീകൾക്ക്
14. തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ യുവസ്ത്രീകൾക്ക് എങ്ങനെ സമനിലപാലിക്കാൻ കഴിയും?
14 ‘നൻമ ഉപദേശിക്കുന്നവരായിരി’ക്കുന്നതിനു പ്രായമേറിയ സ്ത്രീകളെ പ്രോത്സാഹിപ്പിക്കവേ പൗലോസ് യുവസ്ത്രീകളെക്കുറിച്ചു പ്രത്യേകം സൂചിപ്പിച്ചു. ദയവായി തീത്തൊസ് 2:4, 5 വായിക്കുക. നിർദേശത്തിലധികവും ഗൃഹകാര്യങ്ങളെ കേന്ദ്രീകരിച്ചുള്ളവയാണെങ്കിലും ക്രിസ്ത്യാനികളായ യുവസ്ത്രീകൾ ഭൗതിക ചിന്തകൾ തങ്ങളുടെ ജീവിതത്തെ ഭരിക്കാൻപോന്നവിധം അക്കാര്യങ്ങളിൽ അമിത താത്പര്യമെടുക്കരുത്. പകരം, ‘സുബോധമുള്ളവരും പാതിവ്രത്യമുള്ളവരും [“ചാരിത്രശുദ്ധി”, NW] . . . ദയയുള്ളവരും’ ആയിരിക്കേണ്ടതുണ്ട്. എല്ലാററിനുമുപരി, ക്രിസ്തീയ ശിരസ്ഥാന ക്രമീകരണത്തിനു പിന്തുണ നൽകാൻ തയ്യാറുള്ളവരും ആയിരിക്കണം. “ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു” ഇത് ഇടനൽകും.
15. ക്രിസ്തീയസഭയിലെ അനേകം യുവസ്ത്രീകൾ പ്രശംസയ്ക്കു പാത്രമായിരിക്കുന്നതിനു കാരണമെന്ത്?
15 ഇന്ന് കുടുംബ പശ്ചാത്തലത്തിനു പൗലോസിന്റെ നാളിലെത്തതിനെക്കാൾ ഗണ്യമായ മാററം വന്നിട്ടുണ്ട്. അനേകം കുടുംബങ്ങൾ വിശ്വാസത്തിന്റെ കാര്യത്തിൽ വിഭജിതരാണ്. വേറെ ചിലർക്കു മാതാപിതാക്കളിൽ ഒരാൾ മാത്രമേയുള്ളൂ. പിതാവ് ശിരസ്ഥാനം വഹിക്കുന്ന പരമ്പരാഗത കുടുംബമെന്നു പറയപ്പെടുന്നിടത്തുപോലും ഭാര്യയോ അമ്മയോ മുഴുസമയ ഭവനനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത് അസാധാരണമാണ്. ഇതെല്ലാം ക്രിസ്ത്യാനികളായ യുവസ്ത്രീകളുടെമേൽ കഠിനമായ സമ്മർദവും ഉത്തരവാദിത്വവും ചെലുത്തുന്നു. എന്നാൽ, ഇതെല്ലാം അവരെ തങ്ങളുടെ തിരുവെഴുത്തുപരമായ ബാധ്യതകളിൽനിന്ന് ഒഴിച്ചുനിർത്തുന്നില്ല. അതുകൊണ്ട്, വിശ്വസ്തരായ അനേകം യുവസ്ത്രീകൾ തങ്ങളുടെ പലവിധമായ തൊഴിലുകളിൽ കഠിനാധ്വാനം ചെയ്യുന്നതോടൊപ്പംതന്നെ രാജ്യതാത്പര്യങ്ങൾ മുന്നിൽ വയ്ക്കുവാൻപോന്നവിധം സമനിലപാലിക്കുന്നതായി കാണുന്നതുതന്നെ ഒരനുഭൂതിയാണ്. ചിലർ സഹായ പയനിയറിങ്ങോ നിരന്തരപയനിയറിങ്ങോ ചെയ്തുകൊണ്ട് മുഴുസമയ ശുശ്രൂഷയിൽപോലും ഏർപ്പെട്ടിരിക്കുന്നു. (മത്തായി 6:33) അവർ തീർച്ചയായും പ്രശംസയ്ക്കു പാത്രമാണ്!
യുവപുരുഷൻമാർക്ക്
16. യുവപുരുഷൻമാർക്കു പൗലോസ് എന്തു ബുദ്ധ്യുപദേശമാണു നൽകിയത്, ഇതു കാലോചിതമായിരിക്കുന്നത് എന്തുകൊണ്ട്?
16 തീത്തോസ്പോലുള്ള യുവപുരുഷൻമാരിലേക്കു പൗലോസ് ശ്രദ്ധ തിരിക്കുന്നു. ദയവായി തീത്തൊസ് 2:6-8 വായിക്കുക. ഇന്നത്തെ യുവാക്കളിൽ പലരുടെയും ചുമതലാബോധമില്ലാത്തതും നാശകരവുമായ വഴികളുടെ—പുകവലി, മയക്കുമരുന്ന്-മദ്യ-ദുരുപയോഗം, അവിഹിത ലൈംഗികത എന്നിവയുടെയും ക്രൂരമായ കളികൾ, തരംതാണ സംഗീതം, വിനോദം എന്നിങ്ങനെയുള്ള മററു ലൗകികത്തേട്ടങ്ങളുടെയും—വീക്ഷണത്തിൽ ആരോഗ്യാവഹവും സംതൃപ്തികരവുമായ ജീവിതരീതി പിന്തുടരാൻ ആഗ്രഹിക്കുന്ന ക്രിസ്തീയ യുവാക്കൾക്കുള്ള കാലോചിതമായ ഉപദേശമാണ് ഇത്.
17. ഒരു യുവപുരുഷന് “സുബോധമുള്ളവ”നും “സൽപ്രവർത്തികൾക്കു മാതൃക”യുമായിരിക്കാൻ കഴിയുന്നതെങ്ങനെ?
17 ലോകത്തിലെ യുവാക്കൾക്കു വിരുദ്ധമായി ക്രിസ്ത്യാനിയായ ഒരു യുവപുരുഷൻ “സുബോധമുള്ളവ”നും “സൽപ്രവൃത്തികൾക്കു മാതൃക”യും ആയിരിക്കേണ്ടതുണ്ട്. സുബോധവും പക്വതയുമുള്ള ഒരു മനസ്സു നേടിയെടുക്കുന്നതു വെറുതെ പഠിക്കുന്നവരല്ല മറിച്ച് “ശരിയും തെററും തിരിച്ചറിയാൻ ഉപയോഗത്താൽ തങ്ങളുടെ ഗ്രഹണപ്രാപ്തികൾ പരിശീലിപ്പിച്ചവരാണ്” എന്നു പൗലോസ് വിശദീകരിച്ചു. (എബ്രായർ 5:14, NW) യുവജനങ്ങൾ യുവത്വത്തിലെ ബലം സ്വാർഥ ഗതികൾക്കായി പാഴാക്കുന്നതിനു പകരം ക്രിസ്തീയ സഭയിലെ അനേകം ജോലികളിൽ മുഴുപങ്കുമുണ്ടായിരിക്കുന്നതിനു തങ്ങളുടെ സമയവും ഊർജവും സ്വമേധയാ ചെലവഴിക്കുന്നതായി കാണുന്നത് എത്ര മഹത്തായ ഒരു കാര്യമാണ്! അങ്ങനെ ചെയ്യുകവഴി അവർക്കു തീത്തോസിനെപ്പോലെ “സൽപ്രവർത്തികൾ”ക്കു നല്ല മാതൃകകളായിരിക്കാൻ കഴിയും.—1 തിമൊഥെയൊസ് 4:12.
18. പഠിപ്പിക്കലിൽ ദുഷിപ്പില്ലായ്മയും പ്രവൃത്തിയിൽ ഗൗരവവും സംസാരം ആരോഗ്യാവഹവുമായിരിക്കുക എന്നതിന്റെ അർഥമെന്താണ്?
18 യുവപുരുഷൻമാർ ‘[തങ്ങളുടെ] ഉപദേശത്തിൽ നിർമ്മലതയും [“പഠിപ്പിക്കലിൽ ദുഷിപ്പില്ലായ്മയും”, NW] ഗൌരവവും ആക്ഷേപിച്ചു കൂടാത്ത പത്ഥ്യവചനവും [“ആരോഗ്യാവഹമായ സംസാരവും”, NW] ഉള്ളവർ’ ആയിരിക്കേണ്ടതുണ്ട് എന്ന് അവരെ ഓർമിപ്പിക്കുന്നു. ‘ദുഷിപ്പില്ലാത്ത’ പഠിപ്പിക്കൽ ദൈവവചനത്തിൽ ശക്തമായി അടിസ്ഥാനപ്പെട്ടതായിരിക്കണം. തൻമൂലം യുവപുരുഷൻമാർ ശുഷ്കാന്തിയുള്ള ബൈബിൾ വിദ്യാർഥികളായിരിക്കണം. പ്രായമേറിയ പുരുഷൻമാരെപ്പോലെ യുവപുരുഷൻമാരും കാര്യഗൗരവമുള്ളവർ ആയിരിക്കേണ്ടതാണ്. ദൈവവചനത്തിന്റെ ഒരു ശുശ്രൂഷകനായിരിക്കുക എന്നതു ഗൗരവമായ ഒരു ഉത്തരവാദിത്വമാണെന്നും അക്കാരണത്താൽ “സുവിശേഷത്തിനു യോഗ്യമാംവണ്ണം മാത്രം നട”ക്കണമെന്നും അവർ തിരിച്ചറിയേണ്ടത് ആവശ്യമാണ്. (ഫിലിപ്പിയർ 1:27) അതുപോലെതന്നെ അവരുടെ സംസാരം “ആരോഗ്യാവഹ”വും “ആക്ഷേപിച്ചുകൂടാത്ത”തും ആയിരിക്കണം. തത്ഫലമായി എതിരാളികൾക്കു തിൻമ പറയുന്നതിന് ഇടംകൊടുക്കാനുള്ള യാതൊരു കാരണവും അവർ നൽകാനിടയില്ല.—2 കൊരിന്ത്യർ 6:3; 1 പത്രൊസ് 2:12, 15.
അടിമകൾക്കും ദാസൻമാർക്കും വേണ്ടി
19, 20. മററുള്ളവരുടെ കീഴിൽ ജോലിചെയ്യുന്നവർ “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ പ്രബോധനത്തെ സകലത്തിലും അലങ്കരി”ച്ചേക്കാവുന്നത് എങ്ങനെ?
19 അവസാനമായി, പൗലോസ് മററുള്ളവരുടെ കീഴിൽ ജോലിചെയ്യുന്നവരിലേക്കു ശ്രദ്ധ തിരിച്ചു. ദയവായി തീത്തൊസ് 2:9, 10 വായിക്കുക. നമ്മിലനേകരും ഇന്ന് അടിമകളോ ദാസരോ അല്ല. എന്നാൽ അനേകരും മററുള്ളവർക്കുവേണ്ടി സേവനമനുഷ്ഠിക്കുന്ന ജീവനക്കാരോ ജോലിക്കാരോ ആണ്. അതുകൊണ്ട്, പൗലോസ് വിവരിച്ചുപറഞ്ഞ തത്ത്വങ്ങൾ അതേപ്രകാരം ഇന്നും ബാധകമാണ്.
20 “സകലത്തിലും . . . യജമാനൻമാർക്കു കീഴടങ്ങി”യിരിക്കണമെന്നതിന്റെ അർഥം ക്രിസ്ത്യാനികളായ ജീവനക്കാർ തങ്ങളുടെ തൊഴിലുടമകളോടും മേൽനോട്ടം വഹിക്കുന്നവരോടും യഥാർഥ ആദരവു പ്രകടമാക്കണമെന്നാണ്. (കൊലൊസ്സ്യർ 3:22) അവർ തങ്ങളുടെ തൊഴിലുടമയ്ക്കു നൽകാൻ ബാധ്യസ്ഥപ്പെട്ടിരിക്കുന്ന ഒരു മുഴുദിവസത്തെ വേല ചെയ്യുന്ന സത്യസന്ധരായ ജോലിക്കാർ എന്ന സൽപ്പേരും ഉള്ളവരായിരിക്കണം. ജോലിചെയ്യുന്ന സ്ഥലങ്ങളിൽ മററുള്ളവരുടെ പെരുമാററം ഗണ്യമാക്കാതെ അവർ ക്രിസ്തീയ നടത്തയുടെ ഉന്നതനിലവാരം പുലർത്തേണ്ടത് ആവശ്യമാണ്. അവർ “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ [“പ്രബോധനത്തെ”, NW] സകലത്തിലും അലങ്കരിക്കേണ്ടതിന്നു”വേണ്ടിയാണ് ഇപ്രകാരമെല്ലാം ചെയ്യുന്നത്. ആത്മാർഥരായ നിരീക്ഷകർ സാക്ഷികളായ തങ്ങളുടെ സഹപ്രവർത്തകരുടെ അല്ലെങ്കിൽ ജോലിക്കാരുടെ നടത്തയുടെ ഫലമായി സത്യത്തോടു അനുകൂലമായി പ്രതികരിക്കുന്നതിനെപ്പററി നാം ഒട്ടു മിക്കപ്പോഴും കേൾക്കാറുണ്ട്! തങ്ങളുടെ ജോലിസ്ഥലത്തുപോലും തന്റെ ആരോഗ്യാവഹമായ പഠിപ്പിക്കൽ പിൻപററുന്നവർക്കു യഹോവ നൽകുന്ന ഒരു പ്രതിഫലമാണിത്.—എഫെസ്യർ 6:7, 8.
ശുദ്ധീകരിക്കപ്പെട്ട ഒരു ജനം
21. എന്തുകൊണ്ടാണു യഹോവ ആരോഗ്യാവഹമായ പഠിപ്പിക്കൽ പ്രദാനം ചെയ്തിരിക്കുന്നത്, നാം എങ്ങനെ പ്രതികരിക്കണം?
21 പൗലോസ് വിവരിച്ച ആരോഗ്യാവഹമായ പഠിപ്പിക്കൽ ഏതെങ്കിലും രീതിയിലുള്ള സദാചാരപരമായ തത്ത്വസംഹിതയോ നമുക്കു തോന്നുന്നതുപോലെ പ്രവർത്തിച്ചേക്കാവുന്ന ധാർമികമൂല്യങ്ങൾ അടങ്ങിയ വെറും ധാർമികസംഹിതകളോ അല്ല. പൗലോസ് അതിന്റെ ഉദ്ദേശ്യം തുടർന്നു വിശദീകരിക്കുന്നു. ദയവായി തീത്തൊസ് 2:11, 12 വായിക്കുക. നമ്മോടുള്ള സ്നേഹവും അനർഹദയയും നിമിത്തം യഹോവയാം ദൈവം ആരോഗ്യാവഹമായ പഠിപ്പിക്കൽ പ്രദാനം ചെയ്തിരിക്കുന്നു. തൻമൂലം ദുർഘടവും അപകടവും നിറഞ്ഞ ഈ നാളുകളിൽ ഉദ്ദേശ്യപൂർണവും സംതൃപ്തിദായകവുമായ ജീവിതം നയിക്കുവാൻ കഴിയും. ആരോഗ്യാവഹമായ പഠിപ്പിക്കൽ സ്വീകരിച്ച് അതിനെ നിങ്ങളുടെ ജീവിതരീതിയാക്കുന്നതിനു നിങ്ങൾ തയ്യാറാണോ? അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ രക്ഷയെ അർഥമാക്കും.
22, 23. ആരോഗ്യാവഹമായ പഠിപ്പിക്കൽ നമ്മുടെ ജീവിതരീതിയാക്കുന്നതിന്റെ ഫലമായി എന്തെല്ലാം അനുഗ്രഹങ്ങൾ നാം കൊയ്തെടുക്കും?
22 അതിലുമുപരി, ആരോഗ്യാവഹമായ പഠിപ്പിക്കൽ നമ്മുടെ ജീവിതരീതിയാക്കുന്നത് ഇപ്പോൾ മഹത്തായ പദവിയും സന്തുഷ്ടകരമായ ഒരു ഭാവിപ്രത്യാശയും നമുക്കു കൈവരുത്തുന്നു. ദയവായി തീത്തൊസ് 2:13, 14 വായിക്കുക. ആരോഗ്യാവഹമായ പഠിപ്പിക്കൽ ജീവിതരീതിയാക്കുന്നത് ദുഷിച്ചതും നശിക്കുന്നതുമായ ഈ ലോകത്തിൽ ശുദ്ധീകരിക്കപ്പെട്ട ഒരു ജനം എന്ന നിലയിൽ നമ്മെ വേർതിരിച്ചു നിർത്തും. പൗലോസിന്റെ വാക്കുകൾ സീനായിൽവച്ച് ഇസ്രായേൽ മക്കൾക്കു മോശ നൽകിയ പിൻവരുന്ന ഓർമിപ്പിക്കലുകൾക്കു സമാന്തരമായി നിലകൊള്ളുന്നു: “യഹോവ . . . താൻ ഉണ്ടാക്കിയ സകലജാതികൾക്കും മീതെ നിന്നെ പുകഴ്ചെക്കും കീർത്തിക്കും മാനത്തിന്നുമായി ഉന്നതമാക്കേണ്ടതിന്നു താൻ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവക്കു വിശുദ്ധജനമായിരി”ക്കും.—ആവർത്തനപുസ്തകം 26:18, 19.
23 ആരോഗ്യാവഹമായ പഠിപ്പിക്കൽ ജീവിതരീതിയാക്കിക്കൊണ്ട് യഹോവയുടെ ശുദ്ധീകരിച്ച ജനമെന്ന പദവി നമുക്ക് എന്നെന്നും കാത്തുപരിപാലിക്കാം! ഏതെങ്കിലും രീതിയിലുള്ള ഭക്തിഹീനമായ പ്രവർത്തിയോ ലൗകിക അഭിലാഷങ്ങളോ നിരാകരിക്കുന്നതിന് എല്ലായ്പോഴും ജാഗ്രതയുള്ളവരായിരിക്കുക. അങ്ങനെ യഹോവ ഇന്നു നടത്തിക്കൊണ്ടിരിക്കുന്ന മഹത്തായവേലയിൽ നമ്മെ ഉപയോഗിക്കുന്നതിനു യോഗ്യമാംവണ്ണം ശുദ്ധമായി നിലകൊള്ളുക.—കൊലൊസ്സ്യർ 1:10.
നിങ്ങൾ ഓർമിക്കുന്നുണ്ടോ?
◻ ദൈവഭക്തി സകലത്തിനും പ്രയോജനകരമായിരിക്കുന്നതിന്റെ കാരണമെന്ത്?
◻ പ്രായമേറിയ ക്രിസ്തീയ പുരുഷൻമാർക്കും സ്ത്രീകൾക്കും ആരോഗ്യാവഹമായ പഠിപ്പിക്കൽ ജീവിതരീതിയെന്ന നിലയിൽ എങ്ങനെ പിന്തുടരാൻ കഴിയും?
◻ സഭയിലെ യുവപുരുഷൻമാർക്കും സ്ത്രീകൾക്കുംവേണ്ടി പൗലോസിന്റെ പക്കൽ ആരോഗ്യാവഹമായ എന്തു പഠിപ്പിക്കലാണുള്ളത്?
◻ ആരോഗ്യാവഹമായ പഠിപ്പിക്കൽ നമ്മുടെ ജീവിതരീതിയാക്കിയാൽ എന്തു പദവിയും അനുഗ്രഹവും നമ്മുടേതായിത്തീരും?
[18-ാം പേജിലെ ചിത്രം]
തീത്തൊസ് 2:2-4-ലെ ബുദ്ധ്യുപദേശം ഇന്ന് അനേകരും ബാധകമാക്കുന്നുണ്ട്