നേതൃത്വം വഹിക്കുന്നവരോട് അനുസരണമുള്ളവരായിരിക്കുക
“നിങ്ങളുടെ ഇടയിൽ നേതൃത്വം വഹിക്കുന്നവരോട് അനുസരണമുള്ളവരായിരിക്കുകയും കീഴ്പെട്ടിരിക്കുകയും ചെയ്യുക, എന്തുകൊണ്ടെന്നാൽ ഒരു കണക്കുബോധിപ്പിക്കുന്നവരെന്ന നിലയിൽ അവർ നിങ്ങളുടെ ദേഹികളെ കാവൽചെയ്തുകൊണ്ടിരിക്കുന്നു.”—എബ്രായർ 13:17.
1. ക്രിസ്തീയമേൽവിചാരകൻമാരുടെ വേലയിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം കിട്ടുന്നു?
ഈ “അന്ത്യകാലത്ത്” യഹോവ തന്റെ സ്ഥാപനത്തിനുവേണ്ടി മേൽവിചാരകൻമാരെ പ്രദാനംചെയ്തിട്ടുണ്ട്. (ദാനിയേൽ 12:4) അവർ ആടുതുല്യരെ പരിപാലിക്കുന്നതിൽ നേതൃത്വം വഹിക്കുന്നു, അവരുടെ മേൽനോട്ടം നവോൻമേഷപ്രദമാണ്. (യെശയ്യാവ് 32:1, 2) മാത്രവുമല്ല, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ പെരുമാറുന്ന മൂപ്പൻമാരാലുള്ള സ്നേഹനിർഭരമായ മേൽവിചാരണ സാത്താനിൽനിന്നും അവന്റെ ദുഷ്ടവ്യവസ്ഥിതിയിൽനിന്നുമുള്ള ഒരു സംരക്ഷണമായി ഉതകുന്നു.—പ്രവൃത്തികൾ 20:28-30; 1 പത്രോസ് 5:8; 1 യോഹന്നാൻ 5:19.
2. ചിലർ അപ്പോസ്തലനായ പൗലോസിനെ എങ്ങനെ വീക്ഷിച്ചു, എന്നാൽ മൂപ്പൻമാരോടുള്ള ഏതു മനോഭാവം ഉചിതമാണ്?
2 എന്നാൽ നിങ്ങൾ മൂപ്പൻമാരെ എങ്ങനെ വീക്ഷിക്കുന്നു? നിങ്ങളുടെ ഹൃദയത്തിൽ ‘എനിക്ക് ഒരു പ്രശ്നമുണ്ടെങ്കിൽ ഞാൻ ഒരിക്കലും ഈ സഭയിലെ മറെറാരു മൂപ്പന്റെ അടുക്കൽ പോകുകയില്ല, കാരണം എനിക്ക് അവരിൽ ആരെയും വിശ്വാസമില്ല’ എന്നു പറയുന്നുവോ? നിങ്ങൾക്ക് അങ്ങനെയാണ് തോന്നുന്നതെങ്കിൽ, നിങ്ങൾ അവരുടെ അപൂർണ്ണതകൾക്ക് അമിതമായി ഊന്നൽ കൊടുക്കുകയായിരിക്കുമോ? പുരാതന കൊരിന്തിൽ ചിലർ അപ്പോസ്തലനായ പൗലോസിനെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു: “അവന്റെ ലേഖനങ്ങൾ ഘനമുള്ളവയും ശക്തവുമാണ്, എന്നാൽ അവന്റെ ശാരീരിക സാന്നിദ്ധ്യം ദുർബലവും അവന്റെ സംസാരം നിന്ദ്യവുമാണ്.” എന്നിട്ടും, ദൈവം പൗലോസിനെ ഒരു ശുശ്രൂഷക്ക് നിയോഗിക്കുകയും “ജനതകൾക്കുള്ള ഒരു അപ്പോസ്തലനായി” അവനെ ഉപയോഗിക്കുകയും ചെയ്തു. (2 കൊരിന്ത്യർ 10:10; റോമർ 11:13; 1 തിമൊഥെയോസ് 1:12) അപ്പോൾ പിൻവരുന്ന പ്രകാരം പറഞ്ഞ സഹോദരിയെപ്പോലെ നിങ്ങൾ ഏറെയും വിചാരിക്കുന്നുവെന്ന് പ്രത്യാശിക്കപ്പെടുന്നു: “ഞങ്ങൾക്ക് ലോകത്തിലേക്കും നല്ല മൂപ്പൻമാരുടെ സംഘമാണുള്ളത്. അവർ ആവശ്യമുള്ളപ്പോൾ സഹായിക്കാൻ ഇവിടെത്തന്നെയുണ്ട്.”
അവരെ അനുസരിക്കേണ്ടതെന്തുകൊണ്ട്?
3. കർത്താവ് നാം പ്രകടമാക്കുന്ന ആത്മാവോടുകൂടെയിരിക്കണമെങ്കിൽ നാം ക്രിസ്തീയ ഉപ ഇടയൻമാരെ എങ്ങനെ വീക്ഷിക്കണം?
3 ക്രിസ്തീയ ഉപ ഇടയൻമാർ വലിയ ഇടയനായ യഹോവയാം ദൈവത്താൽ പ്രദാനംചെയ്യപ്പെട്ടിരിക്കുന്നതിനാൽ നമ്മൾ അവരെ എങ്ങനെ വീക്ഷിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നുവെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? തീർച്ചയായും, യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിന്റെ മേൽനോട്ടത്തിൻകീഴിലുള്ള സ്നേഹമയികളായ മേൽവിചാരകൻമാരിലൂടെ ലഭിക്കുന്ന ബൈബിളധിഷ്ഠിത മാർഗ്ഗനിർദ്ദേശം നാം അനുസരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. അപ്പോൾ, ‘കർത്താവ് നാം പ്രകടമാക്കുന്ന ആത്മാവോടുകൂടെ ഉണ്ടായിരിക്കും,’ നാം സമാധാനം ആസ്വദിക്കും, നാം ആത്മീയമായി കെട്ടുപണിചെയ്യപ്പെടും.—2 തിമൊഥെയോസ് 4:22; പ്രവൃത്തികൾ 9:31; 15:23-32 താരതമ്യപ്പെടുത്തുക.
4. നമുക്ക് എങ്ങനെ വ്യക്തിപരമായി എബ്രായർ 13:7 ബാധകമാക്കാൻ കഴിയും?
4 പൗലോസ് ഇങ്ങനെ പ്രോൽസാഹിപ്പിച്ചു: “ദൈവവചനം നിങ്ങളോടു സംസാരിച്ചവരായി നിങ്ങളുടെ ഇടയിൽ നേതൃത്വം വഹിക്കുന്നവരെ ഓർക്കുക, അവരുടെ നടത്ത എങ്ങനെ പരിണമിക്കുന്നുവെന്ന് നിങ്ങൾ വിചിന്തനംചെയ്യവേ അവരുടെ വിശ്വാസത്തെ അനുകരിക്കുക.” (എബ്രായർ 13:7) ആദിമക്രിസ്ത്യാനികളുടെ ഇടയിൽ മുഖ്യമായി അപ്പോസ്തലൻമാരായിരുന്നു നേതൃത്വം വഹിച്ചത്. ഇന്ന്, നമ്മുടെ ഇടയിൽ നേതൃത്വം വഹിക്കുന്നവരായി യഹോവയുടെ സാക്ഷികളുടെ ഭരണസംഘമായിരിക്കുന്നവരെയും മററ് അഭിഷിക്ത മേൽവിചാരകൻമാരെയും “മഹാപുരുഷാര”ത്തിൽപെട്ട പുരുഷൻമാരെയും നമുക്ക് നിരീക്ഷിക്കാൻ കഴിയും. (വെളിപ്പാട് 7:9) അവരുടെ ശബ്ദഗുണത്തെയോ നിലപാടിനെയോ മററ് മാനുഷ സ്വഭാവവിശേഷങ്ങളെയൊ അനുകരിക്കാൻ നാം പ്രോൽസാഹിപ്പിക്കപ്പെടുന്നില്ലെന്നിരിക്കെ, അവരുടെ വിശ്വാസത്തെ അനുകരിച്ചുകൊണ്ട് നാം നമ്മുടെ നടത്ത നന്നായി പരിണമിക്കാനിടയാക്കാൻ പ്രാപ്തരായിരിക്കേണ്ടതാണ്.
5. ഇന്ന് ഭൂമിയിൽ, ക്രിസ്തീയസഭയെ പരിപാലിക്കുന്നതിന്റെ മുഖ്യ ഉത്തരവാദിത്തം ആരെ ഭരമേൽപ്പിച്ചിരിക്കുന്നു, അവർ എന്തർഹിക്കുന്നു?
5 ഇന്ന് ഭൂമിയിൽ നമ്മുടെ ആത്മീയാവശ്യങ്ങളുടെ പരിപാലനത്തിനുള്ള മുഖ്യ ഉത്തരവാദിത്തം “വിശ്വസ്തനും വിവേകിയുമായ അടിമ”യെ ഭരമേൽപ്പിച്ചിരിക്കുകയാണ്. അതിന്റെ പ്രതിനിധികളായ ഭരണസംഘം നേതൃത്വമെടുക്കുകയും ലോകവ്യാപക രാജ്യപ്രസംഗവേലയെ സമന്വയിപ്പിക്കുകയും ചെയ്യുന്നു. (മത്തായി 24:14, 45-47) ഈ ആത്മാഭിഷിക്തമൂപ്പൻമാർ ആത്മീയ ഭരണകർത്താക്കളായി വീക്ഷിക്കപ്പെടണം, എന്തുകൊണ്ടെന്നാൽ എബ്രായർ 13:7 ഇങ്ങനെ വിവർത്തനംചെയ്യാൻ കഴിയും: “നിങ്ങളെ . . . ഭരിക്കുന്നവരെ കരുതുക.” (കിംഗ്ഡം ഇൻറർലീനിയർ) 63,000ത്തിൽപരം സഭകളും 40,17,000ത്തിൽപരം രാജ്യപ്രഘോഷകരും ഉള്ളതിനാൽ ഭരണസംഘമായിരിക്കുന്ന 12 മൂപ്പൻമാർക്ക് ‘കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ട്.’ (1 കൊരിന്ത്യർ 15:58) അവരുടെ ദൈവദത്തമായ നിയമനത്തിന്റെ വീക്ഷണത്തിൽ, അവർ നമ്മുടെ പൂർണ്ണ സഹകരണം അർഹിക്കുന്നു, ഒന്നാം നൂററാണ്ടിലെ ഭരണസംഘത്തിന് ആദിമക്രിസ്ത്യാനികളുടെ സഹകരണമുണ്ടായിരുന്നതുപോലെതന്നെ.—പ്രവൃത്തികൾ 15:1, 2.
6. യഹോവയുടെ ജനത്തിന്റെ പ്രയോജനത്തിനുവേണ്ടി മൂപ്പൻമാർ ചെയ്യുന്ന ചില കാര്യങ്ങളേവ?
6 സഭയുടെ ആത്മീയാവശ്യങ്ങൾ പരിപാലിക്കുന്നതിന് മേൽവിചാരകൻമാർ ആത്മാവിനാൽ നിയമിക്കപ്പെട്ടിരിക്കുന്നു. (പ്രവൃത്തികൾ 20:28) തദ്ദേശസഭയുടെ പ്രദേശത്ത് രാജ്യസന്ദേശം പ്രസംഗിക്കപ്പെടുന്നതിൽ അവർ ശ്രദ്ധിക്കുന്നു. തിരുവചനാനുസൃതം യോഗ്യരായിരിക്കുന്ന ഈ പുരുഷൻമാർ ഒരു സ്നേഹപുരസ്സരമായ വിധത്തിൽ ആത്മീയമാർഗ്ഗനിർദ്ദേശം കൊടുക്കുകയും ചെയ്യുന്നു. അവർ പ്രബോധിപ്പിക്കുകയും ആശ്വസിപ്പിക്കുകയും തങ്ങളുടെ ആത്മീയ സഹോദരീസഹോദരൻമാരോട് സാക്ഷ്യംവഹിക്കുകയും ചെയ്യുന്നു, അവർ ദൈവത്തിനു കൊള്ളാവുന്നവരായി തുടർന്നുനടക്കണമെന്ന ലക്ഷ്യത്തിൽത്തന്നെ. (1 തെസ്സലോനീക്യർ 2:7, 8, 11, 12) ഒരുവൻ ഒരു തെററായ നടപടി അതിനെക്കുറിച്ച് ബോധവാനാകുന്നതിനുമുമ്പ് ചെയ്യുമ്പോൾപോലും ഈ പുരുഷൻമാർ “സൗമ്യതയുടെ ഒരു ആത്മാവിൽ” അയാളെ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കുന്നു.—ഗലാത്യർ 6:1.
7. എബ്രായർ 13:17-ൽ പൗലോസ് എന്ത് ബുദ്ധിയുപദേശം നൽകി?
7 അങ്ങനെയുള്ള സ്നേഹമയികളായ മേൽവിചാരകൻമാരോട് സഹകരിക്കാൻ നമ്മുടെ ഹൃദയങ്ങൾ പ്രേരിപ്പിക്കപ്പെടുന്നു. പൗലോസ് ഇങ്ങനെ എഴുതിയതുകൊണ്ട് ഇത് ഉചിതമാണ്: “നിങ്ങളുടെ ഇടയിൽ നേതൃത്വം വഹിക്കുന്നവരോട് അനുസരണമുള്ളവരായിരിക്കുകയും കീഴ്പെട്ടിരിക്കുകയുംചെയ്യുക, എന്തുകൊണ്ടെന്നാൽ ഒരു കണക്കുബോധിപ്പിക്കുന്നവരെന്ന നിലയിൽ അവർ നിങ്ങളുടെ ദേഹികളെ കാവൽചെയ്തുകൊണ്ടിരിക്കുന്നു; അവർ സന്തോഷത്തോടെ ഇതു ചെയ്യേണ്ടതിനുതന്നെ, ഞരങ്ങിക്കൊണ്ടല്ല, എന്തെന്നാൽ അത് നിങ്ങൾക്ക് ഹാനികരമായിരിക്കും.” (എബ്രായർ 13:17) ഈ ബുദ്ധിയുപദേശം നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?
8, 9. (എ) എബ്രായർ 13:17-ന്റെ വീക്ഷണത്തിൽ നേതൃത്വംവഹിക്കുന്നവരോട് നാം അനുസരണമുള്ളവരായിരിക്കേണ്ടതെന്തുകൊണ്ട്? (ബി) നമ്മുടെ അനുസരണത്തിനും കീഴ്പ്പെടലിനും എന്ത് സദ്ഫലങ്ങളുണ്ടായിരിക്കാൻ കഴിയും?
8 നമ്മെ ആത്മീയമായി ഭരിക്കുന്നവരെ അനുസരിക്കാൻ പൗലോസ് നമ്മെ പ്രോൽസാഹിപ്പിക്കുന്നു. നാം ഈ ഉപ ഇടയൻമാർക്ക് “കീഴ്പ്പെട്ടിരിക്കണം”, വഴങ്ങണം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ‘അവർ നമ്മുടെ ദേഹികളെ കാവൽചെയ്തുകൊണ്ടിരിക്കുന്നു’ അല്ലെങ്കിൽ ദൈവത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന ജീവിതങ്ങളെ കാവൽചെയ്യുന്നു. അവർ എങ്ങനെയാണ് “കാവൽചെയ്തുകൊണ്ടിരിക്കുന്ന”ത്? അഗ്രൂപ്നിയോ എന്ന ഗ്രീക്ക് പദത്തിന്റെ വർത്തമാനകാല സക്രിയാ സൂചകത്തിന്റെ അക്ഷരാർത്ഥം മൂപ്പൻമാർ “ഉറക്കിളക്കുന്നു”വെന്നാണ്. ഇത് രാത്രികാലത്തെ അപകടങ്ങളിൽനിന്ന് തന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കാൻ ഉറക്കമിളക്കുന്ന ഏകാന്തനായ ഇടയനെ അനുസ്മരിപ്പിക്കുന്നു. മൂപ്പൻമാർ ചിലപ്പോൾ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിനുവേണ്ടിയുള്ള പ്രാർത്ഥനാനിരതമായ താത്പര്യത്തോടെ അല്ലെങ്കിൽ സഹവിശ്വാസികൾക്ക് ആത്മീയസഹായം കൊടുത്തുകൊണ്ട് നിദ്രാവിഹീനരാത്രികൾ ചെലവഴിക്കുന്നു. അവരുടെ വിശ്വസ്തമായ സേവനത്തെ നാം എത്രയധികം വിലമതിക്കണം! തീർച്ചയായും, നാം ‘കർതൃത്വത്തെ നിന്ദിക്കുകയും മഹത്വമുള്ളവരെക്കുറിച്ച്, ദൈവദത്തമായ മഹത്വമോ മാനമോ ഉള്ള അഭിഷിക്ത ക്രിസ്തീയ മൂപ്പൻമാരെക്കുറിച്ച്, അവഹേളനപരമായി സംസാരിക്കുകയും ചെയ്ത, യൂദായുടെ കാലത്തെ “ഭക്തികെട്ട ആളുകളെ”പ്പോലെയായിരിക്കാൻ ആഗ്രഹിക്കുന്നില്ല.—യൂദാ 3, 4, 8.
9 ക്രിസ്തീയ മേൽവിചാരകൻമാരോട് അനുസരണവും കീഴ്വഴക്കവുമുള്ളവരായിരിക്കുന്നതിൽ നാം പരാജയപ്പെടുന്നുവെങ്കിൽ യഹോവ അപ്രീതിപ്പെടും. ഇത് അവർക്ക് ഭാരമെന്നു തെളിയുകയും നമുക്ക് ആത്മീയമായി ഉപദ്രവംചെയ്യുകയും ചെയ്യും. നാം സഹകരണമുള്ളവരല്ലെങ്കിൽ മൂപ്പൻമാർ ഞരങ്ങിക്കൊണ്ട്, ഒരുപക്ഷേ, നമ്മുടെ ക്രിസ്തീയപ്രവർത്തനങ്ങളിലെ സന്തോഷനഷ്ടത്തിൽ കലാശിക്കാൻകഴിയുന്ന നിരാശയുടെ ഒരു ആത്മാവിൽ, തങ്ങളുടെ കർത്തവ്യങ്ങൾ നോക്കിയേക്കാം. എന്നാൽ നമ്മുടെ അനുസരണവും കീഴ്വഴക്കവും ദൈവികനടത്തക്ക് പ്രോൽസാഹിപ്പിക്കുകയും നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും ചെയ്യുന്നു. ‘കർത്താവ് നാം പ്രകടമാക്കുന്ന ആത്മാവിനോടുകൂടെയുണ്ട്,’ സഹകരണത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും അങ്ങനെയുള്ള ഒരു അന്തരീക്ഷത്തിൽ സന്തോഷം തഴക്കുന്നു.—2 തിമൊഥെയോസ് 4:22; സങ്കീർത്തനം 133:1.
10. ഒന്ന് തിമൊഥെയോസ് 5:17 അനുസരിച്ച് ഒരു നല്ല രീതിയിൽ ആദ്ധ്യക്ഷംവഹിക്കുന്നവർ ബഹുമാനം അർഹിക്കുന്നതെന്തുകൊണ്ട്?
10 നാം സഭാമൂപ്പൻമാരോട് അനുസരണവും കീഴ്വഴക്കവുമുള്ളവരായിരിക്കുന്നതിന് നാം മനുഷ്യരെ പ്രസാദിപ്പിക്കുന്നവരാണെന്ന് അർത്ഥമില്ല. അത് തിരുവെഴുത്തുവിരുദ്ധമായിരിക്കും, എന്തുകൊണ്ടെന്നാൽ ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ അടിമകളോട് തങ്ങളുടെ യജമാനൻമാരെ അനുസരിക്കാൻ പറയപ്പെട്ടു, “മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ, ദൃഷ്ടിസേവയാലല്ല, പിന്നെയോ ഹൃദയത്തിന്റെ ആത്മാർത്ഥതയോടെ, യഹോവാഭയത്തോടെ.” (കൊലോസ്യർ 3:22; എഫേസ്യർ 6:5, 6) ‘ഒരു നല്ല രീതിയിൽ ആദ്ധ്യക്ഷം വഹിക്കുകയും പ്രസംഗത്തിലും പഠിപ്പിക്കലിലും കഠിനവേല ചെയ്യുകയും ചെയ്യുന്ന’ മേൽവിചാരകൻമാർ തങ്ങളുടെ പഠിപ്പിക്കൽ ദൈവവചനത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നതുകൊണ്ടാണ് മുഖ്യമായി ബഹുമാനത്തിന് അർഹരാകുന്നത്. പൗലോസ് എഴുതിയ പ്രകാരം, “ഒരു നല്ല രീതിയിൽ ആദ്ധ്യക്ഷം വഹിക്കുന്ന പ്രായമേറിയ പുരുഷൻമാർ, വിശേഷിച്ച് പ്രസംഗത്തിലും പഠിപ്പിക്കലിലും കഠിനവേല ചെയ്യുന്നവർ, ഇരട്ടി ബഹുമാനത്തിന് യോഗ്യരായി എണ്ണപ്പെടട്ടെ. എന്തുകൊണ്ടെന്നാൽ ‘ഒരു കാള ധാന്യം മെതിക്കുമ്പോൾ അതിന് മുഖക്കൊട്ട കെട്ടരുത്’ എന്നും ‘വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യനാകുന്നു’വെന്നും തിരുവെഴുത്തുകൾ പറയുന്നു.”—1 തിമൊഥെയോസ് 5:17, 18.
11. ഒരു മൂപ്പന് “ഇരട്ടി ബഹുമാനം” എങ്ങനെ കൈവന്നേക്കാം, അയാൾ എന്ത് ഒഴിവാക്കണം?
11 ഇപ്പോൾ ഉദ്ധരിക്കപ്പെട്ട പൗലോസിന്റെ വാക്കുകൾ മററുള്ളവരുടെ ആത്മീയ താത്പര്യങ്ങൾ പരിരക്ഷിക്കുന്നവർക്ക് ഉചിതമായി സാമ്പത്തികസഹായം കൊടുക്കാൻകഴിയുമെന്ന് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, മൂപ്പൻമാർക്ക് ഒരു ശമ്പളം കിട്ടേണ്ടതാണെന്ന് ഇതിനർത്ഥമില്ല. തീർച്ചയായും “ഇരട്ടി ബഹുമാനം” ഒരു മൂപ്പൻ നിഷ്ക്കർഷയോടെ ആവശ്യപ്പെടുന്നതല്ല. അത് സഭയിലെ അംഗങ്ങളിൽനിന്ന് സ്വതഃപ്രേരിതമായി വന്നേക്കാം, എന്നാൽ ശക്തിയോ ഭൗതികസ്വത്തുക്കളോ നേടാൻ അയാൾ ഒരിക്കലും തന്റെ നിയമനത്തെ ഉപയോഗിക്കരുത്. അയാൾ സ്വന്തം മഹത്വം തേടുകയോ മററുള്ളവരെ അവഗണിച്ചുകൊണ്ട് ഭൗതികഗുണത്തിനുവേണ്ടി മുഖ്യമായി കൂടുതൽ സമ്പൽസമൃദ്ധിയുള്ളവരോട് സഹവസിക്കുകയോ ചെയ്യരുത്. (സദൃശവാക്യങ്ങൾ 25:27; 29:23; യൂദാ 16) എന്നാൽ, ഒരു മേൽവിചാരകൻ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ, ‘മനസ്സോടെ, സത്യസന്ധമല്ലാത്ത ആദായത്തിനുവേണ്ടിയല്ല, പിന്നെയോ ആകാംക്ഷയോടെ മേയിക്കേണ്ടതാണ്.’—1 പത്രോസ് 5:2.
12. എന്ത് മനസ്സിൽ പിടിക്കുന്നതിനാൽ നാം നമ്മുടെ ഇടയിൽ നേതൃത്വം വഹിക്കുന്നവരെ അനുസരിക്കാൻ പ്രേരിപ്പിക്കപ്പെടും?
12 ദൈവം തന്നെയാണ് മൂപ്പൻമാരെ പ്രദാനംചെയ്തിരിക്കുന്നതെന്ന് നാം ഓർക്കുന്നുവെങ്കിൽ നേതൃത്വം വഹിക്കുന്നവരെ അനുസരിക്കാനും ബഹുമാനിക്കാനും നാം സഹായിക്കപ്പെടും. (എഫേസ്യർ 4:7-13) ഈ പുരുഷൻമാർ ആത്മാവിനാൽ നിയമിക്കപ്പെട്ടവരായതുകൊണ്ടും ദൈവത്തിന്റെ സ്ഥാപനത്തിന് യഹോവയുടെ സാക്ഷികളുടെ ജീവിതത്തിൽ ഒരു മർമ്മപ്രധാനമായ സ്ഥാനമുള്ളതുകൊണ്ടും തീർച്ചയായും നാം ദിവ്യാധിപത്യക്രമീകരണങ്ങളോടുള്ള നമ്മുടെ നന്ദിയും ആദരവും പ്രകടമാക്കാൻ ആഗ്രഹിക്കുന്നു. തന്നെയുമല്ല, നമ്മുടെ ഇടയിൽ നേതൃത്വം വഹിക്കുന്നവരോടുള്ള അനുസരണത്തിന്റെയും കീഴ്പ്പെടലിന്റെയും നല്ല മാതൃക നാം വെക്കുന്നുവെങ്കിൽ ഈ മനോഭാവം വളർത്തിയെടുക്കാൻ നമുക്കു പുതിയവരെ സഹായിക്കാൻകഴിയും.
അവരുടെ സേവനത്തെ വിലമതിക്കുന്നതെന്തുകൊണ്ട്?
13. (എ) നേതൃത്വത്തെസംബന്ധിച്ച എന്തു വിരുദ്ധവീക്ഷണങ്ങൾ ലോകത്തിലും ദൈവത്തിന്റെ സ്ഥാപനത്തിലും സ്ഥിതിചെയ്യുന്നു? (ബി) നമ്മുടെ ഇടയിൽ നേതൃത്വമെടുക്കുന്നവരിൽ വിശ്വാസമുണ്ടായിരിക്കുന്നതിന് നമുക്ക് ഏത് സാരവത്തായ കാരണങ്ങളുണ്ട്? (സി) കഠിനവേല ചെയ്യുന്ന മൂപ്പൻമാരുടെ അപൂർണ്ണതകളെ പെരുപ്പിച്ചുകാണിക്കുന്നതിനു പകരം നാം എന്തു ചെയ്യണം?
13 ലോകത്തിൽ നേതൃത്വത്തെ തള്ളിക്കളയാനുള്ള ഒരു പ്രവണതയുണ്ട്. ഒരു ലെക്ചറർ പറഞ്ഞതുപോലെ, “ഉയർന്നുകൊണ്ടിരിക്കുന്ന വിദ്യഭ്യാസതലം വിദഗ്ദ്ധസമൂഹത്തെ വളരെ മെച്ചപ്പെടുത്തിയിരിക്കുന്നതിനാൽ അനുഗാമികളെ നയിക്കുക മിക്കവാറും അസാധ്യമായിരിക്കത്തക്കവണ്ണം അവർ അത്ര വിമർശനബുദ്ധികളായിത്തീർന്നിരിക്കുന്നു.” എന്നാൽ ദൈവത്തിന്റെ സ്ഥാപനത്തിൽ സ്വതന്ത്ര ചിന്തയുടെ ഒരു ആത്മാവ് പ്രബലപ്പെട്ടിരിക്കുന്നില്ല. നമ്മുടെ ഇടയിൽ നേതൃത്വം വഹിക്കുന്നവരിൽ വിശ്വാസമുണ്ടായിരിക്കുന്നതിന് നമുക്ക് ഈടുററ കാരണമുണ്ട്. ഉദാഹരണത്തിന്, തിരുവെഴുത്തുയോഗ്യതകളിൽ എത്തുന്നവർ മാത്രമേ മൂപ്പൻമാരായി നിയമിക്കപ്പെടുന്നുള്ളു. (1 തിമൊഥെയോസ് 3:1-7) അവർ ദയയും സ്നേഹവുമുള്ളവരായി സഹായിക്കുന്നവരായിരിക്കാൻ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു, എന്നാലും യഹോവയുടെ നീതിയുള്ള നിലവാരങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ ദൃഢതയുള്ളവരായിരിക്കാനും പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു. മൂപ്പൻമാർ ‘ആരോഗ്യപ്രദമായ പഠിപ്പിക്കലിനാൽ പ്രബോധിപ്പിക്കാൻ പ്രാപ്തരായിരിക്കേണ്ടതിന് വിശ്വസ്തവചനത്തെ മുറുകെപ്പിടിച്ചുകൊണ്ട്’ തിരുവെഴുത്തുസത്യത്തോട് പററിനിൽക്കുന്നു. (തീത്തോസ് 1:5-9) തീർച്ചയായും, നാം അവരുടെ മാനുഷ അപൂർണ്ണതകളെ പെരുപ്പിച്ചുകാണിക്കരുത്, എന്തെന്നാൽ നമ്മളെല്ലാം അപൂർണ്ണരാണ്. (1 രാജാക്കൻമാർ 8:46; റോമർ 5:12) മൂപ്പൻമാരുടെ പരിമിതികളാൽ ഭഗ്നാശരാകാതെയും അവരുടെ ബുദ്ധിയുപദേശത്തെ നിസ്സാരമായി കരുതാതെയും നമുക്ക് അവരുടെ ബൈബിളധിഷ്ഠിത മാർഗ്ഗനിർദ്ദേശത്തെ വിലമതിക്കുകയും ദൈവത്തിൽനിന്നു വരുന്നതായി സ്വീകരിക്കുകയും ചെയ്യാം.
14. ഒന്നു തിമൊഥെയോസ് 1:12-ന്റെ വീക്ഷണത്തിൽ ഒരു മൂപ്പൻ തനിക്ക് നിയമിച്ചുകിട്ടിയിരിക്കുന്ന ശുശ്രൂഷയെ എങ്ങനെ വീക്ഷിക്കണം?
14 വിലമതിപ്പുണ്ടായിരുന്ന ഒരു മനുഷ്യനായിരുന്ന പൗലോസ് ഇങ്ങനെ പറഞ്ഞു: “എനിക്ക് ശക്തി പകർന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിനോട് എനിക്ക് നന്ദിയുണ്ട്, എന്തുകൊണ്ടെന്നാൽ അവൻ എന്നെ ഒരു ശുശ്രൂഷക്കു നിയോഗിച്ചുകൊണ്ട് എന്നെ വിശ്വസ്തനെന്ന് പരിഗണിച്ചു.” (1 തിമൊഥെയോസ് 1:12) ആ ശുശ്രൂഷയിൽ അല്ലെങ്കിൽ സേവനത്തിൽ പ്രസംഗവേലയും സഹവിശ്വാസികളെ സേവിക്കലും ഉൾപ്പെട്ടിരുന്നു. ഒരു മേൽവിചാരകന് ഒരു ഇടയനായി സേവിക്കാൻ പരിശുദ്ധാത്മാവിൽനിന്നുള്ള ഒരു നിയമനമുണ്ടെങ്കിലും ഇത് അയാൾ മററുള്ളവരെക്കാൾ ശ്രേഷ്ഠനെന്നു വിചാരിപ്പിക്കരുത്, കാരണം അയാൾതന്നെ ദൈവത്തിന്റെ ആടുതുല്യരായ കൂട്ടത്തിന്റെ ഭാഗമാണ്. (1 പത്രോസ് 5:4) പകരം, സഭയുടെ ശിരസ്സായ യേശുക്രിസ്തു ആട്ടിൻകൂട്ടത്തിലെ അംഗങ്ങളെ ശുശ്രൂഷിക്കാൻ തന്നെ യോഗ്യനായി എണ്ണിയതിലും ഒരളവിലുള്ള അറിവും ജ്ഞാനവും വിവേകവും നൽകിക്കൊണ്ട് ദൈവം തന്നെ യോഗ്യനാക്കിയതിലും അയാൾ നന്ദിയുള്ളവനായിരിക്കണം. (2 കൊരിന്ത്യർ 3:5) തന്റെ ദൈവദത്തമായ പദവികൾക്കുവേണ്ടി നന്ദിയുള്ളവനായിരിക്കാൻ ഒരു മൂപ്പന് കാരണമുള്ളതുകൊണ്ട് സഭയിലെ മററംഗങ്ങൾ അയാളുടെ ശുശ്രൂഷയെ അഥവാ സേവനത്തെ വിലമതിക്കണം.
15. ഒന്നു തെസ്സലോനീക്യർ 5:12, 13-ലെ പൗലോസിന്റെ ബുദ്ധിയുപദേശത്തിന്റെ സാരമെന്താണ്?
15 ദൈവം ഈ അന്ത്യനാളുകളിൽ പടുത്തുയർത്തിയിരിക്കുന്ന സ്ഥാപനത്തിനുവേണ്ടി യഹോവയുടെ സാക്ഷികൾ നന്ദിയുള്ളവരാണ്. ആ വിലമതിപ്പ് മൂപ്പൻമാരെ ആദരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ പ്രയോജനത്തിനുവേണ്ടി അവർ ചെയ്യുന്ന ക്രമീകരണങ്ങളോടു പൂർണ്ണമായി സഹകരിക്കാൻ നാം സന്തോഷമുള്ളവരായിരിക്കണം. പൗലോസ് ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ, സഹോദരൻമാരെ, നിങ്ങളുടെ ഇടയിൽ കഠിനവേല ചെയ്യുകയും കർത്താവിൽ നിങ്ങളുടെമേൽ ആദ്ധ്യക്ഷം വഹിക്കുകയും നിങ്ങളെ ബുദ്ധിയുപദേശിക്കുകയും ചെയ്യുന്നവരോട് ആദരവുണ്ടായിരിക്കുന്നതിനും അവരുടെ വേല നിമിത്തം അവർക്ക് അതിസാധാരണമായതിലും കൂടുതൽ പരിഗണന കൊടുക്കുന്നതിനും ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു.” (1 തെസ്സലോനീക്യർ 5:12, 13) ഈ ബുദ്ധിയുപദേശത്തിന്റെ ബാധകമാക്കൽ സന്തോഷവും യഹോവയുടെ അനുഗ്രഹവും കൈവരുത്തുന്നു.
ബുദ്ധിയുപദേശം പെട്ടെന്ന് ബാധകമാക്കുക
16, 17. മൂപ്പൻമാർ വിവാഹംസംബന്ധിച്ച് എന്തു ബുദ്ധിയുപദേശം നൽകിയേക്കാം, അത് അനുസരിക്കുന്നതിൽനിന്ന് എന്തു ഫലമുണ്ടാകും?
16 ‘പൂർണ്ണ അധികാരത്തോടെ പ്രബോധിപ്പിക്കാനും ശാസിക്കാനും’ പൗലോസ് തീത്തോസിനെ പ്രോൽസാഹിപ്പിച്ചു. (തീത്തോസ് 2:15) സമാനമായി, ദൈവത്തിന്റെ പ്രതിനിധികൾ ഇന്നു നമ്മെ ബൈബിൾതത്വങ്ങളിലേക്കും നിയമങ്ങളിലേക്കും നയിക്കുന്നു. യഹോവയുടെ സ്ഥാപനത്തിന്റെയും നിയമിത മൂപ്പൻമാരുടെയും ഉപദേശവും മാർഗ്ഗനിർദ്ദേശവും ബാധകമാക്കാനുള്ള ആവർത്തിച്ചുള്ള ബുദ്ധിയുപദേശം സ്വീകരിക്കാൻ ഈടുററ കാരണങ്ങളുണ്ട്.
17 ദൃഷ്ടാന്തീകരിക്കുന്നതിന്: “കർത്താവിൽമാത്രം” വിവാഹംകഴിക്കാനുള്ള ബൈബിൾബുദ്ധിയുപദേശം അനുസരിക്കുന്നതിന് മൂപ്പൻമാർ ഒരു ക്രിസ്ത്യാനിയെ പ്രോൽസാഹിപ്പിച്ചേക്കാം. (1 കൊരിന്ത്യർ 7:39; ആവർത്തനം 7:3, 4) സ്നാപനമേൽക്കാത്ത ഒരു വ്യക്തിയുമായുള്ള വിവാഹത്തിന് ഗൗരവാവഹമായ പ്രശ്നങ്ങളിലേക്കു നയിക്കാൻകഴിയുമെന്ന് അവർ ചൂണ്ടിക്കാണിച്ചേക്കാം. അങ്ങനെയാണല്ലോ ശലോമോൻ അന്യഭാര്യമാരെ സ്വീകരിച്ചുകൊണ്ട് ഗൗരവമായി തെററുചെയ്തത്. അവർ അവന്റെ ഹൃദയത്തെ യഹോവയിൽനിന്നകററി വ്യാജദൈവങ്ങളിലേക്കു ചായിച്ചു. (1 രാജാക്കൻമാർ 11:1-6) എസ്രാ യഹൂദപുരുഷൻമാരെക്കൊണ്ട് തങ്ങളുടെ പുറജാതിഭാര്യമാരെ നീക്കംചെയ്യിച്ചുവെന്നും അവിശ്വാസികളെ വിവാഹംചെയ്യുന്നവർ ‘ദൈവത്തോട് അവിശ്വസ്തമായി പെരുമാറുന്നതിൽ വലിയ വഷളത്തം ചെയ്യുകയാണെന്ന്’ നെഹെമ്യാവ് പറഞ്ഞുവെന്നും മൂപ്പൻമാർ വിശദീകരിച്ചേക്കാം. (നെഹെമ്യാവ് 13:23-27; എസ്രാ 10:10-14; 1982 മാർച്ച് 15ലെ വാച്ച്ററവർ പേജ് 31ഉം 1986 നവംബർ 15 പേജ് 26-30ഉം കാണുക.) സ്നേഹമുള്ള മൂപ്പൻമാരാൽ നൽകപ്പെടുന്ന അങ്ങനെയുള്ള തിരുവെഴുത്തുബുദ്ധിയുപദേശം ബാധകമാക്കുന്നതിൽനിന്ന് അനുഗ്രഹങ്ങളും യഹോവയെ പ്രസാദിപ്പിക്കുന്നതിന്റെ സംതൃപ്തിയും കൈവരുന്നു.
18. ഒന്നു കൊരിന്ത്യർ 5:9-13-ൽ പൗലോസ് എഴുതിയതു പരിഗണിക്കുമ്പോൾ ഒരു കുടുംബാംഗം പുറത്താക്കപ്പെടുന്നുവെങ്കിൽ നാം എങ്ങനെ പ്രതികരിക്കണം?
18 മൂപ്പൻമാരുടെ നീതിന്യായ തീരുമാനങ്ങളെ ആദരിക്കുന്നതും ഉചിതമാണ്. “ഒരു ദുർവൃത്തനോ ഒരു അത്യാഗ്രഹിയോ ഒരു വിഗ്രഹാരാധകനോ ചീത്തപറയുന്നവനോ ഒരു മദ്യപാനിയോ ഒരു പിടിച്ചുപറിക്കാരനോ ആയിരിക്കുന്ന ഒരു സഹോദരനെന്നു വിളിക്കപ്പെടുന്ന ഏതൊരുവനോടുമുള്ള സംസർഗ്ഗം നിർത്തുക, അങ്ങനെയുള്ള ഒരു മനുഷ്യനോടുകൂടെ ഭക്ഷണംകഴിക്കുകപോലുമരുത്.” അവർ ‘തങ്ങളുടെ ഇടയിൽനിന്ന് ആ ദുഷ്ടമനുഷ്യനെ നീക്കംചെയ്യണമായിരുന്നു.’ (1 കൊരിന്ത്യർ 5:9-13) എന്നാൽ നിങ്ങളുടെ ബന്ധുക്കളിൽ ഒരാൾ സഭയിൽനിന്ന് പുറത്താക്കപ്പെട്ടാൽ നിങ്ങൾ എങ്ങനെ വർത്തിക്കും? കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിന് പരിമിതമായ സമ്പർക്കത്തിന്റെ ആവശ്യമുണ്ടായിരിക്കാമെങ്കിലും, പുറത്താക്കപ്പെട്ട ബന്ധുവുമായുള്ള സകല ആത്മീയസഹവാസവും ഛേദിക്കപ്പടണം. (1988 ഏപ്രിൽ 15ലെ വാച്ച്ററവർ പേജ് 26-31 കാണുക.) തീർച്ചയായും ദൈവത്തോടും അവന്റെ സ്ഥാപനത്തോടുമുള്ള വിശ്വസ്തത മൂപ്പൻമാരുടെ നീതിന്യായപരമായ തീരുമാനങ്ങളെ ആദരിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.
19. നാം ആത്മീയമായി തെററായ വഴിയിൽ പോകുന്നതായി മൂപ്പൻമാർ നമുക്ക് കാണിച്ചുതരുന്നുവെങ്കിൽ നാം എന്തു ചെയ്യണം?
19 ജീവനിലേക്കുള്ള ഇടുങ്ങിയ വഴിയിൽ സ്ഥിതിചെയ്യുക എളുപ്പമല്ല. അങ്ങനെ ചെയ്യുന്നതിന് ദൈവത്തിന്റെ വചനത്തിലും അവന്റെ സ്ഥാപനത്തിൽ മേയിക്കൽ ഉത്തരവാദിത്തങ്ങൾ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവരാലും നൽകപ്പെടുന്ന മാർഗ്ഗനിർദ്ദേശം നാം അനുസരിക്കണം. (മത്തായി 7:13, 14) നാം ഒരു നഗരത്തിൽനിന്ന് മറെറാരു നഗരത്തിലേക്ക് കാറിൽ യാത്രചെയ്യുകയും തെററായ വഴിയെ തിരിയുകയും ചെയ്തെങ്കിൽ നമ്മുടെ ഗതി തിരുത്തുന്നതിന് നടപടി ആവശ്യമായിരിക്കും. അല്ലെങ്കിൽ നാം ഒരിക്കലും ലക്ഷ്യത്തിലെത്തുകയില്ല. സമാനമായി, നാം ഒരുപക്ഷേ ഒരു അവിശ്വാസിയുമായി വിവാഹാഭ്യർത്ഥന നടത്തിക്കൊണ്ട് ആത്മീയമായി തെററായ വഴിയിലൂടെയാണ് പോകുന്നതെന്ന് മൂപ്പൻമാർ നമുക്ക് കാണിച്ചുതരുന്നുവെങ്കിൽ നാം പെട്ടെന്നുതന്നെ അവരുടെ തിരുവെഴുത്തു ബുദ്ധിയുപദേശം ബാധകമാക്കണം. അത് യഥാർത്ഥത്തിൽ നാം “യഹോവയിൽ ആശ്രയിക്കുന്നു”വെന്ന് പ്രകടമാക്കാനുള്ള ഒരു മാർഗ്ഗമായിരിക്കും.—സദൃശവാക്യങ്ങൾ 3:5, 6.
ചെറിയ കാര്യങ്ങളിൽപോലും ആദരവ്
20. ചെറിയ കാര്യങ്ങളിൽപോലും മൂപ്പൻമാരുടെ മാർഗ്ഗനിർദ്ദേശത്തോട് ആദരവു കാണിക്കുന്നതിന് നാം നമ്മോടുതന്നെ ചോദിക്കുന്ന ഏതു ചോദ്യങ്ങൾക്ക് നമ്മെ സഹായിക്കാൻകഴിയും?
20 നാം ചെറിയ കാര്യങ്ങളിൽപോലും മൂപ്പൻമാരുടെ മാർഗ്ഗനിർദ്ദേശത്തോട് ആദരവു പ്രകടമാക്കേണ്ടതുണ്ട്. അതുകൊണ്ട് നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘രോഗികളെ സന്ദർശിക്കാനോ പുതിയവരെ വയൽശുശ്രൂഷയിൽ പരിശീലിപ്പിക്കാനോ മൂപ്പൻമാർ നമ്മോട് ആവശ്യപ്പെടുന്നുവെങ്കിൽ ഞാൻ സഹകരിക്കുന്നുവോ? ഞാൻ മീററിംഗുകളിലെ നിയമനങ്ങൾ മനസ്സോടെ സ്വീകരിക്കുകയും അവ നന്നായി തയ്യാറാകുകയും ചെയ്യുന്നുവോ? കൺവെൻഷനുകളിൽ ഇരിപ്പിടം കരുതുന്നതുസംബന്ധിച്ചും നമ്മുടെ വസ്ത്രധാരണരീതിസംബന്ധിച്ചും മററും മൂപ്പൻമാർ മാർഗ്ഗനിർദ്ദേശം നൽകുമ്പോൾ ഞാൻ സ്വീകരിക്കുന്നുവോ? രാജ്യഹാൾ ശുചീകരണത്തിൽ സഹായിക്കാനും നമ്മുടെ വയൽസേവനം കൃത്യമായി റിപ്പോർട്ടുചെയ്യാനും അല്ലെങ്കിൽ യോഗങ്ങൾക്ക് സമയത്ത് വന്നെത്താനും അവർ നമ്മോട് ആവശ്യപ്പെടുമ്പോൾ ഞാൻ സഹകരിക്കുന്നുവോ?’
21. മൂപ്പൻമാരോടുള്ള നമ്മുടെ ആദരവു പ്രകടമാക്കൽ യേശുവിന്റെ ഏതു വാക്കുകൾ ഓർമ്മിപ്പിച്ചേക്കാം?
21 സഭാമേൽവിചാരകൻമാർ നമ്മുടെ സഹകരണത്തെ വിലമതിക്കുന്നു. അത് വളരെ നൻമയിൽ കലാശിക്കുന്നു. യഥാർത്ഥത്തിൽ ചെറിയ കാര്യങ്ങളിൽപോലുമുള്ള നമ്മുടെ സഹകരണവും ആദരവും “അത്യല്പത്തിൽ വിശ്വസ്തനായ ആൾ അധികത്തിലും വിശ്വസ്തനാകുന്നു”വെന്ന യേശുവിന്റെ വാക്കുകളെ അനുസ്മരിപ്പിച്ചേക്കാം. (ലൂക്കോസ് 16:10) തീർച്ചയായും, നാം വിശ്വസ്തരെന്നു പരിഗണിക്കപ്പെടാനാഗ്രഹിക്കുന്നു.
സ്നേഹപൂർവകമായ മേൽവിചാരണയോടു പ്രതികരിച്ചുകൊണ്ടിരിക്കുക
22. വിശ്വസ്തനായ അടിമയുടെയും സഭാമൂപ്പൻമാരുടെയും സ്നേഹപൂർണ്ണമായ മേൽവിചാരണയിൽനിന്ന് സംസിദ്ധമാകുന്ന ചില പ്രയോജനങ്ങളേവ?
22 വിശ്വസ്തനായ അടിമയുടെയും സഭാമൂപ്പൻമാരുടെയും സ്നേഹപൂർവകമായ മേൽവിചാരണയിൽനിന്ന് സംസിദ്ധമാകുന്ന പ്രയോജനങ്ങൾ യഹോവയുടെ സമൃദ്ധമായ അനുഗ്രഹം അവന്റെ ഭൗമികസ്ഥാപനത്തിൻമേൽ ഉണ്ടെന്ന് തെളിയിക്കുന്നു. മാത്രവുമല്ല, മൂപ്പൻമാരാലുള്ള വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശം അവരുടെ പ്രാപ്തികളെ സംയോജിപ്പിക്കുകയും നമ്മുടെ ഇടയിലെ ഐക്യത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് രാജ്യതാത്പര്യങ്ങളെ പുരോഗമിപ്പിക്കാനുള്ള സംഘടിതവും വിജയപ്രദവുമായ ശ്രമത്തിലും കലാശിക്കുന്നു. തീർച്ചയായും, നേതൃത്വമെടുക്കുന്നവരുടെ മേൽവിചാരണയോടുള്ള നമ്മുടെ വിലമതിപ്പോടുകൂടിയ പ്രതികരണത്തിന്റെ ഒരു ക്രിയാത്മകഫലം ദൈവം നമ്മുടെ പ്രസംഗ, ശിഷ്യരാക്കൽ, വേലയെ അനുഗ്രഹിക്കുന്നുവെന്നതാണ്. (മത്തായി 28:19, 20) മൂപ്പൻമാരോടുള്ള നമ്മുടെ സഹകരണം പുതിയ വ്യവസ്ഥിതിയിലെ നിത്യജീവനുവേണ്ടി നമ്മെ ഒരുക്കുകയുമാണ്.
23. ഒന്നു യോഹന്നാൻ 5:3-ന്റെ വെളിച്ചത്തിൽ നാം എന്തു ചെയ്യാൻ പ്രേരിതരാകണം?
23 നാം യഹോവയെ സ്നേഹിക്കുന്നതുകൊണ്ട് അവനെ അനുസരിക്കുന്നത് സന്തോഷരഹിതമായ ഒരു കർത്തവ്യമല്ല. അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “ദൈവസ്നേഹത്തിന്റെ അർത്ഥമിതാണ്, നാം ദൈവത്തിന്റെ കല്പനകളെ അനുസരിക്കുന്നതുതന്നെ; എന്നിരുന്നാലും അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.” (1 യോഹന്നാൻ 5:3) വിശ്വസ്തരായ ക്രിസ്ത്യാനികൾ സന്തോഷപൂർവം യഹോവയുടെ കല്പനകൾ അനുസരിക്കുന്നു. അവർ സഭാമേൽവിചാരണ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവരോട് സഹകരിക്കാൻ പ്രേരിപ്പിക്കപ്പെടുകയുംചെയ്യുന്നു. നാം ദൈവത്തിന്റെ സ്ഥാപനത്തിലായിരിക്കുന്നതിലും അങ്ങനെയുള്ള “മനുഷ്യരാം ദാനങ്ങളെ” ലഭിച്ചിരിക്കുന്നതിലും എത്ര നന്ദിയുള്ളവരാണ്! (എഫേസ്യർ 4:8) ദൈവം തന്റെ ജനത്തെ നയിച്ചുകൊണ്ടിരിക്കുന്നുവെന്ന പൂർണ്ണ വിശ്വാസത്തോടെ, നമുക്ക് എല്ലായ്പ്പോഴും യഹോവയുടെ സാക്ഷികളുടെ ഇടയിൽ നേതൃത്വം വഹിക്കാൻ പദവി ലഭിച്ചിട്ടുള്ളവരോട് അനുസരണമുള്ളവരായിരിക്കാം. (w89 9⁄15)
നിങ്ങളുടെ അഭിപ്രായങ്ങളെന്താണ്?
◻ നിങ്ങളുടെ ഇടയിൽ നേതൃത്വമെടുക്കുന്നവരോട് അനുസരണമുള്ളവരായിരിക്കുന്നതെന്തുകൊണ്ട്?
◻ കഠിനവേല ചെയ്യുന്ന മൂപ്പൻമാർ അർപ്പിക്കുന്ന സേവനം സംബന്ധിച്ച് നമുക്ക് എന്ത് മനോഭാവം ഉണ്ടായിരിക്കണം?
◻ മൂപ്പൻമാർ നൽകുന്ന ബുദ്ധിയുപദേശം പെട്ടെന്ന് ബാധകമാക്കേണ്ടതെന്തുകൊണ്ട്?
◻ സ്നേഹപൂർവകമായ മേൽവിചാരണയോടുള്ള നമ്മുടെ വിലമതിപ്പോടുകൂടിയ പ്രതികരണത്തിൽനിന്ന് എന്തു പ്രയോജനങ്ങൾ ലഭിക്കുന്നു?
[26-ാം പേജിലെ ആകർഷവാക്യം]
സുവാർത്ത പ്രസംഗിക്കുന്നതിനും സഹവിശ്വാസികളെ സേവിക്കുന്നതിനും പൗലോസിന് സന്തോഷമുണ്ടായിരുന്നു, ഒരു മൂപ്പനെന്ന നിലയിൽ നിങ്ങളുടെ ദൈവദത്ത സേവനപദവിക്കുവേണ്ടി നിങ്ങൾക്കു നന്ദിയുണ്ടോ?
[25-ാം പേജിലെ ചിത്രം]
മീററിംഗുകളിലെ നിയമനങ്ങൾ സ്വീകരിച്ചുകൊണ്ടും രാജ്യഹാൾ ശുചീകരിക്കുന്നതിന് സഹായിച്ചുകൊണ്ടും നിങ്ങളുടെ വയൽസേവനപ്രവർത്തനം കൃത്യമായി റിപ്പോർട്ടുചെയ്തുകൊണ്ടും മററു വിധങ്ങളിലും നിങ്ങൾ മൂപ്പൻമാരോട് സഹകരിക്കുന്നുവോ?