ബൈബിൾ ദൈവവചനം തന്നെ
ശാസ്ത്രവും അമിതകൃത്തിപ്പുകാരും തങ്ങളുടെ മദ്ധ്യേനിന്ന് ബൈബിളിനെ, ദൈവവചനമെന്ന നിലയിൽ അതിനു മുമ്പുണ്ടായിരുന്ന ശ്രേഷ്ഠസ്ഥാനത്തുനിന്ന് നിഷ്ക്കാസനം ചെയ്തിരിക്കുന്നുവോ? ഒരുവൻ അനായാസം അങ്ങനെ ചിന്തിച്ചേക്കാം. ബൈബിൾ അശാസ്ത്രീയമാണെന്ന് അച്ചടിച്ച പ്രസിദ്ധീകരണങ്ങളിലൂടെ പറയുന്നതിന് മതനേതാക്കൾ പോലും സന്നദ്ധരാണ്. അമിതകൃത്തിപ്പ്, അത് സെമിനാരിയിൽ പോലും പഠിപ്പിക്കത്തക്കവണ്ണം അത്ര ആദരണീയവും ആയിരിക്കുന്നു. പക്ഷെ വസ്തുതകൾ എന്തു കാണിക്കുന്നു?
ബൈബിളും അമിത കൃത്തിപ്പും
അമിത കൃത്തിപ്പിനെപ്പററിയുള്ള യാഥാർത്ഥ്യം അതിന്റെ ആശയങ്ങൾക്ക് ഒരിക്കലും ഈടുററ യാതൊരു തെളിവും അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ്. പഞ്ചഗ്രന്ഥികളുടെയോ യെശയ്യാവിന്റെ പുസ്തകത്തിന്റെയോ, അവ എവിടെനിന്ന് കടമെടുത്തതായി പറയുന്നുവോ ആ വിവരങ്ങളുടെ ഉറവിടങ്ങളിൽ യാതൊന്നും ഒരിക്കലും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ദാനിയേലിന്റെ പുസ്തകം എന്നെഴുതപ്പെട്ടതായി അമിതകൃത്തിപ്പുകാർ പറയുന്നുവോ ആ തീയതിയോടടുത്ത പിൽക്കാല വർഷങ്ങളിൽതന്നെ ആ പുസ്തകം ഉന്നതമായി ആദരിക്കപ്പെട്ടു കഴിഞ്ഞിരുന്നു എന്ന് കാണിക്കുന്ന ദാനിയേലിന്റെ പ്രാചീന ശകലങ്ങൾ കണ്ടെടുത്തിട്ടുമുണ്ട്!
ഒരു ദൈവശാസ്ത്ര പ്രൊഫസ്സർ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “വിമർശകൻമാരുടെ സംഘം വിവരിക്കുന്നതുപോലെ ബൈബിൾ പുസ്തകങ്ങൾ കപടമായ രീതിയിൽ രൂപം പ്രാപിച്ചു എന്ന് യാതൊരു പ്രത്യേക കേസിൽപോലും തെളിയിക്കാൻ കഴിയുകയില്ല. ആ വിചാരഗതിക്കാർക്ക് അത് ഉറപ്പായി പറയുക എന്നതൊരു കാര്യവും അതു തെളിയിക്കുകയെന്നത് വേറൊരു കാര്യവും ആണ്.” (ബൈബിൾ വിമർശനം, എന്ന ഗ്രന്ഥത്തിൽ വിക്ക് ബ്രൂമാൽ) ഒരു ഭൂഗർഭ ശാസ്ത്രജ്ഞൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പുരാതന മദ്ധ്യപൂർവ്വദേശത്ത് ലേഖന, സാഹിത്യ രചനാ വൈദഗ്ദ്ധ്യം നിലനിന്നിരുന്നതായുള്ള തെളിവുകൾ നിശേഷം ഉണ്ടായിരുന്നില്ല എന്ന് അത്ര ശക്തിയായി തറപ്പിച്ചു പറയാൻ സാദ്ധ്യമല്ല.” (ശിലായുഗം മുതൽ ക്രിസ്ത്യാനിത്വം വരെ എന്ന ഗ്രന്ഥത്തിൽ ഡബ്ലിയു. എഫ്. ആൾബ്രൈററ്) ശരിയാണ് അമിതകൃത്തിപ്പ് പുഷ്ടിപ്രാപിക്കുന്നതിൽ തുടരുന്നു. പക്ഷെ അത് ഇന്നത്തെ മതനിരപേക്ഷ ചിന്താഗതിയോട് വളരെ നന്നായി ചേരുന്നതുകൊണ്ടാണ് അല്ലാതെ, അത് തെളിയിക്കപ്പെട്ടതുകൊണ്ടല്ല.
ബൈബിളും ശാസ്ത്രവും
ശാസ്ത്രം അപ്പോൾ ഏതെങ്കിലും വിധത്തിൽ ബൈബിൾ തെററാണെന്ന് തെളിയിച്ചിട്ടുണ്ടോ? അങ്ങനെയുണ്ടെന്ന് ചിലപ്പോൾ തോന്നിയേക്കാം. ഉദാഹരണത്തിന് 18-ാം നൂററാണ്ടിൽ ഭൂമിയുടെ ഘടനയെപ്പററിയുള്ള ഗ്രാഹ്യത്തിന് ആഴം വർദ്ധിച്ചപ്പോൾ നമ്മുടെ ഗ്രഹം വളരെ പഴക്കം ചെന്നതാണ് എന്ന് വ്യക്തമാക്കപ്പെട്ടു. ആ സമയത്ത് അനേക മതവിശ്വാസികൾ, ബൈബിൾ പ്രകാരം ഭൂമിക്ക് 6000 വർഷങ്ങളെ പ്രായമുള്ളു എന്ന് ശഠിച്ചു. ഇത് ബൈബിൾ പഠിപ്പിക്കുന്നത് തെറെറന്ന് തെളിയിക്കപ്പെട്ട വ്യക്തമായ ഒരു സംഗതി ആയി തോന്നി. വാസ്തവം പക്ഷെ, ഭൂമിക്ക് എന്തു പഴക്കമുണ്ട് എന്ന് ബൈബിൾ പ്രസ്താവിക്കുന്നില്ല എന്നതാണ്. മതവിശ്വാസികളുടെ ഭാഗത്തെ ഒരു തെററിദ്ധാരണയാണ്, പ്രശ്നം സൃഷ്ടിച്ചത്.
ബൈബിളിന്റെ പ്രാരംഭവാക്കുകൾ തന്നെ ഇവയാണ്: “ആദിയിൽ ദൈവം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചു.” (ഉൽപത്തി 1:1) ഒരു ആദി ഉണ്ടായിരുന്നു എന്നുള്ള ഈ പ്രസ്താവന ഇന്നത്തെ ശാസ്ത്രീയ നിരീക്ഷണങ്ങളോട് ചേർച്ചയിലാണ്. അനന്തരം, ബൈബിൾ പറയുന്നപ്രകാരം ഭൂമി “രൂപരഹിതവും പാഴും” ആയിക്കിടന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അധിവാസം ഇല്ലാത്ത അധിവാസയോഗ്യമല്ലാത്ത ഒരു കാലമായിരുന്നു അത്. (ഉൽപത്തി 1:2) ഭൂമിയുടെ പ്രാരംഭ ചരിത്രം പുനരാവിഷ്ക്കരിക്കാൻ ശ്രമിക്കുന്ന ഭൂമിശാസ്ത്രഗവേഷകർ, ഒരു കാലത്ത് വാസ്തവമായും ഇതായിരുന്നു സ്ഥിതി എന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു. അതെത്തുടർന്ന് സമുദ്രങ്ങളും വൻകരകളും രൂപം കൊണ്ടതെങ്ങനെയെന്ന് ബൈബിൾ വിവരിക്കുന്നു. ജീവസസ്യങ്ങൾ പ്രത്യക്ഷമായി, തുടർന്ന് കടൽ ജന്തുക്കളും പക്ഷികളും ഒടുവിൽ കരജന്തുക്കളും. എല്ലാററിനും ഒടുവിലായി, മനുഷ്യനും പ്രത്യക്ഷപ്പെട്ടു. ഭൂമിയുടെ പഴക്കം ചെന്ന ശിലാപാളികളിലൂടെ ഖനനം ചെയ്യുകവഴി ശാസ്ത്രജ്ഞൻമാർ കണ്ടെത്തിയതിനോട്, ജീവൻ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ പൊതുവായ ക്രമത്തിന്റെ കാര്യത്തിൽ വരെ, ഇത് വളരെ യോജിപ്പിലാണ്.—ഉൽപത്തി 1:1-28.
ശാസ്ത്രപാഠപുസ്തകങ്ങളിൽ കാണപ്പെടുന്ന കാര്യങ്ങളുമായി ബൈബിൾ സമ്പൂർണ്ണ യോജിപ്പിൽ ആണ് എന്നു പറയുകയല്ല. പക്ഷെ നാം അതിശയിച്ചുപോവുന്ന യോജിപ്പിന്റെ അനവധി ആശയങ്ങളുണ്ട്. ‘ആ പുരാതന ബൈബിൾ എഴുത്തുകാർ ഇത്രയധികം അറിഞ്ഞിരുന്നതെങ്ങനെ?’ ആ അതിവിദൂരനാളുകളിലെ ശാസ്ത്രജ്ഞാനത്തിന്റെ പ്രാചീന നിലവാരം വച്ച് നോക്കിയാൽ, മററാരെങ്കിലും അവർക്ക് പറഞ്ഞുകൊടുത്തിരിക്കാനേ സാദ്ധ്യതയുള്ളൂ—ബൈബിൾ വാസ്തവത്തിൽ ദൈവവചനം ആണെന്നുള്ള വസ്തുതക്ക് ഒരു സുശക്തമായ പിൻതുണ. ശാസ്ത്രജ്ഞൻമാരുടെ സിദ്ധാന്തങ്ങളും ബൈബിളും തമ്മിൽ വിയോജിപ്പുകൾ ഉണ്ടാകുമ്പോൾ എല്ലായ്പ്പോഴും ബൈബിൾ തെററും ശാസ്ത്രം ശരിയും ആയിരിക്കും എന്ന് കരുതുന്നത് നാം ഒരു പതിവാക്കേണ്ടതുണ്ടോ? ശാസ്ത്രത്തിന് കാലാകാലങ്ങളിൽ വഴിപിഴക്കാനാവും എന്ന് കാണിക്കുന്ന നിരവധി മുൻകാല ദൃഷ്ടാന്തങ്ങളുണ്ട്.
തീർച്ചയായും പരിണാമസിദ്ധാന്തം ബൈബിളുമായി ഒരു പ്രമുഖവിയോജിപ്പ് കാഴ്ചവയ്ക്കുന്നു. ദ ഒറിജിൻ ഓഫ് സ്പീഷിസ് എന്ന ഡാർവിന്റെ പുസ്തകത്തിന്റെ പ്രസാധനത്തിന് ശേഷം ആ സിദ്ധാന്തം എത്രവേഗം പ്രചുരപ്രചാരം സിദ്ധിച്ചുവെന്നതാണ് ഈ സിദ്ധാന്തത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു കാര്യം. പുസ്തകത്തിലെ സിദ്ധാന്തം പരിശോധിക്കുന്നതിനോ ജീവാവശിഷ്ട രേഖയിൽ അതിന് തെളിവ് കണ്ടെത്തുന്നതിനോ എന്തെങ്കിലും സമയം കിട്ടുന്നതിന് അനേകനാൾ മുമ്പേ തന്നെ അത് അംഗീകരിക്കപ്പെടുകയുണ്ടായി. എന്തുകൊണ്ട്? പരിണാമവാദിയായ ഹൊയ്മാർ വി. ഡിററ് ഫർത്ത് ഒരു തുറന്ന സമ്മതം നടത്തുന്നു: “അത്ഭുതങ്ങളെ ആശ്രയിക്കാതെ മനുഷ്യരെയും പ്രകൃതിയേയും എത്രത്തോളം വിശദീകരിക്കാൻ കഴിയും എന്നു കാണുന്നതിനുള്ള ഒരു ഉദ്യമം എന്നാണ് ശാസ്ത്രത്തിനു കൊടുക്കാനാകുന്ന നിർവ്വചനം.” (ജീവന്റെ ഉത്ഭവങ്ങൾ, എച്ച്. വി. ഡിററ്ഫർത്ത് എഴുതിയത്) പരിണാമസിദ്ധാന്തത്തെ തെളിയിക്കുന്നതിന് വളരെയധികം സമയവും ശ്രമവും ചെലവഴിച്ചുകൊണ്ട് അതിനെ ആകാംഷയോടെ കൈക്കൊണ്ടതും അതിന്റെ വിപരീത തെളിവുകളെ തുറന്ന് കാണാൻ തെല്ലും ശ്രമിക്കാഞ്ഞതും ആ സ്ഥിതിക്ക് ആശ്ചര്യമാണോ? സൃഷ്ടി എന്ന ഏക ബദൽ അവർക്ക് ചിന്തിക്കാനാകാത്ത ഒരത്ഭുതം തന്നെയാണ്.
പക്ഷെ വാസ്തവത്തിൽ അത്ഭുതങ്ങളോട് മുൻവിധിയില്ലാത്ത ഏതൊരാൾക്കും ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്ത ജീവന്റെ തത്വം, ബോധം, ബുദ്ധി, മമനുഷ്യന്റെ ധാർമ്മിക പ്രകൃതി എന്നീ കാര്യങ്ങളുടെ ഉറവിടത്തെക്കുറിച്ച് ഗ്രഹിക്കാൻ കഴിയുന്ന യുക്തിസഹമായ ഒരു വിധം ആണ് സൃഷ്ടി.
ഒരു ശക്തിയുള്ള പുസ്തകം.
ബൈബിളിന്റെ പഠിപ്പിക്കലുകൾക്കും ഈ ലോകം സമ്പാദിച്ചെടുത്ത അതിന്റെ ജ്ഞാനത്തിനും തമ്മിൽ ആശയ സംഘട്ടനം ഉണ്ടാകും എന്ന് ബൈബിൾ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. (1 കൊരിന്ത്യർ 1:22, 23; 3:19) മാനുഷ ഗവേഷണവും തത്വചിന്തയും ആധാരമാക്കിയുള്ള പരിജ്ഞാനം അത്യന്തം അനിശ്ചിതം ആയിരിക്കുന്നതുകൊണ്ട് ഈ വൈരുദ്ധ്യം നമ്മെ ആശ്ചര്യപ്പെടുത്തേണ്ടതില്ല. ചില പ്രചാരം സിദ്ധിച്ച സിദ്ധാന്തങ്ങൾ ബൈബിളിന് കടകവിരുദ്ധം ആണെന്നുള്ളതുകൊണ്ട് നാം അസ്വസ്ഥരാകേണ്ടതും ഇല്ല. അത് ദൈവവചനമാണ് എന്ന അതിന്റെ അവകാശവാദത്തിനുള്ള തെളിവിനുവേണ്ടി മററ് ദിശകളിലേക്ക് നോക്കുന്നതിന് ബൈബിൾ തന്നെ നമ്മോട് ആഹ്വാനം ചെയ്യുന്നു.
ഉദാഹരണത്തിന് ബൈബിൾ ഒരു പ്രാവചനിക ഗ്രന്ഥം ആണ്. (2 പത്രോസ് 1:19-21) അമിതകൃത്തിപ്പുകാർ അവകാശവാദം ചെയ്യുന്നത് ഈ പ്രവചനങ്ങൾ എഴുതപ്പെട്ടത് സംഭവങ്ങൾ നടന്നതിന് ശേഷം ആണെന്നാണ്, പക്ഷെ പല സംഗതികളിലും അത് അസാദ്ധ്യം ആയിരുന്നുവെന്ന് വ്യക്തമായിരുന്നു. യേശുവിന്റെ ജനനത്തിന് നൂററാണ്ടുകൾ മുമ്പ് ചെയ്ത പ്രവചനങ്ങൾ അക്ഷരം പ്രതി നിറവേറിയിരുന്നു. (ഉദാഹരണത്തിന് യെശയ്യാവ് 53:1-12; ദാനിയേൽ 9:24-27) യരൂശലേമിന്റെ നാശം സംബന്ധിച്ച യേശുവിന്റെ സ്വന്ത പ്രവചനങ്ങൾ കൃത്യമായി നിവൃത്തിയേറി. അവനും അപ്പോസ്തലനായ പൗലോസും അന്ത്യനാളുകളെക്കുറിച്ച് ചെയ്ത പ്രവചനങ്ങൾ, ഇന്ന് പ്രഭാതത്തിലെ ദിനപ്പത്രങ്ങളിലെ വിവരങ്ങൾ പോലെ വായിക്കപ്പെടുന്നു. (മത്തായി 24; മർക്കോസ് 13; ലൂക്കോസ് 21:2; 2 തിമൊഥെയോസ് 3:1-5) ഭാവി മുൻകൂട്ടിപ്പറയുന്ന കാര്യത്തിൽ മനുഷ്യർ കുപ്രസിദ്ധമാംവിധം കൃത്യതയില്ലാത്തവർ ആയിരിക്കെ ബൈബിളിന്റെ പ്രവചനങ്ങൾ അത് ഒരു ഉയർന്ന ഉറവിടത്തിൽ നിന്നു വന്നു എന്നുള്ളതിനുള്ള ഒരു ശക്തമായ ന്യായമാണ്.
മറെറാരു ശക്തമായ തെളിവ് അതിന്റെ പിൻവരുന്ന സ്വന്ത വാക്കുകളിൽ കാണാം: ‘ദൈവവചനം ജീവനുള്ളതും ശക്തി പ്രയോഗിക്കുന്നതും ആണ്.” (എബ്രായർ 4:12) ബൈബിൾ വായിക്കുന്നതിനും അത് മററുള്ളവരോട് പങ്കിടുന്നതിനും ഉള്ള അവകാശത്തിനായി യാതനയനുഭവിക്കുകയും മരിക്കുകയും ചെയ്ത ആളുകളുടെ സംഖ്യ അതിന്റെ ശക്തിയെ വിളിച്ചറിയിക്കുന്നു. എളിമയുടെയും ന്യായബോധത്തിന്റെയും ആത്മാവോടെ അത് വായിക്കുന്ന ആളുകളുടെ മേൽ അതിനുള്ള നൻമക്കായുള്ള സ്വാധീനഫലം മറെറാരു ഗ്രന്ഥത്തിനും ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. അതിന് പരാക്രമികളായ ആളുകളെ സമാധാന പ്രിയരാക്കുന്നതിനും ഒരുവന്റെ വ്യക്തിത്വത്തെ തന്നെ ആകമാനം മാററിമറിക്കുന്നതിനും കഴിയും. (മീഖാ 4:3, 4; എഫേസ്യർ 4:24) ഉദാഹരണത്തിന് ലൂയിസിനുവേണ്ടി ബൈബിൾ ചെയ്തത് എന്തായിരുന്നുവെന്ന് പരിഗണിക്കുക.
ബ്രസീലിയൻ തടങ്കലിൽ അടക്കപ്പെട്ടിരുന്ന ലൂയിസ് അങ്ങേയററം അപകടകാരിയായ ഒരാളായിട്ടാണ് അവിടെ അറിയപ്പെട്ടിരുന്നത്. അങ്ങനെയിരിക്കെ, ലൂയിസിന്റെ സഹ തടവുകാർക്കായി ശുശ്രൂഷ നടത്തിയിരുന്ന ഒരു യഹോവയുടെ സാക്ഷിക്ക് ലൂയിസിനോട് സംസാരിക്കാൻ അവസരം ലഭിച്ചു. പെട്ടെന്ന് തന്നെ ലൂയിസ് ഒരു മാററംവന്ന വ്യക്തിയായിത്തീരത്തക്കവണ്ണം ബൈബിളിന്റെ വാക്കുകൾക്ക് അത്രമാത്രം ഫലം ഉണ്ടായി. (കൊലോസ്യർ 3:9, 10) മുൻകാലങ്ങളിൽ അയാളോട് മറുപടി പറയാൻ ആരും തന്നെ ധൈര്യപ്പെട്ടിരുന്നില്ല. പക്ഷെ ഇപ്പോൾ അയാൾ എല്ലാവരോടും ദയയോടുകൂടി പെരുമാറുകയും തടവധികൃതർക്ക് അർഹമായ ആദരവ് നൽകുകയും പോലും ചെയ്തു. ബൈബിൾ അയാളിൽ പ്രവർത്തിക്കാൻ തുടങ്ങി 5 വർഷങ്ങൾക്കു ശേഷം താൻ പഠിച്ച കാര്യങ്ങൾ അയാൾ മററുള്ളവരുമായി പങ്കുവയ്ക്കാൻ തുടങ്ങി. തടവ് ഭിത്തികൾക്കപ്പുറം പോലും പ്രസംഗിക്കാൻ അയാൾക്ക് അനുവാദം നൽകിയിരിക്കുന്നു.
ഇനിയും വൈൻ എന്നയാളെ പരിചയപ്പെടുക. വൈൻ അധാർമ്മിക ജീവിതത്തിലും മയക്കുമരുന്നിന്റെ ദുരുപയോഗത്തിലുമായി ഏറിയപങ്കും മുഴുകിക്കൊണ്ട് ഐക്യനാടുകളിൽ ഒരു സ്വാർത്ഥലോലുപമായ ജീവിതം നയിച്ചു. അയാൾ വിവാഹിതനായപ്പോൾ അയാളുടെ ദുർവൃത്തി ഒടുവിൽ അയാളുടെ ഭാര്യയെയും അധർമ്മത്തിലേക്ക് തള്ളിവിട്ടു. അവർ വിവാഹമോചനത്തിന്റെ വക്കിലായപ്പോൾ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാൾക്ക്, കുടുംബ വൃത്തത്തിനുള്ളിലെ ഉത്തരവാദിത്തം, സ്നേഹം എന്നിവയെക്കുറിച്ച് ബൈബിളിന് പറയാനുള്ളതെന്താണെന്ന് വൈനിനു കാണിച്ചുകൊടുക്കാൻ അവസരം ലഭിച്ചു. (എഫേസ്യർ 4:22-24; 5:22-28) അയാളുടെ പ്രശ്നങ്ങളിൽ ചിലതിന്റെ മൂലകാരണങ്ങൾ കണ്ടെത്തുന്നതിന് അയാൾക്ക് സഹായം നൽകപ്പെട്ടു. (1 കൊരിന്ത്യർ 15:33 കാണുക.) കാലാന്തരത്തിൽ തന്റെ ചിന്താഗതിയിൽ മാററം വരുത്തുന്നതിന് അയാൾക്ക് കഴിഞ്ഞു. ഇത് അയാളുടെ ഭാര്യയെയും മാററം വരുത്താൻ സഹായിച്ചു. ഇന്ന് ആ യുവ കുടുംബം സംതൃപ്തിയുടെ ഒരു മാതൃകയാണ്—ബൈബിൾ നന്ദി അർഹിക്കുന്നു.
ഒടുവിലായി എലനയുടെ കാര്യം എടുക്കാം. അവൾ വിഷാദരോഗം അനുഭവിച്ചിരുന്ന ഒരു യുവ ആർജൻറീനാക്കാരി ആയിരുന്നു. സഹായം തേടി അവൾ ഒരു മനോരോഗ വിദഗ്ദ്ധനെ സമീപിച്ചപ്പോൾ അവളുടെ രോഗ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ അവൾ ലൈംഗികമായി വിവേചനാരഹിതം ആയിത്തീരണം എന്ന് അയാൾ അവളോട് പറഞ്ഞു. അവൾ അധാർമ്മികതയിലേക്കും ആത്മവിദ്യയിലേക്കും രൂക്ഷമായ പുകയിലയുടെ ഉപയോഗത്തിലേക്കും ആഴ്ന്നിറങ്ങിപ്പോയി. അവൾക്ക് രണ്ടു പ്രാവശ്യം ഗർഭച്ഛിദ്രം ചെയ്യേണ്ടതായി വന്നു. പക്ഷെ യഹോവയുടെ സാക്ഷികൾ എലനയിൽ താത്പര്യം എടുക്കുകയും അവളുടെ ജീവിതത്തിൽ ബൈബിൾ തത്വങ്ങൾ ബാധകമാക്കാൻ അവളെ സഹായിക്കുകയും ചെയ്തു. ക്രമേണ ബൈബിളിന്റെ വാക്കുകൾ തന്റെ ദുഷിച്ച ശീലങ്ങൾ ഉപേക്ഷിച്ച്, സ്രഷ്ടാവായ യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും അറിയുന്നതിന് അവളെ പ്രേരിപ്പിച്ചു. ഇപ്പോൾ ഈ രണ്ടു വ്യക്തികളെയും പററി സംസാരിക്കവെ എലന പറയുന്നു: “അവരിൽ നിന്ന് എനിക്കു ലഭിക്കുന്ന യാതൊരു കാര്യങ്ങൾക്കും ഞാൻ അർഹയല്ല. ഈ കാരണം കൊണ്ട് തന്നെ, നമ്മോടുള്ള അവരുടെ കരുണയെയും സ്നേഹത്തെയും കുറിച്ച് അധികമധികം സംസാരിക്കുന്നതിന് ഞാൻ ആഗ്രഹിക്കുന്നു.”
ഈ ഏതാനും ചില ദൃഷ്ടാന്തങ്ങൾ കാണിക്കുന്നതുപോലെ ബൈബിളിന് നമ്മുടെ ജീവിതങ്ങളിലേക്ക് അതീവ പ്രയോജനകരമായ ഒരു ശക്തി തിരിച്ചുവിടാൻ സാധിക്കും. ലൂയിസ്, എലന, വൈൻ എന്നിവർ സഹായിക്കപ്പെട്ടതു യഹോവയുടെ സാക്ഷികൾ അവരെ ബൈബിളുമായി സമ്പർക്കത്തിൽ കൊണ്ടുവരുകയും അതിൽ പറയുന്ന കാര്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നു കാണിച്ചുകൊടുക്കുകയും ചെയ്തപ്പോഴാണ്. ലോകത്തിൽ ഇന്ന്, ഇതുപോലുള്ള അനുഭവങ്ങൾ മുൻ കാലങ്ങളിലുണ്ടായിരുന്നിട്ട് തങ്ങളുടെ ജീവിതത്തിൽ സമൂല പരിവർത്തനം നടത്താൻ ബൈബിളിനെ അനുവദിച്ചവരുൾപ്പെടുന്ന മുപ്പതുലക്ഷത്തിലധികം വരുന്ന യഹോവയുടെ സാക്ഷികളുണ്ട്. അങ്ങനെ അവർ ചെയ്തതിന്റെ ഫലമോ?
ഈ മുപ്പതുലക്ഷം ക്രിസ്ത്യാനികൾ, മനുഷ്യവർഗ്ഗത്തിന്റെ ഭാവിക്ക് ഭീഷണിഉയർത്തുന്ന പ്രമുഖ പ്രശ്നങ്ങൾക്ക് ഇപ്പോൾതന്നെ പരിഹാരം കണ്ടു കഴിഞ്ഞ ഒരു ജന സമുദായം ആയി രൂപം കൊണ്ടിരിക്കുന്നു. അവർ ദേശീയതയാലോ വർഗ്ഗീയ പിരിവുകളാലോ വിഭജിക്കപ്പെട്ടിരിക്കുന്നില്ല. പിന്നെയോ, ബൈബിളിന്റെ സഹായത്താൽ വർഗ്ഗീയ സാമ്പത്തിക മുൻവിധികളെ തരണം ചെയ്യുന്നതിന് അവർ കഠിനാദ്ധ്വാനം ചെയ്യുന്നു. അവർ സമാധാനത്തോടെ ഒന്നിച്ച് വസിക്കാൻ പഠിച്ചിരിക്കുന്നു. ഇത് തന്നെ ബൈബിളിന്റെ ഏറിയ പ്രാധാന്യമുള്ള പ്രവചനങ്ങളിൽ ഒന്നിന്റെ പ്രാഥമിക നിവൃത്തിയാണ്.—യെശയ്യാവ് 11:6-9.
അത്തരമൊരു ജനസമൂഹത്തിന്റെ ആസ്തിക്യംതന്നെ ബൈബിൾ വാസ്തവത്തിൽ ദൈവവചനമാണെന്നുള്ളതിന്റെ ഒരു ശക്തമായ തെളിവാണ്. ഈ ക്രിസ്ത്യാനികളെക്കുറിച്ച് അറിയുന്നതിനും ഈ തെളിവ് നിങ്ങൾ സ്വയം പരിശോധിച്ചറിയുന്നതിനും ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. അങ്ങനെ ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിൽ യഹോവയുടെ സാക്ഷികൾക്ക് ഏറിയ സന്തോഷം ഉണ്ട്. (w86 4/1)
[5-ാം പേജിലെ ആകർഷകവാക്യം]
അമിതകൃത്തിപ്പിന്റെ അവകാശവാദങ്ങൾക്ക് ഈടുററ അടിസ്ഥാനം അശേഷം ഇല്ല
[6-ാം പേജിലെ ആകർഷകവാക്യം]
ബൈബിൾ, അതു ദൈവവചനം ആണ് എന്ന് തെളിയിക്കുന്നതിനുവേണ്ടി ആധുനിക ശാസ്ത്രത്തെയോ തത്വശാസ്ത്രങ്ങളെയോ ആശ്രയിക്കുന്നില്ല
[7-ാം പേജിലെ ചിത്രം]
ബൈബിൾ ആളുകളിൽ മാററം വരുത്തുന്നു