സഹിഷ്ണുത—ക്രിസ്ത്യാനികൾക്ക് അത്യന്താപേക്ഷിതം
“നിങ്ങളുടെ വിശ്വാസത്തിനു . . . സഹിഷ്ണുത . . . പ്രദാനം ചെയ്യുക.”—2 പത്രോസ് 1:5, 6, NW.
1, 2. നാമെല്ലാം അവസാനത്തോളം സഹിച്ചുനിൽക്കേണ്ടത് എന്തുകൊണ്ട്?
ആ സഞ്ചാരമേൽവിചാരകനും ഭാര്യയും തന്റെ 90-കളിലെത്തിയ ഒരു സഹക്രിസ്ത്യാനിയെ സന്ദർശിക്കുകയായിരുന്നു. അദ്ദേഹം മുഴുസമയ ശുശ്രൂഷയിൽ പതിററാണ്ടുകൾ ചെലവഴിച്ചിരുന്നു. അവർ സംസാരിച്ചുകൊണ്ടിരിക്കെ വർഷങ്ങൾക്കുമുമ്പു താൻ ആസ്വദിച്ചിരുന്ന ചില പദവികളെക്കുറിച്ച് പ്രായം കൂടിയ സഹോദരൻ അനുസ്മരിച്ചു. “എന്നാൽ ഇപ്പോൾ എനിക്ക് അധികമൊന്നും ചെയ്യാൻ കഴിയുന്നില്ല” എന്നു കവിളുകളിലൂടെ കണ്ണുനീർ ഒഴുകിത്തുടങ്ങവേ അദ്ദേഹം വിലപിച്ചു. സഞ്ചാരമേൽവിചാരകൻ തന്റെ ബൈബിൾ തുറന്ന് “എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും” എന്നു യേശുക്രിസ്തുവിനെ ഉദ്ധരിക്കുന്ന മത്തായി 24:13 വായിച്ചു. എന്നിട്ട് ആ മേൽവിചാരകൻ പ്രിയ സഹോദരനെ നോക്കിപ്പറഞ്ഞു: “നമുക്ക് എത്രയധികമോ എത്ര കുറച്ചോ ചെയ്യാൻ കഴിഞ്ഞാലും നമുക്കെല്ലാമുള്ള അന്തിമ നിയമനം അവസാനത്തോളം സഹിച്ചുനിൽക്കാനാണ്.”
2 അതേ, ക്രിസ്ത്യാനികളെന്നനിലയിൽ നമ്മളെല്ലാം ഈ വ്യവസ്ഥിതിയുടെ അന്ത്യംവരെയോ നമ്മുടെ ജീവിതാവസാനംവരെയോ സഹിച്ചുനിൽക്കേണ്ടതുണ്ട്. രക്ഷക്കുവേണ്ടി യഹോവയുടെ അംഗീകാരം നേടാൻ മററു യാതൊരു മാർഗവുമില്ല. നാം ജീവനുവേണ്ടിയുള്ള ഒരോട്ടത്തിലാണ്, അവസാനംവരെ നാം ‘സഹിഷ്ണുതയോടെ ഓടണം.’ (എബ്രായർ 12:1) അപ്പോസ്തലനായ പത്രോസ് സഹക്രിസ്ത്യാനികളോടു “നിങ്ങളുടെ വിശ്വാസത്തിനു . . . സഹിഷ്ണുത . . . പ്രദാനം ചെയ്യുക” എന്നു ബുദ്ധ്യുപദേശിച്ചപ്പോൾ ഈ ഗുണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. (2 പത്രോസ് 1:5, 6, NW) എന്നാൽ സഹിഷ്ണുത വാസ്തവത്തിൽ എന്താണ്?
സഹിഷ്ണുത—അത് അർഥമാക്കുന്നത്
3, 4. സഹിഷ്ണുത പ്രകടമാക്കുക എന്നാൽ എന്താണ് അർഥം?
3 സഹിച്ചുനിൽക്കുക എന്നാൽ എന്താണ് അർഥം? “സഹിച്ചുനിൽക്കുക” എന്നതിന്റെ ഗ്രീക്ക് ക്രിയയുടെ (ഹൈപോമീനൊ) വാച്യാർഥം “കീഴിൽ നിലകൊള്ളുക അഥവാ കഴിയുക” എന്നാണ്. അതു ബൈബിളിൽ 17 പ്രാവശ്യം വരുന്നുണ്ട്. നിഘണ്ടു നിർമാതാക്കളായ ഡബ്ലിയു. എഫ്. ബോറും എഫ്. ഡബ്ലിയു. ഗിംഗ്രിച്ചും എഫ്. ഡാങ്കറും പറയുന്നതനുസരിച്ച് അതിന്റെ അർഥം “ഓടിരക്ഷപ്പെടുന്നതിനുപകരം അവിടെത്തന്നെ തുടരുക . . . , ഉറച്ചുനിൽക്കുക, കീഴടക്കപ്പെടാതെ നിലകൊള്ളുക” എന്നാണ്. “സഹിഷ്ണുത” എന്നതിന്റെ ഗ്രീക്ക് നാമം (ഹൈപോമോനി) 30-ലധികം പ്രാവശ്യം വരുന്നുണ്ട്. അതിനെക്കുറിച്ച് വില്യം ബാർക്ലേയുടെ ഒരു പുതിയനിയമ പദഗ്രന്ഥം (A New Testament Wordbook) പറയുന്നു: “അതു കാര്യങ്ങൾ സഹിക്കാൻ കഴിവുള്ള മാനസികഭാവമാണ്, കേവലം കീഴ്വഴക്കത്തോടെയല്ല മറിച്ചു തീക്ഷ്ണമായ പ്രത്യാശയോടെ . . . അത് ഒരു മനുഷ്യനെ കാററിനെതിരെ തന്റെ പാദങ്ങളിൽ നിർത്തുന്ന ഗുണമാണ്. അത് ഏററവും കഠിനമായ പരിശോധനയെ മഹത്ത്വമാക്കി മാററാൻ കഴിയുന്ന സദ്ഗുണമാണ്, കാരണം വേദനയ്ക്കപ്പുറം അതു ലക്ഷ്യം കാണുന്നു.”
4 അതുകൊണ്ടു തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ ഭീഷണിയാകുമ്പോൾ ആശ കൈവിടാതെ ഉറച്ചുനിൽക്കാൻ സഹിഷ്ണുത നമ്മെ പ്രാപ്തരാക്കുന്നു. (റോമർ 5:3-5) അത് ഇപ്പോഴത്തെ വേദനയ്ക്കപ്പുറം ലക്ഷ്യത്തിലേക്ക്—സ്വർഗത്തിലേതായാലും ഭൂമിയിലേതായാലും, നിത്യജീവനെന്ന സമ്മാനത്തിലേക്ക് അഥവാ ദാനത്തിലേക്ക്—നോക്കുന്നു.—യാക്കോബ് 1:12.
സഹിഷ്ണുത—എന്തുകൊണ്ട്?
5. (എ) ക്രിസ്ത്യാനികൾക്കെല്ലാം “സഹിഷ്ണുതയുടെ ആവശ്യ”മുള്ളത് എന്തുകൊണ്ട്? (ബി) ഏതു രണ്ടു വിഭാഗങ്ങളിലായി നമ്മുടെ പരിശോധനകളെ തരംതിരിക്കാം?
5 ക്രിസ്ത്യാനികളെന്നനിലയിൽ നമുക്കെല്ലാം “സഹിഷ്ണുത . . . ആവശ്യ”മാണ്. (എബ്രായർ 10:36) എന്തുകൊണ്ട്? അടിസ്ഥാനപരമായി, നാം “വിവിധ പരീക്ഷകളിൽ അകപ്പെടു”ന്നതുകൊണ്ട്. ഇവിടെ യാക്കോബ് 1:2-ലെ ഗ്രീക്ക് പാഠം അപ്രതീക്ഷിതമോ അനിഷ്ടകരമോ ആയ സംഘട്ടനത്തെ സൂചിപ്പിക്കുന്നു, ഒരു വ്യക്തിയുമായി ഒരു കവർച്ചക്കാരൻ ഏററുമുട്ടുമ്പോഴെന്നപോലെതന്നെ. (ലൂക്കൊസ് 10:30 താരതമ്യം ചെയ്യുക.) രണ്ടു വിഭാഗങ്ങളായി തരംതിരിക്കാവുന്ന പീഡാനുഭവങ്ങൾ നമുക്കു നേരിടുന്നു: അവകാശപ്പെടുത്തിയ പാപത്തിന്റെ ഫലമായി മനുഷ്യർക്കു സാധാരണമായവയും നമ്മുടെ ദൈവഭക്തിമൂലം വികാസം പ്രാപിക്കുന്നവയും. (1 കൊരിന്ത്യർ 10:13; 2 തിമൊഥെയൊസ് 3:12) ഈ പീഡാനുഭവങ്ങളിൽ ചിലത് ഏതൊക്കെയാണ്?
6. വേദനാജനകമായ ഒരു രോഗത്തെ അഭിമുഖീകരിച്ചപ്പോൾ ഒരു സാക്ഷി സഹിച്ചുനിന്നത് എങ്ങനെ?
6 ഗുരുതരമായ രോഗം. തിമോഥെയോസിനെപ്പോലെ ചില ക്രിസ്ത്യാനികൾ “കൂടെക്കൂടെയുള്ള രോഗം” സഹിക്കേണ്ടിയിരിക്കുന്നു. (1 തിമോഥെയോസ് 5:23, NW) വിശേഷിച്ച് വിട്ടുമാറാത്ത, ഒരുപക്ഷേ വളരെ വേദനയുള്ള, ഒരു രോഗം പിടിപെടുമ്പോൾ നമ്മുടെ ക്രിസ്തീയ പ്രത്യാശ നഷ്ടപ്പെടാതെ ദൈവിക സഹായത്താൽ നാം ഉറച്ചുനിൽക്കേണ്ടതുണ്ട്, സഹിച്ചുനിൽക്കേണ്ടതുണ്ട്. അതിവേഗം വളർന്നുകൊണ്ടിരുന്ന ഒരു ആപത്കരമായ മുഴയ്ക്കെതിരെ ഒരു നീണ്ട കഠിന പോരാട്ടം നടത്തിയ, 50-കളുടെ ആരംഭത്തിലെത്തിയ ഒരു സാക്ഷിയുടെ ഉദാഹരണം പരിചിന്തിക്കുക. രണ്ടു ശസ്ത്രക്രിയകളിൽ രക്തപ്പകർച്ചകൾ സ്വീകരിക്കുന്നതിനെതിരെയുള്ള തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിന്നു. (പ്രവൃത്തികൾ 15:28, 29) എന്നാൽ മുഴ വീണ്ടും അടിവയററിൽ പ്രത്യക്ഷപ്പെടുകയും നട്ടെല്ലിനടുത്തു തുടർന്നുവളരുകയും ചെയ്തു. അങ്ങനെ വളരവേ, ഏതളവിലുമുള്ള ഔഷധപ്രയോഗത്തിനു ശമിപ്പിക്കാൻ കഴിയാഞ്ഞ, അചിന്തനീയമായ ശാരീരികവേദന അദ്ദേഹം അനുഭവിച്ചു. എന്നിട്ടും അദ്ദേഹം ഇപ്പോഴത്തെ വേദനയ്ക്കുമപ്പുറം പുതിയലോകത്തിലെ ജീവന്റെ സമ്മാനത്തിലേക്കു നോക്കി. അദ്ദേഹം തന്റെ ജ്വലിക്കുന്ന പ്രത്യാശ ഡോക്ടർമാർക്കും നേഴ്സുമാർക്കും സന്ദർശകർക്കും പങ്കുവെക്കുന്നതിൽ തുടർന്നു. അവസാനംവരെ—ജീവിതാവസാനംവരെ—അദ്ദേഹം സഹിച്ചുനിന്നു. നിങ്ങളുടെ ആരോഗ്യപ്രശ്നം ആ പ്രിയ സഹോദരൻ അനുഭവിച്ചതുപോലെ ജീവനെ അത്ര ഭീഷണിപ്പെടുത്തുന്നതോ വേദനാകരമോ അല്ലായിരിക്കാം, എന്നാൽത്തന്നെയും അതു സഹിഷ്ണുതയുടെ ഒരു പരിശോധന ഉളവാക്കിയേക്കാം.
7. നമ്മുടെ ചില ആത്മീയ സഹോദരീസഹോദരൻമാർക്കു സഹിഷ്ണുതയിൽ ഏതുതരം വേദന ഉൾപ്പെട്ടിരിക്കുന്നു?
7 വൈകാരിക വേദന. യഹോവയുടെ ജനത്തിൽപ്പെട്ട ചിലർ ഇടയ്ക്കിടയ്ക്ക്, “മനോവ്യസന”ത്തിൽ കലാശിക്കുന്ന “ഹൃദയവേദന”യെ അഭിമുഖീകരിക്കുന്നു. (സദൃശവാക്യങ്ങൾ 15:13, NW) “ഇടപെടാൻ പ്രയാസമായ” ഇക്കാലങ്ങളിൽ കഠിനമായ വിഷാദം അസാധാരണമല്ല. (2 തിമോഥെയോസ് 3:1, NW) ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിരണ്ട് ഡിസംബർ 5-ലെ സയൻസ് ന്യൂസ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “1915-നെ തുടർന്നുവന്ന ഓരോ തലമുറയിലും കഠിനമായ, മിക്കപ്പോഴും അശക്തമാക്കുന്ന, വിഷാദത്തിന്റെ നിരക്കുകൾ വർധിച്ചിരിക്കുന്നു.” ഇത്തരം വിഷാദത്തിന്റെ കാരണങ്ങൾ ശാരീരികഘടകങ്ങൾമുതൽ വേദനാജനകമാംവിധം അനിഷ്ടകരമായ അനുഭവങ്ങൾവരെ വിവിധങ്ങളാണ്. ചില ക്രിസ്ത്യാനികൾക്ക്, സഹിഷ്ണുതയിൽ വൈകാരിക വേദനയുടെ ഭീഷണിയിൻകീഴിൽ ഉറച്ചു നിൽക്കാനുള്ള ഒരു അനുദിന പോരാട്ടം ഉൾപ്പെടുന്നു. എന്നിട്ടും അവർ വിട്ടുകൊടുക്കുന്നില്ല. കണ്ണുനീർ ഗണ്യമാക്കാതെ അവർ യഹോവയോടുള്ള വിശ്വസ്തതയിൽ നിലനിൽക്കുന്നു.—സങ്കീർത്തനം 126:5, 6 താരതമ്യം ചെയ്യുക.
8. നാം ഏതു സാമ്പത്തികമായ പരിശോധനയെ അഭിമുഖീകരിച്ചേക്കാം?
8 നാം അഭിമുഖീകരിക്കുന്ന വിവിധ പീഡാനുഭവങ്ങളിൽ ഗുരുതരമായ സാമ്പത്തിക ക്ലേശം ഉൾപ്പെട്ടേക്കാം. യു.എസ്.എ.-യിലെ ന്യൂജേഴ്സിയിലുള്ള ഒരു സഹോദരനു പെട്ടെന്നു ജോലിയില്ലാതായപ്പോൾ, നമുക്കു മനസ്സിലാക്കാവുന്നതുപോലെ, അദ്ദേഹം തന്റെ കുടുംബത്തെ പുലർത്തുന്നതിനെക്കുറിച്ചും ഭവനം നഷ്ടപ്പെടാതിരിക്കുന്നതിനെക്കുറിച്ചും ഉത്കണ്ഠാകുലനായി. എന്നുവരികിലും അദ്ദേഹത്തിനു രാജ്യപ്രത്യാശയുടെ കാഴ്ചപ്പാടു നഷ്ടപ്പെട്ടില്ല. മറെറാരു ജോലി അന്വേഷിക്കുന്നതിനിടയിൽ ഒരു സഹായ പയനിയറായി സേവിക്കാനുള്ള അവസരത്തെ അദ്ദേഹം പ്രയോജനപ്പെടുത്തി. കാലക്രമത്തിൽ അദ്ദേഹം ഒരു ജോലി കണ്ടെത്തി.—മത്തായി 6:25-34.
9. (എ) പ്രിയപ്പെട്ട ഒരാളെ നമുക്കു മരണത്തിൽ നഷ്ടപ്പെടുന്നതു സഹിഷ്ണുത ആവശ്യമാക്കിത്തീർത്തേക്കാവുന്നത് എങ്ങനെ? (ബി) ദുഃഖത്തിൻ കണ്ണുനീർ പൊഴിക്കുന്നതു തെററല്ലെന്ന് പ്രകടമാക്കുന്ന തിരുവെഴുത്തുകൾ ഏവ?
9 നിങ്ങൾക്ക്, പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെട്ട അനുഭവമുണ്ടായിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ചുററുമുള്ളവർ തങ്ങളുടെ സാധാരണ ദിനചര്യയിലേക്കു തിരിച്ചുവന്നതിനുശേഷവും ദീർഘമായി നിലനിൽക്കുന്ന സഹിഷ്ണുതയുടെ ആവശ്യം നിങ്ങൾക്കുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തി മരിച്ച സമയത്തോടടുത്ത് ഓരോവർഷവും നിങ്ങൾക്കു വിശേഷിച്ച് ബുദ്ധിമുട്ടനുഭവപ്പെടുന്നതായിപോലും നിങ്ങൾ കണ്ടെത്തിയേക്കാം. അത്തരം ഒരു നഷ്ടത്തിന്റെ സഹനം ദുഃഖത്തിന്റെ കണ്ണുനീർ പൊഴിക്കുന്നതു തെററാണെന്ന് അർഥമാക്കുന്നില്ല. നാം സ്നേഹിച്ച ഒരാളുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിക്കുന്നതു സ്വാഭാവികമാണ്, ഇതു യാതൊരു തരത്തിലും പുനരുത്ഥാനപ്രത്യാശയിലെ വിശ്വാസക്കുറവിനെ സൂചിപ്പിക്കുന്നില്ല. (ഉല്പത്തി 23:2; എബ്രായർ 11:19 താരതമ്യം ചെയ്യുക.) ലാസറിന്റെ മരണശേഷം, “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും” എന്നു യേശു ദൃഢവിശ്വാസത്തോടെ മാർത്തയോടു പറഞ്ഞെങ്കിലും അവിടുന്നു “കണ്ണുനീർ വാർത്തു.” ലാസർ ഉയിർത്തെഴുന്നേൽക്കുകതന്നെ ചെയ്തു!—യോഹന്നാൻ 11:23, 32-35, 41-44.
10. യഹോവയുടെ സാക്ഷികൾക്കു സഹിഷ്ണുതയുടെ ഒരു അസാധാരണമായ ആവശ്യം ഉള്ളതെന്തുകൊണ്ട്?
10 എല്ലാ മനുഷ്യർക്കും സാധാരണമായിരിക്കുന്ന പരിശോധനകൾ സഹിക്കുന്നതു കൂടാതെ യഹോവയുടെ ജനത്തിനു സഹിഷ്ണുതയുടെ അസാധാരണമായ ഒരു ആവശ്യമുണ്ട്. “എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും” എന്നു യേശു മുന്നറിയിപ്പു നൽകി. (മത്തായി 24:9) “അവർ എന്നെ ഉപദ്രവിച്ചെങ്കിൽ നിങ്ങളെയും ഉപദ്രവിക്കു”മെന്നും അവിടുന്നു പറഞ്ഞു. (യോഹന്നാൻ 15:20) ഈ പകയും പീഡനവും എല്ലാം എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ദൈവത്തിന്റെ ദാസൻമാരായി നാം ഈ ഭൂമിയിലെവിടെ ജീവിച്ചാലും യഹോവയോടുള്ള നമ്മുടെ നിർമലതയെ തകർക്കാൻ സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. (1 പത്രൊസ് 5:8; വെളിപ്പാടു 12:17 താരതമ്യം ചെയ്യുക.) ഈ ഉദ്ദേശ്യത്തിൽ, നമ്മുടെ സഹിഷ്ണുതയെ കഠിനമായ പരിശോധനക്കു വിധേയമാക്കിക്കൊണ്ടു സാത്താൻ മിക്കപ്പോഴും പീഡനത്തിന്റെ തീജ്വാല ആളിച്ചിട്ടുണ്ട്.
11, 12. (എ) യഹോവയുടെ സാക്ഷികളും അവരുടെ കുട്ടികളും 1930-കളിലും 1940-കളുടെ തുടക്കത്തിലും സഹിഷ്ണുതയുടെ എന്തു പരിശോധനയെ അഭിമുഖീകരിച്ചു? (ബി) യഹോവയുടെ സാക്ഷികൾ ദേശീയ പതാകയെ വന്ദിക്കുകയില്ലാത്തത് എന്തുകൊണ്ട്?
11 ഉദാഹരണത്തിന്, മനഃസാക്ഷിപരമായ കാരണങ്ങളാൽ ദേശീയ പതാകയെ വന്ദിക്കാൻ വിസമ്മതിച്ചതിന് 1930-കളിലും 1940-കളുടെ തുടക്കത്തിലും ഐക്യനാടുകളിലും കാനഡയിലും യഹോവയുടെ സാക്ഷികളും അവരുടെ കുട്ടികളും പീഡനത്തിനിരയായി. തങ്ങൾ ജീവിക്കുന്ന ദേശത്തിന്റെ പതാകയെ അവർ ബഹുമാനിക്കുന്നു, എന്നാൽ അവർ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ “ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു” എന്നു പുറപ്പാടു 20:4, 5-ൽ സ്ഥാപിച്ചിരിക്കുന്ന തത്ത്വം അനുസരിക്കുന്നു. സാക്ഷികളായ ചില സ്കൂൾക്കുട്ടികൾ തങ്ങളുടെ ആരാധന യഹോവയാം ദൈവത്തിലേക്കു മാത്രമായി തിരിച്ചുവിടാൻ ആഗ്രഹിച്ചതിനാൽ പുറത്താക്കപ്പെട്ടപ്പോൾ അവരുടെ പഠനത്തിനായി സാക്ഷികൾ രാജ്യ സ്കൂളുകൾ സ്ഥാപിച്ചു. ഉദ്ബുദ്ധമായ രാഷ്ട്രങ്ങൾ ഇന്നു ചെയ്യുന്നതുപോലെ, ഐക്യനാടുകളിലെ സുപ്രീം കോടതി അവരുടെ മതപരമായ നിലപാടിനെ അംഗീകരിച്ചപ്പോൾ ഈ വിദ്യാർഥികൾ പൊതു വിദ്യാലയങ്ങളിലേക്കു തിരിച്ചുപോയി. എന്നിരുന്നാലും, ഈ ചെറുപ്പക്കാരുടെ ധീരമായ സഹിഷ്ണുത വിശേഷിച്ചും ഇപ്പോൾ ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുന്നതിനാൽ പരിഹാസത്തെ നേരിടുന്ന ക്രിസ്തീയ യുവാക്കൾക്ക് ഒരുത്തമ ദൃഷ്ടാന്തമായി ഉതകുന്നു.—1 യോഹന്നാൻ 5:21.
12 സഹിഷ്ണുത നമുക്കാവശ്യമായിരിക്കുന്നത് എന്തുകൊണ്ടെന്നു നമുക്കു നേരിടുന്ന വിവിധ പീഡാനുഭവങ്ങൾ—മനുഷ്യർക്കു സാധാരണമായവയും നമ്മുടെ ക്രിസ്തീയ വിശ്വാസം നിമിത്തമുള്ളവയും—സൂചിപ്പിക്കുന്നു. എന്നാൽ നമുക്കെങ്ങനെ സഹിച്ചുനിൽക്കാൻ കഴിയും?
അവസാനത്തോളം സഹിച്ചുനിൽക്കുക—എങ്ങനെ?
13. യഹോവ സഹിഷ്ണുത പ്രദാനം ചെയ്യുന്നത് എങ്ങനെ?
13 ദൈവജനത്തിനു യഹോവയെ ആരാധിക്കാത്തവരെ അപേക്ഷിച്ചു സുനിശ്ചിതമായ ഒരു പ്രയോജനമുണ്ട്. സഹായത്തിനുവേണ്ടി അവർക്ക് “സഹിഷ്ണുത . . . പ്രദാനം ചെയ്യുന്ന ദൈവ”ത്തോട് അപേക്ഷിക്കാൻ കഴിയും. (റോമർ 15:5, NW) എന്നാൽ എങ്ങനെയാണു യഹോവ സഹിഷ്ണുത പ്രദാനം ചെയ്യുന്നത്? അവിടുന്ന് അങ്ങനെ ചെയ്യുന്ന ഒരു മാർഗം തന്റെ വചനമായ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന സഹിഷ്ണുതയുടെ ദൃഷ്ടാന്തങ്ങളിലൂടെയാണ്. (റോമർ 15:4) ഇവയെക്കുറിച്ചു ഗൗരവമായി ചിന്തിക്കുമ്പോൾ, നാം സഹിച്ചുനിൽക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുക മാത്രമല്ല എങ്ങനെ സഹിച്ചുനിൽക്കാമെന്നുള്ളതിനെക്കുറിച്ചു വളരെയധികം പഠിക്കുകയും ചെയ്യും. മികച്ച രണ്ടു ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക—ഇയ്യോബിന്റെ ധൈര്യസമേതമുള്ള സഹിഷ്ണുതയും യേശുക്രിസ്തുവിന്റെ കുററമററ സഹിഷ്ണുതയും.—എബ്രായർ 12:1-3; യാക്കോബ് 5:11.
14, 15. (എ) ഇയ്യോബ് ഏതു പീഡാനുഭവങ്ങൾ സഹിച്ചുനിന്നു? (ബി) ഇയ്യോബ് തനിക്കു നേരിട്ട പീഡാനുഭവങ്ങളെ സഹിച്ചുനിൽക്കാൻ പ്രാപ്തനായത് എങ്ങനെ?
14 ഏതു സാഹചര്യങ്ങളാണ് ഇയ്യോബിന്റെ സഹിഷ്ണുതയെ പരിശോധനക്കു വിധേയമാക്കിയത്? തന്റെ സ്വത്തുക്കളിൽ മിക്കതും നഷ്ടമായപ്പോൾ അദ്ദേഹത്തിനു സാമ്പത്തിക ക്ലേശം അനുഭവപ്പെട്ടു. (ഇയ്യോബ് 1:14-17; ഇയ്യോബ് 1:3 താരതമ്യം ചെയ്യുക.) തന്റെ പത്തു മക്കളും ഒരു കൊടുങ്കാററിൽ മരിച്ചപ്പോൾ ഇയ്യോബിനു നഷ്ടവേദന അനുഭവപ്പെട്ടു. (ഇയ്യോബ് 1:18-21) അദ്ദേഹം ഗുരുതരമായ, വേദനാജനകമായ രോഗം അനുഭവിച്ചു. (ഇയ്യോബ് 2:7, 8; 7:4, 5) ദൈവത്തിൽനിന്ന് അകന്നുമാറാൻ ഭാര്യ സമ്മർദം ചെലുത്തി. (ഇയ്യോബ് 2:9) അടുത്ത ചങ്ങാതിമാർ മുറിപ്പെടുത്തുന്നതും ദയാരഹിതവും അസത്യവും ആയ കാര്യങ്ങൾ ഓതിക്കൊടുത്തു. (ഇയ്യോബ് 16:1-3-ഉം ഇയ്യോബ് 42:7-ഉം താരതമ്യം ചെയ്യുക.) എന്നിരുന്നാലും, ഇതിലെല്ലാം നിർമലത കാത്തുകൊണ്ട് ഇയ്യോബ് ഉറച്ചുനിന്നു. (ഇയ്യോബ് 27:5) അദ്ദേഹം സഹിച്ചവ ഇന്നു യഹോവയുടെ ജനത്തിനു നേരിടുന്ന പീഡാനുഭവങ്ങൾക്കു സമാനമാണ്.
15 ഇയ്യോബ് ആ പീഡാനുഭവങ്ങൾ എല്ലാം സഹിച്ചുനിൽക്കാൻ പ്രാപ്തനായത് എങ്ങനെയായിരുന്നു? ഇയ്യോബിനെ പുലർത്തിയ ഒരു പ്രത്യേക സംഗതി പ്രത്യാശയായിരുന്നു. അദ്ദേഹം പ്രസ്താവിച്ചു: “ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്; അതിനെ വെട്ടിയാൽ പിന്നെ പൊട്ടി കിളുർക്കും; അതു ഇളങ്കൊമ്പുകൾ വിടാതിരിക്കയില്ല.” (ഇയ്യോബ് 14:7) എന്തു പ്രത്യാശയാണ് ഇയ്യോബിന് ഉണ്ടായിരുന്നത്? ഏതാനും വാക്യങ്ങൾക്കുശേഷം രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം അദ്ദേഹം പ്രസ്താവിച്ചു: “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? . . . നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും [അല്ലെങ്കിൽ വാഞ്ഛിക്കും].” (ഇയ്യോബ് 14:14, 15) അതേ, ഇയ്യോബ് തത്കാലത്തെ തന്റെ വേദനയ്ക്കപ്പുറം കണ്ടു. തന്റെ പീഡാനുഭവങ്ങൾ എന്നേക്കും നിലനിൽക്കില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഏറിയാൽ താൻ മരണംവരെ സഹിച്ചുനിൽക്കേണ്ടിവരുമായിരുന്നു. മരിച്ചവരെ ഉയിർപ്പിക്കാൻ സ്നേഹപൂർവം ആഗ്രഹിക്കുന്ന യഹോവ തന്നെ ജീവനിലേക്കു തിരികെ വരുത്തും എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യാശാനിർഭരമായ പ്രതീക്ഷ.—പ്രവൃത്തികൾ 24:15.
16. (എ) ഇയ്യോബിന്റെ ദൃഷ്ടാന്തത്തിൽനിന്നു സഹിഷ്ണുത സംബന്ധിച്ചു നാം എന്തു പഠിക്കുന്നു? (ബ) രാജ്യപ്രത്യാശ നമുക്ക് എത്ര യഥാർഥമായിരിക്കണം, എന്തുകൊണ്ട്?
16 ഇയ്യോബിന്റെ സഹിഷ്ണുതയിൽനിന്നു നാം എന്തു പഠിക്കുന്നു? അവസാനത്തോളം സഹിച്ചുനിൽക്കുന്നതിന് നാം ഒരിക്കലും നമ്മുടെ പ്രത്യാശയുടെ കാഴ്ചപ്പാടു നഷ്ടപ്പെടുത്തരുത്. രാജ്യപ്രത്യാശയുടെ ഉറപ്പ് നമുക്കു നേരിടുന്ന ഏതു കഷ്ടപ്പാടും താരതമ്യേന “ക്ഷണിക”മാണെന്ന് അർഥമാക്കുന്നു എന്നും ഓർക്കുക. (2 കൊരിന്ത്യർ 4:16-18, NW) ‘അവൻ [നമ്മുടെ] കണ്ണുകളിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയുകയും മരണമോ കരച്ചിലോ മുറവിളിയോ വേദനയോ മേലാൽ ഇല്ലാതിരിക്കയും ചെയ്യു’ന്ന, സമീപഭാവികാലത്തെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദത്തത്തിലാണു നമ്മുടെ വിലയേറിയ പ്രത്യാശ ഉറപ്പായി അധിഷ്ഠിതമായിരിക്കുന്നത്. (വെളിപ്പാടു 21:3, 4) “നിരാശയിലേക്കു നയിക്കുന്നി”ല്ലാത്ത ആ പ്രത്യാശ നമ്മുടെ ചിന്തയെ കാക്കേണ്ടതാണ്. (റോമർ 5:4, 5; 1 തെസ്സലൊനീക്യർ 5:8) അതു നമുക്കു യഥാർഥമായിരിക്കണം—വിശ്വാസക്കണ്ണുകളിലൂടെ നാം പുതിയ ലോകത്തിൽ ആയിരിക്കുന്നതായി വിഭാവനം ചെയ്യാൻ കഴിയത്തക്കവണ്ണം അത്ര യഥാർഥമായിരിക്കണം—മേലാൽ രോഗത്തോടോ വിഷാദത്തോടോ പൊരുതാതെ, ദിവസവും നല്ല ആരോഗ്യത്തോടും ശുദ്ധമായ മനസ്സോടും കൂടെ ഉണരുന്നു; മേലാൽ ഗുരുതരമായ സാമ്പത്തിക സമ്മർദങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടാതെ സുരക്ഷിതത്വത്തിൽ ജീവിക്കുന്നു; പ്രിയപ്പെട്ടവരുടെ മരണത്തിൽ മേലാൽ ദുഃഖിക്കാതെ അവർ പുനരുത്ഥാനം പ്രാപിക്കുന്നതു കാണുന്നതിന്റെ ഹർഷമനുഭവിക്കുന്നു. (എബ്രായർ 11:1) ഇത്തരം പ്രത്യാശ ഇല്ലെങ്കിൽ ഇപ്പോഴത്തെ നമ്മുടെ പീഡാനുഭവങ്ങളിൽ നാം മടുത്തുമാറത്തക്കവണ്ണം ആകുലരായിത്തീരാൻ കഴിയും. നമ്മുടെ പ്രത്യാശയുള്ളതിനാൽ തുടർന്നു പൊരുതുന്നതിന്, അവസാനംവരെത്തന്നെ തുടർന്നു സഹിച്ചുനിൽക്കുന്നതിന്, എന്തൊരു ശക്തമായ പ്രചോദനമാണു നമുക്കുള്ളത്!
17. (എ) യേശു ഏതു പീഡാനുഭവങ്ങൾ സഹിച്ചുനിന്നു? (ബി) യേശു സഹിച്ച കഠോര കഷ്ടപ്പാട് ഏതു വസ്തുതയിൽ നിന്നു മനസ്സിലാക്കാവുന്നതാണ്? (അടിക്കുറിപ്പ് കാണുക.)
17 യേശുവിലേക്ക് “ഏകാഗ്രമായിനോക്കാ”നും ‘അവിടുത്തെ അടുത്തു പരിഗണിക്കാനും’ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. എന്തു പീഡാനുഭവങ്ങളാണ് അവിടുന്നു സഹിച്ചുനിന്നത്? അവയിൽ ചിലതു മററുള്ളവരുടെ പാപത്തിൽനിന്നും അപൂർണതയിൽനിന്നും ഉളവായി. യേശു “പാപികളുടെ വിരുദ്ധ സംസാരം” മാത്രമല്ല തങ്ങളിൽ ആരാണ് ഏററവും വലിയവൻ എന്നതിനെക്കുറിച്ച് ആവർത്തിച്ചുള്ള വിവാദങ്ങൾ ഉൾപ്പെടെ തന്റെ ശിഷ്യൻമാരുടെ ഇടയിൽ പൊന്തിവന്ന പ്രശ്നങ്ങളും സഹിച്ചുനിന്നു. അതിൽപ്പരമായി, അവിടുന്നു വിശ്വാസത്തിന്റെ അതുല്യമായ ഒരു പരിശോധനയെ നേരിട്ടു. അവിടുന്ന് “ഒരു ദണ്ഡനസ്തംഭം സഹിച്ചു.” (എബ്രായർ 12:1-3; ലൂക്കൊസ് 9:46; 22:24) കഴുവിലേററുന്നതിന്റെ വേദനയിലും ദൈവദൂഷകനെന്നനിലയിൽ വധിക്കപ്പെടുന്നതിലെ അപമാനത്തിലും അന്തർഭവിച്ചിരുന്ന മാനസികവും ശാരീരികവും ആയ കഷ്ടപ്പാടു ഭാവനയിൽ കാണുന്നതുപോലും പ്രയാസമാണ്.a
18. അപ്പോസ്തലനായ പൗലോസ് പറയുന്നതനുസരിച്ച്, ഏതു രണ്ടു സംഗതികൾ യേശുവിനെ പുലർത്തി?
18 അവസാനത്തോളം സഹിച്ചുനിൽക്കാൻ യേശുവിനെ പ്രാപ്തനാക്കിയതെന്താണ്? യേശുവിനെ പുലർത്തിയ രണ്ടു സംഗതികൾ അപ്പോസ്തലനായ പൗലോസ് പറയുന്നു: ‘അപേക്ഷകളും അഭയയാചനകളും’; കൂടാതെ “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷ”വും. ദൈവത്തിന്റെ പൂർണതയുള്ള പുത്രനായ യേശു സഹായത്തിനായി യാചിക്കാൻ ലജ്ജിച്ചില്ല. അവിടുന്ന് “ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ” പ്രാർഥിച്ചു. (എബ്രായർ 5:7; 12:2) വിശേഷിച്ച് തന്റെ പരമമായ പീഡാനുഭവം അടുത്തുകൊണ്ടിരുന്നപ്പോൾ ശക്തിക്കായി ആവർത്തിച്ചും ആത്മാർഥമായും പ്രാർഥിക്കേണ്ടത് ആവശ്യമാണെന്ന് അവിടുന്നു കണ്ടെത്തി. (ലൂക്കൊസ് 22:39-44) യേശുവിന്റെ യാചനകൾക്കുത്തരമായി യഹോവ പീഡാനുഭവത്തെ നീക്കിയില്ല, എങ്കിലും അതു സഹിക്കാൻ അവിടുന്നു യേശുവിനെ ശക്തിപ്പെടുത്തുകതന്നെ ചെയ്തു. യേശു ദണ്ഡനസ്തംഭത്തിനപ്പുറം തന്റെ പ്രതിഫലത്തിലേക്ക്—യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിനും മരണത്തിൽനിന്നുള്ള മാനുഷ കുടുംബത്തിന്റെ വീണ്ടെടുപ്പിനും സംഭാവന ചെയ്യുന്നതിൽ തനിക്കു ലഭിക്കുമായിരുന്ന സന്തോഷത്തിലേക്ക്—നോക്കിയതുകൊണ്ടും അവിടുന്നു സഹിച്ചുനിന്നു.—മത്തായി 6:9; 20:28.
19, 20. സഹിഷ്ണുതയിൽ ഉൾപ്പെട്ടിരിക്കുന്നതു സംബന്ധിച്ച് ഒരു വാസ്തവികമായ വീക്ഷണം ഉണ്ടായിരിക്കാൻ യേശുവിന്റെ ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നത് എങ്ങനെ?
19 യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന്, സഹിഷ്ണുതയിൽ ഉൾപ്പെട്ടിരിക്കുന്നതിന്റെ ഒരു വാസ്തവികമായ വീക്ഷണം ലഭിക്കുന്നതിനു നമ്മെ സഹായിക്കുന്ന നിരവധി കാര്യങ്ങൾ നാം പഠിക്കുന്നു. സഹിഷ്ണുതയുടെ പാത അനായാസകരമായ ഒന്നല്ല. ഒരു പ്രത്യേക പീഡാനുഭവം സഹിച്ചുനിൽക്കുന്നതു ബുദ്ധിമുട്ടുള്ളതായി നാം കണ്ടെത്തുന്നെങ്കിൽ യേശുവിന്റെ കാര്യത്തിലും ഇതുതന്നെ സത്യമായിരുന്നെന്ന് അറിയുന്നതിൽ ആശ്വാസമുണ്ട്. അവസാനത്തോളം സഹിച്ചുനിൽക്കുന്നതിനു ശക്തിക്കായി നാം ആവർത്തിച്ചു പ്രാർഥിക്കണം. പരിശോധനയിൻ കീഴിലായിരിക്കുമ്പോൾ, പ്രാർഥിക്കാൻ നാം യോഗ്യരല്ലെന്നു ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ നമ്മുടെ ഹൃദയം തന്നിലേക്കു പകരാൻ യഹോവ നമ്മെ ക്ഷണിക്കുന്നു, ‘എന്തുകൊണ്ടെന്നാൽ അവിടുന്നു നമുക്കുവേണ്ടി കരുതുന്നു.’ (1 പത്രൊസ് 5:7) തന്റെ വചനത്തിൽ യഹോവ വാഗ്ദത്തം ചെയ്തിരിക്കുന്നതുനിമിത്തം, അവിടുന്നു വിശ്വാസത്തോടെ തന്നെ വിളിച്ചപേക്ഷിക്കുന്നവനു “സാധാരണയിൽ കവിഞ്ഞ ശക്തി” പകരാൻ സ്വയം ബാധ്യസ്ഥനാക്കിയിരിക്കുന്നു.—2 കൊരിന്ത്യർ 4:7-9, NW.
20 ചിലപ്പോൾ നാം കണ്ണുനീരോടെ സഹിച്ചുനിൽക്കേണ്ടതാണ്. യേശുവിനു ദണ്ഡനസ്തംഭത്തിലെ വേദന അതിൽത്തന്നെ സന്തോഷിക്കുന്നതിനുള്ള ഒരു കാരണമായിരുന്നില്ല. മറിച്ച്, അവിടുത്തെ മുമ്പാകെ വെക്കപ്പെട്ടിരുന്ന പ്രതിഫലത്തിലായിരുന്നു സന്തോഷം. നമ്മുടെ കാര്യത്തിൽ നാം പീഡാനുഭവത്തിൻ കീഴിലായിരിക്കുമ്പോൾ എപ്പോഴും സന്തോഷമുള്ളവരും ആനന്ദമുള്ളവരും ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നതു വാസ്തവികമല്ല. (എബ്രായർ 12:11 താരതമ്യം ചെയ്യുക.) എന്നുവരികിലും, പ്രതിഫലത്തിലേക്കു മുന്നോട്ടുനോക്കുന്നതിനാൽ നാം അത്യന്തം പീഡാകരമായ സാഹചര്യങ്ങളിലും “അതെല്ലാം സന്തോഷമെന്നു പരിഗണി”ക്കാൻ പ്രാപ്തരായേക്കാം. (യാക്കോബ് 1:2-4, NW; പ്രവൃത്തികൾ 5:41) പ്രധാന സംഗതി നാം സ്ഥിരതയുള്ളവരായി നിലകൊള്ളണം എന്നതാണ്—അതു കണ്ണുനീരോടെയായാലും. ഏതായാലും, ‘ഏററവും കുറച്ചു കണ്ണുനീർ പൊഴിക്കുന്നവർ രക്ഷിക്കപ്പെടും’ എന്നല്ല, മറിച്ച് “അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും” എന്നാണു യേശു പറഞ്ഞത്.—മത്തായി 24:13.
21. (എ) രണ്ടു പത്രോസ് 1:5, 6-ൽ സഹിഷ്ണുതക്ക് എന്തു പ്രദാനം ചെയ്യാനാണ് നാം പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നത്? (ബി) അടുത്ത ലേഖനത്തിൽ ഏതു ചോദ്യങ്ങൾ പരിചിന്തിക്കപ്പെടും?
21 അതുകൊണ്ടു സഹിഷ്ണുത രക്ഷക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ നമ്മുടെ സഹിഷ്ണുതക്കു ദൈവഭക്തി പ്രദാനം ചെയ്യാൻ 2 പത്രോസ് 1:5, 6-ൽ നമ്മെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ദൈവഭക്തി എന്താണ്? അത് എങ്ങനെയാണു സഹിഷ്ണുതയോടു ബന്ധപ്പെട്ടിരിക്കുന്നത്? നിങ്ങൾക്ക് അതെങ്ങനെ സമ്പാദിക്കാൻ കഴിയും? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കപ്പെടുന്നതാണ്.
[അടിക്കുറിപ്പ്]
a യേശുവിന്റെ പൂർണതയുള്ള അവയവഘടന സ്തംഭത്തിലെ കേവലം ഏതാനും മണിക്കൂറുകൾക്കുശേഷം നിർജീവമായെന്നും അതേസമയം അവിടുത്തെ വശങ്ങളിൽ തൂക്കിയ ദുഷ്പ്രവൃത്തിക്കാരുടെ മരണം ത്വരിതപ്പെടുത്തുന്നതിന് അവരുടെ കാലുകൾ ഒടിക്കേണ്ടിവന്നു എന്നുമുള്ള വസ്തുതയിൽനിന്ന് യേശു സഹിച്ച തീവ്രമായ കഷ്ടപ്പാടു മിക്കവാറും മനസ്സിലാക്കാവുന്നതാണ്. (യോഹന്നാൻ 19:31-33) ഒരുപക്ഷേ തന്റെ സ്വന്തം ദണ്ഡനസ്തംഭം ചുമക്കാൻപോലും കഴിയാത്ത അളവോളം, കഴുവിലേററലിനു മുമ്പത്തെ നിദ്രാവിഹീന രാത്രിമുഴുവൻ നീണ്ടുനിന്ന ഉഗ്രപരീക്ഷയുടെ സമയത്തു യേശുവിന്റെമേൽ വരുത്തപ്പെട്ട മാനസികവും ശാരീരികവുമായ കഷ്ടപ്പാട് അവർ അനുഭവിച്ചിരുന്നില്ല.—മർക്കൊസ് 15:15, 21.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ സഹിച്ചുനിൽക്കുക എന്നാൽ എന്താണർഥം?
◻ യഹോവയുടെ സാക്ഷികൾക്കു സഹിഷ്ണുതയുടെ ഒരു അസാധാരണമായ ആവശ്യം ഉള്ളത് എന്തുകൊണ്ട്?
◻ സഹിച്ചുനിൽക്കാൻ ഇയ്യോബിനെ പ്രാപ്തനാക്കിയത് എന്ത്?
◻ സഹിഷ്ണുത സംബന്ധിച്ചു വാസ്തവികമായ വീക്ഷണം ഉണ്ടായിരിക്കാൻ യേശുവിന്റെ ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നത് എങ്ങനെ?
[10-ാം പേജിലെ ചിത്രം]
തങ്ങളുടെ ആരാധന യഹോവയ്ക്കു മാത്രമായി തിരിച്ചുവിട്ടതിനാൽ സ്കൂളിൽനിന്നു പുറത്താക്കപ്പെട്ട ക്രിസ്തീയ കുട്ടികളെ പഠിപ്പിക്കുന്നതിനു രാജ്യ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു
[12-ാം പേജിലെ ചിത്രം]
തന്റെ പിതാവിനെ മഹത്ത്വീകരിക്കാൻ ദൃഢനിശ്ചയം ചെയ്തുകൊണ്ടു യേശു സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി പ്രാർഥിച്ചു.