ബൈബിളിന്റെ വീക്ഷണം
ദൈവപരിജ്ഞാനം ആഢ്യരായ ചുരുക്കംചിലർക്കുവേണ്ടി മാത്രമുള്ളതാണോ?
ഫ്രാൻസിലെ പാരീസിലുള്ള പാലസ് ഡെസ് കോൺഗ്രസിൽ 1987-ലെ ഒരു സായാഹ്നത്തിൽ ഒരു അപൂർവസംഭവം നടന്നു. ഓഡിറേറാറിയത്തിനുള്ളിൽ വിശാലമായ മുറിയിൽ ഗംഭീരമായ ഉറച്ച ഇലക്ട്രോണിക്ക്ശബ്ദങ്ങളും ഇടക്കിടെ ചേങ്ങലയടികളും മണിയടികളും മുഴങ്ങവേ ലേസർലൈററുകൾ ചുവരുകളിൽ പ്രകാശം പരത്തി. കറുത്ത മുഖംമൂടികൾ ധരിച്ച രണ്ടു പുരുഷൻമാർ ഒരു വള്ളത്തിന്റെ ആകൃതിയിൽ തൂങ്ങിക്കിടന്ന ഒരു ബേണർ സാവധാനത്തിൽ ആട്ടി, അതേസമയം നിറംകലർന്ന പുക സ്റേറജിന്റെ വശങ്ങളിൽ നിന്ന് പുറപ്പെട്ടുകൊണ്ടിരുന്നു. കൂടാതെ, വെള്ളധരിച്ച ഡസൻകണക്കിനു സ്ത്രീപുരുഷൻമാർ 4,000ത്തോളം വരുന്ന സദസ്യരുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു.
സംഭവമെന്തായിരുന്നു? ഒരു റോക്ക്സംഗീതക്കച്ചേരിയായിരുന്നോ? അല്ല, നിഗൂഢജ്ഞാനത്തിന് അർപ്പിതമായിരിക്കുന്ന ഒരു പ്രസ്ഥാനമായ റോസിക്രൂഷ്യൻസിന്റെ ഒരു ചടങ്ങായിരുന്നു. എന്നിരുന്നാലും ലോകപ്രസിദ്ധമായ ഈ ലോക ഭ്രാതൃസഭയിലെ പുതുവിശ്വാസികൾക്ക് ഈ ചടങ്ങ് പ്രാരംഭപ്രവേശനചടങ്ങുകളുടെ ഒരു പരമ്പരയിലെ പ്രഥമനടപടി മാത്രമായിരുന്നു.
റോസിക്രൂഷ്യൻമാരുടെ ഈ രഹസ്യസമുദായം ക്രി.വ. രണ്ടാം നൂററാണ്ടിൽ തഴച്ചുവളർന്നിരുന്നതും ക്രിസ്ത്യാനിത്വത്തിന്റെ ഒരു എതിരാളിയായിരുന്നതുമായ നിഗൂഢജ്ഞാന വിഭാഗങ്ങളോടു സമാനമാണ്. രക്ഷ കൈവരുന്നത് പ്രകൃത്യാതീതജ്ഞാനത്തിലൂടെയാണെന്നും അങ്ങനെയുള്ള രഹസ്യജ്ഞാനം തെരഞ്ഞെടുക്കപ്പെട്ട ചുരുക്കംചിലർക്കു മാത്രമാണെന്നും ഗ്നോസ്ററിക്കുകൾ വിശ്വസിച്ചു. എന്നാൽ ദൈവപരിജ്ഞാനം ആഢ്യരായ ചുരുക്കം ചിലർക്കു വേണ്ടി മാത്രമുള്ളതാണോ? അത് സഭയിൽ ചേർക്കപ്പെട്ട ഒരു ചുരുങ്ങിയ കൂട്ടത്തിനു മാത്രമായി പരിമിതമാക്കപ്പെട്ടിരിക്കുന്നുവോ?
ക്രിസ്ത്യാനിത്വം ഒരു നിഗൂഢ ഭ്രാതൃസംഘമാണോ?
ക്രിസ്ത്യനിത്വം ഒരളവിൽ രഹസ്യമാണ്, അഥവാ ചുരുക്കംചിലർക്കു മാത്രമായി സംവരണംചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് ചില ഗ്രന്ഥകാരൻമാർ പരിഗണിക്കുന്നത്. ലെസോടെറിസമേ എന്ന തന്റെ പുസ്തകത്തിൽ മ്യൂസീയം ഓഫ് ഫ്രാൻസിലെ ഓണററി ക്യുറേറററായ ലൂക്ക് ബെനോയിസ്ററ് ഇങ്ങനെ എഴുതി: “സംവരണംചെയ്യപ്പെട്ട പഠിപ്പിക്കലിന്റെ മററു ലക്ഷ്യങ്ങൾ വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളിൽ കാണപ്പെടുന്നു: ‘ഞാൻ കട്ടിയായ ആഹാരമല്ല പാലാണ് നിങ്ങൾക്ക് തന്നത്. . . . പാലുകൊണ്ടുമാത്രം ജീവിക്കുന്ന യാതൊരുവനും ജ്ഞാനത്തിന്റെ പ്രസംഗങ്ങളൊന്നും ഗ്രഹിക്കുന്നില്ല.’ [1 കൊരിന്ത്യർ 3:2-ൽ നിന്നും എബ്രായർ 5:13-ൽനിന്നും പരാവർത്തനംചെയ്യപ്പെട്ടത്] ആദിമ [സഭാ] പിതാക്കൻമാരുടെ പാഠങ്ങൾ ‘ഒരു പുതുവിശ്വാസി പരിചിന്തിക്കരുതാത്ത ഒരു സത്യത്തെ’ പരാമർശിക്കുന്നു.”
എന്നിരുന്നാലും അപ്പോസ്തലനായ പൗലോസ് നിഗൂഢപരിജ്ഞാനത്തെക്കുറിച്ചു എഴുതുകയായിരുന്നോ? അല്ലായിരുന്നു, പൗലോസ് യഥാർത്ഥത്തിൽ പുതുവിശ്വാസികളല്ലാഞ്ഞ തന്റെ ക്രിസ്തീയകൂട്ടാളികളെ ശകാരിക്കുകയായിരുന്നുവെന്ന് അവന്റെ വാക്കുകളുടെ സന്ദർഭം പ്രകടമാക്കുന്നു. ആത്മീയമായി പുരോഗതി പ്രാപിക്കാഞ്ഞവരും അവർ വിശ്വാസത്തിലായിരുന്ന “കാലത്തിന്റെ വീക്ഷണത്തിൽ” “ഉപദേഷ്ടാക്കൻമാരായിരിക്കേണ്ടി”യിരുന്നവരുമായ ക്രിസ്ത്യാനികൾക്കായിരുന്നു പൗലോസ് എഴുതിയത്.—എബ്രായർ 5:12.
അതുകൊണ്ട്, പൗലോസ് രഹസ്യമായി വെക്കാൻ ആഗ്രഹിച്ച വിവരങ്ങളെയല്ല, പിന്നെയോ താൻ പങ്കുവെക്കാനാഗ്രഹിച്ചിട്ടും അവർ വേണ്ടപോലെ തിരുവെഴുത്തുപരിജ്ഞാനത്തിൽ പുരോഗമിക്കാഞ്ഞതുകൊണ്ട് അവരുടെ ആത്മീയ ഗ്രഹണത്തിനതീതമായിരുന്ന സത്യങ്ങളെയായിരുന്നു പരാമർശിച്ചത്. ആ ക്രിസ്ത്യാനികളിൽ ചിലരുടെ ഇടയിലെ പൗലോസിന്റെ സാഹചര്യത്തെ തന്റെ വിദ്യാർത്ഥികൾ പുരോഗമിക്കാൻ പ്രതീക്ഷിക്കുന്ന കണക്കു പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനോടു താരതമ്യപ്പെടുത്താൻ കഴിയും. വിദ്യാർത്ഥികൾ തങ്ങളുടെ ഗൃഹപാഠം ഉചിതമായി ചെയ്യാത്തതുകൊണ്ട് ലളിതമായ സങ്കലനത്തിന്റെയും ഗുണനത്തിന്റെയും തത്വങ്ങൾ പൂർണ്ണമായി ഗ്രഹിച്ചില്ലെങ്കിൽ ആൾജിബ്രായുടെ സമവാക്യങ്ങൾ മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിൽ അദ്ധ്യാപകനു പ്രയാസം നേരിടും.
പരിജ്ഞാനം എല്ലാവർക്കും ലഭ്യം
ബൈബിൾ പരിജ്ഞാനം നിശ്ചലമല്ലെന്നു സമ്മതിക്കുന്നു. കാലം കഴിയുകയും ശ്രമംചെലുത്തുകയും ചെയ്താൽ സത്യത്തിന്റെയും ആത്മീയകാര്യങ്ങളുടെയും ആഴമേറിയ ഗ്രാഹ്യം ലഭിക്കുക സാദ്ധ്യമാണ്. തന്നെയുമല്ല, യഹോവ തന്റെ ദാസൻമാർക്ക് ക്രമാനുഗതമായി തന്റെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നുവെന്ന് ബൈബിൾ പ്രകടമാക്കുന്നു. എന്നാൽ ചിലർക്കു ലഭ്യമായിരിക്കുന്നതും അതേ കാലഘട്ടത്തിൽത്തന്നെ ജീവിച്ചിരിക്കുന്ന മററു ആത്മാർത്ഥതയുള്ള സത്യാന്വേഷികൾക്കു മറഞ്ഞിരിക്കുന്നതുമായ “നിഗൂഢ സത്യങ്ങളെ”ക്കുറിച്ച് അത് ഒരിക്കലും പറയുന്നില്ല. (സങ്കീർത്തനം 147:19, 20; സദൃശവാക്യങ്ങൾ 2:1-11; 4:18; യെശയ്യാവ് 45:19) ദൈവം ഇസ്രയേൽജനതയോട് ഇടപെട്ടുകൊണ്ടിരുന്നപ്പോഴും അവന്റെ പുത്രനായ യേശുക്രിസ്തു ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാനമിട്ടപ്പോഴും ഇതു സത്യമായിരുന്നു.
യേശു തന്റെ മൂന്നര വർഷത്തെ ശുശ്രൂഷക്കാലത്ത് ഇസ്രയേൽപ്രദേശത്തിന്റെ ഒരു വലിയ ഭാഗം പ്രവർത്തിച്ചുതീർത്തു. അവൻ ഇതു ഒരു രഹസ്യരീതിയിലാണോ ചെയ്തത്? അല്ലെങ്കിൽ സഭാപ്രവേശനംകിട്ടിയ ഒരു ചുരുങ്ങിയ സംഘത്തെ മാത്രം അവൻ സന്ദർശിക്കുകയായിരുന്നോ? അല്ലായിരുന്നു. അവൻ പരസ്യമായി, മിക്കപ്പോഴും ജനക്കൂട്ടങ്ങളോടു തന്റെ സന്ദേശം പ്രസംഗിച്ചു. തന്റെ മരണത്തിനു കുറച്ചുനാൾ മുമ്പ്, തന്റെ പഠിപ്പിക്കൽരീതിയെക്കുറിച്ചു യഹൂദമതാധികാരികളാൽ ചോദ്യംചെയ്യപ്പെട്ടപ്പോൾ അവൻ ഇങ്ങനെ വിശദീകരിച്ചു: “ഞാൻ ലോകത്തോടു പരസ്യമായി പ്രസംഗിച്ചിരിക്കുന്നു, ഞാൻ എല്ലായ്പ്പോഴും സിനഗോഗിലും എല്ലാ യഹൂദൻമാരും ഒന്നിച്ചുകൂടുന്ന ആലയത്തിലും പഠിപ്പിച്ചിരിക്കുന്നു; ഞാൻ രഹസ്യമായി യാതൊന്നും സംസാരിച്ചില്ല.”—യോഹന്നാൻ 18:20.
വെറും പലസ്തീനിനെക്കാൾ വളരെ വിപുലമായ ഒരു സദസ്സിനോടാണ് യേശുവിന്റെ സന്ദേശം സംബോധനചെയ്യപ്പെട്ടതെന്നു നിങ്ങൾ ശ്രദ്ധിച്ചോ? അത് മുഴുലോകത്തിലേക്കും തിരിച്ചുവിടപ്പെട്ടിരിക്കുന്നു! ‘ഞാൻ സകല ജനത്തോടും സംസാരിച്ചിരിക്കുന്നു’വെന്ന് യേശു പറഞ്ഞില്ല, അതായത്, സകല യഹൂദൻമാരോടും. പകരം, പ്രാവചനികമായിരുന്നതിനാൽ, അവൻ “ലോകം”a എന്നതിന്റെ പ്രത്യേകവാക്ക് തെരഞ്ഞെടുത്തു. അതുകൊണ്ട് യേശു നിഗൂഢജ്ഞാനത്തിന്റെ ഉപദേശം പഠിപ്പിച്ചില്ല; പരിജ്ഞാനം എല്ലായിടത്തും എല്ലാവർക്കും വേണ്ടതായിരുന്നു.
യേശു വിശേഷാൽ ഉപമകളാൽ അഥവാ ദൃഷ്ടാന്തങ്ങളാൽ പഠിപ്പിച്ചപ്പോൾ ആലങ്കാരികഭാഷ ഉപയോഗിച്ചുവെന്നത് സത്യംതന്നെ. എന്നാൽ ഈ രീതി തന്റെ ശ്രോതാക്കളുടെ ഇടയിൽനിന്ന് തെരഞ്ഞെടുക്കാൻ അവനെ പ്രാപ്തനാക്കിയെന്നേയുള്ളു. യേശുവിന്റെ ഉപദേശത്തിൽ യഥാർത്ഥത്തിൽ താല്പര്യമില്ലാഞ്ഞവർ കേവലം ഉപമ കേട്ട ശേഷം സംഗതിയിലേക്കു ചുഴിഞ്ഞിറങ്ങാതെ പൊയ്ക്കളഞ്ഞു. പരിജ്ഞാനത്തിനായി ദാഹിച്ചവർ കൂടുതലായ വിശദീകരണം കേൾക്കാൻ നിന്നു. അങ്ങനെ, ആത്മാർത്ഥമായി അന്വേഷിക്കുന്നവർക്കെല്ലാം പരിജ്ഞാനം എത്തുപാടിലായിരുന്നു.—മത്തായി 13:13, 34-36.
ക്രിസ്ത്യാനിത്വം എല്ലാവർക്കുംവേണ്ടിയുള്ളതാണെന്ന വസ്തുത തിരുവെഴുത്തുകളുടെ ശേഷിച്ച ഭാഗത്തിന്റെ ധ്വനിയിൽനിന്നും വ്യക്തമാണ്. ദൃഷ്ടാന്തമായി, ബൈബിളിലെ അവസാന വാക്യങ്ങളിലൊന്നിൽ ‘വന്ന് ജീവജലം സൗജന്യമായി വാങ്ങാനുള്ള’ ക്ഷണം അടങ്ങിയിരിക്കുന്നു. അത് പ്രത്യേകമായി ഇങ്ങനെ പറയുന്നു: “ദാഹിക്കുന്ന ഏവനും വരട്ടെ; ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി വാങ്ങട്ടെ.” അതുകൊണ്ട്, വീണ്ടും, ബൈബിൾപരിജ്ഞാനം എല്ലാവർക്കും ലഭ്യമാക്കേണ്ടതാണ്.—വെളിപ്പാട് 22:17; യെശയ്യാവ് 55:1 താരതമ്യംചെയ്യക.
ദൈവപരിജ്ഞാനം എല്ലാവർക്കും ലഭ്യമാണെങ്കിലും, അതു നേടാൻ ശ്രമം ആവശ്യമാണ്. “വെള്ളിക്കുവേണ്ടിയെന്നപോലെയും മറഞ്ഞിരിക്കുന്ന നിധികൾക്കുവേണ്ടിയെന്നപോലെയും . . . അതിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കാൻ” ബൈബിൾ നമ്മെ പ്രോൽസാഹിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 2:4) തൽഫലമായി, ദൈവവചനമായ ബൈബിളിൽനിന്ന് അറിവു സമ്പാദിക്കേണ്ടിയിരിക്കുന്നു, അനന്തരം അതിലെ തത്വങ്ങളും കല്പനകളും നടപ്പിലാക്കുമ്പോൾ ജ്ഞാനം പ്രകടമാകും.
ശ്രമം പ്രയോജനകരമാണോ? അതെ, എന്തെന്നാൽ അത്തരം ജ്ഞാനം “യഹോവയിൽനിന്നുള്ള സൻമനസ്സ്” കൈവരുത്തുന്നു. അതിനു നിത്യജീവനിലേക്കു നയിക്കാനും കഴിയും. എന്തോരു നിധി! നിങ്ങൾ സർവപ്രധാനമായ ഈ പരിജ്ഞാനത്തിനുവേണ്ടി വ്യക്തിപരമായി അന്വേഷിച്ചുതുടങ്ങിയിട്ടുണ്ടോ?—സദൃശവാക്യങ്ങൾ 8:34-36; സങ്കീർത്തനം 119:105. (g88 11/8)
[അടിക്കുറിപ്പുകൾ]
a യേശു “സകല ജനങ്ങളും,” അതായത്, കൂടിവന്നിട്ടുള്ള അഥവാ ഒരേ വർഗ്ഗത്തിൽപെട്ട എന്നതിനുള്ള (പാൻറി റേറായ ലാവോയ) എന്ന പദപ്രയോഗം ഉപയോഗിച്ചില്ല; എന്നാൽ “ലോകത്തോട്” അതായത്, മനുഷ്യവർഗ്ഗത്തോട് (റേറായ കോസമോയ) എന്നുപയോഗിച്ചു. യോഹന്നാന്റെ സുവിശേഷത്തിന്റെ നിരൂപണപരവും വ്യാഖ്യാനപരവുമായ ഒരു ഭാഷ്യം എന്ന ഇംഗ്ലീഷ് പുസ്തകം യോഹന്നാൻ 18:20നെക്കുറിച്ച് ഇങ്ങനെ പറയുന്നതു കൗതുകകരമാണ്: “യേശുവിന്റെ വാക്കുകളിലെ നിഗൂഢപഠിപ്പിക്കലിന്റെ അതിശക്തമായ നിഷേധം യോഹന്നാനിൽ കാണപ്പെടുന്നുവെന്നത് ശ്രദ്ധാർഹമാണ്.”
[22-ാം പേജിലെ ചതുരം]
കറുത്ത മുഖംമൂടികൾ ധരിച്ച രണ്ടു പുരുഷൻമാർ ഒരു വള്ളത്തിന്റെ ആകൃതിയിൽ തൂങ്ങിക്കിടന്ന ഒരു ബേണർ സാവധാനത്തിൽ ആട്ടി