-
‘സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകുക’വീക്ഷാഗോപുരം—2002 | സെപ്‌റ്റംബർ 15
-
-
‘സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകുക’
“നാം ഒരിക്കലും ഒഴുകിപ്പോകാതിരിക്കേണ്ടതിന്, കേട്ട കാര്യങ്ങൾക്കു സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.”—എബ്രായർ 2:1, NW.
1. ശ്രദ്ധാശൈഥില്യം വിപത്തിലേക്കു നയിച്ചേക്കാവുന്നത് എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക.
ഐക്യനാടുകളിൽ മാത്രം ഓരോ വർഷവും ഏതാണ്ട് 37,000 ആളുകൾ വാഹനാപകടങ്ങളിൽ മരിക്കുന്നു. കൂടുതൽ ശ്രദ്ധിച്ച് വാഹനം ഓടിക്കുകയാണെങ്കിൽ ഈ മരണങ്ങളിൽ പലതും ഒഴിവാക്കാനാകുമെന്നു വിദഗ്‌ധർ പറയുന്നു. ചില ഡ്രൈവർമാരുടെ ശ്രദ്ധ പതറിക്കുന്നത് റോഡരികിലെ പരസ്യബോർഡുകളും സൂചനകളുമാണ്. മറ്റു ചിലരാണെങ്കിൽ വാഹനം ഓടിക്കുന്നതിനിടയിൽ ഭക്ഷണം കഴിക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കുകയും മറ്റും ചെയ്യുന്നു. ഈ സാഹചര്യങ്ങളിലെല്ലാം ശ്രദ്ധാശൈഥില്യത്തിന് വിപത്തിലേക്കു നയിക്കാൻ കഴിയും.
2, 3. പൗലൊസ് എബ്രായ ക്രിസ്‌ത്യാനികൾക്ക് എന്ത് ഉദ്‌ബോധനം നൽകി, അവന്റെ ഉപദേശം ഉചിതമായിരുന്നത് എന്തുകൊണ്ട്?
2 മോട്ടോർ വാഹനങ്ങൾ കണ്ടുപിടിക്കുന്നതിന് ഏകദേശം 2,000 വർഷം മുമ്പ്, ചില എബ്രായ ക്രിസ്‌ത്യാനികളെ വിപത്തിലേക്കു നയിക്കുകയായിരുന്ന ഒരു ശ്രദ്ധാശൈഥില്യത്തെ കുറിച്ച് അപ്പൊസ്‌തലനായ പൗലൊസ് പറഞ്ഞു. പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്‌തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്‌ഠനാക്കപ്പെട്ടെന്നും അങ്ങനെ അവന് സകല ദൂതന്മാർക്കും മേലായ ഒരു സ്ഥാനം നൽകപ്പെട്ടെന്നും ഉള്ള വസ്‌തുതയ്‌ക്ക് ഊന്നൽ നൽകിയശേഷം പൗലൊസ് അപ്പൊസ്‌തലൻ പറഞ്ഞു: “അതുകൊണ്ട് നാം ഒരിക്കലും ഒഴുകിപ്പോകാതിരിക്കേണ്ടതിന്, കേട്ട കാര്യങ്ങൾക്കു സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.”—എബ്രായർ 2:1, NW.
3 എബ്രായ ക്രിസ്‌ത്യാനികൾ യേശുവിനെ കുറിച്ചു “കേട്ട കാര്യങ്ങൾക്കു സാധാരണയിൽ കവിഞ്ഞ ശ്രദ്ധ” നൽകേണ്ടിയിരുന്നത് എന്തുകൊണ്ടായിരുന്നു? കാരണം യേശു ഭൗമികരംഗം വിട്ടിട്ട് ഏതാണ്ട് 30 വർഷം കഴിഞ്ഞിരുന്നു. തങ്ങളുടെ യജമാനന്റെ അഭാവത്തിൽ ചില എബ്രായ ക്രിസ്‌ത്യാനികൾ സത്യ വിശ്വാസത്തിൽനിന്ന് ഒഴുകിപ്പോകാൻ തുടങ്ങിയിരുന്നു. അവർ മുമ്പു ഭാഗമായിരുന്ന യഹൂദമതം അവരുടെ ശ്രദ്ധ പതറിക്കുകയായിരുന്നു.
അവർ കൂടുതൽ ശ്രദ്ധ നൽകേണ്ടിയിരുന്നു
4. ചില എബ്രായ ക്രിസ്‌ത്യാനികൾക്ക് യഹൂദമതത്തിലേക്കു തിരികെപോകാനുള്ള പ്രലോഭനം തോന്നിയത് എന്തുകൊണ്ടായിരിക്കാം?
4 ചില ക്രിസ്‌ത്യാനികൾക്ക് യഹൂദമതത്തിലേക്കു തിരികെ പോകാനുള്ള പ്രലോഭനം തോന്നിയത് എന്തുകൊണ്ടായിരിക്കാം? ന്യായപ്രമാണത്തിൻ കീഴിലെ ആരാധനാ സമ്പ്രദായം മൂർത്തമായ കാര്യങ്ങളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ജനങ്ങൾക്ക് തങ്ങളുടെ പുരോഹിതന്മാരെ കാണാമായിരുന്നു, കത്തിയെരിയുന്ന യാഗവസ്‌തുക്കളുടെ ഗന്ധം അവർക്കു ലഭിച്ചിരുന്നു. എന്നാൽ ചില രീതികളിൽ ക്രിസ്‌ത്യാനിത്വം വളരെ വ്യത്യസ്‌തമായിരുന്നു. ക്രിസ്‌ത്യാനികൾക്ക് ഒരു മഹാപുരോഹിതൻ—യേശുക്രിസ്‌തു—ഉണ്ടായിരുന്നെങ്കിലും അവർക്ക് അവനെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. കാരണം, അവൻ ഭൂമിയിൽനിന്നു പോയിട്ട് മൂന്നു പതിറ്റാണ്ടുകളായിരുന്നു. (എബ്രായർ 4:14) അവർക്ക് ഒരു ആലയം ഉണ്ടായിരുന്നു, എന്നാൽ സ്വർഗമായിരുന്നു അതിന്റെ വിശുദ്ധ സ്ഥലം. (എബ്രായർ 9:24) ന്യായപ്രമാണത്തിൻ കീഴിലെ ജഡിക പരിച്ഛേദനയിൽനിന്നു വ്യത്യസ്‌തമായി ക്രിസ്‌ത്യാനികൾക്ക് ഉണ്ടായിരുന്നത് “ആത്മാവിലുള്ള ഹൃദയപരിച്ഛേദന” ആയിരുന്നു. (റോമർ 2:29) അതുകൊണ്ട് ക്രിസ്‌ത്യാനിത്വം ഏതാണ്ട് അമൂർത്തമായ ഒന്നാണെന്ന് എബ്രായ ക്രിസ്‌ത്യാനികൾക്ക് തോന്നി തുടങ്ങിയിരുന്നിരിക്കാം.
5. യേശു സ്ഥാപിച്ച ആരാധനാ സമ്പ്രദായം ന്യായപ്രമാണത്തിൻ കീഴിൽ ഉണ്ടായിരുന്നതിനെക്കാൾ ശ്രേഷ്‌ഠമായിരുന്നു എന്നു പൗലൊസ് പ്രകടമാക്കിയത് എങ്ങനെ?
5 ക്രിസ്‌തു സ്ഥാപിച്ച ആരാധനാ സമ്പ്രദായത്തെ കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു സംഗതി എബ്രായ ക്രിസ്‌ത്യാനികൾ തിരിച്ചറിയേണ്ടിയിരുന്നു. കാഴ്‌ചയെക്കാൾ ഉപരി വിശ്വാസത്തിൽ അധിഷ്‌ഠിതമായ ഒന്നായിരുന്നെങ്കിലും അത് പ്രവാചകനായ മോശെയിലൂടെ നൽകപ്പെട്ട ന്യായപ്രമാണത്തെക്കാൾ ശ്രേഷ്‌ഠമായിരുന്നു. “ആട്ടുകൊററന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്‌മവും ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്‌കളങ്കനായി അർപ്പിച്ച ക്രിസ്‌തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” എന്നു പൗലൊസ് എഴുതി. (എബ്രായർ 9:13, 14) അതേ, യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം അർപ്പിക്കുന്നതിലൂടെ ലഭ്യമാകുന്ന ക്ഷമ, ന്യായപ്രമാണത്തിൻ കീഴിൽ അർപ്പിക്കപ്പെട്ട യാഗങ്ങൾ സാധ്യമാക്കിയ പാപമോചനത്തെക്കാൾ അനവധി വിധങ്ങളിൽ വളരെ ശ്രേഷ്‌ഠമാണ്.—എബ്രായർ 7:26-28.
6, 7. (എ) ഏതു സാഹചര്യം, എബ്രായ ക്രിസ്‌ത്യാനികൾ “കേട്ട കാര്യങ്ങൾക്കു സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകേണ്ടത്” അടിയന്തിരമാക്കിത്തീർത്തു? (ബി) പൗലൊസ് എബ്രായർക്കുള്ള ലേഖനം എഴുതുമ്പോൾ യെരൂശലേമിന് എത്ര കാലംകൂടെ അവശേഷിച്ചിരുന്നു? (അടിക്കുറിപ്പ് കാണുക.)
6 യേശുവിനെ കുറിച്ചു കേട്ട കാര്യങ്ങൾക്ക് എബ്രായ ക്രിസ്‌ത്യാനികൾ അടുത്ത ശ്രദ്ധ നൽകേണ്ടിയിരുന്നതിന് മറ്റൊരു കാരണം കൂടെ ഉണ്ടായിരുന്നു. യെരൂശലേം നശിപ്പിക്കപ്പെടുമെന്ന് യേശു മുൻകൂട്ടി പറഞ്ഞിരുന്നു. അവൻ പറഞ്ഞു: “നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.”—ലൂക്കൊസ് 19:43, 44.
7 ഇത് എപ്പോഴായിരുന്നു സംഭവിക്കേണ്ടിയിരുന്നത്? യേശു കൃത്യ ദിവസവും മണിക്കൂറും വെളിപ്പെടുത്തിയില്ല. പകരം അവൻ ഈ നിർദേശം നൽകി: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു.” (ലൂക്കൊസ് 21:20, 21) യേശു ആ വാക്കുകൾ പറഞ്ഞതിനെ തുടർന്നുള്ള 30 വർഷങ്ങളിൽ യെരൂശലേമിലെ ചില ക്രിസ്‌ത്യാനികൾക്ക് അടിയന്തിരതാബോധം നഷ്ടപ്പെട്ടു, അവർക്കു ശ്രദ്ധാശൈഥില്യം സംഭവിച്ചു. വാഹനം ഓടിക്കുമ്പോൾ റോഡിൽനിന്നു ശ്രദ്ധ പതറുന്നതു പോലെയായിരുന്നു അത്. അവർ തങ്ങളുടെ ചിന്തയിൽ ഭേദഗതി വരുത്താത്തപക്ഷം വിപത്ത് സുനിശ്ചിതമായിരുന്നു. അവർ വിശ്വസിച്ചാലും ഇല്ലെങ്കിലും യെരൂശലേമിന്റെ നാശം ആസന്നമായിരുന്നു!a ആത്മീയ മയക്കത്തിലേക്കു വീണുപോയ യെരൂശലേമിലെ ക്രിസ്‌ത്യാനികളെ ഉണർത്താൻ ഉദ്ദേശിച്ച് ഉള്ളതായിരുന്നു പൗലൊസിന്റെ ഉദ്‌ബോധനം.
ഇന്ന് “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ” നൽകൽ
8. ദൈവവചനത്തിലെ സത്യങ്ങൾക്ക് നാം “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ” നൽകേണ്ടത് എന്തുകൊണ്ട്?
8 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ പോലെ നാം ദൈവവചനത്തിലെ സത്യങ്ങൾക്ക് “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ” നൽകേണ്ടതുണ്ട്. എന്തുകൊണ്ട്? കാരണം, നാമും ഒരു നാശത്തിന്റെ വക്കിലാണ്, ഏതെങ്കിലും ഒരു രാഷ്‌ട്രത്തിന്റെയല്ല മറിച്ച് ഈ മുഴു വ്യവസ്ഥിതിയുടെയും. (വെളിപ്പാടു 11:18; 16:14, 16) യഹോവ ഈ നടപടി എടുക്കുന്ന കൃത്യ ദിവസവും മണിക്കൂറും നമുക്ക് അറിയില്ല എന്നതു ശരിയാണ്. (മത്തായി 24:36) എങ്കിലും നാം ജീവിക്കുന്നത് ‘അന്ത്യകാലത്താണ്’ എന്നു വ്യക്തമായി സൂചിപ്പിക്കുന്ന ബൈബിൾ പ്രവചനങ്ങൾ നമ്മുടെ കൺമുമ്പിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്. (2 തിമൊഥെയൊസ് 3:1-5) അതുകൊണ്ട് നമ്മുടെ ശ്രദ്ധ പതറിച്ചേക്കാവുന്ന എന്തിനും എതിരെ നാം ജാഗ്രത പാലിക്കണം. നാം ദൈവവചനത്തിനു ശ്രദ്ധ നൽകുകയും അങ്ങേയറ്റം അടിയന്തിരതാബോധം കാത്തുസൂക്ഷിക്കുകയും വേണം. എങ്കിൽ മാത്രമേ ‘ഈ സംഭവിപ്പാനുള്ള എല്ലാററിന്നും ഒഴിഞ്ഞുപോകാൻ’ നമുക്കു കഴിയുകയുള്ളൂ.—ലൂക്കൊസ് 21:36.
-
-
‘സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകുക’വീക്ഷാഗോപുരം—2002 | സെപ്‌റ്റംബർ 15
-
-
a എബ്രായർക്കുള്ള ലേഖനം സാധ്യതയനുസരിച്ച് പൊ.യു. 61-ലാണ് എഴുതപ്പെട്ടത്. അങ്ങനെയെങ്കിൽ, ഏതാണ്ട് അഞ്ചു വർഷം മാത്രം കഴിഞ്ഞപ്പോൾ സെസ്റ്റ്യസ് ഗാലസിന്റെ സൈന്യം യെരൂശലേമിനെ വളഞ്ഞു. എന്നാൽ ജാഗ്രത പുലർത്തിയിരുന്ന ക്രിസ്‌ത്യാനികൾക്കു പലായനം ചെയ്യാനുള്ള അവസരം നൽകിക്കൊണ്ട് പെട്ടെന്നുതന്നെ ആ സൈന്യം പിൻവാങ്ങി. നാലു വർഷത്തിനു ശേഷം ജനറൽ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള റോമൻ സൈന്യം നഗരത്തെ നശിപ്പിച്ചു.
-