‘നിങ്ങളുടെ പുരോഗതി പ്രത്യക്ഷമാകട്ടെ’
“ഞാൻ ഒരു പുരുഷനായിത്തീർന്നിരിക്കുന്ന സ്ഥിതിക്ക്, ഞാൻ ഒരു ശിശുവിന്റെ സ്വഭാവവിശേഷങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നു.”—1 കൊരിന്ത്യർ 13:11, NW.
1. വളർച്ച സൃഷ്ടിയുടെ അത്ഭുതത്തിന് ഒരു സാക്ഷ്യമായിരിക്കുന്നതെങ്ങനെ?
ഒരു ഭൂതക്കണ്ണാടിയിലൂടെ മാത്രം കാണാൻ കഴിയുന്ന വളരെ ചെറിയ ഒരു അണ്ഡത്തിൽനിന്ന് ഒരു തിമിംഗലം 30-ൽപരം മീററർ നീളമുള്ളതും 80-ൽപരം ടൺ തൂക്കമുള്ളതുമായ ഒരു ജീവിയായി വളർന്നേക്കാം. സമാനമായി, ഏററവും ചെറിയ വിത്തുകളിൽ ഒന്നിൽനിന്ന് പടുകൂററൻ സീക്വോയാവൃക്ഷം 90-ൽപരം മീററർ ഉയരത്തിൽ വളർന്നേക്കാം. സത്യമായി, വളർച്ച ജീവിതത്തിന്റെ അത്ഭുതങ്ങളിലൊന്നാണ്. അപ്പൊസ്തലനായ പൗലോസ് പ്രസ്താവിച്ച പ്രകാരം, നമുക്ക് നടാനും നനക്കാനും കഴിയും, എന്നാൽ ‘ദൈവമാണ് വളരുമാറാക്കുന്നത്.’—1 കൊരിന്ത്യർ 3:7.
2. ബൈബിളിൽ ഏതുതരം വളർച്ച മുൻകൂട്ടിപ്പറഞ്ഞിരുന്നു?
2 എന്നിരുന്നാലും, അതുപോലെതന്നെ വിസ്മയാവഹമായ മറെറാരുതരം വളർച്ചയുണ്ട്. അത് പ്രവാചകനായ യെശയ്യാവ് മുൻകൂട്ടിപ്പറഞ്ഞതാണ്: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്ത് അതിനെ ശീഘ്രമായി നിവർത്തിക്കും.” (യെശയ്യാവ് 60:22) ഈ പ്രവചനത്തിന് ദൈവത്തിന്റെ ജനത്തിന്റെ വളർച്ചയോടു ബന്ധമുണ്ട്, അതിനു നമ്മുടെ നാളിൽ ഒരു വലിയ നിവൃത്തി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
3. യഹോവ തന്റെ ജനത്തിന്റെ വേലയെ ത്വരിതപ്പെടുത്തുകയാണെന്ന് 1991-ലെ സേവനവർഷറിപ്പോർട്ട് എങ്ങനെ പ്രകടമാക്കി?
3 യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക പ്രവർത്തനത്തിന്റെ 1991-ലെ സേവനവർഷ റിപ്പോർട്ട് രാജ്യപ്രസംഗകരുടെ എണ്ണം 42,78,820 എന്ന പുതിയ ഒരു അത്യുച്ചത്തിലെത്തിയതായും ആ വർഷം മൊത്തം 3,00,945 പേർ സ്നാപനമേററതായും പ്രകടമാക്കുന്നു. ഇത്രയധികം പുതിയവരുടെ ഒഴുക്കുണ്ടായതുകൊണ്ട് 3,191 പുതിയ സഭകൾ രൂപവൽക്കരിക്കപ്പെട്ടു, ഒപ്പം വേണ്ടത്ര പുതിയ സർക്കിട്ടുകളും ഡിസ്ട്രിക്ററുകളും. അത് പ്രതിദിനം പുതിയ എട്ടുസഭകളിൽ കൂടുതലാണ്, ഏതാണ്ടു രണ്ടുദിവസം കൂടുമ്പോൾ ഒരു പുതിയ സർക്കിട്ട്. എന്തത്ഭുതകരമായ വളർച്ച! യഹോവ കാര്യങ്ങൾ ത്വരിതപ്പെടുത്തുകയാണെന്ന് വ്യക്തമാണ്, അവന്റെ അനുഗ്രഹം അവന്റെ ജനത്തിന്റെ ശ്രമങ്ങളിൻമേലുണ്ട്.—സങ്കീർത്തനം 127:1.
ആത്മ പരിശോധനക്കുള്ള സമയം
4. നാം ഭാവിയിലേക്കു നോക്കുമ്പോൾ ഏതു ചോദ്യങ്ങൾ പരിചിന്തിക്കപ്പെടണം?
4 ഈ അനുഗ്രഹം കാണുക ഹൃദയോത്തേജകമാണെങ്കിലും അത് അതോടുകൂടെ ചില ഉത്തരവാദിത്തങ്ങൾ കൈവരുത്തുന്നു. ഈ പുതിയവരുടെയെല്ലാം ആത്മീയാവശ്യങ്ങൾ നോക്കാൻ പക്വതയും സന്നദ്ധതയുമുള്ള വേണ്ടത്ര വ്യക്തികളുണ്ടായിരിക്കുമോ? നാം ഭാവിയിലേക്ക് നോക്കുമ്പോൾ വളർച്ചയും വികസനവും കൈകാര്യംചെയ്യാൻ ആവശ്യമായിവരുന്ന പയനിയർമാരുടെയും ശുശ്രൂഷാദാസൻമാരുടെയും മൂപ്പൻമാരുടെയും സഞ്ചാര മേൽവിചാരകൻമാരുടെയും അതുപോലെതന്നെ ലോകത്തിനു ചുററുമുള്ള ബ്രാഞ്ചാഫീസുകളിലെയും ബെഥേൽഭവനങ്ങളിലെയും വേലയെ പിന്തുണക്കുന്നതിനാവശ്യമായ സ്വമേധയാവേലക്കാരുടെയും എണ്ണത്തെക്കുറിച്ചു ചിന്തിക്കുന്നത് അമ്പരപ്പിക്കുന്നതാണ്. ഈ ആളുകളുടെ വലിയ സംഖ്യ എവിടെനിന്നു വരും? കൊയ്ത്തു വലുതാണെന്നുള്ളതിന് സംശയമില്ല. എന്നാൽ ഇന്നു വിളവു കൊയ്യുന്നതിന് ആവശ്യമായ വേലക്കാരെയെല്ലാം കൈകാര്യം ചെയ്യാനുള്ള സ്ഥാനത്തായിരിക്കുന്നതാരാണ്?—മത്തായി 9:37, 38.
5. ചില പ്രദേശങ്ങളിൽ സത്വര വളർച്ച നിമിത്തം ഏതു സാഹചര്യം നിലവിലുണ്ട്?
5 ദൃഷ്ടാന്തത്തിന്, ലോകത്തിന്റെ ചില ഭാഗങ്ങളിൽ, ഒന്നോ രണ്ടോ ശുശ്രൂഷാദാസൻമാരോടുകൂടെ ഒരു മൂപ്പൻമാത്രം സേവിക്കുന്ന, നൂറോളം രാജ്യപ്രസംഗകരുള്ള സഭകളുണ്ടെന്ന് റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്നു. ചിലപ്പോൾ ഒരു മൂപ്പൻ രണ്ടു സഭകളിൽ സേവിക്കേണ്ടതുണ്ട്. മററു ചില സ്ഥലങ്ങളിൽ ഭവനബൈബിളദ്ധ്യയനങ്ങൾ നടത്തുന്നതിന് യോഗ്യതയുള്ള ക്രിസ്തീയശുശ്രൂഷകരുടെ ആവശ്യം വളരെ വലുതായതുകൊണ്ട് പുതിയവരെ പിന്നീടു പഠിപ്പിക്കാനുള്ളവരുടെ ലിസ്ററിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. മററു ചില സ്ഥലങ്ങളിൽ മൂന്നോ നാലോ അഞ്ചുപോലുമോ സഭകൾ ഒരു രാജ്യഹാൾ പങ്കുവെക്കേണ്ടിവരത്തക്കവണ്ണം അത്ര സത്വര നിരക്കിലാണ് പുതിയ സഭകൾ രൂപവൽക്കരിക്കപ്പെടുന്നത്. ഒരുപക്ഷേ നിങ്ങളുടെ സ്വന്തം പ്രദേശത്ത് നിങ്ങൾ അങ്ങനെയുള്ള വളർച്ച കണ്ടിരിക്കുന്നു.
6. ആത്മപരിശോധന നമ്മുടെ ഭാഗത്ത് കാലോചിതമായിരിക്കുന്നതെന്തുകൊണ്ട്?
6 മേൽപ്രസ്താവിച്ചത് നമ്മോട് എന്താണ് പറയുന്നത്? ഈ കാലത്തിന്റെ വീക്ഷണത്തിൽ, നാം ആവശ്യത്തോടു പ്രതികരിക്കുന്നതിന് നമ്മുടെ സമയത്തെയും ആസ്തികളെയും ഏററം നന്നായി വിനിയോഗിക്കുന്നുണ്ടോയെന്ന് കാണാൻ നമ്മളെല്ലാം നമ്മുടെ സാഹചര്യങ്ങളെ പരിശോധിക്കേണ്ടയാവശ്യമുണ്ട്. (എഫെസ്യർ 5:15-17) അപ്പൊസ്തലനായ പൗലോസ് ഒന്നാം നൂററാണ്ടിലെ എബ്രായക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കൻമാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നുവന്നിരിക്കുന്നു.” (എബ്രായർ 5:12) ആ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ, വ്യക്തികളായ ക്രിസ്ത്യാനികളും വളരേണ്ടയാവശ്യമുണ്ട്. ഒരുവൻ ക്രിസ്തീയ പക്വതയിലേക്ക് പുരോഗമിക്കുന്നതിനു പകരം ആത്മീയ ശൈശവത്തിൽ കഴിഞ്ഞുകൂടുന്നതിന്റെ യഥാർത്ഥ അപകടമുണ്ട്. ഇതിനു ചേർച്ചയായി, “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളേത്തന്നെ പരിശോധിപ്പിൻ; നിങ്ങളേത്തന്നെ ശോധനചെയ്വിൻ” എന്നു പറഞ്ഞുകൊണ്ട് പൗലോസ് നമ്മെ പ്രോൽസാഹിപ്പിക്കുന്നു. (2 കൊരിന്ത്യർ 13:5) നിങ്ങൾ നിങ്ങളുടെ സ്നാപനസമയംമുതൽ ആത്മീയമായി വളർന്നുകൊണ്ടിരുന്നുവോയെന്നു കാണാൻ നിങ്ങൾ നിങ്ങളേത്തന്നെ പരിശോധിച്ചിട്ടുണ്ടോ? അതോ നിങ്ങൾ നിശ്ചലമായി നിൽക്കുകയായിരുന്നോ? എന്നാൽ ഒരുവന് എങ്ങനെ പറയാൻ കഴിയും?
“ഒരു ശിശുവിന്റെ സ്വഭാവവിശേഷങ്ങൾ”
7. ആത്മീയ പുരോഗതി പ്രത്യക്ഷമാകുന്നതിന് നാം എന്തു ചെയ്യേണ്ടതാണ്?
7 “ഞാൻ ഒരു ശിശുവായിരുന്നപ്പോൾ ഞാൻ ഒരു ശിശുവിനെപ്പോലെ സംസാരിക്കുകയും ഒരു ശിശുവിനെപ്പോലെ ചിന്തിക്കുകയും ഒരു ശിശുവിനെപ്പോലെ ന്യായവാദംചെയ്യുകയും ചെയ്യുക പതിവായിരുന്നു; എന്നാൽ ഇപ്പോൾ ഞാൻ ഒരു പുരുഷനായിത്തീർന്നിരിക്കുന്ന സ്ഥിതിക്ക് ഞാൻ ഒരു ശിശുവിന്റെ സ്വാഭാവവിശേഷങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നു” എന്ന് അപ്പൊസ്തലനായ പൗലോസ് പറഞ്ഞു. (1 കൊരിന്ത്യർ 13:11, NW) ആത്മീയ വളർച്ചയിൽ ഒരു സമയത്ത് നമ്മളെല്ലാം നമ്മുടെ ചിന്തയിലും പ്രവർത്തനങ്ങളിലും കുട്ടികളെപ്പോലെയായിരുന്നു. എന്നിരുന്നാലും, പുരോഗതി പ്രത്യക്ഷമാകുന്നതിന് പൗലോസ് പറഞ്ഞതുപോലെ നാം “ഒരു ശിശുവിന്റെ സ്വഭാവവിശേഷങ്ങൾ” വിട്ടുകളയണം. ഈ സ്വഭാവവിശേഷങ്ങളിൽ ചിലത് എന്തൊക്കെയാണ്?
8. എബ്രായർ 5:13, 14-ലെ പൗലോസിന്റെ വാക്കുകളനുസരിച്ച് ആത്മീയശിശുവിന്റെ ഒരു സ്വഭാവവിശേഷം എന്താണ്?
8 ആദ്യമായി, എബ്രായർ 5:13, 14-ലെ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നൻമതിൻമകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായംതികഞ്ഞവർക്കേ പററുകയുള്ളു.” നിങ്ങൾ ‘നീതിയുടെ വചനത്തിൽ പരിചയമുള്ളവനാണോ?’ “നൻമതിൻമകളെ തിരിച്ചറിവാൻ” ഉപയോഗിക്കുന്നതിനു പ്രാപ്തനായിരിക്കത്തക്കവണ്ണം നിങ്ങൾക്ക് ദൈവവചനമായ ബൈബിൾ നന്നായി അറിയാമോ? പക്വതയുള്ള ആളുകൾ “കട്ടിയായ ആഹാരം” ക്രമമായി കഴിക്കുന്നതുകൊണ്ട് അങ്ങനെ ചെയ്യാൻ പ്രാപ്തരാണെന്ന് പൗലോസ് പറഞ്ഞു. അങ്ങനെ, കട്ടിയായ ആത്മീയാഹാരത്തിനുവേണ്ടിയുള്ള ഒരുവന്റെ ആഗ്രഹം അല്ലെങ്കിൽ വിശപ്പ് അയാൾ ആത്മീയമായി വളർന്നിട്ടുണ്ടോ അതോ ഇപ്പോഴും ഒരു ആത്മീയ ശിശുവായി കഴിയുകയാണോ എന്നതിന്റെ ഒരു നല്ല സൂചകമാണ്.
9. ഒരുവന്റെ ആത്മീയ വിശപ്പ് അയാളുടെ ആത്മീയ പുരോഗതിയുടെ ഒരു സൂചനയായിരിക്കുന്നതെങ്ങനെ?
9 അപ്പോൾ നിങ്ങളുടെ ആത്മീയ വിശപ്പ് എങ്ങനെയാണ്? ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും ക്രിസ്തീയ യോഗങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും യഹോവ ക്രമമായി പ്രദാനംചെയ്യുന്ന സമൃദ്ധമായ ആത്മീയ ആഹാരത്തെ നിങ്ങൾ എങ്ങനെയാണ് വീക്ഷിക്കുന്നത്? (യെശയ്യാവ് 65:13) വാർഷിക ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ പുതിയ പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നുവെങ്കിൽ നിങ്ങൾ അതിയായി സന്തോഷിക്കുന്നുവെന്നതിന് സംശയമില്ല. എന്നാൽ നിങ്ങൾ വീട്ടിലെത്തിക്കഴിയുമ്പോൾ അവകൊണ്ട് എന്താണ് ചെയ്യുന്നത്? വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളുടെ പുതിയ ലക്കങ്ങൾ വരുമ്പോൾ നിങ്ങൾ എന്തു ചെയ്യുന്നു? ആ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതിന് നിങ്ങൾ സമയമെടുക്കുന്നുവോ, അതോ നിങ്ങൾ സവിശേഷതകൾ നോക്കുന്നതിന് മറിച്ചുനോക്കിയിട്ട് നിങ്ങളുടെ പുസ്തകഷെൽഫിലെ മററുള്ളവയോടുകൂടെ കൂട്ടിവെക്കുകയാണോ ചെയ്യുന്നത്? ക്രിസ്തീയയോഗങ്ങളെ സംബന്ധിച്ചും സമാനമായ ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. നിങ്ങൾ ക്രമമായി എല്ലാ യോഗങ്ങൾക്കും ഹാജരാകുന്നുണ്ടോ? നിങ്ങൾ അവക്കായി തയ്യാറാകുകയും അതുപോലെതന്നെ അവയിൽ പങ്കുപററുകയും ചെയ്യുന്നുണ്ടോ? പ്രത്യക്ഷത്തിൽ ചിലർ മോശമായ ആത്മീയ ഭക്ഷ്യശീലങ്ങളിലേക്ക് വീണുപോയിട്ട് ഉപരിപ്ലവമായി വായിക്കുകയും ധൃതഗതിയിൽ ഭക്ഷിക്കുകയുമാണു ചെയ്യുന്നത്. സങ്കീർത്തനക്കാരന്റെ കാര്യത്തിൽ അതെത്ര വ്യത്യസ്തമായിരുന്നു, അവൻ ഇങ്ങനെ പറഞ്ഞു: “നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.” കൂടാതെ ദാവീദുരാജാവ് പറഞ്ഞു: “ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രംചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.” (സങ്കീർത്തനം 35:18; 119:97) നാം ആത്മീയ കാര്യങ്ങളെ വിലമതിക്കുന്നതിന്റെ അളവ് നമ്മുടെ ആത്മീയ പുരോഗതിയുടെ ഒരു സൂചകമാണെന്നു വ്യക്തമാണ്.
10. എഫെസ്യർ 4:14-ൽ ഒരു ആത്മീയശിശുവിന്റെ ഏതു സ്വഭാവവിശേഷം സൂചിപ്പിക്കപ്പെട്ടിരിക്കുന്നു?
10 പൗലോസ് ഇങ്ങനെ മുന്നറിയിപ്പുനൽകിയപ്പോൾ ഒരു ആത്മീയശിശുവിന്റെ മറെറാരു സ്വാഭാവവിശേഷം ചുണ്ടിക്കാട്ടി: “നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെററിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാററിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരി”ക്കരുത്. (എഫെസ്യർ 4:14) കുട്ടികൾ എല്ലാററിനെക്കുറിച്ചും ജിജ്ഞാസുക്കളാണ്, മാതാപിതാക്കൾക്ക് അതു നന്നായി അറിയാമല്ലോ. പര്യവേക്ഷണം നടത്തുന്നതിനും പഠിക്കുന്നതിനും ക്രമേണ പക്വതയുള്ള ആളുകളായി വികാസംപ്രാപിക്കുന്നതിനും അത് അവരെ പ്രാപ്തരാക്കുന്നതുകൊണ്ട് അത് ഒരു പ്രകാരത്തിൽ ഒരു ക്രിയാത്മകമായ സ്വഭാവവിശേഷമാണ്. എന്നിരുന്നാലും, ഒരു കാര്യത്തിനു പിന്നാലെ മറെറാന്നിനാൽ അവർ അനായാസം വ്യതിചലിപ്പിക്കപ്പെടുന്നതിലാണ് അപകടം സ്ഥിതിചെയ്യുന്നത്. അനുഭവപരിചയമില്ലാത്തതുകൊണ്ട് ഈ ജിജ്ഞാസ മിക്കപ്പോഴും ഗൗരവമായ കുഴപ്പത്തിൽ ചാടിക്കുകയും അവരെത്തന്നെയും മററുള്ളവരെയും അപകടത്തിലാക്കുകയും ചെയ്യുന്നുവെന്നതാണ് അതിലും മോശം. ആത്മീയശിശുക്കളെ സംബന്ധിച്ചും ഇതു സത്യമാണ്.
11. (എ) “ഉപദേശത്തിന്റെ ഓരോ കാററ്” എന്ന പദപ്രയോഗം ഉപയോഗിച്ചതിൽ പൗലോസിന്റെ മനസ്സിൽ ഉണ്ടായിരുന്നതെന്താണ്? (ബി) നാം ഇന്ന് ഏതു ‘കാററുകളെ’ അഭിമുഖീകരിക്കുന്നു?
11 എന്നിരുന്നാലും, ആത്മീയശിശുക്കൾ “ഉപദേശത്തിന്റെ ഓരോ കാററിനാൽ” അലഞ്ഞുഴലുന്നതായി പറഞ്ഞപ്പോൾ പൗലോസിന്റെ മനസ്സിൽ എന്താണുണ്ടായിരുന്നത്? ഇവിടെ, “കാററ്” അനിമോസ് എന്ന ഗ്രീക്ക്പദത്തിൽനിന്നാണ് ഭാഷാന്തരം ചെയ്യപ്പെട്ടിരിക്കുന്നത്. അതിനെ സംബന്ധിച്ച് ഇൻറർനാഷനൽ ക്രിട്ടിക്കൽ കമൻററി “മാററം വരാവുന്ന അവസ്ഥയെന്ന ആശയത്തിനു അനുയോജ്യമെന്ന നിലയിൽ അതു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതായി” തോന്നുന്നുവെന്ന് പ്രസ്താവിക്കുന്നു. അത് “മനുഷ്യരുടെ ചതിയാൽ” എന്ന പൗലോസിന്റെ മുൻ വാക്കുകളാൽ നന്നായി വിശദമാക്കപ്പെടുന്നു. മൂല ഭാഷയിൽ “ചതി” എന്ന പദത്തിന്റെ അടിസ്ഥാന അർത്ഥം “പകിട” അല്ലെങ്കിൽ “പകിടകളി” എന്നാണ്, അതായത്, ഒരു ഭാഗ്യപരീക്ഷണകളി. നാം നിരുപദ്രവകരമോ പ്രലോഭനീയമോ പ്രയോജനകരംപോലുമോ ആയ പുതിയ ആശയങ്ങളെയും യത്നങ്ങളെയും നിരന്തരം അഭിമുഖീകരിക്കുന്നുവെന്നതാണ് ആശയം. പൗലോസിന്റെ വാക്കുകൾ മുഖ്യമായി നമ്മുടെ വിശ്വാസത്തോടു ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ബാധകമാവുക—സഭൈക്യപ്രസ്ഥാനങ്ങൾ, സാമൂഹികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങൾ, മുതലായവക്ക്. (1 യോഹന്നാൻ 4:1 താരതമ്യപ്പെടുത്തുക.) എന്നാൽ ലോകത്തിലെ സദാ മാറിക്കൊണ്ടിരിക്കുന്ന ഭ്രമങ്ങളെയും ഫാഷനുകളെയും—സ്റൈറലുകൾ, വിനോദം, ഭക്ഷ്യങ്ങൾ, ആരോഗ്യം അഥവാ വ്യായാമ മുറകൾ മുതലായവയെയും—സംബന്ധിച്ചും ആ തത്വം സത്യമാണ്. അനുഭവപരിചയത്തിന്റെയും നല്ല വിവേചനയുടെയും അഭാവം നിമിത്തം ആത്മീയശിശു അങ്ങനെയള്ള കാര്യങ്ങളാൽ അമിതമായി പതറിയേക്കാം, അങ്ങനെ ആത്മീയ പുരോഗതി വരുത്തുന്നതിൽനിന്നും പ്രാധാന്യമേറിയ തന്റെ ക്രിസ്തീയ കടപ്പാടുകൾ നിറവേററുന്നതിൽനിന്നും തടയപ്പെട്ടേക്കാം.—മത്തായി 6:22-25.
12. കൊച്ചുകുട്ടികൾ ഉത്തരവാദിത്തത്തിന്റെ കാര്യത്തിൽ മുതിർന്നവരിൽനിന്ന് എങ്ങനെ വ്യത്യസ്തരായിരിക്കുന്നു?
12 കൊച്ചു കുട്ടികളുടെ മറെറാരു സ്വഭാവവിശേഷം സഹായത്തിനും ശ്രദ്ധക്കുമുള്ള അവരുടെ നിരന്തര ആവശ്യമാണ്. അവർ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധമുള്ളവരോ ശ്രദ്ധയുള്ളവരോ അല്ല; ബാല്യം മിക്കവാറും എല്ലാംതന്നെ കളിവിനോദം ആയിരിക്കുന്ന ഒരു ജീവിതഘട്ടമാണ്. പൗലോസ് പ്രസ്താവിച്ച പ്രകാരം, അവർ ‘ഒരു ശിശുവിനെപ്പോലെ സംസാരിക്കുന്നു, ഒരു ശിശുവിനെപ്പോലെ ചിന്തിക്കുന്നു, ഒരു ശിശുവിനെപ്പോലെ ന്യായവാദംചെയ്യുന്നു.’ മററുള്ളവർ തങ്ങളെ സംരക്ഷിച്ചുകൊള്ളുമെന്ന് അവർ നിർവിചാരമായി കരുതുന്നു. ആത്മീയശിശുവിനെക്കുറിച്ചും അതുതന്നെ പറയാവുന്നതാണ്. പുതിയ ഒരാൾ തന്റെ ആദ്യത്തെ ബൈബിൾപ്രസംഗം ചെയ്യുമ്പോഴോ ആദ്യമായി വയൽശുശ്രൂഷ തുടങ്ങുമ്പോഴോ സഹായിക്കുന്നതിന് സകലവും ചെയ്യാൻ ആത്മീയ പിതാവിനു സന്തോഷമുണ്ട്. എന്നാൽ പുതിയ ആൾ അങ്ങനെയുള്ള സഹായത്തെ ആശ്രയിക്കുന്നതിൽ തുടരുകയും സ്വന്തംകാലിൽ നിൽക്കാനുള്ള ഉത്തരവാദിത്തം സ്വീകരിക്കാൻ അപ്രാപ്തനെന്നു തെളിയിക്കുകയും ചെയ്യുന്നുവെങ്കിൽ എന്തു സംഭവിക്കുന്നു? അത് സ്വന്തമായ കർമ്മോൽസുകതയുടെ കുറവിന്റെ ഒരു സൂചനയായിരിക്കുമെന്നു വ്യക്തമാണ്.
13. ഓരോരുത്തനും സ്വന്തം ചുമടു ചുമക്കാൻ പഠിക്കേണ്ടതെന്തുകൊണ്ട്?
13 ഈ കാര്യത്തിൽ നാം “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമ”ക്കണമെങ്കിലും “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ” എന്ന അപ്പോസ്തലന്റെ ബുദ്ധിയുപദേശം ഓർമ്മിക്കുക. (ഗലാത്യർ 6:2, 5) തീർച്ചയായും, ഒരുവൻ തന്റെ ക്രിസ്തീയ ഉത്തരവാദിത്തങ്ങൾ വഹിക്കാൻ പഠിക്കുന്നതിനു സമയവും ശ്രമവും ആവശ്യമാണ്. ചില മണ്ഡലങ്ങളിൽ ത്യാഗങ്ങൾ സഹിക്കുക എന്ന് അതിന് അർത്ഥമുണ്ടായിരിക്കാം. എന്നിരുന്നാലും, വിനോദമോ, പര്യടനങ്ങളോ, ലഘു ഉപകരണങ്ങളോ, ലൗകിക ജോലിയിലെ അനാവശ്യമായ ഏർപ്പെടലോ ആയാലും ജീവിതത്തിലെ കളിവിനോദങ്ങളിൽ വളരെയധികമായി ഉൾപ്പെടാൻ സ്വയം അനുവദിക്കുന്നതുകൊണ്ട് ഒരുവൻ ശിഷ്യരാക്കൽവേലയിലെ പങ്കുപററലിൽ തനിക്കുള്ള പങ്കു വർദ്ധപ്പിക്കുന്നതിനോ ആത്മീയ പുരോഗതിയേയും ഉത്തരവാദിത്തത്തേയും എത്തിപ്പിടിക്കുന്നതിനോ ഉള്ള ആഗ്രഹമില്ലാതെ ഒരു നിരീക്ഷകൻ മാത്രമായിരിക്കുന്നത് ഗൗരവമുള്ള ഒരു തെററായിരിക്കും. “വചനം കേൾക്കമാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ” എന്ന് ശിഷ്യനായ യാക്കോബ് പ്രോൽസാഹിപ്പിച്ചു.—യാക്കോബ് 1:22; 1 കൊരിന്ത്യർ 16:13.
14. നാം ഒരു ആത്മീയശിശുവിന്റെ സ്വഭാവവിശേഷങ്ങൾ പ്രകടമാക്കുന്നതിൽ തൃപ്തിപ്പെടരുതാത്തതെന്തുകൊണ്ട്?
14 അതെ, ഒരു കുട്ടിയെ മുതിർന്ന ആളിൽനിന്ന് വ്യത്യസ്തനാക്കുന്നതായി അനായാസം മനസ്സിലാക്കാവുന്ന അനേകം സ്വഭാവവിശേഷങ്ങളുണ്ട്. എന്നിരുന്നാലും, പ്രധാനപ്പെട്ട സംഗതി പൗലോസ് പ്രസ്താവിച്ച പ്രകാരം നാം ക്രമേണ ഒരു ശിശുവിന്റെ സ്വഭാവവിശേഷങ്ങൾ വിട്ടുകളയുകയും വളരുകയും ചെയ്യുന്നുവെന്നതാണ്. (1 കൊരിന്ത്യർ 13:11; 14:20) അതല്ലെങ്കിൽ, നാം ആത്മീയമായ ഒരർത്ഥത്തിൽ മന്ദതയുള്ളവരായേക്കാം. എന്നാൽ ഒരുവൻ എങ്ങനെയാണ് പുരോഗതി വരുത്തുന്നത്? പക്വതയിലേക്കുള്ള ആത്മീയവളർച്ച നിലനിർത്തുന്നതിൽ എന്താണുൾപ്പെട്ടിരിക്കുന്നത്?
പുരോഗതി പ്രത്യക്ഷമാകുന്ന വിധം
15. വളർച്ചയുടെ പ്രക്രിയയിലെ അടിസ്ഥാനപടികളെന്തെല്ലാമാണ്?
15 ശരി, പ്രാകൃതികലോകത്തിൽ എങ്ങനെയാണ് വളർച്ച നടക്കുന്നത്? “ഓരോ വ്യക്തിയും ഒരൊററ കോശമായി ജീവിതം തുടങ്ങുന്നു,” ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ വിശദീകരിക്കുന്നു. “കോശം വസ്തുക്കൾ സ്വീകരിക്കുകയും അതിന്റെ വളർച്ചക്കാവശ്യമായ നിർമ്മാണഘടകങ്ങളാക്കി മാററുകയും ചെയ്യുന്നു. അങ്ങനെ, ഒററയായ കോശം ഉള്ളിൽനിന്നു വളരുന്നു. ഈ കോശത്തിന് പെരുകാനും മററുകോശങ്ങൾ നിർമ്മിക്കുന്നതിന് വിഭജിക്കപ്പെടാനും കഴിയും. നിർമ്മിക്കുകയും പെരുകുകയും വിഭജിക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ് വളർച്ച.” ഇവിടെ ശ്രദ്ധാർഹമായ ആശയം ഉള്ളിൽനിന്ന് വളർച്ച ഉണ്ടാകുന്നുവെന്നതാണ്. ഉചിതമായ പോഷണം ഉൾക്കൊള്ളുകയും സ്വാംശീകരിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോൾ വളർച്ച ഉണ്ടാകുന്നു. ഒരു നവജാതശിശുവിന്റെ സംഗതിയിൽ ഇതു വ്യക്തമായി കാണപ്പെടുന്നു. നമുക്കറിയാവുന്നതുപോലെ, ഒരു നവജാതശിശു പ്രത്യേകമായി സംവിധാനംചെയ്യപ്പെട്ട, വളർച്ചക്കാവശ്യമുള്ള വസ്തുക്കളായ കൊഴുപ്പും പ്രോട്ടീനും ധാരാളമുള്ള ഒരു ഭക്ഷണം, പാൽ, നിരന്തരം ഉൾക്കൊള്ളുന്നു. ഫലമെന്താണ്? ഒരു ശിശു ആദ്യവർഷത്തിൽ നേടുന്ന തൂക്കത്തിന്റെയും പൊക്കത്തിന്റെയും അടിസ്ഥാനത്തിലുള്ള വളർച്ചയുടെ അളവിനോട് അതിന്റെ ആയുസ്സിന്റെ ശേഷിച്ച മറെറാരു വർഷത്തിലെയും വളർച്ച തുല്യമാകുന്നില്ല.
16. പുതിയ മിക്ക ബൈബിൾവിദ്യാർത്ഥികളിലും ഏതുതരം വളർച്ച കാണപ്പെടുന്നു, അത് എങ്ങനെ സാദ്ധ്യമാക്കപ്പെടുന്നു?
16 അടിസ്ഥാനകാര്യങ്ങളിൽനിന്നു പക്വതയിലേക്കുള്ള നമ്മുടെ ആത്മീയപുരോഗതിക്ക് ബാധകമാക്കാവുന്നതായ വളർച്ചയുടെ ഈ സ്വാഭാവിക പ്രക്രിയയിൽനിന്ന് നാം വളരെയധികം പഠിക്കുന്നു. എല്ലാററിലുംവെച്ച് ഒന്നാമതായി, ഒരു നിരന്തര പോഷിപ്പിക്കൽ പരിപാടി അത്യന്താപേക്ഷിതമാണ്. നിങ്ങൾ ആദ്യം ബൈബിൾ പഠിക്കാൻ തുടങ്ങിയ സമയത്തേക്ക് പിന്തിരിഞ്ഞു ചിന്തിക്കുക. നിങ്ങൾ മററുള്ള മിക്കവരെയുംപോലെയാണെങ്കിൽ, നിങ്ങൾക്ക് ദൈവവചനത്തെക്കുറിച്ച് മിക്കവാറും യാതൊന്നും അറിയാൻപാടില്ലായിരുന്നു. എന്നാൽ വാരംതോറും നിങ്ങൾ നിങ്ങളുടെ പാഠങ്ങൾ തയ്യാറാകുകയും നിങ്ങളുടെ ബൈബിളദ്ധ്യയനം നടത്തുകയും ചെയ്തു. താരതമ്യേന ചുരുങ്ങിയ ഒരു സമയംകൊണ്ട് നിങ്ങൾ തിരുവെഴുത്തുകളിലെ എല്ലാ അടിസ്ഥാന പഠിപ്പിക്കലുകളും ഗ്രഹിക്കുകയും ചെയ്തു. അത് പ്രാതിഭാസികമായ വളർച്ചയായിരുന്നുവെന്ന് നിങ്ങൾ സമ്മതിക്കേണ്ടതാണ്, ഇതെല്ലാം ദൈവവചനത്താൽ ക്രമമായി പോഷിപ്പിക്കപ്പെട്ടതിന്റെ ഒരു ഫലമായിട്ടായിരുന്നു!
17. ക്രമമായ ഒരു ആത്മീയപോഷിപ്പിക്കൽ പരിപാടി അനുപേക്ഷണീയമായിരിക്കുന്നതെന്തുകൊണ്ട്?
17 എന്നിരുന്നാലും ഇപ്പോഴോ? നിങ്ങൾ ഇപ്പോഴും ക്രമമായ ഒരു പോഷിപ്പിക്കൽപരിപാടി പിന്തുടരുന്നുണ്ടോ? സ്നാപനമേററതുകൊണ്ടുമാത്രം പോഷണപ്രദമായ ആത്മീയാഹാരം ഉൾക്കൊള്ളാൻ നിരന്തരവും വ്യവസ്ഥാനുസൃതവുമായ അദ്ധ്യയനത്തിന്റെ യാതൊരാവശ്യവുമില്ലെന്ന് ഒരുവൻ ഒരിക്കലും വിചാരിക്കരുത്. തിമൊഥെയോസ് ഒരു ക്രിസ്തീയ മേൽവിചാരകനായിരുന്നെങ്കിലും പൗലോസ് അവനെ ഇങ്ങനെ ശക്തമായി ഉപദേശിച്ചു: “ഈ കാര്യങ്ങൾ വിചിന്തനംചെയ്യുക; നിന്റെ പുരോഗതി സകലയാളുകൾക്കും പ്രത്യക്ഷമാകേണ്ടതിന് അവയിൽ മുഴുകിയിരിക്കുക.” (1 തിമൊഥെയോസ് 4:15, NW) നമ്മിലോരോരുത്തരും അങ്ങനെ ചെയ്യേണ്ടത് എത്രയധികം ആവശ്യമാണ്! നിങ്ങൾ നിങ്ങളുടെ ആത്മീയ പുരോഗതി പ്രത്യക്ഷമാക്കുന്നതിൽ തത്പരനാണെങ്കിൽ, അങ്ങനെയുള്ള ശ്രമങ്ങൾ അനുപേക്ഷണീയമാണ്.
18. ഒരുവന്റെ ആത്മീയ പുരോഗതി പ്രത്യക്ഷമാവുന്നതെങ്ങനെ?
18 ഒരുവന്റെ പുരോഗതി പ്രത്യക്ഷമാക്കുകയെന്നതിന് ഒരുവന് അറിയാവുന്നതിനെ പ്രദർശിപ്പിക്കാൻ പ്രത്യേകശ്രമം ചെയ്യുക അല്ലെങ്കിൽ മററുള്ളവരിൽ മതിപ്പുളവാക്കാൻ ശ്രമിക്കുക എന്ന് അർത്ഥമില്ല. “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല” എന്നും “ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നത്” എന്നും യേശു പ്രസ്താവിച്ചു. (മത്തായി 5:14; 12:34) നമ്മുടെ ഹൃദയവും മനസ്സും ദൈവവചനത്തിലെ നല്ല കാര്യങ്ങൾകൊണ്ടു നിറഞ്ഞിരിക്കുമ്പോൾ നാം ചെയ്യുന്നതിലും പറയുന്നതിലും അതിനെ പ്രത്യക്ഷമാക്കാതിരിക്കാൻ കഴികയില്ല.
19. നമ്മുടെ ആത്മീയ പുരോഗതി സംബന്ധിച്ച് നാം എന്തു ചെയ്യാൻ നിശ്ചയമുള്ളവരായിരിക്കണം, ഏതു ഫലം മുന്നിൽ കണ്ടുകൊണ്ട്?
19 അതുകൊണ്ട് ചോദ്യമിതാണ്: നിങ്ങൾ നിങ്ങളുടെ ആന്തരിക ആത്മീയവളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിയുന്ന പോഷണദായകമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതിന് ക്രമമായി ബൈബിൾ പഠിക്കുകയും ക്രിസ്തീയയോഗങ്ങൾക്ക് ഹാജരാകുകയും ചെയ്യുന്നുവോ? ആത്മീയ വളർച്ചയുടെ കാര്യത്തിൽ ഒരു നിഷ്ക്രിയനായ നിരീക്ഷകനായിരിക്കുന്നതിൽ തൃപ്തിപ്പെടരുത്. യഹോവ പ്രദാനംചെയ്യുന്ന സമൃദ്ധമായ ആത്മീയാഹാരം നിങ്ങൾ പൂർണ്ണമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ക്രിയാത്മകനടപടികൾ സ്വീകരിക്കുക. നിങ്ങൾ ‘യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുകയും പകലും രാവും ഒരു മന്ദസ്വരത്തിൽ അത് വായിക്കുകയും ചെയ്യുന്ന’ ഒരാളാണെങ്കിൽ അപ്പോൾ നിങ്ങളെക്കുറിച്ചും ഇങ്ങനെ പറയാൻ കഴിയും: “അവൻ ആററരികത്തു നട്ടിരിക്കുന്നതും തക്ക കാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.” (സങ്കീർത്തനം 1:2, 3) എന്നിരുന്നാലും, നിങ്ങൾ ആത്മീയ പുരോഗതി വരുത്തുന്നതിൽ തുടരുമെന്ന് ഉറപ്പുവരുത്താൻ എന്തു ചെയ്യാൻ കഴിയും? അതു നമ്മൾ അടുത്ത ലേഖനത്തിൽ ചർച്ചചെയ്യും.
നിങ്ങൾക്ക് ഉത്തരംനൽകാൻ കഴിയുമോ?
◻ നമ്മുടെ ആത്മീയ പുരോഗതി പരിശോധിക്കുന്നത് കാലോചിതമായിരിക്കുന്നതെന്തുകൊണ്ട്?
◻ ആത്മീയവളർച്ച ആത്മീയവിശപ്പിനോടു ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
◻ “ഉപദേശത്തിന്റെ ഓരോ കാററ്” എന്നതിനാൽ അർത്ഥമാക്കപ്പെടുന്നതെന്ത്?
◻ ഓരോരുത്തനും സ്വന്തം ചുമടു വഹിക്കേണ്ടതെന്തുകൊണ്ട്?
◻ ആത്മീയ പുരോഗതി നേടുന്നതെങ്ങനെ?
[10-ാം പേജിലെ ചിത്രം]
ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ വായിക്കാൻ നിങ്ങൾ സമയമെടുക്കുന്നുണ്ടോ?