ബൈബിളിന്റെ വീക്ഷണം
നിങ്ങൾ മനസ്സാക്ഷിയെ നിങ്ങളുടെ വഴികാട്ടിയാക്കണമോ?
തിരക്കുള്ള ഒരു തെരുവിൽക്കൂടി നടന്നുപോകവെ നിങ്ങൾ മോടിയായി വസ്ത്രമണിഞ്ഞ ഒരു സ്ത്രീയെ കടന്നുപോകുന്നു. അവരുടെ കയ്യിൽനിന്നും അറിയാതെ ഒരു പണപ്പൊതി താഴെവീഴുന്നു. നിങ്ങൾ അതെടുക്കാനായി കുനിയുമ്പോൾ അവർ അതിവേഗം ഒരു മോട്ടോർ കാറിലേക്കു കയറുന്നതു കാണുന്നു. നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ അവരെ ഉറക്കെ വിളിക്കുമോ അതോ നോട്ടുകൾ വേഗം പോക്കററിൽ തിരുകുമോ?
ഉത്തരം നിങ്ങളുടെ മനസ്സാക്ഷിയെ ആശ്രയിച്ചിരിക്കുന്നു. അത് എന്തു ചെയ്യാനാണു നിങ്ങളോടു പറയുക? അതിലും പ്രധാനമായി, അതു പറയുന്നതു നിങ്ങൾക്കു വിശ്വസിക്കാമോ? നിങ്ങൾക്കു മനസ്സാക്ഷിയെ കുഴപ്പംകൂടാതെ നിങ്ങളുടെ വഴികാട്ടിയാക്കാമോ?
എന്താണു മനസ്സാക്ഷി
ശരിയെന്ത്, തെറെറന്ത്, നീതിയെന്ത്, അനീതിയെന്ത്, ധർമ്മമെന്ത്, അധർമ്മമെന്ത് എന്നിവ സംബന്ധിച്ച ഒരു സഹജബോധമായി മനസ്സാക്ഷി വർണിക്കപ്പെട്ടിരിക്കുന്നു. ബൈബിൾ, മനസ്സാക്ഷിയുടെ പ്രവർത്തനം റോമർ 2:14, 15-ൽ ഇപ്രകാരം വിശദമാക്കുന്നു: “ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുററം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു.” ഇപ്രകാരം, നിങ്ങളുടെ മനസ്സാക്ഷി, സാഹചര്യങ്ങളെ വിലയിരുത്തുന്നതിനും ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനും നിങ്ങൾ നടത്തിയിട്ടുള്ള തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ നിങ്ങളെത്തന്നെ ന്യായം വിധിക്കുന്നതിനും പ്രാപ്തരാക്കുന്നതിനു രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ നിങ്ങൾക്ക് അതിനെ ആശ്രയിക്കാൻ കഴിയുമോ?
ഉത്തരം സന്ദർഭാനുസൃതമാണ്. അലഞ്ഞുതിരിയുന്ന ഒരു മനസ്സാക്ഷിക്ക് ഒരുവനെ ഒടുവിൽ തെററായ നടത്തയിലേക്കു നയിക്കാൻ കഴിയും എന്നു തെളിയിക്കുന്നതിനു മതിയായ തെളിവുണ്ട്. ഒരുവന്റെ മനസ്സാക്ഷി ഒരു പ്രത്യേക നടത്ത അനുവദിക്കുന്നുവെന്ന പരമാർഥം ദൈവം അത് അംഗീകരിക്കും എന്ന് ഉറപ്പു നൽകുന്നില്ല. ദൃഷ്ടാന്തത്തിന്, ഒരു ക്രിസ്ത്യാനി ആയിത്തീരുന്നതിനു മുമ്പ് തർസൊസിലെ ശൗൽ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിൽ നേതൃത്വം വഹിച്ചു. അദ്ദേഹം ക്രിസ്തീയ രക്തസാക്ഷിയായിത്തീർന്ന സ്തേഫാനോസിന്റെ കൊലപാതകത്തെ അംഗീകരിക്കുകയും ആ ദുഷ്കൃത്യത്തിൽ പങ്കുവഹിക്കുകപോലും ചെയ്തു. ഇതിലൊന്നിലും, മനസ്സാക്ഷി അദ്ദേഹത്തെ കുററപ്പെടുത്തിയില്ല.—പ്രവൃത്തികൾ 7:58, 59; ഗലാത്യർ 1:13, 14; 1 തിമൊഥെയൊസ് 1:12-16.
രണ്ടാം ലോകമഹായുദ്ധകാലത്തു നാസി ജർമനിയിൽ, ഹിററ്ലറുടെ തടങ്കൽ പാളയങ്ങളിലെ ലക്ഷക്കണക്കിനു പേരുടെമേൽ പീഡനവും മരണവും അടിച്ചേൽപ്പിച്ചപ്പോൾ അനേകം എസ്എസ് സൈനികർ തങ്ങൾ കേവലം ആജ്ഞകൾ അനുസരിക്കുകയായിരുന്നെന്നു പറയുകയുണ്ടായി. അവരുടെ മനസ്സാക്ഷി അതു ചെയ്യുന്നതിന് അവരെ അനുവദിച്ചു. എന്നാൽ ലോക നീതി—അതിലും പ്രധാനമായി ദൈവത്തിന്റെ നീതി—അവരുടെ പ്രവർത്തനങ്ങൾക്കു മാപ്പു നൽകിയില്ല. ന്യായോചിതമായി, അവർ കുററം വിധിക്കപ്പെട്ടു.
എന്തുകൊണ്ടാണ് അതു ശരിയായി പ്രവർത്തിക്കാത്തത്?
ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ഒരു സംഗതി ശരിയായി പ്രവർത്തിക്കാത്തതെന്തുകൊണ്ടായിരിക്കും? ബൈബിൾ വിശദമാക്കുന്നു. ആദാമിന്റെ അനുസരണക്കേടിലൂടെയുള്ള മമനുഷ്യന്റെ പാപത്തിലേക്കുള്ള വീഴ്ച നിമിത്തം, അതിന്റെ മോഹങ്ങളെ അനുസരിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചുകൊണ്ട് പാപം “രാജാവായി വാഴുന്നതായി” പറഞ്ഞിരിക്കുന്നു. (റോമർ 5:12; 6:12, NW) ആരംഭത്തിൽ പൂർണമായിരുന്ന മമനുഷ്യന്റെ മനസ്സാക്ഷി കോട്ടമുള്ളതായിത്തീർന്നു; പാപത്തിന്റെ പ്രേരകശക്തി ഇപ്പോൾ അതുമായി മല്ലിടുന്നു. (റോമർ 7:18-20) ഇതു നമുക്കു വളരെ പരിചിതമായ പിൻവരുന്ന പോരാട്ടത്തിനു കളമൊരുക്കുന്നു: “അങ്ങനെ നൻമ ചെയ്യാൻ ഇച്ഛിക്കുന്ന ഞാൻ തിൻമ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു.”—റോമർ 7:21-23.
ഈ അവകാശപ്പെടുത്തിയിട്ടുള്ള ദൗർബല്യത്തിനു പുറമെ, നമ്മുടെ മനസ്സാക്ഷികൾ ബാഹ്യപ്രേരണയാലും ബാധിതമാണ്. ഉദാഹരണത്തിന്, സഹ ജോലിക്കാരിൽനിന്നുള്ള സമ്മർദം, വ്യക്തമായി നേരത്തെ പരാമർശിച്ച നാസി എസ്എസ് സൈനികരുടെ മനസ്സാക്ഷികളെ വികലമാക്കി അഥവാ കീഴടക്കി. (സദൃശവാക്യങ്ങൾ 29:25 താരതമ്യപ്പെടുത്തുക.) കൂടാതെ, ടിവിയിലും ചലച്ചിത്രങ്ങളിലും പുസ്തകങ്ങളിലും ഉള്ള അധാർമികതയും അക്രമവും പോലുള്ള അനാരോഗ്യകരങ്ങളായ കാര്യങ്ങളിൽ മനസ്സു വ്യാപരിപ്പിക്കുന്നതിനും ഇതുപോലൊരു ഫലമുണ്ട്. നാം അങ്ങനെയുള്ള കാര്യങ്ങളിൽ നിരന്തരം വ്യാപൃതരാണെങ്കിൽ അവസാനം അവ അത്ര മോശമായി തോന്നുകയില്ല. നമ്മുടെ മനസ്സാക്ഷി ദുർബലമായിത്തീരുകയും ചെയ്യും. മറെറാരു തരത്തിൽ പറഞ്ഞാൽ, “ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.”—1 കൊരിന്ത്യർ 15:33, NW.
ദൈവനിയമങ്ങൾ അറിയാനും ആദരിക്കാനും ഒരു വ്യക്തി പരിശീലിപ്പിക്കപ്പെടുന്നെങ്കിൽ, സ്പഷ്ടമായും അദ്ദേഹത്തിന്റെ മനസ്സാക്ഷി അദ്ദേഹം അങ്ങനെ പരിശീലിപ്പിക്കപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ ആകുമായിരുന്നതിനെക്കാൾ കൂടുതൽ ആശ്രയയോഗ്യമായ ഒരു വഴികാട്ടിയായിത്തീരും. എന്നിരുന്നാലും, ദൈവത്തിന്റെ വഴികളെക്കുറിച്ചു ഗ്രാഹ്യവും ആഴമായ വിലമതിപ്പും ഉള്ള ഒരു വ്യക്തിപോലും അവകാശപ്പെടുത്തിയ പാപവും അപൂർണതയും ഒരുപക്ഷേ ബാഹ്യസ്വാധീനങ്ങളും നിമിത്തം തന്റെ മനസ്സാക്ഷി ഒരു ആശ്രയയോഗ്യമായ വഴികാട്ടിയല്ലെന്നു ചിലപ്പോഴൊക്കെ കണ്ടെത്തിയേക്കാം.
നമുക്ക് എന്തു ചെയ്യാനാവും?
മനസ്സാക്ഷിയെ ശരിയായ തത്ത്വങ്ങൾക്ക് കൂടുതൽ സംവേദനക്ഷമമാകത്തക്കവിധം മാററംവരുത്താൻ കഴിയുമോ? കഴിയും. പൗലോസ് “നൻമതിൻമകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായിരിക്കാൻ” അവർക്കു കഴിയണമെന്നു ക്രിസ്ത്യാനികളെ ബുദ്ധിയുപദേശിച്ചു. (എബ്രായർ 5:11-14) അത്തരത്തിലുള്ള തഴക്കത്തിലും പരിശീലനത്തിലും, ബൈബിൾ പഠിക്കുന്നതും യേശുക്രിസ്തു നമുക്കുവേണ്ടി വച്ചിട്ടുള്ള പൂർണമായ മാതൃകക്കു പ്രത്യേക ശ്രദ്ധകൊടുക്കുന്നതും ഉൾപ്പെടുന്നു. (1 പത്രൊസ് 2:21, 22) ഇപ്രകാരം ചെയ്തതിനുശേഷം, തീരുമാനങ്ങളെടുക്കുന്നതിൽ നാം നമ്മുടെ മാനസികപ്രാപ്തികളെ ഉപയോഗിക്കുമ്പോൾ നമ്മുടെ മനസ്സാക്ഷികൾ തെററായ ചിന്തകളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും നമ്മെ കൂടുതൽ കൂടുതൽ തിരിച്ചുകളയുകയും പ്രശംസനീയവും ഉചിതവുമായതെന്തോ അതു ചെയ്യുന്നതിനു നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യും.
അങ്ങനെയാണെങ്കിൽപ്പോലും, നാം ഒരിക്കലും സ്വയനീതിക്കാരോ ഏതെങ്കിലും കാര്യം “എന്റെ മനസ്സാക്ഷിയെ അലട്ടുന്നില്ലെ”ങ്കിൽ അതൊരു കുഴപ്പവുമില്ലാത്തതാണ് എന്നു പറയുകയോ ചെയ്യരുത്. അപൂർണ മനുഷ്യരിലെ മനസ്സാക്ഷിയുടെ യഥോചിതവും സുരക്ഷിതവുമായ ഉപയോഗത്തെ വിശ്വസ്തനായ ഒരു ഡ്രൈവറിന്റെ ജാഗ്രതയോടു കൂടിയുള്ള ചിട്ടകളിലൂടെ ഉദാഹരിക്കാൻ കഴിയും. ഒരു ഡ്രൈവർ പാത മാററിയോടിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യംതന്നെ പിൻഭാഗം കാണാനുള്ള കണ്ണാടിയിലേക്ക് പെട്ടെന്നു കണ്ണോടിക്കുന്നു. ഒരു കാർ വരുന്നതു കാണുന്നെങ്കിൽ, മറേറ പാതയിലേക്കു വണ്ടി നീക്കുന്നതു സുരക്ഷിതമല്ല എന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അഥവാ, ഒന്നുംതന്നെ കാണുന്നില്ലെങ്കിൽപ്പോലും, വിവേകിയായ ഒരു ഡ്രൈവർ അവിടെ കണ്ണിൽപ്പെടാതെ പോയേക്കാവുന്ന ചില തടസ്സങ്ങളുണ്ടെന്ന്—കണ്ണാടിയിൽ മാത്രം ആശ്രയിച്ചുകൊണ്ട് എല്ലായ്പോഴും എല്ലാം കാണാൻ കഴിയുകയില്ലെന്നു തിരിച്ചറിയുന്നു. അതുകൊണ്ട്, അദ്ദേഹം കണ്ണാടിയിൽ മാത്രമല്ല നോക്കുന്നത്. നീങ്ങുന്നതിനു മുമ്പു പാത തടസ്സരഹിതമാണെന്ന് ഉറപ്പുവരുത്താൻ തല തിരിച്ചു നോക്കുന്നു. മനസ്സാക്ഷിയുടെ കാര്യത്തിലും ഇതുതന്നെ സത്യമാണ്. അതു നിങ്ങൾക്കു മുന്നറിയിപ്പു നൽകുന്നെങ്കിൽ അതിനു ശ്രദ്ധകൊടുക്കുക. എന്നാൽ ആദ്യമൊക്കെ അത് ആപൽ സൂചന മുഴക്കാത്തപ്പോൾപ്പോലും, ബുദ്ധിമാനായ ഡ്രൈവറെപ്പോലെ ആയിരിക്കുക—ഒരാപത്തും ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനു കൂടുതലായി പരിശോധന നടത്തുക.
ദൈവത്തിന്റെ ചിന്താഗതിയുമായി പൊരുത്തപ്പെടുന്നോ എന്നു കാണാൻ നിങ്ങളുടെ ചിന്താഗതി പരിശോധിക്കുക. അവിടുത്തെ വചനത്തെ നിങ്ങളുടെ മനസ്സാക്ഷിയെ വിലയിരുത്താനുള്ള ഒരു സൗണ്ടിംഗ് ബോർഡായി ഉപയോഗിക്കുക. സദൃശവാക്യങ്ങൾ 3:5, 6 ജ്ഞാനപൂർവം ഇപ്രകാരം പറയുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”
അതുകൊണ്ടു നിങ്ങളുടെ മനസ്സാക്ഷിക്കു ചെവികൊടുക്കുന്നതു ബുദ്ധിയാണ്. എന്നാൽ നാം ചെയ്യുന്നതെല്ലാം തന്റെ വചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവേഷ്ടത്തോടു താരതമ്യപ്പെടുത്തുന്നത് അതിലും ബുദ്ധിയാണ്. അപ്പോൾ മാത്രമേ നമുക്ക് ഉറപ്പോടെ ഇപ്രകാരം പറയാൻ കഴിയൂ, “ഞങ്ങൾക്കു പരമാർഥതയുള്ള ഒരു മനസ്സാക്ഷിയുണ്ടെന്നു ഞങ്ങൾക്ക് ഉറപ്പാണ്.”—എബ്രായർ 13:18, NW; 2 കൊരിന്ത്യർ 1:12. (g93 7⁄8)
[26-ാം പേജിലെ ചിത്രം]
“വി. പൗലോസിന്റെ പരിവർത്തനം”
[കടപ്പാട്]
Painting by Caravaggio: Scala/Art Resource, N.Y.