ലോകവ്യാപകമായി സന്തുഷ്ട സ്തുതിപാഠകരായിരിക്കാൻ വേർതിരിക്കപ്പെട്ടിരിക്കുന്നു
“യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ.”—സങ്കീർത്തനം 113:1.
1, 2. (എ) സങ്കീർത്തനം 113:1-3-നോടുള്ള ചേർച്ചയിൽ, നമ്മുടെ ആവേശോജ്ജ്വലമായ സ്തുതിക്ക് അർഹൻ ആരാണ്? (ബി) ഏതു ചോദ്യം ചോദിക്കുന്നത് ഉചിതമാണ്?
യഹോവയാം ദൈവം സ്വർഗത്തിന്റെയും ഭൂമിയുടെയും മഹാസ്രഷ്ടാവും എക്കാലത്തേക്കും നമ്മുടെ അഖിലാണ്ഡ പരമാധികാരിയുമാണ്. നമ്മുടെ ആവേശോജ്ജ്വലമായ സ്തുതിക്ക് അവൻ തികച്ചും യോഗ്യനാണ്. അതുകൊണ്ടാണു സങ്കീർത്തനം 113:1-3 നമ്മോട് ഇങ്ങനെ കൽപ്പിക്കുന്നത്: “യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ. യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നേ. സൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.”
2 ദൈവത്തിന്റെ സാക്ഷികളെന്ന നിലയിൽ, ഇതു നാം ആഹ്ലാദത്തോടെ ചെയ്യുന്നു. നാമിന്ന് ആലപിക്കുന്ന ഈ സന്തുഷ്ട സ്തുതിഗീതംകൊണ്ട് യഹോവയാം ദൈവം ഉടനെ മുഴുഭൂമിയെയും നിറയ്ക്കുമെന്നത് എത്ര പുളകപ്രദമാണ്! (സങ്കീർത്തനം 22:27) ലോകവ്യാപകമായുള്ള ഈ വലിയ ഗായകസംഘത്തിൽ നിങ്ങളുടെ ശബ്ദവും കേൾക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, ഐക്യവും സന്തോഷവുമില്ലാത്ത ഈ ലോകത്തിൽനിന്നു വേർതിരിക്കപ്പെട്ടിരിക്കുന്നുവെന്നതു നിങ്ങളെ എത്ര സന്തുഷ്ടനാക്കണം!
3. (എ) യഹോവയുടെ ജനത്തെ വ്യതിരിക്തരാക്കുന്നതെന്താണ്? (ബി) നാം ഏതെല്ലാം വിധങ്ങളിൽ വേർപെട്ടിരിക്കുന്നവരാണ്?
3 ഐക്യത്തിൽ യഹോവയെ സ്തുതിക്കുന്നത് തീർച്ചയായും നമ്മെ വ്യതിരിക്തരാക്കുന്നു. നാം യോജിപ്പിൽ സംസാരിക്കുകയും പഠിപ്പിക്കുകയും ഒരേ രീതികൾ അവലംബിച്ച് ‘യഹോവയുടെ സമൃദ്ധമായ നന്മ’യെ പ്രഘോഷിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 145:7, NW) അതേ, നമ്മുടെ ദൈവമായ യഹോവയുടെ സമർപ്പിത ജനമെന്ന നിലയിൽ, നാം അവന്റെ സേവനത്തിനായി ഉഴിഞ്ഞുവെക്കപ്പെട്ടിരിക്കുന്നവരാണ്. തങ്ങൾക്കു ചുറ്റുമുള്ള ജനതകളിൽനിന്നു വേർപെട്ടിരിക്കാനും ആ ജാതികളുടെ ആചാരങ്ങളാൽ മലിനപ്പെടാതിരിക്കാനും തന്റെ പുരാതന ജനമായ ഇസ്രായേലിനോടു ദൈവം പറഞ്ഞിരുന്നു. (പുറപ്പാടു 34:12-16) ഇതു ചെയ്യാൻ തന്റെ ജനത്തെ സഹായിക്കുന്നതിനുവേണ്ടി അവൻ അവർക്കു നിയമങ്ങൾ നൽകി. അതുപോലെ ഇന്ന്, യഹോവ തന്റെ വിശുദ്ധവചനമായ ബൈബിൾ നമുക്കു നൽകിയിരിക്കുന്നു. ഈ ലോകത്തിൽനിന്നു നമുക്കെങ്ങനെ വേർപെട്ടിരിക്കാനാകുമെന്ന് അതിന്റെ പ്രബോധനം നമുക്കു കാണിച്ചുതരുന്നു. (2 കൊരിന്ത്യർ 6:17; 2 തിമൊഥെയൊസ് 3:16, 17) മഹാബാബിലോനിലെ സന്ന്യാസിമാരെയും കന്യാസ്ത്രീകളെയുംപോലെ, നാം ആശ്രമങ്ങളിലും മഠങ്ങളിലുമായി ഒതുങ്ങിക്കൂടുന്നില്ല. യേശുക്രിസ്തുവിന്റെ മാതൃക പിൻപറ്റുന്ന നാം യഹോവയുടെ പരസ്യ സ്തുതിപാഠകരാണ്.
യഹോവയുടെ മുഖ്യ സ്തുതിപാഠകനെ അനുകരിക്കുക
4. യഹോവയെ സ്തുതിക്കുന്നതിൽ യേശു മാതൃകവെച്ചതെങ്ങനെ?
4 യഹോവയെ സ്തുതിക്കുകയെന്ന തന്റെ ലക്ഷ്യത്തിൽനിന്ന് യേശു ഒരിക്കലും വ്യതിചലിച്ചില്ല. ഇത് അവനെ ലോകത്തിൽനിന്നു വേറിട്ടവനാക്കി. യെരൂശലേമിലെ സിനഗോഗുകളിലും ദേവാലയത്തിലും അവൻ ദൈവത്തിന്റെ പവിത്രനാമത്തെ സ്തുതിച്ചു. മലമുകളിലും കടൽത്തീരത്തും, ആളുകൾ കൂടുന്നിടത്തൊക്കെയും യേശു യഹോവയുടെ സത്യങ്ങൾ പരസ്യമായി പ്രസംഗിച്ചു. അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, . . . ഞാൻ നിന്നെ വാഴ്ത്തുന്നു.” (മത്തായി 11:25) പൊന്തിയൊസ് പീലാത്തൊസിനുമുമ്പാകെ വിചാരണയിലായിരിക്കുമ്പോൾപ്പോലും യേശു ഇങ്ങനെ സാക്ഷ്യം വഹിച്ചു: “സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.” (യോഹന്നാൻ 18:37) യേശു തന്റെ വേലയുടെ പ്രാധാന്യം മനസ്സിലാക്കി. പോയിടത്തെല്ലാം യേശു യഹോവയ്ക്കു സാക്ഷ്യംവഹിച്ച് അവനെ പരസ്യമായി സ്തുതിച്ചു.
5. സങ്കീർത്തനം 22:22 ബാധകമാകുന്നതാർക്ക്, നമ്മുടെ മനോഭാവം എന്തായിരിക്കണം?
5 സങ്കീർത്തനം 22:22-ൽ യഹോവയുടെ മുഖ്യ സ്തുതിപാഠകനെക്കുറിച്ചുള്ള ഈ പ്രാവചനിക പ്രസ്താവന നാം കാണുന്നു: “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും: സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും.” എബ്രായർ 2:11, 12-ൽ പൗലൊസ് അപ്പോസ്തലൻ ഈ വാക്യം കർത്താവായ യേശുവിനും സ്വർഗീയ മഹത്ത്വത്തിനായി യഹോവയാം ദൈവം വിശുദ്ധീകരിച്ചിരിക്കുന്നവർക്കും ബാധകമാക്കുന്നു. യേശുവിനെപ്പോലെ, സഭാമധ്യേ യഹോവയുടെ നാമത്തെ സ്തുതിക്കാൻ അവർക്കും ലജ്ജയില്ല. സഭായോഗങ്ങളിൽ പങ്കുപറ്റുമ്പോൾ നമുക്ക് ഇതേ മനോഭാവമുണ്ടോ? യോഗങ്ങളിൽ ശ്രദ്ധിച്ചും ഉത്തരങ്ങൾ പറഞ്ഞും പാടിയും നാം തീക്ഷ്ണതയോടെ പങ്കെടുക്കുന്നത് യഹോവയ്ക്കു സ്തുതി കരേറ്റുന്നു. എന്നാൽ നമ്മുടെ സന്തുഷ്ട സ്തുതി അവിടംകൊണ്ട് അവസാനിക്കുന്നുവോ?
6. യേശു തന്റെ ശിഷ്യന്മാർക്ക് എന്തു നിയോഗം കൊടുത്തു, പ്രകാശത്തെ പ്രിയപ്പെടുന്നവർ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതെങ്ങനെ?
6 മത്തായി 5:14-16 പറയുന്നതനുസരിച്ച്, കർത്താവായ യേശു തന്റെ അനുഗാമികൾക്കു തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുന്നതിനുള്ള നിയോഗം നൽകി, തന്നിമിത്തം മറ്റുള്ളവരും യഹോവയെ സ്തുതിക്കുമായിരുന്നു. അവൻ പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; . . . മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” പ്രകാശത്തെ പ്രിയപ്പെടുന്നവർ ദൈവത്തിനു മഹത്ത്വം കരേറ്റുന്നു. നല്ലതും മനുഷ്യത്വപരവുമായ സംഗതികൾ സംസാരിച്ചും പ്രവർത്തിച്ചുംകൊണ്ടു മാത്രമാണോ അവരതു ചെയ്യുന്നത്? അല്ല, മറിച്ച് യഹോവയെ ഐക്യത്തിൽ മഹത്ത്വപ്പെടുത്തിക്കൊണ്ടാണ് അവരതു ചെയ്യുന്നത്. അതേ, പ്രകാശത്തെ പ്രിയപ്പെടുന്നവർ ദൈവത്തിനു സ്വയം സമർപ്പിച്ച് അവന്റെ സന്തുഷ്ട സ്തുതിപാഠകർ ആയിത്തീരുന്നു. നിങ്ങൾ ഈ സന്തോഷകരമായ നടപടി കൈക്കൊണ്ടിട്ടുണ്ടോ?
യഹോവയെ സ്തുതിക്കുന്നതിൽനിന്നുള്ള സന്തോഷം
7. യഹോവയുടെ സ്തുതിപാഠകർ വളരെ സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്, പെന്തക്കോസ്തു ദിനത്തിൽ അവർക്ക് എന്തു സന്തോഷമുണ്ടായി?
7 യഹോവയുടെ സ്തുതിപാഠകർ ഇത്ര സന്തുഷ്ടരായിരിക്കുന്നതെന്തുകൊണ്ട്? എന്തെന്നാൽ സന്തോഷം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ദാനമാണ്. ഗലാത്യർ 5:22-ൽ, അതിനെ സ്നേഹത്തിനു തൊട്ടുപിന്നാലെ പട്ടികപ്പെടുത്തിയിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ യേശുവിന്റെ ശിഷ്യന്മാർ യഹോവയുടെ ആത്മാവിന്റെ ഈ ഫലം പ്രകടമാക്കി. പൊ.യു. 33-ലെ പെന്തക്കോസ്തു ദിവസത്തിൽ, യേശുവിന്റെ ഏതാണ്ട് 120 ശിഷ്യന്മാരിൽ ദൈവം തന്റെ പരിശുദ്ധാത്മാവിനെ പകർന്നപ്പോൾ, അവരെല്ലാവരും വിവിധ ഭാഷകളിൽ യഹോവയെ സ്തുതിക്കാൻ തുടങ്ങി. അനേകം ജാതികളിൽനിന്നായി യെരൂശലേമിൽ എത്തിയ ഭക്തരായ യഹൂദന്മാർ “ഭ്രമിച്ചു ആശ്ചര്യപ്പെട്ടു.” അവർ വിസ്മയഭരിതരായി പറഞ്ഞു: “നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ”! (പ്രവൃത്തികൾ 2:1-11) യഹോവയ്ക്കുള്ള ഈ അത്ഭുതകരമായ ബഹുഭാഷാ സ്തുതിയുടെ ഫലമെന്തായിരുന്നു? ഏതാണ്ട് 3,000 യഹൂദന്മാരും യഹൂദ മതപരിവർത്തിതരും മിശിഹായെക്കുറിച്ചുള്ള രാജ്യസുവാർത്ത സ്വീകരിച്ചു. അവർ സ്നാപനമേറ്റ് പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും തുടർന്ന് യഹോവയുടെ സന്തുഷ്ട സ്തുതിപാഠകരെന്ന നിലയിൽ തങ്ങളുടെ സ്വരവും സതീക്ഷ്ണം ചേർക്കുകയും ചെയ്തു. (പ്രവൃത്തികൾ 2:37-42) അതെന്തൊരനുഗ്രഹമായിരുന്നു!
8. പെന്തക്കോസ്തിനുശേഷം, തങ്ങളുടെ സന്തോഷം വർധിപ്പിക്കാൻ ക്രിസ്ത്യാനികൾ എന്തു ചെയ്തു?
8 റിപ്പോർട്ടു തുടരുന്നു: “ഒരുമനപ്പെട്ടു ദിനമ്പ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പംനുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനമ്പ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.” (പ്രവൃത്തികൾ 2:46, 47) ഒരുമിച്ചുകൂടി ഭക്ഷണം കഴിച്ചതുമാത്രമാണോ അവർക്കു വലിയ ആഹ്ലാദം കരേറ്റിയത്? അല്ല, യഹോവയാം ദൈവത്തെ ദിനമ്പ്രതി സ്തുതിക്കുന്നതിൽനിന്നായിരുന്നു അവർക്കു മുഖ്യമായും സന്തോഷം ലഭിച്ചത്. ആയിരക്കണക്കിനാളുകൾ തങ്ങളുടെ രക്ഷാസന്ദേശത്തോട് പ്രതികരിക്കുന്നതു കണ്ടപ്പോൾ അവരുടെ സന്തോഷം വർധിച്ചു. ഇന്നു നമ്മുടെ കാര്യത്തിലും സംഗതി അങ്ങനെതന്നെയാണ്.
എല്ലാ ജാതികളിലും സന്തുഷ്ട സ്തുതിപാഠകർ
9. (എ) തന്റെ സുവാർത്ത കേൾക്കുന്നതിനുള്ള അവസരം സകല ജാതികളിലും പെട്ടയാളുകൾക്കു ദൈവം പ്രദാനം ചെയ്തുതുടങ്ങിയതെപ്പോൾ, എങ്ങനെ? (ബി) സ്നാപനത്തിനുമുമ്പ് കൊർന്നേല്യൊസിന്റെയും കൂട്ടരുടെയുംമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടതെന്തുകൊണ്ട്?
9 തന്റെ ദാസന്മാർ പ്രകാശവാഹക വേല ഏതെങ്കിലും ഒരു ജാതിയിൽമാത്രമായി പരിമിതപ്പെടുത്താൻ യഹോവ ആഗ്രഹിച്ചില്ല. അതുകൊണ്ട്, പൊ.യു. 36 മുതൽ സുവാർത്ത കേൾക്കുന്നതിനുള്ള അവസരം അവൻ എല്ലാ ജാതികളിലെയും ആളുകൾക്കു പ്രദാനം ചെയ്തു. ദൈവത്തിന്റെ നിർദേശത്തിൻകീഴിൽ, പത്രൊസ് കൈസര്യയിലെ ഒരു പുറജാതീയ സൈന്യാധിപന്റെ ഭവനത്തിലേക്കു പോയി. അവിടെ കൊർന്നേല്യൊസും കുടുംബവും അടുത്ത മിത്രങ്ങളും ഒരുമിച്ചുകൂടിയിരിക്കുന്നത് അവൻ കണ്ടു. പത്രൊസിന്റെ വാക്കുകൾക്കു സൂക്ഷ്മ ശ്രദ്ധ കൊടുത്തപ്പോൾ, അവർ ഹൃദയത്തിൽ യേശുവിലുള്ള വിശ്വാസം പ്രകടമാക്കി. നമുക്കെങ്ങനെ അറിയാം? എന്തെന്നാൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആ പുറജാതീയ വിശ്വാസികളുടെമേലും വന്നു. സാധാരണഗതിയിൽ, ദൈവാത്മാവെന്ന ദാനം സ്നാപനത്തിനു ശേഷമേ പകരപ്പെട്ടിരുന്നുള്ളു, എന്നാൽ ആ സന്ദർഭത്തിൽ സ്നാപനത്തിനുമുമ്പുതന്നെ താൻ ഈ യഹൂദരല്ലാത്തവരെ അംഗീകരിച്ചുവെന്ന് യഹോവ സൂചിപ്പിച്ചു. യഹോവ അതു ചെയ്തില്ലായിരുന്നെങ്കിൽ, ദൈവം ഇപ്പോൾ പുറജാതീയരെ തന്റെ ദാസന്മാരായി സ്വീകരിക്കുകയാണെന്നും അവർ ജലസ്നാപനത്തിനു യോഗ്യരാണെന്നും പത്രൊസിന് ഉറപ്പുണ്ടാകുമായിരുന്നില്ല.—പ്രവൃത്തികൾ 10:34, 35, 47, 48.
10. എല്ലാ ജാതികളിലുംപെട്ട ആളുകൾ യഹോവയെ സ്തുതിക്കുമെന്ന് പുരാതന കാലംമുതൽ മുൻകൂട്ടിപ്പറയപ്പെട്ടിരുന്നതെങ്ങനെ?
10 പുരാതനകാലംമുതൽ, എല്ലാ ജാതികളിലെയും ആളുകൾ തന്നെ സ്തുതിക്കുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞു. അവനു സകല ദേശത്തും സന്തുഷ്ട സ്തുതിപാഠകർ ഉണ്ടായിരിക്കും. ഇതു തെളിയിക്കുന്നതിന്, പൗലൊസ് അപ്പോസ്തലൻ എബ്രായ തിരുവെഴുത്തുകളിൽനിന്നുള്ള പ്രവചനങ്ങൾ ഉദ്ധരിച്ചു. അവൻ റോമിലെ ക്രിസ്ത്യാനികളുടെ സാർവദേശീയ സഭയോടു പറഞ്ഞു: “ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു. ‘അതുകൊണ്ടു ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതിപാടും’ [സങ്കീർത്തനം 18:49-ൽ] എന്നു എഴുതിയിരിക്കുന്നുവല്ലോ. മറെറാരേടത്തു [ആവർത്തനപുസ്തകം 32:43-ൽ]: ‘ജാതികളേ, അവന്റെ ജനത്തോടു ഒന്നിച്ചു ആനന്ദിപ്പിൻ’ എന്നും പറയുന്നു. ‘സകലജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ [“ജാതികളും യഹോവയെ,” NW] സ്തുതിക്കട്ടെ’ എന്നും [സങ്കീർത്തനം 117:1-ൽ] പറയുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—റോമർ 15:7-11.
11. തന്റെ സത്യങ്ങളെക്കുറിച്ചു പഠിക്കാൻ എല്ലാ ജാതികളിലുംപെട്ട ആളുകളെ ദൈവം സഹായിച്ചിരിക്കുന്നതെങ്ങനെ, അതിന്റെ ഫലമെന്താണ്?
11 സകല ജാതികളിലെയും ആളുകളുടെമേൽ ഭരണംനടത്തുന്നതിനു ദൈവം നിയമിച്ചിരിക്കുന്ന യേശുക്രിസ്തുവിങ്കൽ പ്രത്യാശവെക്കുന്നില്ലെങ്കിൽ ആളുകൾക്കു യഹോവയെ ഐക്യത്തിൽ സ്തുതിക്കാനാവില്ല. നിത്യജീവനിലേക്കു നയിക്കുന്ന ദൈവത്തിന്റെ സത്യങ്ങൾ മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിന്, അവൻ ഒരു സാർവദേശീയ പഠിപ്പിക്കൽ പരിപാടി സ്ഥാപിച്ചിട്ടുണ്ട്. അവൻ തന്റെ വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിലൂടെ നിർദേശങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്നു. (മത്തായി 24:45-47) ഫലമോ? 230-ലധികം രാജ്യങ്ങളിലായി 50 ലക്ഷത്തിലധികം സന്തുഷ്ട സ്തുതിപാഠകർ യഹോവയ്ക്കു സ്തുതികൾ പാടുകയാണ്. അതേ സംഗതി ചെയ്യുന്നതിനു വേറെ ലക്ഷക്കണക്കിനാളുകൾ താത്പര്യം പ്രകടമാക്കുന്നുമുണ്ട്. 1996-ൽ സസ്മാരകത്തിന് എത്ര പേർ ഹാജരായെന്നു നോക്കൂ: 1,29,21,933 പേർ. വിസ്മയാവഹം!
മുൻകൂട്ടിപ്പറയപ്പെട്ട സന്തുഷ്ട സ്തുതിപാഠകരുടെ ഒരു മഹാപുരുഷാരം
12. യോഹന്നാൻ അപ്പോസ്തലന് എന്തു പുളകപ്രദമായ ദർശനമുണ്ടായി, അതിന്റെ ജീവിക്കുന്ന യാഥാർഥ്യമെന്ത്?
12 സകല ജാതികളിൽനിന്നുമുള്ള “ഒരു മഹാപുരുഷാര”ത്തെ യോഹന്നാൻ അപ്പോസ്തലൻ ദർശനത്തിൽ കാണുകയുണ്ടായി. (വെളിപ്പാടു 7:9) ദൈവത്തിന്റെ അഭിഷിക്ത ശേഷിപ്പിനോടൊപ്പം ഈ മഹാപുരുഷാരം ആലപിക്കുന്ന സ്തുതികളുടെ വിഷയം എന്താണ്? യോഹന്നാൻ നമ്മോടു പറയുന്നു: “രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം.” (വെളിപ്പാടു 7:10) ഇതു ലോകത്തിന്റെ എല്ലാ ഭാഗത്തും സധൈര്യം പ്രഖ്യാപിക്കപ്പെടുകയാണ്. പ്രതീകാത്മകമായി പറഞ്ഞാൽ, കുരുത്തോല വീശിക്കൊണ്ട്, നാം ദൈവത്തെ അഖിലാണ്ഡ പരമാധികാരിയായി ഐക്യത്തിൽ വാഴ്ത്തി സ്വർഗത്തിനും ഭൂമിക്കും മുമ്പാകെ, നമ്മുടെ രക്ഷ അവന്റെയും കുഞ്ഞാടും യേശുക്രിസ്തുവുമായ അവന്റെ പുത്രന്റെയും “ദാനം” ആണെന്നു സന്തോഷപൂർവം വിളിച്ചുപറയുകയാണ്. മഹാപുരുഷാരത്തെക്കുറിച്ചുള്ള ഈ പ്രചോദനാത്മക ദർശനം യോഹന്നാൻ അപ്പോസ്തലന് എത്ര പുളകപ്രദമായിരുന്നിരിക്കണം! യോഹന്നാന്റെ ആ ദർശനം ഇന്ന് യാഥാർഥ്യമായിരിക്കുന്നതു കാണാനും വ്യക്തികളെന്ന നിലയിൽ അതിന്റെ ഭാഗമായിരിക്കാനും സാധിക്കുന്നത് നമുക്കെത്ര പുളകപ്രദമാണ്!
13. യഹോവയുടെ ജനത്തെ ഈ ലോകത്തിൽനിന്നു വ്യത്യസ്തരാക്കുന്നതെന്ത്?
13 യഹോവയുടെ ദാസന്മാരെന്ന നിലയിൽ, നാമവന്റെ നാമം അഭിമാനത്തോടെ വഹിക്കുന്നു. (യെശയ്യാവു 43:10, 12) നാം യഹോവയുടെ സാക്ഷികളാണെന്നത് നമ്മെ ഈ ലോകത്തിൽനിന്നു വ്യത്യസ്തരാക്കുന്നു. ദൈവത്തിന്റെ വ്യതിരിക്ത നാമം വഹിക്കുന്നതും നമ്മുടെ ജീവിതോദ്ദേശ്യമായി അവന്റെ ദിവ്യവേല ചെയ്യാനുണ്ടായിരിക്കുന്നതും എത്ര സന്തോഷകരമാണ്! രാജ്യം മുഖാന്തരം തന്റെ പവിത്ര നാമം വിശുദ്ധീകരിക്കാനും തന്റെ അഖിലാണ്ഡ പരമാധികാരം സംസ്ഥാപിക്കാനുമുള്ള യഹോവയുടെ മഹത്തായ ഉദ്ദേശ്യം നമ്മുടെ ജീവിതത്തിന് അർഥം പകരുന്നു. തന്റെ നാമത്തെയും രാജ്യത്തെയും സംബന്ധിച്ച ദിവ്യോദ്ദേശ്യത്തിൽ നമുക്കൊരു സ്ഥാനം ഉണ്ടായിരിക്കുന്നതിന് അവൻ നമ്മെ സഹായിച്ചിരിക്കുന്നു. ഇത് അവൻ മൂന്നു വിധങ്ങളിൽ ചെയ്തിരിക്കുന്നു.
സത്യം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നു
14, 15. (എ) ദൈവത്തിന്റെ നാമവും രാജ്യവും സംബന്ധിച്ച ദിവ്യോദ്ദേശ്യത്തിൽ ഒരു സ്ഥാനം ഉണ്ടായിരിക്കുന്നതിന് അവൻ നമ്മെ സഹായിച്ചിരിക്കുന്ന ഒരു വിധമെന്ത്? (ബി) പൊ.യു. 1914-ൽ സ്ഥാപിതമായ രാജ്യം പൊ.യു.മു. 607-ൽ മറിച്ചിടപ്പെട്ട രാജ്യത്തിൽനിന്നു വ്യത്യസ്തമായിരിക്കുന്നതെങ്ങനെ?
14 ഒന്നാമത്, യഹോവ തന്റെ ജനത്തെ സത്യം ഭരമേൽപ്പിച്ചിരിക്കുന്നു. അവന്റെ രാജ്യം 1914-ൽ ഭരണം തുടങ്ങിയെന്നതാണ് ഏറ്റവും സന്തോഷകരമായ വെളിപാട്. (വെളിപ്പാടു 12:10) ദാവീദിന്റെ വംശത്തിൽപ്പെട്ട രാജാക്കന്മാർ വാണിരുന്ന യെരൂശലേമിലെ പ്രതീകാത്മക രാജ്യത്തിൽനിന്നു വ്യത്യസ്തമാണ് ഈ സ്വർഗീയ ഗവൺമെൻറ്. ആ രാജ്യം മറിച്ചിടപ്പെട്ടു, പൊ.യു.മു. 607 മുതൽ യെരൂശലേം പുറജാതീയ ലോകശക്തികളുടെ ഭരണത്തിനു പൂർണമായും ഏൽപ്പിക്കപ്പെട്ടു. 1914-ൽ യഹോവ സ്ഥാപിച്ച പുതിയ രാജ്യം ഒരു സ്വർഗീയ ഭരണമാണ്, അതു യഹോവയ്ക്കല്ലാതെ മറ്റാർക്കും കീഴ്പെടുത്തപ്പെടില്ല, അതു നശിപ്പിക്കപ്പെടുകയുമില്ല. (ദാനീയേൽ 2:44) അതിന്റെ ഭരണാധിപത്യത്തിനും വ്യത്യാസമുണ്ട്. എങ്ങനെ? വെളിപ്പാടു 11:15 ഉത്തരം തരുന്നു: “ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
15 ‘നമ്മുടെ കർത്താവിന്റെയും അവന്റെ ക്രിസ്തുവിന്റെയും രാജത്വം’ മുഴു മനുഷ്യവർഗ ലോകത്തിന്റെയുംമേൽ അധികാരം പ്രയോഗിക്കുന്നു. തന്റെ മിശിഹൈക പുത്രനും അവന്റെ 1,44,000 സഹോദരന്മാരും—ഇവരിൽ മിക്കവരും ഇപ്പോൾ സ്വർഗീയ മഹത്ത്വത്തിലേക്കു പുനരുത്ഥാനം പ്രാപിച്ചിരിക്കുകയാണ്—ഉൾപ്പെടുന്ന, യഹോവയുടെ പരമാധികാരത്തിന്റെ ഈ പുതുപ്രകടനം വിദ്യാർഥികൾ ചർച്ചചെയ്യാൻ ആഗ്രഹിച്ചേക്കാവുന്ന ഏതോ സൈദ്ധാന്തികമായ, കേവലമൊരു കലാലയ വിഷയമല്ല. പകരം, ഈ സ്വർഗീയ രാജ്യം ഒരു യഥാർഥ ഗവൺമെൻറാണ്. അതിന്റെ ഭരണത്തിന്റെ ഫലമായി പൂർണതയിൽ നിത്യമായി ജീവിക്കാമെന്നുള്ള നമ്മുടെ സന്തുഷ്ട പ്രത്യാശ നമുക്ക് ആഹ്ലാദം തുടർന്നനുഭവിക്കുന്നതിനുള്ള മതിയായ കാരണം നൽകുന്നു. യഹോവയുടെ വചനത്തെക്കുറിച്ചുള്ള അത്തരം സത്യങ്ങൾ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന സംഗതി അതിനെക്കുറിച്ച് എല്ലായ്പോഴും നന്നായി സംസാരിക്കുന്നതിനു നമ്മെ പ്രചോദിപ്പിക്കുന്നു. (സങ്കീർത്തനം 56:10) ദൈവത്തിന്റെ മിശിഹൈക രാജ്യം ഇപ്പോൾ സ്വർഗത്തിൽ ഭരണം നടത്തുകയാണെന്നു സകലരോടും പറഞ്ഞുകൊണ്ട് നിങ്ങളിതു നിരന്തരം ചെയ്യുന്നുണ്ടോ?
പരിശുദ്ധാത്മാവിന്റെയും ലോകവ്യാപക സാഹോദര്യത്തിന്റെയും സഹായം
16, 17. തന്റെ ദിവ്യോദ്ദേശ്യത്തിൽ ഒരു സ്ഥാനമുണ്ടായിരിക്കുന്നതിനു ദൈവം നമ്മെ സഹായിച്ചിരിക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും വിധങ്ങളേവ?
16 തന്റെ ദിവ്യോദ്ദേശ്യത്തിൽ ഒരു സ്ഥാനമുണ്ടായിരിക്കാൻ നമ്മെ ദൈവം സഹായിച്ചിരിക്കുന്ന രണ്ടാമത്തെ വിധം തന്റെ പരിശുദ്ധാത്മാവിനെ നമുക്കു നൽകിക്കൊണ്ടാണ്. അതു നമ്മുടെ ജീവിതത്തിൽ അതിന്റെ സുന്ദരഫലങ്ങൾ ഉളവാക്കി അവന്റെ അംഗീകാരം നേടാൻ നമ്മെ പ്രാപ്തരാക്കുന്നു. (ഗലാത്യർ 5:22, 23) കൂടാതെ, പൗലൊസ് അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എഴുതി: “നാമോ . . . ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.” (1 കൊരിന്ത്യർ 2:12) യഹോവയുടെ ആത്മാവിനോടു പ്രതികരിക്കുന്നതിനാൽ, അവൻ നമുക്കു ദയാപുരസ്സരം നൽകിയിരിക്കുന്ന അവന്റെ വാഗ്ദത്തങ്ങൾ, നിയമങ്ങൾ, തത്ത്വങ്ങൾ ഇത്യാദി നല്ല സംഗതികൾ ഇക്കാലത്ത് അറിയാനും മനസ്സിലാക്കാനും നമുക്കെല്ലാം സാധിക്കുന്നു.—മത്തായി 13:11 താരതമ്യം ചെയ്യുക.
17 ദൈവം നമ്മെ സഹായിക്കുന്ന മൂന്നാമത്തെ വിധമെന്ന നിലയിൽ, നമുക്കു നമ്മുടെ ലോകവ്യാപക സഹോദരവർഗവും ആരാധനയ്ക്കുള്ള യഹോവയുടെ ആനന്ദകരമായ സംഘടനാ ക്രമീകരണവുമുണ്ട്. “സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ” എന്നു പത്രൊസ് നമ്മെ ഉദ്ബോധിപ്പിച്ചപ്പോൾ അവൻ ഇതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. (1 പത്രൊസ് 2:17) “സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ” എന്നു സങ്കീർത്തനം 100:2 കൽപ്പിക്കുന്നതുപോലെ, നമ്മുടെ സ്നേഹമുള്ള സഹോദരീസഹോദരന്മാരുടെ സാർവദേശീയ കുടുംബം, അതീവ സന്തുഷ്ടമായ ഹൃദയത്തോടെ യഹോവയെ സേവിക്കാൻ നമ്മെ സഹായിക്കുന്നു. 4-ാം വാക്യം കൂടുതലായി ഇങ്ങനെ പറയുന്നു: “അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.” അതുകൊണ്ട് പരസ്യമായി പ്രസംഗിക്കുകയാണെങ്കിലും നമ്മുടെ യോഗങ്ങളിൽ പങ്കുപറ്റുകയാണെങ്കിലും നമുക്കു സന്തോഷം അനുഭവിക്കാനാകും. യഹോവയുടെ ആത്മീയ ആലയത്തിന്റെ മനോഹരമായ പ്രാകാരങ്ങളിൽ നാമെത്ര സമാധാനവും സുരക്ഷിതത്വവും കണ്ടെത്തിയിരിക്കുന്നു!
സന്തോഷത്തോടെ യഹോവയെ സ്തുതിക്കുക!
18. നമ്മെ വലയ്ക്കുന്ന പീഡനങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നാലും, യഹോവയെ സ്തുതിക്കുന്നതിൽ നമുക്ക് ആഹ്ലാദിക്കാനാകുന്നതെന്തുകൊണ്ട്?
18 പ്രയാസകരമായ സാഹചര്യങ്ങളോ പീഡനമോ അല്ലെങ്കിൽ മറ്റു പ്രശ്നങ്ങളോ വലച്ചാൽപോലും നാം യഹോവയുടെ ആരാധനാലയത്തിലാണെന്നതിൽ നമുക്ക് ആഹ്ലാദിക്കാം. (യെശയ്യാവു 2:2, 3) സന്തോഷം ഹൃദയത്തിന്റെ ഒരു ഗുണമാണെന്നത് ഓർക്കുക. അനേകം പ്രയാസങ്ങളും നഷ്ടങ്ങളും അനുഭവിച്ചെങ്കിലും, നമ്മുടെ ആദിമ ക്രിസ്തീയ സഹോദരീസഹോദരന്മാർ യഹോവയുടെ സന്തുഷ്ട സ്തുതിപാഠകർ ആയിരുന്നു. (എബ്രായർ 10:34) അവരെപ്പോലെതന്നെയാണ് ഇന്നത്തെ നമ്മുടെ സഹവിശ്വാസികളും.—മത്തായി 5:10-12.
19. (എ) ആവർത്തിച്ചുള്ള ഏതു കൽപ്പനകൾ യഹോവയെ സ്തുതിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു? (ബി) നമ്മുടെ നിത്യജീവൻ എന്തിൽ ആശ്രയിച്ചിരിക്കുന്നു, നാം എന്തു ദൃഢനിശ്ചയം ചെയ്തിരിക്കുന്നു?
19 യഹോവയെ സ്തുതിക്കണമെന്ന ബൈബിൾ കൽപ്പന അനുസരിക്കാൻ അവനെ സേവിക്കുന്ന നമുക്കെല്ലാവർക്കും സന്തോഷമേയുള്ളൂ. വെളിപ്പാടു പുസ്തകം “ഹല്ലെലൂയ്യാ!” എന്ന പ്രയോഗത്തിലൂടെ ദൈവസ്തുതികൾ ഇടയ്ക്കിടെ ആവർത്തിക്കുന്നു. (വെളിപ്പാടു 19:1-6) സങ്കീർത്തനം 150-ലെ ആറു വാക്യങ്ങളിൽ, യഹോവയെ സ്തുതിക്കാൻ നമ്മോടു 13 പ്രാവശ്യം പറഞ്ഞിരിക്കുന്നു. യഹോവയ്ക്കുള്ള സ്തുതികൾ സന്തോഷത്തോടെ ആലപിക്കുന്നതിൽ എല്ലാ സൃഷ്ടികളും ചേരണമെന്ന സാർവലൗകിക ആഹ്വാനമാണിത്. ഈ വലിയ ഹല്ലെലൂയ്യാ ഗായകസംഘത്തിൽ ചേരുന്നതിലാണു നമ്മുടെ നിത്യജീവൻ ആശ്രയിച്ചിരിക്കുന്നത്! അതേ, യഹോവയ്ക്കു നിരന്തരം സ്തുതികൾ അർപ്പിക്കുന്നവർ മാത്രമേ നിത്യമായി ജീവിക്കുകയുള്ളു. അതുകൊണ്ട്, അന്ത്യം അടുത്തുവരുന്തോറും, അവന്റെ ലോകവ്യാപക വിശ്വസ്ത സഭയോട് അടുത്തു പറ്റിനിൽക്കാൻ നാം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. അപ്പോൾ, സങ്കീർത്തനം 150-ന്റെ സമാപന വാക്കുകൾ പൂർണമായി നിവൃത്തിയേറുന്നതു കാണാൻ നമുക്കു പ്രതീക്ഷിക്കാവുന്നതാണ്: ‘ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ!’
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ യഹോവയുടെ ജനത്തെ വ്യതിരിക്തരാക്കുന്നതെന്ത്?
□ യഹോവയുടെ ദാസന്മാർ വളരെ സന്തുഷ്ടരായിരിക്കുന്നതെന്തുകൊണ്ട്?
□ നമ്മെ ലോകത്തിൽനിന്നു വ്യത്യസ്തരാക്കുന്നതെന്ത്?
□ തന്റെ ദിവ്യോദ്ദേശ്യത്തിൽ ഒരു സ്ഥാനമുണ്ടായിരിക്കുന്നതിനു ദൈവം നമ്മെ സഹായിച്ചിരിക്കുന്ന മൂന്നു വിധങ്ങൾ ഏതെല്ലാം?
[17-ാം പേജിലെ ചിത്രം]
യേശു പോയിടത്തെല്ലാം അവൻ യഹോവയ്ക്കു സാക്ഷ്യം വഹിച്ച് അവനെ പരസ്യമായി സ്തുതിച്ചു