ഹാനോക്ക്—സകല പ്രയാസഘട്ടങ്ങളിലും നിർഭയൻ
നല്ലവനായ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, ഏറ്റവും മോശമായ സമയമായിരുന്നു അത്. അഭക്തി ഭൂമിയിൽ നിറഞ്ഞിരുന്നു. മാനവരാശിയുടെ ധാർമികാവസ്ഥ അനുക്രമം താണു. വാസ്തവത്തിൽ, പെട്ടെന്നുതന്നെ ഇങ്ങനെ പറയപ്പെടുമായിരുന്നു: “ഭൂമിയിൽ മമനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.”—ഉല്പത്തി 6:5.
ആദാംമുതലുള്ള വംശപരമ്പരയിൽ ഏഴാമനായ ഹാനോക്കിന് വ്യത്യസ്തനായിരിക്കുന്നതിനുള്ള ധൈര്യമുണ്ടായിരുന്നു. പ്രത്യാഘാതങ്ങൾ വകവെക്കാതെ അവൻ നീതിക്കു വേണ്ടി ഉറച്ചുനിന്നു. ഹാനോക്കിന്റെ സന്ദേശം ഭക്തികെട്ട പാപികളെ അലോസരപ്പെടുത്തുന്നതായിരുന്നു, അതുകൊണ്ട് ആളുകൾ അവനെ വധിക്കാൻ ലക്ഷ്യമിട്ടു. യഹോവയ്ക്കു മാത്രമേ അവനെ സഹായിക്കാൻ കഴിയുമായിരുന്നുള്ളൂ.—യൂദാ 14, 15.
ഹാനോക്കും സാർവത്രിക വിവാദവിഷയവും
ഹാനോക്കിന്റെ ജനനത്തിനു ദീർഘകാലം മുമ്പേ സാർവത്രിക വിവാദവിഷയം ഉദിച്ചിരുന്നു. ദൈവത്തിനു ഭരിക്കുന്നതിനുള്ള അവകാശമുണ്ടോ? ഫലത്തിൽ, പിശാചായ സാത്താൻ പറഞ്ഞത് ഇല്ല എന്നാണ്. ദൈവത്തിന്റെ മാർഗനിർദേശത്തിൽനിന്നു സ്വതന്ത്രമാകുന്നതായിരിക്കും ബുദ്ധിശക്തിയുള്ള സൃഷ്ടികൾക്കു നല്ലതെന്ന് അവൻ തറപ്പിച്ചുപറഞ്ഞു. മനുഷ്യരെ തന്ത്രപൂർവം തന്റെ പക്ഷത്താക്കിക്കൊണ്ടു സാത്താൻ യഹോവയ്ക്കെതിരെ തെളിവു നിരത്താൻ ശ്രമിച്ചു. ദൈവഭരണത്തിനുപകരം, സ്വയംഭരണം തിരഞ്ഞെടുക്കുകവഴി ആദാമും ഹവ്വായും അവരുടെ ആദ്യപുത്രനായ കയീനും സാത്താന്റെ പക്ഷം ചേർന്നുകൊണ്ട് കുപ്രസിദ്ധരായിത്തീർന്നു. ആദ്യ മനുഷ്യജോഡികൾ ഇതു ചെയ്തത് ദൈവം വിലക്കിയിരുന്ന ഫലം ഭക്ഷിച്ചുകൊണ്ടാണ്, കയീൻ അങ്ങനെ ചെയ്തത് ഹാബെൽ എന്ന നീതിമാനായ തന്റെ സഹോദരനെ മനപ്പൂർവം വധിച്ചുകൊണ്ടായിരുന്നു.—ഉല്പത്തി 3:4-6; 4:8.
ഹാബെൽ ധൈര്യപൂർവം യഹോവയുടെ പക്ഷത്തു നിലകൊണ്ടു. ഹാബെലിന്റെ നിർമലത ശുദ്ധാരാധനയെ ഉന്നമിപ്പിച്ചതിനാൽ, അവന്റെമേൽ കയീൻ ഹിംസാത്മക ക്രോധം ചൊരിയുന്നതു കാണുന്നതിൽ സാത്താൻ സന്തോഷിച്ചുവെന്നതിൽ സംശയമില്ല. അക്കാലംമുതൽ, ഭീഷണമായ ഒരു ആയുധമായി സാത്താൻ “മരണഭീതി”യെ ഉപയോഗിച്ചുപോന്നിരിക്കുന്നു. സത്യദൈവത്തെ ആരാധിക്കാൻ ചായ്വു കാണിക്കുന്ന ഏതൊരുവന്റെയും ഹൃദയത്തിൽ ഭീതി വിതയ്ക്കാനാണു സാത്താനാഗ്രഹിക്കുന്നത്.—എബ്രായർ 2:14, 15; യോഹന്നാൻ 8:44; 1 യോഹന്നാൻ 3:12.
ഹാനോക്ക് ജനിച്ചപ്പോഴേക്കും, യഹോവയുടെ പരമാധികാരത്തെ മനുഷ്യർ ഉയർത്തിപ്പിടിക്കുകയില്ല എന്ന സാത്താന്റെ വീക്ഷണത്തിനു വളരെയധികം പിന്തുണ ലഭിച്ചതായി തോന്നി. ഹാബെൽ മരിച്ചുപോയിരുന്നു, അവന്റെ വിശ്വസ്ത മാതൃക ആരും പിൻപറ്റുന്നുണ്ടായിരുന്നില്ല. എങ്കിലും, ഹാനോക്ക് അതിനൊരു അപവാദമാണെന്നു തെളിഞ്ഞു. അവനു വിശ്വാസത്തിനു ശക്തമായ അടിസ്ഥാനമുണ്ടായിരുന്നു. കാരണം, ഏദെൻതോട്ടത്തിൽ സംഭവിച്ച കാര്യങ്ങൾ അവനു സുപരിചിതമായിരുന്നു.a വാഗ്ദത്ത സന്തതി സാത്താനും അവന്റെ തന്ത്രങ്ങൾക്കും അവസാനം വരുത്തുമെന്നു സൂചിപ്പിക്കുന്ന യഹോവയുടെ പ്രവചനത്തെ അവൻ എത്രമാത്രം താലോലിച്ചിരുന്നിരിക്കണം!—ഉല്പത്തി 3:15.
തന്റെ മുമ്പാകെ എപ്പോഴും ഈ പ്രത്യാശ നിലനിർത്തിയിരുന്നതിനാൽ, പിശാചിന്റെ പ്രേരണയാൽ ഹാബെലിനെ വധിച്ച ചരിത്രസംഭവം ഹാനോക്കിൽ ഭയം ജനിപ്പിച്ചില്ല. മറിച്ച്, അവൻ യഹോവയോടൊത്തു നടക്കുന്നതിൽ തുടരുകയും നീതിനിഷ്ഠമായ ഒരു ജീവിതഗതി പാലിച്ചുപോരുകയും ചെയ്തു. ഹാനോക്ക് ലോകത്തിൽനിന്നു വേർപെട്ടു നിന്നു, അതിന്റെ സ്വതന്ത്ര മനോഭാവത്തെ അവൻ തള്ളിക്കളഞ്ഞു.—ഉല്പത്തി 5:23, 24.
മാത്രമല്ല, ഹാനോക്ക് ധൈര്യസമേതം തുറന്നു സംസാരിക്കുകയും പിശാചിന്റെ ദുഷ്ട പ്രവൃത്തികൾ പരാജയമടയുമെന്നു വ്യക്തമാക്കുകയും ചെയ്തു. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ സ്വാധീനത്തിൻകീഴിൽ ഹാനോക്ക് ദുഷ്ടന്മാരെക്കുറിച്ച് ഇങ്ങനെ പ്രവചിച്ചു: “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠുരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു.”—യൂദാ 14, 15.
ഹാനോക്കിന്റെ നിർഭയമായ പ്രഖ്യാപനങ്ങൾ നിമിത്തം, അപ്പോസ്തലനായ പൗലൊസ് എബ്രായ ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ അവനെ, വിശ്വാസം പ്രവൃത്തിപഥത്തിൽ കാണിക്കുന്നതിൽ വിശിഷ്ടമായ ദൃഷ്ടാന്തം വെച്ച ‘സാക്ഷികളുടെ വലിയോരു സമൂഹ’ത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.b (എബ്രായർ 11:5; 12:1) വിശ്വാസപുരുഷനായിരുന്ന ഹാനോക്ക് 300-ലധികം വർഷക്കാലം നിർമലതയുടെ ഗതിയിൽ തുടർന്നു. (ഉല്പത്തി 5:22) ഹാനോക്കിന്റെ വിശ്വസ്തത സ്വർഗത്തിലും ഭൂമിയിലുമുള്ള ദൈവവിരോധികളെ എത്ര അസ്വസ്ഥരാക്കിയിരിക്കണം! ഹാനോക്കിന്റെ തുളച്ചുകയറുന്ന പ്രവചനം സാത്താനെ വിദ്വേഷഭരിതനാക്കിയെങ്കിലും, അതു യഹോവയുടെ സംരക്ഷണം കൈവരുത്തുകയുണ്ടായി.
ദൈവം ഹാനോക്കിനെ എടുത്തു—എങ്ങനെ?
ഹാനോക്കിനെ കൊല്ലാൻ സാത്താനെയോ ഭൂമിയിലെ അവന്റെ പിണയാളികളെയോ യഹോവ അനുവദിച്ചില്ല. മറിച്ച്, “ദൈവം അവനെ എടുത്തു” എന്ന് നിശ്വസ്ത രേഖ പറയുന്നു. (ഉല്പത്തി 5:24) അപ്പോസ്തലനായ പൗലൊസ് കാര്യങ്ങളെ ഇങ്ങനെ വിശദീകരിക്കുന്നു: ‘വിശ്വാസത്താൽ ഹാനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.’—എബ്രായർ 11:5.
എങ്ങനെയാണ് ഹാനോക്ക് “മരണം കാണാതെ എടുക്ക”പ്പെട്ടത്? അല്ലെങ്കിൽ ആർ. എ. നോക്സിന്റെ പരിഭാഷയിൽ വിവർത്തനം ചെയ്തിരിക്കുന്നതുപോലെ, എങ്ങനെയാണ് ഹാനോക്ക് “മരണം അനുഭവിക്കാതെ എടുത്തുമാറ്റപ്പെട്ടത്”? രോഗത്തിൽനിന്നോ ശത്രുക്കളുടെ കരങ്ങളിലെ അക്രമത്തിൽനിന്നോ ഉള്ള മരണവേദനകൾ കൂടാതെ ദൈവം ഹാനോക്കിന്റെ ജീവൻ ശാന്തമായി അവസാനിപ്പിച്ചു. അതേ, ഹാനോക്കിന് 365 വയസ്സുണ്ടായിരുന്നപ്പോൾ യഹോവ അവന്റെ ജീവൻ വെട്ടിച്ചുരുക്കി—സമകാലീനരോടുള്ള താരതമ്യത്തിൽ അവൻ തികച്ചും ഒരു യുവാവായിരുന്നു.
“അവൻ ദൈവത്തെ പ്രസാദിപ്പിച്ചു” എന്നതിന് ഹാനോക്കിന് എങ്ങനെയാണ് “സാക്ഷ്യം” ലഭിച്ചത്? അവന് എന്തു തെളിവുണ്ടായിരുന്നു? സ്പഷ്ടമായും ക്രിസ്തീയ സഭയാകുന്ന ഭാവി ആത്മീയ പറുദീസയെക്കുറിച്ചുള്ള ഒരു ദർശനം സ്വീകരിച്ചുകൊണ്ട് അപ്പോസ്തലനായ പൗലൊസ് “എടുക്കപ്പെട്ട”തുപോലെ ദൈവം ഹാനോക്കിനെ ഒരു ദിവ്യാനുഭൂതിയിൽ ആക്കിയിരിക്കാം. (2 കൊരിന്ത്യർ 12:3, 4) ഹാനോക്ക് ദൈവത്തിനു പ്രസാദമുള്ളവനായിരുന്നു എന്നതിന്റെ സാക്ഷ്യമായി അഥവാ തെളിവായി, ജീവനുള്ള എല്ലാവരും ദൈവത്തിന്റെ പരമാധികാരത്തെ പിന്താങ്ങുന്ന ഭാവി ഭൗമിക പറുദീസയുടെ ഒരു ദർശനം അവനു ലഭിച്ചിരിക്കാം. ഒരുപക്ഷേ ഉത്പ്രാണനം പ്രാപിക്കുന്നതുപോലുള്ള ഒരു ദർശനം അനുഭവിച്ചുകൊണ്ടിരുന്നപ്പോഴായിരിക്കാം, പുനരുത്ഥാനദിവസംവരെ നിദ്രകൊള്ളത്തക്കവണ്ണം വേദനാരഹിതമായ മരണത്തിൽ ദൈവം അവനെ എടുത്തത്. മോശയുടെ കാര്യത്തിലേതുപോലെ, ഹാനോക്കിന്റെ ശരീരവും യഹോവ നീക്കം ചെയ്തതായി തോന്നുന്നു. കാരണം, അവനെ “കാണാതെയായി.”—എബ്രായർ 11:5; ആവർത്തനപുസ്തകം 34:5, 6; യൂദാ 9.
നിവൃത്തിയായ പ്രവചനം
ഇന്ന്, യഹോവയുടെ സാക്ഷികൾ ഹാനോക്കിന്റെ പ്രവചനത്തിന്റെ സത്തയാണു പ്രഘോഷിക്കുന്നത്. സമീപഭാവിയിൽ ദൈവം ഭക്തികെട്ടവരെ നശിപ്പിക്കുമ്പോൾ അത് എങ്ങനെ നിവൃത്തിയാകുമെന്ന് അവർ തിരുവെഴുത്തുകളിൽനിന്നു കാട്ടിക്കൊടുക്കുന്നു. (2 തെസ്സലൊനീക്യർ 1:6-10) അവരുടെ സന്ദേശം അവരെ ജനപ്രീതിയില്ലാത്തവരാക്കുന്നു. കാരണം അത് ഈ ലോകത്തിന്റെ വീക്ഷണങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും വളരെ വിഭിന്നമാണ്. അവർ നേരിടുന്ന എതിർപ്പ് അവരെ അമ്പരപ്പിക്കുന്നില്ല, കാരണം യേശു തന്റെ അനുഗാമികൾക്ക് ഈ മുന്നറിയിപ്പു നൽകി: “എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.”—മത്തായി 10:22; യോഹന്നാൻ 17:14.
എങ്കിലും, ഹാനോക്കിനെപ്പോലെ ശത്രുക്കളിൽനിന്നു ക്രമേണ തങ്ങൾ വിടുവിക്കപ്പെടുമെന്ന ഉറപ്പ് ഇന്നത്തെ ക്രിസ്ത്യാനികൾക്കുണ്ട്. അപ്പോസ്തലനായ പത്രൊസ് ഇങ്ങനെ എഴുതി: “കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ . . . ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.” (2 പത്രൊസ് 2:9, 10) ഒരു പ്രശ്നമോ പരിശോധനാത്മകമായ സാഹചര്യമോ നീക്കം ചെയ്യുന്നത് ഉചിതമാണെന്നു ദൈവം കണ്ടേക്കാം. പീഡനത്തിന് അവസാനം വന്നേക്കാം. ഇല്ലെങ്കിൽപോലും, തന്റെ ജനത്തിനു വിജയപ്രദമായി പരിശോധനകളെ സഹിച്ചുനിൽക്കാൻ കഴിയേണ്ടതിന് ‘പോക്കുവഴി ഉണ്ടാക്കാനും’ അവനറിയാം. ആവശ്യമായിവരുമ്പോൾ, ‘സാധാരണയിൽ കവിഞ്ഞ ശക്തി’ പോലും യഹോവ തരുന്നു.—1 കൊരിന്ത്യർ 10:13; 2 കൊരിന്ത്യർ 4:7, NW.
“തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കു”ന്നവനായ യഹോവ തന്റെ വിശ്വസ്ത ദാസന്മാരെ നിത്യജീവൻകൊണ്ട് അനുഗ്രഹിക്കും. (എബ്രായർ 11:6) അവരിൽ ബഹുഭൂരിപക്ഷത്തെയും സംബന്ധിച്ചിടത്തോളം, അതു ഭൗമിക പറുദീസയിലെ അനന്തജീവനായിരിക്കും. അതുകൊണ്ട്, ഹാനോക്കിനെപ്പോലെ നമുക്കു ദൈവസന്ദേശം നിർഭയം ഘോഷിക്കാം. സകല പ്രയാസഘട്ടങ്ങളിലും നമുക്കു വിശ്വാസത്തോടെ അതു ചെയ്യാം.
[അടിക്കുറിപ്പുകൾ]
a ഹാനോക്ക് ജനിച്ചപ്പോൾ ആദാമിന് 622 വയസ്സുണ്ടായിരുന്നു. ആദാമിന്റെ മരണശേഷം ഏതാണ്ട് 57 വർഷം ഹാനോക്ക് ജീവിച്ചിരുന്നു. അതിനാൽ, അവരുടെ ആയുഷ്കാലങ്ങൾ ഗണ്യമായ ഒരു കാലഘട്ടം ഇഴകോർത്തു കിടന്നിരുന്നു.
b എബ്രായർ 12:1-ലെ ‘സാക്ഷികൾ’ എന്ന പരിഭാഷ മാർത്തിസ് എന്ന ഗ്രീക്കു പദത്തിൽനിന്നു വരുന്നതാണ്. വ്യൂസ്റ്റിന്റെ ഗ്രീക്കു പുതിയ നിയമത്തിൽനിന്നുള്ള പദപഠനങ്ങൾ (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, ഈ പദം “താൻ കണ്ടിട്ടുള്ളതോ കേട്ടിട്ടുള്ളതോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ അറിഞ്ഞിട്ടുള്ളതോ ആയ കാര്യം സാക്ഷ്യപ്പെടുത്തുകയോ സാക്ഷ്യപ്പെടുത്താൻ കഴിയുകയോ ചെയ്യുന്ന ഒരുവൻ” എന്നു സൂചിപ്പിക്കുന്നു. “വ്യക്തിപരമായ അനുഭവത്തിൽനിന്നും . . . സത്യങ്ങളെയും വീക്ഷണങ്ങളെയും സംബന്ധിച്ചുള്ള ബോധ്യത്തിൽനിന്നും” സംസാരിക്കുന്നവൻ എന്ന അർഥമാണ് ആ പദത്തിനുള്ളതെന്ന് നൈജൽ ടേണറിന്റെ കൃതിയായ ക്രിസ്തീയ പദങ്ങൾ (ഇംഗ്ലീഷ്) പറയുന്നു.
[30-ാം പേജിലെ ചതുരം]
ദൈവനാമം ദുഷിക്കപ്പെടുന്നു
ഹാനോക്കിന് ഏതാണ്ട് നാലു നൂറ്റാണ്ടു മുമ്പ്, ആദാമിന്റെ പൗത്രനായ എനോശ് ജനിച്ചു. “ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി” എന്ന് ഉല്പത്തി 4:26 പറയുന്നു. യഹോവയുടെ നാമത്തെ “ദുഷിപ്പിക്കത്തക്കവിധം” വിളിച്ചു“തുടങ്ങി” അല്ലെങ്കിൽ “അപ്പോൾ ദുഷിപ്പിക്കൽ തുടങ്ങി” എന്നാണ് ആ വാക്യം വായിക്കേണ്ടതെന്ന് ചില എബ്രായഭാഷാ പണ്ഡിതന്മാർ വിശ്വസിക്കുന്നു. ആ ചരിത്രകാലഘട്ടത്തെക്കുറിച്ച് യെരൂശലേം തർഗം ഇങ്ങനെ പറയുന്നു: “ആളുകൾ തെറ്റു ചെയ്യാൻ തുടങ്ങിയ, തങ്ങളെത്തന്നെ വിഗ്രഹങ്ങളാക്കാൻ തുടങ്ങിയ, കർത്താവിന്റെ വചനത്തിന്റെ നാമം വിഗ്രഹങ്ങൾക്കു കുടുംബനാമമായി ഇട്ട തലമുറയായിരുന്നു അത്.”
എനോശിന്റെ കാലത്ത് യഹോവയുടെ നാമം വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നു. ആളുകൾ ദിവ്യനാമം തങ്ങൾക്കുതന്നെയിടുകയോ മറ്റുള്ളവർക്ക് ആ നാമം നൽകിയിട്ട് അവരിലൂടെ ആരാധനയിൽ യഹോവയാം ദൈവത്തെ സമീപിക്കുന്നതായി ഭാവിക്കുകയോ ചെയ്തിരിക്കാനാണു സാധ്യത. അല്ലെങ്കിൽ അവർ ദിവ്യനാമം വിഗ്രഹങ്ങൾക്ക് ഇട്ടിരിക്കാം. സംഗതി എന്തായാലും, വിഗ്രഹാരാധനയാകുന്ന കെണിയിൽ മനുഷ്യരാശിയെ സമർഥമായി കുടുക്കാൻ പിശാചായ സാത്താനു കഴിഞ്ഞു. ഹാനോക്ക് ജനിച്ചപ്പോഴേക്കും സത്യാരാധന വിരളമായിക്കഴിഞ്ഞിരുന്നു. സത്യമനുസരിച്ച് ജീവിക്കുകയും അതു പ്രസംഗിക്കുകയും ചെയ്ത ഹാനോക്കിനെപ്പോലുള്ള ഏതൊരാൾക്കും ജനപ്രീതിയില്ലായിരുന്നു, അതുകൊണ്ടുതന്നെ പീഡനത്തിനു പാത്രവുമായിരുന്നു.—മത്തായി 5:11, 12 താരതമ്യം ചെയ്യുക.
[31-ാം പേജിലെ ചതുരം]
ഹാനോക്ക് സ്വർഗത്തിൽ പോയോ?
‘വിശ്വാസത്താൽ ഹാനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു.’ എബ്രായർ 11:5-ന്റെ ഈ ഭാഗം പരിഭാഷപ്പെടുത്തുമ്പോൾ, ചില ബൈബിൾ വിവർത്തനങ്ങൾ സൂചിപ്പിക്കുന്നത് ഹാനോക്ക് വാസ്തവത്തിൽ മരിച്ചില്ല എന്നാണ്. ഉദാഹരണത്തിന്, ജയിംസ് മോഫറ്റിന്റെ ബൈബിളിന്റെ ഒരു പുതിയ വിവർത്തനം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “ഹാനോക്ക് ഒരിക്കലും മരിക്കാതിരിക്കാൻ അവൻ വിശ്വാസത്താൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു.”
എന്നിരുന്നാലും, ഹാനോക്കിന്റെ നാളിന് ഏതാണ്ട് 3,000 വർഷങ്ങൾക്കുശേഷം യേശുക്രിസ്തു ഇങ്ങനെ പ്രസ്താവിച്ചു: ‘സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.’ (യോഹന്നാൻ 3:13) ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ ഇങ്ങനെ വായിക്കുന്നു: “സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നവനായ മനുഷ്യപുത്രൻ ഒഴികെ ആരും സ്വർഗത്തിലേക്കു കയറിപ്പോയിട്ടില്ല.” യേശു ആ പ്രസ്താവന നടത്തിയപ്പോൾ, അവൻപോലും സ്വർഗത്തിലേക്കു കയറിപ്പോയിരുന്നില്ല.—ലൂക്കൊസ് 7:28 താരതമ്യം ചെയ്യുക.
ക്രിസ്തീയപൂർവ സാക്ഷികളുടെ വലിയ സമൂഹത്തിൽപ്പെട്ട ഹാനോക്കും മറ്റുള്ള “എല്ലാവരും” “വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ” “മരിച്ചു” എന്ന് അപ്പോസ്തലനായ പൗലൊസ് പ്രസ്താവിക്കുന്നു. (എബ്രായർ 11:13, 39) എന്തുകൊണ്ട്? കാരണം, ഹാനോക്ക് ഉൾപ്പെടെയുള്ള എല്ലാ മനുഷ്യരും ആദാമിൽനിന്നു പാപം അവകാശപ്പെടുത്തിയിരിക്കുന്നു. (സങ്കീർത്തനം 51:5; റോമർ 5:12) രക്ഷയുടെ ഒരേ ഒരു മാർഗം തുറക്കപ്പെട്ടിരിക്കുന്നതു ക്രിസ്തുയേശുവിന്റെ മറുവിലയാഗത്തിലൂടെയാണ്. (പ്രവൃത്തികൾ 4:12; 1 യോഹന്നാൻ 2:1, 2) ഹാനോക്കിന്റെ നാളിൽ ആ മറുവില നൽകപ്പെട്ടിരുന്നില്ല. അതുകൊണ്ട്, ഹാനോക്ക് സ്വർഗത്തിൽ പോയില്ല. എന്നാൽ അവൻ ഭൂമിയിലെ പുനരുത്ഥാനം കാത്തുകൊണ്ടു മരണനിദ്രയിലാണ്.—യോഹന്നാൻ 5:28, 29.
[29-ാം പേജിലെ ചിത്രത്തിന് കടപ്പാട]
പകർപ്പെടുത്തിരിക്കുന്ന ഗ്രന്ഥം: Illustrirte Pracht - Bibel/ Heilige Schrift des Alten und Neuen Testaments, nach der deutschen Uebersetzung D. Martin Luther’s