തളർന്നു പിന്മാറരുത്!
“നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.”—ഗലാത്യർ 6:9.
1, 2. (എ) ഒരു സിംഹം ഏതെല്ലാം വിധങ്ങളിലാണ് ഇരപിടിക്കുന്നത്? (ബി) പ്രത്യേകിച്ചും ആരെ ഇരയാക്കുന്നതിലാണു പിശാച് തത്പരനായിരിക്കുന്നത്?
ഒരു സിംഹം നാനാവിധങ്ങളിൽ ഇരപിടിക്കുന്നു. ചിലപ്പോഴൊക്കെ അത് വെള്ളം തളംകെട്ടിക്കിടക്കുന്നിടത്തോ നടപ്പാതകൾക്കരികിലോ പതിയിരുന്ന് ഇരയെ പിടിക്കുന്നു. എന്നാൽ മറ്റുചിലപ്പോൾ ഒരു സിംഹം “കേവലം ഒരു സാഹചര്യത്തെ മുതലെടുക്കുന്നു—ഉദാഹരണത്തിന്, ഉറങ്ങിക്കിടക്കുന്ന ഒരു വരയൻകുതിരക്കുട്ടിയുടെ മേൽ ചാടിവീഴുന്നു” എന്ന് പോർട്ട്രേറ്റ്സ് ഇൻ ദ വൈൽഡ് എന്ന പുസ്തകം പറയുന്നു.
2 നമ്മുടെ “പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു” എന്ന് അപ്പോസ്തലനായ പത്രോസ് വിശദീകരിക്കുന്നു. (1 പത്രൊസ് 5:8) അൽപ്പസമയമേ തനിക്ക് അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞുകൊണ്ട്, യഹോവയെ സേവിക്കുന്നതിൽനിന്നു മനുഷ്യരെ അകറ്റാൻ സാത്താൻ അങ്ങേയറ്റം സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, ഈ “അലറുന്ന സിംഹം” യഹോവയുടെ ദാസരെ ഇരയാക്കുന്നതിൽ പ്രത്യേകം തത്പരനാണ്. (വെളിപ്പാടു 12:12, 17) അവന്റെ ഇരപിടിക്കൽ രീതികൾ മൃഗലോകത്തുള്ള തന്റെ പ്രതിരൂപത്തിനു സമാനമാണ്. അതെങ്ങനെ?
3, 4. (എ) യഹോവയുടെ ദാസരെ ഇരയാക്കുന്നതിനു സാത്താൻ ഉപയോഗിക്കുന്ന രീതികൾ ഏവ? (ബി) ഇത് ഇടപെടാൻ പ്രയാസമേറിയ “ദുർഘടസമയങ്ങ”ൾ ആയതിനാൽ എന്തു ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്?
3 നാം യഹോവയെ സേവിക്കുന്നതു നിർത്തിക്കളയുന്നതിന്, നമ്മുടെ നിർമലതയെ തകർക്കാനുള്ള ലക്ഷ്യത്തിൽ പീഡനമോ എതിർപ്പോ ഇളക്കിവിട്ടുകൊണ്ട്, ചിലപ്പോഴൊക്കെ സാത്താൻ പതിയിരുന്നു പിടിക്കാൻ ശ്രമിക്കുന്നു. (2 തിമൊഥെയൊസ് 3:12) എന്നാൽ മറ്റു സമയങ്ങളിൽ പിശാച് സിംഹത്തെപ്പോലെ കേവലം ഒരു സാഹചര്യത്തെ മുതലെടുക്കുന്നു. നാം നിരുത്സാഹപ്പെടുകയോ തളരുകയോ ചെയ്യുന്നതുവരെ അവൻ കാത്തിരിക്കുന്നു. എന്നിട്ട്, നാം തളർന്നു പിന്മാറത്തക്കവിധം നമ്മുടെ തകർന്ന വൈകാരിക അവസ്ഥയെ അവൻ മുതലെടുക്കുന്നു. നാം എളുപ്പത്തിൽ അവന് ഇരയാകാൻ പാടില്ല!
4 എങ്കിലും, മുഴു മാനവ ചരിത്രത്തിലെയും ഏറ്റവും ദുഷ്കരമായ കാലഘട്ടത്തിലാണു നാം ഇന്നു ജീവിക്കുന്നത്. ഇടപെടാൻ പ്രയാസമേറിയ ഈ “ദുർഘടസമയങ്ങ”ളിൽ നമ്മിലനേകർക്കും ചിലപ്പോഴൊക്കെ നിരുത്സാഹമോ വിഷാദമോ അനുഭവപ്പെട്ടെന്നുവരാം. (2 തിമൊഥെയൊസ് 3:1) അപ്പോൾ, പിശാചിന് എളുപ്പത്തിൽ ഇരയാകത്തക്കവിധം ക്ഷീണിതരാകുന്നതു നമുക്കെങ്ങനെ ഒഴിവാക്കാൻ കഴിയും? അതേ, “നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും” എന്ന പൗലോസ് അപ്പോസ്തലന്റെ നിശ്വസ്ത ബുദ്ധ്യുപദേശം നമുക്കെങ്ങനെ പിൻപറ്റാൻ കഴിയും?—ഗലാത്യർ 6:9.
മറ്റുള്ളവർ നമ്മെ നിരാശപ്പെടുത്തുമ്പോൾ
5. ദാവീദിനെ തളർന്നുപോകാൻ ഇടയാക്കിയതെന്ത്, എന്നാൽ അവൻ എന്തു ചെയ്തില്ല?
5 ബൈബിൾ കാലങ്ങളിൽ യഹോവയുടെ ഏറ്റവും വിശ്വസ്ത ദാസർക്കുപോലും ചിലപ്പോഴൊക്കെ ഹൃദയഭാരം അനുഭവപ്പെട്ടിട്ടുണ്ടാകാം. “എന്റെ ഞരക്കംകൊണ്ടു ഞാൻ തകർന്നിരിക്കുന്നു; രാത്രി മുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു. ദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു” എന്നു സങ്കീർത്തനക്കാരനായ ദാവീദ് എഴുതി. ദാവീദിന് അങ്ങനെ തോന്നിയതെന്തുകൊണ്ടാണ്? “എന്റെ സകലവൈരികളും ഹേതുവായി” എന്ന് അവൻ വിശദീകരിച്ചു. മറ്റുള്ളവരുടെ വേദനാജനകമായ പ്രവൃത്തികൾ ദാവീദിനു ഹൃദയവേദന വരുത്തിയതുകൊണ്ട് അവന്റെ കണ്ണുനീർ തോരാതെ ഒഴുകി. എന്നിട്ടും, സഹമനുഷ്യർ തന്നോടു ചെയ്ത കാര്യങ്ങൾ നിമിത്തം ദാവീദ് യഹോവയെ വിട്ടകന്നില്ല.—സങ്കീർത്തനം 6:6-9.
6. (എ) മറ്റുള്ളവരുടെ വാക്കുകളും പ്രവൃത്തികളും നമ്മെ എങ്ങനെ ബാധിച്ചേക്കാം? (ബി) ചിലർ തങ്ങളെത്തന്നെ എളുപ്പത്തിൽ പിശാചിന് ഇരയാക്കുന്നതെങ്ങനെ?
6 സമാനമായി, മറ്റുള്ളവരുടെ വാക്കുകളും പ്രവൃത്തികളും അത്യന്തം ഹൃദയവേദനയോടെ നാം തളർന്നുപോകാൻ ഇടവരുത്തിയേക്കാം. “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു” എന്നു സദൃശവാക്യങ്ങൾ 12:18 പറയുന്നു. ചിന്തയില്ലാത്തയാൾ ഒരു ക്രിസ്തീയ സഹോദരനോ സഹോദരിയോ ആയിരിക്കുമ്പോൾ ‘കുത്തുമ്പോഴത്തെ മുറിവ്’ ആഴമുള്ളതായിത്തീർന്നേക്കാം. ഒരുപക്ഷേ അമർഷം ഊട്ടിവളർത്തി, നീരസപ്പെടുന്നതിനായിരിക്കും മനുഷ്യൻ പ്രവണത കാട്ടുക. നിർദയമോ നീതിരഹിതമോ ആയിട്ടു നമ്മോടു പെരുമാറിയതായി നമുക്കു തോന്നുന്നപക്ഷം അതു പ്രത്യേകിച്ചും സത്യമാണ്. തെറ്റുചെയ്തയാളോടു സംസാരിക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം; നാം മനപ്പൂർവം അയാളെ അല്ലെങ്കിൽ അവളെ ഒഴിവാക്കിയെന്നുപോലും വരാം. അമർഷത്താലുണ്ടാകുന്ന ഹൃദയഭാരത്താൽ ചിലർ തളർന്നു പിന്മാറുകയും ക്രിസ്തീയ യോഗങ്ങൾക്കു വരുന്നതു നിർത്തിക്കളയുകയും ചെയ്തിരിക്കുന്നു. തന്നിമിത്തം, തങ്ങളെ മുതലെടുത്തുകൊണ്ട് എളുപ്പത്തിൽ ഇരയാക്കുന്നതിന് അവർ “പിശാചിന്നു ഇടം കൊടു”ക്കുകയാണെന്നതു ദുഃഖകരംതന്നെ.—എഫെസ്യർ 4:27.
7. (എ) മറ്റുള്ളവർ നമ്മെ നിരാശപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യുമ്പോൾ പിശാചിന്റെ കൈകളിലെ കളിപ്പാട്ടങ്ങളാകുന്നതു നമുക്കെങ്ങനെ ഒഴിവാക്കാം? (ബി) നാം അമർഷം വെടിയേണ്ടത് എന്തുകൊണ്ട്?
7 മറ്റുള്ളവർ നമ്മെ നിരാശപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യുമ്പോൾ പിശാചിന്റെ കൈകളിലെ കളിപ്പാട്ടങ്ങളാകുന്നതു നമുക്കെങ്ങനെ ഒഴിവാക്കാം? അമർഷം ഊട്ടിവളർത്താതിരിക്കാൻ നാം ശ്രമിക്കണം. അതിനുപകരം, എത്രയും പെട്ടെന്നു സമാധാനം പുനഃസ്ഥാപിക്കുന്നതിനോ കാര്യങ്ങൾ ഒത്തുതീർപ്പാക്കുന്നതിനോ മുൻകയ്യെടുക്കുക. (എഫെസ്യർ 4:26) “ആർക്കെങ്കിലും മറ്റൊരുവനോടു പരാതിക്കു കാരണമുണ്ടെങ്കിൽ സൗജന്യമായി അന്യോന്യം പൊറുക്കുന്നതിൽ . . . തുടരുക” എന്നു കൊലോസ്യർ 3:13 [NW] നമ്മെ പ്രേരിപ്പിക്കുന്നു. തെറ്റുകാരൻ തന്റെ തെറ്റു സമ്മതിക്കുകയും അതേപ്പറ്റി ഖേദിക്കുകയും ചെയ്യുമ്പോൾ ക്ഷമിക്കുന്നതു തികച്ചും ഉചിതമാണ്. (സങ്കീർത്തനം 32:3-5-ഉം സദൃശവാക്യങ്ങൾ 28:13-ഉം താരതമ്യം ചെയ്യുക.) എങ്കിലും, ക്ഷമിക്കുകയെന്നാൽ മറ്റുള്ളവരുടെ തെറ്റുകളെ അവഗണിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുകയെന്നല്ല അർഥമെന്നു മനസ്സിൽ പിടിക്കുന്നതു നമുക്കു സഹായകമായിരിക്കും. അമർഷം വെടിയുന്നതു ക്ഷമിക്കുന്നതിൽ ഉൾപ്പെടുന്നു. അമർഷം ഒരു ഭാരിച്ച ചുമടാണ്. അതിനു നമ്മുടെ നിനവുകളെ വിഴുങ്ങിക്കളയുന്നതിനും സന്തോഷത്തെ അപഹരിക്കുന്നതിനും കഴിയും. അതു നമ്മുടെ ആരോഗ്യത്തെപ്പോലും ബാധിച്ചേക്കാം. നേരേമറിച്ച്, ഉചിതമായിരിക്കുന്നിടത്തു ക്ഷമിക്കുന്നതു നമ്മുടെ പ്രയോജനത്തിൽ കലാശിക്കും. ദാവീദിനെപ്പോലെ നമുക്കും, മറ്റുള്ളവർ നമ്മോടു പറയുകയോ ചെയ്യുകയോ ചെയ്തിട്ടുള്ള കാര്യങ്ങളുടെ പേരിൽ ഒരിക്കലും തളർന്നുപിന്മാറുകയോ യഹോവയെ വിട്ടകലുകയോ ചെയ്യാതിരിക്കാം!
നമുക്കു വീഴ്ചഭവിക്കുമ്പോൾ
8. (എ) ചിലർക്കു ചിലപ്പോൾ വളരെ കുറ്റബോധം തോന്നാൻ കാരണമെന്ത്? (ബി) തളർന്നുപിന്മാറത്തക്കവിധം കുറ്റബോധം നമ്മെ വിഴുങ്ങാൻ നാം ഇടനൽകുന്നതിൽ എന്ത് അപകടമാണുള്ളത്?
8 “നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു” എന്നു യാക്കോബ് 3:2 പറയുന്നു. തെറ്റിപ്പോകുമ്പോൾ കുറ്റബോധം തോന്നുക സ്വാഭാവികം മാത്രമാണ്. (സങ്കീർത്തനം 38:3-8) നാം ഒരു ജഡിക ബലഹീനതയോടു പോരാടുകയും ഇടയ്ക്കിടെ തിരിച്ചടികൾ ഉണ്ടാകുകയുമാണെങ്കിൽ കുറ്റബോധം വളരെ ശക്തമായിരിക്കാം.a അത്തരമൊരു പോരാട്ടത്തെ അഭിമുഖീകരിച്ച ഒരു ക്രിസ്ത്യാനി ഇങ്ങനെ വിശദീകരിച്ചു: “പൊറുക്കാനാവാത്ത തെറ്റാണോ ചെയ്തത് എന്നു തിട്ടമില്ലാതെ ജീവിതം തുടരാൻ ഞാൻ ആഗ്രഹിച്ചില്ല. ഒരുപക്ഷേ പ്രത്യാശയ്ക്കു വകയില്ലാതവണ്ണം ഏറെ വൈകിപ്പോയിരിക്കാമെന്നതുകൊണ്ട് യഹോവയുടെ സേവനത്തിൽ ഇനി കഠിനശ്രമം ചെലുത്തേണ്ടതില്ലെന്നും എനിക്കു തോന്നി.” തളർന്നുപിന്മാറത്തക്കവിധം കുറ്റബോധം നമ്മെ വിഴുങ്ങാൻ നാം അനുവദിക്കുമ്പോൾ പിശാചിന് അവസരം തുറന്നുകൊടുക്കുകയാണ്. അവൻ ഉടനടി അവസരം മുതലെടുത്തേക്കാം! (2 കൊരിന്ത്യർ 2:5-7, 11) കുറ്റബോധം സംബന്ധിച്ചു കൂടുതൽ സന്തുലിതമായ ഒരു വീക്ഷണമായിരിക്കാം വേണ്ടിയിരിക്കുന്നത്.
9. നമുക്ക് ദൈവത്തിന്റെ കരുണയിൽ ദൃഢവിശ്വാസം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
9 തെറ്റു ചെയ്യുമ്പോൾ ഒരളവോളം കുറ്റബോധം തോന്നുന്നത് ഉചിതമാണ്. എന്നാൽ ചിലപ്പോഴൊക്കെ ഒരു ക്രിസ്ത്യാനി താൻ ദൈവകരുണയ്ക്കു യോഗ്യനല്ലെന്നു ചിന്തിക്കുന്നതു നിമിത്തം കുറ്റബോധം അയാളെ വിടാതെ പിടികൂടുന്നു. എങ്കിലും, “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” എന്നു ബൈബിൾ നമുക്ക് ഊഷ്മളമായ ഉറപ്പേകുന്നു. (1 യോഹന്നാൻ 1:9) നമ്മുടെ കാര്യത്തിൽ ദൈവം അതു ചെയ്യുകയില്ലെന്നു വിശ്വസിക്കാൻ എന്തെങ്കിലും ന്യായമായ കാരണമുണ്ടോ? താൻ “ക്ഷമിക്കുന്ന”വനാണെന്നു യഹോവ തന്റെ വചനത്തിൽ പറയുന്നുവെന്ന് ഓർക്കുക. (സങ്കീർത്തനം 86:5; 130:3, 4) അവനു നുണപറയാൻ കഴിയുകയില്ലാത്തതുകൊണ്ട്, അനുതാപമുള്ള ഒരു ഹൃദയത്തോടെ നാം അവന്റെ മുമ്പാകെ വരുന്നുവെങ്കിൽ, തന്റെ വചനത്തിൽ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ അവൻ ചെയ്യും.—തീത്തൊസ് 1:2.
10. ഒരു ജഡിക ബലഹീനതയോടു പോരാടുന്നതു സംബന്ധിച്ച് ഹൃദയോഷ്മളമായ എന്ത് ഉറപ്പാണ് ഒരു മുൻ വീക്ഷാഗോപുരം പ്രസിദ്ധീകരിച്ചത്?
10 ഒരു ബലഹീനതയുമായി മല്ലിടുകയും അതിലേക്കു വീണ്ടും വഴുതിവീഴുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? തളർന്നു പിന്മാറരുത്! ഒരിക്കൽ വഴുതിവീണെന്നു കരുതി നിങ്ങൾ ഇതിനോടകം വരുത്തിയ പുരോഗതി നഷ്ടമാകണമെന്നു നിർബന്ധമില്ല. ഈ പത്രികയുടെ 1954 ഫെബ്രുവരി 15 ലക്കം (ഇംഗ്ലീഷ്) ഈ ഹൃദയോഷ്മളമായ ഉറപ്പേകി: “നമ്മുടെ മുൻജീവിതരീതിയിൽ നാം തിരിച്ചറിഞ്ഞിരുന്നതിലധികം ആഴത്തിൽ വേരൂന്നിയിരുന്ന ഏതെങ്കിലും മോശമായ ശീലത്തെക്കുറിച്ച് ഓർത്തോർത്ത് അനേകം തവണ ഇടറി വീഴുന്നതായി നാം കണ്ടെത്തിയേക്കാം. . . . നിരാശപ്പെടരുത്. പൊറുക്കാനാവാത്ത പാപം ചെയ്തുവെന്ന നിഗമനത്തിലെത്തരുത്. നിങ്ങൾ അങ്ങനെ ന്യായവാദം ചെയ്യാൻ തന്നെയാണു സാത്താൻ ആഗ്രഹിക്കുന്നത്. നിങ്ങൾക്കു ദുഃഖവും ബുദ്ധിമുട്ടും അനുഭവപ്പെടുന്നുവെന്ന വസ്തുതതന്നെ നിങ്ങൾ അങ്ങേയറ്റം പോയിട്ടില്ലെന്നതിന്റെ തെളിവാണ്. താഴ്മയോടും ആത്മാർഥതയോടും കൂടെ ദൈവത്തിങ്കലേക്കു തിരിഞ്ഞ് അവന്റെ ക്ഷമയും ശുദ്ധീകരണവും സഹായവും തേടുന്നതിൽ മടുത്തുപോകരുത്. ബുദ്ധിമുട്ടനുഭവപ്പെടുമ്പോൾ ഒരു കുട്ടി പിതാവിനെ സമീപിക്കുന്നതുപോലെ അവനെ സമീപിക്കുക. ഒരേ ബലഹീനത സംബന്ധിച്ച് എത്ര കൂടെക്കൂടെ യഹോവയെ സമീപിച്ചാലും തന്റെ അനർഹദയ നിമിത്തം അവൻ കൃപാപൂർവം നിങ്ങളെ സഹായിക്കും. നിങ്ങൾ ആത്മാർഥതയുള്ളവനാണെങ്കിൽ ഒരു ശുദ്ധമനഃസാക്ഷി ലഭിച്ചിരിക്കുന്നതായി നിങ്ങൾ തിരിച്ചറിയാൻ അവൻ ഇടയാക്കുകയും ചെയ്യും.”
നാം വേണ്ടുവോളം ചെയ്യുന്നില്ലെന്നു നമുക്കു തോന്നുമ്പോൾ
11. (എ) രാജ്യപ്രസംഗവേലയിൽ പങ്കെടുക്കുന്നതു സംബന്ധിച്ചു നമുക്ക് എങ്ങനെ തോന്നേണ്ടതുണ്ട്? (ബി) ശുശ്രൂഷയിൽ പങ്കെടുക്കുന്നതു സംബന്ധിച്ച എന്തു മനോഗതവുമായാണു ചില ക്രിസ്ത്യാനികൾ പോരാടുന്നത്?
11 രാജ്യപ്രസംഗ വേല ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ പ്രമുഖ പങ്കുവഹിക്കുന്നു. അതിൽ പങ്കുപറ്റുന്നതു സന്തുഷ്ടി കൈവരുത്തുന്നു. (സങ്കീർത്തനം 40:8) എങ്കിലും, ശുശ്രൂഷയിൽ അധികം ചെയ്യാൻ കഴിയാത്തതുകൊണ്ടു ചില ക്രിസ്ത്യാനികൾക്കു വളരെ കുറ്റബോധം തോന്നുന്നു. അത്തരം കുറ്റബോധത്തിനു നമ്മുടെ സന്തോഷത്തെ കവർന്നുകളയാൻ കഴിയും. നാം ഒരിക്കലും വേണ്ടുവോളം ചെയ്യുന്നില്ലെന്നു യഹോവക്കു തോന്നുന്നതായി വിഭാവനം ചെയ്തുകൊണ്ടു തളർന്നു പിന്മാറാൻ ഇടയാക്കുന്നതിനുപോലും അതിനു കഴിയും. ചിലർക്കു പോരാട്ടമുള്ള തോന്നലുകൾ പരിചിന്തിക്കുക.
ഭർത്താവോടൊപ്പം മൂന്നു കുട്ടികളെ വളർത്തുന്ന ഒരു ക്രിസ്തീയ സഹോദരി ഇങ്ങനെ എഴുതി: “ദാരിദ്ര്യം എത്രമാത്രം സമയം കവർന്നുകളയുന്നുവെന്നു നിങ്ങൾക്കറിയാമോ? ലുബ്ധിക്കാൻ കഴിയുന്നിടത്തോളം ഞാൻ അങ്ങനെ ചെയ്യേണ്ടിയിരിക്കുന്നു. രണ്ടാംകിട സാധനങ്ങൾ ലഭിക്കുന്ന കടകളും പഴയ സാമാനങ്ങൾ കുറഞ്ഞവിലയ്ക്കു വിൽക്കുന്ന കടകളും അരിച്ചുപെറുക്കുകയോ തുണികൾ തയ്ക്കുകയോ ചെയ്തുകൊണ്ടു സമയം ചെലവിടണമെന്നാണ് അതിന്റെയർഥം. കൂടാതെ, [ഭക്ഷ്യവസ്തുക്കൾ ഇളവിൽ കിട്ടുന്നതിനുള്ള] കൂപ്പണുകൾ കീറി, മിനുക്കിയെടുത്തു വിൽക്കുന്ന തൊഴിലിലും ഒന്നോ രണ്ടോ മണിക്കൂർ ആഴ്ചതോറും ഞാൻ ചെലവഴിക്കുന്നു. ഈ ജോലികളിലേർപ്പെടുന്ന സമയമെല്ലാം വയൽസേവനത്തിനു ചെലവിടേണ്ടതാണല്ലോ എന്നു ചിന്തിച്ചു ചിലപ്പോഴൊക്കെ എനിക്കു വളരെയധികം കുറ്റബോധം തോന്നാറുണ്ട്.”
നാലു മക്കളും അവിശ്വാസിയായ ഭർത്താവുമുള്ള ഒരു സഹോദരി എഴുതി: “ഞാൻ യഹോവയെ വേണ്ടത്ര സ്നേഹിക്കുന്നില്ലെന്നു ധരിച്ചു. തന്മൂലം ഞാൻ യഹോവക്കുള്ള എന്റെ സേവനത്തിൽ വളരെ പാടുപെട്ടു. വാസ്തവത്തിൽ ഞാൻ കഠിനമായി ശ്രമിച്ചു, എന്നാൽ അത്രയും മതിയെന്ന് എനിക്ക് ഒരിക്കലും തോന്നിയില്ല. നിങ്ങൾക്കറിയാമോ, എനിക്ക് ഒട്ടും ആത്മമൂല്യം തോന്നിയില്ല. തന്മൂലം യഹോവയ്ക്കെങ്ങനെ എന്റെ സേവനം എന്നെങ്കിലും സ്വീകരിക്കാനാവുമെന്ന് എനിക്ക് ഊഹിക്കാനും കഴിഞ്ഞില്ല.”
മുഴുസമയ സേവനം നിർത്തേണ്ടത് അത്യാവശ്യമെന്നു കണ്ടെത്തിയ ഒരു ക്രിസ്ത്യാനി ഇങ്ങനെ പറഞ്ഞു: “യഹോവയെ മുഴുസമയം സേവിക്കാനുള്ള എന്റെ പ്രതിബദ്ധതയിൽ പരാജയപ്പെടുകയാണെന്നുള്ള ആശയം എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എത്ര നിരുത്സാഹിതയായിരുന്നു ഞാനെന്നു നിങ്ങൾക്കു വിഭാവനം ചെയ്യാനാവില്ല! അതോർത്തു ഞാനിപ്പോൾ കരയുകയാണ്.”
12. ശുശ്രൂഷയിൽ തങ്ങൾക്കു കൂടുതൽ ചെയ്യാൻ കഴിയാത്തതിനാൽ ചില ക്രിസ്ത്യാനികൾക്കു വളരെ കുറ്റബോധം തോന്നുന്നതെന്തുകൊണ്ട്?
12 കഴിയുന്നതിന്റെ പരമാവധി യഹോവയെ സേവിക്കാനുള്ള ആഗ്രഹം സ്വാഭാവികം മാത്രമാണ്. (സങ്കീർത്തനം 86:12) എങ്കിലും, അധികം ചെയ്യാൻ കഴിയാതെവരുമ്പോൾ ചിലർക്കു കുറ്റബോധം തോന്നുന്നതെന്തുകൊണ്ടാണ്? ചിലരെ സംബന്ധിച്ചിടത്തോളം അത് ജീവിതത്തിലുണ്ടായ കയ്പേറിയ അനുഭവങ്ങളുടെ ഫലമായി, തന്നെ ഒന്നിനുംകൊള്ളുകയില്ലെന്ന പൊതു ധാരണയോടു ബന്ധപ്പെട്ടിരിക്കാം. മറ്റു ചിലപ്പോൾ അനുചിതമായ കുറ്റബോധത്തിനു കാരണം യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നതെന്താണെന്നതു സംബന്ധിച്ച അയഥാർഥ വീക്ഷണമായിരുന്നേക്കാം. “ക്ഷീണിച്ചവശയാകുന്നതുവരെ പ്രവർത്തിക്കാത്തപക്ഷം ഞാൻ വേണ്ടത്ര ചെയ്യുന്നില്ലെന്നായിരുന്നു എന്റെ ധാരണ” എന്ന് ഒരു ക്രിസ്ത്യാനി സമ്മതിച്ചുപറഞ്ഞു. തന്മൂലം, അവൾ തന്റെ കാര്യത്തിൽ അത്യധികം ഉയർന്ന നിലവാരം വച്ചു. എന്നിട്ട്, അത് എത്തിപ്പിടിക്കാൻ കഴിയാതെവന്നപ്പോൾ അവൾക്ക് അങ്ങേയറ്റം കുറ്റബോധം തോന്നി.
13. യഹോവ നമ്മിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്?
13 യഹോവ നമ്മിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്? ലളിതമായി പറഞ്ഞാൽ, സാഹചര്യം അനുവദിക്കുന്നതുപോലെ നാം യഹോവയെ മുഴു ദേഹിയോടെ സേവിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. (കൊലൊസ്സ്യർ 3:23) എന്നിരുന്നാലും, നാം ചെയ്യാൻ ഇഷ്ടപ്പെടുന്നതും നമുക്കു വാസ്തവത്തിൽ ചെയ്യാൻ കഴിയുന്നതും തമ്മിൽ വലിയ അന്തരം ഉണ്ടായിരുന്നേക്കാം. പ്രായം, ആരോഗ്യം, ശാരീരിക ബലം, കുടുംബ ഉത്തരവാദിത്വങ്ങൾ എന്നിങ്ങനെയുള്ള ഘടകങ്ങളാൽ നാം പരിമിതരാണെന്നുവരാം. എന്നുവരികിലും, നമ്മളാലാകുന്നതെല്ലാം ചെയ്യുമ്പോൾ യഹോവയ്ക്കുള്ള നമ്മുടെ സേവനം മുഴു ദേഹിയോടെയുള്ളതാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. അത് മുഴുസമയ ശുശ്രൂഷയിലായിരിക്കാൻ ആരോഗ്യവും സാഹചര്യവും അനുവദിക്കുന്ന ഒരുവന്റെ സേവനത്തെക്കാൾ കൂടിയ അല്ലെങ്കിൽ കുറഞ്ഞ അളവിലുള്ള മുഴു ദേഹിയോടെയുള്ള സേവനമായിരിക്കുന്നില്ല.—മത്തായി 13:18-23.
14. നിങ്ങളിൽനിന്ന് ഉചിതമായി എന്തു പ്രതീക്ഷിക്കണമെന്നു നിർണയിക്കാൻ സഹായം ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്കെന്തു ചെയ്യാവുന്നതാണ്?
14 അപ്പോൾപ്പിന്നെ, നിങ്ങളിൽനിന്ന് ഉചിതമായി എന്തു പ്രതീക്ഷിക്കണമെന്നു നിങ്ങൾക്കെങ്ങനെ നിർണയിക്കാൻ കഴിയും? നിങ്ങളുടെ പ്രാപ്തികളും പരിമിതികളും കുടുംബ ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് അറിയാവുന്ന, വിശ്വാസമർപ്പിക്കാവുന്ന പക്വമതിയായ ഒരു ക്രിസ്തീയ സുഹൃത്തുമായി കാര്യങ്ങൾ ചർച്ചചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചെന്നുവരാം. ഒരുപക്ഷേ അത് ഒരു മൂപ്പനോ അനുഭവപരിചയമുള്ള ഒരു സഹോദരിയോ ആയിരുന്നേക്കാം. (സദൃശവാക്യങ്ങൾ 15:22) ദൈവദൃഷ്ടിയിൽ നിങ്ങളുടെ മൂല്യം നിർണയിക്കപ്പെടുന്നത് ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾ വയൽശുശ്രൂഷയിൽ എത്രമാത്രം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ലെന്നത് ഓർക്കുക. യഹോവയുടെ എല്ലാ ദാസരും അവനു വിലയേറിയവരാണ്. (ഹഗ്ഗായി 2:7; മലാഖി 3:16, 17) നിങ്ങൾ പ്രസംഗവേലയിൽ ചെയ്യുന്നത് മറ്റുള്ളവർ ചെയ്യുന്നതിനെക്കാൾ കൂടുതലോ കുറവോ ആണെന്നുവരാം. എന്നാൽ അതു നിങ്ങളുടെ പരമാവധി ആയിരിക്കുന്നിടത്തോളം കാലം യഹോവ അതിൽ സന്തുഷ്ടനാണ്. നിങ്ങൾക്കു കുറ്റബോധം തോന്നേണ്ട യാതൊരു കാര്യവുമില്ല.—ഗലാത്യർ 6:4.
നമ്മിൽനിന്ന് അധികം ആവശ്യപ്പെടുമ്പോൾ
15. ഏതു വിധങ്ങളിലാണു സഭാമൂപ്പന്മാരിൽനിന്ന് അധികം ആവശ്യപ്പെട്ടിരിക്കുന്നത്?
15 “അധികം ലഭിച്ചവനിൽനിന്ന് അധികം ആവശ്യപ്പെടും” എന്ന് യേശു പറഞ്ഞു. (ലൂക്കാ 12:48, പി.ഒ.സി. ബൈബിൾ) സഭാമൂപ്പന്മാരായി സേവിക്കുന്നവരിൽനിന്നു തീർച്ചയായും ‘അധികം ആവശ്യപ്പെടുന്നു.’ പൗലോസിനെപ്പോലെ, അവർ സഭയ്ക്കുവേണ്ടി തങ്ങളെത്തന്നെ വിനിയോഗിക്കുന്നു. (2 കൊരിന്ത്യർ 12:15) അവർ പ്രസംഗങ്ങൾ തയ്യാറാക്കണം, ഇടയസന്ദർശനം നടത്തണം, നീതിന്യായ കേസുകൾ കൈകാര്യം ചെയ്യണം. തങ്ങളുടെ കുടുംബങ്ങളെ അവഗണിക്കാതെവേണം ഇതെല്ലാം ചെയ്യാൻ. (1 തിമൊഥെയൊസ് 3:4, 5) ചില മൂപ്പന്മാർ, രാജ്യഹാളുകളുടെ നിർമാണത്തിൽ സഹായിക്കുന്നതിലും ആശുപത്രി ഏകോപന സമിതിയിൽ സേവിക്കുന്നതിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സന്നദ്ധസേവകരായി പ്രവർത്തിക്കുന്നതിലും തിരക്കുള്ളവരാണ്. അത്തരം ഉത്തരവാദിത്വങ്ങളുടെ ഭാരത്താൽ തളർന്നുപോകാതിരിക്കാൻ കഠിനാധ്വാനികളായ ഈ അർപ്പിത പുരുഷന്മാർക്ക് എങ്ങനെ കഴിയും?
16. (എ) യിത്രോ മോശയ്ക്ക് എന്തു പ്രായോഗിക പരിഹാരമാണു നിർദേശിച്ചത്? (ബി) ഉചിതമായ ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നതിനു മൂപ്പന്മാരെ പ്രാപ്തരാക്കുന്ന ഗുണമെന്ത്?
16 വിനയവും താഴ്മയുമുള്ള ഒരു വ്യക്തിയായിരുന്ന മോശ മറ്റുള്ളവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തുചെയ്തു തളരവേ അവന്റെ അമ്മായിയപ്പൻ യിത്രോ ഒരു പ്രായോഗിക പരിഹാരം നിർദേശിച്ചു: യോഗ്യരായ മറ്റുള്ളവരുമായി ചില ഉത്തരവാദിത്വങ്ങൾ പങ്കിടുക. (പുറപ്പാടു 18:17-26; സംഖ്യാപുസ്തകം 12:3) “താഴ്മയുള്ളവരുടെ [“വിനയമുള്ളവരുടെ,” NW] പക്കലോ ജ്ഞാനമുണ്ടു” എന്നു സദൃശവാക്യങ്ങൾ 11:2 പറയുന്നു. വിനയമുള്ളവരായിരിക്കുക എന്നാൽ പരിമിതികൾ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നർഥം. മറ്റുള്ളവരെ ചുമതലയേൽപ്പിക്കുന്നതിനു വിനയമുള്ള ഒരുവനു മടിയില്ല. യോഗ്യതയുള്ള മറ്റു പുരുഷന്മാരുമായി ഉചിതമായ ഉത്തരവാദിത്വങ്ങൾ പങ്കിടുന്നതുകൊണ്ട് ഏതെങ്കിലും വിധത്തിൽ തനിക്കു നിയന്ത്രണം നഷ്ടമാകുമെന്ന ഭയവും അയാൾക്കില്ല.b (സംഖ്യാപുസ്തകം 11:16, 17, 26-29) അതിനുപകരം, പുരോഗമിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാൻ അയാൾ ഉത്സുകനാണ്.—1 തിമൊഥെയൊസ് 4:15.
17. (എ) സഭാംഗങ്ങൾക്കു മൂപ്പന്മാരുടെ ചുമട് എങ്ങനെ ലഘൂകരിക്കാവുന്നതാണ്? (ബി) മൂപ്പന്മാരുടെ ഭാര്യമാർ ചെയ്യുന്ന ത്യാഗങ്ങൾ ഏവ, നാം അവ നിസ്സാരമായെടുക്കുന്നില്ലെന്നു നമുക്കെങ്ങനെ അവരെ കാണിക്കാം?
17 മൂപ്പന്മാരുടെ ചുമടു ലഘുവാക്കുന്നതിനു സഭാംഗങ്ങൾക്കു ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയും. മൂപ്പന്മാർക്കു സ്വന്തം കുടുംബത്തെ പരിപാലിക്കേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞുകൊണ്ട് അവർ മൂപ്പന്മാരുടെ സമയവും ശ്രദ്ധയും അനാവശ്യമായി ആവശ്യപ്പെടുകയില്ല. ഭർത്താക്കന്മാരുടെ സമയം സഭയുടെ ആവശ്യത്തിനായി വിനിയോഗിക്കുന്നതിനു നിസ്വാർഥതാപൂർവം, മനസ്സൊരുക്കത്തോടെ വിട്ടുകൊടുക്കുന്ന മൂപ്പന്മാരുടെ ഭാര്യമാരുടെ ത്യാഗത്തെയും അവർ നിസ്സാരമായി കരുതുകയില്ല. ഭർത്താവു മൂപ്പനായി സേവിക്കുന്ന, മൂന്നു മക്കളുടെ അമ്മ ഇങ്ങനെ വിശദീകരിച്ചു: “ഭർത്താവിന് ഒരു മൂപ്പനെന്ന നിലയിൽ സേവനമനുഷ്ഠിക്കാൻ കഴിയേണ്ടതിനു കൂടുതലായ കുടുംബജോലികൾ മനസ്സൊരുക്കത്തോടെയും പരാതികൂടാതെയും ഞാൻ ചെയ്യുന്നു. അതേപ്പറ്റി ഞാൻ ഒരിക്കലും പരാതിപ്പെടാറില്ല. അദ്ദേഹത്തിന്റെ സേവനഫലമായി യഹോവയുടെ സമൃദ്ധമായ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിന്മേലുണ്ടെന്ന് എനിക്കറിയാം. അദ്ദേഹം നൽകുന്ന സമയത്തിൽ ഞാൻ അതൃപ്തി കാണിക്കാറില്ല. മിക്കപ്പോഴും വീടിനു പുറത്തുള്ള വേലയിലും കുട്ടികൾക്കു ശിക്ഷണം നൽകുന്നതിലും ഞാൻ അധികപങ്കു ചെയ്യേണ്ടിവരുന്നു. ഭർത്താവിനു തിരക്കില്ലായിരുന്നെങ്കിൽ ഞാൻ അത്രത്തോളം ചെയ്യേണ്ടതില്ലായിരുന്നു.” ആ സഹോദരിയുടെ കൂടുതലായ ചുമടിനെ വിലമതിക്കുന്നതിനു പകരം ചിലർ “നിങ്ങളെന്താ പയനിയറിങ് ചെയ്യാത്തത്?” എന്നതുപോലുള്ള ബുദ്ധിശൂന്യമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയതായി അവർ കണ്ടെത്തിയെന്നതു ദുഃഖകരമാണ്. (സദൃശവാക്യങ്ങൾ 12:18) മറ്റുള്ളവർ ചെയ്യുന്നതിനെ വിലമതിക്കുന്നത് അവർ ചെയ്യാത്തതിനെ വിമർശിക്കുന്നതിനെക്കാൾ എത്രയോ മെച്ചമാണ്!—സദൃശവാക്യങ്ങൾ 16:24; 25:11.
ഇതുവരെ അവസാനം വന്നെത്തിയിട്ടില്ലാത്തതിനാൽ
18, 19. (എ) ഇതു നിത്യജീവനുവേണ്ടിയുള്ള ഓട്ടം നിർത്താനുള്ള സമയമല്ലാത്തത് എന്തുകൊണ്ട്? (ബി) യെരുശലേമിലുള്ള ക്രിസ്ത്യാനികൾക്ക് അപ്പോസ്തലനായ പൗലോസ് കാലോചിതമായ എന്തു ബുദ്ധ്യുപദേശമാണു നൽകിയത്?
18 തന്റെ ദീർഘദൂര ഓട്ടം അവസാനിക്കാറായെന്ന് ഒരു ഓട്ടക്കാരൻ തിരിച്ചറിയുമ്പോൾ അവൻ തളർന്നു പിന്മാറുന്നില്ല. അവന്റെ ശരീരം ക്ഷീണിച്ചുതളർന്ന്, അത്യന്തം ഉഷ്ണിച്ച്, ജലാംശംവറ്റി, സഹിഷ്ണുതയുടെ വക്കിലെത്തിയിരിക്കാം. എന്നാൽ ഫിനിഷിങ് ലൈനിനോട് അടുത്തതുകൊണ്ട് അത് ഓട്ടം നിർത്താനുള്ള സമയമല്ല. സമാനമായി, ക്രിസ്ത്യാനികൾ എന്നനിലയിൽ നാം ജീവനുവേണ്ടിയുള്ള ഒരു ഓട്ടത്തിലാണ്, ഫിനിഷിങ് ലൈനിനോടു വളരെ അടുത്തുമാണ്. നാം ഓട്ടം നിർത്താനുള്ള സമയമല്ലിത്!—1 കൊരിന്ത്യർ 9:24; ഫിലിപ്പിയർ 2:16; 3:13, 14.
19 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ സമാനമായ സാഹചര്യത്തെ അഭിമുഖീകരിച്ചു. ഏതാണ്ട് പൊ.യു. (പൊതുയുഗം) 61-ൽ അപ്പോസ്തലനായ പൗലോസ് യെരുശലേമിലുള്ള ക്രിസ്ത്യാനികൾക്ക് എഴുതി. സമയം തീർന്നുകൊണ്ടിരിക്കുകയായിരുന്നു. വിശ്വാസത്യാഗം ഭവിച്ച യഹൂദ വ്യവസ്ഥിതിയുടെ ദുഷ്ട “തലമുറ” ഏതാണ്ട് ‘ഒഴിഞ്ഞുപോകു’ന്നതിനുള്ള സമയമായിരുന്നു അത്. യെരുശലേമിലുള്ള ക്രിസ്ത്യാനികൾ പ്രത്യേകിച്ചും ജാഗ്രതയും വിശ്വസ്തതയും ഉള്ളവരായിരിക്കണമായിരുന്നു; സൈന്യങ്ങൾ പട്ടണത്തെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അവർ അവിടെനിന്നു പലായനം ചെയ്യണമായിരുന്നു. (ലൂക്കൊസ് 21:20-24, 32) അപ്പോൾ, ‘മനോധൈര്യം അസ്തമിച്ച് നിങ്ങൾ തളർന്നുപോകാതിരിക്കു’വിൻ എന്ന പൗലോസിന്റെ നിശ്വസ്ത ബുദ്ധ്യുപദേശം കാലോചിതമായിരുന്നു. (ഹെബ്രായർ 12:3, പി.ഒ.സി. ബൈബിൾ) “മനോധൈര്യം അസ്തമിച്ച്,” (കാമ്നോ) ‘തളർന്നുപോകുക’ (എക്ലിയോമായ്) എന്നിങ്ങനെ സുവ്യക്തമായ രണ്ടു ക്രിയാപദങ്ങൾ അപ്പോസ്തലനായ പൗലോസ് ഇവിടെ ഉപയോഗിച്ചു. ബൈബിൾ പണ്ഡിതന്മാർ പറയുന്നതനുസരിച്ച്, ഈ ഗ്രീക്കു പദങ്ങൾ “ഫിനിഷിങ് ലൈൻ കടന്നശേഷം വിശ്രമിക്കുകയോ തളർന്നുവീഴുകയോ ചെയ്യുന്ന ഓട്ടക്കാരെ സൂചിപ്പിക്കാൻ അരിസ്റ്റോട്ടിൽ ഉപയോഗിച്ചിരുന്നവയാണ്. [പൗലോസിന്റെ ലേഖനത്തിന്റെ] വായനക്കാർ അപ്പോഴും ഓട്ടത്തിലായിരുന്നു. അവർ ഇടക്കാലത്തു തളർന്നു പിന്മാറരുത്. ക്ഷീണം നിമിത്തം ബോധംകെട്ടു വീഴുന്നതിന് അവർ തങ്ങളെ അനുവദിക്കരുത്. ബുദ്ധിമുട്ടുകൾക്കു മധ്യേയും സ്ഥിരോത്സാഹം കാണിക്കേണ്ടയാവശ്യമുണ്ട്.”
20. പൗലോസിന്റെ ബുദ്ധ്യുപദേശം നമുക്കിന്നു കാലോചിതമായിരിക്കുന്നത് എന്തുകൊണ്ട്?
20 പൗലോസിന്റെ ബുദ്ധ്യുപദേശം നമുക്കിന്ന് എത്ര കാലോചിതമാണ്! വർധിച്ചുവരുന്ന സമ്മർദങ്ങൾക്കിടയിൽ, കാലുകൾ കുഴഞ്ഞു തളർന്നുവീഴുമെന്നു തോന്നുന്ന ഓട്ടക്കാരനെപ്പോലെ നമുക്കും തോന്നിയെന്നുവരാം. എന്നാൽ ഫിനിഷ് ലൈനിന്റെ തൊട്ടടുത്തെത്തിയ നാം തളർന്നു പിന്മാറരുത്! (2 ദിനവൃത്താന്തം 29:11) നാം അങ്ങനെ ചെയ്യണമെന്നുതന്നെയാണു നമ്മുടെ പ്രതിയോഗിയായ “അലറുന്ന സിംഹം” ആഗ്രഹിക്കുന്നതും. ‘ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നൽകാൻ’ യഹോവ കരുതൽ ചെയ്തിരിക്കുന്നതിൽ നമുക്ക് നന്ദിയുള്ളവരായിരിക്കാം. (യെശയ്യാവു 40:29) ആ കരുതലുകൾ എന്താണെന്നും നമുക്ക് അവ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അടുത്ത ലേഖനത്തിൽ ചർച്ചചെയ്യുന്നതാണ്.
[അടിക്കുറിപ്പുകൾ]
a ഉദാഹരണത്തിന്, ചിലർ മുൻകോപം പോലെ ആഴത്തിൽ വേരൂന്നിയ വ്യക്തിത്വ സ്വഭാവവിശേഷത്തെ നിയന്ത്രിക്കുന്നതിനോ ഹസ്തമൈഥുനത്തെ തരണം ചെയ്യുന്നതിനോ പാടുപെടുന്നുവെന്നുവരാം.—ഉണരുക!യുടെ (ഇംഗ്ലീഷ്) 1988 മേയ് 22-ന്റെ 19-21 പേജുകൾ; 1981 നവംബർ 8-ന്റെ 16-20 പേജുകൾ എന്നിവ കാണുക. കൂടാതെ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും പുസ്തകത്തിന്റെ 198-211 പേജുകളും കാണുക.
b 1993 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 20-3 പേജുകളിലുള്ള “മൂപ്പന്മാർ—ചുമതലകൾ ഏൽപ്പിച്ചുകൊടുക്കട്ടെ!” എന്ന ലേഖനം കാണുക.
നിങ്ങളുടെ ഉത്തരം എന്താണ്?
◻ മറ്റുള്ളവർ നമ്മെ നിരാശപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യുമ്പോൾ തളർന്നുപിന്മാറുന്നത് നമുക്കെങ്ങനെ ഒഴിവാക്കാം?
◻ കുറ്റബോധം സംബന്ധിച്ച എന്തു സന്തുലിത വീക്ഷണം തളർന്നുപിന്മാറുന്നതിൽനിന്നു നമ്മെ പിന്തിരിപ്പിക്കും?
◻ യഹോവ നമ്മിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്?
◻ തളർന്നു പിന്മാറാതിരിക്കാൻ മൂപ്പന്മാരെ വിനയം എങ്ങനെ സഹായിച്ചേക്കാം?
◻ എബ്രായർ 12:3-ൽ പൗലോസ് നൽകിയിരിക്കുന്ന ബുദ്ധ്യുപദേശം നമുക്കിന്നു കാലോചിതമായിരിക്കുന്നത് എന്തുകൊണ്ട്?