അധ്യായം 11
‘വിവാഹത്തെ ആദരണീയമായി കാണണം’
“നിന്റെ യൗവനത്തിലെ ഭാര്യയോടൊപ്പം ആനന്ദിച്ചുകൊള്ളുക.”—സുഭാഷിതങ്ങൾ 5:18.
1, 2. നമ്മൾ ഏതു ചോദ്യത്തെപ്പറ്റി ചിന്തിക്കും, എന്തുകൊണ്ട്?
വിവാഹം കഴിച്ച ഒരാളാണോ നിങ്ങൾ? ആണെങ്കിൽ, നിങ്ങളുടെ ദാമ്പത്യം സന്തോഷകരമാണോ, അതോ പ്രശ്നങ്ങളുടെ നീർച്ചുഴിയിലാണോ? നിങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണോ? ദാമ്പത്യം ആസ്വദിക്കുന്നതിനു പകരം അത് എങ്ങനെയും തള്ളിനീക്കുകയാണോ നിങ്ങൾ? എങ്കിൽ ഒരിക്കൽ നിങ്ങൾ തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം നഷ്ടപ്പെട്ടുപോയതിൽ നിങ്ങൾക്കു വേദന തോന്നുന്നുണ്ടാകാം. ഒരു ക്രിസ്ത്യാനിയായ നിങ്ങളുടെ ദാമ്പത്യം നിങ്ങൾ സ്നേഹിക്കുന്ന ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതായിരിക്കണമെന്നു നിങ്ങൾക്ക് എന്തായാലും ആഗ്രഹം കാണും. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ അവസ്ഥ നിങ്ങളെ അങ്ങേയറ്റം വേദനിപ്പിക്കുന്നു. പക്ഷേ നിങ്ങളുടെ സാഹചര്യം ആശയറ്റതാണെന്ന് എഴുതിത്തള്ളേണ്ടതില്ല.
2 ഒരു കൂരയ്ക്കു കീഴിൽ കേവലം അപരിചിതരെപ്പോലെ കഴിഞ്ഞിരുന്ന അനേകം ദമ്പതികൾ ഇന്നു കുടുംബസന്തുഷ്ടിയുടെ രഹസ്യം കണ്ടെത്തിയിരിക്കുന്നു. ഈ ക്രിസ്ത്യാനികളെപ്പോലെ നിങ്ങൾക്കും സന്തോഷകരമായ ദാമ്പത്യം ആസ്വദിക്കാനാകും. എങ്ങനെ?
ദൈവത്തോടും ഇണയോടും അടുത്ത് ചെല്ലുക
3, 4. ദൈവത്തോട് അടുത്ത് ചെല്ലുന്നതു പരസ്പരം അടുക്കാൻ ഇണകളെ സഹായിക്കുന്നത് എങ്ങനെ? ദൃഷ്ടാന്തീകരിക്കുക.
3 ദൈവത്തോട് അടുത്ത് ചെല്ലാൻ ശ്രമിക്കുമ്പോൾ നിങ്ങൾ ഇണയോടും അടുക്കുകയായിരിക്കും. അത് എങ്ങനെ? ഒരു ദൃഷ്ടാന്തം നോക്കുക. ഉയരമുള്ള ഒരു മല മനസ്സിൽ കാണുക. ഒരു പുരുഷൻ അതിന്റെ ഒരു വശത്ത് നിൽക്കുകയാണ്, ഒരു സ്ത്രീ അതിന്റെ എതിർവശത്തും. രണ്ടു പേരും മല കയറാൻ തുടങ്ങുന്നു. അടിവാരത്തിലായിരിക്കുമ്പോൾ അവർക്കിടയിൽ നല്ല അകലമുണ്ട്. എന്നാൽ മുകളിലേക്കു കയറുംതോറും ആ ദൂരം കുറഞ്ഞുകുറഞ്ഞുവരുന്നു. ഈ ദൃഷ്ടാന്തത്തിൽ അടങ്ങിയിരിക്കുന്ന പാഠം നിങ്ങൾക്കു മനസ്സിലായോ?
4 പൂർണമനസ്സോടെ യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ ശ്രമത്തെ ഒരു മല കയറുന്നതിനോട് ഉപമിക്കാവുന്നതാണ്. യഹോവയോടു സ്നേഹമുള്ളതുകൊണ്ട്, ആ മല കയറാൻ നിങ്ങൾ ഇപ്പോൾത്തന്നെ നല്ല ശ്രമം ചെയ്യുന്നുണ്ടെന്നു പറയാം. പക്ഷേ നിങ്ങൾക്കും ഇണയ്ക്കും ഇടയിൽ അടുപ്പമില്ലെങ്കിൽ, മലയുടെ എതിർവശങ്ങളിലൂടെ കയറുന്നതുപോലെയായിരിക്കും അത്. എന്നാൽ മുകളിലേക്കു കയറുംതോറും എന്തു സംഭവിക്കും? തുടക്കത്തിൽ നിങ്ങൾക്കിടയിൽ അകലമുണ്ടായിരിക്കും എന്നതു ശരിതന്നെ. എങ്കിലും ദൈവത്തോട് അടുത്തുചെല്ലാൻ—മുകളിലേക്കു കയറാൻ—നിങ്ങൾ എത്ര ശ്രമിക്കുന്നോ നിങ്ങളും ഇണയും അത്രയധികം അടുത്തുവരും. അതെ, ദൈവത്തോട് അടുക്കുന്നതാണ്, ഇണയോട് അടുക്കാനുള്ള മാർഗം. എന്നാൽ നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാം?
ബൈബിൾ തരുന്ന അറിവ് പ്രാവർത്തികമാക്കുന്നതു നിങ്ങളുടെ ദാമ്പത്യത്തെ കരുത്തുറ്റതാക്കും
5. (എ) യഹോവയോടും ഇണയോടും അടുക്കാനുള്ള ഒരു മാർഗം എന്താണ്? (ബി) ദാമ്പത്യത്തെ യഹോവ എങ്ങനെയാണു കാണുന്നത്?
5 വിവാഹം സംബന്ധിച്ച് ദൈവവചനം നൽകുന്ന ബുദ്ധിയുപദേശം അനുസരിക്കുന്നതാണു ‘മല കയറാൻ’ നിങ്ങളെയും ഇണയെയും ഏറ്റവും അധികം സഹായിക്കുക. (സങ്കീർത്തനം 25:4; യശയ്യ 48:17, 18) അതുകൊണ്ട് അപ്പോസ്തലനായ പൗലോസ് തന്ന സുപ്രധാനമായ ഒരു ബുദ്ധിയുപദേശം നമുക്ക് ഇപ്പോൾ ശ്രദ്ധിക്കാം. “വിവാഹത്തെ എല്ലാവരും ആദരണീയമായി കാണണം” എന്നു പൗലോസ് പറഞ്ഞു. (എബ്രായർ 13:4) എന്താണ് അതിന്റെ അർഥം? ‘ആദരണീയം’ എന്ന പദം ശ്രേഷ്ഠവും അമൂല്യവും ആയ ഒന്നിനെയാണു കുറിക്കുന്നത്. യഹോവ ദാമ്പത്യത്തെ കാണുന്നത് അങ്ങനെയാണ്; അതെ, യഹോവയ്ക്ക് അതു വളരെ വിലയേറിയതാണ്.
യഹോവയോടുള്ള ഉറ്റസ്നേഹമായിരിക്കട്ടെ നിങ്ങളുടെ പ്രചോദനം
6. വിവാഹം സംബന്ധിച്ച പൗലോസിന്റെ ബുദ്ധിയുപദേശത്തിന്റെ പശ്ചാത്തലം എന്തു വ്യക്തമാക്കുന്നു, അതു മനസ്സിൽപ്പിടിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
6 ദൈവത്തിന്റെ ദാസരായതുകൊണ്ട്, വിവാഹം അമൂല്യവും പവിത്രവും ആണെന്നു നിങ്ങൾക്കും ഇണയ്ക്കും അറിയാം എന്നതിനു സംശയമില്ല. വിവാഹക്രമീകരണം ഏർപ്പെടുത്തിയതുതന്നെ യഹോവയാണ്. (മത്തായി 19:4-6 വായിക്കുക.) എങ്കിലും, ഇപ്പോൾ നിങ്ങളുടെ ദാമ്പത്യം പ്രതിസന്ധിയിലാണെങ്കിൽ വിവാഹം ആദരണീയമാണെന്ന് അറിഞ്ഞതുകൊണ്ടുമാത്രം സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെടാൻ നിങ്ങൾക്കും ഇണയ്ക്കും സാധിച്ചെന്നുവരില്ല. അങ്ങനെയെങ്കിൽ നിങ്ങളെ എന്തു സഹായിക്കും? ആദരവ് കാണിക്കുന്നതിനെപ്പറ്റിയുള്ള പൗലോസിന്റെ ആ വാക്കുകൾ ഒന്ന് അടുത്ത് പരിശോധിക്കുക. “വിവാഹത്തെ എല്ലാവരും ആദരണീയമായി കാണുന്നു” എന്നല്ല, “വിവാഹത്തെ എല്ലാവരും ആദരണീയമായി കാണണം” എന്നാണു പൗലോസ് പറഞ്ഞത്. അദ്ദേഹം കേവലം തന്റെ ശ്രദ്ധയിൽപ്പെട്ട ഒരു വസ്തുത എടുത്തുപറയുകയായിരുന്നില്ല, പിന്നെയോ ഒരു ഉദ്ബോധനം നൽകുകയായിരുന്നു.a ഈ വ്യത്യാസം മനസ്സിൽപ്പിടിക്കുന്നത് ഇണയോടുണ്ടായിരുന്ന ആദരവ് വീണ്ടെടുക്കാൻ നിങ്ങൾക്കു കൂടുതലായ പ്രചോദനമായേക്കും. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
7. (എ) നമ്മൾ ഏതു ദിവ്യകല്പനകൾ അനുസരിക്കാറുണ്ട്, എന്തുകൊണ്ട്? (ബി) അനുസരണത്തിന്റെ പ്രയോജനം എന്താണ്?
7 ശിഷ്യരെ ഉളവാക്കുക, ആരാധനയ്ക്കായി കൂടിവരുക എന്നിങ്ങനെയുള്ള മറ്റു തിരുവെഴുത്തുകല്പനകളെ നിങ്ങൾ എങ്ങനെയാണു കാണുന്നതെന്ന് ഒരു നിമിഷം ചിന്തിക്കുക. (മത്തായി 28:19; എബ്രായർ 10:24, 25) ആ കല്പനകൾ അനുസരിക്കുന്നത് എല്ലായ്പോഴും എളുപ്പമല്ലെന്നതു ശരിതന്നെ. നിങ്ങളുടെ സന്ദേശത്തിൽ ആളുകൾ താത്പര്യം കാണിച്ചില്ലെന്നുവരാം; അല്ലെങ്കിൽ ജോലി ചെയ്ത് ക്ഷീണിച്ചുവരുന്ന നിങ്ങൾക്ക്, യോഗങ്ങൾക്കു ഹാജരാകുന്നത് ഒരു വെല്ലുവിളിയായി തോന്നിയേക്കാം. അപ്പോൾപ്പോലും, പ്രസംഗവേലയിൽ പങ്കെടുക്കുന്നതോ യോഗങ്ങൾക്കു ഹാജരാകുന്നതോ നിങ്ങൾ നിറുത്തിക്കളയുന്നില്ല. ആർക്കും നിങ്ങളെ തടയാനാകില്ല, സാത്താനുപോലും! കാരണം? യഹോവയോടുള്ള സ്നേഹം ദൈവകല്പനകൾ അനുസരിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നു എന്നതുതന്നെ. (1 യോഹന്നാൻ 5:3) അതിന്റെ പ്രയോജനമോ? നിങ്ങൾ യഹോവയുടെ ഇഷ്ടമാണു ചെയ്യുന്നതെന്ന് അറിയാവുന്നതുകൊണ്ട് പ്രസംഗപ്രവർത്തനത്തിലും സഭായോഗങ്ങളിലും പങ്കെടുക്കുമ്പോൾ നിങ്ങൾക്കു മനസ്സമാധാനവും സന്തോഷവും തോന്നുന്നു. അതു നിങ്ങൾക്കു കൂടുതൽക്കൂടുതൽ ചെയ്യാനുള്ള ഊർജവും പകരും. (നെഹമ്യ 8:10) ഇതു നമ്മളെ എന്തു പഠിപ്പിക്കുന്നു?
8, 9. (എ) വിവാഹത്തെ ആദരിക്കാനുള്ള ഉദ്ബോധനം അനുസരിക്കാൻ നമ്മളെ എന്തു പ്രചോദിപ്പിച്ചേക്കാം, എന്തുകൊണ്ട്? (ബി) ഇപ്പോൾ നമ്മൾ ഏതു രണ്ടു കാര്യങ്ങളെപ്പറ്റി ചിന്തിക്കും?
8 പ്രതിബന്ധങ്ങളുണ്ടെങ്കിലും, പ്രസംഗിക്കാനും യോഗങ്ങൾക്കു കൂടിവരാനും ഉള്ള കല്പനകൾ അനുസരിക്കാൻ ദൈവസ്നേഹം നിങ്ങളെ പ്രചോദിപ്പിക്കുമെന്നു പറഞ്ഞല്ലോ. വിവാഹത്തെ ആദരണീയമായി കരുതാനുള്ള ഉദ്ബോധനത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. പ്രയാസമാണെന്നു തോന്നുന്ന സാഹചര്യങ്ങളിൽപ്പോലും ആ കല്പന അനുസരിക്കുന്നതിനു വേണ്ട പ്രചോദനം തരാൻ ദൈവസ്നേഹത്തിനാകും. (എബ്രായർ 13:4; സങ്കീർത്തനം 18:29; സഭാപ്രസംഗകൻ 5:4) പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കാനും യോഗങ്ങൾക്കു കൂടിവരാനും നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ അനുഗ്രഹിക്കുന്നതുപോലെതന്നെ, വിവാഹത്തെ ആദരണീയമായി കാണാനുള്ള നിങ്ങളുടെ ശ്രമങ്ങളെയും യഹോവ ശ്രദ്ധിക്കും. അതിന് യഹോവ പ്രതിഫലം തരുകയും ചെയ്യും.—1 തെസ്സലോനിക്യർ 1:3; എബ്രായർ 6:10.
9 അങ്ങനെയെങ്കിൽ, വിവാഹബന്ധം ആദരണീയമാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? ദാമ്പത്യത്തിനു തുരങ്കംവെക്കുന്ന തരം പെരുമാറ്റം ഒഴിവാക്കേണ്ടതുണ്ട്. കൂടാതെ, നിങ്ങളുടെ ബന്ധം കരുത്തുറ്റതാക്കാൻപോന്ന നടപടികൾ സ്വീകരിക്കുകയും വേണം.
ദാമ്പത്യത്തെ അവമതിക്കുന്ന സംസാരവും പെരുമാറ്റവും ഒഴിവാക്കുക
10, 11. (എ) എങ്ങനെയുള്ള പെരുമാറ്റമാണു ദാമ്പത്യത്തെ അവമതിക്കുന്നത്? (ബി) ഇണയോടു നമ്മൾ ഏതു ചോദ്യം ചോദിക്കണം?
10 ഒരു ക്രിസ്തീയഭാര്യ ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: “സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി യഹോവയോടു പ്രാർഥിക്കുകയാണു ഞാൻ.” എന്തു സഹിക്കാൻ? അവർ പറയുന്നതു ശ്രദ്ധിക്കുക: “ഭർത്താവിന്റെ വാക്കുകൾ പലപ്പോഴും എന്നെ മുറിപ്പെടുത്താറുണ്ട്. അദ്ദേഹം എന്നെ ശാരീരികമായി ഉപദ്രവിക്കാറില്ലെന്നേയുള്ളൂ. പക്ഷേ, ‘നിന്നെക്കൊണ്ട് മടുത്തു!’ ‘നിന്നെ എന്തിനു കൊള്ളാം!’ തുടങ്ങിയ സ്ഥിരംപല്ലവികൾ കേൾക്കുമ്പോൾ ഹൃദയം കീറിമുറിക്കുന്ന വേദന തോന്നും എനിക്ക്.” ഈ ഭാര്യയുടെ വാക്കുകൾ ദമ്പതികൾക്കിടയിലെ ഗുരുതരമായ ഒരു പ്രശ്നത്തിലേക്കാണു വിരൽ ചൂണ്ടുന്നത്—കുത്തിനോവിക്കുന്ന സംസാരം.
11 ക്രിസ്തീയകുടുംബത്തിലുള്ള ഒരാൾ വാക്കുകൾകൊണ്ട് ഇണയെ കുത്തിനോവിക്കുന്നത് എത്ര ശോചനീയമാണ്. ആ മുറിവുകൾ കാലങ്ങൾ കഴിഞ്ഞാലും ഉണങ്ങിയെന്നുവരില്ല! മുറിപ്പെടുത്തുന്ന സംസാരം സാധാരണമായിരിക്കുന്ന ഒരു ദാമ്പത്യത്തെ ആദരണീയമെന്നു വിളിക്കാനാവില്ലെന്നു വ്യക്തം. ആകട്ടെ, നിങ്ങളുടെ ദാമ്പത്യം എങ്ങനെയാണ്? നിങ്ങളുടെ വാക്കുകൾ ഇണയെ എങ്ങനെ ബാധിക്കുന്നെന്ന് ഇണയോടുതന്നെ ചോദിക്കുന്നതാണ് അതു കണ്ടുപിടിക്കാനുള്ള ഒരു മാർഗം. മുറിപ്പെടുത്തുന്ന രീതിയിലാണു പലപ്പോഴും നിങ്ങളുടെ സംസാരമെന്ന് ഇണ പറയുന്നെങ്കിൽ മാറ്റം വരുത്താൻ നിങ്ങൾ മനസ്സു കാണിക്കണം.—ഗലാത്യർ 5:15; എഫെസ്യർ 4:31 വായിക്കുക.
12. ഒരാളുടെ ആരാധന എപ്പോൾ ദൈവമുമ്പാകെ വിലയില്ലാത്തതായേക്കാം?
12 ഇണയോടു നിങ്ങൾ സംസാരിക്കുന്ന രീതി, യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തെ ബാധിക്കുമെന്ന കാര്യം മനസ്സിൽപ്പിടിക്കുക. ബൈബിൾ പറയുന്നു: “താൻ ദൈവത്തെ ആരാധിക്കുന്നെന്നു കരുതുകയും എന്നാൽ നാവിനു കടിഞ്ഞാണിടാതിരിക്കുകയും ചെയ്യുന്നയാൾ സ്വന്തം ഹൃദയത്തെ വഞ്ചിക്കുകയാണ്; അയാളുടെ ആരാധനകൊണ്ട് ഒരു പ്രയോജനവുമില്ല.” (യാക്കോബ് 1:26) നിങ്ങളുടെ സംസാരത്തിന് ആരാധനയുമായി അഭേദ്യമായ ബന്ധമുണ്ട്. ദൈവത്തെ സേവിക്കുന്ന ഒരാളായി അറിയപ്പെടുന്നിടത്തോളം കാലം, വീട്ടിൽ താൻ എങ്ങനെ പെരുമാറിയാലും കുഴപ്പമില്ലെന്നു കരുതുന്നവരുണ്ട്. എന്നാൽ ഈ ചിന്താഗതിയെ ബൈബിൾ പിന്താങ്ങുന്നില്ല. അതുകൊണ്ട് സ്വയം വഞ്ചിക്കരുത്. ഇതു ഗൗരവമുള്ള ഒരു കാര്യമാണ്. (1 പത്രോസ് 3:7 വായിക്കുക.) നിങ്ങൾക്കു വലിയ കഴിവുകളും പ്രാപ്തികളും ഒക്കെ ഉണ്ടായിരിക്കാം; നിങ്ങൾ തീക്ഷ്ണതയോടെ ദൈവസേവനത്തിൽ ഏർപ്പെടുന്നുമുണ്ടാകാം. പക്ഷേ, വാക്കുകൾകൊണ്ട് മനഃപൂർവം ഇണയെ മുറിപ്പെടുത്തുന്നെങ്കിൽ ദാമ്പത്യത്തോട് അനാദരവ് കാണിക്കുകയായിരിക്കും നിങ്ങൾ. നിങ്ങളുടെ ആരാധനയ്ക്കു ദൈവമുമ്പാകെ വിലയുണ്ടാകില്ല.
13. ഒരു ഇണ തന്റെ പങ്കാളിയെ വൈകാരികമായി മുറിപ്പെടുത്തിയേക്കാവുന്നത് എങ്ങനെ?
13 നേരിട്ടല്ലെങ്കിൽക്കൂടി വൈകാരികമായി ക്ഷതമേൽപ്പിക്കാതിരിക്കാൻ ദമ്പതികൾ ശ്രദ്ധിക്കണം. രണ്ട് ഉദാഹരണങ്ങൾ നോക്കുക: ഒറ്റയ്ക്കുള്ള ഒരു മാതാവ് ഉപദേശം ചോദിച്ചുകൊണ്ട് വിവാഹിതനായ ഒരു സഹോദരനെ കൂടെക്കൂടെ ഫോണിൽ വിളിക്കുന്നു, ഇരുവരും ദീർഘനേരം സംസാരിക്കുന്നു. ഏകാകിയായ ഒരു സഹോദരൻ വിവാഹിതയായ ഒരു സഹോദരിയോടൊപ്പം എല്ലാ ആഴ്ചയും വയൽസേവനത്തിൽ ഗണ്യമായ സമയം ചെലവഴിക്കുന്നു. രണ്ടു ദൃഷ്ടാന്തത്തിലുമുള്ള വിവാഹിതരായ വ്യക്തികൾക്കു നല്ല ആന്തരമായിരിക്കാം ഉള്ളത്. എങ്കിലും അവരുടെ ഇണകളെ അത് എങ്ങനെയായിരിക്കും ബാധിക്കുക? അത്തരമൊരു സാഹചര്യത്തിലായിരിക്കുന്ന ഒരു ഭാര്യയുടെ വാക്കുകൾ ശ്രദ്ധിക്കുക: “എന്റെ ഭർത്താവ് സഭയിലെ മറ്റൊരു സഹോദരിക്കുവേണ്ടി ധാരാളം സമയവും ശ്രമവും ചെലവിടുന്നത് എന്നെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടെന്നോ! ഞാൻ വിലകെട്ടവളാണെന്ന് എനിക്കു തോന്നിപ്പോകുന്നു.”
14. (എ) ഉൽപത്തി 2:24 വിവാഹബന്ധത്തിലെ ഏത് ഉത്തരവാദിത്വം എടുത്തുകാട്ടുന്നു? (ബി) നമ്മൾ നമ്മളോടുതന്നെ എന്തു ചോദിക്കണം?
14 ഈ ഭാര്യക്കും സമാനമായ സാഹചര്യത്തിലുള്ള മറ്റുള്ളവർക്കും വേദന തോന്നുന്നതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഇവരുടെ ഇണകൾ വിവാഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ അടിസ്ഥാനനിർദേശംതന്നെ കാറ്റിൽപ്പറത്തുകയാണ്: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും.” (ഉൽപത്തി 2:24) വിവാഹത്തിനു ശേഷവും മാതാപിതാക്കളെ ബഹുമാനിക്കണം എന്നതു ശരിതന്നെ. എങ്കിലും ദൈവത്തിന്റെ ക്രമീകരണമനുസരിച്ച് അവരുടെ പ്രാഥമികമായ ഉത്തരവാദിത്വം സ്വന്തം ഇണയോടായിരിക്കണം. സമാനമായി, ക്രിസ്ത്യാനികൾക്കു തങ്ങളുടെ സഹവിശ്വാസികളോട് ആഴമായ സ്നേഹമുണ്ട്, എങ്കിലും ഇണയോടുള്ള പ്രതിബദ്ധതയാണ് അതിലും പ്രധാനം. അതുകൊണ്ട്, സഹവിശ്വാസികളോടൊത്ത്, പ്രത്യേകിച്ചും എതിർലിംഗത്തിൽപ്പെട്ടവരോടൊത്ത്, വേണ്ടതിലേറെ സമയം ചെലവിടുകയോ അവരുമായി കണക്കിലധികം അടുക്കുകയോ ചെയ്യുന്ന വിവാഹിതരായ ക്രിസ്ത്യാനികൾ തങ്ങളുടെ ദാമ്പത്യത്തെ പ്രശ്നങ്ങളിലേക്കു തള്ളിവിടുകയായിരിക്കും. നിങ്ങളുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു സംഗതി ഇതാണോ? നിങ്ങളോടുതന്നെ ചോദിക്കുക: ‘അർഹിക്കുന്ന സമയവും ശ്രദ്ധയും സ്നേഹവും ഞാൻ എന്റെ ഇണയ്ക്കു നൽകുന്നുണ്ടോ?’
15. മത്തായി 5:28 അനുസരിച്ച്, വിവാഹിതക്രിസ്ത്യാനികൾ എതിർലിംഗത്തിൽപ്പെട്ട ഒരാൾക്ക് അനുചിതമായ ശ്രദ്ധ നൽകരുതാത്തത് എന്തുകൊണ്ട്?
15 കൂടാതെ, എതിർലിംഗത്തിൽപ്പെട്ട സ്വന്തം ഇണയല്ലാത്ത ഒരാൾക്ക് അനുചിതമായ ശ്രദ്ധ നൽകുന്ന വിവാഹിതക്രിസ്ത്യാനികൾ അപകടകരമായ ഒരു സാഹചര്യത്തിലുമാണ്. സങ്കടകരമെന്നു പറയട്ടെ, അത്തരം ചില അടുപ്പങ്ങൾ പ്രണയബന്ധങ്ങളായി പരിണമിച്ചിട്ടുണ്ട്. (മത്തായി 5:28) ഫലമോ? അത്തരം വൈകാരികബന്ധങ്ങൾ ദാമ്പത്യത്തെ അങ്ങേയറ്റം അവമതിക്കുന്ന മറ്റു ചില പ്രവൃത്തികൾക്കു വഴിവെച്ചിരിക്കുന്നു. ഇതിനെപ്പറ്റി പൗലോസ് അപ്പോസ്തലൻ പറഞ്ഞത് എന്താണെന്നു നോക്കാം.
‘വിവാഹശയ്യ പരിശുദ്ധമായിരിക്കണം’
16. വിവാഹത്തെക്കുറിച്ച് പൗലോസ് ഏതു കല്പന നൽകി?
16 “വിവാഹത്തെ . . . ആദരണീയമായി കാണണം” എന്ന ഉദ്ബോധനത്തിനു തൊട്ടുപിന്നാലെ പൗലോസ് ഈ മുന്നറിയിപ്പു തരുന്നു: “വിവാഹശയ്യ പരിശുദ്ധവുമായിരിക്കണം. കാരണം അധാർമികപ്രവൃത്തികൾ ചെയ്യുന്നവരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.” (എബ്രായർ 13:4) ലൈംഗികബന്ധത്തെ കുറിക്കാനാണു പൗലോസ് “വിവാഹശയ്യ” എന്ന പദം ഉപയോഗിച്ചത്. ദാമ്പത്യത്തിനുള്ളിലായിരിക്കുമ്പോൾ മാത്രമേ അതു ‘പരിശുദ്ധം’ അഥവാ ധാർമികശുദ്ധിയുള്ളത് ആയിരിക്കുകയുള്ളൂ. അതുകൊണ്ട്, “നിന്റെ യൗവനത്തിലെ ഭാര്യയോടൊപ്പം ആനന്ദിച്ചുകൊള്ളുക” എന്ന ദൈവപ്രചോദിതമായ വാക്കുകൾക്കു ക്രിസ്ത്യാനികൾ ചെവികൊടുക്കുന്നു.—സുഭാഷിതങ്ങൾ 5:18.
17. (എ) വ്യഭിചാരത്തെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടു ക്രിസ്ത്യാനികളെ സ്വാധീനിക്കരുതാത്തത് എന്തുകൊണ്ട്? (ബി) ഇക്കാര്യത്തിൽ നമുക്ക് എങ്ങനെ ഇയ്യോബിനെ അനുകരിക്കാം?
17 സ്വന്തം ഇണയല്ലാത്ത ഒരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ ദൈവത്തിന്റെ ധാർമികനിലവാരങ്ങളോടു കടുത്ത അനാദരവാണു കാണിക്കുന്നത്. ഇന്നു പലരും വ്യഭിചാരത്തെ ഒരു സാധാരണസംഗതിയായാണു കാണുന്നത്. എന്നാൽ ഇക്കാര്യത്തിൽ മനുഷ്യരുടെ കാഴ്ചപ്പാടുകൾ ക്രിസ്ത്യാനികളുടെ ചിന്താഗതിയെ സ്വാധീനിക്കരുത്. ആത്യന്തികമായി മനുഷ്യനല്ല, ദൈവമാണ് അധാർമികപ്രവൃത്തികൾ ചെയ്യുന്നവരെയും വ്യഭിചാരികളെയും ന്യായം വിധിക്കുന്നതെന്ന് അവർക്ക് അറിയാം. (എബ്രായർ 10:31; 12:29) അതുകൊണ്ട്, സത്യക്രിസ്ത്യാനികൾക്ക് ഇക്കാര്യത്തിൽ യഹോവയുടെ അതേ കാഴ്ചപ്പാടാണുള്ളത്. (റോമർ 12:9 വായിക്കുക.) ഗോത്രപിതാവായ ഇയ്യോബിന്റെ വാക്കുകൾ ഓർക്കുക: “ഞാൻ എന്റെ കണ്ണുമായി ഒരു ഉടമ്പടി ചെയ്തിരിക്കുന്നു.” (ഇയ്യോബ് 31:1) അതുപോലെ സത്യക്രിസ്ത്യാനികളും തങ്ങളുടെ കണ്ണുകളെ നിയന്ത്രിക്കുന്നു. സ്വന്തം ഇണയല്ലാത്ത ഒരാളെ മോഹത്തോടെ നോക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവർ വ്യഭിചാരത്തിലേക്കുള്ള ആദ്യചുവടുപോലും ഒഴിവാക്കുന്നു.—അനുബന്ധത്തിൽ “വിവാഹമോചനവും വേർപിരിയലും—ബൈബിളിന്റെ വീക്ഷണം” എന്ന ഭാഗം കാണുക.
18. (എ) യഹോവയുടെ കണ്ണിൽ വ്യഭിചാരം എത്ര ഗുരുതരമാണ്? (ബി) വ്യഭിചാരത്തിനും വിഗ്രഹാരാധനയ്ക്കും തമ്മിൽ എന്തു സമാനതയുണ്ട്?
18 യഹോവയുടെ കണ്ണിൽ വ്യഭിചാരം എത്ര ഗുരുതരമാണ്? അതിനെക്കുറിച്ചുള്ള യഹോവയുടെ വികാരം മനസ്സിലാക്കാൻ മോശയിലൂടെ ഇസ്രായേല്യർക്കു കൊടുത്ത നിയമം സഹായിക്കുന്നു. ഇസ്രായേലിൽ, വ്യഭിചാരത്തെയും വിഗ്രഹാരാധനയെയും മരണശിക്ഷ അർഹിക്കുന്ന കുറ്റങ്ങളുടെ കൂട്ടത്തിലാണു പട്ടികപ്പെടുത്തിയിരുന്നത്. (ലേവ്യ 20:2, 10) രണ്ടും തമ്മിലുള്ള സമാനത നിങ്ങൾ ശ്രദ്ധിച്ചോ? വിഗ്രഹത്തെ ആരാധിക്കുന്ന ഒരു ഇസ്രായേല്യൻ യഹോവയുമായുള്ള തന്റെ ഉടമ്പടിയാണു ലംഘിക്കുന്നതെങ്കിൽ, വ്യഭിചാരിയായ ഒരാൾ ഇണയുമായുള്ള തന്റെ ഉടമ്പടിയാണു ലംഘിക്കുന്നത്. ഇരുകൂട്ടരും അവിശ്വസ്തതയാണു കാണിക്കുന്നത്. (പുറപ്പാട് 19:5, 6; ആവർത്തനം 5:9; മലാഖി 2:14 വായിക്കുക.) അങ്ങനെ, വിശ്വസ്തനും ആശ്രയയോഗ്യനും ആയ യഹോവയുടെ മുമ്പാകെ രണ്ടു പേരും കുറ്റക്കാരായിത്തീരുന്നു.—സങ്കീർത്തനം 33:4.
19. വ്യഭിചാരം ചെയ്യാതിരിക്കാനുള്ള ഒരു വ്യക്തിയുടെ നിശ്ചയദാർഢ്യത്തെ ശക്തിപ്പെടുത്താൻ എന്തിനു കഴിയും, എന്തുകൊണ്ട്?
19 ക്രിസ്ത്യാനികൾ മോശയിലൂടെ കൊടുത്ത നിയമത്തിൻകീഴിലല്ല എന്നതു ശരിതന്നെ. എങ്കിലും പുരാതനകാലത്ത് ഇസ്രായേലിൽ വ്യഭിചാരത്തെ ഗൗരവമായാണു കണ്ടിരുന്നത് എന്ന വസ്തുത ഓർക്കുന്നത് അത്തരമൊരു കാര്യം ചെയ്യാതിരിക്കാനുള്ള ക്രിസ്ത്യാനികളുടെ നിശ്ചയദാർഢ്യം ബലിഷ്ഠമാക്കിയേക്കാം. അത് എങ്ങനെ? ഈ താരതമ്യം ശ്രദ്ധിക്കുക: നിങ്ങൾ എന്നെങ്കിലും ഒരു പള്ളിയിൽ പോയി വിഗ്രഹത്തിന്റെ മുന്നിൽ മുട്ടുകുത്തി പ്രാർഥിക്കുമോ? ‘ഒരിക്കലുമില്ല!’ എന്നായിരിക്കും നിങ്ങളുടെ മറുപടി. എന്നാൽ ഒരു വലിയ തുക പ്രതിഫലമായി തരാമെന്നു പറഞ്ഞാൽ നിങ്ങൾ അങ്ങനെ ചെയ്യുമോ? ‘അങ്ങനെയൊന്നും ചിന്തിക്കാൻകൂടി വയ്യാ!’ എന്നു നിങ്ങൾ പറഞ്ഞേക്കാം. അതെ, വിഗ്രഹത്തെ ആരാധിച്ചുകൊണ്ട് യഹോവയോട് അവിശ്വസ്തത കാണിക്കുന്നതിനെക്കുറിച്ചുള്ള ചിന്തപോലും ഒരു ക്രിസ്ത്യാനിക്കു വെറുപ്പാണ്. അങ്ങനെയെങ്കിൽ, പ്രലോഭനം എത്ര ശക്തമായിരുന്നാലും ശരി, വ്യഭിചാരം ചെയ്തുകൊണ്ട് യഹോവയോടും സ്വന്തം ഇണയോടും അവിശ്വസ്തത കാണിക്കുന്നതിനെക്കുറിച്ചും ക്രിസ്ത്യാനികൾക്ക് അങ്ങനെതന്നെ തോന്നേണ്ടതാണ്. (സങ്കീർത്തനം 51:1, 4; കൊലോസ്യർ 3:5) സാത്താനെ സന്തോഷിപ്പിക്കുന്നതും അതേസമയം, പവിത്രമായ ദാമ്പത്യക്രമീകരണത്തിനും യഹോവയ്ക്കും അപകീർത്തി വരുത്തുന്നതും ആയ എന്തെങ്കിലും ചെയ്യാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കില്ല.
നിങ്ങളുടെ ദാമ്പത്യം എങ്ങനെ ബലിഷ്ഠമാക്കാം?
20. ചില ദാമ്പത്യങ്ങളുടെ കാര്യത്തിൽ എന്തു സംഭവിച്ചിരിക്കുന്നു? ദൃഷ്ടാന്തീകരിക്കുക.
20 ദാമ്പത്യത്തെ അവമതിക്കുന്ന പെരുമാറ്റം ഒഴിവാക്കുന്നതിനു പുറമേ, ഇണയോടുണ്ടായിരുന്ന ആദരവ് വീണ്ടെടുക്കാൻ നിങ്ങൾക്ക് എന്തെല്ലാം ചെയ്യാനാകും? ഉത്തരം കണ്ടെത്തുന്നതിന്, ദാമ്പത്യത്തെ ഒരു വീടായി സങ്കൽപ്പിക്കുക. അടുത്തതായി, ഇണകൾക്കിടയിലെ ദയാപുരസ്സരമായ സംസാരം, പരിഗണനയോടുകൂടിയ പ്രവൃത്തികൾ, ആദരവ് പ്രതിഫലിപ്പിക്കുന്ന പെരുമാറ്റം എന്നിവ വീടിനു മോടി കൂട്ടുന്ന അലങ്കാരവസ്തുക്കളാണെന്നും കരുതുക. നിങ്ങൾക്കും ഇണയ്ക്കും തമ്മിൽ അടുപ്പമുണ്ടെങ്കിൽ ഭംഗിയുള്ള വസ്തുക്കൾകൊണ്ട് അലങ്കരിച്ചിരിക്കുന്ന മനോഹരമായ ഒരു വീടുപോലെയായിരിക്കും ദാമ്പത്യം. എന്നാൽ, പരസ്പരമുള്ള സ്നേഹത്തിനു മങ്ങലേൽക്കുന്നെങ്കിൽ, അലങ്കാരങ്ങളേതുമില്ലാത്ത നിറം മങ്ങിയ ഒരു വീടുപോലെയായിത്തീരും അത്. വിവാഹത്തെ ആദരിക്കാനുള്ള ദൈവകല്പന അനുസരിക്കാൻ ആഗ്രഹിക്കുന്ന സ്ഥിതിക്ക്, സാഹചര്യം മെച്ചപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുമെന്നതിനു സംശയമില്ല. അമൂല്യവും ആദരണീയവും ആയ ഒന്നു നന്നാക്കിയെടുക്കാൻ ശ്രമിക്കുന്നത് ഒരിക്കലും ഒരു നഷ്ടമാകില്ല. നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാം? ദൈവവചനം പറയുന്നു: “ജ്ഞാനംകൊണ്ട് വീടു പണിയുന്നു; വകതിരിവുകൊണ്ട് അതു സുരക്ഷിതമാക്കുന്നു. അറിവുകൊണ്ട് അതിന്റെ മുറികളിൽ മനോഹരമായ അമൂല്യവസ്തുക്കളെല്ലാം നിറയ്ക്കുന്നു.” (സുഭാഷിതങ്ങൾ 24:3, 4) ഇതു ദാമ്പത്യത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്നു നോക്കാം.
21. ദാമ്പത്യത്തെ പടിപടിയായി ബലിഷ്ഠമാക്കാൻ നമുക്ക് എന്തു ചെയ്യാനാകും? (“എന്റെ വിവാഹബന്ധം എങ്ങനെ മെച്ചപ്പെടുത്താം?” എന്ന ചതുരവും കാണുക.)
21 സന്തോഷം നിറഞ്ഞുതുളുമ്പുന്ന ഒരു വീട്ടിലെ അമൂല്യനിക്ഷേപങ്ങളിൽപ്പെടുന്നതാണ് ആത്മാർഥസ്നേഹം, ദൈവഭയം, അടിയുറച്ച വിശ്വാസം തുടങ്ങിയ ഗുണങ്ങൾ. (സുഭാഷിതങ്ങൾ 15:16, 17; 1 പത്രോസ് 1:7) ശക്തമായ ദാമ്പത്യം പടുത്തുയർത്താൻ സഹായിക്കുന്ന ഘടകങ്ങളാണ് അവ. എന്നാൽ മേൽപ്പറഞ്ഞ വാക്യത്തിൽ പറഞ്ഞ മുറികൾ അമൂല്യവസ്തുക്കൾകൊണ്ട് നിറയുന്നത് എങ്ങനെയാണെന്നു നിങ്ങൾ ശ്രദ്ധിച്ചോ? “അറിവുകൊണ്ട്.” അതെ, ബൈബിളിൽനിന്ന് കിട്ടുന്ന അറിവിന് ആളുകളുടെ ചിന്താഗതിയിൽ മാറ്റം വരുത്താനും പരസ്പരമുണ്ടായിരുന്ന സ്നേഹം പുനർജ്വലിപ്പിക്കാനും ഉള്ള കഴിവുണ്ട്, പക്ഷേ അതു പ്രാവർത്തികമാക്കണമെന്നുമാത്രം. (റോമർ 12:2; ഫിലിപ്പിയർ 1:9) അതുകൊണ്ട്, നിങ്ങളും ഇണയും ഒരുമിച്ചിരുന്ന് ദിനവാക്യമോ, ദാമ്പത്യത്തെപ്പറ്റി ഉണരുക!-യിലോ വീക്ഷാഗോപുരത്തിലോ വന്ന ഒരു ബൈബിളധിഷ്ഠിതലേഖനമോ പരിചിന്തിക്കുന്നത്, വീടിന്റെ മനോഹാരിത കൂട്ടുന്ന ഒരു അലങ്കാരവസ്തു വാങ്ങാനുള്ള ഉദ്ദേശ്യത്തിൽ അതു പരിശോധിക്കുന്നതുപോലെയായിരിക്കും. യഹോവയോടുള്ള സ്നേഹത്താൽ പ്രേരിതരായി ആ ബുദ്ധിയുപദേശങ്ങൾ നിങ്ങളുടെ ദാമ്പത്യത്തിൽ പ്രാവർത്തികമാക്കുമ്പോൾ ആ അലങ്കാരവസ്തുക്കളെ വീടിന്റെ മുറികളിലേക്കു കൊണ്ടുവരുകയായിരിക്കും നിങ്ങൾ. ഫലമോ? മുമ്പ് ആസ്വദിച്ചിരുന്ന സ്നേഹവും ഊഷ്മളതയും ഒരിക്കൽക്കൂടെ നിങ്ങളുടെ ദാമ്പത്യത്തിനു നിറംപകർന്നേക്കാം.
22. ദാമ്പത്യം ബലിഷ്ഠമാക്കുന്നതിലെ നമ്മുടെ പങ്കു നന്നായി ചെയ്താൽ എന്തു സംതൃപ്തി തോന്നും?
22 ആ അലങ്കാരങ്ങൾ ഒന്നൊന്നായി സജ്ജീകരിച്ച് ദാമ്പത്യത്തിന്റെ മനോഹാരിത വീണ്ടെടുക്കാൻ നല്ല സമയവും ശ്രമവും വേണ്ടിവരുമെന്നതിനു തർക്കമില്ല. എന്നാൽ, നിങ്ങളുടെ ഭാഗം നന്നായി ചെയ്യാൻ ശ്രമിക്കുന്നെങ്കിൽ, “പരസ്പരം ബഹുമാനം കാണിക്കുന്നതിൽ മുൻകൈയെടുക്കുക” എന്ന ദിവ്യകല്പന അനുസരിക്കുന്നതിന്റെ സംതൃപ്തി നിങ്ങൾ അനുഭവിച്ചറിയും. (റോമർ 12:10; സങ്കീർത്തനം 147:11) എല്ലാറ്റിലുമുപരി, ദാമ്പത്യത്തെ ആദരിക്കാനുള്ള നിങ്ങളുടെ ആത്മാർഥശ്രമങ്ങൾ ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നിങ്ങളെ സഹായിക്കും.
a മറ്റു പല ഉദ്ബോധനങ്ങളുടെയും ഭാഗമായിട്ടാണു വിവാഹം സംബന്ധിച്ച ബുദ്ധിയുപദേശവും പൗലോസ് നൽകിയതെന്ന് അതിനോടു ചേർന്നുള്ള മറ്റു ബൈബിൾവാക്യങ്ങൾ വ്യക്തമാക്കുന്നു.—എബ്രായർ 13:1-5.