കണ്ണാടി എന്തു വെളിപ്പെടുത്തുന്നു?
കണ്ണാടിയിലൊന്നു നോക്കുക. നിങ്ങൾ എന്തു കാണുന്നു? ചിലപ്പോൾ കണ്ണാടിയിലൊന്നു നോക്കുമ്പോഴാകാം നിങ്ങളുടെ ബാഹ്യപ്രകൃതത്തിൽ അലോസരപ്പെടുത്തുന്ന എന്തെങ്കിലുമൊരു പിശകു കണ്ടെത്തുക. എന്നാൽ മറ്റുള്ളവർ കാണുന്നതിനുമുമ്പ് അതു നീക്കാൻ നിങ്ങൾക്കു സന്തോഷമേയുള്ളൂ.
ബൈബിൾ ഏതാണ്ട് ഒരു കണ്ണാടിപോലെയാണ്. നമ്മെക്കുറിച്ചുതന്നെ സത്യസന്ധമായ ഒരു കാഴ്ചപ്പാടു ലഭിക്കാൻ അതിനു നമ്മെ സഹായിക്കാനാവും. അതു ദൈവദൃഷ്ടികളിൽ നമുക്കുള്ള വിലയെക്കുറിച്ച് ആവശ്യത്തിലധികമോ തീരെ കുറച്ചോ ചിന്തിക്കാതിരിക്കാൻ സഹായിക്കും. (മത്തായി 10:29-31; റോമർ 12:3) അതിലുപരി, നമ്മുടെ വാക്കുകളിലോ പ്രവൃത്തികളിലോ മനോഭാവങ്ങളിലോ ഉള്ള, നാം തിരുത്തേണ്ടതായ പാളിച്ചകൾ ബൈബിളിനു വെളിപ്പെടുത്താനാവും. ഇങ്ങനെ സംഭവിക്കുമ്പോൾ, കണ്ണാടി വെളിപ്പെടുത്തുന്നതിനെ നിങ്ങൾ അവഗണിക്കുമോ?
“വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു,” ബൈബിളെഴുത്തുകാരനായ യാക്കോബ് പറയുന്നു.—യാക്കോബ് 1:23, 24.
അതിനു വിപരീതമായി, “സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനിൽക്കുന്ന” മറ്റൊരു മനുഷ്യനെ യാക്കോബ് വർണിക്കുന്നു. (യാക്കോബ് 1:25) ‘ഉറ്റുനോക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥം സമീപത്തേക്കു കുനിയുക അഥവാ നോക്കാൻവേണ്ടി മുന്നോട്ടു വളയുക എന്നാണ്. “പ്രസ്തുത പദത്തിന് ഓടിച്ചുള്ള ഒരു നോട്ടത്തെക്കാൾ അധികം അർഥമുണ്ട്,” തിയോളജിക്കൽ ഡിക്ഷ്ണറി ഓഫ് ദ ന്യൂ ടെസ്റ്റമെൻറ് പറയുന്നു. ഒളിഞ്ഞിരിക്കുന്ന ഒരു വസ്തുവിനുവേണ്ടിയുള്ള ശ്രദ്ധാപൂർവമായ അന്വേഷണത്തെ സൂചിപ്പിക്കുന്നതാണ് ആ പദം. “കാഴ്ചക്കാരനെ സംബന്ധിച്ചിടത്തോളം കാണാനും ഉടൻതന്നെ സംഗതിയുടെ അർഥം ഗ്രഹിക്കാനും ബുദ്ധിമുട്ടാണെങ്കിൽപ്പോലും അയാൾ കാണാൻ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട എന്തോ ഉണ്ട്,” ബൈബിൾ വ്യാഖ്യാതാവായ ആർ. വി. ജി. റ്റസ്ക്കർ എഴുതുന്നു.
അങ്ങനെ ദൈവവചനമെന്ന കണ്ണാടിയിൽ നിങ്ങൾ നിങ്ങളെത്തന്നെ സൂക്ഷ്മപരിശോധന നടത്തുമോ? യാക്കോബ് ഇങ്ങനെ തുടർന്നു പറയുന്നു: “കേട്ടു മറക്കുന്നവനല്ല, എന്നാൽ പ്രവൃത്തി ചെയ്യുന്നവൻ [അതു] ചെയ്യുന്നതിൽ സന്തുഷ്ടനാകും.”—യാക്കോബ് 1:25, NW.