യഹോവയിൽആശ്രയം പ്രകടമാക്കുക—പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ട്
“യഹോവയിൽ ആശ്രയിക്കുകയും നൻമചെയ്യുകയും ചെയ്യുക; ഭൂമിയിൽ വസിച്ച് വിശ്വസ്തതയോടെ ഇടപെടുക.”—സങ്കീർത്തനം 37:3.
1, 2. (എ) വ്യക്തിപരമായ പഠനത്തിന്റെ ഉദ്ദിഷ്ടഫലമെന്തായിരിക്കണം? (ബി) യാക്കോബ് ഏതു ദൃഷ്ടാന്തം നൽകുന്നു, അവൻ വർണ്ണിച്ച നോട്ടം സാധാരണമായ ഒന്നാണോ?
ഒരുവൻ ദൈവവചനം പഠിക്കുന്നത് കേവലം വ്യക്തിപരമായ ആസ്വാദനത്തിനുവേണ്ടിയല്ല. പഠനം യഹോവയിൽ ആശ്രയം നട്ടുവളർത്തുന്നതിനുള്ള ഒരു മുഖാന്തരമായിരിക്കണം. (സദൃശവാക്യങ്ങൾ 3:1-5) ദൈവികമായ ആശ്രയം ക്രമത്തിൽ ഒരു വ്യക്തി നൻമചെയ്യുന്നതിൽ പ്രത്യക്ഷമാകുന്നുവെന്ന് സങ്കീർത്തനക്കാരന്റെ മേൽപ്പറഞ്ഞ വാക്കുകൾ പ്രകടമാക്കുന്നു.
2 യാക്കോബ് ഇങ്ങനെ പ്രോൽസാഹിപ്പിച്ചു: “തെററായ ന്യായവാദത്താൽ നിങ്ങളേത്തന്നെ ചതിക്കാതെ വചനത്തിന്റെ കേൾവിക്കാർ മാത്രമല്ല, പ്രവർത്തകർ ആയിരിക്കുക. എന്തെന്നാൽ ഒരുവൻ വചനത്തിന്റെ പ്രവർത്തകനല്ല, കേൾവിക്കാരനാണെങ്കിൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ഒരു മനുഷ്യനെപ്പോലെയാകുന്നു. എന്തെന്നാൽ അവൻ തന്നേത്തന്നെ നോക്കുന്നു, അവൻ പോകുന്നു, പെട്ടെന്ന് താൻ ഏതു തരം മനുഷ്യനാണെന്ന് മറന്നുപോകുന്നു.” (യാക്കോബ് 1:22-24) അതുകൊണ്ട് ഈ നോട്ടം കേവലം ഒരു ക്ഷണികനോട്ടം ആയിരിക്കേണ്ടതല്ലായിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന “നോക്കുക” എന്നതിന്റെ ഗ്രീക്ക്പദം അടിസ്ഥാനപരമായി “ഒരു വസ്തുവിനെ സംബന്ധിച്ച ചില വസ്തുതകൾ ഗ്രഹിക്കുന്നതിനുള്ള മനസ്സിന്റെ പ്രവർത്തനത്തെ സൂചിപ്പിക്കുന്നു.”—പുതിയനിയമ പദങ്ങളുടെ ഒരു വ്യാഖ്യാന നിഘണ്ടു, ഡബ്ലിയു. ഈ. വൈനിന്റേത്; പ്രവൃത്തികൾ 7:31 താരതമ്യംചെയ്യുക, രാജ്യവരിമദ്ധ്യവിവർത്തനം.
3. കണ്ണാടിയിൽ നോക്കുന്ന ഒരു മനുഷ്യൻ “താൻ ഏതുതരം മനുഷ്യൻ” ആണെന്ന് മറന്നുപോയേക്കാവുന്നതെങ്ങനെ?
3 അപ്പോൾ ഒരു കണ്ണാടിയിൽ തന്നേത്തന്നെ സൂക്ഷ്മപരിശോധന നടത്തി ഒരുപക്ഷേ പ്രതിബിംബം ഏറെക്കുറെ പ്രശംസനീയമല്ലെന്ന് കണ്ടെത്തുന്ന മനുഷ്യനെ സങ്കൽപ്പിക്കുക. അയാൾ അതിഭക്ഷണത്തിൽനിന്നുണ്ടായ വീർത്ത താടിയും നിദ്രാരാഹിത്യത്തിൽനിന്നുള്ള ഇടുമ്മിക്കലും ശല്യപ്പെടുത്തുന്ന ഉൽക്കണ്ഠകളാലുള്ള ചുളിവീണ നെററിയും കണ്ടേക്കാം. തന്നേത്തന്നെ മുഖാമുഖം കാണുകയാൽ അയാൾ ശീലത്തിലും ജീവിതരീതിയിലും പണ്ടേ വരുത്തേണ്ടിയിരുന്ന മാററങ്ങൾ വരുത്താൻ അയാൾ തീരുമാനിക്കുന്നു. പിന്നീട് അയാൾ “പോകുന്നു.” അസഹ്യപ്പെടുത്തുന്ന പ്രതിബിംബം കാഴ്ചയിൽനിന്നു മറഞ്ഞ സുഖത്തിൽ തന്റെ മുഖം എങ്ങനെയായിരുന്നുവെന്നല്ല, പിന്നെയോ “താൻ എങ്ങനെയുള്ള മനുഷ്യനാണെന്ന്” “പെട്ടെന്ന് മറക്കുന്നു.” മാററങ്ങൾ വരുത്താനുള്ള അയാളുടെ തീരുമാനം വൈകുന്നു.
4. യാക്കോബിന്റെ ദൃഷ്ടാന്തം നമ്മുടെ തിരുവെഴുത്തു പഠനത്തിന് ബാധകമാകുന്നതെങ്ങനെ?
4 സമാനമായി, നിങ്ങൾ ബൈബിളിന്റെ പ്രാപ്തനായ ഒരു പഠിതാവായിരിക്കാം. എന്നിരുന്നാലും ദൈവവചനമായ കണ്ണാടിയിൽ നിങ്ങൾ കാണുന്നതിനോട് നിങ്ങൾ എങ്ങനെ പ്രതിവർത്തിക്കുന്നു? ആത്മീയന്യൂനതകളും കളങ്കങ്ങളും പ്രതിഫലിക്കുമ്പോൾ അത് നിങ്ങൾക്ക് ക്ഷണികമായ വിചാരമേ ഉളവാക്കുന്നുള്ളോ, അതോ ന്യൂനതകൾ പരിഹരിക്കാൻ നിങ്ങൾ ഒരു ദൃഢമായ തീരുമാനമെടുക്കുന്നുവോ? യാക്കോബ് ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്നാൽ സ്വാതന്ത്ര്യത്തിന്റേതായ പൂർണ്ണതയുള്ള നിയമത്തിലേക്ക് ഉററുനോക്കുകയും അതിൽ നിലനിൽക്കുകയും ചെയ്യുന്നവൻ, ആ മനുഷ്യൻ, മറവിയുള്ള ഒരു കേൾവിക്കാരനല്ല, പിന്നെയോ വേല ചെയ്യുന്നവൻ എന്ന നിലയിൽ താൻ അതു ചെയ്യുന്നതിൽ സന്തുഷ്ടനായിരിക്കും.” (യാക്കോബ് 1:25) സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രാർത്ഥിച്ചു: “യഹോവേ, ഞാൻ നിന്റെ ചട്ടങ്ങൾ അവസാനത്തേതുവരെ അനുസരിക്കേണ്ടതിന് അവയുടെ വഴി എന്നെ പഠിപ്പിക്കേണമേ.”—സങ്കീർത്തനം 119:33.
നമ്മുടെ നടപടികൾ നമ്മെക്കുറിച്ച് അറിയിക്കുന്നത്
5. (എ) നമ്മുടെ നടപടികൾ നമ്മേ സംബന്ധിച്ച് എന്ത് അറിയിക്കുന്നു? (ബി) “ദ്രോഹം പ്രവർത്തിക്കുന്നവർക്ക്” ഏതു ഭാവി കാത്തിരിക്കുന്നു?
5 യഥാർത്ഥത്തിൽ, നാം ചെയ്യുന്നത് അല്ലെങ്കിൽ ആചരിക്കുന്നത് നാം അകമേ ആരാണെന്ന് തെളിയിക്കുന്നു. ഒരു വ്യക്തി നൻമയോ തിൻമയോ ചെയ്തുകൊണ്ട് ഏതെങ്കിലും ഒരു സമയത്ത് “രഹസ്യവ്യക്തിത്വ”ത്തെ പ്രകടമാക്കുന്നു. (സങ്കീർത്തനം 51:6) ശലോമോൻ ഇങ്ങനെ പറഞ്ഞു: “ഒരു ബാലൻ തന്റെ നടപടികളാൽ പോലും തന്റെ പ്രവർത്തനം ശുദ്ധവും നേരുള്ളതുമോ എന്നതുസംബന്ധിച്ച് തന്നേത്തന്നെ തിരിച്ചറിയിക്കുന്നു.” (സദൃശവാക്യങ്ങൾ 20:11) ചെറുപ്പമായിരുന്നപ്പോൾ യാക്കോബിനെയും ഏശാവിനെയും സംബന്ധിച്ച് ഇത് സത്യമായിരുന്നു. സമയം കടന്നുപോയപ്പോൾ ഏശാവിന്റെ നടപടികൾ ഈ ആത്മീയ വിലമതിപ്പില്ലായ്മ പ്രകടമാക്കി. (ഉല്പത്തി 25:27-34; എബ്രായർ 12:16) ഇത് യഹോവയിൽ ആശ്രയിച്ചവരായി അവകാശപ്പെട്ടെങ്കിലും “ദ്രോഹം പ്രവർത്തിക്കുന്നവർ” എന്ന് ബൈബിൾ വിളിക്കുന്നവരെന്നു തെളിയിച്ച ആയിരങ്ങളെക്കുറിച്ചും സത്യമായിരിക്കുന്നു. (ഇയ്യോബ് 34:8) സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “ദുഷ്ടൻമാർ സസ്യങ്ങൾ പോലെ മുളക്കുകയും ദ്രോഹം പ്രവർത്തിക്കുന്നവരെല്ലാം തഴക്കുകയും ചെയ്യുമ്പോൾ അത് അവർ നിർമ്മൂലമാക്കപ്പെടേണ്ടതിനാണ്.”—സങ്കീർത്തനം 92:7.
6. യഹോവയിലുള്ള നമ്മുടെ ആശ്രയം നാം ഇപ്പോൾ പ്രകടമാക്കേണ്ടത് അത്യാവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
6 ദുഷ്ടജനങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്, അവരുടെ നാശം പെട്ടെന്ന് സംഭവിക്കും; ദൈവം ദുഷ്പ്രവൃത്തിക്കാരെ അനിശ്ചിതമായി പൊറുക്കുകയില്ല. (സദൃശവാക്യങ്ങൾ 10:29) അതുകൊണ്ട് നാം യഹോവയിലുള്ള നമ്മുടെ ആശ്രയം നാം പഠിക്കുന്നത് പ്രാവർത്തികമാക്കുന്നതിനാൽ പ്രകടമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. “ജനതകളുടെ ഇടയിൽ നിങ്ങളുടെ നടത്ത നല്ലതായി നിലനിർത്തുക”യെന്ന് പത്രോസ് ഉദ്ബോധിപ്പിക്കുന്നു. (1 പത്രോസ് 2:12) അപ്പോൾ, നമുക്ക് മെച്ചപ്പെടാവുന്ന ചില മണ്ഡലങ്ങളേവയാണ്?
മററള്ളവരോടുള്ള നമ്മുടെ ഇടപെടൽ
7. “പുറത്തുള്ളവരോടുള്ള” നമ്മുടെ ഇടപെടലുകളിൽ നാം ജാഗ്രതയുള്ളവരായിരിക്കേണ്ടതെന്തുകൊണ്ട്?
7 ഒരു മണ്ഡലം നാം മററുള്ളവരോട് ഇടപെടുന്ന വിധമായിരിക്കാം. സദൃശവാക്യങ്ങൾ 13:20 മുന്നറിയിപ്പു നൽകുന്നു: “മൂഢൻമാരോട് ഇടപാടുകളുള്ളവന് ദോഷം ഭവിക്കും.” ഈ നിശ്വസ്ത ബുദ്ധിയുപദേശം ബാധകമാക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ട് ചിലർ ജോലിസ്ഥലത്തോ സ്ക്കൂളിലോ ലോക വ്യക്തികളുമായി അമിതപരിചയത്തിലാകാൻ തങ്ങളേത്തന്നെ അനുവദിക്കുന്നു. അങ്ങനെ ഒരു വിവാഹിത സഹോദരൻ തന്റെ ജോലിസ്ഥലത്ത് ഒരു സ്ത്രീയുമായി അശുദ്ധ നടത്തയിലേർപ്പെട്ടു. അയാൾ പുരുഷൻമാരായ സഹജോലിക്കാരുമായി സ്ഥലത്തെ മദ്യഷാപ്പുകളിലേക്കും പോയി, അത് അയാൾ കുടിച്ചു മത്തനാകുന്നതിൽ കലാശിച്ചു. തീർച്ചയായും, നാം “പുറത്തുള്ളവരുടെ കാര്യത്തിൽ ജ്ഞാനത്തോടെ നടക്കേണ്ട”താണ്.—കൊലോസ്യർ 4:5.
8. സഹക്രിസ്ത്യാനികളുമായുള്ള ഇടപെടലുകളിൽ ചിലർക്ക് എങ്ങനെ മെച്ചപ്പെടാവുന്നതാണ്?
8 എന്നാൽ സഹക്രിസ്ത്യാനികളോടുള്ള നമ്മുടെ ഇടപെടൽ സംബന്ധിച്ചെന്ത്? ദൃഷ്ടാന്തമായി, നിങ്ങൾ ഒരു സഹോദരനു കുറേ പണം കൊടുക്കാനുണ്ടെന്നിരിക്കട്ടെ. സഹോദരന് ക്ഷേമമാണെന്നു തോന്നുന്നതുകൊണ്ട് തനിക്ക് ആ പണം ആ സഹോദരനെക്കാൾ ആവശ്യമുണ്ടെന്ന് ന്യായവാദംചെയ്തുകൊണ്ട് അയാൾക്ക് തിരികെ കൊടുക്കുന്നതിന് അനാവശ്യമായി നിങ്ങൾ താമസം വരുത്താമോ? “ദുഷ്ടൻ വായ്പ വാങ്ങുന്നു, എന്നാൽ തിരികെ കൊടുക്കുന്നില്ല” എന്ന് സങ്കീർത്തനം 37:21 പറയുന്നു. അല്ലെങ്കിൽ നിങ്ങൾ ഒരു മുതലാളിയാണെങ്കിൽ സാക്ഷികളായ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കുന്ന കാര്യത്തിൽ “ജോലിക്കാരൻ തന്റെ ശമ്പളത്തിന് അർഹനാണ്” എന്ന തത്വം നിങ്ങൾ ബാധകമാക്കുന്നുവോ? (1 തിമൊഥെയോസ് 5:18) പൗലോസിന് തന്റെ സ്വന്തം പെരുമാററങ്ങളെ സംബന്ധിച്ച് ഇങ്ങനെ പറയാൻ കഴിഞ്ഞു: “വിശുദ്ധിയോടും ദൈവികമായ ആത്മാർത്ഥതയോടുംകൂടെ . . . ഞങ്ങൾ ലോകത്തിൽ, വിശേഷാൽ നിങ്ങളുടെ കാര്യത്തിൽ നടന്നിരിക്കുന്നു.”—2 കൊരിന്ത്യർ 1:12.
വിനീതമായ വസ്ത്രധാരണവും ചമയവും
9. ചില മൂപ്പൻമാർ വസ്ത്രധാരണത്തിലും ചമയത്തിലും ഏതു പ്രവണത നിരീക്ഷിച്ചിരിക്കുന്നു?
9 ജർമ്മനിയിലെ ഒരു സഞ്ചാരമേൽവിചാരകൻ സ്ഥലത്തെ ചില ക്രിസ്ത്യാനികളുടെ യോഗങ്ങളിലെ തീരെ അശ്രദ്ധമായ വേഷം നിമിത്തം അവരെ “റെറന്നിസ് ഷൂ” തലമുറ എന്നു വിളിച്ചു. “നമ്മുടെ ബഹുഭൂരിപക്ഷം സഹോദരൻമാരും വിനീതമായി വസ്ത്രംധരിക്കുന്നു”വെങ്കിലും യോഗങ്ങൾക്കു ഹാജരാകുന്ന ചിലർ “പ്രാകൃതവേഷത്തിന്റെ അതിരോളം എത്തുന്നു” എന്ന് ബ്രാഞ്ചാഫീസ് കൂട്ടിച്ചേർത്തു. “വ്യക്തിപരമായ ശുചിത്വം ഇവിടെ ഒരു പ്രശ്നമാണ് . . . ചില സഹോദരൻമാർ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നില്ല. യോഗങ്ങൾക്കോ വയൽസേവനത്തിനോ പോകുമ്പോൾ അവർ മുടിചീകാതെയും വൃത്തിഹീനമായും പോകുന്നു” എന്ന് മറെറാരു രാജ്യം റിപ്പോർട്ടുചെയ്യുന്നു. എല്ലാ വിധത്തിലും യഹോവയുടെ ദാസൻമാർ വൃത്തിയും ശുദ്ധിയുമുള്ളവരായിരിക്കുന്നത് എത്ര പ്രധാനമാണ്!—2 കൊരിന്ത്യർ 7:1.
10. (എ) നമ്മുടെ വസ്ത്രധാരണവും ചമയവും തെരഞ്ഞെടുക്കുന്നതുസംബന്ധിച്ച് ഏതു തത്വം നമ്മെ നയിക്കേണ്ടതാണ്? (ബി) ബുദ്ധിയുപദേശം എപ്പോൾ ഉചിതമായിരിക്കാം, നാം എങ്ങനെ ചെവികൊടുക്കണം?
10 വിശേഷിച്ച് നാം ആത്മീയപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുമ്പോൾ നാം “യോഗ്യമായും ഉചിതമായും വിനീതമായി വസ്ത്രധാരണം നടത്തേണ്ട”തുണ്ട്. (1 തിമൊഥെയോസ് 2:9, ന്യൂ ഇൻറർനാഷനൽ വേർഷൻ) ഒരു പ്രത്യേക സ്റൈറൽ അങ്ങേയററം ഫാഷ്യനാണോയെന്നതല്ല പ്രശ്നം, എന്നാൽ അത് ദൈവത്തിന്റെ ഒരു ശുശ്രൂഷകനെന്ന് അവകാശപ്പെടുന്ന ഒരാൾക്ക് ഉചിതമാണോയെന്നതാണ്. (റോമർ 12:2; 2 കൊരിന്ത്യർ 6:3) അമിതമായി അശ്രദ്ധവും ഇറുകിയതുമായ വസ്ത്രങ്ങൾക്ക് നമ്മുടെ സന്ദേശത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ കഴിയും. ഹീനമായും മനഃപൂർവമായും പുരുഷൻമാരെ സ്ത്രീകളാക്കുന്നതോ സ്ത്രീകളെ പുരുഷൻമാരാക്കുന്നതോ ആയ സ്റൈറലുകൾ തീർച്ചയായും ക്രമത്തിലല്ല. (ആവർത്തനം 22:5 താരതമ്യംചെയ്യുക.) തീർച്ചയായും, കാലാവസ്ഥയോ തൊഴിലിന്റെ ആവശ്യമോ അനുസരിച്ച് സ്ഥലപരമായ ആചാരങ്ങൾക്ക് വ്യത്യാസമുണ്ടായിരിക്കാം. തന്നിമിത്തം ലോകവ്യാപകസഹോദരവർഗ്ഗത്തിനുവേണ്ടിയെല്ലാമായി ക്രിസ്തീയസഭ ഖണ്ഡിതമായ ചട്ടങ്ങൾ വെക്കുന്നില്ല. മൂപ്പൻമാർ ആട്ടിൻകൂട്ടത്തിൻമേൽ തങ്ങളുടെ വ്യക്തിപരമായ അഭിരുചികൾ അടിച്ചേൽപ്പിക്കാനും പാടില്ല. എന്നിരുന്നാലും, ഒരു രാജ്യപ്രസാധകന്റെ ചമയത്തിന്റെ സ്റൈറൽ സഭയെ പൊതുവേ അസഹ്യപ്പെടുത്തുകയോ ശുശ്രൂഷയിൽനിന്ന് ശ്രദ്ധ പതറിക്കുകയോ ചെയ്യുന്നുവെങ്കിൽ ദയാപൂർവകമായ ബുദ്ധിയുപദേശം കൊടുക്കുന്നത് ഉചിതമാണ്. നിങ്ങൾ യഹോവയിലുള്ള ആശ്രയം പ്രകടമാക്കിക്കൊണ്ട് താഴ്മയോടെ അത്തരം ബുദ്ധിയുപദേശത്തിന് ചെവികൊടുക്കുമോ?—എബ്രായർ 12:7
രാജ്യാന്വേഷകർക്കുവേണ്ടി കരുതാൻ ദൈവത്തിൽ ആശ്രയിക്കൽ
11. ചിലർ ഭൗതികവസ്തുക്കളുടെ തേട്ടത്തിൽ അകപ്പെട്ടുപോയിരിക്കുന്നതെങ്ങനെ, ഇത് ബുദ്ധിശൂന്യമായിരിക്കുന്നതെന്തുകൊണ്ട്?
11 “അപ്പോൾ ഒന്നാമതായി രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക, ഈ മററുള്ളവയെല്ലാം നിങ്ങൾക്ക് കൂട്ടപ്പെടും.” (മത്തായി 6:33) ആ വാക്കുകൾ അനുസരിക്കുന്നതിൽ ചിലർ പരാജയപ്പെടുന്നത് എത്ര സങ്കടകരം! സാമ്പത്തികഭദ്രതയുടെ സാങ്കല്പികകഥ ഉൾക്കൊണ്ടുകൊണ്ട് അവർ സാഹസികമായി ധനവും ലൗകികവിദ്യാഭ്യാസവും ലോകജീവിതവൃത്തികളും തേടുകയും “തങ്ങളുടെ ഉപജീവനമാർഗ്ഗത്തിൽ” ആശ്രയിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 49:6) ശലോമോൻ ഇങ്ങനെ മുന്നറിയിപ്പുനൽകുന്നു: “ധനം നേടാൻ അദ്ധ്വാനിക്കരുത്. . . . അത് ഒന്നുമല്ലാത്തപ്പോൾ നീ നിന്റെ കണ്ണുകൾ അതിനെ നോക്കാനിടയാക്കിയിരിക്കുന്നുവോ? എന്തെന്നാൽ അത് തീർച്ചയായും അതിനുവേണ്ടി ഒരു പരുന്തിന്റേതുപോലെയുള്ള ചിറകുകളുണ്ടാക്കി ആകാശങ്ങളിലേക്ക് പറന്നുപോകുന്നു.”—സദൃശവാക്യങ്ങൾ 23:4, 5.
12. ധനം അന്വേഷിക്കുന്നവർ ‘അനേകം വേദനകളോടെ ആസകലം തങ്ങളേത്തന്നെ കുത്തിമുറിവേൽപ്പിച്ചിരിക്കുന്നത്’ എങ്ങനെ?
12 അപ്പോസ്തലനായ പൗലോസ് കൂടുതലായി ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “എന്തെന്നാൽ പണസ്നേഹം സകലവിധ ദോഷങ്ങൾക്കും മൂലകാരണമാകുന്നു, ഈ സ്നേഹത്തിനുവേണ്ടി എത്തിപ്പിടിച്ചുകൊണ്ട് ചിലർ വിശ്വാസത്തിൽനിന്ന് വഴിതെററിക്കപ്പെടുകയും അനേകം വേദനകളോടെ തങ്ങളേത്തന്നെ ആസകലം കുത്തിമുറിവേൽപ്പിക്കുകയും ചെയ്തിരിക്കുന്നു.” (1 തിമൊഥെയോസ് 6:10) യൂ. എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ടിലെ ഒരു അഭിമുഖത്തിൽ ധനം തേടുന്ന അനേകം യുവതീയുവാക്കൾ “അസംതൃപ്തിയുടെയും ഉൽക്കണ്ഠയുടെയും മ്ലാനതയുടെയും ശൂന്യതയുടെയും മനോരോഗത്തിന്റെയും തോന്നലുകളും തലവേദന, പുറംവേദന, ഉദരാസ്വാസ്ഥ്യങ്ങൾ, ഉറക്കമില്ലായ്മ, ആഹാരപ്രശ്നങ്ങൾ മുതലായ ഒട്ടേറെ ശാരീരികരോഗങ്ങളും റിപ്പോർട്ടുചെയ്യുന്നു”വെന്ന് ഡോ. ഡഗ്ലസ് ലാബിയർ പറയുകയുണ്ടായി.
13. “ആഹാരവും ആവരണവും”കൊണ്ട് തൃപ്തിപ്പെടുന്നത് ഏററവും നല്ലതായിരിക്കുന്നതെന്തുകൊണ്ട്?
13 തങ്ങൾക്കുവേണ്ടി കരുതാൻ യഹോവയെ ആശ്രയിക്കുന്നവർ വളരെയധികം വേദനയും ഉൽക്കണ്ഠയും ഒഴിവാക്കുന്നു. കേവലം “ആഹാരവും ആവരണവുംകൊണ്ട്” തൃപ്തിപ്പെടുന്നത് എളിമയേറിയ ഒരു ജീവിതനിലവാരത്തെ അർത്ഥമാക്കിയേക്കാമെന്നതു സത്യംതന്നെ. (1 തിമൊഥെയോസ് 6:8) “എന്നാൽ ക്രോധദിവസത്തിൽ വിലയേറിയ വസ്തുക്കൾ നിഷ്പ്രയോജനകരമായിരിക്കും.” (സദൃശവാക്യം 11:4) കൂടാതെ, നാം യഹോവക്കായുള്ള നമ്മുടെ സേവനത്തെ വർദ്ധിപ്പിക്കുമ്പോൾ നാം നമ്മേത്തന്നെ “യഹോവയുടെ അനുഗ്രഹ”ത്തിനുള്ള നിരയിലാക്കിത്തീർക്കുന്നു, അതാണ് “സമ്പന്നനാക്കുന്നത്, അവൻ അതിനോട് വേദന കൂട്ടുന്നില്ല.”—സദൃശവാക്യങ്ങൾ 10:22.
“സമാധാനം അന്വേഷിച്ചു പിന്തുടരുക”
14, 15. (എ) ഏതു തരം പ്രശ്നങ്ങൾ ചിലപ്പോൾ സഭയുടെ സമാധാനത്തെ ഭഞ്ജിച്ചിരിക്കുന്നു? (ബി) വിയോജിപ്പുകൾ ഉണ്ടാകുമ്പോൾ എങ്ങനെ സമാധാനം പിന്തുടരാൻ കഴിയും?
14 യഹോവയിലുള്ള നമ്മുടെ ആശ്രയം പ്രകടമാക്കാനുള്ള മറെറാരു വഴി നമ്മുടെ സഹവിശ്വാസികളുടെ ഇടയിൽ “സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക”യാണ്. (1 പത്രോസ് 3:10-12) എന്നാൽ ചില സമയങ്ങളിൽ, രാജ്യഹാളിന്റെ അലങ്കാരം, സഭാപ്രദേശങ്ങൾസംബന്ധിച്ചുള്ള ക്രമീകരണങ്ങൾ, പുസ്തകാദ്ധ്യയന നിയമനങ്ങൾ, മാസികകളുടെയും സാഹിത്യത്തിന്റെയും കൈകാര്യം എന്നിങ്ങനെയുള്ള നിസ്സാരകാര്യങ്ങൾ ഉഗ്രമായ വഴക്കിനുള്ള കാരണങ്ങളായിത്തീരാൻ അനുവദിക്കപ്പെടുന്നു. അല്ലെങ്കിൽ, ചില കേസുകളിൽ, വ്യക്തിപരമോ വ്യാപാരപരമോ ആയ തർക്കങ്ങൾ മത്തായി 18:15-17ന്റെ ആത്മാവിൽ പരിഹരിക്കുന്നതിനു പകരം സഹോദരൻമാർ അന്യോന്യം സംസാരം നിർത്തിയിരിക്കുന്നു, അല്ലെങ്കിൽ, തങ്ങളുടെ വ്യവഹാരംകൊണ്ട് സഭയെ ശല്യപ്പെടുത്തിയിരിക്കുന്നു.
15 യാക്കോബ് പറയുന്നു: “സമാധാനഫലത്തിന് അതിന്റെ വിത്ത് സമാധാനാവസ്ഥകളിൽ വിതക്കപ്പെടുന്നു.” (യാക്കോബ് 3:18) അതുകൊണ്ട് സമാധാനത്തിന്റെ താല്പര്യത്തിൽ വ്യക്തിപരമായ അവകാശങ്ങൾ വെടിഞ്ഞുകൊണ്ടുപോലും മററുള്ളവരുടെ അഭിരുചികൾക്കോ അഭിപ്രായങ്ങൾക്കോ വഴങ്ങുക. (ഉല്പത്തി 13:5-12 താരതമ്യം ചെയ്യുക.) ദൃഷ്ടാന്തമായി, രണ്ടു സഭകൾ ഒരു രാജ്യഹാൾ ഉപയോഗിക്കുന്നുവെങ്കിൽ ഒരു സഭ അതിന് ഹാളിന്റെ “ഉടമസ്ഥതയുണ്ടെ”ന്നും മറെറ സഭയുടെ മീററിംഗ്സമയവും മററു കാര്യങ്ങളും ആജ്ഞാപിക്കാനുള്ള അധികാരമുണ്ടെന്നുമുള്ള നിലപാട് സ്വീകരിക്കരുത്. പരസ്പര ആദരവും സഹകരണവുമാണ് പ്രബലപ്പെട്ടിരിക്കേണ്ടത്.
16. വീട്ടിലും സഭയിലും ദിവ്യാധിപത്യ ക്രമം തിരിച്ചറിയുന്നതിന്റെ മൂല്യമെന്താണ്?
16 നാം കേവലം ദിവ്യാധിപത്യക്രമം പാലിക്കുകയും നമ്മുടെ ഉചിതമായ സ്ഥാനത്തു നിൽക്കുകയും ചെയ്യുമ്പോൾ അനേകം തർക്കങ്ങൾ ഒഴിവാക്കാൻ കഴിയും. (1 കൊരിന്ത്യർ 11:3; എഫേസ്യർ 5:22-27) ഭാര്യമാർ തങ്ങളുടെ ഭർത്താക്കൻമാരുടെ ആഗ്രഹങ്ങളെയും കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ ആജ്ഞകളെയും ശുശ്രൂഷാദാസൻമാർ മൂപ്പൻമാരിൽനിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളെയും ആദരിക്കുമ്പോൾ അവരുടെ പ്രവർത്തനങ്ങൾ “സ്നേഹത്തിൽ സഭയുടെ കെട്ടുപണിക്കായുള്ള അതിന്റെ വളർച്ചക്ക്” ഉതകുന്നു. (എഫേസ്യർ 4:16) ചില സമയങ്ങളിൽ ഭർത്താക്കൻമാരും മാതാപിതാക്കൻമാരും മൂപ്പൻമാരും കുറവുള്ളവരായിത്തീരുന്നുവെന്ന് സമ്മതിക്കുന്നു. (റോമർ 3:23) എന്നാൽ സദുദ്ദേശ്യത്തോടുകൂടിയ മാർഗ്ഗനിർദ്ദേശങ്ങളോടുള്ള മത്സരമോ പരാതിയോ ചെറുത്തുനിൽപ്പോ സാഹചര്യത്തെ മെച്ചപ്പെടുത്തുമോ? നമ്മുടെ ദൈവനിയമിതസ്ഥാനത്തു നിൽക്കുന്നതും സമാധാനം അന്വേഷിക്കുന്നതും എത്രയോ മെച്ചമാണ്!
വയലിൽ കഠിനാദ്ധ്വാനംചെയ്യുക
17. (എ) പ്രസംഗവേലയിൽ നാമമാത്ര പങ്കു മാത്രം വഹിക്കുന്നതിന് ചിലർ ഏതു കാരണങ്ങൾ പറയുന്നു? (ബി) ഇന്നത്തെ സമ്മർദ്ദങ്ങളോടു പ്രതിവർത്തിക്കാൻ യേശു ക്രിസ്ത്യാനികളെ എങ്ങനെ പ്രോൽസാഹിപ്പിച്ചു?
17 എന്നാൽ അനേകരെ സംബന്ധിച്ചിടത്തോളം ഏററവും വലിയ വെല്ലുവിളി സുവാർത്ത പ്രസംഗിക്കാനുള്ള ക്രിസ്തീയ നിയോഗം നിറവേററുന്നതാണ്. (മത്തായി 24:14; 28:19, 20) ചിലർക്ക് വയൽസേവനത്തിൽ ഒരു നാമമാത്രമായ പങ്കുമാത്രമാണുള്ളത്, ഒരുപക്ഷേ ഉപജീവനമാർഗ്ഗം തേടുന്നതിന്റെയും ഒരു കുടുംബത്തെ വളർത്തുന്നതിന്റെയും സമ്മർദ്ദങ്ങൾ, കൂടുതൽ പ്രവർത്തിക്കുന്നത് തങ്ങൾക്കു പ്രയാസമാക്കിത്തീർക്കുന്നുവെന്നു വാദിച്ചുകൊണ്ടായിരിക്കാം. “അന്ത്യനാളുകളിലെ” സമ്മർദ്ദങ്ങൾ ദുർഘടമാണെന്നു സമ്മതിക്കുന്നു. (2 തിമൊഥെയോസ് 3:1) എന്നിരുന്നാലും, യേശു ‘ജീവിതോൽക്കണ്ഠകളാൽ ഭാരപ്പെടുന്ന’തിനെതിരെ മുന്നറിയിപ്പുനൽകി. അവസ്ഥകൾ കൂടുതൽ മോശമാകുമ്പോൾ ക്രിസ്ത്യാനികൾ ‘നിവർന്നുനിൽക്കുകയും തങ്ങളുടെ തലകളുയർത്തുകയും ചെയ്യണം.’ (ലൂക്കോസ് 21:28, 34) സാത്താന്റെ ആക്രമണങ്ങൾക്കെതിരെ “ഉറച്ചുനിൽക്കുന്ന”തിനുള്ള ഏററം നല്ല മാർഗ്ഗങ്ങളിലൊന്ന് നമ്മുടെ “പാദങ്ങളിൽ സുവാർത്തയുടെ സജ്ജീകരണങ്ങൾ ധരിക്കുന്ന”താണ്—ക്രമമായി പ്രസംഗത്തിൽ പങ്കെടുത്തുകൊണ്ടുതന്നെ!—എഫേസ്യർ 6:14, 15.
18. പ്രസംഗവേലയിൽ പൂർണ്ണപങ്കു വഹിക്കുന്നതിൽനിന്ന് ചിലരെ പിൻമാററുന്ന കാരണം എന്തായിരിക്കാം?
18 പൗലോസിന്റെ നാളിൽ, (ചില സഭകളിലെങ്കിലും) അനേകം ക്രിസ്ത്യാനികൾ “ക്രിസ്തുയേശുവിന്റേതല്ല, സ്വന്തം താല്പര്യങ്ങൾ അന്വേഷി”ക്കുകയായിരുന്നു. (ഫിലിപ്യർ 2:21) ഇന്ന് നമ്മുടെ ഇടയിൽ ചിലരെ സംബന്ധിച്ച് ഇത് സത്യമായിരിക്കാമോ? ഒരുപക്ഷേ, അവർ “ഉയർന്ന വിലയുള്ള മുത്ത്” കണ്ടെത്തിയ മനുഷ്യനെപ്പോലെ രാജ്യാന്വേഷണത്തെ വീക്ഷിക്കുന്നതിൽ പരാജയപ്പെടുന്നു, അയാൾ അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയ്യാറായിരുന്നു. (മത്തായി 13:45, 46) അവർ സ്വാർത്ഥതാൽപര്യങ്ങൾക്കു വഴങ്ങിക്കൊണ്ട് എതിർപ്പ് ഏററവും കുറഞ്ഞ മാർഗ്ഗം സ്വീകരിക്കുകയും കേവലം നാമമാത്രസേവനം അർപ്പിക്കുകയും ചെയ്യുന്നു. അപരിചിതരോടു സംസാരിച്ചുതുടങ്ങുന്നത് നമ്മുടെ സ്വാഭാവിക ചായ്വിനെതിരാണെങ്കിൽപോലും യഹോവയോടും സഹമനുഷ്യനോടുമുള്ള അവരുടെ സ്നേഹം സത്യക്രിസ്ത്യാനികളെ പ്രസംഗിക്കാൻ പ്രേരിപ്പിക്കുന്നുവെന്നോർക്കുക.—മത്തായി 22:37-39.
19. യഹോവ ശീതോഷ്ണശ്രമങ്ങളിൽ അപ്രീതിപ്പെടുന്നതെന്തുകൊണ്ട്, നമുക്ക് അവനുവേണ്ടിയുള്ള നമ്മുടെ സേവനത്തെ എങ്ങനെ വിലയിരുത്താം?
19 നാം പ്രസംഗിക്കാൻ പ്രേരിപ്പിക്കപ്പെടുന്നില്ലെങ്കിൽ അപ്പോൾ യഹോവയോടുള്ള നമ്മുടെ സ്നേഹവും അവനിലുള്ള നമ്മുടെ ആശ്രയവും മാനസികമായ അവബോധത്തെക്കാൾ കവിഞ്ഞതൊന്നുമല്ല. “നിന്റെ പിതാവിന്റെ ദൈവത്തെ അറിയുകയും ഒരു പൂർണ്ണഹൃദയത്തോടെ അവനെ സേവിക്കുകയും ചെയ്യുക” എന്ന് ദാവീദ് ശലോമോനെ ഉദ്ബോധിപ്പിച്ചു, “എന്തെന്നാൽ യഹോവ സകല ഹൃദയങ്ങളെയും ആരായുന്നു, അവൻ ചിന്തകളുടെ ഓരോ ചായ്വിനെയും വിവേചിക്കുന്നു.” (1 ദിനവൃത്താന്തം 28:9) യഹോവ ശീതോഷ്ണമായ ശ്രമങ്ങളാൽ കബളിപ്പിക്കപ്പെടുന്നില്ല. നാം ‘കഠിനാദ്ധ്വാനം ചെയ്യുകയാണെങ്കിൽ’ നമുക്കു ചെയ്യാവുന്നതിനെ അപേക്ഷിച്ച് നാമമാത്രമായതു മാത്രമാണ് നാം അർപ്പിക്കുന്നതെങ്കിൽ വയൽസേവനത്തിലെ ക്രമമായ ഒരു പങ്കുപററൽ പോലും അവനെ തൃപ്തിപ്പെടുത്തുന്നില്ല. (ലൂക്കോസ് 13:24) അതുകൊണ്ട് ഓരോ ക്രിസ്ത്യാനിയും തന്റെ വയൽസേവനത്തിലെ പങ്ക് സത്യസന്ധമായി വിലയിരുത്തുകയും ‘ഞാൻ യഥാർത്ഥത്തിൽ എന്റെ പരമാവധി ചെയ്യുന്നുണ്ടോ’യെന്ന് തന്നോടുതന്നെ ചോദിക്കുകയും വേണം. ഒരുപക്ഷേ നമ്മുടെ മുൻഗണനകളിൽ ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം.
മററള്ളവരുടെ മാതൃകകളാൽ “നൻമചെയ്യാൻ” പ്രേരിതരാകുന്നു
20. സഹക്രിസ്ത്യാനികൾ വെക്കുന്ന നല്ല ദൃഷ്ടാന്തങ്ങൾ പരിശോധിക്കുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
20 നമ്മുടെ ദൈവസേവനം “മറെറാരാളോടുള്ള താരതമ്യത്തി”ലല്ല ചെയ്യപ്പെടുന്നത്. (ഗലാത്യർ 6:4) എന്നിരുന്നാലും, മററുള്ളവരുടെ നല്ല മാതൃകകൾക്ക് മിക്കപ്പോഴും കൂടുതൽ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കാൻ കഴിയും. അപ്പോസ്തലനായ പൗലോസ്തന്നെ പറഞ്ഞു: “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ എന്റെ അനുകാരികളാകുക.” (1 കൊരിന്ത്യർ 11:1) അപ്പോൾ നമ്മുടെ സഹോദരൻമാർ ഓരോ മാസവും വയൽസേവനത്തിന് എത്ര മണിക്കൂർ ചെലവഴിക്കുന്നുണ്ടെന്ന് പരിചിന്തിക്കുക. ഐക്യനാടുകളിൽ, പ്രസാധകരുടെ ശരാശരി മണിക്കൂർ 1979ലെ 8.3ൽ നിന്ന് 1987ൽ 9.7 ആയി ഉയർന്നു! നമ്മുടെ സഹോദരൻമാർ വയലിൽ ചെലവഴിക്കുന്ന സമയം സ്ഥിരമായി വർദ്ധിപ്പിച്ചുകൊണ്ടാണിരിക്കുന്നത്. അത് നിങ്ങളേ സംബന്ധിച്ചു സത്യമാണോ?
21. പയനിയർവേലയിൽ പ്രവേശിക്കാൻ അനേകരെ പ്രേരിപ്പിച്ചിരിക്കുന്നതെന്ത്? ദൃഷ്ടാന്തീകരിക്കുക.
21 മററുള്ളവരുടെ തീക്ഷ്ണമായ മാതൃകകളാൽ പ്രേരിതരായി റക്കോർഡ് സംഖ്യകൾ നിരന്തരപയനിയർവേലയിൽ പ്രവേശിക്കുന്നുണ്ട്. കാലിഫോർണിയായിൽ (യു.എസ്.എ.)യിൽ ആൻജലാ എന്ന ഒരു യുവസഹോദരിക്ക് വിലോഭനീയമായ ഒരു ജോലിവാഗ്ദാനം കിട്ടി, അതിൽ അവൾക്ക് ഇഷ്ടമുള്ള ഒരു കോളജിലെ ഒരു സ്കോളർഷിപ്പും ഉൾപ്പെട്ടിരുന്നു. പകരം ആൻജലാ മുഴുസമയ ശുശ്രൂഷ സ്വീകരിച്ചു. അവളുടെ കാരണമോ? “അനേകം പയനിയർമാരുമായി സഹവസിച്ചതിനാൽ അവരോടുമാത്രമല്ല, യഹോവയുമായുള്ള അവരുടെ ബന്ധത്തിലും യഥാർത്ഥത്തിൽ അഗാധമായ ഒരു സന്തോഷവും സംതൃപ്തിയും എനിക്കു കാണാൻ കഴിഞ്ഞു. ഈ അഗാധമായ സന്തോഷവും സംതൃപ്തിയും ലഭിക്കാൻ ഞാൻ ആഗ്രഹിച്ചു.”
22. പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പ്രയോജനങ്ങളേവ?
22 നിങ്ങൾ “അഗാധമായ സന്തോഷവും സംതൃപ്തിയും” ആഗ്രഹിക്കുന്നുവോ? എങ്കിൽ, “യഹോവയിൽ ആശ്രയിക്കുകയും നൻമ ചെയ്യുകയും ചെയ്യുക”! നിങ്ങൾക്ക് അറിയാവുന്നത് യഹോവയുടെ സേവനത്തിൽ നിങ്ങളുടെ പരമാവധി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കട്ടെ. പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നത് നിങ്ങളുടെ ആത്മീയാഭിവൃദ്ധി എല്ലാവർക്കും പ്രകടമാക്കുകയും ഒരു ജീവരക്താകരമായ വിധത്തിൽ മററുള്ളവർക്കു പ്രയോജനംചെയ്യുകയും ചെയ്യും. (1 തിമൊഥെയോസ് 4:15, 16) അതുകൊണ്ട്, എല്ലാവരും ഫിലിപ്യർ 4:9ലെ പൗലോസിന്റെ വാക്കുകൾക്ക് ചെവികൊടുക്കട്ടെ: “നിങ്ങൾ എന്നോടുള്ള ബന്ധത്തിൽ പഠിച്ചതും അതുപോലെതന്നെ സ്വീകരിച്ചതും കേട്ടതും കണ്ടതുമായ കാര്യങ്ങൾ പ്രാവർത്തികമാക്കുക; അങ്ങനെ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” (w88 8/15)
പുനരവലോകനത്തിനുള്ള പോയിൻറുകൾ
◻ദൈവവചനമാകുന്ന കണ്ണാടിയിൽ ഉററുനോക്കുന്നതുസംബന്ധിച്ച് നമ്മുടെ പ്രതിവർത്തനം എന്തായിരിക്കണം?
◻ മററുള്ളവരോട് ഇടപെടുന്ന നമ്മുടെ രീതിയിൽ നമുക്ക് എങ്ങനെ മെച്ചപ്പെടാൻ കഴിയും?
◻ ഭൗതികവസ്തുക്കൾ തേടുന്നത് ബുദ്ധിശൂന്യമായിരിക്കുന്നതെന്തുകൊണ്ട്?
◻ നമുക്ക് സഭയിൽ എങ്ങനെ സമാധാനം അന്വേഷിക്കാൻ കഴിയും?
◻ വയൽസേവനത്തിൽ ഒരു പൂർണ്ണപങ്കുണ്ടായിരിക്കാൻ നമ്മെ എന്ത് പ്രേരിപ്പിക്കേണ്ടതാണ്?
[16-ാം പേജിലെ ചിത്രം]
ആത്മീയ ന്യൂനതകളും കളങ്കങ്ങളും നിരീക്ഷിച്ചാൽ മാത്രംപോരാ. നാം അവയെ തിരുത്താൻ പ്രവർത്തിക്കണം!
[18-ാം പേജിലെ ചിത്രം]
ധനം അന്വേഷിക്കുന്നവർ മിക്കപ്പോഴും തങ്ങളുടെമേൽ “അനേകം വേദനകൾ” വരുത്തിക്കൂട്ടുന്നു