ക്രിസ്തുവിന്റെ നിയമം
“ഞാൻ . . . ക്രിസ്തുവിനുള്ള നിയമത്തിനു കീഴിലാണ്.”—1 കൊരിന്ത്യർ 9:21, NW.
1, 2. (എ) മനുഷ്യവർഗത്തിന്റെ തെററുകളിൽ അനേകവും എങ്ങനെ തടയാമായിരുന്നു? (ബി) യഹൂദമതത്തിന്റെ ചരിത്രത്തിൽനിന്ന് എന്തു പഠിക്കാൻ ക്രൈസ്തവലോകം പരാജയപ്പെട്ടു?
“ജനങ്ങളും ഭരണകൂടങ്ങളും ഒരിക്കലും ചരിത്രത്തിൽനിന്ന് എന്തെങ്കിലും പഠിക്കുകയോ അതിൽനിന്ന് ഉരുത്തിരിഞ്ഞ തത്ത്വങ്ങളനുസരിച്ചു പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല.” 19-ാം നൂറ്റാണ്ടിലെ ഒരു ജർമൻ തത്ത്വചിന്തകൻ അപ്രകാരം പറഞ്ഞു. തീർച്ചയായും, മാനവ ചരിത്രത്തിന്റെ ഗതി “ഭോഷത്തങ്ങളുടെ തുടർച്ച,” ആക്ഷേപകരമായ പ്രമാദങ്ങളുടെയും പ്രതിസന്ധികളുടെയും ഒരു പരമ്പര എന്നു വിവരിക്കപ്പെട്ടിരിക്കുന്നു, മനുഷ്യവർഗം കഴിഞ്ഞകാല തെറ്റുകളിൽനിന്നു പഠിക്കാൻ തയ്യാറായിരുന്നെങ്കിൽ മാത്രം അവയിൽ അനേകവും തടയാമായിരുന്നു.
2 കഴിഞ്ഞകാല തെറ്റുകളിൽനിന്നു പഠിക്കുന്നതിനുള്ള അതേ വിസമ്മതം ദിവ്യനിയമം സംബന്ധിച്ച ഈ ചർച്ചയിലും വിശേഷവത്കരിക്കപ്പെടുന്നു. യഹോവയാം ദൈവം മോശൈക ന്യായപ്രമാണത്തിന്റെ സ്ഥാനത്തു മെച്ചമായ ഒന്ന്—ക്രിസ്തുവിന്റെ നിയമം—സ്ഥാപിച്ചു. എന്നാൽ ഈ നിയമം പഠിപ്പിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ക്രൈസ്തവലോകത്തിലെ നേതാക്കൻമാർ പരീശൻമാരുടെ പരമഭോഷത്തത്തിൽനിന്നു പഠിക്കാൻ പരാജയപ്പെട്ടിരിക്കുന്നു. യഹൂദമതം മോശയുടെ ന്യായപ്രമാണത്തോടു ചെയ്തതുപോലെതന്നെ ക്രൈസ്തവലോകം ക്രിസ്തുവിന്റെ നിയമത്തെ വളച്ചൊടിക്കുകയും ദുർവിനിയോഗം ചെയ്യുകയും ചെയ്തിരിക്കുന്നു. അതെങ്ങനെയായിരിക്കാം? നമുക്ക് ആദ്യമായി ഈ നിയമംതന്നെ ചർച്ചചെയ്യാം—എന്താണിത്, ഇത് ആരെ ഭരിക്കുന്നു, എങ്ങനെ, മോശൈക ന്യായപ്രമാണത്തിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതെന്ത്. എന്നിട്ട് ക്രൈസ്തവലോകം അത് എങ്ങനെ ദുർവിനിയോഗം ചെയ്തിരിക്കുന്നുവെന്നു നാം പരിശോധിക്കും. അങ്ങനെ നമുക്കു ചരിത്രത്തിൽനിന്നു പഠിച്ച് അതിൽനിന്നു പ്രയോജനം നേടാം!
പുതിയ ഉടമ്പടി
3. ഒരു പുതിയ ഉടമ്പടി സംബന്ധിച്ച് യഹോവ എന്തു വാഗ്ദാനം ചെയ്തു?
3 യഹോവയാം ദൈവത്തിനല്ലാതെ ആർക്കാണ് ഒരു പൂർണതയുള്ള നിയമത്തെ മെച്ചപ്പെടുത്തുവാൻ കഴിയുക? മോശൈക ന്യായപ്രമാണ ഉടമ്പടി പൂർണതയുള്ളതായിരുന്നു. (സങ്കീർത്തനം 19:7) എന്നിരുന്നാലും, യഹോവ വാഗ്ദാനംചെയ്തു: ‘ഞാൻ യിസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയൊരു നിയമം ചെയ്യുന്ന കാലം വരും . . . ഞാൻ അവരുടെ പിതാക്കൻമാരോടു ചെയ്ത നിയമംപോലെയല്ല.’ മോശൈക ന്യായപ്രമാണത്തിന്റെ കേന്ദ്രബിന്ദുവായ പത്തുകൽപ്പനകൾ എഴുതിയതു ശിലാഫലകങ്ങളിലാണ്. എന്നാൽ പുതിയ ഉടമ്പടിയെക്കുറിച്ചു യഹോവ പറഞ്ഞു: “ഞാൻ എന്റെ ന്യായപ്രമാണം [“നിയമം,” NW] അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും.”—യിരെമ്യാവു 31:31-34.
4. (എ) പുതിയ ഉടമ്പടിയിൽ ഉൾപ്പെട്ടിരിക്കുന്നത് ഏത് ഇസ്രായേലാണ്? (ബി) ആത്മീയ ഇസ്രായേല്യർക്കു പുറമേ മറ്റാരുംകൂടെ ക്രിസ്തുവിന്റെ നിയമത്തിൻ കീഴിലാണ്?
4 ഈ പുതിയ ഉടമ്പടിയിലേക്ക് ആർ എടുക്കപ്പെടുമായിരുന്നു? തീർച്ചയായും ഈ ഉടമ്പടിയുടെ മധ്യസ്ഥനെ തിരസ്കരിച്ച അക്ഷരീയ “ഇസ്രായേൽ ഗൃഹം” അല്ല. (എബ്രായർ 9:15) അല്ല, ഈ പുതിയ “ഇസ്രായേൽ” ‘ദൈവത്തിന്റെ യിസ്രായേൽ,’ ആത്മീയ ഇസ്രായേല്യരുടെ ഒരു ജനത, ആയിരിക്കുമായിരുന്നു. (ഗലാത്യർ 6:16; റോമർ 2:28, 29) യഹോവയെ ആരാധിക്കാൻ അന്വേഷിക്കുന്ന എല്ലാ ജനതകളിൽനിന്നുമുള്ള “ഒരു മഹാപുരുഷാരം” ആത്മാഭിഷിക്ത ക്രിസ്ത്യാനികളുടെ ഈ ചെറിയ സംഘത്തോടു പിൽക്കാലത്തു ചേരുമായിരുന്നു. (വെളിപ്പാടു 7:9, 10; സെഖര്യാവു 8:23) പുതിയ ഉടമ്പടിയിൽ പങ്കുപറ്റുന്നില്ലെങ്കിലും, ഇവരും നിയമത്തിൻ കീഴിലാണ്. (ലേവ്യപുസ്തകം 24:22; സംഖ്യാപുസ്തകം 15:15; എന്നിവ താരതമ്യം ചെയ്യുക.) “ഒരു ഇടയന്റെ” കീഴിലുള്ള “ഒരു ആട്ടിൻക്കൂട്ടം” എന്ന നിലയിൽ എല്ലാവരും, അപ്പോസ്തലനായ പൗലോസ് എഴുതിയതുപോലെ “ക്രിസ്തുവിനുള്ള നിയമത്തിൻ കീഴിൽ” ആയിരിക്കും. (യോഹന്നാൻ 10:16, 1 കൊരിന്ത്യർ 9:21; NW) ഈ പുതിയ ഉടമ്പടിയെ പൗലോസ് ഒരു “മെച്ചപ്പെട്ട ഉടമ്പടി” എന്നു വിളിച്ചു. എന്തുകൊണ്ട്? ഇതു വരാനിരിക്കുന്ന കാര്യങ്ങളുടെ നിഴലിലല്ല, മറിച്ച് നിവൃത്തിയേറിയ വാഗ്ദാനങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നുവെന്നതാണ് ഒരു സംഗതി.—എബ്രായർ 8:6, NW; 9:11-14.
5. പുതിയ ഉടമ്പടിയുടെ ഉദ്ദേശ്യം എന്താണ്, അത് എന്തുകൊണ്ടു വിജയിക്കും?
5 ഈ ഉടമ്പടിയുടെ ഉദ്ദേശ്യം എന്താണ്? അതു സകല മനുഷ്യവർഗത്തെയും അനുഗ്രഹിക്കുന്നതിനു പുരോഹിതൻമാരുടെയും രാജാക്കൻമാരുടെയും ഒരു ജനതയെ ഉത്പാദിപ്പിക്കുക എന്നതാണ്. (പുറപ്പാടു 19:6; 1 പത്രൊസ് 2:9; വെളിപ്പാടു 5:10) മോശൈക ന്യായപ്രമാണ ഉടമ്പടി ഒരിക്കലും തികവേറിയ അർഥത്തിൽ ഈ ജനതയെ ഉത്പാദിപ്പിച്ചില്ല. എന്തുകൊണ്ടെന്നാൽ ഒരു ജനതയെന്നനിലയിൽ ഇസ്രായേൽ മത്സരിക്കുകയും തങ്ങളുടെ അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. (റോമർ 11:17-21 താരതമ്യം ചെയ്യുക.) പക്ഷേ പുതിയ ഉടമ്പടി വിജയിക്കുമെന്ന് ഉറപ്പാണ്, കാരണം അതു വളരെ വ്യത്യസ്തമായ തരത്തിലുള്ള ഒരു നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതു വിധങ്ങളിലാണു വ്യത്യസ്തമായിരിക്കുന്നത്?
സ്വാതന്ത്ര്യത്തിന്റെ നിയമം
6, 7. ക്രിസ്തുവിന്റെ നിയമം മോശൈക ന്യായപ്രമാണം നൽകിയതിനെക്കാൾ മഹത്തരമായ സ്വാതന്ത്ര്യം നൽകുന്നതെങ്ങനെ?
6 ക്രിസ്തുവിന്റെ നിയമം സ്വാതന്ത്ര്യവുമായി ആവർത്തിച്ചു ബന്ധപ്പെട്ടിരിക്കുന്നു. (യോഹന്നാൻ 8:31, 32) അത് ഒരു “സ്വതന്ത്ര ജനതയുടെ നിയമം” എന്നും “സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം [“നിയമം,” NW]” എന്നും പരാമർശിക്കപ്പെട്ടിരിക്കുന്നു. (യാക്കോബ് 1:25; 2:12, NW) തീർച്ചയായും, മനുഷ്യരുടെ ഇടയിലെ സകല സ്വാതന്ത്ര്യവും ആപേക്ഷികമാണ്. എന്നിരുന്നാലും, ഈ ന്യായപ്രമാണം അതിന്റെ മുൻഗാമിയായ മോശൈക ന്യായപ്രമാണത്തെക്കാൾ വളരെ മഹത്തരമായ സ്വാതന്ത്ര്യം നൽകുന്നു. അതെങ്ങനെ?
7 ഒരു ഉദാഹരണത്തിന്, ആരും ക്രിസ്തുവിന്റെ നിയമത്തിനു കീഴിൽ ജനിക്കുന്നില്ല. വർഗവും ജനനസ്ഥലവും പോലുള്ള ഘടകങ്ങൾ അപ്രസക്തമാണ്. ഈ ന്യായപ്രമാണത്തോടുള്ള അനുസരണത്തിന്റെ നുകം സ്വീകരിക്കാൻ സത്യക്രിസ്ത്യാനികൾ തങ്ങളുടെ ഹൃദയത്തിൽ യഥേഷ്ടം തീരുമാനിക്കുന്നു. അപ്രകാരം ചെയ്യുമ്പോൾ, അത് മൃദുലമായ ഒരു നുകം, ഭാരംകുറഞ്ഞ ഒരു ചുമട് ആണെന്ന് അവർ കണ്ടെത്തുന്നു. (മത്തായി 11:28-30) മനുഷ്യൻ പാപപൂർണനും തന്നെ വീണ്ടെടുക്കുന്നതിന് ഒരു മറുവിലയാഗത്തിന്റെ അത്യാവശ്യമുള്ളവനും ആണെന്ന് അവനെ പഠിപ്പിക്കുവാനുംകൂടിയാണു മോശൈക ന്യായപ്രമാണം സംവിധാനം ചെയ്യപ്പെട്ടത്. (ഗലാത്യർ 3:19) മിശിഹാ വന്നു തന്റെ ജീവൻ മറുവില നൽകിയിരിക്കുന്നുവെന്നും പാപത്തിന്റെയും മരണത്തിന്റെയും ഭയാനകമായ ഞെരുക്കത്തിൽനിന്നു സ്വതന്ത്രരാകുന്നതിനുള്ള വഴി നമുക്കു തുറന്നുതന്നിരിക്കുന്നുവെന്നും ക്രിസ്തുവിന്റെ നിയമം പഠിപ്പിക്കുന്നു! (റോമർ 5:20, 21) പ്രയോജനം നേടുന്നതിനു നാം ആ ബലിയിൽ ‘വിശ്വാസം പ്രകട’മാക്കേണ്ടതുണ്ട്.—യോഹന്നാൻ 3:16, NW.
8. ക്രിസ്തുവിന്റെ നിയമത്തിൽ എന്തുൾപ്പെട്ടിരിക്കുന്നു, എന്നാൽ അതനുസരിച്ചു ജീവിക്കുന്നതിനു നിയമപരമായ നൂറുകണക്കിനു ചട്ടങ്ങൾ ഹൃദിസ്ഥമാക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
8 ക്രിസ്തുവിന്റെ നിയമപ്രകാരം ജീവിക്കുന്നത് “വിശ്വാസം പ്രകടമാക്കു”ന്നതിൽ ഉൾപ്പെടുന്നു. ക്രിസ്തുവിന്റെ കൽപ്പനകൾ എല്ലാം അനുസരിക്കുന്നത് അതിൽ ഉൾപ്പെടുന്നു. നൂറുകണക്കിനു നിയമങ്ങളും ചട്ടങ്ങളും ഹൃദിസ്ഥമാക്കുക എന്ന് ഇത് അർഥമാക്കുന്നുവോ? ഇല്ല. പഴയ ഉടമ്പടിയുടെ മധ്യസ്ഥനായ മോശ, മോശൈക ന്യായപ്രമാണം എഴുതിയെന്നിരിക്കെ പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശു ഒരിക്കലും ഒരൊറ്റ നിയമവും എഴുതിയില്ല. പകരം, അവൻ ഈ നിയമമനുസരിച്ചു ജീവിച്ചു. തന്റെ പൂർണതയുള്ള ജീവിത ഗതി മുഖേന അവൻ പിൻപറ്റുന്നതിന് എല്ലാവർക്കുമായി ഒരു മാതൃകവെച്ചു. (1 പത്രൊസ് 2:21) ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ആദിമ ക്രിസ്ത്യാനികളുടെ ആരാധന, “മാർഗ്ഗം” എന്നു പരാമർശിക്കപ്പെട്ടത്. (പ്രവൃത്തികൾ 9:2; 19:9, 23; 22:4; 24:22) അവർക്ക്, ക്രിസ്തുവിന്റെ നിയമം ക്രിസ്തുവിന്റെ ജീവിതത്തിൽ ഉദാഹരിക്കപ്പെട്ടിരുന്നു. യേശുവിനെ അനുകരിക്കുന്നതിന് ഈ നിയമം അനുസരിക്കേണ്ടിയിരുന്നു. പ്രവചിക്കപ്പെട്ടതുപോലെ തന്നെ, അവനോടുള്ള അവരുടെ തീവ്രമായ സ്നേഹം നിശ്ചയമായും ഈ നിയമം അവരുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരുന്നുവെന്ന് അർഥമാക്കി. (യിരെമ്യാവു 31:33; 1 പത്രൊസ് 4:8) സ്നേഹം നിമിത്തം അനുസരിക്കുന്ന ഒരുവന് അടിച്ചമർത്തപ്പെട്ടതായി ഒരിക്കലും തോന്നുന്നില്ല, ക്രിസ്തുവിന്റെ നിയമം “സ്വതന്ത്ര ജനതയുടെ നിയമം” എന്ന് വിളിക്കപ്പെടാവുന്നതിന്റെ മറ്റൊരു കാരണം ഇതാണ്.
9. ക്രിസ്തുവിന്റെ നിയമത്തിന്റെ അന്തഃസത്ത എന്താണ്, ഈ നിയമം ഒരു പുതിയ കൽപ്പന ഉൾക്കൊള്ളുന്നത് എതു വിധത്തിലാണ്?
9 സ്നേഹം മോശൈക ന്യായപ്രമാണത്തിൽ പ്രധാനമായിരുന്നെങ്കിൽ, അതു ക്രിസ്തീയ നിയമത്തിന്റെ അന്തഃസത്തയാണ്. അതുകൊണ്ടു ക്രിസ്തുവിന്റെ നിയമത്തിൽ ഒരു പുതിയ കൽപ്പന ഉൾപ്പെടുന്നു—ക്രിസ്ത്യാനികൾക്കു പരസ്പരം ആത്മത്യാഗപരമായ സ്നേഹം ഉണ്ടായിരിക്കേണ്ടതുണ്ട്. അവർ യേശു സ്നേഹിച്ചതുപോലെ സ്നേഹിക്കേണ്ടതുണ്ട്; അവൻ തന്റെ സ്നേഹിതർക്കു വേണ്ടി തന്റെ ജീവൻ മനസ്സോടെ വെച്ചുകൊടുത്തു. (യോഹന്നാൻ 13:34, 35; 15:13) അതുകൊണ്ടു മോശയുടെ ന്യായപ്രമാണത്തെക്കാൾ, ദിവ്യാധിപത്യത്തിന്റെ ഉന്നതമായ പ്രകടനമാണു ക്രിസ്തുവിന്റെ നിയമം എന്നു പറയാവുന്നതാണ്. ഈ മാസിക മുമ്പു വ്യക്തമാക്കിയിട്ടുള്ളതുപോലെ: “ദിവ്യാധിപത്യം ദൈവത്താലുള്ള ഭരണമാണ്; ദൈവം സ്നേഹമാകുന്നു; അതുകൊണ്ടു ദിവ്യാധിപത്യം സ്നേഹത്താലുള്ള ഭരണമാണ്.”
യേശുവും പരീശൻമാരും
10. യേശുവിന്റെ പഠിപ്പിക്കൽ പരീശൻമാരുടേതിൽനിന്നു വ്യത്യസ്തമായിരുന്നതെങ്ങനെ?
10 അപ്പോൾ, യേശു തന്റെ നാളിലെ യഹൂദ മതനേതാക്കൻമാരുമായി അഭിപ്രായ ഭിന്നതയിലായത് അതിശയകരമല്ല. “സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം” ശാസ്ത്രിമാരുടെയും പരീശൻമാരുടെയും മനസ്സുകളിൽനിന്നു വിദൂരതയിലായിരുന്നു. മാനുഷനിർമിത നിയമങ്ങളിലൂടെ ജനങ്ങളെ നിയന്ത്രിക്കാൻ അവർ ശ്രമിച്ചു. അവരുടെ പഠിപ്പിക്കൽ മർദകം, കുറ്റംവിധിക്കുന്നത്, നിഷേധാത്മകം ആയിത്തീർന്നു. നേരെമറിച്ച്, യേശുവിന്റെ പഠിപ്പിക്കൽ അത്യന്തം പരിപുഷ്ടിപ്പെടുത്തുന്നതും പ്രയോജനപ്രദവും ആയിരുന്നു! അവൻ പ്രായോഗികവാദിയായിരുന്നു, അവൻ ആളുകളുടെ യഥാർഥ ആവശ്യങ്ങളെയും ഉത്കണ്ഠകളെയും കൈകാര്യം ചെയ്തു. അനുദിന ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചുകൊണ്ടും ദൈവവചനത്തിന്റെ പ്രാമാണികതയെ ആശ്രയിച്ചുകൊണ്ടും അവൻ ലളിതമായും യഥാർഥ വികാരവായ്പോടെയും പഠിപ്പിച്ചു. അങ്ങനെ, “പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.” (മത്തായി 7:28) അതേ, യേശുവിന്റെ പഠിപ്പിക്കൽ അവരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി!
11. മോശൈക ന്യായപ്രമാണം ന്യായബോധത്തോടെയും കരുണയോടെയും ബാധകമാക്കണമെന്ന് യേശു പ്രകടമാക്കിയതെങ്ങനെ?
11 മോശൈക ന്യായപ്രമാണത്തോടു കൂടുതൽ ചട്ടങ്ങൾ കൂട്ടിച്ചേർക്കുന്നതിനു പകരം, യഹൂദൻമാർ ന്യായബോധത്തോടും കരുണയോടും കൂടെ ആ ന്യായപ്രമാണം എങ്ങനെ ബാധകമാക്കണമായിരുന്നുവെന്ന് യേശു കാണിച്ചുകൊടുത്തു. ദൃഷ്ടാന്തത്തിന്, രക്തസ്രാവത്താൽ ക്ലേശമനുഭവിച്ച ഒരു സ്ത്രീ അവനെ സമീപിച്ച സന്ദർഭം ഓർമിക്കുക. മോശൈക ന്യായപ്രമാണം അനുസരിച്ച്, അവൾ തൊടുന്ന ഏതൊരാളും അശുദ്ധനാകുമായിരുന്നു, അതുകൊണ്ട് അവൾ തീർച്ചയായും ജനക്കൂട്ടവുമായി ഇടകലരാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല! (ലേവ്യപുസ്തകം 15:25-27) എന്നാൽ സുഖംപ്രാപിക്കാൻ വളരെ ആകാംക്ഷയുണ്ടായിരുന്നതിനാൽ അവൾ ജനക്കൂട്ടത്തിലൂടെ കടന്ന് യേശുവിന്റെ പുറങ്കുപ്പായം തൊട്ടു. രക്തസ്രാവം ഉടൻ നിലച്ചു. ന്യായപ്രമാണം ലംഘിച്ചതിന് അവൻ അവളെ ഭർത്സിച്ചോ? ഇല്ല; പകരം, അവൻ അവളുടെ ദയനീയ സാഹചര്യം മനസ്സിലാക്കുകയും ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപ്പന, സ്നേഹം, പ്രകടമാക്കുകയും ചെയ്തു. “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക” എന്നു സമാനുഭാവത്തോടെ അവൻ അവളോടു പറഞ്ഞു.—മർക്കൊസ് 5:25-34.
ക്രിസ്തുവിന്റെ നിയമം അനുവാദാത്മകമാണോ?
12. (എ) ക്രിസ്തു അനുവാദാത്മക ചിന്താഗതിയുള്ളവനാണെന്നു നാം നിഗമനം ചെയ്യരുതാത്തത് എന്തുകൊണ്ട്? (ബി) നിരവധി നിയമങ്ങൾ നിർമിക്കുന്നതു നിരവധി പഴുതുകൾ നിർമിക്കുന്നതിലേക്കു നയിക്കുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
12 അപ്പോൾ, ക്രിസ്തുവിന്റെ നിയമം ‘സ്വാതന്ത്ര്യത്തിന്റേത്’ ആകയാൽ അത് അനുവാദാത്മകമാണെന്നും അതേസമയം പരീശൻമാർ തങ്ങളുടെ അലിഖിത പാരമ്പര്യങ്ങളെല്ലാംകൊണ്ടു ജനങ്ങളുടെ നടത്തയെ കർശനമായ അതിരുകൾക്കുള്ളിൽ നിർത്തുകയെങ്കിലും ചെയ്തുവെന്നും നാം നിഗമനം ചെയ്യണമോ? വേണ്ട. മിക്കപ്പോഴും എത്ര കൂടുതൽ നിയമങ്ങളുണ്ടോ അത്ര കൂടുതൽ പഴുതുകൾ ജനങ്ങൾ അവയിൽ കണ്ടെത്തുന്നുവെന്ന് ഇന്നത്തെ നിയമ വ്യവസ്ഥകൾ ചിത്രീകരിക്കുന്നു.a യേശുവിന്റെ നാളിൽ, പരീശ നിയമങ്ങളുടെ പെരുപ്പം പഴുതുകൾ അന്വേഷിക്കുന്നതിനെ, സ്നേഹശൂന്യമായ പ്രവൃത്തികളുടെ ഉപരിപ്ലവമായ നിർവഹണത്തെയും ആന്തരിക ദുഷിപ്പു മറയ്ക്കുന്നതിനു സ്വയനീതിയുടേതായ ഒരു ബാഹ്യരൂപം നട്ടുവളർത്തുന്നതിനെയും പ്രോത്സാഹിപ്പിച്ചു.—മത്തായി 23:23, 24.
13. ക്രിസ്തുവിന്റെ നിയമം ഏതൊരു ലിഖിത നിയമസംഹിതയെക്കാളും ഉയർന്ന ഒരു പെരുമാറ്റ നിലവാരം നൽകുന്നതെന്തുകൊണ്ട്?
13 മറിച്ച്, ക്രിസ്തുവിന്റെ നിയമം അത്തരം മനോഭാവങ്ങളെ പോഷിപ്പിക്കുന്നില്ല. യഹോവയോടുള്ള സ്നേഹത്തിൽ അധിഷ്ഠിതമായതും മറ്റുള്ളവരോടുള്ള ക്രിസ്തുവിന്റെ ആത്മത്യാഗപരമായ സ്നേഹത്തെ അനുകരിച്ചുകൊണ്ടുള്ളതുമായ ഒരു നിയമം അനുസരിക്കുന്നതു വാസ്തവത്തിൽ ഒരു ഔപചാരിക നിയമ സംഹിത പിന്തുടരുന്നതിനെക്കാൾ വളരെ ഉയർന്ന ഒരു പെരുമാറ്റ നിലവാരത്തിൽ കലാശിക്കുന്നു. സ്നേഹം പഴുതുകൾ അന്വേഷിക്കുന്നില്ല; ഒരു നിയമ സംഹിത വ്യക്തമായി നിരോധിക്കാതിരുന്നേക്കാവുന്ന ഉപദ്രവകരമായ കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് അതു നമ്മെ സംരക്ഷിക്കുന്നു. (മത്തായി 5:27, 28 കാണുക.) അങ്ങനെ, ഒരു ഔപചാരിക നിയമത്തിനും നമ്മെ നിർബന്ധിക്കാൻ കഴിയാത്ത വിധങ്ങളിൽ മറ്റുള്ളവർക്കു വേണ്ടി കാര്യങ്ങൾ ചെയ്യാൻ, ഔദാര്യവും ആതിഥ്യവും സ്നേഹവും പ്രകടമാക്കാൻ, ക്രിസ്തുവിന്റെ നിയമം നമ്മെ പ്രേരിപ്പിക്കും.—പ്രവൃത്തികൾ 20:35; 2 കൊരിന്ത്യർ 9:7; എബ്രായർ 13:16.
14. ക്രിസ്തുവിന്റെ നിയമപ്രകാരം ജീവിക്കുന്നതിന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയുടെമേൽ എന്തു ഫലമുണ്ടായിരുന്നു?
14 അംഗങ്ങൾ ക്രിസ്തുവിന്റെ നിയമപ്രകാരം ജീവിച്ചിടത്തോളം, ആദിമ ക്രിസ്തീയ സഭ അന്നത്തെ സിനഗോഗുകളിൽ വളരെ വ്യാപകമായിരുന്ന കർശനവും ന്യായവിധിപരവും കപടഭക്തിപരവുമായ മനോഭാവങ്ങളിൽനിന്നു താരതമ്യേന സ്വതന്ത്രമായ, ഊഷ്മളവും സ്നേഹപുരസ്സരവുമായ അന്തരീക്ഷം ആസ്വദിച്ചു. തങ്ങൾ “ഒരു സ്വതന്ത്ര ജനതയുടെ നിയമ”പ്രകാരം ജീവിക്കുകയാണെന്ന് ഈ പുതിയ സഭകളിലെ അംഗങ്ങൾക്കു സത്യമായും ബോധ്യപ്പെട്ടിരിക്കണം!
15. ക്രിസ്തീയ സഭയെ ദുഷിപ്പിക്കാനുള്ള സാത്താന്റെ ആദിമ ശ്രമങ്ങളിൽ ചിലത് ഏവയായിരുന്നു?
15 എന്നാൽ, ഇസ്രായേൽ ജനതയെ ദുഷിപ്പിച്ചതുപോലെതന്നെ ക്രിസ്തീയ സഭയെ അതിനുള്ളിൽനിന്നുതന്നെ ദുഷിപ്പിക്കാൻ സാത്താൻ ഉത്സുകനായിരുന്നു. “വിപരീതോപദേശം പ്രസ്താവിക്കു”കയും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ ഞെരുക്കുകയും ചെയ്യുമായിരുന്ന ചെന്നായ് തുല്യരായ പുരുഷൻമാരെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് മുന്നറിയിപ്പു നൽകി. (പ്രവൃത്തികൾ 20:29, 30) ക്രിസ്തുവിന്റെ നിയമത്തിന്റെ ആപേക്ഷിക സ്വാതന്ത്ര്യത്തെ ക്രിസ്തുവിൽ നിവൃത്തിയായ മോശൈക ന്യായപ്രമാണത്തിലെ അടിമത്തവുമായി വെച്ചുമാറാൻ ശ്രമിച്ച യഹൂദമതാനുകൂലികളുമായി അവനു മല്ലിടേണ്ടിവന്നു. (മത്തായി 5:17; പ്രവൃത്തികൾ 15:1; റോമർ 10:4) അപ്പോസ്തലൻമാരിൽ അവസാനത്തെയാളും മരിച്ചതിനു ശേഷം, അത്തരം വിശ്വാസത്യാഗത്തിനെതിരായി മേലാൽ ഒരു നിയന്ത്രണഘടകവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ദുഷിപ്പു വിപുലവ്യാപകമായിത്തീർന്നു.—2 തെസ്സലൊനീക്യർ 2:6, 7.
ക്രൈസ്തവലോകം ക്രിസ്തുവിന്റെ നിയമത്തെ ദുഷിപ്പിക്കുന്നു
16, 17. (എ) ക്രൈസ്തവലോകത്തിൽ ദുഷിപ്പ് ഏതു രൂപം കൈവരിച്ചു? (ബി) കത്തോലിക്കാ സഭയുടെ നിയമങ്ങൾ ലൈംഗികത സംബന്ധിച്ച ഒരു വളച്ചൊടിച്ച വീക്ഷണത്തെ ഉന്നമിപ്പിച്ചതെങ്ങനെ?
16 യഹൂദമതത്തിന്റെ കാര്യത്തിലെന്നപോലെതന്നെ, ക്രൈസ്തവലോകത്തിൽ ദുഷിപ്പ് ഒന്നിലധികം രൂപങ്ങൾ കൈവരിച്ചു. അവളും വ്യാജ ഉപദേശങ്ങളുടെയും അഴിഞ്ഞ ധാർമികതയുടെയും ഇരയായി. ബാഹ്യസ്വാധീനങ്ങളിൽനിന്ന് ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതിനുള്ള അവളുടെ ശ്രമങ്ങൾ മിക്കപ്പോഴും നിർമലാരാധനയുടെ ശേഷിച്ച ഭാഗത്തെ കാർന്നുതിന്നുന്നതായി തെളിഞ്ഞു. കർക്കശവും തിരുവെഴുത്തു വിരുദ്ധവുമായ നിയമങ്ങൾ അതിവേഗം പെരുകി.
17 വിപുലമായ സഭാനിയമസംഹിതകൾ ഉണ്ടാക്കുന്നതിൽ കത്തോലിക്കാ സഭ അഗ്രഗാമിനിയായിരുന്നിട്ടുണ്ട്. ഈ നിയമങ്ങൾ പ്രത്യേകിച്ചും ലൈംഗികതയോടു ബന്ധപ്പെട്ട കാര്യങ്ങളെ വളച്ചൊടിച്ചു. ലൈംഗികതയും കത്തോലിക്കാമതവും (ഇംഗ്ലീഷ്) എന്ന പുസ്തകമനുസരിച്ച്, എല്ലാത്തരത്തിലുമുള്ള ഉല്ലാസം സംബന്ധിച്ചു സംശയദൃക്കായിരുന്ന ഗ്രീക്കു സ്തോയിക്ക് തത്ത്വചിന്ത സഭ ഉൾക്കൊണ്ടു. സ്വാഭാവിക വൈവാഹിക ബന്ധങ്ങളിലേതുൾപ്പെടെയുള്ള സകല ലൈംഗിക ഉല്ലാസവും പാപപൂർണമാണെന്നു സഭ പഠിപ്പിച്ചു. (സദൃശവാക്യങ്ങൾ 5:18, 19 വിപരീത താരതമ്യം ചെയ്യുക.) ലൈംഗികത സന്താനോത്പാദനത്തിനു വേണ്ടിയുള്ളതാണ്, മറ്റൊന്നിനുമുള്ളതല്ല എന്ന് അത് അവകാശപ്പെട്ടു. അതുകൊണ്ടു സഭാനിയമം ഏതു രൂപത്തിലുമുള്ള ഗർഭനിരോധനമാർഗത്തെ വളരെ ഗുരുതരമായ ഒരു പാപമായി കുറ്റം വിധിച്ചു, ചിലപ്പോൾ അനേക വർഷം പശ്ചാത്തപിക്കേണ്ട ആവശ്യമുള്ള ഒന്നുതന്നെ. കൂടുതലായി, പുരോഹിതവർഗത്തിനു വിവാഹം വിലക്കി. ആ സഭാശാസനം, കുട്ടികളെ ദുരുപയോഗിക്കുന്നത് ഉൾപ്പെടെയുള്ള വളരെയധികം നിയമവിരുദ്ധ ലൈംഗികതയുടെ വളർച്ചയിൽ കലാശിച്ചിരിക്കുന്നു.—1 തിമൊഥെയൊസ് 4:1-3.
18. സഭാനിയമങ്ങൾ പെരുകിയത് എന്തിനിടയാക്കി?
18 സഭാനിയമങ്ങൾ പെരുകിയതോടെ അവയെ പുസ്തകങ്ങളിലാക്കി. ഇവ ബൈബിളിനെ അവ്യക്തമാക്കാനും നിരസിക്കാനും തുടങ്ങി. (മത്തായി 15:3, 9 താരതമ്യം ചെയ്യുക.) യഹൂദമതത്തെപ്പോലെ കത്തോലിക്കാ മതവും മതേതര രചനകളെ അവിശ്വസിക്കുകയും അവയിൽ അധികത്തെയും ഒരു ഭീഷണിയായി കരുതുകയും ചെയ്തു. ഈ വീക്ഷണം പെട്ടെന്ന് ഈ സംഗതിയിലെ ബൈബിളിന്റെ ജ്ഞാനപൂർവകമായ മുന്നറിയിപ്പിനെ കവിഞ്ഞു വളരെ മുന്നോട്ടുപോയി. (സഭാപ്രസംഗി 12:12; കൊലൊസ്സ്യർ 2:8) പൊ.യു. (പൊതുയുഗം) നാലാം നൂറ്റാണ്ടിലെ ഒരു സഭാ എഴുത്തുകാരനായിരുന്ന ജെറോം ഉദ്ഘോഷിച്ചു: “ഓ കർത്താവേ, ഞാൻ എന്നെങ്കിലും വീണ്ടും ലൗകിക പുസ്തകങ്ങൾ കൈവശം വയ്ക്കുകയോ അവ വായിക്കുകയോ ചെയ്താൽ, ഞാൻ ദൈവത്തെ നിഷേധിച്ചിരിക്കുന്നു.” സഭ കാലക്രമത്തിൽ പുസ്തകങ്ങൾ പരിശോധിച്ചു നിയന്ത്രിച്ചുതുടങ്ങി—മതേതര വിഷയങ്ങളെ സംബന്ധിച്ചുള്ളവ പോലും. ഭൂമി സൂര്യനെ ഭ്രമണം ചെയ്യുന്നുവെന്ന് എഴുതിയതിന് 17-ാം നൂറ്റാണ്ടിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ ഗലീലിയോയ്ക്കു വിലക്കു കൽപ്പിച്ചു. എല്ലാറ്റിന്റെയും—ജ്യോതിശ്ശാസ്ത്രത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന്റെ പോലും—അന്തിമ പ്രാമാണികസ്ഥാനമായിരിക്കാനുള്ള സഭയുടെ നിർബന്ധം ഒടുവിൽ ബൈബിളിലുള്ള വിശ്വാസത്തിനു തുരങ്കംവയ്ക്കാൻ ഇടയാക്കുമായിരുന്നു.
19. സന്ന്യാസാശ്രമങ്ങൾ കർശനമായ ഏകാധിപത്യത്തെ പ്രോത്സാഹിപ്പിച്ചതെങ്ങനെ?
19 ആത്മപരിത്യാഗികളായി ജീവിക്കാൻ സന്ന്യാസിമാർ തങ്ങളെത്തന്നെ ഈ ലോകത്തിൽനിന്നു വേർപെടുത്തിയ സന്ന്യാസാശ്രമങ്ങളിൽ സഭയുടെ നിയമനിർമാണം തഴച്ചുവളർന്നു. ഭൂരിഭാഗം കത്തോലിക്കാ സന്ന്യാസാശ്രമങ്ങളും “വിശുദ്ധ ബെനെഡിക്റ്റിന്റെ നിയമ”ത്തോടു പറ്റിനിന്നു. മഠാധിപൻ (Abbot) (“പിതാവ്” എന്നതിനുള്ള അരമായ പദത്തിൽനിന്ന് ഉത്ഭവിച്ച ഒരു പദപ്രയോഗം) സമ്പൂർണ അധികാരത്തോടെ ഭരിച്ചു. (മത്തായി 23:9 താരതമ്യം ചെയ്യുക.) ഒരു സന്ന്യാസിക്കു തന്റെ മാതാപിതാക്കളിൽനിന്ന് ഒരു സമ്മാനം ലഭിച്ചാൽ, ആ സന്ന്യാസിയാണോ അതോ മറ്റൊരുവനാണോ അതു സ്വീകരിക്കേണ്ടതെന്നു മഠാധിപൻ തീരുമാനിക്കുമായിരുന്നു. ഒരു നിയമം, അസഭ്യതകളെ കുറ്റംവിധിച്ചതിനു പുറമെ സകല സല്ലാപങ്ങളെയും തമാശകളെയും വിലക്കിക്കൊണ്ടു പറയുന്നു: “ഒരു ശിഷ്യനും അത്തരം കാര്യങ്ങൾ സംസാരിക്കരുത്.”
20. പ്രൊട്ടസ്റ്റൻറ് മതവും തിരുവെഴുത്തുവിരുദ്ധമായ ഏകാധിപത്യത്തെ പ്രോത്സാഹിപ്പിച്ചുവെന്ന് എന്തു പ്രകടമാക്കുന്നു?
20 കത്തോലിക്കാമതത്തിന്റെ തിരുവെഴുത്തു വിരുദ്ധമായ അമിതത്വങ്ങളെ നവീകരിക്കാൻ ശ്രമിച്ച പ്രൊട്ടസ്റ്റൻറ് മതം ക്രിസ്തുവിന്റെ നിയമത്തിൽ ഒരടിസ്ഥാനവുമില്ലാത്ത ഏകാധിപത്യപരമായ നിയമങ്ങൾ നിർമിക്കുന്നതിൽ പെട്ടെന്നുതന്നെ തത്തുല്യമായി നിപുണയായിത്തീർന്നു. ദൃഷ്ടാന്തത്തിന്, പ്രമുഖ പരിഷ്കർത്താവായ ജോൺ കാൽവിൻ “പുതുക്കപ്പെട്ട സഭയുടെ നിയമനിർമാതാവ്” എന്നു വിളിക്കപ്പെടാൻ ഇടയായി. “മൂപ്പൻമാർ” ചുമത്തിയ അസംഖ്യം നിർദയ നിയമങ്ങൾക്കൊണ്ട് അദ്ദേഹം ജനീവ ഭരിച്ചു, അവരുടെ “ഉദ്യോഗം എല്ലാവരുടെയും ജീവിതത്തിന്റെ മേൽനോട്ടം വഹിക്കുകയാണെന്ന്” കാൽവിൻ കുറിക്കൊണ്ടു. (2 കൊരിന്ത്യർ 1:24 വിപരീത താരതമ്യം ചെയ്യുക.) സഭ സത്രങ്ങളെ നിയന്ത്രിക്കുകയും ഏതു സംഭാഷണ വിഷയങ്ങൾ അനുവദനീയമാണെന്നു കൽപ്പിക്കുകയും ചെയ്തു. ആദരവുകുറഞ്ഞ പാട്ടുകളോ നൃത്തമോ പോലുള്ള കുറ്റങ്ങൾക്കു കടുത്ത ശിക്ഷയുണ്ടായിരുന്നു.b
ക്രൈസ്തവലോകത്തിന്റെ തെറ്റുകളിൽനിന്നു പഠിക്കൽ
21. “എഴുതിയിരിക്കുന്നതിന്നു അപ്പുറം” പോകാനുള്ള ക്രൈസ്തവലോകത്തിന്റെ പ്രവണതയുടെ മൊത്തത്തിലുള്ള ഫലമെന്താണ്?
21 ഈ നിയമങ്ങളും ചട്ടങ്ങളും എല്ലാം ക്രൈസ്തവലോകത്തെ ദുഷിപ്പിൽനിന്നു സംരക്ഷിക്കുന്നതിൽ വിജയിച്ചിട്ടുണ്ടോ? നേരേമറിച്ചാണ്! അങ്ങേയറ്റം കർക്കശമായവ മുതൽ പ്രകടമായതോതിൽ അനുവാദാത്മകമായവ വരെയുള്ള നൂറുകണക്കിനു മതവിഭാഗങ്ങളായി ക്രൈസ്തവലോകം ഇന്നു ചിന്നിച്ചിതറിയിരിക്കുന്നു. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവയെല്ലാം, ആട്ടിൻകൂട്ടത്തെ ഭരിക്കാനും ദിവ്യനിയമത്തിന് ഇടങ്കോലിടാനും മാനുഷ ചിന്തയെ അനുവദിച്ചുകൊണ്ട് “എഴുതിയിരിക്കുന്നതിന്നു അപ്പുറം” പോയിരിക്കുന്നു.—1 കൊരിന്ത്യർ 4:6.
22. ക്രൈസ്തവലോകത്തിന്റെ കൃത്യവിലോപം ക്രിസ്തുവിന്റെ നിയമത്തിന്റെ അവസാനത്തെ അർഥമാക്കാത്തതെന്തുകൊണ്ട്?
22 എന്നിരുന്നാലും ക്രിസ്തുവിന്റെ നിയമത്തിന്റെ ചരിത്രം ഒരു ദുരന്തമല്ല. ദിവ്യനിയമത്തെ തുടച്ചുനീക്കാൻ നിസ്സാര മനുഷ്യരെ യഹോവയാം ദൈവം ഒരിക്കലും അനുവദിക്കില്ല. ക്രിസ്തീയ നിയമം സത്യക്രിസ്ത്യാനികളുടെ ഇടയിൽ വളരെയധികം പ്രാബല്യത്തിലിരിക്കുന്നു, അതനുസരിച്ചു ജീവിക്കുന്നതിനുള്ള മഹത്തായ പദവി ഇവർക്കുണ്ട്. എന്നാൽ, യഹൂദമതവും ക്രൈസ്തവലോകവും ദിവ്യനിയമത്തോടു ചെയ്തതു പരിശോധിച്ചശേഷം, നമുക്ക് ഇങ്ങനെ ഉചിതമായി ചോദിക്കാവുന്നതാണ്: ‘ദൈവവചനത്തെ മാനുഷിക ന്യായവാദംകൊണ്ടും ദിവ്യനിയമത്തിന്റെ അന്തഃസത്തയെത്തന്നെ ദുർബലപ്പെടുത്തുന്ന നിയമങ്ങൾക്കൊണ്ടും ദുഷിപ്പിക്കുന്നതിന്റെ കെണിയെ ഒഴിവാക്കവേ ക്രിസ്തുവിന്റെ നിയമപ്രകാരം നമുക്കെങ്ങനെ ജീവിക്കാൻ കഴിയും? ക്രിസ്തുവിന്റെ നിയമം നമ്മിൽ ഇന്ന് എന്തു സന്തുലിത വീക്ഷണം ഉൾനടണം?’ പിൻവരുന്ന ലേഖനം ഈ ചോദ്യങ്ങൾ കൈകാര്യം ചെയ്യും.
[അടിക്കുറിപ്പുകൾ]
a ഇന്നു നിലനിൽക്കുന്ന തരത്തിലുള്ള യഹൂദമതത്തിനു പരീശൻമാർ വലിയതോതിൽ ഉത്തരവാദികളായിരുന്നു, അതുകൊണ്ട് കൂട്ടിച്ചേർക്കപ്പെട്ട അതിന്റെ അനേകം ശബത്തുനിയമങ്ങളിൽ യഹൂദമതം ഇപ്പോഴും പഴുതുകൾ അന്വേഷിക്കുന്നത് അതിശയമല്ല. ഉദാഹരണത്തിന്, ഒരു ലിഫ്റ്റ് ബട്ടൺ അമർത്തുന്ന പാപപൂർണമായ “ജോലി” ചെയ്യുന്നത് ഒഴിവാക്കാൻ യാത്രക്കാർക്കു കഴിയേണ്ടതിന് ലിഫ്റ്റ് ഓരോ നിലയിലും സ്വയം നിൽക്കുന്നതായി ഒരു യാഥാസ്ഥിതിക യഹൂദ ആശുപത്രിയിൽ ശബത്തിൽ സന്ദർശനം നടത്തുന്ന ഒരുവൻ കണ്ടെത്തിയേക്കാം. ചില യാഥാസ്ഥിതിക ഡോക്ടർമാർ ഏതാനും ദിവസംകൊണ്ടു മാഞ്ഞുപോകുന്ന മഷികൊണ്ടു ചികിത്സക്കുറിപ്പുകൾ എഴുതുന്നു. എന്തുകൊണ്ട്? മിഷ്നാ എഴുതുന്നതിനെ “ജോലി”യായി തരംതിരിക്കുന്നു, എന്നാൽ അത് “എഴുത്തിനെ” ഒരു നിലനിൽക്കുന്ന പാട് അവശേഷിപ്പിക്കുന്നതായി നിർവചിക്കുന്നു.
b കാൽവിന്റെ ദൈവശാസ്ത്രപരമായ ചില വീക്ഷണങ്ങളെ എതിർത്ത സെർവെറ്റസിനെ ഒരു പാഷണ്ഡിയായി സ്തംഭത്തിൽ ചുട്ടെരിച്ചു.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ക്രിസ്തുവിന്റെ നിയമത്തിന്റെ അന്തഃസത്തയെന്താണ്?
◻ യേശുവിന്റെ പഠിപ്പിക്കൽ രീതി പരീശൻമാരുടേതിൽനിന്നും വ്യത്യസ്തമായിരുന്നതെങ്ങനെ?
◻ ക്രൈസ്തവലോകത്തെ ദുഷിപ്പിക്കുന്നതിനു സാത്താൻ കർക്കശമായ, നിയമ നിർമാണത്തിന്റെ ആത്മാവിനെ ഉപയോഗിച്ചതെങ്ങനെ?
◻ ക്രിസ്തുവിന്റെ നിയമപ്രകാരം ജീവിക്കുന്നതിന്റെ ചില പ്രയോജനകരമായ ഫലങ്ങൾ ഏവ?
[16-ാം പേജിലെ ചിത്രം]
മോശൈക ന്യായപ്രമാണം യേശു ന്യായബോധത്തോടെയും കരുണാപൂർവകവും ബാധകമാക്കി