അസൂയയെക്കുറിച്ചു നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
അസൂയ എന്താണ്? ഒരു വ്യക്തിയെ ഉത്കണ്ഠാകുലനോ ദുഃഖിതനോ രോഷാകുലനോ ആക്കാൻ കഴിയുന്ന ഒരു തീവ്ര വികാരമാണ് അസൂയ. ആരെങ്കിലും ഒരു ഉദ്യമത്തിൽ നമ്മെക്കാൾ കൂടുതൽ വിജയംനേടുന്നതായി കാണുമ്പോൾ നമുക്ക് അസൂയ തോന്നിയേക്കാം. അല്ലെങ്കിൽ നമുക്കു ലഭിക്കുന്നതിലധികം പ്രശംസ ഒരു സുഹൃത്തിനു ലഭിക്കുമ്പോൾ നമുക്ക് അസൂയ തോന്നിയേക്കാം. എന്നാൽ അസൂയ തോന്നുന്നത് എല്ലായ്പോഴും തെറ്റാണോ?
അസൂയ ബാധിച്ചയാളുകൾ തങ്ങളുടെ പ്രതിയോഗികളാകാൻ ഇടയുള്ളവരെക്കുറിച്ചു സംശയാലുക്കളാകാനുള്ള പ്രവണത കാട്ടുന്നു. ഇതിന്റെ ഒരു ഉദാഹരണമായിരുന്നു പുരാതന ഇസ്രായേലിലെ ശൗൽ രാജാവ്. ആദ്യമൊക്കെ അവൻ തന്റെ ആയുധവാഹകനായ ദാവീദിനെ സ്നേഹിച്ചു. അവൻ ദാവീദിനെ സൈന്യത്തിലെ ഒരു മേധാവിയാക്കി സ്ഥാനക്കയറ്റം കൊടുക്കുകപോലും ചെയ്തു. (1 ശമൂവേൽ 16:21; 18:5) അങ്ങനെയിരിക്കെ ഒരു ദിവസം സ്ത്രീകൾ ദാവീദിനെ ഈ വാക്കുകളോടെ പുകഴ്ത്തുന്നതു ശൗൽ രാജാവു കേട്ടു: “ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ.” (1 ശമൂവേൽ 18:7) ദാവീദുമായുള്ള തന്റെ നല്ല ബന്ധത്തെ ബാധിക്കാൻ ശൗൽ ഇതിനെ അനുവദിക്കരുതായിരുന്നു. എന്നാൽ, അത് അവനിൽ നീരസമുണ്ടാക്കി. “അന്നുമുതൽ ശൌലിന്നു ദാവീദിനോടു കണ്ണുകടി തുടങ്ങി.”—1 ശമൂവേൽ 18:9.
അസൂയാലുവായ ഒരു വ്യക്തി മറ്റൊരാൾക്കു ദോഷം സംഭവിക്കാൻ ആഗ്രഹിക്കില്ലായിരിക്കാം. ആ വ്യക്തി സുഹൃത്തിന്റെ വിജയത്തിൽ കേവലം അമർഷം കൊള്ളുകയും അതേ ഗുണങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരിക്കാൻ വാഞ്ഛിക്കുകയൂം ചെയ്തേക്കാം. അതേസമയം, ഈർഷ്യ വിശേഷിച്ചും അസൂയയുടെ നിഷേധാത്മകമായ ഒരു രൂപമാണ്. ഈർഷ്യയുള്ള ഒരു വ്യക്തി തന്നെ അസൂയപ്പെടുത്തുന്ന വ്യക്തിക്കു ലഭിക്കാനുള്ള നല്ല സംഗതികളെ രഹസ്യമായി തടയുകയോ ആ വ്യക്തിക്കു ദോഷം സംഭവിക്കാൻ ആഗ്രഹിക്കുകയോ ചെയ്തേക്കാം. ഈർഷ്യയുള്ള വ്യക്തിക്കു ചിലപ്പോൾ തന്റെ വികാരങ്ങളെ രഹസ്യമാക്കിവെക്കാൻ സാധിക്കാതെ വരുന്നു. ശൗൽ രാജാവു ദാവീദിനെ കൊല്ലാൻ ശ്രമിച്ചതുപോലെ, അയാൾ മറ്റൊരാളെ പരസ്യമായി ദ്രോഹിക്കാൻ നിർബന്ധിതനായിത്തീർന്നേക്കാം. ഒന്നിലധികം സന്ദർഭങ്ങളിൽ, ശൗൽ “ദാവീദിനെ ചുവരോടുചേർത്തു കുത്തുവാൻ” കുന്തം എറിഞ്ഞു.—1 ശമൂവേൽ 18:11; 19:10.
‘പക്ഷേ ഞാൻ അസൂയാലുവൊന്നുമല്ല’ എന്നു നിങ്ങൾ പറഞ്ഞേക്കാം. നിങ്ങളുടെ ജീവിതത്തെ അസൂയ നിയന്ത്രിക്കുന്നില്ലെന്നതു ശരിയായിരിക്കാം. എന്നിരുന്നാലും, അസൂയ—നമ്മുടെയും മറ്റുള്ളവരുടെയും അസൂയകലർന്ന വികാരങ്ങൾ—നമ്മെയെല്ലാം ഒരു പരിധിവരെ ബാധിക്കുന്നുണ്ട്. മറ്റുള്ളവരിലുള്ള അസൂയ നാം പെട്ടെന്നു ശ്രദ്ധിച്ചേക്കാം, എന്നാൽ നമ്മിലുള്ളതു നാം അത്ര പെട്ടെന്നു ശ്രദ്ധിക്കുകയില്ലായിരിക്കാം.
“ഈർഷ്യ തോന്നാനുള്ള പ്രവണത”
ദൈവവചനമായ ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്നപ്രകാരമുള്ള മനുഷ്യരുടെ പാപസ്വഭാവം സംബന്ധിച്ച വിവരണം ഈർഷ്യനിമിത്തമുള്ള പാപങ്ങളെ കൂടെക്കൂടെ എടുത്തുകാട്ടുന്നുണ്ട്. കയീനെയും ഹാബേലിനെയും കുറിച്ചുള്ള വിവരണം നിങ്ങൾ ഓർമിക്കുന്നുണ്ടോ? ആദാമിന്റെയും ഹവ്വായുടെയും പുത്രന്മാരായ ഇവർ രണ്ടുപേരും ദൈവത്തിനു ബലികൾ അർപ്പിച്ചു. വിശ്വാസമുള്ള ഒരു മനുഷ്യനായിരുന്നതുകൊണ്ടാണു ഹാബേൽ അങ്ങനെ ചെയ്തത്. (എബ്രായർ 11:4) ഭൂമിയെ സംബന്ധിച്ച മഹത്തായ ഉദ്ദേശ്യം നിവർത്തിക്കാനുള്ള ദൈവത്തിന്റെ പ്രാപ്തിയിൽ അവനു വിശ്വാസമുണ്ടായിരുന്നു. (ഉല്പത്തി 1:28; 3:15; എബ്രായർ 11:1) വിശ്വസ്തരായ മനുഷ്യർക്കു വരാനിരിക്കുന്ന ഭൗമിക പറുദീസയിൽ ദൈവം പ്രതിഫലം നൽകുമെന്നും ഹാബേൽ വിശ്വസിച്ചിരുന്നു. (എബ്രായർ 11:6) അതുകൊണ്ട്, ദൈവം ഹാബേലിന്റെ ബലിയിൽ പ്രീതി പ്രകടമാക്കി. കയീൻ തന്റെ സഹോദരനെ വാസ്തവത്തിൽ സ്നേഹിച്ചിരുന്നെങ്കിൽ, ദൈവം ഹാബേലിനെ അനുഗ്രഹിച്ചതിൽ അവനു സന്തോഷം തോന്നുമായിരുന്നു. അതിനുപകരം, കയീന് “ഏറ്റവും കോപമുണ്ടായി.”—ഉല്പത്തി 4:5.
കയീനും അനുഗ്രഹം ലഭിക്കേണ്ടതിനു നന്മ ചെയ്യാൻ ദൈവം അവനെ പ്രോത്സാഹിപ്പിച്ചു. എന്നിട്ട് ദൈവം ഈ മുന്നറിയിപ്പു കൊടുത്തു: “നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം.” (ഉല്പത്തി 4:7) സങ്കടകരമെന്നു പറയട്ടെ, കയീൻ അസൂയ നിറഞ്ഞ തന്റെ കോപത്തെ കീഴടക്കിയില്ല. നീതിമാനായ തന്റെ സഹോദരനെ കൊല്ലുന്നതിൽ അതവനെ കൊണ്ടെത്തിച്ചു. (1 യോഹന്നാൻ 3:12) അന്നുമുതൽ, പോരാട്ടങ്ങളും യുദ്ധങ്ങളും കോടിക്കണക്കിനു ജീവൻ അപഹരിച്ചിരിക്കുന്നു. “യുദ്ധത്തിന്റെ അടിസ്ഥാന കാരണങ്ങളിൽ ചിലത് കൂടുതൽ പ്രദേശത്തിനുവേണ്ടിയുള്ള ആഗ്രഹമോ കൂടുതൽ സമ്പത്തിനുവേണ്ടിയുള്ള ആഗ്രഹമോ കൂടുതൽ അധികാരത്തിനുവേണ്ടിയുള്ള ആഗ്രഹമോ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള ആഗ്രഹമോ ആയിരിക്കാം,” ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ വിശദീകരിക്കുന്നു.
സത്യക്രിസ്ത്യാനികൾ ഈ ലോകത്തിന്റെ യുദ്ധങ്ങളിൽ പങ്കെടുക്കുന്നില്ല. (യോഹന്നാൻ 17:16) എന്നാൽ സങ്കടകരമെന്നു പറയട്ടെ, ക്രിസ്ത്യാനികൾ ചിലപ്പോഴൊക്കെ വ്യക്തിപരമായ വാഗ്വാദങ്ങളിൽ ഉൾപ്പെടുന്നു. സഭയിലെ മറ്റ് അംഗങ്ങൾ അവയിൽ പക്ഷംപിടിക്കുന്നെങ്കിൽ, ഈ പോരാട്ടങ്ങൾ ദോഷകരമായ വാക്യുദ്ധങ്ങളായിത്തീരാവുന്നതാണ്. “നിങ്ങളിൽ ശണ്ഠയും കലഹവും എവിടെനിന്നു?” എന്നു ബൈബിളെഴുത്തുകാരനായ യാക്കോബ് സഹവിശ്വാസികളോടു ചോദിച്ചു. (യാക്കോബ് 4:1) ‘നിങ്ങൾ മോഹിച്ചുകൊണ്ടേയിരിക്കുന്നു,’ അല്ലെങ്കിൽ ‘അസൂയാ’ലുക്കളായിരിക്കുന്നു എന്നു പറഞ്ഞ് അവരുടെ ഭൗതികാത്മകമായ അത്യാഗ്രഹത്തെ തുറന്നുകാട്ടിക്കൊണ്ട് അവൻ ആ ചോദ്യത്തിന് ഉത്തരം കൊടുത്തു. (യാക്കോബ് 4:2, അടിക്കുറിപ്പ്, NW) അതേ, ഭൗതികത്വചിന്താഗതിക്കു മോഹങ്ങളിലേക്കും ഏറെ മെച്ചമായ സാഹചര്യങ്ങൾ ആസ്വദിക്കുന്നതായി കാണുന്നവരെക്കുറിച്ച് അസൂയപ്പെടുന്നതിലേക്കും നയിക്കാനാവും. ഇക്കാരണത്താലാണു യാക്കോബ് “ഈർഷ്യ തോന്നാനുള്ള” മാനുഷിക “പ്രവണത”യ്ക്കെതിരെ മുന്നറിയിപ്പു നൽകിയത്.—യാക്കോബ് 4:5, NW.
അസൂയയുടെ കാരണങ്ങൾ അപഗ്രഥിക്കുന്നതുകൊണ്ടുള്ള മെച്ചമെന്താണ്? സത്യസന്ധരായിരിക്കാനും മറ്റുള്ളവരുമായി മെച്ചപ്പെട്ട ബന്ധം വളർത്തിയെടുക്കാനും ഇതിനു നമ്മെ സഹായിക്കാൻ സാധിക്കും. കൂടുതൽ സഹാനുഭൂതിയുള്ളവരും സഹിഷ്ണുതയുള്ളവരും ക്ഷമിക്കുന്നവരുമായിരിക്കാൻ അതു നമ്മെ സഹായിക്കും. ഏറ്റവും മുന്തിയ പ്രയോജനം, രക്ഷയ്ക്കായും പാപപൂരിതമായ മാനുഷിക പ്രവണതകളിൽനിന്നുള്ള വിടുതലിനായും ദൈവം ചെയ്തിരിക്കുന്ന സ്നേഹപുരസ്സരമായ കരുതൽ മനുഷ്യർക്ക് എത്രകണ്ട് ആവശ്യമായിരിക്കുന്നുവെന്ന് അത് എടുത്തുകാട്ടുന്നുവെന്നതാണ്.—റോമർ 7:24, 25.
പാപപൂർണമായ അസൂയയില്ലാത്ത ഒരു ലോകം
മാനുഷിക കാഴ്ചപ്പാടിൽനിന്നു നോക്കുമ്പോൾ, പാപപൂർണമായ അസൂയയില്ലാത്ത ഒരു ലോകം അസാധ്യമായി തോന്നാം. ഗ്രന്ഥകാരനായ റോം ലൻഡൗ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “സകല തത്ത്വചിന്തകന്മാരും . . . മനശ്ശാസ്ത്രജ്ഞന്മാരും പ്രസ്തുത വിഷയത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളതുൾപ്പെടെ യുഗങ്ങളിലൂടെ നേടിയെടുത്ത ജ്ഞാനം അസൂയനിമിത്തം കഷ്ടപ്പെടുന്ന മനുഷ്യനു യാതൊരു മാർഗനിർദേശവും നൽകുന്നില്ല. . . . ഏതെങ്കിലും ഡോക്ടർ ഒരു അസൂയാലുവിനെ എന്നെങ്കിലും സുഖപ്പെടുത്തിയിട്ടുണ്ടോ?”
എന്നാൽ ദുഷ്ടമായ അസൂയയാലോ ഈർഷ്യയാലോ ആരും ഇനിയൊരിക്കലും കഷ്ടമനുഭവിക്കുകയില്ലാത്ത ഒരു പുതിയ ലോകത്തിലെ പൂർണതയുള്ള മനുഷ്യജീവിതം നേടുന്നതിനുള്ള പ്രത്യാശ ദൈവവചനം വച്ചുനീട്ടുന്നുണ്ട്. മാത്രവുമല്ല, അത്തരം ദുഷ്ട സ്വഭാവഗുണങ്ങളുള്ള ആളുകൾനിമിത്തം ആ പുതിയ ലോകത്തിലെ സമാധാനം താറുമാറാകയില്ല.—ഗലാത്യർ 5:19-21; 2 പത്രൊസ് 3:13.
എങ്കിലും, എല്ലാ അസൂയയും അനുചിതമല്ല. വാസ്തവത്തിൽ, യഹോവ “അസൂയാലുവായ ഒരു ദൈവമാണ്” എന്നു ബൈബിൾ പ്രസ്താവിക്കുന്നു. (പുറപ്പാട് 34:14, NW) അതിന്റെ അർഥമെന്താണ്? ഉചിതമായ അസൂയയെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു? അതേസമയം, അനുചിതമായ അസൂയയെ കീഴടക്കാൻ ഒരു വ്യക്തിക്ക് എന്തു ചെയ്യാൻ സാധിക്കും? അടുത്ത ലേഖനം കാണുക.