ദൈവത്തിന്റെ സംഘടനയുടെ ഭാഗമെന്ന നിലയിൽ സുരക്ഷിതരായി നിലകൊള്ളുക
“യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.”—സദൃശവാക്യങ്ങൾ 18:10.
1. യേശുവിന്റെ പ്രാർഥന അനുസരിച്ച്, ക്രിസ്ത്യാനികൾ ഏതു പ്രയാസ സ്ഥിതിവിശേഷത്തിലാണ്?
മരിക്കുന്നതിന അൽപ്പം മുമ്പ്, യേശു തന്റെ അനുഗാമികൾക്കുവേണ്ടി സ്വർഗീയ പിതാവിനോടു പ്രാർഥിച്ചു. സ്നേഹപുരസ്സരമായ പരിഗണനയോടെ അവൻ പറഞ്ഞു: “ഞാൻ അവർക്കു നിന്റെ വചനം നൽകിയിരിക്കുന്നു. എന്നാൽ ലോകം അവരെ ദ്വേഷിച്ചിരിക്കുന്നു, എന്തെന്നാൽ ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല. അവരെ ലോകത്തിൽനിന്ന് എടുക്കണം എന്നല്ല, ദുഷ്ടനായവൻ നിമിത്തം അവരെ കാത്തുകൊള്ളണം എന്നു ഞാൻ നിന്നോട് അപേക്ഷിക്കുന്നു.” (യോഹന്നാൻ 17:14, 15, NW) ലോകം ക്രിസ്ത്യാനികൾക്ക് അപകടകരമായ ഒരു സ്ഥലം ആയിരിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. അവർക്ക് എതിരെ വ്യാജം പറഞ്ഞും അവരെ പീഡിപ്പിച്ചും അത് അതിന്റെ വിദ്വേഷം പ്രകടമാക്കുമായിരുന്നു. (മത്തായി 5:11, 12; 10:16, 17) അത് ദുഷിപ്പിന്റെ ഉറവും ആയിത്തീരുമായിരുന്നു.—2 തിമൊഥെയൊസ് 4:10; 1 യോഹന്നാൻ 2:15, 16.
2. ക്രിസ്ത്യാനികൾക്ക് ആത്മീയ സുരക്ഷിത സ്ഥലം എവിടെ കണ്ടെത്താനാകും?
2 ക്രിസ്ത്യാനികളെ ദ്വേഷിക്കുന്ന ലോകം ദൈവത്തിൽനിന്ന് അന്യപ്പെട്ടവരും സാത്താന്റെ നിയന്ത്രണത്തിൻ കീഴിലുള്ളവരുമായ ആളുകളാണ്. (1 യോഹന്നാൻ 5:19) ഈ ലോകം ക്രിസ്തീയ സഭയെക്കാൾ ഏറെ വലിയതും സാത്താൻ ഏതൊരു മനുഷ്യനെക്കാളും ഏറെ ശക്തനും ആണ്. അതുകൊണ്ട്, ലോകത്തിന്റെ വിദ്വേഷം ഒരു യഥാർഥ ഭീഷണിതന്നെയാണ്. യേശുവിന്റെ അനുഗാമികൾക്ക് എവിടെയാണ് ആത്മീയ സുരക്ഷിതത്വം കണ്ടെത്താനാകുക? 1922 ഡിസംബർ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഉത്തരം നൽകി: “നാം ഇപ്പോൾ ദുഷ്ട നാളിലാണ്. സാത്താന്റെ സംഘടനയും ദൈവത്തിന്റെ സംഘടനയും തമ്മിലുള്ള പോരാട്ടം നടക്കുകയാണ്. അത് ഒരു ഉഗ്ര പോരാട്ടംതന്നെയാണ്.” ഈ ഏറ്റുമുട്ടലിൽ ആത്മീയ സുരക്ഷിതത്വത്തിനുള്ള സ്ഥലം ദൈവത്തിന്റെ സംഘടനയാണ്. “സംഘടന” എന്ന പദം ബൈബിളിൽ പ്രത്യക്ഷപ്പെടുന്നില്ല. 1920-കളിൽ “ദൈവത്തിന്റെ സംഘടന” എന്നത് ഒരു പുതിയ പ്രയോഗമായിരുന്നു. അപ്പോൾ, എന്താണ് ഈ സംഘടന? നമുക്ക് അതിൽ എങ്ങനെ സുരക്ഷിതത്വം കണ്ടെത്താം?
യഹോവയുടെ സംഘടന
3, 4. (എ) ഒരു ഡിക്ഷ്നറിയും വീക്ഷാഗോപുരവും പറയുന്നത് അനുസരിച്ച്, ഒരു സംഘടന എന്താണ്? (ബി) ഏത് അർഥത്തിൽ യഹോവയുടെ സാക്ഷികളുടെ സാർവദേശീയ കൂട്ടത്തെ ഒരു സംഘടന എന്നു പറയാവുന്നതാണ്?
3 കൺസൈസ് ഓക്സ്ഫോർഡ് ഡിക്ഷ്നറി പറയുന്ന പ്രകാരം ഒരു സംഘടന “ഒരു സംഘടിത കൂട്ടം” ആണ്. ഇത് മനസ്സിൽ പിടിച്ചുകൊണ്ട്, നമുക്ക് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ കാര്യമെടുക്കാം. യെരൂശലേമിലെ ഒരു ഭരണസംഘത്തിന്റെ മേൽനോട്ടത്തിൽ അപ്പൊസ്തലന്മാർ അവരെ പ്രാദേശിക സഭകളായി സംഘടിപ്പിച്ചു. അതുകൊണ്ടുതന്നെ “സഹോദരങ്ങളുടെ” ആ “കൂട്ട”ത്തെ ഒരു സംഘടനയെന്നു പറയുന്നത് ഉചിതമാണ്. (1 പത്രൊസ് 2:17, NW) ഇന്ന് യഹോവയുടെ സാക്ഷികൾക്ക് സമാനമായ ഒരു സംഘടിത ഘടന ഉണ്ട്. ഒന്നാം നൂറ്റാണ്ടിലെ സംഘത്തിന്റെ ഐക്യം ‘ഇടയൻമാരെയും ഉപദേഷ്ടാക്കന്മാരെയും പോലുള്ള മനുഷ്യരാം ദാനങ്ങളാൽ’ ബലിഷ്ഠമാക്കപ്പെട്ടിരുന്നു. ഇവരിൽ ചിലർ സഭകൾതോറും സഞ്ചരിക്കുന്നവർ ആയിരുന്നു, ചിലരാകട്ടെ പ്രാദേശിക സഭകളിലെ മൂപ്പന്മാരും. (എഫെസ്യർ 4:8, 11, 12; പ്രവൃത്തികൾ 20:28) സമാനമായ “ദാനങ്ങൾ” ഇന്ന് യഹോവയുടെ സാക്ഷികളുടെ ഐക്യം ബലിഷ്ഠമാക്കുന്നു.
4 1922 നവംബർ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) “സംഘടന” എന്ന പദത്തെ കുറിച്ച് പറഞ്ഞു: “ഒരു ആസൂത്രിത പദ്ധതി നിറവേറ്റുക എന്ന ഉദ്ദേശ്യത്തിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെ ഒരു കൂട്ടം ആണ് സംഘടന.” യഹോവയുടെ സാക്ഷികളെ ഒരു സംഘടന എന്നു പറയുമ്പോൾ അത് അവരെ “അക്ഷരാർഥത്തിൽ ഒരു മതവിഭാഗമാക്കുന്നില്ല, എന്നാൽ കർത്താവ് സകലതും ചെയ്യുന്നതുപോലെ, ഒരു ക്രമീകൃതമായ വിധത്തിൽ ബൈബിൾ വിദ്യാർഥികൾ [യഹോവയുടെ സാക്ഷികൾ] ദൈവോദ്ദേശ്യങ്ങൾ നിറവേറ്റാൻ പ്രയത്നിക്കുകയാണ് എന്നേ അത് അർഥമാക്കുന്നുള്ളൂ” എന്നും പ്രസ്തുത വീക്ഷാഗോപുരം വിശദമാക്കുകയുണ്ടായി. (1 കൊരിന്ത്യർ 14:33) തന്റെ നാളിലെ ക്രിസ്ത്യാനികൾ സമാനമായി ക്രമീകൃതമായ വിധത്തിൽ പ്രവർത്തിച്ചുവെന്ന് പൗലൊസ് അപ്പൊസ്തലൻ പ്രകടമാക്കി. അവൻ അഭിഷിക്ത ക്രിസ്തീയ കൂട്ടത്തെ, ഓരോ ഭാഗങ്ങളും അതതിന്റെ നിയമിത ധർമം നിറവേറ്റി ഉചിതമായി പ്രവർത്തിക്കുന്ന മനുഷ്യ ശരീരത്തോട് ഉപമിച്ചു. (1 കൊരിന്ത്യർ 12:12-26) അത് ഒരു സംഘടനയെ കുറിച്ചുള്ള ഉത്കൃഷ്ടമായ ദൃഷ്ടാന്തമാണ്! ക്രിസ്ത്യാനികൾ എന്തിനായിരുന്നു സംഘടിപ്പിക്കപ്പെട്ടത്? “ദൈവോദ്ദേശ്യങ്ങൾ” നിറവേറ്റാൻ, യഹോവയുടെ ഹിതം നിവർത്തിക്കാൻ.
5. ദൈവത്തിന്റെ ദൃശ്യ സംഘടന എന്താണ്?
5 സത്യ ക്രിസ്ത്യാനികൾ ഇന്ന് ഒരു “ജനത” എന്ന നിലയിൽ ഒരു “ദേശ”ത്തേക്ക് കൂട്ടിവരുത്തപ്പെടുമെന്ന്, ഒരുമിച്ചു ചേർക്കപ്പെടുമെന്ന്, അവിടെ അവർ “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്ന”വർ ആയിരിക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (യെശയ്യാവു 66:8, NW; ഫിലിപ്പിയർ 2:15) ഈ സംഘടിത “ജനത”യിൽ ഇപ്പോൾ 55 ലക്ഷത്തിലധികം ആളുകൾ ഉണ്ട്. (യെശയ്യാവു 60:8-10, 22) എന്നിരുന്നാലും, ദൈവത്തിന്റെ സംഘടനയിൽ ഇവർ മാത്രമല്ല ഉള്ളത്. ദൂതന്മാരും ഉണ്ട്.
6. ഏറ്റവും വ്യാപകമായ അർഥത്തിൽ, ദൈവത്തിന്റെ സംഘടനയിൽ ആരെല്ലാം ഉൾപ്പെടുന്നു?
6 ദൈവത്തിന്റെ മാനുഷ ദാസന്മാർക്കൊപ്പം ദൂതന്മാരും പ്രവർത്തിച്ചതിന്റെ ധാരാളം ദൃഷ്ടാന്തങ്ങൾ ഉണ്ട്. (ഉല്പത്തി 28:12; ദാനീയേൽ 10:12-14; 12:1; എബ്രായർ 1:13, 14; വെളിപ്പാടു 14:14-16) അതുകൊണ്ട് ഉചിതമായി, 1925 മേയ് 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) പറഞ്ഞു: “എല്ലാ വിശുദ്ധ ദൂതന്മാരും ദൈവത്തിന്റെ സംഘടനയുടെ ഭാഗമാണ്.” തുടർന്ന് അത് ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ സംഘടനയുടെ നേതൃസ്ഥാനത്ത് സർവ ശക്തിയോടും അധികാരത്തോടുംകൂടെ കർത്താവായ യേശുക്രിസ്തു [ഉണ്ട്].” (മത്തായി 28:18) അതുകൊണ്ട്, ഏറ്റവും വ്യാപകമായ അർഥത്തിൽ, ദൈവഹിതം നിവർത്തിക്കാൻ ഒരുമിച്ചു പ്രവർത്തിക്കുന്നവരായി സ്വർഗത്തിലും ഭൂമിയിലും ഉള്ള സകലരും ദൈവത്തിന്റെ സംഘടനയുടെ ഭാഗമാണ്. (ചതുരം കാണുക.) ഇതിന്റെ ഭാഗമായിരിക്കുന്നത് എന്തൊരു മഹത്തായ പദവിയാണ്! സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ സൃഷ്ടികളും ഐക്യത്തിൽ യഹോവയാം ദൈവത്തെ സ്തുതിക്കാൻ സംഘടിപ്പിക്കപ്പെടുന്ന സമയത്തിനായി കാത്തിരിക്കുന്നത് എന്തൊരു സന്തോഷമാണ്! (വെളിപ്പാടു 5:13, 14) എന്നാൽ, ദൈവത്തിന്റെ സംഘടന ഇന്ന് എന്തു സംരക്ഷണമാണ് പ്രദാനം ചെയ്യുന്നത്?
ദൈവത്തിന്റെ സംഘടനയിൽ സംരക്ഷിക്കപ്പെടുന്നു—എങ്ങനെ?
7. ദൈവത്തിന്റെ സംഘടന ഏതു വിധത്തിൽ നമ്മെ സംരക്ഷിക്കുന്നു?
7 ദൈവത്തിന്റെ സംഘടനയ്ക്ക് നമ്മെ സാത്താനിൽനിന്നും അവന്റെ തന്ത്രങ്ങളിൽനിന്നും സംരക്ഷിക്കാൻ കഴിയും. (എഫെസ്യർ 6:11) യഹോവയുടെ ആരാധകരെ ‘തങ്ങൾ നടക്കേണ്ട വഴിയിൽ’നിന്നു വ്യതിചലിപ്പിക്കുക എന്ന ഏക ലക്ഷ്യത്തോടെ സാത്താൻ അവരുടെമേൽ സമ്മർദം കൊണ്ടുവരുകയും അവരെ പീഡിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്നു. (യെശയ്യാവു 48:17, NW; മത്തായി 4:1-11 താരതമ്യം ചെയ്യുക.) ഈ വ്യവസ്ഥിതിയിൽ അത്തരം ആക്രമണങ്ങളെ ഒരിക്കലും നമുക്കു പൂർണമായി ഒഴിവാക്കാനാകില്ല. എന്നിരുന്നാലും, ദൈവവും അവന്റെ സംഘടനയുമായുള്ള നമ്മുടെ അടുത്ത ബന്ധം നമ്മെ ബലിഷ്ഠരാക്കുകയും സംരക്ഷിക്കുകയും അങ്ങനെ ആ “വഴി”യിൽ തുടരാൻ സഹായിക്കുകയും ചെയ്യുന്നു. തത്ഫലമായി, നമ്മുടെ പ്രത്യാശ സംബന്ധിച്ച് നമുക്ക് പരാജയം സംഭവിക്കുന്നില്ല.
8. യഹോവയുടെ അദൃശ്യ സംഘടന അവന്റെ ഭൗമിക ദാസരെ പിന്തുണയ്ക്കുന്നത് എങ്ങനെ?
8 ദൈവത്തിന്റെ സംഘടന ഈ സംരക്ഷണം പ്രദാനം ചെയ്യുന്നത് എങ്ങനെയാണ്? ഒന്നാമത്, നമുക്കു യഹോവയുടെ ദൂതദാസരുടെ നിലയ്ക്കാത്ത പിന്തുണ ഉണ്ട്. യേശു കടുത്ത സമ്മർദത്തിൻ കീഴിൽ ആയിരുന്നപ്പോൾ, ഒരു ദൂതൻ എത്തി അവനെ ശുശ്രൂഷിച്ചു. (ലൂക്കൊസ് 22:43) മരണ ഭീഷണിയിൽ ആയിരുന്നപ്പോൾ പത്രൊസിനെ ഒരു ദൂതൻ അത്ഭുതകരമായി രക്ഷപ്പെടുത്തി. (പ്രവൃത്തികൾ 12:6-11) ഇന്ന് അത്തരം അത്ഭുതങ്ങൾ നടക്കുന്നില്ലെങ്കിലും, പ്രസംഗ പ്രവർത്തനത്തിൽ യഹോവയുടെ ജനത്തിന് ദൂതന്മാരുടെ പിന്തുണ ലഭിക്കുമെന്ന വാഗ്ദാനം ഉണ്ട്. (വെളിപ്പാടു 14:6, 7) പ്രയാസ സ്ഥിതിവിശേഷങ്ങളെ അഭിമുഖീകരിക്കുമ്പോൾ മിക്കപ്പോഴും അവർക്ക് സാധാരണയിൽ കവിഞ്ഞ ശക്തി ലഭിക്കുന്നു. (2 കൊരിന്ത്യർ 4:7) മാത്രവുമല്ല, “യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുററും പാളയമിറങ്ങി അവരെ വിടുവിക്കുന്നു” എന്ന ബോധ്യവും അവർക്കുണ്ട്.—സങ്കീർത്തനം 34:7.
9, 10. “യഹോവയുടെ നാമം ബലമുള്ള ഗോപുരം” ആണെന്നു പറയാൻ കഴിയുന്നത് എങ്ങനെ, ഈ തത്ത്വം ദൈവത്തിന്റെ സംഘടനയ്ക്ക് മൊത്തത്തിൽ ബാധകമാകുന്നത് എങ്ങനെ?
9 യഹോവയുടെ ദൃശ്യ സംഘടനയും ഒരു സംരക്ഷണമാണ്. എങ്ങനെ? “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു” എന്നു സദൃശവാക്യങ്ങൾ 18:10-ൽ നാം വായിക്കുന്നു. കേവലം ദൈവത്തിന്റെ നാമം ആവർത്തിച്ചു വിളിച്ചാൽ സംരക്ഷണം കിട്ടുമെന്നല്ല അതിന്റെ അർഥം. മറിച്ച്, ദൈവത്തിന്റെ നാമത്തിൽ അഭയം പ്രാപിക്കുന്നത് നാം യഹോവയെത്തന്നെ ആശ്രയിക്കുന്നു എന്ന് അർഥമാക്കുന്നു. (സങ്കീർത്തനം 20:1; 122:4) അതിന്റെ അർഥം അവന്റെ പരമാധികാരത്തെ പിന്തുണയ്ക്കുക, അവന്റെ നിയമങ്ങളും തത്ത്വങ്ങളും ഉയർത്തിപ്പിടിക്കുക, അവന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പിക്കുക എന്നെല്ലാമാണ്. (സങ്കീർത്തനം 8:1-9; യെശയ്യാവു 50:10; എബ്രായർ 11:6) അതിൽ യഹോവയ്ക്ക് അനന്യ ഭക്തി നൽകുന്നതും ഉൾപ്പെടുന്നു. ഈ വിധത്തിൽ യഹോവയെ ആരാധിക്കുന്നവർക്കു മാത്രമേ സങ്കീർത്തനക്കാരനെപ്പോലെ പറയാൻ സാധിക്കുകയുള്ളൂ: “[യഹോവയുടെ] വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും.”—സങ്കീർത്തനം 33:21; 124:8.
10 ഇപ്പോൾ ദൈവത്തിന്റെ ദൃശ്യ സംഘടനയിലുള്ള എല്ലാവരും മീഖായെപ്പോലെ പറയുന്നു: “നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.” (മീഖാ 4:5) ‘തന്റെ നാമത്തിനായുള്ള ജനം’ എന്നു ബൈബിൾ വിശേഷിപ്പിക്കുന്ന ‘ദൈവത്തിന്റെ ഇസ്രായേലിനെ’ കേന്ദ്രീകരിച്ചുള്ളതാണ് ആധുനികകാല സംഘടന. (ഗലാത്യർ 6:16; പ്രവൃത്തികൾ 15:14; യെശയ്യാവു 43:6, 7; 1 പത്രൊസ് 2:17) അതുകൊണ്ട്, യഹോവയുടെ സംഘടനയുടെ ഭാഗമായിരിക്കുക എന്നതിനർഥം ദൈവനാമത്തിൽ സംരക്ഷണം തേടുന്നവരും അതു ലഭിക്കുന്നവരുമായ ജനത്തിന്റെ ഭാഗമായിരിക്കുക എന്നാണ്.
11. യഹോവയുടെ സംഘടന അതിലെ അംഗങ്ങൾക്ക് ഏതു പ്രത്യേക വിധങ്ങളിൽ സംരക്ഷണം പ്രദാനം ചെയ്യുന്നു?
11 അതിലുപരി, ദൈവത്തിന്റെ ദൃശ്യ സംഘടന വിശ്വാസികളുടെ ഒരു സമൂഹമാണ്, പരസ്പരം പരിപുഷ്ടിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സഹവിശ്വാസികളുടെ ഒരു കൂട്ടം. (സദൃശവാക്യങ്ങൾ 13:20; റോമർ 1:12) അത് ക്രിസ്തീയ ഇടയന്മാർ ആടുകളെ പരിപാലിക്കുകയും രോഗികളും വിഷാദമഗ്നരും ആയവരെ പ്രോത്സാഹിപ്പിക്കുകയും വീണുപോയവരെ പുനഃസ്ഥിതീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇടമാണ്. (യെശയ്യാവു 32:1, 2; 1 പത്രൊസ് 5:2-4) “വിശ്വസ്തനും വിവേകിയുമായ അടിമ” ഈ സംഘടനയിലൂടെ “തക്ക സമയത്തെ ആഹാരം” പ്രദാനം ചെയ്യുന്നു. (മത്തായി 24:45, NW) അഭിഷിക്ത ക്രിസ്ത്യാനികൾ അടങ്ങിയ ആ “അടിമ” ആത്മീയമായി ഏറ്റവും നല്ലത്, നിത്യജീവനിലേക്കു നയിക്കുന്ന സൂക്ഷ്മമായ ബൈബിളധിഷ്ഠിത പരിജ്ഞാനം, പ്രദാനം ചെയ്യുന്നു. (യോഹന്നാൻ 17:3) ഈ “അടിമ”യിൽനിന്നുള്ള മാർഗനിർദേശം ഹേതുവായി, ഉയർന്ന ധാർമിക നിലവാരം നിലനിർത്തുവാനും തങ്ങൾക്കു ചുറ്റുമുള്ള അപകടകരമായ പരിസ്ഥിതിയിൽ “സർപ്പങ്ങളെപ്പോലെ ജാഗരൂകരും പ്രാവുകളെപ്പോലെ നിഷ്കളങ്കരും” ആയി നിലകൊള്ളുവാനും ക്രിസ്ത്യാനികൾ സഹായിക്കപ്പെടുന്നു. (മത്തായി 10:16, NW) കൂടാതെ ‘കർത്താവിന്റെ വേലയിൽ വർദ്ധിച്ചുവരുന്നവർ’ ആയിരിക്കാനും അവർ എപ്പോഴും സഹായിക്കപ്പെടുന്നു. അത്തരം വേലയിൽ ആയിരിക്കുന്നതുതന്നെ ഒരു സംരക്ഷണമാണ്.—1 കൊരിന്ത്യർ 15:58.
ദൈവത്തിന്റെ സംഘടനയിലുള്ളവർ ആരെല്ലാം?
12. ദൈവത്തിന്റെ സ്വർഗീയ സംഘടനയിലുള്ളവരായി ആരെല്ലാം തിരിച്ചറിയിക്കപ്പെടുന്നു?
12 ഈ സംരക്ഷണം ലഭിക്കുന്നത് ദൈവത്തിന്റെ സംഘടനയിലുള്ളവർക്കായതിനാൽ, ഇതിൽ ആരെല്ലാം ഉൾപ്പെടുന്നു? സ്വർഗീയ സംഘടനയുടെ കാര്യത്തിൽ ഈ ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാണ്. സാത്താനും അവന്റെ ദൂതന്മാരും മേലാൽ സ്വർഗത്തിലില്ല. അതേസമയം, വിശ്വസ്ത ദൂതന്മാർ ഇപ്പോഴും അവിടെത്തന്നെ, “പൊതു സഭയിൽ” ഉണ്ട്. അന്ത്യനാളിൽ, ‘കുഞ്ഞാടും’ കെരൂബുകളും (‘നാലു ജീവികളും’) ‘ഏറിയ ദൂതന്മാരും’ ദൈവത്തിന്റെ സിംഹാസനത്തോട് വളരെ അടുത്തായിരിക്കുന്നതായി യോഹന്നാൻ അപ്പൊസ്തലൻ ദർശനത്തിൽ കണ്ടു. അവരോടൊപ്പം 24 മൂപ്പന്മാരും—ഇതിനോടകംതന്നെ തങ്ങളുടെ മഹനീയ സ്വർഗീയ അവകാശത്തിലേക്കു പ്രവേശിച്ചിരിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളെ പ്രതിനിധാനം ചെയ്യുന്നവർ—ഉണ്ട്. (എബ്രായർ 12:22, 23, NW; വെളിപ്പാടു 5:6, 11; 12:7-12) വ്യക്തമായും ഇവർ എല്ലാവരും ദൈവത്തിന്റെ സംഘടനയുടെ ഭാഗമാണ്. എന്നിരുന്നാലും മനുഷ്യർക്കിടയിൽ സംഗതികൾ അത്ര വ്യക്തമല്ല.
13. ദൈവത്തിന്റെ സംഘടനയിൽ പെട്ടവരെയും അല്ലാത്തവരെയും യേശു തിരിച്ചറിയിച്ചത് എങ്ങനെ?
13 തന്നെ അനുഗമിക്കുന്നവരെന്ന് അവകാശപ്പെടുന്ന ചിലർ ഉണ്ടായിരിക്കുമെന്ന് യേശു പറഞ്ഞു: “കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തുപറയും.” (മത്തായി 7:22, 23) എന്ത് അവകാശപ്പെട്ടാലും എവിടെ ആരാധിച്ചാലും അധർമം പ്രവർത്തിക്കുന്നവനെങ്കിൽ, അയാൾ തീർച്ചയായും ദൈവത്തിന്റെ സംഘടനയിലുള്ളവൻ ആയിരിക്കില്ല. ദൈവത്തിന്റെ സംഘടനയിലുള്ളവൻ ആരെന്ന് എങ്ങനെ തിരിച്ചറിയാമെന്നും യേശു പ്രകടമാക്കി. അവൻ പറഞ്ഞു: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.”—മത്തായി 7:21.
14. ദൈവത്തിന്റെ സംഘടനയിൽ ഉള്ളവർ ദൈവഹിതത്തിന്റെ ഏതെല്ലാം വശങ്ങൾ നിർവഹിക്കാൻ ബാധ്യസ്ഥരാണ്?
14 “സ്വർഗ്ഗരാജ്യം” കേന്ദ്രഭാഗമായിരിക്കുന്ന, ദൈവത്തിന്റെ സംഘടനയുടെ ഭാഗമായിരിക്കുന്നതിന് ഒരുവൻ ദൈവഹിതം ചെയ്തുകൊണ്ടിരിക്കണം. അവന്റെ ഹിതം എന്താണ്? അതിന്റെ ഒരു ജീവത്പ്രധാന വശം പൗലൊസ് തിരിച്ചറിയിക്കുന്നുണ്ട്. അവൻ പറഞ്ഞു: “[ദൈവം] സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.” (1 തിമൊഥെയൊസ് 2:4) ഒരു വ്യക്തി ബൈബിളിൽനിന്നുള്ള സൂക്ഷ്മ പരിജ്ഞാനം നേടാനും അതു ജീവിതത്തിൽ ബാധകമാക്കാനും “സകലമനുഷ്യരു”മായി പങ്കുവെക്കാനും യഥാർഥത്തിൽ ശ്രമിക്കുന്നെങ്കിൽ, അയാൾ ദൈവഹിതം പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. (മത്തായി 28:19, 20; റോമർ 10:13-15) യഹോവയുടെ ആടുകൾക്ക് ഭക്ഷണവും പരിപാലനവും ലഭിക്കണമെന്നതും ദൈവഹിതമാണ്. (യോഹന്നാൻ 21:15-17) ക്രിസ്തീയ യോഗങ്ങൾ ഇതിൽ ജീവത്പ്രധാനമായ പങ്കു വഹിക്കുന്നു. അത്തരം യോഗങ്ങളിൽ സംബന്ധിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായിട്ടും സംബന്ധിക്കാൻ കൂട്ടാക്കാത്തയാൾ ദൈവത്തിന്റെ സംഘടനയിൽ തനിക്കുള്ള സ്ഥാനത്തോടു വിലമതിപ്പില്ലാത്തയാൾ ആണ്.—എബ്രായർ 10:23-25.
ലോകത്തോടുള്ള സൗഹൃദം
15. തന്റെ നാളിലെ സഭകൾക്ക് യാക്കോബ് എന്ത് മുന്നറിയിപ്പു നൽകി?
15 യേശു മരിച്ച് ഏതാണ്ട് 30 വർഷം കഴിഞ്ഞ്, അവന്റെ അർധസഹോദരനായ യാക്കോബ് ദൈവത്തിന്റെ സംഘടനയിൽ ഒരുവനുള്ള സ്ഥാനത്തെ അപകടപ്പെടുത്തുന്ന ചില ഘടകങ്ങൾ തിരിച്ചറിയിച്ചു. അവൻ എഴുതി: “വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.” (യാക്കോബ് 4:4) ദൈവത്തിന്റെ ശത്രു തീർച്ചയായും അവന്റെ സംഘടനയുടെ ഭാഗമല്ല. അപ്പോൾ, ലോകത്തോടുള്ള സൗഹൃദം എന്താണ്? മോശമായ സഹവാസങ്ങൾ വളർത്തി എടുക്കുകയോ അത്തരക്കാരുമായി അടുത്തു ബന്ധപ്പെടുകയോ ചെയ്യുന്നതുപോലുള്ള പല രൂപങ്ങൾ അതിന് ഉള്ളതായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. കൂടുതലായി, യാക്കോബ് ഒരു പ്രത്യേക സംഗതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു—അനുചിത നടത്തകളിലേക്കു നയിച്ച തെറ്റായ മനോഭാവങ്ങളിൽ.
16. ലോകത്തോടുള്ള സൗഹൃദം ദൈവത്തോടുള്ള ശത്രുത്വമാണെന്ന യാക്കോബിന്റെ മുന്നറിയിപ്പിന്റെ സന്ദർഭം എന്തായിരുന്നു?
16 യാക്കോബ് 4:1-3-ൽ നാം വായിക്കുന്നു: “നിങ്ങളിൽ ശണ്ഠയും [“യുദ്ധവും,” NW] കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ? നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല. നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ [“ഭോഗതൃഷ്ണകളിൽ,” NW] ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.” ഈ വാക്യങ്ങൾ എഴുതിയതിനു ശേഷമായിരുന്നു യാക്കോബ് ലോകത്തോടുള്ള സൗഹൃദത്തിന് എതിരെ മുന്നറിയിപ്പു നൽകിയത്.
17. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയിൽ ‘യുദ്ധങ്ങളും പോരാട്ടങ്ങളും’ ഉണ്ടായിരുന്നത് ഏതു വിധത്തിൽ?
17 യാക്കോബ് മരിച്ച് നൂറ്റാണ്ടുകൾക്കുശേഷം, വ്യാജ ക്രിസ്ത്യാനികൾ യുദ്ധം ചെയ്യുകയും അക്ഷരാർഥത്തിൽ പരസ്പരം കൊല്ലുകയും ചെയ്തു. എന്നാൽ, ഭാവി സ്വർഗീയ ‘പുരോഹിതന്മാരും രാജാക്കന്മാരു’മായ ‘ദൈവത്തിന്റെ ഇസ്രായേലിൽ’പ്പെട്ട ഒന്നാം നൂറ്റാണ്ടിലെ അംഗങ്ങൾക്ക് എഴുതുകയായിരുന്നു യാക്കോബ്. (വെളിപ്പാടു 20:6, NW) അവർ പരസ്പരം വധിക്കുകയോ അക്ഷരീയ യുദ്ധങ്ങളിൽ പരസ്പരം കൊല്ലുകയോ ചെയ്തില്ല. പിന്നെ എന്തുകൊണ്ടാണ് യാക്കോബ് ക്രിസ്ത്യാനികൾക്കിടയിൽ അത്തരം സംഗതികൾ ഉള്ളതായി പറഞ്ഞത്? സഹോദരനെ വെറുക്കുന്നവൻ ഒരു കൊലപാതകിയാണെന്ന് യോഹന്നാൻ അപ്പൊസ്തലൻ പറയുകയുണ്ടായി. സഭയിലെ വ്യക്തിത്വ ഭിന്നതകളെയും ശത്രുതകളെയും “പോരാട്ടങ്ങ”ളായും “ശണ്ഠ”യായും പൗലൊസ് വിശേഷിപ്പിച്ചു. (തീത്തൊസ് 3:9, NW; 2 തിമൊഥെയൊസ് 2:14; 1 യോഹന്നാൻ 3:15-17) ഇതേ ശൈലിയിൽ, വ്യക്തമായും യാക്കോബ് ഉദ്ദേശിച്ചത് സഹക്രിസ്ത്യാനികളെ സ്നേഹിക്കാനുള്ള പരാജയമാണ്. ലോകക്കാർ സാധാരണമായി പരസ്പരം ഇടപെടുന്ന വിധത്തിലായിരുന്നു ക്രിസ്ത്യാനികൾ പരസ്പരം ഇടപെട്ടിരുന്നത്.
18. എന്തിന്റെ ഫലമായി ക്രിസ്ത്യാനികൾക്കിടയിൽ സ്നേഹശൂന്യമായ പ്രവൃത്തികളും വികാരങ്ങളും സംജാതമായേക്കാം?
18 ക്രിസ്തീയ സഭകളിൽ അത്തരം സംഗതികൾ സംഭവിച്ചത് എന്തുകൊണ്ടായിരുന്നു? അതിനു കാരണം അത്യാഗ്രഹവും “ഭോഗതൃഷ്ണ”കളും പോലുള്ള തെറ്റായ മനോഭാവങ്ങൾ ആയിരുന്നു. അഹങ്കാരത്തിനും അസൂയയ്ക്കും അധികാര മോഹത്തിനും ഒരു സഭയിലെ സ്നേഹപുരസ്സരമായ ക്രിസ്തീയ കൂട്ടായ്മയെ തകർക്കാനാകും. (യാക്കോബ് 3:6, 14) അത്തരം മനോഭാവങ്ങൾ ഒരുവനെ ലോകത്തിന്റെ സുഹൃത്താക്കുകയും തദ്വാരാ ദൈവത്തിന്റെ ശത്രുവാക്കുകയും ചെയ്യും. ഇതുപോലുള്ള മനോഭാവങ്ങൾ വെച്ചുപുലർത്തുന്ന ആർക്കും ദൈവത്തിന്റെ സംഘടനയുടെ ഭാഗമായിരിക്കാൻ പ്രതീക്ഷിക്കാവുന്നതല്ല.
19. (എ) തന്റെ ഹൃദയത്തിൽ തെറ്റായ ചിന്തകൾ വേരു പിടിക്കുന്നതായി കണ്ടാൽ ഒരു ക്രിസ്ത്യാനി മുഖ്യമായും ആരെ പഴിക്കണം? (ബി) ഒരു ക്രിസ്ത്യാനിക്ക് തെറ്റായ ചിന്തകളെ എങ്ങനെ മറികടക്കാനാകും?
19 നമ്മുടെ ഹൃദയത്തിൽ തെറ്റായ ചിന്ത വേരു പിടിക്കുന്നതായി കണ്ടെത്തുന്നെങ്കിൽ നമുക്ക് ആരെ പഴിചാരാനാകും? സാത്താനെയോ? അതേ, ഒരു പരിധിവരെ. അത്തരം മനോഭാവങ്ങൾ വ്യാപകമായിരിക്കുന്ന ഈ ലോകത്തിന്റെ ‘ആകാശത്തിലെ [“വായുവിന്റെ,” NW] അധികാരത്തിന് അധിപതി’ അവനാണ്. (എഫെസ്യർ 2:1, 2; തീത്തൊസ് 2:13) എന്നിരുന്നാലും, സാധാരണമായി തെറ്റായ ചിന്തയുടെ മൂലകാരണം നമ്മുടെ അപൂർണ ജഡംതന്നെയാണ്. ലോകത്തോടുള്ള സൗഹൃദത്തിനെതിരെ മുന്നറിയിപ്പു നൽകിയശേഷം, യാക്കോബ് എഴുതി: “നമ്മിൽ വസിക്കുന്ന ആത്മാവ് അസഹിഷ്ണുതയോടെ [“അസൂയപ്പെടാനുള്ള പ്രവണതയോടെ,” NW] ചിന്തിക്കുന്നുവെന്ന തിരുവെഴുത്തു വ്യർത്ഥമെന്നു നിങ്ങൾ വിചാരിക്കുന്നോ?” (യാക്കോബ് 4:5, പ്ശീത്താ) തെറ്റു ചെയ്യാനുള്ള പ്രവണത നമുക്കെല്ലാം ജന്മസിദ്ധമാണ്. (ഉല്പത്തി 8:21; റോമർ 7:18-20) എന്നാൽ നമ്മുടെ ദൗർബല്യങ്ങൾ നാം സമ്മതിക്കുകയും അവയെ മറികടക്കുന്നതിനു യഹോവയുടെ സഹായത്തിൽ ആശ്രയിക്കുകയും ചെയ്യുന്നെങ്കിൽ, നമുക്ക് ആ പ്രവണതയോടു പോരാടാൻ സാധിക്കും. യാക്കോബ് പറയുന്നു: “[ദൈവം] നൽകുന്ന അനർഹദയ [അസൂയപ്പെടാനുള്ള നമ്മുടെ സഹജ പ്രവണതയെക്കാൾ] വലുതാണ്.” (യാക്കോബ് 4:6, NW) ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായവും വിശ്വസ്ത ക്രിസ്തീയ സഹോദരങ്ങളുടെ പിന്തുണയും യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനവും ഉള്ളതിനാൽ, വിശ്വസ്ത ക്രിസ്ത്യാനികൾ ജഡത്തിന്റെ ദൗർബല്യങ്ങൾക്ക് അടിമകളാകുന്നില്ല. (റോമർ 7:24, 25) അവർ ലോകത്തിന്റെയല്ല, ദൈവത്തിന്റെ സുഹൃത്തുക്കൾ എന്ന നിലയിൽ അവന്റെ സംഘടനയിൽ സുരക്ഷിതരാണ്.
20. ദൈവത്തിന്റെ സംഘടനയിൽ ഉള്ളവർ സമൃദ്ധമായ എന്ത് അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു?
20 ബൈബിൾ വാഗ്ദാനം ചെയ്യുന്നു: “യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.” (സങ്കീർത്തനം 29:11) നാം യഥാർഥത്തിൽ യഹോവയുടെ ദൃശ്യ സംഘടനയായ അവന്റെ ആധുനികകാല “ജനത”യുടെ ഭാഗമാണെങ്കിൽ, അവൻ നൽകുന്ന ശക്തിയിൽ നാം ഓഹരിക്കാരാകുകയും അവൻ തന്റെ ജനത്തിനു നൽകുന്ന സമാധാനം ആസ്വദിക്കുകയും ചെയ്യും. സാത്താന്റെ ലോകം യഹോവയുടെ ദൃശ്യ സംഘടനയെക്കാൾ വലിയതും സാത്താൻ നമ്മെക്കാൾ ഏറെ ശക്തനും ആണെന്നത് ശരിതന്നെ. എന്നാൽ യഹോവ സർവശക്തനാണ്. അവന്റെ പ്രവർത്തനനിരതമായ ശക്തി അജയ്യമാണ്. അവന്റെ ശക്തരായ ദൂതന്മാരും നമ്മോടൊപ്പം ഐക്യത്തിൽ ദൈവത്തെ സേവിക്കുകയാണ്. അതുകൊണ്ട്, വിദ്വേഷം നേരിടുമ്പോഴും, നമുക്ക് ഉറച്ചുനിൽക്കാൻ സാധിക്കും. യേശുവിനെപ്പോലെ, നമുക്കു ലോകത്തെ ജയിക്കാൻ സാധിക്കും.—യോഹന്നാൻ 16:33; 1 യോഹന്നാൻ 4:4.
നിങ്ങൾക്കു വിശദീകരിക്കാമോ?
□ എന്താണു ദൈവത്തിന്റെ ദൃശ്യ സംഘടന?
□ ദൈവത്തിന്റെ സംഘടന ഏതെല്ലാം വിധങ്ങളിൽ സംരക്ഷണം നൽകുന്നു?
□ ദൈവത്തിന്റെ സംഘടനയിൽ ഉള്ളവർ ആരെല്ലാം?
□ നമുക്ക് എങ്ങനെ ലോകത്തിന്റെ സുഹൃത്തുക്കൾ ആകാതിരിക്കാൻ ശ്രദ്ധിക്കാം?
[9-ാം പേജിലെ ചതുരം]
എന്താണ് ദൈവത്തിന്റെ സംഘടന?
യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങളിൽ, “ദൈവത്തിന്റെ സംഘടന” എന്ന പ്രയോഗം മൂന്നു വിധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
1 വിശ്വസ്ത ആത്മസൃഷ്ടികൾ അടങ്ങുന്ന യഹോവയുടെ അദൃശ്യ സ്വർഗീയ സംഘടന. ബൈബിളിൽ ഇതിനെ “മീതെയുള്ള യെരൂശലേം” എന്നു വിളിച്ചിരിക്കുന്നു.—ഗലാത്യർ 4:26.
2 യഹോവയുടെ ദൃശ്യ മാനുഷ സംഘടന. ഇന്ന്, ഇതിൽ അഭിഷിക്ത ശേഷിപ്പും അവരോടൊപ്പം സഹവസിക്കുന്ന മഹാപുരുഷാരവും ഉൾപ്പെടുന്നു.
3 യഹോവയുടെ സാർവത്രിക സംഘടന. ഇന്ന് ഇതിൽ യഹോവയുടെ സ്വർഗീയ സംഘടനയും ആത്മീയ പ്രത്യാശയുള്ളവരായി ഭൂമിയിലുള്ള അവന്റെ അഭിഷിക്തരായ ദത്തു പുത്രന്മാരും ഉൾപ്പെടുന്നു. കാലക്രമത്തിൽ, ഭൂമിയിൽ പൂർണതയിലേക്കു വരുത്തപ്പെടുന്ന മനുഷ്യരും ഇതിൽ ഉൾപ്പെടും.
[10-ാം പേജിലെ ചിത്രം]
യഹോവയുടെ സംഘടനയിലൂടെ ഏറ്റവും മികച്ച ആത്മീയ ഭക്ഷണം വിതരണം ചെയ്യപ്പെടുന്നു