തെറ്റ് റിപ്പോർട്ടു ചെയ്യേണ്ടത് എന്തുകൊണ്ട്?
“കാര്യം വെളിപ്പെടുത്തുന്നവൻ ആളുകളുടെ ശത്രുവായിത്തീരുന്നു” എന്നത് പശ്ചിമാഫ്രിക്കയിലെ ഒരു പഴമൊഴിയാണ്. മൂത്ത സഹോദരൻ തന്റെ സഹോദരിയുമായി നിഷിദ്ധ വേഴ്ചയിൽ ഏർപ്പെട്ടതായി ആരോപിച്ചപ്പോൾ ഓലൂവിന് സംഭവിച്ചത് അതായിരുന്നു. “നീ ഒരു നുണയനാണ്!” സഹോദരൻ ആക്രോശിച്ചു. എന്നിട്ട് അയാൾ ഓലൂവിനെ ക്രൂരമായി മർദിച്ച് വീട്ടിൽനിന്ന് ഓടിക്കുക മാത്രമല്ല, അവന്റെ വസ്ത്രമെല്ലാം ചുട്ടുകളയുകയും ചെയ്തു. ഗ്രാമീണർ മൂത്ത സഹോദരനെ പിന്താങ്ങി. ആ ഗ്രാമത്തിൽ മേലാൽ സ്വാഗതമില്ലാത്തതിനാൽ ഓലൂ അവിടം വിട്ടുപോകേണ്ടിവന്നു. പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലാക്കിയപ്പോൾ മാത്രമാണ് ഓലൂ പറഞ്ഞത് സത്യമായിരുന്നെന്ന് ആളുകൾ തിരിച്ചറിഞ്ഞത്. സഹോദരൻ കുറ്റം സമ്മതിച്ചു. ഓലൂവിന് അംഗീകാരം തിരികെക്കിട്ടി. കാര്യങ്ങൾ തികച്ചും വ്യത്യസ്തമായിത്തീരാമായിരുന്നു. ഓലൂ കൊല്ലപ്പെടാമായിരുന്നു.
വ്യക്തമായും, യഹോവയോടു സ്നേഹമില്ലാത്തവർ തങ്ങളുടെ തെറ്റ് വെളിച്ചത്തു വരാൻ ഇഷ്ടപ്പെടുന്നില്ല. ശാസനയെ എതിർക്കുകയും അത് ആര് നൽകിയാലും നീരസം പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ് പാപപൂർണമായ മാനുഷിക ചായ്വ്. (യോഹന്നാൻ 7:7 താരതമ്യം ചെയ്യുക.) തിരുത്താൻ അധികാരമുള്ളവരോടു മറ്റുള്ളവരുടെ തെറ്റുകൾ വെളിപ്പെടുത്തുന്ന കാര്യം വരുമ്പോൾ ഒട്ടുമിക്കവരും മൗനം പാലിക്കുന്നതിൽ അതിശയിക്കാനില്ല.
ശാസനയുടെ മൂല്യം വിലമതിക്കൽ
എന്നിരുന്നാലും, യഹോവയുടെ ജനത്തിനിടയിൽ ശാസനയോട് ഒരു വ്യത്യസ്ത മനോഭാവമാണുള്ളത്. തെറ്റു ചെയ്യുന്നവരെ ക്രിസ്തീയ സഭയ്ക്കുള്ളിൽ സഹായിക്കുന്നതിന് യഹോവ ചെയ്തിരിക്കുന്ന ക്രമീകരണത്തെ ദൈവഭക്തിയുള്ള സ്ത്രീപുരുഷൻമാർ ആഴമായി വിലമതിക്കുന്നു. അത്തരം ശിക്ഷണം അവന്റെ സ്നേഹാർദ്രതയുടെ ഒരു പ്രകടനമാണെന്ന് അവർ തിരിച്ചറിയുന്നു.—എബ്രായർ 12:6-11.
ദാവീദ് രാജാവിന്റെ ജീവിതത്തിലെ ഒരു സംഭവത്താൽ ഇതു ചിത്രീകരിക്കാവുന്നതാണ്. ചെറുപ്പം മുതൽ അവൻ നീതിമാനായിരുന്നെങ്കിലും ഒരിക്കൽ അവൻ ഗുരുതരമായ തെറ്റിലകപ്പെട്ടു. ആദ്യം അവൻ വ്യഭിചാരം ചെയ്തു. പിന്നീട് തന്റെ തെറ്റു മറയ്ക്കാനുള്ള ശ്രമത്തിൽ ആ സ്ത്രീയുടെ ഭർത്താവിനെ കൊല്ലാൻ ക്രമീകരണം ചെയ്തു. എന്നാൽ യഹോവ ദാവീദിന്റെ പാപം നാഥാൻ പ്രവാചകനു വെളിപ്പെടുത്തി. ആ സംഗതിയിൽ നാഥാൻ ദാവീദിനെ ധൈര്യപൂർവം നേരിട്ടു. തന്റെ സുഹൃത്തിനെ സത്കരിക്കാൻ വേണ്ടി ഒരു ദരിദ്രന്റെ ഓമനമൃഗമായിരുന്ന ഏക ആട്ടിൻകുട്ടിയെ പാകം ചെയ്ത ഒട്ടനവധി ആടുകളുള്ള ഒരു ധനവാനെ എന്തു ചെയ്യണമെന്ന് ശക്തമായൊരു ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട് നാഥാൻ ദാവീദിനോടു ചോദിച്ചു. ഒരു മുൻ ആട്ടിടയനായ ദാവീദ് ധാർമികരോഷവും കോപവുംകൊണ്ട് ജ്വലിച്ചു. അവൻ പറഞ്ഞു: “ഇതു ചെയ്തവൻ മരണയോഗ്യൻ.” “ആ മനുഷ്യൻ നീ തന്നേ” എന്നു പറഞ്ഞുകൊണ്ട് നാഥാൻ ആ ദൃഷ്ടാന്തം ദാവീദിനു ബാധകമാക്കി.—2 ശമൂവേൽ 12:1-7.
ദാവീദ് നാഥാനോടു കോപിച്ചില്ല; താൻ കുറ്റക്കാരനല്ലെന്നു സ്ഥാപിക്കാൻ അവൻ ശ്രമിക്കുകയോ പ്രത്യാരോപണങ്ങളിൽ അഭയം തേടുകയോ ചെയ്തില്ല. പകരം, നാഥാന്റെ ശാസന അവന്റെ മനസ്സാക്ഷിയെ ആഴമായി ബാധിച്ചു. ഹൃദയം നുറുങ്ങിയ ദാവീദ് ഇങ്ങനെ ഏറ്റുപറഞ്ഞു: “ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു.”—2 ശമൂവേൽ 12:13.
നാഥാൻ, ദാവീദിന്റെ പാപം വെളിച്ചത്തു കൊണ്ടുവന്നതും തുടർന്നു നൽകിയ ദൈവിക ശാസനയും സത്ഫലങ്ങൾ ഉളവാക്കി. ദാവീദ് തന്റെ തെറ്റിന്റെ ഭവിഷ്യത്തുകളിൽനിന്ന് സംരക്ഷിക്കപ്പെട്ടില്ലെങ്കിലും അവൻ അനുതപിച്ച് യഹോവയുമായി സമാധാനബന്ധത്തിലായി. അത്തരം ശാസനയെക്കുറിച്ച് ദാവീദിന് എന്തു തോന്നി? അവൻ എഴുതി: “നീതിമാൻ എന്നെ അടിക്കുന്നതു ദയ; അവൻ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ.”—സങ്കീർത്തനം 141:5.
നമ്മുടെ നാളിലും യഹോവയുടെ ദാസൻമാർ, അനേക വർഷം വിശ്വസ്തരായിരുന്നിട്ടുള്ളവർ പോലും, ഗുരുതരമായ ദുഷ്പ്രവൃത്തികളിൽ ഉൾപ്പെട്ടേക്കാവുന്നതാണ്. മൂപ്പൻമാർക്കു സഹായിക്കാനാകുമെന്നു തിരിച്ചറിഞ്ഞുകൊണ്ട് മിക്കവരും സഹായത്തിനായി അവരെ സമീപിക്കാൻ മുൻകൈയെടുക്കുന്നു. (യാക്കോബ് 5:13-16) എന്നാൽ ദാവീദ് രാജാവു ചെയ്തതുപോലെ, ചിലപ്പോൾ ദുഷ്പ്രവൃത്തിക്കാരൻ തന്റെ പാപം മറയ്ക്കാൻ ശ്രമിച്ചേക്കാം. സഭയിലെ ഗുരുതരമായ ദുഷ്പ്രവൃത്തിയെക്കുറിച്ച് അറിഞ്ഞാൽ നാം എന്തു ചെയ്യണം?
അത് ആരുടെ ഉത്തരവാദിത്വമാണ്?
ഗുരുതരമായ ദുഷ്പ്രവൃത്തിയെക്കുറിച്ച് മൂപ്പൻമാർ മനസ്സിലാക്കുമ്പോൾ, ആവശ്യമായ സഹായവും തിരുത്തലും നൽകുന്നതിനായി ഉൾപ്പെട്ടിരിക്കുന്ന വ്യക്തിയെ അവർ സമീപിക്കുന്നു. ക്രിസ്തീയ സഭയിൽ അത്തരക്കാരെ വിധിക്കുന്നത് മൂപ്പൻമാരുടെ ഉത്തരവാദിത്വമാണ്. സഭയുടെ ആത്മീയാവസ്ഥ സംബന്ധിച്ചു ജാഗ്രത പാലിച്ചുകൊണ്ട് അവർ ജ്ഞാനരഹിതമോ തെറ്റോ ആയ ഒരു പടി സ്വീകരിക്കുന്ന ഏതൊരുവനെയും സഹായിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.—1 കൊരിന്ത്യർ 5:12, 13; 2 തിമൊഥെയൊസ് 4:2; 1 പത്രൊസ് 5:1, 2.
എന്നാൽ, നിങ്ങൾ ഒരു മൂപ്പനല്ലാതിരിക്കെ മറ്റൊരു ക്രിസ്ത്യാനിയുടെ ഗുരുതരമായ ദുഷ്പ്രവൃത്തി സംബന്ധിച്ചു നിങ്ങൾക്കു വിവരം ലഭിക്കുന്നെങ്കിലോ? യഹോവ ഇസ്രായേൽ ജനതയ്ക്കു നൽകിയ ന്യായപ്രമാണത്തിൽ മാർഗരേഖകൾ കാണുന്നു. വിശ്വാസത്യാഗപരമായ പ്രവർത്തനങ്ങൾ, രാജ്യദ്രോഹം, കൊലപാതകം, മറ്റുചില ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ഒരു വ്യക്തി സാക്ഷിയാകുന്നെങ്കിൽ അതു റിപ്പോർട്ടു ചെയ്യുന്നതും തനിക്കറിയാവുന്നതു സാക്ഷ്യപ്പെടുത്തുന്നതും അയാളുടെ ഉത്തരവാദിത്വമാണെന്നു ന്യായപ്രമാണം പ്രസ്താവിച്ചു. ലേവ്യപുസ്തകം 5:1 പ്രസ്താവിക്കുന്നു: “ഒരുത്തൻ സത്യവാചകം [“പരസ്യമായ ശാപം,” NW] കേട്ടിട്ടു, താൻ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുററം വഹിക്കേണം.”—ആവർത്തനപുസ്തകം 13:6-8; എസ്ഥേർ 6:2; സദൃശവാക്യങ്ങൾ 29:24 എന്നിവ താരതമ്യം ചെയ്യുക.
മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ലെങ്കിലും, ക്രിസ്ത്യാനികൾക്ക് ഇന്ന് അതിന്റെ പിന്നിലുള്ള തത്ത്വങ്ങൾ മാർഗദർശകമായി ഉതകുന്നു. (സങ്കീർത്തനം 19:7, 8) അതുകൊണ്ട് ഒരു സഹക്രിസ്ത്യാനിയുടെ ഗുരുതരമായ ദുഷ്പ്രവൃത്തിയെക്കുറിച്ച് അറിയുകയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?
പ്രസ്തുത സംഗതി കൈകാര്യം ചെയ്യൽ
ഒന്നാമതായി, ഗുരുതരമായ ദുഷ്പ്രവൃത്തി യഥാർഥത്തിൽ സംഭവിച്ചുവെന്ന് വിശ്വസിക്കുന്നതിന് മതിയായ കാരണമുണ്ടായിരിക്കുന്നത് പ്രധാനമാണ്. “കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്ക്കരുതു; നിന്റെ അധരംകൊണ്ടു ചതിക്കയും അരുതു,” ജ്ഞാനിയായ മനുഷ്യൻ പറഞ്ഞു.—സദൃശവാക്യങ്ങൾ 24:28.
നേരിട്ടു മൂപ്പൻമാരുടെ അടുത്തേക്കു പോകാൻ നിങ്ങൾ തീരുമാനിച്ചേക്കാം. അപ്രകാരം ചെയ്യുന്നതു തെറ്റല്ലെങ്കിലും ഉൾപ്പെട്ടിരിക്കുന്ന വ്യക്തിയെ സമീപിക്കുകയെന്നതാണ് സാധാരണമായി ഏറ്റവും സ്നേഹപൂർവകമായ ഗതി. പ്രത്യക്ഷത്തിൽ കാണപ്പെടുന്നതുപോലെ ആയിരിക്കണമെന്നില്ല ചിലപ്പോൾ വസ്തുതകൾ. അല്ലെങ്കിൽ, പ്രസ്തുത സംഗതി ഒരുപക്ഷേ മൂപ്പൻമാർ കൈകാര്യം ചെയ്യുന്നുണ്ടായിരിക്കാം. വ്യക്തിയുമായി കാര്യം ശാന്തമായി ചർച്ചചെയ്യുക. ഗുരുതരമായ ഒരു തെറ്റു ചെയ്തെന്നു വിശ്വസിക്കുന്നതിനുള്ള കാരണം നിലനിൽക്കുന്നെങ്കിൽ, സഹായത്തിനായി മൂപ്പൻമാരെ സമീപിക്കാൻ ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കുക, അപ്രകാരം ചെയ്യുന്നതിന്റെ ജ്ഞാനം വിശദീകരിക്കുക. ആ കാര്യത്തെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കരുത്, എന്തെന്നാൽ അത് കുശുകുശുപ്പായിരിക്കും.
ന്യായമായ സമയത്തിനുള്ളിൽ വ്യക്തി മൂപ്പൻമാരോട് റിപ്പോർട്ടു ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ റിപ്പോർട്ടു ചെയ്യണം. അപ്പോൾ ഒന്നോ രണ്ടോ മൂപ്പൻമാർ കുറ്റം ആരോപിക്കപ്പെട്ടവനുമായി ആ കാര്യം ചർച്ചചെയ്യും. തെറ്റ് സംഭവിച്ചോയെന്ന് മനസ്സിലാക്കുന്നതിന് മൂപ്പൻമാർ “നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും” നടത്തേണ്ടതുണ്ട്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ, തിരുവെഴുത്തുപരമായ മാർഗരേഖകളനുസരിച്ച് അവർ അതു കൈകാര്യം ചെയ്യും.—ആവർത്തനപുസ്തകം 13:12-15.
ദുഷ്പ്രവൃത്തി സംബന്ധിച്ച ഒരു ആരോപണം സ്ഥാപിക്കുന്നതിന് ഏറ്റവും കുറഞ്ഞത് രണ്ടു സാക്ഷികൾ ആവശ്യമാണ്. (യോഹന്നാൻ 8:17; എബ്രായർ 10:28) വ്യക്തി ആരോപണം നിഷേധിക്കുകയും സാക്ഷിപറയുന്നത് നിങ്ങൾ ഒരാൾ മാത്രമായിരിക്കുകയും ചെയ്യുമ്പോൾ ആ കാര്യം യഹോവയുടെ കൈകളിൽ വിടപ്പെടും. (1 തിമൊഥെയൊസ് 5:19, 24, 25) ഇതു ചെയ്യുന്നത്, എല്ലാ കാര്യങ്ങളും യഹോവയുടെ “കണ്ണിന്നു നഗ്നവും മലർന്നതുമാ”ണെന്നും വ്യക്തി കുറ്റക്കാരനാണെങ്കിൽ കാലക്രമത്തിൽ അയാളുടെ പാപങ്ങൾ അയാളെ “പിടികൂടും” എന്നുമുള്ള അറിവിന്റെ അടിസ്ഥാനത്തിലാണ്.—എബ്രായർ 4:13; സംഖ്യാപുസ്തകം 32:23, NW.
വ്യക്തി ആരോപണം നിഷേധിക്കുകതന്നെ ചെയ്യുന്നെന്നും അയാൾക്കെതിരായുള്ള ഏക സാക്ഷി നിങ്ങളാണെന്നും സങ്കൽപ്പിക്കുക. ഏഷണി പറഞ്ഞെന്ന പ്രത്യാരോപണത്തിനു നിങ്ങളിപ്പോൾ വിധേയനാകാനിടയുണ്ടോ? ഇല്ല, ആ കാര്യത്തിൽ ഉൾപ്പെട്ടിട്ടില്ലാത്തവരോട് നിങ്ങൾ കുശുകുശുപ്പ് നടത്തിയിട്ടില്ലെങ്കിൽ. സഭയിൽ മേൽനോട്ടം വഹിക്കാനും കാര്യങ്ങൾ തിരുത്താനും അധികാരവും ഉത്തരവാദിത്വവുമുള്ളവരോട് സഭയെ ബാധിക്കുന്ന സാഹചര്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നത് ഏഷണിയല്ല. അത് വാസ്തവത്തിൽ, ശരിയായതും വിശ്വസ്തമായതും എല്ലായ്പോഴും ചെയ്യാനുള്ള നമ്മുടെ ആഗ്രഹത്തോടു ചേർച്ചയിലാണ്.—ലൂക്കൊസ് 1:74, 75 താരതമ്യം ചെയ്യുക.
സഭയിൽ വിശുദ്ധി നിലനിർത്തൽ
ദുഷ്പ്രവൃത്തി റിപ്പോർട്ടു ചെയ്യേണ്ടതിന്റെ ഒരു കാരണം അത് സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നുവെന്നതാണ്. യഹോവ ശുദ്ധിയുള്ള, വിശുദ്ധിയുള്ള ഒരു ദൈവമാണ്. തന്നെ ആരാധിക്കുന്നവരെല്ലാം ആത്മീയമായും ധാർമികമായും ശുദ്ധിയുള്ളവരായിരിക്കാൻ അവൻ ആവശ്യപ്പെടുന്നു. അവന്റെ നിശ്വസ്ത വചനം ഉദ്ബോധിപ്പിക്കുന്നു: ‘പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴുതിയിരിക്കുന്നുവല്ലോ.’ (1 പത്രൊസ് 1:14-16) അശുദ്ധമായ കാര്യങ്ങളോ ദുഷ്പ്രവൃത്തിയോ ചെയ്യുന്ന വ്യക്തികളെ തിരുത്തുന്നതിനോ നീക്കംചെയ്യുന്നതിനോ നടപടി എടുക്കുന്നില്ലെങ്കിൽ, അവർ മുഴു സഭയുടെയുംമേൽ കളങ്കവും യഹോവയുടെ അപ്രീതിയും കൈവരുത്തിയേക്കാം.—യോശുവ 7-ാം അധ്യായം താരതമ്യം ചെയ്യുക.
ദുഷ്പ്രവൃത്തി റിപ്പോർട്ടു ചെയ്തത് കൊരിന്തിലെ ദൈവജനത്തിന്റെ ശുദ്ധീകരണത്തിൽ കലാശിച്ചതെങ്ങനെയെന്ന് അവിടത്തെ ക്രിസ്തീയ സഭയ്ക്കുള്ള അപ്പോസ്തലനായ പൗലൊസിന്റെ ലേഖനങ്ങൾ പ്രകടമാക്കുന്നു. തന്റെ ആദ്യ ലേഖനത്തിൽ പൗലൊസ് എഴുതി: “നിങ്ങളുടെ ഇടയിൽ ദുർന്നടപ്പു ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തന്റെ അപ്പന്റെ ഭാര്യയെ വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പു തന്നേ.”—1 കൊരിന്ത്യർ 5:1.
ആരിൽനിന്നാണ് അപ്പോസ്തലനായ പൗലൊസിന് ഈ റിപ്പോർട്ട് ലഭിച്ചതെന്നു ബൈബിൾ നമ്മോടു പറയുന്നില്ല. കൊരിന്തിൽനിന്ന് പൗലൊസ് താമസിച്ചിരുന്ന എഫെസൊസിലേക്കു പോയ സ്തെഫനാസ്, ഫൊർത്തുനാതൊസ്, അഖായിക്കൊസ് എന്നിവരിൽനിന്നാകാം പൗലൊസ് ആ സാഹചര്യത്തെക്കുറിച്ച് അറിഞ്ഞത്. കൊരിന്തിലെ ക്രിസ്തീയ സഭയിൽനിന്ന് ഒരു അന്വേഷണക്കത്തും പൗലൊസിനു ലഭിച്ചിരുന്നു. ഉറവിടം ഏതായിരുന്നാലും, വിശ്വാസയോഗ്യരായ സാക്ഷികൾ സാഹചര്യത്തെപ്പറ്റി റിപ്പോർട്ടു ചെയ്തപ്പോൾ ആ കാര്യം സംബന്ധിച്ച് മാർഗനിർദേശം നൽകാൻ അവനു കഴിഞ്ഞു. “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ,” അവൻ എഴുതി. ആ മനുഷ്യൻ സഭയിൽനിന്നു പുറത്താക്കപ്പെട്ടു.—1 കൊരിന്ത്യർ 5:13; 16:17, 18.
പൗലൊസിന്റെ നിർദേശം സത്ഫലങ്ങൾ കൈവരുത്തിയോ? തീർച്ചയായും! ആ ദുഷ്പ്രവൃത്തിക്കാരനു സുബോധമുണ്ടായി എന്നതു വ്യക്തമാണ്. കൊരിന്ത്യർക്കുള്ള തന്റെ രണ്ടാമത്തെ ലേഖനത്തിൽ, അനുതപിച്ച ആ മനുഷ്യനോടു “ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും” ചെയ്യാൻ ആ സഭയെ പൗലൊസ് ഉദ്ബോധിപ്പിച്ചു. (2 കൊരിന്ത്യർ 2:6-8) അങ്ങനെ, ദുഷ്പ്രവൃത്തി റിപ്പോർട്ടു ചെയ്തത്, സഭയെ ശുദ്ധീകരിക്കുകയും ദൈവവുമായുള്ള ബന്ധം തകരാറിലാക്കിയിരുന്ന ഒരു വ്യക്തിയെ ദൈവപ്രീതിയിലേക്കു പുനഃസ്ഥിതീകരിക്കുകയും ചെയ്യുന്നതിൽ കലാശിച്ച നടപടിയിലേക്കു നയിച്ചു.
കൊരിന്തിലെ ക്രിസ്തീയ സഭയ്ക്കുള്ള പൗലൊസിന്റെ ആദ്യ ലേഖനത്തിൽ മറ്റൊരു ദൃഷ്ടാന്തം നാം കാണുന്നു. ഈ പ്രാവശ്യം അപ്പോസ്തലൻ പ്രസ്തുത സംഗതി റിപ്പോർട്ടു ചെയ്ത സാക്ഷികളുടെ പേര് പറയുന്നു. അവൻ എഴുതി: “സഹോദരൻമാരേ, നിങ്ങളുടെ ഇടയിൽ പിണക്കം [“ഭിന്നത,” NW] ഉണ്ടെന്നു ക്ലോവയുടെ ആളുകളാൽ എനിക്കു അറിവു കിട്ടിയിരിക്കുന്നു.” (1 കൊരിന്ത്യർ 1:11) ഈ ഭിന്നതയും മനുഷ്യർക്ക് അനുചിതമായ ആദരവ് നൽകുന്നതും സഭയുടെ ഐക്യത്തിന് ഭീഷണി ഉയർത്തിയ വിഭാഗീയ മനോഭാവം ഉളവാക്കിയെന്ന് പൗലൊസ് അറിഞ്ഞു. അതുകൊണ്ട്, അവിടത്തെ തന്റെ സഹവിശ്വാസികളുടെ ആത്മീയക്ഷേമത്തിലുള്ള ആഴമായ താത്പര്യം നിമിത്തം പൗലൊസ് ഉടനടി പ്രവർത്തിച്ചു, സഭയ്ക്കു തിരുത്തൽ ബുദ്ധ്യുപദേശം എഴുതി.
ഇന്ന്, ദൈവമുമ്പാകെ അംഗീകാരമുള്ള ഒരു നില വ്യക്തിപരമായി നിലനിർത്തിക്കൊണ്ട് ഭൂമിയിലുടനീളമുള്ള സഭകളിലെ സഹോദരീസഹോദരന്മാരിൽ ബഹുഭൂരിപക്ഷവും സഭയുടെ ആത്മീയ ശുദ്ധി കാത്തുസൂക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്നു. കഷ്ടമനുഭവിച്ചുകൊണ്ടാണ് ചിലർ അപ്രകാരം ചെയ്യുന്നത്; നിർമലത പാലിക്കാൻ വേണ്ടി മറ്റുചിലർ മരണം വരിക്കുകപോലും ചെയ്തിരിക്കുന്നു. ദുഷ്പ്രവൃത്തി വെച്ചുപൊറുപ്പിക്കുകയോ മൂടിവെക്കുകയോ ചെയ്യുന്നത് തീർച്ചയായും ഈ ശ്രമങ്ങളോടുള്ള വിലമതിപ്പില്ലായ്മയായിരിക്കും.
തെറ്റു ചെയ്യുന്നവർക്ക് സഹായം
കൊടിയ പാപത്തിൽ വീണുപോയ ചിലർ സഭാമൂപ്പൻമാരെ സമീപിക്കുന്നതിൽനിന്നു പിൻമാറിനിൽക്കുന്നതെന്തുകൊണ്ട്? അത് മിക്കപ്പോഴും, മൂപ്പൻമാരുടെ അടുത്തു പോകുന്നതിന്റെ പ്രയോജനങ്ങൾ അവർക്ക് അറിയില്ലാത്തതുകൊണ്ടാണ്. കുറ്റം ഏറ്റുപറഞ്ഞാൽ തങ്ങളുടെ പാപം മുഴുസഭയിലും അറിയുമെന്നു ചിലർ തെറ്റായി ചിന്തിക്കുന്നു. മറ്റുചിലർ തങ്ങളുടെ പ്രവർത്തനഗതിയുടെ ഗൗരവം കുറച്ചുകാണുന്നു. മൂപ്പൻമാരുടെ സഹായം കൂടാതെ തങ്ങൾക്കു തങ്ങളെത്തന്നെ യഥാസ്ഥാനപ്പെടുത്താൻ കഴിയുമെന്ന് വേറേ ചിലർ വിചാരിക്കുന്നു.
എന്നാൽ അത്തരം ദുഷ്പ്രവൃത്തിക്കാർക്കു സഭാമൂപ്പൻമാരിൽനിന്നുള്ള സ്നേഹപൂർവകമായ സഹായമാവശ്യമാണ്. യാക്കോബ് എഴുതി: “നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.”—യാക്കോബ് 5:14, 15.
തങ്ങളുടെ ആത്മീയത പുനഃസ്ഥാപിക്കുന്നതിന് തെറ്റു ചെയ്യുന്നവരെ സഹായിക്കുന്നതിനുള്ള എന്തൊരു വിസ്മയകരമായ കരുതൽ! ദൈവവചനത്തിൽനിന്നുള്ള സമാശ്വാസകമായ ബുദ്ധ്യുപദേശം ബാധകമാക്കുന്നതിലൂടെയും അവർക്കുവേണ്ടി പ്രാർഥിക്കുന്നതിലൂടെയും തെറ്റായ വഴികളിൽനിന്നു തിരികെവരാൻ ആത്മീയമായി രോഗികളായിരിക്കുന്നവരെ മൂപ്പൻമാർക്കു സഹായിക്കാനാകും. അതുകൊണ്ട്, അനുതാപമുള്ളവർ സ്നേഹമുള്ള മൂപ്പൻമാരുമായി കൂടിവരുമ്പോൾ കുറ്റംവിധിക്കപ്പെട്ടതായിട്ടല്ല അവർക്കു തോന്നുന്നത്, മറിച്ച് മിക്കപ്പോഴും നവോന്മേഷവും ആശ്വാസവുമാണ് അനുഭവപ്പെടുന്നത്. ഒരു യുവ പശ്ചിമാഫ്രിക്കക്കാരൻ പരസംഗം ചെയ്തിട്ട് തന്റെ പാപം കുറെ മാസങ്ങളോളം മറച്ചുവെച്ചു. അയാളുടെ പാപം വെളിച്ചത്തായശേഷം അയാൾ മൂപ്പൻമാരോടു പറഞ്ഞു: “ആ പെൺകുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് ആരെങ്കിലും എന്നോടു ചോദിച്ചിരുന്നെങ്കിലെന്ന് ഞാൻ എത്രയോ ആഗ്രഹിച്ചു! പാപം ഏറ്റുപറയുന്നത് വളരെയേറെ ആശ്വാസപ്രദമാണ്.”—സങ്കീർത്തനം 32:3-5 താരതമ്യം ചെയ്യുക.
തത്ത്വാധിഷ്ഠിത സ്നേഹത്തിന്റെ ഒരു പ്രകടനം
സ്നാപനമേറ്റ ദൈവദാസൻമാർ “മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു.” (1 യോഹന്നാൻ 3:14) എന്നാൽ ഗുരുതരമായ പാപം ചെയ്യുന്നെങ്കിൽ അവർ മരണത്തിന്റെ വഴിയിലേക്കു മടങ്ങുന്നു. അവർക്കു സഹായം ലഭിക്കുന്നില്ലെങ്കിൽ അനുതപിച്ച് സത്യദൈവത്തിന്റെ ആരാധനയിലേക്കു മടങ്ങാനാഗ്രഹിക്കാതെ ദുഷ്പ്രവൃത്തിയിൽ തഴമ്പിച്ചുപോയേക്കാം.—എബ്രായർ 10:26-29.
ദുഷ്പ്രവൃത്തി റിപ്പോർട്ടു ചെയ്യുന്നത് ദുഷ്പ്രവൃത്തിക്കാരനോട് യഥാർഥ താത്പര്യം കാണിക്കുന്ന ഒരു പ്രവൃത്തിയാണ്. യാക്കോബ് എഴുതി: “സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ടു തെററിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.”—യാക്കോബ് 5:19, 20.
അപ്പോൾ, തെറ്റ് റിപ്പോർട്ടു ചെയ്യേണ്ടത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത് സത്ഫലങ്ങൾ കൈവരുത്തുന്നു. വാസ്തവത്തിൽ, ദുഷ്പ്രവൃത്തി റിപ്പോർട്ടു ചെയ്യുന്നത് ദൈവത്തോടും സഭയോടും ദുഷ്പ്രവൃത്തിക്കാരനോടും കാണിക്കുന്ന ക്രിസ്തീയ തത്ത്വാധിഷ്ഠിത സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണ്. സഭയിലെ ഓരോ അംഗവും ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങളെ വിശ്വസ്തമായി ഉയർത്തിപ്പിടിക്കുമ്പോൾ യഹോവ സഭയെ മൊത്തത്തിൽ സമൃദ്ധമായി അനുഗ്രഹിക്കും. അപ്പോസ്തലനായ പൗലൊസ് എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുററമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ [യഹോവ] നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.”—1 കൊരിന്ത്യർ 1:8.
[26-ാം പേജിലെ ചിത്രം]
മൂപ്പൻമാരുമായി സംസാരിക്കാൻ തെറ്റുചെയ്ത ഒരാളെ പ്രോത്സാഹിപ്പിക്കുന്നത് സ്നേഹപ്രകടനമാണ്
[28-ാം പേജിലെ ചിത്രം]
ദൈവപ്രീതിയിലേക്കു തിരികെ വരാൻ തെറ്റുചെയ്യുന്നവരെ മൂപ്പൻമാർ സഹായിക്കുന്നു