ഒരു സ്വതന്ത്രജനം, എന്നാൽ കണക്കുബോധിപ്പിക്കേണ്ടവർ
“നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.—യോഹന്നാൻ 8:32.
1, 2. (എ) മനുഷ്യചരിത്രത്തിൽ സ്വാതന്ത്ര്യം എങ്ങനെ വിശേഷവൽക്കരിക്കപ്പെട്ടിരിക്കുന്നു? (ബി) യഥാർത്ഥമായി സ്വാതന്ത്ര്യമുള്ളത് ആർക്കു മാത്രമാണ്, വിശദീകരിക്കുക.
സ്വാതന്ത്ര്യം. അത് എത്ര ശക്തമായ ഒരു വാക്കാണ്! മനുഷ്യവർഗ്ഗം സ്വതന്ത്രരായിരിക്കാനുള്ള ആഗ്രഹം നിമിത്തം എണ്ണമില്ലാത്ത യുദ്ധങ്ങളും വിപ്ലവങ്ങളും, അതുപോലെതന്നെ കണക്കററ സാമൂഹിക സംക്ഷോഭങ്ങളും സഹിച്ചിട്ടുണ്ട്. തീർച്ചയായും, എൻസൈക്ലോപ്പീഡിയാ അമേരിക്കാനാ പറയുന്നു: ‘സാംസ്കാരിക പരിണാമത്തിൽ, യാതൊരു സങ്കൽപ്പനവും സ്വാതന്ത്ര്യത്തേക്കാൾ പ്രധാനമായ പങ്കു വഹിച്ചിട്ടില്ല.’
2 എന്നിരുന്നാലും, എത്ര ആളുകളാണ് യഥാർത്ഥത്തിൽ സ്വതന്ത്രരായിരിക്കുന്നത്? സ്വാതന്ത്ര്യം എന്താണെന്ന് എത്രപേർക്ക് അറിയുകയെങ്കിലും ചെയ്യാം? ദ വേൾഡ്ബുക്ക് എൻസൈക്ലോപ്പീഡിയാ പറയുന്നു: “ആളുകൾക്ക് സമ്പൂർണ്ണസ്വാതന്ത്ര്യമുണ്ടായിരിക്കുന്നതിന്, അവർ ചിന്തിക്കുകയോ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന വിധത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കരുത്. അവർക്ക് തെരഞ്ഞെടുക്കാവുന്നവ എന്തൊക്കെയാണെന്ന് അവർക്ക് അറിവുണ്ടായിരിക്കണം, ആ ഇഷ്ടങ്ങൾക്കിടയിൽ തീരുമാനംചെയ്യുന്നതിനുള്ള അധികാരം അവർക്കുണ്ടായിരിക്കണം.” ഇതിന്റെ വീക്ഷണത്തിൽ, യഥാർത്ഥത്തിൽ സ്വതന്ത്രനായിരിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമോ? തങ്ങൾക്ക് “ചിന്തിക്കുകയോ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന വിധത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരി”ക്കുന്നില്ലെന്ന് ആർക്ക് പറയാൻ കഴിയും? സത്യത്തിൽ മുഴു അഖിലാണ്ഡത്തിലും ഒരാൾ മാത്രമേ ആ വർണ്ണനക്ക് യോജിക്കുന്നുള്ളു—യഹോവയാം ദൈവം. അവനു മാത്രമാണ് സമ്പൂർണ്ണ സ്വാതന്ത്ര്യമുള്ളത്. അവനു മാത്രമേ ആഗ്രഹിക്കുന്ന തീരുമാനം ചെയ്യാനും സകല എതിർപ്പിനെയും വിഗണിച്ചുകൊണ്ട് അതു നടപ്പിലാക്കാനും കഴികയുള്ളു. അവൻ “സർവശക്തൻ” ആണ്.—വെളിപ്പാട് 1:8; യെശയ്യാവ് 55:11.
3. സാധാരണയായി മനുഷ്യർ ഏതു വ്യവസ്ഥയിലാണ് സ്വാതന്ത്ര്യം ആസ്വദിക്കുന്നത്?
3 എളിയ മനുഷ്യരെ സംബന്ധിച്ചടത്തോളം, സ്വാതന്ത്ര്യത്തിന് ആപേക്ഷികമായിരിക്കാനേ കഴിയൂ. അത് സാധാരണയായി ഏതെങ്കിലും അധികാരത്താൽ അനുവദിക്കപ്പെടുന്നു അല്ലെങ്കിൽ ഉറപ്പുനൽകപ്പെടുന്നു, ആ അധികാരത്തോടുള്ള നമ്മുടെ കീഴ്പ്പെടലിനോടു ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. തീർച്ചയായും മിക്കവാറും എല്ലാ സന്ദർഭങ്ങളിലും ഒരു വ്യക്തി തന്റെ സ്വാതന്ത്ര്യത്തിന് ഉറപ്പുനൽകുന്നയാളിന്റെ അധികാരത്തെ അംഗീകരിക്കുന്നുവെങ്കിൽമാത്രമേ അയാൾക്ക് സ്വതന്ത്രനായിരിക്കാൻ കഴിയൂ. ദൃഷ്ടാന്തത്തിന്, “സ്വതന്ത്രലോക”ത്തിൽ ജീവിക്കുന്ന വ്യക്തികൾ സഞ്ചാരസ്വാതന്ത്ര്യം, സംസാരസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിങ്ങനെ അനേകം പ്രയോജനങ്ങളാസ്വദിക്കുന്നു. ഈ സ്വാതന്ത്ര്യങ്ങൾക്ക് ഉറപ്പുനൽകുന്നതെന്താണ്? ദേശത്തെ നിയമം. ഒരു വ്യക്തി നിയമം അനുസരിക്കുന്നടത്തോളം കാലം മാത്രമേ അയാൾക്ക് ആ സ്വാതന്ത്ര്യങ്ങൾ ആസ്വദിക്കാൻ കഴിയൂ. അയാൾ തന്റെ സ്വാതന്ത്ര്യത്തെ ദുർവിനിയോഗംചെയ്യുകയും നിയമം ലംഘിക്കുകയും ചെയ്യുന്നുവെങ്കിൽ, അയാൾ അധികാരികളാൽ കണക്കുബോധിപ്പിക്കേണ്ടവനാക്കപ്പെടുന്നു. ഒരു തടവുശിക്ഷയാൽ അയാളുടെ സ്വാതന്ത്ര്യം കർശനമായി വെട്ടിച്ചുരുക്കപ്പെട്ടേക്കാം.—റോമർ 13:1-4.
ദൈവികസ്വാതന്ത്ര്യം—ഉത്തരവാദിത്തം സഹിതം
4, 5. യഹോവയുടെ ആരാധകർ ഏതു സ്വാതന്ത്ര്യം ആസ്വദിക്കുന്നു, അവൻ എന്തിന് അവരെ കണക്കുബോധിപ്പിക്കേണ്ടവരാക്കും?
4 ഒന്നാം നൂററാണ്ടിൽ, യേശു സ്വാതന്ത്ര്യത്തെക്കുറിച്ചു സംസാരിച്ചു. അവൻ യഹൂദൻമാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുന്നുവെങ്കിൽ, നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യൻമാരാണ്, നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:31, 32, NW) യേശു സംസാരസ്വാതന്ത്ര്യത്തെയോ മതസ്വാതന്ത്ര്യത്തെയോ കുറിച്ചു സംസാരിക്കുകയല്ലായിരുന്നു. അവൻ തീർച്ചയായും അനേകം യഹൂദൻമാർ കാംക്ഷിച്ചിരുന്ന റോമായുടെ നുകത്തിൽനിന്നുള്ള വിമോചനത്തെക്കുറിച്ചു സംസാരിക്കുകയല്ലായിരുന്നു. അല്ല, ഇത് വളരെയധികം വിലയുള്ള ഒന്നായിരുന്നു, മനുഷ്യനിയമങ്ങളാലോ ഏതെങ്കിലും ഭരണാധികാരിയുടെ ചായ്വിനാലോ അല്ല, പിന്നെയോ അഖിലാണ്ഡത്തിന്റെ പരമോന്നത പരമാധികാരിയായ യഹോവയാൽ അനുവദിക്കപ്പെടുന്ന ഒരു സ്വാതന്ത്ര്യമാണ്. അത് അന്ധവിശ്വാസത്തിൽനിന്നുള്ള സ്വാതന്ത്ര്യം, മതപരമായ അജ്ഞതയിൽനിന്നുള്ള സ്വാതന്ത്ര്യം, ആയിരുന്നു, അതെ, വളരെ വളരെ അധികവുംകൂടെ. യഹോവയാൽ അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യം യഥാർത്ഥ സ്വാതന്ത്ര്യമാണ്, അത് നിത്യതയിലെല്ലാം നിലനിൽക്കും.
5 അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “യഹോവ ആത്മാവ് ആകുന്നു; യഹോവയുടെ ആത്മാവുള്ളടത്ത് സ്വാതന്ത്ര്യമുണ്ട്.” (2 കൊരിന്ത്യർ 3:17, NW) വിശ്വസ്തർ ഒടുവിൽ ഏററവും നല്ലതും മഹത്തുമായ തരം മനുഷ്യസ്വാതന്ത്ര്യം, “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” ആസ്വദിക്കത്തക്കവണ്ണം യഹോവ നൂററാണ്ടുകളായി മനുഷ്യവർഗ്ഗത്തോട് ഇടപെട്ടുകൊണ്ടാണിരിക്കുന്നത്. (റോമർ 8:21) ഇതിനിടയിൽ, യഹോവ നമുക്ക് ബൈബിൾസത്യം മുഖേന ഒരളവിലുള്ള സ്വാതന്ത്ര്യം നൽകുന്നു, നാം ആ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുന്നുവെങ്കിൽ അവൻ നമ്മെ കണക്കുബോധിപ്പിക്കേണ്ടവരാക്കുന്നു. അപ്പോസ്തലനായ പൗലോസ് എഴുതി: “അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്.”—എബ്രായർ 4:13.
6-8. (എ) ആദാമും ഹവ്വായും ഏതു സ്വാതന്ത്ര്യങ്ങൾ ആസ്വദിച്ചിരുന്നു, ഏതു വ്യവസ്ഥയിൽ അവർക്ക് ആ സ്വാതന്ത്ര്യങ്ങൾ നിലനിർത്താൻ കഴിയുമായിരുന്നു? (ബി) ആദാമും ഹവ്വായും തങ്ങൾക്കും തങ്ങളുടെ സന്തതികൾക്കും ഏന്തു നഷ്ടപ്പെടുത്തി?
6 നമ്മുടെ ആദ്യമാതാപിതാക്കളായിരുന്ന ആദാമും ഹവ്വായും ജീവിച്ചിരുന്നപ്പോൾ യഹോവയോടുള്ള ഉത്തരവാദിത്തം മുൻപന്തിയിലേക്കു വന്നു. സ്വതന്ത്രമായ ഇച്ഛാശക്തിയുടെ വിലപ്പെട്ട വരത്തോടെയാണ് യഹോവ അവരെ സൃഷ്ടിച്ചത്. ആ സ്വതന്ത്രമായ ഇച്ഛാശക്തിയെ ഉത്തരവാദിത്തപൂർവം ഉപയോഗിച്ചടത്തോളം കാലം അവർ ഭയത്തിൽനിന്നുള്ള സ്വാതന്ത്ര്യം, രോഗത്തിൽനിന്നുള്ള സ്വാതന്ത്ര്യം, മരണത്തിൽനിന്നുള്ള സ്വാതന്ത്ര്യം, തങ്ങളുടെ സ്വർഗ്ഗീയ പിതാവിനെ ഒരു ശുദ്ധമനഃസാക്ഷിയോടെ സമീപിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള മററനുഗ്രഹങ്ങൾ ആസ്വദിച്ചു. എന്നാൽ അവർ തങ്ങളുടെ സ്വതന്ത്രമായ ഇച്ഛാശക്തി ദുരുപയോഗപ്പെടുത്തിയപ്പോൾ അതിനെല്ലാം മാററമുണ്ടായി.
7 യഹോവ ആദാമിനെയും ഹവ്വായെയും ഏദെൻതോട്ടത്തിൽ ആക്കിവെച്ചു, അവരുടെ ആസ്വാദനത്തിനുവേണ്ടി അവൻ തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം അവർക്കു കൊടുത്തു—ഒന്നൊഴിച്ച്. ആ ഒന്ന് അവൻ തനിക്കായിത്തന്നെ സൂക്ഷിച്ചു; അത് “നൻമയുടെയും തിൻമയുടെയും അറിവിന്റെ വൃക്ഷ”മായിരുന്നു. (ഉല്പത്തി 2:16, 17) ആ വൃക്ഷത്തിന്റെ ഫലം തിന്നാതിരിക്കുന്നതിനാൽ നൻമയുടെയും തിൻമയുടെയും നിലവാരം വെക്കാൻ യഹോവക്കു മാത്രമേ സ്വാതന്ത്ര്യമുള്ളുവെന്ന് ആദാമും ഹവ്വായും സമ്മതിക്കുമായിരുന്നു. അവർ ഉത്തരവാദിത്തപൂർവം പ്രവർത്തിക്കുകയും വിലക്കപ്പെട്ട ഫലം ഭക്ഷിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ, യഹോവ അവരുടെ മററു സ്വാതന്ത്ര്യങ്ങൾക്ക് ഉറപ്പുകൊടുക്കുന്നതിൽ തുടരുമായിരുന്നു.
8 സങ്കടകരമെന്നു പറയട്ടെ, ഹവ്വാ ‘നൻമയും തിൻമയും സ്വയം അറിയണ’മെന്നുള്ള സർപ്പത്തിന്റെ തന്ത്രപരമായ നിർദ്ദേശം ശ്രദ്ധിച്ചു. (ഉല്പത്തി 3:1-5) ആദ്യം അവളും പിന്നീട് ആദാമും വിലക്കപ്പെട്ട ഫലം തിന്നു. തത്ഫലമായി, യഹോവയാം ദൈവം ഏദെൻതോട്ടത്തിൽ അവരോടു സംസാരിക്കാൻ ചെന്നപ്പോൾ അവർ ലജ്ജിതരായി ഒളിച്ചു. (ഉല്പത്തി 3:8, 9) അവർ ഇപ്പോൾ ഒരു ശുദ്ധമനഃസാക്ഷിയിൽനിന്ന് കൈവരുന്ന, ദൈവത്തെ സമീപിക്കാനുള്ള സ്വാതന്ത്ര്യ ബോധം നഷ്ടപ്പെട്ടിരുന്ന പാപികളായിരുന്നു. ഇതുനിമിത്തം അവർക്ക്—അവർക്കും അവരുടെ സന്തതികൾക്കും—രോഗത്തിൽനിന്നും മരണത്തിൽനിന്നുമുള്ള സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. പൗലോസ് പറഞ്ഞു: “ഏകമനുഷ്യനാൽ [ആദാം] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപംചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.”—റോമർ 5:12; ഉല്പത്തി 3:16, 19.
9. തങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിന്റെ അളവിനെ ആർ നന്നായി ഉപയോഗിച്ചതായി അറിയപ്പെടുന്നു?
9 എന്നിരുന്നാലും, മനുഷ്യവർഗ്ഗത്തിന് പിന്നെയും സ്വതന്ത്രമായ ഇച്ഛാശക്തിയുണ്ടായിരുന്നു. കാലക്രമത്തിൽ, ചില അപൂർണ്ണമനുഷ്യർ യഹോവയെ സേവിക്കുന്നതിന് ഒരു ഉത്തരവാദപ്പെട്ട വിധത്തിൽ ഇതിനെ ഉപയോഗിച്ചു. പുരാതനകാലം മുതൽ അവരിൽ ചിലരുടെ പേരുകൾ നമുക്കുവേണ്ടി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഹാബേൽ, ഹാനോക്ക്, നോഹ, അബ്രാഹാം, ഇസ്ഹാക്ക്, യാക്കോബ്, (ഇസ്രയേൽ എന്നും വിളിക്കപ്പെടുന്നു) എന്നിങ്ങനെയുള്ള മനുഷ്യർ ദൈവേഷ്ടം ചെയ്യാൻ തങ്ങൾക്കപ്പോഴുമുണ്ടായിരുന്ന ഒരളവിലുള്ള സ്വാതന്ത്ര്യത്തെ ഉപയോഗിച്ച വ്യക്തികളുടെ ദൃഷ്ടാന്തങ്ങളാണ്. തത്ഫലമായി അവർക്ക് ശുഭമായിരുന്നു.—എബ്രായർ 11:4-21.
ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ സ്വാതന്ത്ര്യം
10. യഹോവ തന്റെ പ്രത്യേക ജനവുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ വ്യവസ്ഥകൾ എന്തൊക്കെയായിരുന്നു?
10 മോശയുടെ നാളുകളിൽ, അന്ന് ദശലക്ഷങ്ങളായിരുന്ന ഇസ്രയേൽപുത്രൻമാരെ യഹോവ ഈജിപ്ററിലെ അടിമത്തത്തിൽനിന്ന് വിമോചിപ്പിക്കുകയും അവരുമായി ഒരു ഉടമ്പടിചെയ്യുകയും ചെയ്തു, അതിലൂടെ അവർ അവന്റെ പ്രത്യേക ജനമായിത്തീർന്നു. ഈ ഉടമ്പടിയിൻകീഴിൽ, ഇസ്രയേല്യർക്ക് ഒരു പൗരോഹിത്യവും ഒരു സൂചിതാർത്ഥരീതിയിൽ അവരുടെ പാപങ്ങൾക്കു പരിഹാരം വരുത്തിയ മൃഗയാഗങ്ങളുടെ ഒരു പദ്ധതിയും ഉണ്ടായിരുന്നു. അങ്ങനെ, അവർക്ക് ആരാധനയിൽ ദൈവത്തെ സമീപിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അവർക്ക് അന്ധവിശ്വാസാചാരങ്ങളിൽനിന്നും വ്യാജാരാധനയിൽനിന്നും തങ്ങളെ സ്വതന്ത്രരാക്കിനിർത്തുന്നതിനുള്ള നിയമങ്ങളുടെയും നിബന്ധനകളുടെയും ഒരു പദ്ധതിയുമുണ്ടായിരുന്നു. പിന്നീട്, അവർക്ക് തങ്ങളുടെ ശത്രുക്കൾക്കെതിരെ ദിവ്യസഹായത്തിനുള്ള ഉറപ്പോടെ വാഗ്ദത്തദേശം അവകാശമായി കിട്ടുമായിരുന്നു. ഉടമ്പടിയിലെ ഇസ്രയേല്യരുടെ പങ്ക് അവർ യഹോവയുടെ ന്യായപ്രമാണം അനുസരിക്കാൻ കടപ്പാടുണ്ടാക്കി. “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്നു പറഞ്ഞുകൊണ്ട് ഇസ്രയേല്യർ മനസ്സൊരുക്കത്തോടെ ഈ വ്യവസ്ഥ സ്വീകരിച്ചു.—പുറപ്പാട് 19:3-8; ആവർത്തനം 11:22-25.
11. യഹോവയുമായുള്ള ഉടമ്പടിയിൽ തന്റെ ഭാഗം അനുസരിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടപ്പോൾ എന്തു ഫലമുണ്ടായി?
11 ഇസ്രയേല്യർ 1,500-ൽപരം വർഷങ്ങളിൽ യഹോവയുമായുള്ള ആ പ്രത്യേക ബന്ധത്തിലായിരുന്നു. എന്നാൽ ഉടമ്പടി അനുസരിക്കുന്നതിൽ അവർ വീണ്ടും വീണ്ടും പരാജയപ്പെട്ടു. അവർ ആവർത്തിച്ച് വ്യാജാരാധനയാൽ വഴിപിഴപ്പിക്കപ്പെടുകയും വിഗ്രഹാരാധനയുടെയും അന്ധവിശ്വാസത്തിന്റെയും അടിമത്തത്തിലേക്കു വരികയും ചെയ്തു, തന്നിമിത്തം അവർ അവരുടെ ശത്രുക്കൾക്ക് ശാരീരികമായി അടിമകളാക്കപ്പെടാൻ ദൈവം അനുവദിച്ചു. (ന്യായാധിപൻമാർ 2:11-19) ഉടമ്പടി അനുസരിക്കുന്നതിൽനിന്ന് കൈവരുന്ന വിമോചനമേകുന്ന അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിനു പകരം അതു ലംഘിച്ചതുനിമിത്തം അവർ ശിക്ഷിക്കപ്പെട്ടു. (ആവർത്തനം 28:1, 2, 15) ഒടുവിൽ, പൊ.യു.മു. 607-ൽ (പൊതുയുഗത്തിനു മുമ്പ്) ആ ജനത ബാബിലോനിൽ അടിമകളാക്കപ്പെടാൻ യഹോവ അനുവദിച്ചു.—2 ദിനവൃത്താന്തം 36:15-21.
12. മോശൈക ന്യായപ്രമാണ ഉടമ്പടിസംബന്ധിച്ച് ഒടുവിൽ എന്തു പ്രകടമായി?
12 ഇത് വഹിക്കാൻ പ്രയാസമായ ഒരു പാഠമായിരുന്നു. അവർ അതിൽനിന്ന് ന്യായപ്രമാണം അനുസരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടതായിരുന്നു. എന്നിരുന്നാലും, 70 വർഷത്തിനുശേഷം ഇസ്രയേല്യർ തങ്ങളുടെ സ്വന്ത ദേശത്തേക്കു മടങ്ങിപ്പോയപ്പോൾ, അവർ പിന്നെയും ശരിയായി ന്യായപ്രമാണ ഉടമ്പടി പാലിക്കുന്നതിൽ പരാജയപ്പെട്ടു. അവരുടെ മടങ്ങിപ്പോക്കിന് ഏതാണ്ട് നൂറു വർഷത്തിനു ശേഷം യഹോവ ഇസ്രയേലിന്റെ പുരോഹിതൻമാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താൽ ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു.” (മലാഖി 2:8) തീർച്ചയായും, ഇസ്രയേല്യരുടെ ഇടയിലെ അത്യന്തം ആത്മാർത്ഥതയുള്ളവർക്കുപോലും പൂർണ്ണതയുള്ള ന്യായപ്രമാണത്തിന്റെ നിലവാരത്തിലെത്താൻ കഴിഞ്ഞില്ല. ഒരു അനുഗ്രഹമായിരിക്കുന്നതിനുപകരം അത്, അപ്പോസ്തലനായ പൗലോസിന്റെ വാക്കുകളിൽ, “ഒരു ശാപ”മായിത്തീർന്നു. (ഗലാത്യർ 3:13) വ്യക്തമായി, വിശ്വസ്തരായ അപൂർണ്ണമനുഷ്യരെ ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യത്തിലേക്ക് വരുത്താൻ മോശൈക ന്യായപ്രമാണ ഉടമ്പടിയെക്കാൾ കൂടിയത് ആവശ്യമായിരുന്നു.
ക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ സ്വഭാവം
13. ഒടുവിൽ സ്വാതന്ത്ര്യത്തിന് ഏതു മെച്ചപ്പെട്ട അടിസ്ഥാനം പ്രദാനംചെയ്യപ്പെട്ടു?
13 ആ കൂടിയത് യേശുക്രിസ്തുവിന്റെ മറുവിലായാഗമായിരുന്നു. പൊ.യു. (പൊതുയുഗം) ഏതാണ്ട് 50-ൽ പൗലോസ് ഗലാത്യയിലെ അഭിഷിക്തക്രിസ്ത്യാനികളുടെ സഭക്ക് എഴുതി. യഹോവ അവരെ ന്യായപ്രമാണ ഉടമ്പടിയുടെ അടിമത്തത്തിൽനിന്ന് എങ്ങനെ സ്വതന്ത്രരാക്കിയിരുന്നുവെന്ന് അവൻ വർണ്ണിച്ചു. “സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനിൽപ്പിൻ; അടിമനുകത്തിൽ വീണ്ടും കുടങ്ങിപ്പോകരുത്.” (ഗലാത്യർ 5:1) ഏതു വിധങ്ങളിലാണ് യേശു മനുഷ്യരെ സ്വതന്ത്രരാക്കിയത്?
14, 15. ഏത് അത്ഭുതകരമായ വിധങ്ങളിൽ യേശു വിശ്വസിച്ച യഹൂദൻമാരെയും യഹൂദരല്ലാത്തവരെയും സ്വതന്ത്രരാക്കി?
14 യേശുവിന്റെ മരണശേഷം, അവനെ മശിഹായായി സ്വീകരിക്കുകയും അവന്റെ ശിഷ്യരായിത്തീരുകയും ചെയ്തവർ പഴയ ഉടമ്പടിയെ മാററിസ്ഥാപിച്ച ഒരു പുതിയ ഉടമ്പടിയിൻകീഴിൽ വന്നു. (യിരെമ്യാവ് 31:31-34; എബ്രായർ 8:7-13) ഈ പുതിയ ഉടമ്പടിയിൻകീഴിൽ, അവരും പിന്നീട് അവരോടു ചേർന്ന യഹൂദേതരവിശ്വാസികളും, ഒരു പുതിയ ആത്മീയജനതയുടെ ഭാഗമായിത്തീർന്നു, അത് ദൈവത്തിന്റെ പ്രത്യേകജനമെന്ന നിലയിൽ ജഡിക ഇസ്രയേലിന്റെ സ്ഥാനത്തു വന്നു. (റോമർ 9:25, 26; ഗലാത്യർ 6:16) ആ നിലയിൽ “സത്യം നിങ്ങളെ സ്വാതന്ത്രരാക്കും” എന്നു പറഞ്ഞപ്പോൾ യേശു വാഗ്ദാനംചെയ്ത സ്വാതന്ത്ര്യം അവർ ആസ്വദിച്ചു. മോശയുടെ ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്ന് യഹൂദക്രിസ്ത്യാനികളെ സ്വതന്ത്രരാക്കുന്നതിനു പുറമേ, അവരുടെമേൽ മതനേതാക്കൻമാർ കെട്ടിവെച്ച ഭാരിച്ച സകല പാരമ്പര്യങ്ങളിൽനിന്നും സത്യം അവരെ വിമോചിപ്പിച്ചു. അത് യഹൂദേതര ക്രിസ്ത്യാനികളെ വിഗ്രഹാരാധനയിൽനിന്നും അവരുടെ മുൻ ആരാധനയിലെ അന്ധവിശ്വാസങ്ങളിൽനിന്നും വിടുവിച്ചു. (മത്തായി 15:3, 6; 23:4; പ്രവൃത്തികൾ 14:11-13; 17:16) കൂടുതൽ കാര്യങ്ങളുണ്ടായിരുന്നു.
15 സ്വതന്ത്രരാക്കുന്ന സത്യത്തെക്കുറിച്ചു സംസാരിച്ചപ്പോൾ യേശു “പാപം ചെയ്യുന്ന ഏവനും പാപത്തിന്റെ ഒരു അടിമയാകുന്നുവെന്ന് ഏററവും സത്യമായി ഞാൻ നിങ്ങളോടു പറയുന്നു” എന്ന് പറയുകയുണ്ടായി. (യോഹന്നാൻ 8:34, NW) ആദാമും ഹവ്വായും പാപംചെയ്തതുകൊണ്ട് ഏതു കാലത്തും ജീവിച്ചിട്ടുള്ള ഏതു വ്യക്തിയും ഒരു പാപിയും അങ്ങനെ പാപത്തിന്റെ ഒരു അടിമയും ആയിരുന്നിട്ടുണ്ട്. ഏക അപവാദം യേശുതന്നെയായിരുന്നു, യേശുവിന്റെ ബലി വിശ്വാസികളെ ആ അടിമത്തത്തിൽനിന്ന് വിടുവിച്ചു. അവർ അപ്പോഴും അപൂർണ്ണരും പ്രകൃത്യാ പാപപൂർണ്ണരുമായിരുന്നുവെന്നതു സത്യംതന്നെ. എന്നിരുന്നാലും, ഇപ്പോൾ അവർക്ക് തങ്ങളുടെ പാപങ്ങൾ സംബന്ധിച്ച് അനുതപിക്കാനും തങ്ങളുടെ അപേക്ഷകൾ കേൾക്കുമെന്നുള്ള വിശ്വാസത്തോടെ യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ ക്ഷമ യാചിക്കാനും കഴിയും. (1 യോഹന്നാൻ 2:1, 2) യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ ദൈവം അവരെ നീതിമാൻമാരായി പ്രഖ്യാപിച്ചു, അവർക്ക് ശുദ്ധീകരിക്കപ്പെട്ട ഒരു മനഃസാക്ഷിയോടെ അവനെ സമീപിക്കാൻ കഴിയും. (റോമർ 8:33) തന്നെയുമല്ല, മറുവില അനന്തജീവിതത്തിലേക്കുള്ള ഒരു പുനരുത്ഥാനത്തിന്റെ പ്രതീക്ഷ തുറന്നുകൊടുത്തതുകൊണ്ട് സത്യം മരണഭീതിയിൽനിന്നുപോലും അവരെ സ്വതന്ത്രരാക്കി.—മത്തായി 10:28; എബ്രായർ 2:15.
16. ക്രിസ്തീയ സ്വാതന്ത്ര്യം ലോകം വാഗ്ദാനംചെയ്യുന്ന ഏതു സ്വാതന്ത്ര്യത്തെക്കാളും കൂടുതൽ ഉൾപ്പെടുന്നതായിരുന്നതെങ്ങനെ?
16 മാനുഷികമായി പറഞ്ഞാൽ, തങ്ങളുടെ സാഹചര്യം എന്തായിരുന്നാലും, ഒരു അത്ഭുതകരമായ വിധത്തിൽ സ്ത്രീപുരുഷൻമാർക്ക് ക്രിസ്തീയസ്വാതന്ത്ര്യം തുറന്നുകൊടുക്കപ്പെട്ടു. ദരിദ്രർക്കും തടവുകാർക്കും, അടിമകൾക്കുപോലും, സ്വതന്ത്രരായിരിക്കാൻ കഴിയുമായിരുന്നു. മറിച്ച്, ക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം ത്യജിച്ചുകളഞ്ഞ ജനതകളിലെ ഉയർന്നവർ പിന്നെയും അന്ധവിശ്വാസത്തിന്റെയും പാപത്തിന്റെയും ഭരണഭീതിയുടെയും അടിമത്തത്തിലായിരുന്നു. നാം ആസ്വദിക്കുന്ന ഈ സ്വാതന്ത്ര്യത്തിന് യഹോവക്ക് നന്ദികൊടുക്കുന്നതിൽനിന്ന് ഒരിക്കലും നാം വിരമിക്കരുത്. ലോകത്തിന് വാഗ്ദാനംചെയ്യാൻ കഴിയുന്ന യാതൊന്നും അതിനോട് അശേഷം കിടനിൽക്കുന്നില്ല.
സ്വതന്ത്രർ, എന്നാൽ കണക്കുബോധിപ്പിക്കേണ്ടവർ
17. (എ) ഒന്നാം നൂററാണ്ടിൽ ചിലർ ക്രിസ്തീയ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തിയതെങ്ങനെ? (ബി) സാത്താന്റെ ലോകത്തിൽ ഉള്ളതായി തോന്നുന്ന സ്വാതന്ത്ര്യത്താൽ നാം വഞ്ചിക്കപ്പെടരുതാത്തതെന്തുകൊണ്ട്?
17 ഒന്നാം നൂററാണ്ടിൽ, അഭിഷിക്തക്രിസ്ത്യാനികളുടെ ഭൂരിപക്ഷവും തങ്ങളുടെ സ്വാതന്ത്ര്യത്തിൽ സന്തോഷിക്കുകയും എന്തു നഷ്ടം സഹിച്ചും തങ്ങളുടെ നിർമ്മലത പാലിക്കുകയും ചെയ്തിരിക്കാനിടയുണ്ട്. സങ്കടകരമെന്നു പറയട്ടെ, ചിലർ ക്രിസ്തീയസ്വാതന്ത്ര്യം അതിന്റെ സകല അനുഗ്രഹങ്ങളും സഹിതം രുചിച്ച ശേഷം അതിനെ നിരസിക്കുകയും ലോകത്തിലെ അടിമത്തത്തിലേക്ക് തിരികെപോകുകയും ചെയ്തു. അതെന്തുകൊണ്ടായിരുന്നു? അനേകരുടെ വിശ്വാസം ദുർബ്ബലമായെന്നുള്ളതിന് സംശയമില്ല, അവർ കേവലം ‘ഒഴുകിപ്പോയി.’ (എബ്രായർ 2:1) മററു ചിലർ ‘വിശ്വാസവും നല്ല മനഃസാക്ഷിയും തള്ളിക്കളയുകയും അവരുടെ വിശ്വാസംസംബന്ധിച്ച് കപ്പൽചേതം അനുഭവിക്കുകയും ചെയ്തു.’ (1 തിമൊഥെയോസ് 1:19) ഒരുപക്ഷേ അവർ ഭൗതികത്വത്തിലേക്കോ ഒരു അസാൻമാർഗ്ഗിക ജീവിതശൈലിയിലേക്കോ തിരിഞ്ഞു. നാം വ്യക്തിപരമായ പഠനത്തിലും സഹവാസത്തിലും പ്രാർത്ഥനയിലും ക്രിസ്തീയ പ്രവർത്തനത്തിലും തിരക്കുള്ളവരായി നമ്മുടെ വിശ്വാസത്തെ കാത്തുസൂക്ഷിക്കുകയും അതിൻമേൽ കെട്ടുപണി ചെയ്യുകയും ചെയ്യുന്നത് എത്ര പ്രധാനമാണ്! (2 പത്രോസ് 1:5-8) നമുക്ക് ഒരിക്കലും ക്രിസ്തീയ സ്വാതന്ത്ര്യത്തോടുള്ള വിലമതിപ്പ് നിർത്താതിരിക്കാം! ചിലർ ലോകത്തിലുള്ളവർ നമ്മേക്കാൾ സ്വതന്ത്രരാണെന്ന് വിചാരിച്ചുകൊണ്ട് സഭക്കു പുറത്ത് അവർ കാണുന്ന അയവിനാൽ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. യഥാർത്ഥത്തിൽ, ലോകത്തിൽ സ്വാതന്ത്ര്യം പോലെ കാണപ്പെടുന്നത് സാധാരണയായി ഉത്തരവാദിത്തമില്ലായ്മതന്നെയാണ്. നാം ദൈവത്തിന്റെ അടിമകളല്ലെങ്കിൽ, നാം പാപത്തിന്റെ അടിമകളാണ്, ആ അടിമത്തം കയ്പേറിയ ശമ്പളമാണ് കൊടുക്കുന്നത്.—റോമർ 6:23; ഗലാത്യർ 6:7, 8.
18-20. (എ) ചിലർ “ക്രൂശിന്റെ ശത്രുക്കൾ” (ദണ്ഡനസ്തംഭത്തിന്റെ, NW) ആയിത്തീർന്നതെങ്ങനെ? (ബി) ചിലർ ‘തങ്ങളുടെ സ്വാതന്ത്ര്യത്തെ ദുഷ്ടതക്ക് ഒരു മറയാക്കിയ’തെങ്ങനെ?
18 കൂടാതെ, ഫിലിപ്പിയർക്കുള്ള തന്റെ ലേഖനത്തിൽ പൗലോസ് എഴുതി: “ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു (ദണ്ഡനസ്തംഭം, NW) ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു.” (ഫിലിപ്പിയർ 3:18) അതെ, ഒരു കാലത്ത് ക്രിസ്ത്യാനികളായിരുന്നിട്ട് ഒരുപക്ഷേ വിശ്വാസത്യാഗികളായിത്തീർന്നുകൊണ്ട് വിശ്വാസത്തിന്റെ ശത്രുക്കളായിത്തീർന്നവർ ഉണ്ടായിരുന്നു. നാം അവരുടെ ഗതി പിന്തുടരാതിരിക്കുന്നത് എത്ര മർമ്മപ്രധാനമാണ്! അതിനും പുറമേ, പത്രോസ് ഇങ്ങനെ എഴുതി: “സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്ക് മറയാക്കാതെ ദൈവത്തിന്റെ ദാസൻമാരായും നടപ്പിൻ.” (1 പത്രോസ് 2:16) ഒരു വ്യക്തി തന്റെ സ്വാതന്ത്ര്യത്തെ ദുഷ്ടതക്ക് മറയാക്കിയേക്കാവുന്നതെങ്ങനെയാണ്? സഭയോടു സഹവസിച്ചുകൊണ്ടിരിക്കെത്തന്നെ ഗൗരവമുള്ള പാപങ്ങൾ ചെയ്തുകൊണ്ട്—ഒരുപക്ഷേ രഹസ്യമായി.
19 ദിയൊത്രെഫേസിനെ ഓർക്കുക. യോഹന്നാൻ അയാളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവരിൽ [സഭയിൽ] പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല. . . . താൻ സഹോദരൻമാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിനു മനസ്സുള്ളവരെ വിരോധിക്കുകയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു.” (3 യോഹന്നാൻ 9, 10) ദിയൊത്രെഫേസ് തന്റെ സ്വാതന്ത്ര്യത്തെ സ്വന്തം സ്വാർത്ഥമോഹത്തിന് ഒരു മറയായി ഉപയോഗിച്ചു.
20 ശിഷ്യനായ യൂദാ ഇങ്ങനെ എഴുതി: “നമ്മുടെ ദൈവത്തിന്റെ കൃപയെ ദുർഷ്ക്കാമവൃത്തിക്ക് ഹേതുവാക്കി ഏക നാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞുവന്നിരിക്കുന്നു.” (യൂദാ 4) സഭയോട് സഹവസിക്കവേ, ഈ വ്യക്തികൾ ഭുഷിപ്പിക്കുന്ന ഒരു സ്വാധീനമായിരുന്നു. (യൂദാ 8-10, 16) പെർഗ്ഗമംസഭയിലും തുയഥൈരാസഭയിലും മതവിഭാഗീയതയും വിഗ്രഹാരാധനയും ദുർമ്മാർഗ്ഗവുമുണ്ടായിരുന്നുവെന്ന് നാം വെളിപ്പാടിൽ വായിക്കുന്നു. (വെളിപ്പാട് 2:14, 15, 20-23) ക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ എന്തൊരു ദുർവിനിയോഗം!
21. തങ്ങളുടെ ക്രിസ്തീയ സ്വാതന്ത്ര്യത്തെ ദുർവിനിയോഗം ചെയ്യുന്നവർക്ക് എന്തു ഭവിക്കാനിരിക്കുന്നു?
21 ഈ വിധത്തിൽ തങ്ങളുടെ ക്രിസ്തീയസ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുന്നവർക്ക് എന്താണ് ഭവിക്കാനിരിക്കുന്നത്? ഇസ്രയേലിനു സംഭവിച്ചത് ഓർക്കുക. ഇസ്രയേൽ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയായിരുന്നു, എന്നാൽ യഹോവ അവരെ അന്തിമമായി തള്ളിക്കളഞ്ഞു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഇസ്രയേല്യർ ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ ദുഷ്ടതക്ക് ഒരു മറയായി ഉപയോഗിച്ചു. അവർ അബ്രാഹാമിന്റെ പുത്രൻമാരാണെന്ന് വീമ്പിളക്കിയെങ്കിലും അബ്രാഹാമിന്റെ സന്തതിയും യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട മശിഹായുമായവനെ തള്ളിക്കളഞ്ഞു. (മത്തായി 23:37-39; യോഹന്നാൻ 8:39-47; പ്രവൃത്തികൾ 2:36; ഗലാത്യർ 3:16) “ദൈവത്തിന്റെ ഇസ്രയേൽ” മൊത്തത്തിൽ സമാനമായി അവിശ്വസ്തരെന്നു തെളിയുകയില്ല. (ഗലാത്യർ 6:16) എന്നാൽ ആത്മീയമോ ധാർമ്മികമോ ആയ മലിനീകരണത്തിനിടയാക്കുന്ന ഏതൊരു ക്രിസ്ത്യാനിയും ഒടുവിൽ ശിക്ഷണത്തെ, പ്രതികൂലന്യായവിധിയെപ്പോലും, അഭിമുഖീകരിക്കും. നാം നമ്മുടെ ക്രിസ്തീയ സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിക്കുന്നുവെന്നതു സംബന്ധിച്ച് നാമെല്ലാം കണക്കുബോധിപ്പിക്കേണ്ടവരാണ്.
22. ദൈവത്തിനുവേണ്ടി അടിമവേല ചെയ്യാൻ തങ്ങളുടെ ക്രിസ്തീയ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നവർക്ക് എന്തു സന്തോഷം ലഭിക്കുന്നു?
22 ദൈവത്തിനുവേണ്ടി അടിമവേല ചെയ്യുന്നതും അങ്ങനെ യഥാർത്ഥമായി സ്വതന്ത്രരായിരിക്കുന്നതും എത്രയധികം മെച്ചമാണ്. യഥാർത്ഥത്തിൽ മൂല്യവത്തായ സ്വാതന്ത്ര്യം അനുവദിക്കുന്നത് യഹോവ മാത്രമാണ്. സദൃശവാക്യം പറയുന്നു: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.” (സദൃശവാക്യങ്ങൾ 27:11) യഹോവയുടെ സംസ്ഥാപനത്തിനുവേണ്ടി നമുക്ക് നമ്മുടെ ക്രിസ്തീയ സ്വാതന്ത്ര്യം ഉപയോഗിക്കാം. നാം അങ്ങനെ ചെയ്യുന്നുവെങ്കിൽ, നമ്മുടെ ജീവിതത്തിന് അർത്ഥം ഉണ്ടായിരിക്കും, നാം നമ്മുടെ സ്വർഗ്ഗീയ പിതാവിന് ഉല്ലാസം കൈവരുത്തും, ഒടുവിൽ നാം ദൈവപുത്രൻമാരുടെ മഹത്തായ സ്വാതന്ത്ര്യം ആസ്വദിക്കുന്നവരിൽ ഉൾപ്പെടുകയും ചെയ്യും.
നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?
◻ ആർ മാത്രമാണ് യഥാർത്ഥത്തിൽ സ്വതന്ത്രൻ?
◻ ആദാമും ഹവ്വായും ഏതു സ്വാതന്ത്ര്യങ്ങൾ ആസ്വദിച്ചിരുന്നു, അവർക്ക് അവ നഷ്ടപ്പെട്ടതെന്തുകൊണ്ട്?
◻ ഇസ്രയേല്യർ യഹോവയുമായുള്ള അവരുടെ ഉടമ്പടി പാലിച്ചപ്പോൾ അവർ ഏതു സ്വാതന്ത്ര്യങ്ങൾ ആസ്വദിച്ചു?
◻ യേശുവിനെ സ്വീകരിച്ചവർക്ക് ഏതു സ്വാതന്ത്ര്യം കൈവന്നു?
◻ ഒന്നാം നൂററാണ്ടിലെ ചിലർ തങ്ങളുടെ ക്രിസ്തീയ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തിയതോ ദുർവിനിയോഗം ചെയ്തതോ എങ്ങനെ?
[13-ാം പേജിലെ ചിത്രം]
യേശു കൊടുത്ത സ്വാതന്ത്ര്യം മനുഷ്യന് അനുവദിക്കാൻ കഴിയുന്ന ഏതു സ്വാതന്ത്ര്യത്തെക്കാളും വളരെയധികം മെച്ചമായിരുന്നു