ജീവിതം കൂടുതൽ അർഥവത്താക്കാൻകഴിയുന്ന വിധം
ഒരു പഴമൊഴി ഇപ്രകാരം പറയുന്നു: “ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക. നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിനു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകൻ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.” (സദൃശവാക്യങ്ങൾ 23:4, 5) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ധനം നേടാനായി പണിപ്പെടുന്നത് ജ്ഞാനമല്ല, കാരണം, അതു കഴുകനെപ്പോലെ പറന്നുകളയും.
ബൈബിൾ പ്രകടമാക്കുന്നതുപോലെ, ഭൗതിക ധനം നശ്വരമാണ്. പ്രകൃതിവിപത്തോ മുൻകൂട്ടിക്കാണാത്ത സംഭവങ്ങളോ ഒറ്റ രാത്രികൊണ്ട് അതിനെ ഇല്ലാതാക്കിയേക്കാം. അതുമല്ലെങ്കിൽ സാമ്പത്തിക തകർച്ച ധനത്തിന്റെ മൂല്യം നഷ്ടപ്പെടുത്തിയേക്കാം. ഭൗതിക സമ്പത്ത് വാരിക്കൂട്ടുന്നതിൽ വിജയിക്കുന്നവർ പോലും മിക്കപ്പോഴും കാലാന്തരത്തിൽ നിരാശരായിത്തീരുന്നു. ഉദാഹരണമായി, ജോണിന്റെ കാര്യമെടുക്കുക. രാഷ്ട്രീയക്കാർക്കും സ്പോർട്സ് താരങ്ങൾക്കും രാജകുടുംബത്തിൽപ്പെട്ടവർക്കും ആതിഥ്യമരുളുക എന്നത് അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായിരുന്നു.
ജോൺ പറയുന്നു: “ജോലിയിൽ ഞാൻ പൂർണമായും അർപ്പിതനായിരുന്നു. എന്റെ കൈയിൽ ഇഷ്ടംപോലെ പണം വന്നുചേർന്നു, അതുകൊണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റും തങ്ങാൻ എനിക്കു സാധിച്ചിരുന്നു. ചിലപ്പോഴൊക്കെ ഞാൻ ജോലിക്കു പോകുമായിരുന്നത് സ്വകാര്യ വിമാനങ്ങളിലായിരുന്നു. ആദ്യമൊക്കെ ആ ജീവിതം രസകരമായി തോന്നി. പിന്നെപ്പിന്നെ അത് മടുപ്പായി. എന്റെ സേവനം സ്വീകരിച്ചിരുന്ന ആളുകൾക്ക് എന്നോട് ആത്മാർഥതയില്ലായിരുന്നെന്ന് എനിക്കു മനസ്സിലായി. എന്റെ ജീവിതം നിരർഥകമായിത്തീർന്നു.”
ജോണിന്റെ കാര്യത്തിലെന്നപോലെ, ആത്മീയ മൂല്യങ്ങൾക്ക് സ്ഥാനമില്ലാത്ത ജീവിതം അസംതൃപ്തമായിരിക്കും. യേശുക്രിസ്തു തന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണത്തിൽ, നിലനിൽക്കുന്ന സന്തുഷ്ടി നേടിയെടുക്കാനാകുന്ന വിധം വ്യക്തമാക്കുകയുണ്ടായി. അവൻ പറഞ്ഞു: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു, കാരണം സ്വർഗരാജ്യം അവർക്കുള്ളതാണ്.” (മത്തായി 5:3, NW) അതുകൊണ്ട്, ആത്മീയ കാര്യങ്ങൾ ജീവിതത്തിൽ ഒന്നാമത് വെക്കുന്നതാണ് ജ്ഞാനമാർഗം. എന്നിരുന്നാലും, ജീവിതം കൂടുതൽ അർഥവത്താക്കാൻ സഹായിക്കുന്ന മറ്റുചില കാര്യങ്ങളുമുണ്ട്.
കുടുംബവും സുഹൃത്തുക്കളും ഒരു നല്ല പങ്കുവഹിക്കുന്നു
കുടുംബവുമായി ഒരു ബന്ധവുമില്ലാതിരിക്കുകയും ഉറ്റ സുഹൃത്തുക്കളായി ആരുമില്ലാതിരിക്കുകയും ചെയ്താൽ നിങ്ങൾ ജീവിതം ആസ്വദിക്കുമോ? നിശ്ചയമായും ഇല്ല. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ആഗ്രഹം സഹിതമാണു ദൈവം നമ്മെ സൃഷ്ടിച്ചത്. ‘കൂട്ടുകാരനെ നമ്മെപ്പോലെ തന്നേ സ്നേഹി’ക്കേണ്ടതിന്റെ പ്രാധാന്യം യേശു എടുത്തു കാണിച്ചതിന്റെ ഒരു കാരണം അതാണ്. (മത്തായി 22:39) നിസ്വാർഥ സ്നേഹം പ്രകടമാക്കാനുള്ള ഒരു ഉത്തമ ക്രമീകരണമാണ് കുടുംബം എന്ന ദിവ്യദാനം.—എഫെസ്യർ 3:14, 15.
ജീവിതത്തെ കൂടുതൽ അർഥവത്താക്കാൻ കുടുംബത്തിനു കഴിയുന്നതെങ്ങനെ? അനുദിനം നമുക്കുണ്ടാകുന്ന പിരിമുറുക്കങ്ങളിൽനിന്ന് ആശ്വാസം നൽകാൻ മനോഹരമായ ഒരു പൂന്തോട്ടത്തിനു കഴിയും. അതുപോലെയാണ് ഐക്യമുള്ള ഒരു കുടുംബം. സമാനമായി, ഏകാന്തതയെ അകറ്റിക്കളയാൻ സഹായിക്കുന്ന ഉന്മേഷദായകമായ സൗഹൃദവും ഊഷ്മളതയും കുടുംബത്തിനുള്ളിൽ നമുക്ക് കണ്ടെത്താൻ കഴിയും. തീർച്ചയായും, ഒരു കുടുംബം തനിയെ അത്തരമൊരു അഭയസ്ഥാനമായിത്തീരുന്നില്ല. കുടുംബബന്ധങ്ങളെ നാം ബലിഷ്ഠമാക്കുമ്പോൾ, കുടുംബാംഗങ്ങൾക്കിടയിലെ അടുപ്പം വർധിക്കുകയും അങ്ങനെ ജീവിതം കൂടുതൽ ധന്യമായിത്തീരുകയും ചെയ്യും. ഉദാഹരണത്തിന്, വിവാഹ ഇണയ്ക്ക് സ്നേഹവും ബഹുമാനവും നൽകുന്നതിൽ ദിവസവും ശ്രദ്ധിക്കുന്നെങ്കിൽ, അത് സമൃദ്ധമായ അനുഗ്രഹങ്ങളിൽ കലാശിച്ചേക്കാം.—എഫെസ്യർ 5:32, 33, പി.ഒ.സി. ബൈബിൾ.
കുട്ടികൾക്കു വളരാൻ സഹായകമായ ഉത്തമ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ നാം ശ്രമിക്കണം. അവരോടൊത്ത് സമയം ചെലവഴിക്കുന്നതിനും ആശയവിനിമയ മാർഗങ്ങൾ തുറന്നിടുന്നതിനും ആത്മീയ പ്രബോധനം നൽകുന്നതിനും നല്ല ശ്രമംതന്നെ ആവശ്യമായിരുന്നേക്കാം. എങ്കിലും, അതിനായി നാം നൽകുന്ന സമയവും ശ്രമവും നമുക്ക് വലിയ സംതൃപ്തി കൈവരുത്തും. വിജയപ്രദരായ മാതാപിതാക്കൾ മക്കളെ ദൈവത്തിൽനിന്നുള്ള ഒരു അനുഗ്രഹമായി, നന്നായി പരിപാലിക്കേണ്ട ഒരു അവകാശമായിട്ടാണ് വീക്ഷിക്കുന്നത്.—സങ്കീർത്തനം 127:3.
ജീവിതത്തിനു സംതൃപ്തിയും അർഥവും പകർന്നുനൽകുന്നതിൽ നല്ല സുഹൃത്തുക്കളും ഒരു പങ്കുവഹിക്കുന്നു. (സദൃശവാക്യങ്ങൾ 27:9) സമാനുഭാവം ഉള്ളവരായിരിക്കുകവഴി നമുക്ക് അനേകം സുഹൃത്തുക്കളെ സമ്പാദിക്കാൻ കഴിയും. (1 പത്രൊസ് 3:8, NW) നാം വീണാൽ യഥാർഥ സുഹൃത്തുക്കൾ നമ്മെ എഴുന്നേൽപ്പിക്കും. (സഭാപ്രസംഗി 4:9, 10) “ഒരു യഥാർഥ സ്നേഹിതൻ . . . കഷ്ടതയുള്ള നാളിലേക്കു ജനിച്ച ഒരു സഹോദര”നാണ്.—സദൃശവാക്യങ്ങൾ 17:17, NW.
യഥാർഥ സൗഹൃദം എത്ര സംതൃപ്തിദായകമാണ്! നമ്മോടൊപ്പം ഒരു സുഹൃത്ത് ഉണ്ടായിരിക്കുമ്പോഴാണ് ഒരു സൂര്യാസ്തമയം കൂടുതൽ നയനാനന്ദകരവും ഒരു ഭക്ഷണം കൂടുതൽ രുചികരവും ഒരു സംഗീതം കൂടുതൽ ശ്രുതിമധുരവും ആസ്വാദ്യവുമായിരിക്കുന്നത്. എന്നാൽ, ഐക്യമുള്ള ഒരു കുടുംബവും ആശ്രയയോഗ്യരായ സുഹൃത്തുക്കളും അർഥപൂർണമായ ജീവിതത്തിന് ആവശ്യമായ രണ്ടു ഘടകങ്ങൾ മാത്രമാണ്. നമ്മുടെ ജീവിതം കൂടുതൽ അർഥവത്താക്കാൻ മറ്റെന്തൊക്കെ കരുതലുകളാണു ദൈവം ചെയ്തിരിക്കുന്നത്?
ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തൽ
നേരത്തേ കണ്ടതുപോലെ, ആത്മീയ ആവശ്യം സംബന്ധിച്ച് ബോധമുണ്ടായിരിക്കുന്നതിനെ സന്തുഷ്ടിയുമായി യേശു ബന്ധിപ്പിക്കുകയുണ്ടായി. ആത്മീയരും ധാർമികരും ആയിരിക്കാനുള്ള പ്രാപ്തികൾ സഹിതമാണു ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ടാണു ബൈബിൾ “ആത്മിക”നെയും “ഹൃദയത്തിന്റെ ഗൂഢമനുഷ്യ”നെയും കുറിച്ചു പറയുന്നത്.—1 കൊരിന്ത്യർ 2:15; 1 പത്രൊസ് 3:3, 4.
ഡബ്ല്യു. ഇ. വൈൻ എഴുതിയ ആൻ എക്സ്പോസിറ്ററി ഡിക്ഷനറി ഓഫ് ന്യൂ ടെസ്റ്റമെന്റ് വേർഡ്സ് പറയുന്നതനുസരിച്ച്, ആലങ്കാരിക ഹൃദയം “മനുഷ്യന്റെ മാനസികവും ധാർമികവുമായ പ്രവർത്തനങ്ങളെ, സയുക്തികവും വൈകാരികവുമായ ഘടകങ്ങളെ”യാണ് അർഥമാക്കുന്നത്. വൈൻ തുടർന്ന് ഇങ്ങനെ വിശദീകരിക്കുന്നു: “മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആന്തരിക വ്യക്തിയുടെ അദൃശ്യ ഉറവായി പ്രതീകാത്മക ഹൃദയം ഉപയോഗിക്കപ്പെട്ടിരിക്കുന്നു.” ആ പുസ്തകം തുടരുന്നു: “ആഴത്തിൽ കിടക്കുന്ന ഈ ഹൃദയത്തിലാണ് ‘ആന്തരിക മനുഷ്യൻ’ . . . യഥാർഥ മനുഷ്യൻ സ്ഥിതിചെയ്യുന്നത്.”
“ആത്മിക”ന്റെയും ഹൃദയത്തിന്റെ “ഗൂഢമനുഷ്യ”നായ ആന്തരിക മനുഷ്യന്റെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ നമുക്ക് എങ്ങനെ കഴിയും? “യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ” എന്ന നിശ്വസ്ത വരികളിലെ ആശയം നാം അംഗീകരിക്കുന്നെങ്കിൽ, ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നാം ഒരു സുപ്രധാന പടി സ്വീകരിക്കുകയായിരിക്കും ചെയ്യുന്നത്. (സങ്കീർത്തനം 100:3) നാം ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരാണ് എന്നു മനസ്സിലാക്കാൻ ഇത് ന്യായമായും നമ്മെ സഹായിക്കുന്നു. നാം ‘അവന്റെ ജനത്തിന്റെയും അവൻ മേയിക്കുന്ന ആടുകളുടെയും’ ഭാഗമായിത്തീരാൻ ആഗ്രഹിക്കുന്നെങ്കിൽ, അവന്റെ വചനമായ ബൈബിൾ പറയുന്നതിനു ചേർച്ചയിൽ പ്രവർത്തിച്ചേ മതിയാകൂ.
നാം ദൈവത്തോടു കണക്കു ബോധിപ്പിക്കണം എന്നതു മോശമായ ഒരു സംഗതിയാണോ? അല്ല. കാരണം, നമ്മുടെ നടത്തയെ ദൈവം ഗൗരവമായി വീക്ഷിക്കുന്നുവെന്ന ബോധം ജീവിതത്തെ കൂടുതൽ അർഥവത്താക്കും. മെച്ചപ്പെട്ട വ്യക്തികളായിരിക്കാൻ ഇതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. തീർച്ചയായും മൂല്യവത്തായ ഒരു ലക്ഷ്യംതന്നെയാണ് അത്. ‘യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകൾ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ’ എന്നു സങ്കീർത്തനം 112:1 പറയുന്നു. ദൈവത്തോട് ഭയാദരവുണ്ടായിരിക്കുന്നതും അവന്റെ കൽപ്പനകൾ മനസ്സോടെ അനുസരിക്കുന്നതും നമ്മുടെ ജീവിതത്തെ കൂടുതൽ അർഥവത്താക്കും.
ദൈവത്തോടുള്ള അനുസരണം സംതൃപ്തിദായകമായിരിക്കുന്നത് എന്തുകൊണ്ട്? എന്തെന്നാൽ നമുക്ക് ഒരു മനസ്സാക്ഷിയുണ്ട്. ദൈവത്തിൽനിന്നുള്ള ഒരു ദാനമാണത്. നാം ചെയ്ത അല്ലെങ്കിൽ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ അല്ലയോ എന്നു നിർണയിക്കുന്ന ഒരു ധാർമിക പരിശോധകനാണു മനസ്സാക്ഷി. നമ്മൾ എല്ലാവരും മനസ്സാക്ഷിക്കുത്ത് അനുഭവിച്ചിട്ടുണ്ട്. (റോമർ 2:15) ചില സന്ദർഭങ്ങളിൽ മനസ്സാക്ഷി അഭിനന്ദിക്കുന്നതും നമുക്ക് കേൾക്കാൻ കഴിയും. ദൈവത്തോടും സഹമനുഷ്യരോടും നിസ്വാർഥമായി ഇടപെടുമ്പോഴാണ് നമുക്കു സംതൃപ്തിയും ചാരിതാർഥ്യവും തോന്നുന്നത്. “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്” എന്നു നാം അപ്പോൾ തിരിച്ചറിയുന്നു. (പ്രവൃത്തികൾ 20:35, NW) അതിന് ഒരു പ്രധാന കാരണമുണ്ട്.
സഹമനുഷ്യരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നമ്മെ ബാധിക്കത്തക്കവിധത്തിലാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, മറ്റുള്ളവരെ സഹായിക്കുമ്പോൾ നമുക്കു സന്തോഷം തോന്നുന്നത്. കൂടാതെ, നാം എളിയവർക്കു ചെയ്യുന്ന സഹായത്തെ, തനിക്കു ചെയ്ത ഒരു ഉപകാരമായി യഹോവ വീക്ഷിക്കുന്നുവെന്ന് ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു.—സദൃശവാക്യങ്ങൾ 19:17.
ആത്മീയ ആവശ്യങ്ങൾക്കു ശ്രദ്ധ നൽകുന്നത് ആന്തരിക സംതൃപ്തി കൈവരുത്തുമെന്ന് നാം കണ്ടുകഴിഞ്ഞു. ഇനി അതു നമ്മെ പ്രായോഗിക വിധത്തിൽ സഹായിക്കുമോ? സഹായിക്കുമെന്നാണ് മധ്യപൂർവദേശക്കാരനായ റെയ്മണ്ട് വിശ്വസിക്കുന്നത്. “എന്റെ ഒരേയൊരു ലക്ഷ്യം പണമുണ്ടാക്കുക എന്നതായിരുന്നു,” അദ്ദേഹം പറയുന്നു. “എന്നാൽ ഒരു ദൈവമുണ്ടെന്നും ബൈബിൾ അവന്റെ ഹിതം വെളിപ്പെടുത്തുന്നുണ്ടെന്നും മനസ്സിലാക്കിയ സമയം മുതൽ എന്റെ വീക്ഷണത്തിനു മാറ്റം വന്നിരിക്കുന്നു. ഇപ്പോൾ, ജീവിക്കാൻ ആവശ്യമായ പണം ഉണ്ടാക്കുന്നതിന് എന്റെ ജീവിതത്തിൽ രണ്ടാം സ്ഥാനമേ ഉള്ളൂ. ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നതു മുഖാന്തരം, വിദ്വേഷം വെച്ചുപുലർത്താതിരിക്കാൻ എനിക്കു കഴിഞ്ഞിരിക്കുന്നു. എന്റെ പിതാവ് ഒരു സംഘട്ടനത്തിൽ മരിച്ചുപോയെങ്കിലും, അതിന് ഉത്തരവാദികളായവരോടു പ്രതികാരം ചെയ്യാനുള്ള ആഗ്രഹമൊന്നും എനിക്കില്ല.”
റെയ്മണ്ടിന്റെ അനുഭവം കാണിക്കുന്നതുപോലെ, ‘ആത്മീയ മനുഷ്യന്റെ’ ആവശ്യങ്ങൾ നന്നായി നിറവേറ്റുന്നത് ആഴത്തിലുള്ള വൈകാരിക മുറിവുകൾ സുഖപ്പെടുത്താൻ സഹായിക്കും. എന്നുവരികിലും, ദൈനംദിന പ്രശ്നങ്ങളെ തരണം ചെയ്യാത്തപക്ഷം, ജീവിതത്തിൽ പൂർണ സംതൃപ്തി കണ്ടെത്താൻ കഴിയില്ല.
നമുക്ക് “ദൈവസമാധാനം” ഉണ്ടായിരിക്കാനാവും
ഈ പ്രക്ഷുബ്ധ ലോകത്തിൽ, പ്രശ്നങ്ങളില്ലാത്തതായി ഒരു ദിവസവുമില്ല. അപകടങ്ങൾ സംഭവിക്കുന്നു, പദ്ധതികൾ പാളിപ്പോകുന്നു, പലരും നമ്മെ നിരാശരാക്കുന്നു. ഈ തിരിച്ചടികൾ നമ്മുടെ സന്തോഷത്തെ കവർന്നുകളയാനിടയുണ്ട്. എങ്കിലും, യഹോവയാം ദൈവത്തെ സേവിക്കുന്നവർക്ക് ബൈബിൾ ആന്തരിക സംതൃപ്തി—“ദൈവസമാധാനം”—വാഗ്ദാനം ചെയ്യുന്നു. ഇത് നമുക്ക് എങ്ങനെയാണ് നേടാനാവുക?
അപ്പൊസ്തലനായ പൗലൊസ് എഴുതി: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) പ്രശ്നങ്ങൾ സ്വയം വഹിക്കാൻ ശ്രമിക്കുന്നതിനുപകരം, ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കുക, അനുദിന ഭാരങ്ങൾ യഹോവയുടെമേൽ വെക്കുക. (സങ്കീർത്തനം 55:22) ആത്മീയമായി വളരുകയും ദൈവം നമ്മെ സഹായിക്കുന്ന വിധം വിവേചിച്ചറിയുകയും ചെയ്യുമ്പോൾ, തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ അവൻ അത്തരം അപേക്ഷകൾക്ക് ഉത്തരം നൽകുന്നുണ്ടെന്ന നമ്മുടെ വിശ്വാസം വർധിക്കും.—യോഹന്നാൻ 14:6, 14; 2 തെസ്സലൊനീക്യർ 1:3.
“പ്രാർത്ഥന കേൾക്കുന്നവനായ” യഹോവയാം ദൈവത്തിൽ നാം ഉറച്ച വിശ്വാസം വളർത്തിയെടുക്കുന്നെങ്കിൽ, ദീർഘകാല രോഗങ്ങൾ, വാർധക്യം, പ്രിയപ്പെട്ടവരുടെ വിയോഗം എന്നിങ്ങനെയുള്ള പരിശോധനകൾ മെച്ചമായി നേരിടാൻ നമുക്കു കഴിയും. (സങ്കീർത്തനം 65:2) എന്നിരുന്നാലും, യഥാർഥത്തിൽ അർഥപൂർണമായ ഒരു ജീവിതം ഉണ്ടായിരിക്കാൻ നാം ഭാവിയെക്കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
ഭാവിപ്രത്യാശയിൽ ആനന്ദിക്കുക
“നീതിവസിക്കുന്ന പുതിയ ആകാശ”ത്തെയും “പുതിയ ഭൂമി”യെയും കുറിച്ചുള്ള വാഗ്ദാനം നമുക്ക് ബൈബിളിൽ കാണാൻ കഴിയും. നീതിയുള്ള പുതിയ ആകാശമാകുന്ന സ്വർഗീയ ഗവൺമെന്റ് അനുസരണമുള്ള മനുഷ്യവർഗമാകുന്ന പുതിയ ഭൂമിയുടെമേൽ ഭരണം നടത്തും എന്ന് അതു നമ്മോടു പറയുന്നു. (2 പത്രൊസ് 3:13) ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ആ പുതിയ ലോകത്തിൽ, യുദ്ധത്തിന്റെയും അനീതിയുടെയും സ്ഥാനത്ത് സമാധാനവും നീതിയും കളിയാടും. ഇത് ക്ഷണികമായ ഒരു ആഗ്രഹമല്ല. പകരം, അനുദിനം ശക്തിപ്പെട്ടുവരുന്ന ഒരു ബോധ്യമാണ്. യഥാർഥത്തിൽ ഇതൊരു സുവാർത്തയാണ്, സന്തോഷിക്കാനുള്ള ഒരു കാരണവും.—റോമർ 12:12; തീത്തൊസ് 1:2.
തുടക്കത്തിൽ പരാമർശിച്ച ജോണിന്റെ ജീവിതത്തിന് ഇപ്പോൾ വലിയ അർഥം കൈവന്നിരിക്കുന്നു. “മതത്തിൽ അത്ര താത്പര്യമില്ലായിരുന്നെങ്കിലും, ഞാൻ ദൈവത്തിൽ വിശ്വസിച്ചിരുന്നു” എന്ന് അദ്ദേഹം പറയുന്നു. “എന്നാൽ, ആ വിശ്വാസത്തിനു ചേർച്ചയിൽ ഞാൻ പ്രവർത്തിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് യഹോവയുടെ സാക്ഷികളായ രണ്ടുപേർ എന്നെ സന്ദർശിക്കുന്നത്. ‘നാം ഈ ഭൂമിയിൽ ആയിരിക്കുന്നതിന്റെ കാരണം എന്താണ്, നമ്മുടെ ഭാവിപ്രതീക്ഷകൾ എന്തെല്ലാമാണ്’ എന്നിങ്ങനെയുള്ള അനവധി ചോദ്യങ്ങൾ ഞാൻ അവരോടു ചോദിച്ചു. അവർ തിരുവെഴുത്തിൽനിന്ന് തൃപ്തികരമായ ഉത്തരങ്ങൾ കാണിച്ചുതന്നപ്പോൾ ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടെന്ന് എനിക്കു ബോധ്യമായി. അതൊരു തുടക്കം മാത്രമായിരുന്നു. തുടർന്ന്, ഞാൻ സത്യത്തിനുവേണ്ടി വളർത്തിയെടുത്ത ദാഹമാണ് എന്റെ ജീവിതത്തിലെ മൂല്യങ്ങൾക്കെല്ലാം മാറ്റം വരുത്തിയത്. ഇന്ന് ഞാൻ പണക്കാരനൊന്നുമല്ലെങ്കിലും, ആത്മീയ അർഥത്തിൽ ഒരു കോടീശ്വരനാണെന്നുതന്നെ പറയാം.”
ജോണിനെപ്പോലെ, നിങ്ങളും ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിന് വർഷങ്ങളായി യാതൊന്നും ചെയ്തിട്ടില്ലായിരിക്കാം. എങ്കിലും, ജ്ഞാനമുള്ളോരു ഹൃദയം വളർത്തിയെടുത്തുകൊണ്ട് നിങ്ങൾക്ക് ഇപ്പോൾ അതിനായി ശ്രമിക്കാൻ കഴിയും. (സങ്കീർത്തനം 90:12) നിശ്ചയദാർഢ്യത്തിലൂടെയും പ്രയത്നത്തിലൂടെയും നിങ്ങൾക്കു യഥാർഥ സന്തുഷ്ടിയും സമാധാനവും പ്രത്യാശയും നേടിയെടുക്കാൻ കഴിയും. (റോമർ 15:13) അതേ, നിങ്ങളുടെ ജീവിതം കൂടുതൽ അർഥവത്താക്കാനാവും.
[6-ാം പേജിലെ ചിത്രം]
പ്രാർഥനയിലൂടെ നമുക്ക് “ദൈവസമാധാനം” ലഭിക്കും
[7-ാം പേജിലെ ചിത്രങ്ങൾ]
കുടുംബജീവിതത്തെ കൂടുതൽ സംതൃപ്തിദായകമാക്കുന്നത് എന്താണെന്നു നിങ്ങൾക്കറിയാമോ?