ഭാര്യാഭർത്താക്കൻമാർ—ആശയവിനിമയത്തിലൂടെ സംഘട്ടനത്തെ തരണം ചെയ്യുക
കുടുംബം—സമാധാനത്തിന്റെ സങ്കേതമോ?
പരസ്പരമുള്ള വൈകാരിക പടച്ചട്ടയുടെ ദുർബ്ബല സ്ഥാനങ്ങളിൽ തുളച്ചുകയറാൻ ലക്ഷ്യം വെച്ചു പായിക്കുന്ന വാക്കുകളാണ് ആയുധങ്ങൾ. തുറന്നയുദ്ധം പ്രഖ്യാപിച്ചിട്ടുള്ള കുടുംബങ്ങളിൽ ബഹളവും അലർച്ചയും അടിയും ഇടിയും ഏറും മറ്റുമാണ് ദൈനംദിന സംഭവങ്ങൾ. എന്നാൽ മറ്റു ചില കുടുംബങ്ങൾ തുറന്നയുദ്ധം നിർത്തി മൗനത്തിന്റെയും കണ്ണുനീരോടുകൂടിയ നിരാശയുടെയും വേലികൾക്കു പിമ്പിലേക്കു വലിഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും ഇവരിൽ മിക്കവരും അന്യോന്യമുള്ള ബന്ധങ്ങളിൽ കരുതലുള്ള കുടുംബാംഗങ്ങളാണ്. തങ്ങളുടെ കുടുംബജീവിതത്തിൽനിന്ന് ആവശ്യം ആഗ്രഹിക്കുന്ന ഊഷ്മളസ്നേഹം അവർക്ക് ലഭിക്കുന്നതിൽനിന്ന് അവരെ തടയുന്നതെന്താണ്? അവസ്ഥകൾ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും? ചുവടെ ചേർക്കുന്ന ലേഖനങ്ങൾ യാഥാർത്ഥ്യാധിഷ്ഠിതമായ കുറെ ഉത്തരങ്ങൾ നൽകുന്നു.
അനേകരും ഒരു “പൂർണ്ണ ദാമ്പത്യബന്ധം” എന്നു വിചാരിച്ചതാണ് ജോവാനും പോളിനും ഉണ്ടായിരുന്നത്. എന്നിരുന്നാലും, പോൾ തന്റെ ജോലിയിൽ വികാരപരമായി ഉൾപ്പെട്ടു. ‘ഞാൻ വീട്ടിലെത്തിയാൽ എന്റെ ജോലിയുടെ ആവേശകരമായ വെല്ലുവിളികളെക്കുറിച്ചു മാത്രമേ ഞാൻ സംസാരിക്കാനാഗ്രഹിച്ചിരുന്നുള്ളു. ഞാൻ ഔപചാരികമായി ജോവാനെ ചുംബിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുമായിരുന്നെങ്കിലും എന്റെ മനസ്സ് മറ്റെന്തിലോ ആയിരുന്നു’വെന്ന് പോൾ ഏറ്റു പറഞ്ഞു. ജോവാൻ അയാളുടെ ജോലിയിലെ ഈ ഉത്സാഹത്തിൽ പങ്കു പറ്റിയില്ല. ഒരു യുവമാതാവെന്ന നിലയിലുള്ള പോരാട്ടത്തിൽ അവൾ അവഗണിക്കപ്പെട്ടതായി, പുറന്തള്ളപ്പെട്ടതായി, വിചാരിച്ചു. ഇതു നീരസം ജനിപ്പിച്ചു, കാരണം പോളിന് അവളുടെ വികാരങ്ങളിൽ സംവേദനമില്ലായിരുന്നു.
കുറെകാലം കഴിഞ്ഞപ്പോൾ ജോവാൻ മേലാൽ ശ്രദ്ധിക്കാതെയായി. പോൾ തന്റെ പ്രശ്നങ്ങൾ നിരത്തിവെക്കുമ്പോൾ നിർവികാരമായ ഉദാസീനതയോടെയാണ് അവൾ ശ്രദ്ധിക്കുക. അവൾ വൈകാരികമായി ‘ഇറങ്ങിപ്പോക്കു’ നടത്തിയിരുന്നു. അയാൾ പ്രാപ്തനായ ഒരു ദാതാവും അവൾ പ്രാപ്തയായ ഒരു മാതാവുമായിരുന്നിട്ടും അവർ ഒരു അടിസ്ഥാനാവശ്യവും അത്യന്തം പ്രധാനപ്പെട്ട ഒരു ദാനവും പരസ്പരം കവർന്നുകളഞ്ഞു—ഹൃദയത്തിന്റെ അടുപ്പം. അവർ വൈകാരികമായി അന്യരായി. വ്യക്തിപരമായ ഈ ആശയവിനിമയത്തിന്റെ അഭാവം സാവധാനത്തിൽ അവരുടെ ദാമ്പദ്യബന്ധത്തെ നശിപ്പിക്കുകയായിരുന്നു.
ഹൃദയത്തിന്റെ ഒരു ആവശ്യം
മാർഷ്യാ ലാസ്വെൽ, നോർമൻ ലോബ് സെൻസ് എന്നീ ഉപദേശകർ പറയുന്നതനുസരിച്ച്, “ദാമ്പത്യബന്ധത്തിന്റെ ഒരു അടിസ്ഥാന പ്രവർത്തനം അന്യോന്യം [വൈകാരിക] പിന്തുണ . . . സ്വീകരിക്കുന്നതും കൊടുക്കുന്നതും ആയിരിക്കാം.” നമുക്കു ചുറ്റുമുള്ള ലോകത്തിൽനിന്നുള്ള ആക്രമണങ്ങൾ നിമിത്തം നാം സ്നേഹിക്കുന്നവരിൽനിന്നുള്ള അത്തരം പിന്തുണ മർമ്മപ്രധാനമാണ്. അതിന്റെ അഭാവം ആഴമായി വേദനിപ്പിക്കുന്നു. “ഹൃദയവേദന നിമിത്തം തകർന്ന ആത്മാവുണ്ട്.” (സദൃശവാക്യങ്ങൾ 15:13) ഒരു വ്യക്തിയുടെ ആത്മ ധൈര്യവും ചൈതന്യവും തകർന്നുപോയേക്കാം.
ഒരുവന്റെ ഇണയുടെ സംവേദന ശൂന്യത നിമിത്തം ഹൃദയവേദന ഉണ്ടാകുമ്പോൾ മിക്കപ്പോഴും കോപം ജ്വലിക്കുന്നു. “ഞാൻ വളരെ വികാരാധീനയാണെന്ന് അയാൾ അവിടെ കുത്തിയിരുന്നുകൊണ്ട് പറയുമ്പോൾ എനിക്കു ഭ്രാന്തു പിടിക്കുന്നു”വെന്ന് ഒരു ഭാര്യ പ്രസ്താവിച്ചു. “ഞാൻ കരഞ്ഞുപോകുന്നു, ഭയങ്കരമായ ഒരു തോന്നലുമുണ്ടാകുന്നു.” അല്ലെങ്കിൽ പോളിനുതോന്നിയതുപോലെ’ ഞങ്ങൾ ഒന്നിച്ച് ഒറ്റയ്ക്കിരിക്കുമ്പോൾ ജോവന് വലിയ ഉത്സാഹമൊന്നുമില്ല, എന്നാൽ ആരെങ്കിലും വരികയോ സന്ദർശിക്കുകയോ ചെയ്യുമ്പോൾ അവൾ എന്നെ അവഗണിച്ചുകൊണ്ട്, അവരിൽ വളരെയധികം ആവേശഭരിതയാകുന്നു. ഞാൻ ആകെ തകർന്നു. അതേസമയം എന്നിൽ കോപം ജ്വലിച്ചു; കാരണം എന്നെ മുതലെടുക്കുകയാണെന്ന് എനിക്കുതോന്നി. ഞാൻ അവൾക്കു ചെലവിനു കൊടുക്കുന്നു. എന്നിട്ടും, അവൾക്ക് മറ്റുള്ളവരുമായുള്ള സഹവാസം കൂടുതലിഷ്ടമാണെന്നുള്ളതുപോലെ അവൾ വർത്തിച്ചു.’
ചില ഇണകൾ നിശ്ശബ്ദമായി സഹിക്കാൻ ഇഷ്ടപ്പെടുന്നു. അവരുടെ ദാമ്പത്യബന്ധത്തിൽ എല്ലാം ശുഭമാണെന്നുള്ളതുപോലെ, അവർ ഫലത്തിൽ വലിയ “നാട്യ”ക്കാരായിത്തീരുന്നു. എന്നാൽ തലച്ചോറ് അവഗണിക്കാനിഷ്ടപ്പെടുന്നത് ശരീരത്തിന് അനുഭവപ്പെടുന്നു. പരിഹാരമുണ്ടാകാത്ത ദാമ്പത്യസംഘട്ടനങ്ങളുള്ള ആളുകൾ പഴകിയ വേദന, തലവേദന, വയറുകൊളുത്ത്, വിഷാദം, ജഡത, ലൈംഗിക ശക്തിക്ഷയം എന്നിവ ഡോക്ടർമാരുടെ അടുക്കൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിക്കപ്പോഴും വർദ്ധിച്ചുവരുന്ന ശത്രുത വേർപാടിൽ കലാശിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ഇപ്പോൾ നടക്കുന്ന വിവാഹങ്ങളിൽ പകുതിയും വിവാഹമോചനത്തിൽ കലാശിക്കുമെന്ന് ഗവേഷകർ കണക്കു കൂട്ടുന്നു.
എന്നാൽ സംഘട്ടനത്തെ തരണം ചെയ്ത് സ്നേഹം വളർത്തിയെടുക്കാൻ എന്തു ചെയ്യാൻ കഴിയും? രഹസ്യം ഇതാണ്: ബൈബിൾ തത്വങ്ങൾ ബാധകമാക്കുക. ഹൃദയത്തെയും മനസ്സിനെയും നിർമ്മിച്ച ദൈവത്തിന് നമ്മുടെ വൈകാരികാവശ്യങ്ങൾ അറിയാം. അതുകൊണ്ട്, അവന്റെ ആലോചന അടങ്ങിയിരിക്കുന്ന ബൈബിൾ ഏറ്റവും നല്ല മാർഗ്ഗനിർദ്ദേശം നൽകുന്നു, ഇണകൾ ഈ നിശ്വസ്ത ബുദ്ധിയുപദേശം അറിഞ്ഞിരിക്കണമെന്നു മാത്രമല്ല, ബാധകമാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും വേണം. ബാധകമാക്കുകയാണെങ്കിൽ ബൈബിളിന് അന്യോന്യമുള്ള വൈകാരികാവശ്യങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യാൻ ഇണകളെ സഹായിക്കാൻ കഴിയും.—എഫേസ്യർ 5:22-33.
അവൾക്ക് എന്താണാവശ്യമെന്ന് എനിക്കറിഞ്ഞുകൂടാ”
ഒരുവന്റെ ഇണയുടെ വൈകാരികാവശ്യങ്ങൾ തിരിച്ചറിയുക എളുപ്പമല്ല. നിരസിക്കപ്പെടുമെന്നോ കൂടുതലായ ദ്രോഹം ഉണ്ടാകുമെന്നോ മോഹഭംഗം നേരിടുമെന്നോ ഉള്ള ഭീതി നിമിത്തം ഒരു വ്യക്തി തന്റെ ആവശ്യങ്ങൾ ഉന്നയിക്കാൻ വിമുഖത പ്രകടമാക്കിയേക്കാം—അല്ലെങ്കിൽ ആ ആവശ്യങ്ങൾ എന്താണെന്ന് അറിയാതിരുന്നേക്കാം. “അവൾക്ക് എന്താണു വേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ എന്ന് ഞാൻ ആണയിട്ടു പറയുന്നു” എന്നു ഒരു ഭർത്താവു സമ്മതിച്ചു പറഞ്ഞു. നമ്മൾ സംസാരിക്കണമെന്ന് അവൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. അങ്ങനെ ഞങ്ങൾ സംസാരിക്കുമ്പോൾ, എപ്പോഴും ഞാൻ പറയുന്നത് തെറ്റായിത്തീരുന്നു. . . . ഞാൻ വ്യാകുലചിത്തനായിത്തീരുന്നു, തന്നിമിത്തം ഞാൻ പിന്നീടൊന്നും പറയുകയില്ല.”
ഈ ഭർത്താവിനെപ്പോലെ നിശ്ശബ്ദനായിരിക്കുന്നതിനു പകരം വിവേചന പ്രകടമാക്കണമെന്ന് ബൈബിൾ കാണിച്ചുതരുന്നു. “ജ്ഞാനത്താൽ ഒരു ഭവനം പണിയപ്പെടും, വിവേചനയാൽ അത് ഉറപ്പായി സ്ഥാപിതമെന്ന് തെളിയും” എന്ന് സദൃശവാക്യങ്ങൾ 24:3 പ്രസ്താവിക്കുന്നു. അതുകൊണ്ട്, നിങ്ങളുടെ ഇണയുടെ പ്രവർത്തനങ്ങളുടെ അഥവാ പ്രസ്താവനകളുടെ പിമ്പിലെന്താണുള്ളതെന്ന് വിവേചിച്ചറിയാൻ ശ്രമിക്കുക. നിങ്ങളോടുതന്നെ ചോദിക്കുക: അയാൾ അല്ലെങ്കിൽ അവൾ എന്നോടിതു പറയുന്നതെന്തുകൊണ്ടാണ്? അയാൾക്ക് അല്ലെങ്കിൽ അവൾക്ക് യഥാർത്ഥത്തിൽ എന്താണാവശ്യമായിരിക്കുന്നത്?
ചില സമയങ്ങളിൽ ഒരു ഭാര്യ തന്റെ ക്ഷണഭംഗുരമായ വികാരങ്ങളാൽ ഭർത്താവിനെ പരിഭ്രമിപ്പിച്ചേക്കാം. എന്നാൽ “വിവേചനയുള്ള പുരുഷൻ ശാന്തമാനസനാണ്.” അയാൾ അവളിൽനിന്ന് യഥാർത്ഥ പ്രശ്നം ’കോരിയെടുക്കാൻ’ ശ്രമിക്കുന്നു. (സദൃശവാക്യങ്ങൾ 17:27; 20:5) അവൾ ഏതെങ്കിലും വൈകാരിക ഭാരവുമായി മല്ലടിക്കുകയാണോ? (സഭാപ്രസംഗി 7:7 താരതമ്യപ്പെടുത്തുക.) നിങ്ങൾ വീട്ടിൽ മടങ്ങി വരുന്ന സമയത്തെക്കുറിച്ചുള്ള അവളുടെ പിണക്കം യഥാർത്ഥത്തിൽ നിങ്ങളുടെ ഉദാസീനതക്കും സ്നേഹക്കുറവിനും എതിരായ ഒരു മുറവിളിയാണോ? അതോ എന്തെങ്കിലും ചിന്താശൂന്യതയാൽ നിങ്ങൾ അവളെ ദ്രോഹിച്ചുവോ? കാര്യങ്ങൾ ശരിയാക്കാൻ കൂടുതലായ ശ്രമവും—സമയവും—ആവശ്യമാണോ? ഏതായാലും, ആവശ്യം തിരിച്ചറിയുന്നത് ആദ്യനടപടി മാത്രമാണ്.—സദൃശവാക്യങ്ങൾ 12:18; 18:19.
അടുപ്പം കെട്ടുപണിചെയ്യൽ
ബൈബിൾ, തന്റെ വായിലെ വാക്കുകൾ കേൾവിക്കാരനെ ബലപ്പെടുത്തുമെന്ന് ഇയ്യോബ് പറയുകയുണ്ടായി. (ഇയ്യോബ് 16:5) ദാമ്പത്യത്തിലും ഇതു ബാധകമാണ്. നിങ്ങളുടെ ഇണയുടെ ആത്മാഭിമാനം വർദ്ധിപ്പിക്കുന്ന ആത്മാർത്ഥമായ ആശയപ്രകടനങ്ങൾ ബലദായകമാണ്. “ഭർത്താക്കൻമാരേ, സ്ത്രീയായ ഒരു ബലഹീനപാത്രത്തിനെന്നപോലെ, നിങ്ങളുടെ ഭാര്യമാർക്ക് ബഹുമാനം കൊടുത്തുകൊണ്ട് [വിലയേറിയവരായി വീക്ഷിക്കുക; വിശേഷാൽ വിലപ്പെട്ടവൾ] പരിജ്ഞാനപ്രകാരം സമാനരീതിയിൽ അവരോടുകൂടെ വസിക്കുന്നതിൽ തുടരുക” എന്ന് ബൈബിൾ കല്പിക്കുന്നു. (1 പത്രോസ് 3:7) നിങ്ങളുടെ ഭാര്യ വിലപ്പെട്ടവളാണെന്നു തോന്നിക്കുമ്പോൾ മിക്കപ്പോഴും അവളുടെ ശത്രുത ഉരുകിപ്പോകുന്നു.
തീർച്ചയായും ചില രാജ്യങ്ങളിൽ ഇണകൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആചാരപ്രകാരം കൂടുതൽ വൈകാരിക അടുപ്പമുള്ളവരാണ്. എന്നിരുന്നാലും, പ്രാദേശിക പാരമ്പര്യങ്ങൾ ഗണ്യമാക്കാതെ തങ്ങളുടെ വൈവാഹിക ജീവിതത്തിൽ ബൈബിൾ ബാധകമാക്കുന്ന ഭർത്താക്കൻമാർ തങ്ങളുടെ ഭാര്യമാരോട് വൈകാരികമായി അടുക്കുന്നതിന്റെ മൂല്യം കാണുന്നു. തന്റെ ഭർത്താവിനു താൻ പ്രിയപ്പെട്ടവളാണെന്നുള്ള അറിവ് ഹൃദയം തുറന്ന് ഭർത്താവിനോട് ഇടപെടുന്നത് ഏതൊരു ഭാര്യക്കും പ്രയാസരഹിതമാക്കിത്തീർക്കുന്നു. ഇത് അവരുടെ സന്തുഷ്ടി വർദ്ധിപ്പിക്കുന്നു.
“ഒരു നല്ല ശ്രോതാവിന് മറ്റേയാളിനെ വിശേഷാൽ വിലപ്പെട്ടവനെന്നും അയാൾ പറയുന്നത് ഗൗരവവും പ്രാധാന്യവുമുള്ളതാണെന്നും തോന്നിക്കുന്നതിനുള്ള പ്രാപ്തിയുണ്ട്” എന്ന് വ്യക്തിയും വിവാഹവും കുടുംബവും എന്ന പുസ്തകം പ്രസ്താവിക്കുന്നു. അതുകൊണ്ട് അടുപ്പം നട്ടുവളർത്താനാഗ്രഹിക്കുന്ന ഇണകൾ തങ്ങൾ എങ്ങനെ കേൾക്കുന്നുവെന്നതിൽ ശ്രദ്ധിക്കണം. ഒരു സജീവ ശ്രോതാവ് തന്റെ ഇണയ്ക്ക് പൂർണ്ണ ശ്രദ്ധ കൊടുക്കുകയും തടസ്സപ്പെടുത്തുകയോ വാദിക്കുകയോ വിഷയംമാറ്റുകയോ ചെയ്യാതെ പറയുന്നതു ഗ്രഹിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. സഹാനുബോധത്തോടു കൂടിയ ശ്രദ്ധിക്കലും നിങ്ങളുടെ ഇണയുടെ കാര്യങ്ങളിലെ വ്യക്തിപരമായ നിസ്വാർത്ഥ താൽപര്യവുമാണ് അടുപ്പത്തിന്റെ ജീവരക്തം.—ഫിലിപ്യർ 2:3, 4.
അടുപ്പം മെച്ചപ്പെടുത്തുന്നതിന്, വിവാഹോപദേഷ്ടാക്കൾ കൂടുതലായി ഈ നിർദ്ദേശങ്ങൾ നൽകുന്നു: (1) മറ്റാരെയെങ്കിലുമല്ല, നിങ്ങളുടെ ഇണയെ വിശ്വസിക്കാൻ പഠിക്കുക. (2) ഓരോ ദിവസവും അല്ലെങ്കിൽ കുറഞ്ഞപക്ഷം വാരംതോറും ശല്യം കൂടാതെ നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും പകരാൻ കഴിയുന്ന കുറെ നല്ല സമയം സൃഷ്ടിക്കുക. (3) ചെറിയ ദൈനംദിന സംഭവങ്ങൾ പരസ്പരം പങ്കുവെക്കുക. (4) ക്രമായി ചെറിയ കാര്യങ്ങളിൽ വാത്സല്യം കാണിക്കുക—ചെറിയതെങ്കിലും അപ്രതീക്ഷിതമായ ഒരു സമ്മാനം കൊടുക്കുക, മറ്റേയാൾക്ക് ഇഷ്ടമില്ലാത്ത ഒരു കഠിനവേല [ആവശ്യപ്പെടാതെ] ചെയ്തുകൊടുക്കുക, ആഹാരം സംബന്ധിച്ച് ഒരു അഭിനന്ദനക്കുറിപ്പ് വെക്കുക, അപ്രതീക്ഷിതമായ ഒരു സ്പർശനമോ ഒരു ആശ്ലേഷമോ കൊടുക്കുക.
എന്നിരുന്നാലും, അർപ്പിതരായ ഇണകൾപോലും ചിലപ്പോൾ വിയോജിക്കും. അങ്ങനെയുള്ള വാദങ്ങൾ വിവാഹത്തകർച്ചക്കു കാരണമായിത്തീരുന്നതു തടയാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ മുകളിലത്തെ ചതുരത്തിൽ കൊടുത്തിരിക്കുന്നു.
വിയോജിപ്പ് ഗൗവരമുള്ളതായിത്തീരുന്നുവെങ്കിൽപോലും നിങ്ങളുടെ ദാമ്പത്യത്തെ കൈവിടാൻ സമ്മതിക്കാതിരിക്കുക. ഭിന്നതകൾ വേർപാടിലേക്കു നയിച്ച ഒരു ഇണകൾ വിവാഹത്തെ സംബന്ധിച്ച കൊലോസ്യർ 3:18, 19ലെ ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കാനുള്ള ദൃഢനിശ്ചയത്തോടെ വായിച്ചതിനാൽ അനുരഞ്ജനപ്പെടുകയുണ്ടായി. നീരസമുളവാക്കിയ വിചാരങ്ങളെക്കുറിച്ച് വളച്ചുകെട്ടില്ലാതെ ചർച്ച ചെയ്തപ്പോൾ “നിങ്ങൾ അങ്ങനെയാണു വിചാരിക്കുന്നതെന്ന് നേരത്തെ എന്തുകൊണ്ട് എന്നോടു പറഞ്ഞില്ല?” എന്ന് ഇരുവരും ചോദിച്ചു. അവർ ശ്രദ്ധിക്കുകയും ഇരുവരുടെയും വീക്ഷണം കാണാൻ ശ്രമിക്കുകയും ചെയ്തു. ഇപ്പോൾ, വീണ്ടും ഒരുമിച്ചശേഷം ഏതാണ്ട് ഒരു ദശാബ്ദം കഴിഞ്ഞിരിക്കെ, ഭർത്താവ് ഇങ്ങനെ സമ്മതിച്ചു പറയുന്നു: “യഹോവയാം ദൈവത്തിന്റെ വചനത്തിലെ മനോഹരമായ ബുദ്ധിയുപദേശത്തിന്റെ സഹായത്താൽ കാര്യങ്ങൾ മെച്ചപ്പെട്ടിട്ടേയുള്ളു. ഞങ്ങളുടെ സന്തുഷ്ടി ശ്രമത്തിനു തക്ക മൂല്യമുള്ളതായിരുന്നു.” (g86 1/8)
[4-ാം പേജിലെ ചതുരം]
വൈകാരികപിന്തുണ—എത്ര പ്രധാനം?
“നിലനിൽക്കുന്ന ദാമ്പത്യബന്ധത്തോടുകൂടിയ മിക്ക ഇണകൾക്കും ആ ദാമ്പത്യത്തിലെ വൈകാരിക ഭദ്രത സംബന്ധിച്ച് അഗാധമായ വിലമതിപ്പുണ്ട്.”—ഡോ. ഏപ്രിൽ വെസ്റ്റ്ഫാൾ, ഫിലദൽഫിയായിലെ മാരിയേജ് കൗൺസിൽ.
“സ്ത്രീപുരുഷൻമാർ തമ്മിലുള്ള അതൃപ്തിയിൽ അധികപങ്കിന്റെയും മൂലത്തിൽ സ്ഥിതിചെയ്യുന്നത് വികാരങ്ങളുടെ യുക്തി ഗ്രഹിക്കുന്നതിലുള്ള ഈ അപ്രാപ്തിയാണ്, വിവാഹത്തെ എല്ലാ ബന്ധങ്ങളിലും വച്ച് ഏറ്റവും പ്രയാസകരമാക്കിത്തീർക്കാൻ അതു സഹായിക്കുകയും ചെയ്യുന്നു.”—ലിലിയൻ റൂബിനാൽ വിരചിതമായ തൊഴിൽ വർഗ്ഗ കുടുംബത്തിലെ ലളിതജീവിതലോകങ്ങൾ.
“പുരുഷൻമാരുടെ അസ്വസ്ഥതയും തന്നിമിത്തം അവരുടെ ഭാര്യമാരുടെ വൈകാരികാവശ്യങ്ങളോടുള്ള പ്രതികരണമില്ലായ്മയും മിക്ക ദാമ്പത്യബന്ധങ്ങളിലെയും അസന്തുഷ്ടിയുടെ കാരണവും ഫലവുമാണ്.”—സൈക്കോളജി റ്റുഡേ, ഒക്ടോബർ 1982.
[5-ാം പേജിലെ ചതുരം]
വാദങ്ങൾക്ക് തീരുമാനമുണ്ടാക്കുക
● സംസാരിക്കുന്നതിനു പരസ്പരം സ്വീകാര്യമായ ഒരു സമയവും സ്ഥലവും നിശ്ചയിക്കുക.
● വിവാദപ്രശ്നം തിട്ടപ്പെടുത്തുകയും അതിനോടു പറ്റിനിൽക്കുകയും ചെയ്യുക.
● വിജയിക്കുകയെന്നതല്ല, പ്രശ്നം പരിഹരിക്കുകയെന്ന മനോഭാവം സ്വീകരിക്കുക.
● ബന്ധമില്ലാത്ത ഭൂതകാലസംഭവങ്ങളിലല്ല, ഇപ്പോഴത്തെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
● ഒരാൾ മാത്രം ഒരു സമയത്തു സംസാരിക്കുക.
● വ്യക്തിപരമായി ആക്രമിക്കാനോ വൈരാഗ്യം വെച്ചുകൊണ്ടിരിക്കാനോ ശ്രമിക്കരുത്.
● കൃത്യതപാലിക്കുക, എന്നാൽ ഇണയുടെ വികാരങ്ങളോട് സംവേദനമുണ്ടായിരിക്കുക.
● മനസ്സു വായന ഒഴിവാക്കുക. വിശദീകരണങ്ങൾ ചോദിക്കുക.
● തുറന്ന മനസ്സോടെ പറയുകയും പ്രതികരണം സ്വീകരിക്കുകയും ചെയ്യുക.
● പരിഹാസവും ചീത്തവിളിയും ഒഴിവാക്കുക.
● നിങ്ങളുടെ ദാമ്പത്യബന്ധത്തിന്റെ നിലനിൽപ്പിനുവേണ്ടി രഞ്ജിപ്പിന് സന്നദ്ധത പ്രകടമാക്കുക.