‘ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നടക്കുന്നതിൽ തുടരുവിൻ’
“അതുകൊണ്ട്, കർത്താവായ ക്രിസ്തുയേശുവിനെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ, അവനോടുള്ള ഐക്യത്തിൽ നടക്കുന്നതിൽ തുടരുവിൻ”—കൊലൊസ്സ്യർ 2:6, NW.
1, 2. (എ) യഹോവയെ വിശ്വസ്തമായി സേവിച്ച ഹാനോക്കിന്റെ ജീവിതത്തെ ബൈബിൾ വിവരിക്കുന്നതെങ്ങനെ? (ബി) കൊലൊസ്സ്യർ 2:6, 7 സൂചിപ്പിക്കുന്ന പ്രകാരം, തന്നോടൊപ്പം നടക്കാൻ യഹോവ നമ്മെ സഹായിച്ചിരിക്കുന്നതെങ്ങനെ?
ഒരു കൊച്ചുകുട്ടി തന്റെ പിതാവിനോടൊപ്പം നടക്കുന്നതു നിങ്ങൾ എന്നെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ? പിതാവിന്റെ ഓരോ ചലനത്തെയും അവൻ അനുകരിക്കുന്നു, അവന്റെ മുഖം ആദരാതിശയങ്ങളാൽ തിളങ്ങുന്നു. വഴിയിൽ ഉടനീളം പിതാവ് അവന് സഹായമേകുന്നു, അദ്ദേഹത്തിന്റെ മുഖവും സ്നേഹത്താലും അഭിമാനത്താലും പ്രകാശിക്കുന്നു. തന്നെ വിശ്വസ്തമായി സേവിച്ചുകൊണ്ടുള്ള ഒരു ജീവിതരീതിയെ വിവരിക്കാൻ യഹോവ സമുചിതമായി അത്തരം ഒരു വിവരണം ഉപയോഗിക്കുന്നു. ദൃഷ്ടാന്തത്തിന്, വിശ്വസ്ത പുരുഷനായ ഹാനോക്ക് “ദൈവത്തോടുകൂടെ നടന്നു” എന്ന് ദൈവവചനം പറയുന്നു.—ഉല്പത്തി 5:24; 6:9.
2 പരിഗണനയുള്ള ഒരു പിതാവ് തന്നോടൊപ്പം നടക്കാൻ തന്റെ കൊച്ചുപുത്രനെ സഹായിക്കുന്നതുപോലെതന്നെ യഹോവ സാധ്യമായ ഏറ്റവും നല്ല സഹായം നമുക്കു നൽകിയിരിക്കുന്നു. അവൻ തന്റെ ഏകജാത പുത്രനെ ഭൂമിയിലേക്ക് അയച്ചു. ഭൗമിക ജീവിതത്തിൽ ഉടനീളം, തന്റെ ഓരോ ചുവടുവെപ്പിലും യേശുക്രിസ്തു തന്റെ സ്വർഗീയ പിതാവിനെ പൂർണമായി പ്രതിഫലിപ്പിച്ചു. (യോഹന്നാൻ 14:9, 10; എബ്രായർ 1:3) ദൈവത്തോടൊപ്പം നടക്കാൻ നാം യേശുവിനോടൊപ്പം നടക്കേണ്ടതുണ്ട്. പൗലൊസ് അപ്പോസ്തലൻ എഴുതി: “അതുകൊണ്ട്, കർത്താവായ ക്രിസ്തുയേശുവിനെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ, അവനോടുള്ള ഐക്യത്തിൽ നടക്കുന്നതിൽ തുടരുവിൻ, അവനിൽ വേരൂന്നിയും പണിതുയർത്തപ്പെട്ടും നിങ്ങൾ പഠിപ്പിക്കപ്പെട്ടതിന് ഒത്തവണ്ണംതന്നെ വിശ്വാസത്തിൽ സ്ഥിരതയുള്ളവരായും നന്ദി നൽകുന്നതിൽ വിശ്വാസത്താൽ നിറഞ്ഞുകവിഞ്ഞും ഇരിപ്പിൻ.”—കൊലൊസ്സ്യർ 2:6, 7, NW.
3. കൊലൊസ്സ്യർ 2:6, 7 പറയുന്നതനുസരിച്ച്, ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നടക്കുന്നതിൽ കേവലം സ്നാപനം ഏൽക്കുന്നതിനെക്കാൾ അധികം ഉൾപ്പെട്ടിരിക്കുന്നു എന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
3 ക്രിസ്തുവിന്റെ പൂർണതയുള്ള ചുവടുകളെ പിന്തുടരാൻ ശ്രമിച്ചുകൊണ്ട് അവനോടുള്ള ഐക്യത്തിൽ നടക്കാൻ ആഗ്രഹിക്കുന്നതിനാൽ ആത്മാർഥഹൃദയരായ ബൈബിൾ വിദ്യാർഥികൾ സ്നാപനമേൽക്കുന്നു. (ലൂക്കൊസ് 3:21; എബ്രായർ 10:7-9) 1997-ൽ തന്നെ ലോകവ്യാപകമായി 3,75,000-ത്തിലധികം ആളുകൾ ഈ മർമപ്രധാനമായ പടി സ്വീകരിച്ചു, ഓരോ ദിവസവും ശരാശരി 1000-ത്തിലേറെ പേർ എന്ന നിരക്കിൽ. ഈ വർധനവു പുളകപ്രദമാണ്! എന്നാൽ, ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നടക്കുന്നതിൽ കേവലം സ്നാപനം ഏൽക്കുന്നതിനെക്കാൾ അധികം ഉൾപ്പെട്ടിരിക്കുന്നുവെന്ന് കൊലൊസ്സ്യർ 2:6, 7-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ വാക്കുകൾ പ്രകടമാക്കുന്നു. “നടക്കുന്നതിൽ തുടരുവിൻ” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് ക്രിയാപദം നിരന്തരം, തുടർച്ചയായി ചെയ്യേണ്ട ഒരു പ്രവർത്തനത്തെ വിവരിക്കുന്നു. കൂടാതെ, ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നടക്കുന്നതിൽ നാലു കാര്യങ്ങൾ ഉൾപ്പെടുന്നുവെന്ന് പൗലൊസ് തുടർന്നു പറയുന്നു: ക്രിസ്തുവിൽ വേരൂന്നിയിരിക്കൽ, അവനിൽ പണിതുയർത്തപ്പെടൽ, വിശ്വാസത്തിൽ സ്ഥിരത ഉള്ളവരായിരിക്കൽ, നന്ദി നൽകുന്നതിൽ നിറഞ്ഞുകവിയൽ. നമുക്ക് ഈ പദപ്രയോഗങ്ങൾ ഓരോന്നും പരിശോധിച്ച്, ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നടക്കുന്നതിൽ തുടരാൻ അവ നമ്മെ എങ്ങനെ സഹായിക്കുന്നുവെന്നു നോക്കാം.
നിങ്ങൾ ‘ക്രിസ്തുവിൽ വേരൂന്നി’യിരിക്കുന്നുവോ?
4. ‘ക്രിസ്തുവിൽ വേരൂന്നി’യിരിക്കുകയെന്നാൽ അർഥമെന്ത്?
4 ആദ്യം നാം ‘ക്രിസ്തുവിൽ വേരൂന്നി’യിരിക്കണമെന്ന് പൗലൊസ് എഴുതുന്നു. (മത്തായി 13:20, 21 താരതമ്യം ചെയ്യുക.) ക്രിസ്തുവിൽ വേരൂന്നാൻ ഒരു വ്യക്തിക്ക് എന്തു ചെയ്യാനാകും? ഒരു സസ്യത്തിന്റെ വേരുകൾ ദൃശ്യമല്ലെങ്കിലും അവ ആ സസ്യത്തിന് ജീവത്പ്രധാനമാണ്—അവ അതിനെ ദൃഢമായി ഉറപ്പിച്ചു നിർത്തുകയും അതിനു പോഷണം ലഭ്യമാക്കുകയും ചെയ്യുന്നു. സമാനമായി, ക്രിസ്തുവിന്റെ മാതൃകയും പഠിപ്പിക്കലും ആദ്യം നമ്മെ അദൃശ്യമായി സ്വാധീനിക്കുന്നു. അവ നമ്മുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയുന്നു. അവിടെ അവ നമ്മെ പരിപോഷിപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നു. നമ്മുടെ ചിന്തയെയും പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും ഭരിക്കാൻ നാം അവയെ അനുവദിക്കുമ്പോൾ, ജീവിതം യഹോവയ്ക്കു സമർപ്പിക്കാൻ നാം പ്രേരിതരാകുന്നു.—1 പത്രൊസ് 2:21.
5. ആത്മീയ ആഹാരത്തിനായുള്ള “ഒരു വാഞ്ഛ ഉളവാ”ക്കാൻ നമുക്കെങ്ങനെ കഴിയും?
5 ദൈവത്തിൽനിന്നുള്ള പരിജ്ഞാനം യേശുവിനു പ്രിയങ്കരമായിരുന്നു. അവൻ അതിനെ ആഹാരത്തോടു പോലും താരതമ്യപ്പെടുത്തി. (മത്തായി 4:4) എന്തിന്, തന്റെ ഗിരിപ്രഭാഷണത്തിൽ എട്ടു വ്യത്യസ്ത എബ്രായ പുസ്തകങ്ങളിൽനിന്നായി അവൻ 21 ഉദ്ധരണികൾ ഉപയോഗിച്ചു. അവന്റെ മാതൃക പിന്തുടരുന്നതിന്, നാം പത്രൊസ് അപ്പോസ്തലൻ ഉദ്ബോധിപ്പിച്ചതുപോലെ പ്രവർത്തിക്കണം—“നവജാതശിശുക്കളെപ്പോലെ,” ആത്മീയാഹാരത്തിനായുള്ള “ഒരു വാഞ്ഛ ഉളവാക്കുക.” (1 പത്രൊസ് 2:2, NW) ഒരു നവജാത ശിശു പോഷണത്തിനായി വാഞ്ഛിക്കുമ്പോൾ, അവൻ തന്റെ അതിയായ വാഞ്ഛ വ്യക്തമായി പ്രകടിപ്പിക്കുന്നു. നമുക്കിപ്പോൾ ആത്മീയ ആഹാരത്തെപ്പറ്റി അപ്രകാരം തോന്നുന്നില്ലെങ്കിൽ, ആ വാഞ്ഛ ‘ഉളവാക്കാൻ’ പത്രൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. എങ്ങനെ? സങ്കീർത്തനം 34:8-ൽ കാണുന്ന തത്ത്വം നമ്മെ സഹായിച്ചേക്കാം: “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ.” ഒരുപക്ഷേ ഓരോ ദിവസവും യഹോവയുടെ വചനമായ ബൈബിളിന്റെ ഒരു ഭാഗം വായിച്ചുകൊണ്ട് നാം അതിനെ ക്രമമായി “രുചിച്ചറി”യുന്നെങ്കിൽ, അത് ആത്മീയമായി പരിപോഷിപ്പിക്കുന്നതും നല്ലതും ആണെന്ന് നാം മനസ്സിലാക്കും. കാലക്രമേണ അതിനോടുള്ള നമ്മുടെ വാഞ്ഛ വളരും.
6. വായിക്കുന്നതിനെക്കുറിച്ച് നാം ധ്യാനിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
6 എന്നാൽ, കഴിക്കുന്ന ആഹാരം നന്നായി ദഹിക്കേണ്ടത് പ്രധാനമാണ്. അതുകൊണ്ട് വായിക്കുന്നതിനെക്കുറിച്ച് നാം ധ്യാനിക്കേണ്ടതാണ്. (സങ്കീർത്തനം 77:11, 12) ദൃഷ്ടാന്തത്തിന്, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകം വായിക്കുമ്പോൾ നാം നിർത്തിയിട്ട് പിൻവരുന്ന ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കുന്നെങ്കിൽ ഓരോ അധ്യായവും നമുക്ക് കൂടുതൽ പ്രയോജനം ചെയ്യും: ‘ഈ വിവരണത്തിൽ ക്രിസ്തുവിന്റെ വ്യക്തിത്വത്തിന്റെ ഏതു വശമാണ് ഞാൻ കാണുന്നത്, എനിക്കിത് എങ്ങനെ എന്റെ ജീവിതത്തിൽ ബാധകമാക്കാൻ കഴിയും?’ അപ്രകാരം ധ്യാനിക്കുന്നത് പഠിച്ചതു ബാധകമാക്കാൻ നമ്മെ പ്രാപ്തരാക്കും. ഒരു തീരുമാനം എടുക്കേണ്ടിവരുമ്പോൾ, യേശു എന്തു ചെയ്യുമായിരുന്നുവെന്ന് നാം നമ്മോടുതന്നെ ചോദിച്ചേക്കാം. നാം തദനുസരണം തീരുമാനമെടുക്കുന്നെങ്കിൽ, ക്രിസ്തുവിൽ നാം ശരിക്കും വേരൂന്നിയിരിക്കുന്നുവെന്നു തെളിയിക്കുകയാണ്.
7. കട്ടിയായ ആത്മീയ ആഹാരത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം എന്തായിരിക്കണം?
7 “കട്ടിയായുള്ള ആഹാരം,” അതായത് ദൈവവചനത്തിലെ ആഴമേറിയ സത്യങ്ങൾ, ഉൾക്കൊള്ളാനും പൗലൊസ് നമ്മെ ഉദ്ബോധിപ്പിക്കുന്നു. (എബ്രായർ 5:14) അതിന്റെ ആദ്യ പടി എന്നനിലയിൽ മുഴു ബൈബിളും വായിക്കാൻ ലക്ഷ്യമിടാവുന്നതാണ്. തുടർന്ന്, ക്രിസ്തുവിന്റെ മറുവിലയാഗം, തന്റെ ജനവുമായി യഹോവ ചെയ്ത അനേകം ഉടമ്പടികൾ, ബൈബിളിലെ പ്രാവചനിക സന്ദേശങ്ങളിൽ ചിലവ, തുടങ്ങിയ പ്രത്യേകം പ്രത്യേകം പഠനവിഷയങ്ങളുണ്ട്. അത്തരം കട്ടിയായ ആത്മീയാഹാരം ഉൾക്കൊള്ളാനും ദഹിപ്പിക്കാനും സഹായിക്കുന്ന ധാരാളം പ്രസിദ്ധീകരണങ്ങളുണ്ട്. അത്തരം പരിജ്ഞാനം നേടുന്നതിന്റെ ഉദ്ദേശ്യം എന്താണ്? പൊങ്ങച്ചം പറയാൻ ഒരു നിമിത്തം കണ്ടെത്തുക എന്നതല്ല, മറിച്ച് യഹോവയോടുള്ള നമ്മുടെ സ്നേഹം വർധിപ്പിക്കുകയും അവനോട് കൂടുതൽ അടുത്തുചെല്ലുകയും ചെയ്യുക എന്നതാണ്. (1 കൊരിന്ത്യർ 8:1; യാക്കോബ് 4:8) ഈ പരിജ്ഞാനം ഉത്സാഹപൂർവം ഉൾക്കൊള്ളുകയും നമുക്കുതന്നെ ബാധകമാക്കുകയും മറ്റുള്ളവരെ സഹായിക്കാൻ അത് ഉപയോഗിക്കുകയും ചെയ്യുന്നെങ്കിൽ നാം വാസ്തവമായും ക്രിസ്തുവിനെ അനുകരിക്കുകയായിരിക്കും. അവനിൽ ഉചിതമായി വേരൂന്നാൻ ഇതു നമ്മെ സഹായിക്കും.
നിങ്ങൾ ‘ക്രിസ്തുവിൽ പണിതുയർത്തപ്പെടു’ന്നുവോ?
8. ‘ക്രിസ്തുവിൽ പണിതുയർത്തപ്പെടുക’ എന്നാൽ അർഥമെന്ത്?
8 ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നടക്കുന്നതിലെ അടുത്ത വശം വിശദീകരിക്കാനായി പെട്ടെന്നു പൗലൊസ് ഒരു ദൃശ്യരൂപത്തിൽനിന്നു മറ്റൊന്നിലേക്ക്—സസ്യത്തിൽനിന്നു കെട്ടിടത്തിലേക്ക്—മാറുന്നു. നിർമാണത്തിലുള്ള ഒരു കെട്ടിടത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, അതിന്റെ അടിത്തറയെക്കുറിച്ചു മാത്രമല്ല മറിച്ച് വലിയ കഠിനാധ്വാനത്തിന്റെ ഫലമായി വ്യക്തമായി കാണാവുന്ന വിധത്തിൽ അതിന്മേൽ പണിതുയർത്തപ്പെട്ടിരിക്കുന്ന ഭാഗത്തെക്കുറിച്ചും നാം ചിന്തിക്കുന്നു. അതുപോലെ, ക്രിസ്തുസമാന ഗുണങ്ങളും ശീലങ്ങളും വളർത്തിയെടുക്കാൻ നാം വളരെയേറെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പൗലൊസ് തിമൊഥെയൊസിന് എഴുതിയതു പോലെ അത്തരം കഠിനാധ്വാനം ശ്രദ്ധിക്കപ്പെടാതിരിക്കില്ല: ‘നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരട്ടേ.’ (1 തിമൊഥെയൊസ് 4:15; മത്തായി 5:16) നമ്മെ പണിതുയർത്തുന്ന ചില ക്രിസ്തീയ പ്രവർത്തനങ്ങളേവ?
9. (എ) നമ്മുടെ ശുശ്രൂഷയിൽ ക്രിസ്തുവിനെ അനുകരിക്കാൻ, നാം വെക്കേണ്ട ചില പ്രായോഗിക ലാക്കുകൾ ഏവ? (ബി) നാം നമ്മുടെ ശുശ്രൂഷ ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നുവെന്നു നമുക്കെങ്ങനെ അറിയാം?
9 സുവാർത്ത പ്രസംഗിക്കാനും പഠിപ്പിക്കാനും യേശു നമ്മെ നിയോഗിച്ചു. (മത്തായി 24:14; 28:19, 20) ധൈര്യമായും ഫലപ്രദമായും സാക്ഷീകരിച്ചുകൊണ്ട് അവൻ പൂർണതയുള്ള മാതൃകവെച്ചു. തീർച്ചയായും, അവൻ ചെയ്ത അത്രയും മെച്ചമായി നാമൊരിക്കലും ചെയ്യില്ല. എന്നിരുന്നാലും പത്രൊസ് അപ്പോസ്തലൻ നമുക്കായി ഈ ലക്ഷ്യംവെക്കുന്നു: “ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” (1 പത്രൊസ് 3:14, 15) “പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരി”ക്കുന്നതായി നിങ്ങൾക്കു തോന്നുന്നില്ലെങ്കിലും നിരാശപ്പെടരുത്. ആ നിലവാരത്തിലേക്കു ക്രമേണ പുരോഗമിക്കാൻ നിങ്ങളെ സഹായിക്കുന്ന ന്യായമായ ലക്ഷ്യങ്ങൾ വെക്കുക. അവതരണം വ്യത്യാസപ്പെടുത്താനോ ഒന്നോ രണ്ടോ തിരുവെഴുത്തുകൾ ഉൾപ്പെടുത്താനോ മുന്നമേയുള്ള തയ്യാറാകൽ നിങ്ങളെ പ്രാപ്തരാക്കിയേക്കാം. കൂടുതൽ ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കാനോ മടക്കസന്ദർശനങ്ങൾ നടത്താനോ ബൈബിളധ്യയനങ്ങൾ തുടങ്ങാനോ നിങ്ങൾക്കു ലക്ഷ്യം വെക്കാവുന്നതാണ്. ഊന്നൽ നൽകേണ്ടത് അളവിന്, അതായത് മണിക്കൂർ, സമർപ്പണം, അധ്യയനം തുടങ്ങിയവയുടെ എണ്ണത്തിന് മാത്രമായിരിക്കരുത്, ഗുണത്തിനും ഊന്നൽ നൽകണം. ന്യായമായ ലക്ഷ്യങ്ങൾ വെച്ച് അവ നേടാൻ ശ്രമിക്കുന്നത് ശുശ്രൂഷയിൽ നമ്മെത്തന്നെ അർപ്പിക്കുന്നത് ആസ്വദിക്കാൻ നമ്മെ സഹായിക്കും. അതുതന്നെയാണ് യഹോവ ആഗ്രഹിക്കുന്നതും—നാം “സന്തോഷത്തോടെ” അവനെ സേവിക്കാൻ.—സങ്കീർത്തനം 100:2; 2 കൊരിന്ത്യർ 9:7 താരതമ്യം ചെയ്യുക.
10. നാം ചെയ്യേണ്ട മറ്റു ചില ക്രിസ്തീയ പ്രവർത്തനങ്ങൾ ഏവ, അവ നമ്മെ സഹായിക്കുന്നതെങ്ങനെ?
10 നാം സഭയിൽ ചെയ്യുന്ന ചില പ്രവർത്തനങ്ങളും നമ്മെ ക്രിസ്തുവിൽ പണിതുയർത്തുന്നവയാണ്. അന്യോന്യം സ്നേഹം കാണിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്, കാരണം സത്യക്രിസ്ത്യാനികളുടെ തിരിച്ചറിയിക്കൽ അടയാളമാണിത്. (യോഹന്നാൻ 13:34, 35) പഠിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മിൽ മിക്കവരും പഠിപ്പിക്കുന്ന ആളിനോട് വളരെ അടുപ്പം ഉള്ളവരായിത്തീരുന്നത് സ്വാഭാവികം മാത്രമാണ്. എന്നാൽ, സഭയിലെ മറ്റുള്ളവരെ പരിചയപ്പെട്ടുകൊണ്ട് “വിശാലതയുള്ളവരാ”കാനുള്ള പൗലൊസിന്റെ പ്രബോധനം നമുക്കു പിൻപറ്റാനാകുമോ? (2 കൊരിന്ത്യർ 6:13) മൂപ്പന്മാർക്കും നമ്മുടെ സ്നേഹവും വിലമതിപ്പും ആവശ്യമാണ്. അവരുടെ തിരുവെഴുത്തു ബുദ്ധ്യുപദേശം തേടുകയും സ്വീകരിക്കുകയും ചെയ്തുകൊണ്ട് അവരോടു സഹകരിക്കുന്നതിനാൽ നാം അവരുടെ കഠിനാധ്വാനം വളരെക്കൂടുതൽ എളുപ്പമാക്കും. (എബ്രായർ 13:17) അതേസമയം, നാം ക്രിസ്തുവിൽ പണിതുയർത്തപ്പെടുന്നതിനും ഇതു സഹായിക്കും.
11. സ്നാപനത്തെക്കുറിച്ച് നമുക്ക് എന്തു വസ്തുനിഷ്ഠമായ വീക്ഷണമുണ്ടായിരിക്കണം?
11 സ്നാപനം പുളകപ്രദമായ ഒരു അവസരമാണ്! എന്നാൽ അതിനു ശേഷമുള്ള ജീവിതത്തിലെ ഓരോ നിമിഷവും അത്രതന്നെ പുളകപ്രദമായിരിക്കുമെന്ന് നാം പ്രതീക്ഷിക്കരുത്. നാം ക്രിസ്തുവിൽ പണിതുയർത്തപ്പെടുന്നതിലെ വലിയൊരു ഭാഗം ഉൾപ്പെട്ടിരിക്കുന്നത് “പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചു നടക്കു”ന്നതിലാണ്. (ഫിലിപ്പിയർ 3:16) വിരസമായ, മടുപ്പിക്കുന്ന ഒരു ജീവിതരീതി ആയിരിക്കും അത് എന്ന് അതിന് അർഥമില്ല. നേർരേഖയിൽ മുന്നോട്ടു നടക്കൽ എന്നുമാത്രമാണ് അതിന്റെ അർഥം—മറ്റു വാക്കുകളിൽ പറഞ്ഞാൽ, നല്ല ആത്മീയ പെരുമാറ്റരീതികൾ വളർത്തിയെടുക്കുകയും ദിനംതോറും, വർഷംതോറും അവ നിലനിർത്തുകയും ചെയ്യുക. ഓർമിക്കുക, “അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.”—മത്തായി 24:13.
നിങ്ങൾ “വിശ്വാസത്തിൽ സ്ഥിരതയുള്ളവരാ”ണോ?
12. “വിശ്വാസത്തിൽ സ്ഥിരതയുള്ളവരാ”യിരിക്കുകയെന്നാൽ അർഥമെന്ത്?
12 ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നടക്കുന്നതിനെ വിവരിക്കുന്ന തന്റെ മൂന്നാമത്തെ പദപ്രയോഗത്തിൽ, പൗലൊസ് “വിശ്വാസത്തിൽ സ്ഥിരതയുള്ളവരാ”യിത്തീരാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. “വിശ്വാസം സംബന്ധിച്ച് ഉറപ്പുള്ള”വർ എന്ന് ഒരു ഭാഷാന്തരം പറയുന്നു, കാരണം പൗലൊസ് ഉപയോഗിച്ച ഗ്രീക്കു പദത്തിന് “ഉറപ്പു വരുത്തുക, തീർച്ചയാക്കുക, നിയമപരമായി അപരിവർത്തനീയമാക്കുക” എന്നിങ്ങനെ അർഥമാക്കാൻ കഴിയും. നാം പരിജ്ഞാനത്തിൽ വളരുമ്പോൾ, യഹോവയാം ദൈവത്തിലുള്ള നമ്മുടെ വിശ്വാസം അടിയുറച്ചതും വാസ്തവത്തിൽ നിയമപരമായി സുസ്ഥാപിതവും ആണെന്നു മനസ്സിലാക്കാൻ നമുക്ക് കൂടുതലായ കാരണങ്ങൾ ലഭിക്കുന്നു. നമ്മുടെ സ്ഥിരത വർധിക്കുന്നു എന്നതാണ് ഫലം. നമ്മെ സ്വാധീനിക്കുക എന്നത് സാത്താന്റെ ലോകത്തിനു കൂടുതൽ ബുദ്ധിമുട്ടായിത്തീരുന്നു. “പക്വതയിലേക്കു മുന്നേ”റാനുള്ള പൗലൊസിന്റെ ഉദ്ബോധനം ഇതു നമ്മെ ഓർമിപ്പിക്കുന്നു. (എബ്രായർ 6:1, NW) പക്വതയും സ്ഥിരതയും തമ്മിൽ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.
13, 14. (എ) ഒന്നാം നൂറ്റാണ്ടിലെ കൊലൊസ്സ്യ ക്രിസ്ത്യാനികളുടെ സ്ഥിരതയ്ക്ക് എന്തു ഭീഷണി നേരിട്ടു? (ബി) പൗലൊസ് അപ്പോസ്തലനെ ഉത്കണ്ഠാകുലനാക്കിയത് എന്തായിരിക്കാം?
13 ഒന്നാം നൂറ്റാണ്ടിൽ കൊലൊസ്സ്യയിലെ ക്രിസ്ത്യാനികളുടെ സ്ഥിരതയ്ക്ക് ഭീഷണി നേരിട്ടു. പൗലൊസ് മുന്നറിയിപ്പു നൽകി: “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.” (കൊലൊസ്സ്യർ 2:8) “[ദൈവത്തിന്റെ] സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തി”ലെ പ്രജകളായിത്തീർന്ന കൊലൊസ്സ്യർ തങ്ങളുടെ അനുഗൃഹീതമായ ആത്മീയ അവസ്ഥയിൽനിന്ന് വിട്ടുപോകാൻ, വഴിതെറ്റിപ്പോകാൻ പൗലൊസ് ആഗ്രഹിച്ചില്ല. (കൊലൊസ്സ്യർ 1:13) എന്തു നിമിത്തം വഴിതെറ്റുമായിരുന്നു? പൗലൊസ് “തത്വജ്ഞാന”ത്തിലേക്കു വിരൽചൂണ്ടി. ബൈബിളിൽ ഈ പദം പ്രത്യക്ഷപ്പെടുന്ന ഏക അവസരമാണിത്. പ്ലേറ്റോയെയും സോക്രട്ടീസിനെയും പോലുള്ള ഗ്രീക്കു തത്ത്വചിന്തകരെക്കുറിച്ച് ആയിരുന്നോ അവൻ സംസാരിച്ചത്? അവർ സത്യക്രിസ്ത്യാനികൾക്ക് ഭീഷണി ഉയർത്തിയിരുന്നെങ്കിലും, അക്കാലത്ത് ‘തത്ത്വജ്ഞാനം’ എന്ന വാക്ക് വ്യാപകമായ അർഥത്തിൽ ഉപയോഗിച്ചിരുന്നു. അത് പൊതുവേ അനേകം കൂട്ടങ്ങളെയും ചിന്താധാരകളെയും പരാമർശിച്ചിരുന്നു—മതപരമായവയെ പോലും. ദൃഷ്ടാന്തത്തിന്, ജോസീഫസിനെയും ഫിലോയെയും പോലുള്ള ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർ തങ്ങളുടെ മതത്തെ തത്ത്വജ്ഞാനം എന്നു വിളിച്ചു—ഒരു പക്ഷേ ആകർഷകത്വം വർധിപ്പിക്കാൻ.
14 പൗലൊസിനെ ഉത്കണ്ഠപ്പെടുത്തിയ ചില തത്ത്വജ്ഞാനങ്ങൾ മതപരമായ സ്വഭാവമുള്ളവ ആയിരുന്നിരിക്കാം. ക്രിസ്തുവിന്റെ മരണത്തോടെ നിർത്തലായ മോശൈക ന്യായപ്രമാണത്തിന്റെ സവിശേഷതകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട്, “പിടിക്കരുതു, രുചിക്കരുതു, തൊടരുതു” എന്ന് പഠിപ്പിച്ചവരെ കൊലൊസ്സ്യർക്കുള്ള അതേ ലേഖനത്തിൽത്തന്നെ പിന്നീട് പൗലൊസ് അഭിസംബോധന ചെയ്തു. (റോമർ 10:4) പുറജാതീയ തത്ത്വജ്ഞാനങ്ങളോടൊപ്പം സഭയുടെ ആത്മീയതയെ ഭീഷണിപ്പെടുത്തിയ മറ്റു സ്വാധീനങ്ങളും ഉണ്ടായിരുന്നു. (കൊലൊസ്സ്യർ 2:20-22) “ലോകത്തിന്റെ ആദ്യപാഠങ്ങ”ളുടെ ഭാഗമായിരുന്ന തത്ത്വജ്ഞാനത്തിനെതിരെ പൗലൊസ് മുന്നറിയിപ്പു നൽകി. അത്തരം വ്യാജ പ്രബോധനം മാനുഷിക ഉറവിൽനിന്ന് ഉള്ളവയായിരുന്നു.
15. നാം മിക്കപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്ന തിരുവെഴുത്തു വിരുദ്ധ ചിന്തയാൽ സ്വാധീനിക്കപ്പെടുന്നത് നമുക്കെങ്ങനെ ഒഴിവാക്കാൻ കഴിയും?
15 ദൈവവചനത്തിൽ ദൃഢമായ അടിസ്ഥാനമില്ലാത്ത മാനുഷിക ആശയങ്ങളെയും ചിന്തകളെയും ഉന്നമിപ്പിക്കുന്നത് ക്രിസ്തീയ സ്ഥിരതയ്ക്കു ഭീഷണി ഉയർത്തിയേക്കാം. നാം ഇന്ന് അത്തരം ഭീഷണികളെക്കുറിച്ചു ജാഗ്രതയുള്ളവരായിരിക്കണം. യോഹന്നാൻ അപ്പോസ്തലൻ ഉദ്ബോധിപ്പിച്ചു: “പ്രിയരേ, ഏതു നിശ്വസ്തമൊഴിയും വിശ്വസിക്കരുത്, എന്നാൽ നിശ്വസ്തമൊഴികൾ ദൈവത്തിൽനിന്ന് ഉദ്ഭൂതമാകുന്നുവോയെന്നു പരിശോധിക്കുക.” (1 യോഹന്നാൻ 4:1) അതുകൊണ്ട്, ബൈബിൾ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കുന്നത് പഴഞ്ചൻ സമ്പ്രദായമാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ സഹപാഠികൾ ശ്രമിക്കുന്നെങ്കിൽ, ഭൗതികത്വ മനോഭാവം കൈക്കൊള്ളാൻ തക്കവണ്ണം നിങ്ങളെ സ്വാധീനിക്കാൻ ഒരു അയൽക്കാരൻ ശ്രമിക്കുന്നെങ്കിൽ, നിങ്ങളുടെ ബൈബിൾ പരിശീലിത മനഃസാക്ഷി ലംഘിക്കാൻ ഒരു സഹജോലിക്കാരൻ നിങ്ങളിൽ തന്ത്രപൂർവം സമ്മർദം ചെലുത്തുന്നെങ്കിൽ, സഭയിലെ മറ്റുള്ളവരെക്കുറിച്ച് ഒരുവൻ—അതൊരു സഹവിശ്വാസി ആയിരുന്നാൽപ്പോലും—സ്വന്തം അഭിപ്രായത്തിൽ അധിഷ്ഠിതമായി, വിമർശനാത്മകവും നിഷേധാത്മകവുമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നെങ്കിൽ, അവർ പറയുന്നത് വെറുതയങ്ങ് സ്വീകരിക്കരുത്. ദൈവ വചനവുമായി യോജിക്കാത്തവയെ തള്ളിക്കളയുക. അപ്രകാരം ചെയ്താൽ, ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നടക്കവേ നാം സ്ഥിരത നിലനിർത്തും.
‘നന്ദി നൽകുന്നതിൽ വിശ്വാസത്തോടെ നിറഞ്ഞുകവിയൽ’
16. ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നടക്കുന്നതിലെ നാലാമത്തെ വശമേത്, നാം ഏതു ചോദ്യം ചോദിക്കണം?
16 ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നടക്കുന്നതിലെ, പൗലൊസ് പരാമർശിക്കുന്ന നാലാമത്തെ സംഗതി നാം “നന്ദി നൽകുന്നതിൽ വിശ്വാസത്തോടെ നിറഞ്ഞുകവിയ”ണം എന്നുള്ളതാണ്. (കൊലൊസ്സ്യർ 2:7) ‘നിറഞ്ഞുകവിയൽ’ എന്ന പദം കരകവിഞ്ഞൊഴുകുന്ന നദിയെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നു. ക്രിസ്ത്യാനികൾ എന്നനിലയിൽ നമ്മുടെ നന്ദി നൽകൽ തുടർച്ചയായ, പതിവായ ഒരു സംഗതി ആയിരിക്കണമെന്ന് ഇതു സൂചിപ്പിക്കുന്നു. ‘ഞാൻ നന്ദിയുള്ളവനാണോ?’ എന്ന് നാം ഓരോരുത്തരും സ്വയം ചോദിക്കുന്നത് നന്നായിരിക്കും.
17. (എ) പ്രയാസ സാഹചര്യങ്ങളിൽപ്പോലും നന്ദിയുള്ളവരായിരിക്കുന്നതിനു നമുക്കു ധാരാളം കാരണങ്ങളുണ്ടെന്നു പറയാവുന്നത് എന്തുകൊണ്ട്? (ബി) നിങ്ങൾക്കു വിശേഷാൽ നന്ദി തോന്നുന്ന യഹോവയിൽ നിന്നുള്ള ചില ദാനങ്ങൾ ഏവ?
17 ഓരോ ദിവസവും യഹോവയോടുള്ള നന്ദിയാൽ നിറഞ്ഞുകവിയുന്നതിന് നമുക്കെല്ലാം വാസ്തവത്തിൽ മതിയായ കാരണമുണ്ട്. ഏറ്റവും മോശമായ അവസരങ്ങളിൽപ്പോലും ആശ്വാസമേകുന്ന ചില ലളിതമായ കാര്യങ്ങൾ ഉണ്ടായിരുന്നേക്കാം. സമാനുഭാവം കാണിക്കുന്ന ഒരു സുഹൃത്ത്, പ്രിയപ്പെട്ട ഒരാളുടെ സമാശ്വാസദായകമായ സ്പർശനം, രാത്രിയിലെ നവോന്മേഷം പകരുന്ന മതിയായ വിശ്രമം, വിശപ്പിന്റെ വിളി തൃപ്തിപ്പെടുത്തുന്ന രുചികരമായ ഒരു ആഹാരം, ഒരു പക്ഷിയുടെ പാട്ട്, ഒരു കുട്ടിയുടെ ചിരി, വെട്ടിത്തിളങ്ങുന്ന നീലാകാശം, കുളിർമയേകുന്ന ഒരു ഇളംകാറ്റ്—ഇതോ ഇതിൽക്കൂടുതലോ ഒരു ദിവസംതന്നെ നാം അനുഭവിച്ചേക്കാം. അത്തരം ദാനങ്ങളെ നിസ്സാരമായെടുക്കുക വളരെ എളുപ്പമാണ്. അവയെല്ലാം നന്ദി അർഹിക്കുന്ന കാര്യങ്ങളല്ലേ? ‘എല്ലാ നല്ല ദാനത്തിന്റെയും തികഞ്ഞ വരത്തിന്റെയും’ ഉറവായ യഹോവയിൽ നിന്നാണ് അവയെല്ലാം വരുന്നത്. (യാക്കോബ് 1:17) അവയെക്കാൾ വളരെ മഹത്തായ ദാനങ്ങളും അവൻ നമുക്കു തന്നിട്ടുണ്ട്—ദൃഷ്ടാന്തത്തിന്, ജീവൻ. (സങ്കീർത്തനം 36:9) അതിനുപുറമേ, എന്നേക്കും ജീവിക്കാനുള്ള ഒരു അവസരവും അവൻ നമുക്കു നൽകിയിട്ടുണ്ട്. ഈ ദാനം പ്രദാനം ചെയ്യാൻ വേണ്ടി യഹോവ, “അവനു പ്രത്യേക വാത്സല്യമുള്ളവനായിരുന്ന” തന്റെ ഏകജാത പുത്രനെ അയച്ചുകൊണ്ട് ഏറ്റവും വലിയ ത്യാഗം ചെയ്തു.—സദൃശവാക്യങ്ങൾ 8:30, NW; യോഹന്നാൻ 3:16.
18. യഹോവയോടു നന്ദിയുള്ളവരാണെന്നു നമുക്കു പ്രകടമാക്കാവുന്നതെങ്ങനെ?
18 ആയതിനാൽ സങ്കീർത്തനക്കാരന്റെ വാക്കുകൾ എത്ര സത്യമാണ്: “യഹോവയ്ക്കു നന്ദി നൽകുന്നത് നല്ലത്.” (സങ്കീർത്തനം 92:1, NW) പൗലൊസ് തെസ്സലൊനീക്യയിലെ ക്രിസ്ത്യാനികളെ സമാനമായി ഇങ്ങനെ ഓർമിപ്പിച്ചു: “എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ [“നന്ദി നൽകുവിൻ,” NW].” (1 തെസ്സലൊനീക്യർ 5:18; എഫെസ്യർ 5:20; കൊലൊസ്സ്യർ 3:15) കൂടുതൽ നന്ദിയുള്ളവരായിരിക്കാൻ നാമോരോരുത്തരും ദൃഢനിശ്ചയമുള്ളവരായിരിക്കണം. പ്രാർഥനകൾ മുഴുവൻ നമ്മുടെ ആവശ്യങ്ങളെക്കുറിച്ചു ദൈവത്തോടുള്ള അപേക്ഷകൾ ആയിരിക്കേണ്ടതില്ല. അവയ്ക്ക് അതിന്റേതായ സ്ഥാനമുണ്ടെന്നതു ശരിതന്നെ. എന്നാൽ, നിങ്ങളിൽനിന്ന് എന്തെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രം നിങ്ങളോടു സംസാരിക്കുന്ന ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നതിനെക്കുറിച്ച് ഒന്നു സങ്കൽപ്പിച്ചു നോക്കൂ! യഹോവയ്ക്കു നന്ദിപറയാനും അവനെ സ്തുതിക്കാനും മാത്രമായി എന്തുകൊണ്ട് അവനോടു പ്രാർഥിച്ചുകൂടാ? ഈ കൃതഘ്ന ലോകത്തേക്കു നോക്കുമ്പോൾ അത്തരം പ്രാർഥനകൾ അവനെ എത്രമാത്രം പ്രീതിപ്പെടുത്തും! നാം വാസ്തവത്തിൽ എത്ര അനുഗൃഹീതരാണെന്ന് നമ്മെ ഓർമിപ്പിച്ചുകൊണ്ട്, ജീവിതത്തിലെ ക്രിയാത്മക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അത്തരം പ്രാർഥനകൾ നമ്മെ സഹായിച്ചേക്കാം എന്നുള്ളതാണ് രണ്ടാമത്തെ നേട്ടം.
19. ക്രിസ്തുവിനോടൊപ്പം നടക്കുന്നതിൽ നാമെല്ലാം അഭിവൃദ്ധി പ്രാപിക്കുന്നതിൽ തുടരേണ്ടതുണ്ടെന്നു കൊലൊസ്സ്യർ 2:6, 7-ലെ പൗലൊസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതെങ്ങനെ?
19 ദൈവവചനത്തിലെ ഒരൊറ്റ വാക്യത്തിൽ നിന്നുതന്നെ ജ്ഞാനപൂർവകമായ ഒട്ടേറെ മാർഗനിർദേശങ്ങൾ നേടാനാകും എന്നത് അതിശയകരമല്ലേ? ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നടക്കുന്നതിൽ തുടരാനുള്ള പൗലൊസിന്റെ ബുദ്ധ്യുപദേശം നാം ഓരോരുത്തരും ശ്രദ്ധ നൽകേണ്ട ഒന്നാണ്. അതുകൊണ്ട്, ‘ക്രിസ്തുവിൽ വേരൂന്നാനും’ “അവനിൽ പണിതുയർത്ത”പ്പെടാനും “വിശ്വാസത്തിൽ സ്ഥിരതയുള്ളവരാ”യിരിക്കാനും ‘നന്ദിയാൽ നിറഞ്ഞുകവി’യാനും നമുക്കു ദൃഢനിശ്ചയം ചെയ്യാം. പുതുതായി സ്നാപനമേറ്റവർക്ക് അത്തരം ബുദ്ധ്യുപദേശം വിശേഷാൽ മർമപ്രധാനമാണ്. എന്നാൽ അതു നമുക്ക് എല്ലാവർക്കും ബാധകമാകുന്നു. ഒരു തായ്വേര് കൂടുതൽ കൂടുതൽ അടിയിലേക്കു വളരുന്നതും നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടം കൂടുതൽ കൂടുതൽ മുകളിലേക്ക് ഉയരുന്നതും എങ്ങനെയെന്നു വിചിന്തനം ചെയ്യുക. അതുകൊണ്ട് ക്രിസ്തുവിനോട് ഒപ്പമുള്ള നമ്മുടെ നടത്തം ഒരിക്കലും അവസാനിക്കുന്നില്ല. ആത്മീയമായി വളർച്ച പ്രാപിക്കാൻ അനേകം മണ്ഡലങ്ങൾ ഉണ്ട്. യഹോവ നമ്മെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. കാരണം, നാം അവനോടും അവന്റെ പ്രിയപുത്രനോടും ഒപ്പം നടക്കുന്നതിൽ എന്നും തുടരണം എന്നുള്ളതാണ് അവന്റെ ആഗ്രഹം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ ക്രിസ്തുവിനോടുള്ള ഐക്യത്തിൽ നടക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
□ ‘ക്രിസ്തുവിൽ വേരൂന്നി’യിരിക്കുകയെന്നാൽ അർഥമെന്ത്?
□ നാം ‘ക്രിസ്തുവിൽ പണിതുയർത്തപ്പെ’ട്ടേക്കാവുന്നത് എങ്ങനെ?
□ “വിശ്വാസത്തിൽ സ്ഥിരതയുള്ളവരാ”യിക്കേണ്ടത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
□ ‘നന്ദി നൽകുന്നതിൽ നിറഞ്ഞുകവി’യാൻ നമുക്ക് എന്തു കാരണങ്ങളുണ്ട്?
[10-ാം പേജിലെ ചിത്രം]
വൃക്ഷത്തിന്റെ വേരുകൾ ദൃശ്യമല്ലായിരിക്കാം, എന്നാൽ അവ വൃക്ഷത്തിന് പോഷണം ലഭ്യമാക്കുകയും അതിനെ ദൃഢമായി ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നു