“നിന്റെ ഹൃദയം എന്നോടു നേരുള്ളതോ?”
“എന്നോടൊപ്പം വന്ന്, യഹോവയോടുള്ള യാതൊരു മത്സരവും ഞാൻ വെച്ചുപൊറുപ്പിക്കാതിരിക്കുന്നത് കാണുക.”—2 രാജാക്കന്മാർ 10:16, NW.
1, 2. (എ) ഇസ്രായേലിലെ മതപരമായ സാഹചര്യം അടിക്കടി മോശമായതെങ്ങനെ? (ബി) പൊ.യു.മു. 905-ൽ ഇസ്രായേലിൽ ഏത് വമ്പിച്ച മാറ്റങ്ങൾ സംഭവിക്കാൻ പോകുകയായിരുന്നു?
പൊ.യു.മു. 905 എന്ന വർഷം ഇസ്രായേലിൽ ഒരു വലിയ മാറ്റത്തിന്റെ കാലമായിരുന്നു. ഏകദേശം 100 വർഷം മുമ്പ്, ശലോമോന്റെ വിശ്വാസത്യാഗം നിമിത്തം ഏകീകൃത ഇസ്രായേൽ രാജ്യം വിഭജിക്കപ്പെടാൻ യഹോവ ഇടയാക്കിയിരുന്നു. (1 രാജാക്കന്മാർ 11:9-13) അങ്ങനെ ശലോമോന്റെ പുത്രനായ രെഹബെയാം തെക്കേ രാജ്യമായ യഹൂദ ഭരിച്ചപ്പോൾ, വടക്കേ രാജ്യമായ ഇസ്രായേൽ എഫ്രയീമ്യനായ യൊരോബെയാമിന്റെ കീഴിലായി. സങ്കടകരമെന്നു പറയട്ടെ, വടക്കേ രാജ്യത്തിന്റെ തുടക്കം വിപത്കരമായിരുന്നു. ആലയത്തിൽ ആരാധന നടത്താൻവേണ്ടി തന്റെ പ്രജകൾ തെക്കേ രാജ്യത്തേക്ക് പോകുന്നത് യൊരോബെയാമിന് ഇഷ്ടമായിരുന്നില്ല. കാരണം അവർ ദാവീദ്ഗൃഹത്തിലേക്കു മടങ്ങിപ്പോയേക്കുമെന്ന് അവൻ ഭയപ്പെട്ടു. അതുകൊണ്ട്, അവൻ ഇസ്രായേലിൽ കാളക്കുട്ടിയാരാധന നടപ്പിലാക്കി. അങ്ങനെ, ഒരു പരിധിവരെ വടക്കേ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം നിലനിന്നിരുന്ന ഒരു വിഗ്രഹാരാധനാ സമ്പ്രദായത്തിന് അവൻ തുടക്കമിട്ടു.—1 രാജാക്കന്മാർ 12:26-33.
2 ഒമ്രിയുടെ പുത്രനായ ആഹാബ് രാജാവായപ്പോൾ കാര്യങ്ങൾ കുറെക്കൂടെ വഷളായി. അവന്റെ വിദേശ ഭാര്യയായ ഈസേബെൽ ബാൽ ആരാധനയെ പ്രോത്സാഹിപ്പിക്കുകയും യഹോവയുടെ പ്രവാചകന്മാരെ കൊല്ലുകയും ചെയ്തു. പ്രവാചകനായ ഏലീയാവ് വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടും ആഹാബ് അവളെ തടയാൻ യാതൊന്നും ചെയ്തില്ല. എന്നാൽ, പൊ.യു.മു. 905-ൽ ആഹാബ് മരിക്കുകയും അവന്റെ പുത്രനായ യോരാം ഭരണം ഏറ്റെടുക്കുകയും ചെയ്തു. ദേശം ശുദ്ധീകരിക്കപ്പെടേണ്ട സമയം ഇപ്പോഴായിരുന്നു. സൈനിക മേധാവിയായ യേഹൂവിനെ ഇസ്രായേലിന്റെ അടുത്ത രാജാവെന്നനിലയിൽ യഹോവ അഭിഷേകം ചെയ്യുകയാണെന്ന് ഏലീയാവിന്റെ പിൻഗാമിയായ എലീശാ യേഹൂവിനെ അറിയിച്ചു. അവന്റെ നിയോഗമോ? പാപഗ്രസ്തമായ ആഹാബ്ഗൃഹത്തെ നിഗ്രഹിച്ച്, ഈസേബെൽ ചിന്തിയ പ്രവാചകന്മാരുടെ രക്തത്തിന് പ്രതികാരം ചെയ്യുക!—2 രാജാക്കന്മാർ 9:1-10.
3, 4. തന്റെ ഹൃദയം ‘യേഹൂവിന്റെ ഹൃദയത്തോട് നേരുള്ളതാ’ണെന്ന് യോനാദാബ് പ്രകടമാക്കിയതെങ്ങനെ?
3 ദൈവത്തിന്റെ കൽപ്പന അനുസരിച്ചുകൊണ്ട് യേഹൂ ദുഷ്ടയായ ഈസേബെലിനെ കൊല്ലിച്ചു. അതിനുശേഷം ആഹാബ്ഗൃഹത്തെ നിഗ്രഹിച്ചുകൊണ്ട് യേഹൂ ഇസ്രായേലിനെ ശുദ്ധീകരിക്കാൻ തുടങ്ങി. (2 രാജാക്കന്മാർ 9:15–10:14, 17) അപ്പോൾ, തനിക്കു പിന്തുണയേകുന്ന ഒരുവനെ അവൻ കണ്ടുമുട്ടി. “അവൻ തന്നെ എതിരേൽപ്പാൻ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു. അവൻ അവനെ വന്ദനം ചെയ്തപ്പോൾ, അവൻ അവനോടു പറഞ്ഞു: ‘എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു നേരുള്ളതായിരിക്കുന്നതുപോലെ നിന്റെ ഹൃദയം എന്നോട് നേരുള്ളതോ?’ അതിനു യോനാദാബ് ‘അതേ’ എന്ന് മറുപടി പറഞ്ഞു. ‘അങ്ങനെയെങ്കിൽ കൈ തരിക.’ അവൻ കൈ കൊടുത്തു. അപ്പോൾ അവൻ അവനെ തന്നോടൊപ്പം രഥത്തിൽ കയറ്റി. എന്നിട്ട് അവൻ പറഞ്ഞു: ‘എന്നോടൊപ്പം വന്ന്, യഹോവയോടുള്ള യാതൊരു മത്സരവും ഞാൻ വെച്ചുപൊറുപ്പിക്കാതിരിക്കുന്നത് കാണുക.’ അങ്ങനെ അവനെ യുദ്ധരഥത്തിൽ കയറ്റി അവർ അവനെയുംകൊണ്ട് രഥമോടിച്ചു പോയി.”—2 രാജാക്കന്മാർ 10:15, 16, NW.
4 യോനാദാബ് (അല്ലെങ്കിൽ, യഹോനാദാബ്) ഒരു ഇസ്രായേല്യൻ അല്ലായിരുന്നു. എന്നിരുന്നാലും, തന്റെ പേരിനോടുള്ള ചേർച്ചയിൽ (“യഹോവ മനസ്സൊരുക്കമുള്ളവനാകുന്നു” എന്നോ “യഹോവ ശ്രേഷ്ഠനാകുന്നു” എന്നോ “യഹോവ ഔദാര്യമുള്ളവനാകുന്നു” എന്നോ ആണ് ആ പേരിന്റെ അർഥം) അവൻ യഹോവയുടെ ആരാധകനായിരുന്നു. (യിരെമ്യാവു 35:6) യേഹൂ ‘യഹോവയോടുള്ള യാതൊരു മത്സരവും വെച്ചുപൊറുപ്പിക്കാതിരിക്കുന്നത്’ കാണുന്നതിൽ അവന് നിശ്ചയമായും അസാധാരണമായ താത്പര്യമുണ്ടായിരുന്നു. നമുക്കത് എങ്ങനെ അറിയാം? ഇസ്രായേലിന്റെ അഭിഷിക്ത രാജാവുമായുള്ള അവന്റെ കൂടിക്കാഴ്ച യാദൃച്ഛികമായിരുന്നില്ല. യോനാദാബ് അവനെ ‘എതിരേൽപ്പാൻ വരുക’യായിരുന്നു. യേഹൂ ഈസേബെലിനെയും ആഹാബ്ഗൃഹത്തിലെ മറ്റുള്ളവരെയും വധിച്ചശേഷമായിരുന്നു ഈ കൂടിക്കാഴ്ച. രഥത്തിൽ കയറാനുള്ള യേഹൂവിന്റെ ക്ഷണം സ്വീകരിച്ചപ്പോൾ, സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ച് യോനാദാബിന് അറിയാമായിരുന്നു. വ്യാജാരാധനയും സത്യാരാധനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ അവൻ നിസ്സംശയമായും യേഹൂവിന്റെ—യഹോവയുടെയും—പക്ഷത്തായിരുന്നു.
ആധുനികകാല യേഹൂവും യോനാദാബും
5. (എ) മുഴു മനുഷ്യവർഗത്തെയും സംബന്ധിച്ചിടത്തോളം ഏത് മാറ്റങ്ങൾ പെട്ടെന്നുതന്നെ സംഭവിക്കും? (ബി) ആരാണ് വലിയ യേഹൂ, ഭൂമിയിൽ അവനെ പ്രതിനിധാനം ചെയ്യുന്നത് ആരാണ്?
5 പൊ.യു.മു. 905-ൽ ഇസ്രായേലിൽ സംഭവിച്ചതുപോലെ, ഇന്നു മുഴു മനുഷ്യവർഗത്തെയും സംബന്ധിച്ചിടത്തോളം കാര്യങ്ങൾക്കു പെട്ടെന്നുതന്നെ സമൂലമായ മാറ്റമുണ്ടാകും. വ്യാജമതം ഉൾപ്പെടെയുള്ള, സാത്താന്യ സ്വാധീനത്തിന്റെ സമസ്ത ദുഷ്ഫലങ്ങളിൽനിന്നും യഹോവ ഭൂമിയെ ശുദ്ധീകരിക്കുന്ന സമയം ആസന്നമായിരിക്കുന്നു. ആരാണ് ആധുനികകാല യേഹൂ? യേശുക്രിസ്തുവല്ലാതെ മറ്റാരുമല്ല. പിൻവരുന്ന പ്രാവചനിക വാക്കുകൾ അവനെ സംബോധന ചെയ്യുന്നു: “വീരനായുള്ളോവേ, നിന്റെ വാൾ അരെക്കുകെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ. സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക.” (സങ്കീർത്തനം 45:3, 4) “ദൈവകൽപ്പന പ്രമാണിക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുകയെന്ന വേലയുള്ളവരുമായ” “ദൈവത്തിന്റെ യിസ്രായേ”ൽ ഭൂമിയിൽ യേശുവിനെ പ്രതിനിധാനം ചെയ്യുന്നു. (വെളിപ്പാടു 12:17, NW; ഗലാത്യർ 6:16) യേശുവിന്റെ ഈ അഭിഷിക്ത സഹോദരന്മാർ 1922 മുതൽ യഹോവയുടെ ആസന്നമായ ന്യായവിധി നടപടികളെക്കുറിച്ച് നിർഭയം മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.—യെശയ്യാവു 61:1, 2; വെളിപ്പാടു 8:7–9:21; 16:2-21.
6. അഭിഷിക്ത ക്രിസ്ത്യാനികളെ പിന്തുണയ്ക്കാൻ ജനതകളിൽനിന്ന് ആർ പുറത്തുവന്നിരിക്കുന്നു, ആലങ്കാരികമായി പറഞ്ഞാൽ, വലിയ യേഹൂവിന്റെ രഥത്തിൽ അവർ കയറിയിരിക്കുന്നതെങ്ങനെ?
6 അഭിഷിക്ത ക്രിസ്ത്യാനികൾ ഒറ്റയ്ക്കായിരുന്നിട്ടില്ല. യേഹൂവിനെ കണ്ടുമുട്ടാനായി യോനാദാബ് വന്നതുപോലെ, സത്യാരാധനയ്ക്കുവേണ്ടിയുള്ള തങ്ങളുടെ നിലപാടിൽ വലിയ യേഹൂവായ യേശുവിനെയും അവന്റെ ഭൗമിക പ്രതിനിധികളെയും പിന്തുണയ്ക്കാൻ ജനതകളിൽനിന്നുള്ള അനേകർ പുറത്തുവന്നിരിക്കുന്നു. (സെഖര്യാവു 8:23) തന്റെ “വേറെ ആടുകൾ” എന്ന് യേശു വിളിച്ച അവർ 1932-ൽ, പുരാതനകാലത്തെ യോനാദാബിന്റെ ആധുനികകാല സമാന്തരമായി തിരിച്ചറിയിക്കപ്പെടുകയും ആധുനികകാല യേഹൂവിന്റെ ‘രഥത്തിൽ കയറാൻ’ ക്ഷണിക്കപ്പെടുകയും ചെയ്തു. (യോഹന്നാൻ 10:16) എങ്ങനെ? “ദൈവകൽപ്പന പ്രമാണിക്കു”കയും “യേശുവിനു സാക്ഷ്യം വഹിക്കുകയെന്ന വേല”യിൽ അഭിഷിക്തരോടൊപ്പം പങ്കെടുക്കുകയും ചെയ്തുകൊണ്ട്. ആധുനിക കാലങ്ങളിൽ, യേശു രാജാവായുള്ള ദൈവത്തിന്റെ സ്ഥാപിത രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുന്നത് അതിൽ ഉൾപ്പെടുന്നു. (മർക്കൊസ് 13:10) 1935-ൽ ഈ “യോനാദാബുകൾ” വെളിപ്പാടു 7:9-17-ലെ “മഹാപുരുഷാര”മായി തിരിച്ചറിയിക്കപ്പെട്ടു.
7. യേശുവിന്റെ ഹൃദയത്തോട് ‘തങ്ങളുടെ ഹൃദയം ഇപ്പോഴും നേരുള്ളതാണെന്ന്’ ഇന്നു ക്രിസ്ത്യാനികൾ പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
7 1930-കൾമുതൽ മഹാപുരുഷാരവും അവരുടെ അഭിഷിക്ത സഹോദരന്മാരും സത്യാരാധനയ്ക്കുള്ള തങ്ങളുടെ പിന്തുണ ധൈര്യപൂർവം തെളിയിച്ചിരിക്കുന്നു. പൂർവ-പശ്ചിമ യൂറോപ്പിലെയും വിദൂരപൗരസ്ത്യ ദേശത്തെയും ആഫ്രിക്കയിലെയും ചില രാജ്യങ്ങളിൽ, അവരിൽ പലരും തങ്ങളുടെ വിശ്വാസത്തെപ്രതി മരണം വരിച്ചിട്ടുണ്ട്. (ലൂക്കൊസ് 9:23, 24) മറ്റു ചില രാജ്യങ്ങളിൽ അവർ തടവിലാക്കപ്പെടുകയോ ജനക്കൂട്ടത്താൽ ആക്രമിക്കപ്പെടുകയോ മറ്റു വിധങ്ങളിൽ പീഡിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. (2 തിമൊഥെയൊസ് 3:12) വിശ്വാസത്തിന്റെ എത്ര മഹത്തായൊരു ചരിത്രമാണ് അവർക്കുള്ളത്? എന്തുതന്നെ സംഭവിച്ചാലും, ദൈവത്തെ സേവിക്കാൻ അവർ ഇപ്പോഴും ദൃഢനിശ്ചയമുള്ളവരാണെന്ന് 1997 സേവന വർഷത്തെ റിപ്പോർട്ട് പ്രകടമാക്കുന്നു. യേശുവിന്റെ ഹൃദയത്തോട് ‘അവരുടെ ഹൃദയം ഇപ്പോഴും നേരുള്ളതാണ്.’ 1997-ൽ, യേശുവിനു സാക്ഷ്യം വഹിക്കുന്ന വേലയിൽ 55,99,931 രാജ്യപ്രസാധകർ—അവരിൽ മിക്കവരും ‘യോനാദാബുകളാണ്’—മൊത്തം 117,97,35,841 മണിക്കൂർ ചെലവഴിച്ചപ്പോൾ അതു പ്രകടമായി.
ഇപ്പോഴും സതീക്ഷ്ണം പ്രസംഗിക്കുന്നു
8. യഹോവയുടെ സാക്ഷികൾ സത്യാരാധനയോട് തീക്ഷ്ണത പ്രകടമാക്കുന്നതെങ്ങനെ?
8 അതിവേഗത്തിൽ രഥം ഓടിക്കുന്നവൻ എന്ന ഖ്യാതി യേഹൂവിനുണ്ടായിരുന്നു. തന്റെ കർത്തവ്യം നിർവഹിക്കാനുള്ള അവന്റെ തീക്ഷ്ണതയുടെ തെളിവായിരുന്നു അത്. (2 രാജാക്കന്മാർ 9:20) വലിയ യേഹൂവായ യേശുവിന്റെ തീക്ഷ്ണത അവനെ ‘തിന്നുകളഞ്ഞ’തായി വർണിക്കപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 69:9) അപ്പോൾ, ഇന്നത്തെ സത്യക്രിസ്ത്യാനികൾ തങ്ങളുടെ തീക്ഷ്ണതയെപ്രതി ശ്രദ്ധേയരായിരിക്കുന്നതിൽ അതിശയിക്കാനില്ല. “അനുകൂലകാലത്തും പ്രതികൂലകാലത്തും അടിയന്തിരതയോടെ” സഭയിലും പൊതുജനങ്ങളോടും അവർ “വചനം പ്രസംഗിക്കു”ന്നു. (2 തിമൊഥെയൊസ് 4:2, NW) സാധിക്കുന്നത്ര ആളുകളോട് സഹായപയനിയർ സേവനത്തിൽ പങ്കുപറ്റാൻ നമ്മുടെ രാജ്യ ശുശ്രൂഷയിലെ ഒരു ലേഖനം പ്രോത്സാഹനം നൽകിയതിനെത്തുടർന്ന് 1997-ന്റെ ആദ്യഭാഗത്ത് അവരുടെ തീക്ഷ്ണത വിശേഷാൽ പ്രകടമായി. ഓരോ രാജ്യവും സഹായപയനിയർമാരുടെ എണ്ണത്തിൽ ഒരു ലക്ഷ്യംവെച്ചു. എന്തായിരുന്നു പ്രതികരണം? തികച്ചും ശ്രദ്ധേയം! മിക്ക ബ്രാഞ്ചുകളിലും ലക്ഷ്യം കവിഞ്ഞു. ഇക്വഡോർ ലക്ഷ്യംവെച്ചത് 4,000-മാണെങ്കിലും മാർച്ചിൽ 6,936 സഹായപയനിയർമാരെ റിപ്പോർട്ടു ചെയ്തു. ആ മൂന്നു മാസങ്ങളിലായി ജപ്പാൻ മൊത്തം 1,04,215 സഹായപയനിയർമാരെ റിപ്പോർട്ടുചെയ്തു. ലക്ഷ്യം 6,000 ആയിരുന്ന സാംബിയ, മാർച്ചിൽ 6,414-ഉം ഏപ്രിലിൽ 6,532-ഉം മേയിൽ 7,695-ഉം സഹായപയനിയർമാരെ റിപ്പോർട്ടു ചെയ്തു. ഭൂവ്യാപകമായി, സഹായപയനിയർമാരുടെയും നിരന്തരപയനിയർമാരുടെയും മൊത്തം അത്യുച്ചം 11,10,251 ആയിരുന്നു, 1996-നെ അപേക്ഷിച്ച് 34.2 ശതമാനം വർധനവ്!
9. ആളുകളെ കണ്ടെത്തി സുവാർത്ത അറിയിക്കുന്നതിനായി വീടുതോറുമുള്ള വേലയ്ക്കു പുറമേ യഹോവയുടെ സാക്ഷികൾ മറ്റേതെല്ലാം മാർഗങ്ങൾ അവലംബിക്കുന്നു?
9 എഫെസൊസിൽനിന്നുള്ള മൂപ്പന്മാരോട് അപ്പോസ്തലനായ പൗലൊസ് പറഞ്ഞു: “[ഞാൻ] പ്രയോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു.” (പ്രവൃത്തികൾ 20:20) പൗലൊസിന്റെ ദൃഷ്ടാന്തം അനുകരിച്ചുകൊണ്ട് ഇന്ന് യഹോവയുടെ സാക്ഷികൾ വീടുതോറും തീക്ഷ്ണതയോടെ സുവാർത്ത പ്രസംഗിക്കുന്നു. എന്നാൽ, ആളുകളെ തങ്ങളുടെ വീടുകളിൽ കണ്ടെത്തുക എളുപ്പമല്ലായിരിക്കാം. അതുകൊണ്ട്, ബിസിനസ് സ്ഥലങ്ങൾ, തെരുവുകൾ, കടൽപ്പുറങ്ങൾ, പൊതു പാർക്കുകൾ എന്നിങ്ങനെ ആളുകളെ കണ്ടെത്താവുന്നിടങ്ങളിലെല്ലാം അവരെ സമീപിക്കാൻ “വിശ്വസ്തനും വിവേകിയുമായ അടിമ” രാജ്യപ്രസാധകരെ പ്രോത്സാഹിപ്പിക്കുന്നു. (മത്തായി 24:45-47, NW) ഇത് വളരെനല്ല ഫലങ്ങൾ പുറപ്പെടുവിച്ചു.
10, 11. സാധാരണമായി വീടുകളിൽവെച്ചു കണ്ടുമുട്ടാൻ കഴിയാത്ത താത്പര്യക്കാരുമായി ബന്ധപ്പെടുന്നതിൽ രണ്ടു രാജ്യങ്ങളിലെ പ്രസാധകർ നന്നായി മുൻകൈയെടുത്തതെങ്ങനെ?
10 ഡെൻമാർക്കിലെ കോപ്പെൻഹേഗനിൽ ചെറിയൊരുകൂട്ടം പ്രസാധകർ റെയിൽവേസ്റ്റേഷനുകൾക്കു വെളിയിലുള്ള തെരുവുകളിൽ സാക്ഷീകരണം നടത്തി. ജനുവരിമുതൽ ജൂൺവരെയുള്ള കാലയളവിൽ അവർ 4,733 മാസികകൾ സമർപ്പിക്കുകയും ഒട്ടേറെപ്പേരോടു സംസാരിക്കുകയും അനേകം മടക്കസന്ദർശനങ്ങൾ നടത്തുകയും ചെയ്തു. ആ പ്രദേശത്തുള്ള നിരവധി പ്രസാധകർ കടകളിൽ മാസികാ റൂട്ടുകൾ സ്ഥാപിച്ചിരിക്കുന്നു. ഒരു പട്ടണത്തിൽ, ചന്തദിവസം—വെള്ളിയാഴ്ചതോറും—ആയിരക്കണക്കിന് ആളുകൾ എത്താറുണ്ട്. അതുകൊണ്ട്, സഭ അവിടെ പതിവായി സാക്ഷീകരണം ക്രമീകരിക്കുകയുണ്ടായി. ഒരു സ്ഥലത്ത്, വിശേഷിച്ചും സ്കൂൾ അധ്യാപകർക്കു യോജിക്കുന്ന പ്രസിദ്ധീകരണങ്ങൾ അടങ്ങിയ പായ്ക്കറ്റുകളുമായി പ്രസാധകർ സ്കൂളുകൾ സന്ദർശിച്ചു.
11 വീടുകളിൽ കണ്ടെത്താൻ കഴിയാത്തവരെ സമീപിക്കുന്നതിന് ഹവായിയിലും ശ്രമങ്ങൾ നടത്തിയിരിക്കുന്നു. പൊതു സ്ഥലങ്ങൾ (തെരുവുകൾ, പാർക്കുകൾ, പാർക്കിങ് സ്ഥലങ്ങൾ, ബസ്സ്റ്റോപ്പുകൾ തുടങ്ങിയവ), വാണിജ്യകേന്ദ്രങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, ടെലഫോൺ സാക്ഷീകരണം, പൊതു ഗതാഗതം (ബസ്സുകളിൽ പ്രസംഗിക്കുന്നത്), കോളെജ് കാമ്പസുകൾ എന്നിവ പ്രത്യേക പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ഓരോ പ്രദേശത്തേക്കും വേണ്ടത്ര സാക്ഷികൾ നിയമിക്കപ്പെടുന്നുവെന്നും അവർ ഉചിതമായി പരിശീലിപ്പിക്കപ്പെടുന്നുവെന്നും സഭ ഉറപ്പുവരുത്തുന്നു. ഇതിനോടു സമാനമായ, സുസംഘടിത ഉദ്യമങ്ങളെക്കുറിച്ച് അനേകം രാജ്യങ്ങളിൽനിന്ന് റിപ്പോർട്ടു ലഭിച്ചിരിക്കുന്നു. തത്ഫലമായി, വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത താത്പര്യക്കാരുമായി ബന്ധപ്പെടാൻ സാധിക്കുന്നു.
ഉറച്ചുനിൽക്കുന്നു
12, 13. (എ) 1997-ൽ യഹോവയുടെ സാക്ഷികൾക്കെതിരെ സാത്താൻ ഏതു തന്ത്രം പ്രയോഗിച്ചു? (ബി) ഒരു രാജ്യത്ത്, നുണപ്രചരണം വിപരീത ഫലമുളവാക്കിയതെങ്ങനെ?
12 1997-ൽ നിരവധി രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾ ദ്രോഹകരമായ നുണപ്രചരണങ്ങളുടെ ഇരകളായിരുന്നു. അവർക്കെതിരെ സാധ്യമായ നിയമനടപടികൾ കൈക്കൊള്ളുകയെന്ന പ്രത്യക്ഷ ലക്ഷ്യത്തോടെയായിരുന്നു അത്തരം പ്രവർത്തനങ്ങൾ നടന്നത്. എന്നാൽ അവർ ഉറച്ചുനിന്നു! (സങ്കീർത്തനം 112:7, 8) അവർ സങ്കീർത്തനക്കാരന്റെ പ്രാർഥന ഓർമിച്ചു: “അഹങ്കാരികൾ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.” (സങ്കീർത്തനം 119:69) യേശു പ്രവചിച്ചതുപോലെ സത്യ ക്രിസ്ത്യാനികൾ ദ്വേഷിക്കപ്പെടുന്നതിന്റെ ഒരു തെളിവുമാത്രമാണ് അത്തരം നുണപ്രചരണങ്ങൾ. (മത്തായി 24:9) ചിലപ്പോൾ അവ വിപരീത ഫലങ്ങളും ഉളവാക്കിയിട്ടുണ്ട്. ബെൽജിയത്തിലുള്ള ഒരാൾ പ്രസിദ്ധമായൊരു ദിനപ്പത്രത്തിൽ യഹോവയുടെ സാക്ഷികളെ അവഹേളിക്കുന്ന ഒരു ലേഖനം വായിച്ചു. ആ അപവാദങ്ങളിൽ നടുങ്ങിപ്പോയ അദ്ദേഹം തുടർന്നുവന്ന ഞായറാഴ്ച രാജ്യഹാളിൽ ഒരു യോഗത്തിനു ഹാജരായി. സാക്ഷികളുമായി ബൈബിൾ പഠിക്കാൻ അദ്ദേഹം ക്രമീകരിക്കുകയും പെട്ടെന്നു പുരോഗതി വരുത്തുകയും ചെയ്തു. മുമ്പ് ഈ വ്യക്തി ഒരു സാമൂഹികവിരുദ്ധ സംഘത്തിലെ അംഗമായിരുന്നു. തന്റെ ജീവിതം നേരേയാക്കാൻ ബൈബിൾ പഠനം അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹത്തിനു ചുറ്റുമുള്ള ആളുകൾ അതു നിരീക്ഷിച്ചു. അത്തരമൊരു ഫലം ആ അവഹേളനപരമായ ലേഖനത്തിന്റെ എഴുത്തുകാരന്റെ മനസ്സിൽ തീർച്ചയായും ഉണ്ടായിരുന്നില്ല!
13 ബെൽജിയത്തിലെ ചില ആത്മാർഥഹൃദയരായ ആളുകൾ വഞ്ചകമായ അത്തരം പ്രചരണങ്ങൾക്കെതിരെ തുറന്നു സംസാരിച്ചിട്ടുണ്ട്. യഹോവയുടെ സാക്ഷികൾ ചെയ്തിരിക്കുന്ന കാര്യങ്ങളെ താൻ അങ്ങേയറ്റം പ്രശംസിക്കുന്നതായി സമ്മതിച്ച ഒരു മുൻ പ്രധാനമന്ത്രിയും അവരിൽ ഉൾപ്പെട്ടിരുന്നു. നിയമനിർമാണ സഭയുടെ അധോമണ്ഡലത്തിലെ ഒരംഗം എഴുതി: “ചിലയവസരങ്ങളിൽ [യഹോവയുടെ സാക്ഷികൾക്കെതിരെ] അപലപനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അവർ രാഷ്ട്രത്തിന് ഏറ്റവും നിസ്സാരമായ ഒരപകടംപോലും വരുത്തുന്നതായി എനിക്കു തോന്നുന്നില്ല. അവർ സമാധാന സ്നേഹികളും മനസ്സാക്ഷിയുള്ളവരും അധികാരികളോട് ആദരവുള്ളവരുമായ പൗരന്മാരാണ്.” അപ്പോസ്തലനായ പത്രൊസിന്റെ വാക്കുകൾ തീർച്ചയായും ജ്ഞാനപൂർവകമാണ്: “ജാതികൾ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.”—1 പത്രൊസ് 2:11, 12.
ശ്രദ്ധേയമായൊരു സ്മാരകാഘോഷം
14. 1997-ലെ സ്മാരക ഹാജർ സംബന്ധിച്ച പുളകപ്രദമായ ചില റിപ്പോർട്ടുകൾ ഏവ?
14 യേശുവിന് സാക്ഷ്യം വഹിക്കുന്നവർ അവന്റെ മരണത്തിന്റെ സ്മാരകത്തെ വർഷത്തിലെ ഒരു സുപ്രധാന സംഭവമായി വീക്ഷിക്കുന്നത് ഉചിതമാണ്. 1997-ൽ, അത് ആഘോഷിക്കുന്നതിനായി മാർച്ച് 23-ന് 1,43,22,226 പേർ ഹാജരായി. 1996-നെ അപേക്ഷിച്ച് 14,00,000-ത്തിലധികം പേർ കൂടുതൽ. (ലൂക്കൊസ് 22:14-20) ഒട്ടനവധി രാജ്യങ്ങളിൽ സ്മാരക ഹാജർ രാജ്യപ്രസാധകരുടെ എണ്ണത്തെക്കാൾ വളരെക്കൂടുതലായിരുന്നു. ഭാവി വർധനവിന് നല്ല സാധ്യതകളുണ്ടെന്ന് ഇതു പ്രകടമാക്കുന്നു. ദൃഷ്ടാന്തത്തിന്, 1997-ൽ ഹെയ്റ്റിയിൽ 10,621 പ്രസാധകരുടെ ഒരത്യുച്ചമുണ്ടായിരുന്നു, അതേസമയം 67,259 പേർ സസ്മാരകത്തിന് ഹാജരായി. മറ്റ് എത്ര രാജ്യങ്ങൾക്ക് പ്രസാധകരുടെ എണ്ണത്തോടുള്ള താരതമ്യത്തിൽ സമാനമായ ഉയർന്ന സ്മാരക ഹാജർ ഉണ്ടായിരുന്നുവെന്ന് 18 മുതൽ 21 വരെയുള്ള പേജുകളിലെ വാർഷിക റിപ്പോർട്ട് പരിശോധിച്ച് നിങ്ങൾക്കു കണ്ടെത്താവുന്നതാണ്.
15. സ്മാരകം ആഘോഷിക്കുന്നതിനായി ചില രാജ്യങ്ങളിൽ നമ്മുടെ സഹോദരന്മാർ ഗുരുതരമായ പ്രശ്നങ്ങളെ തരണം ചെയ്തതെങ്ങനെ?
15 സ്മാരകത്തിനു ഹാജരാകുന്നതു ചിലർക്ക് എളുപ്പമല്ലായിരുന്നു. അൽബേനിയയിൽ ആഭ്യന്തര സംഘർഷം നിമിത്തം രാത്രി ഏഴു മണിക്കു കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. രാജ്യമെമ്പാടുമുള്ള 115 ചെറിയ കൂട്ടങ്ങളിൽ വൈകുന്നേരം 5:45-ന് സ്മാരകം തുടങ്ങി. നീസാൻ 14-ന് തുടക്കം കുറിച്ചുകൊണ്ട് വൈകുന്നേരം 6:08-ന് സൂര്യൻ അസ്തമിച്ചു. ഏകദേശം 6:15-ന് ചിഹ്നങ്ങൾ കൈമാറി. മിക്ക സ്ഥലങ്ങളിലും വൈകുന്നേരം 6:30-ഓടെ സമാപനപ്രാർഥന നടത്തി. ഹാജരായിരുന്നവർ കർഫ്യൂവിനു മുമ്പായി തങ്ങളുടെ വീടുകളിലേക്കു തിരക്കിട്ടോടി. സാഹചര്യം ഇതായിരുന്നെങ്കിലും, പ്രസാധക അത്യുച്ചമായ 1,090-നോടുള്ള താരതമ്യത്തിൽ സ്മാരക ഹാജർ 3,154 ആയിരുന്നു. ഒരു ആഫ്രിക്കൻ രാജ്യത്ത് ആഭ്യന്തര സംഘർഷം മൂലം രാജ്യഹാളിൽ എത്തിച്ചേരുക സാധ്യമായിരുന്നില്ല. അതുകൊണ്ട് ചെറിയ കൂട്ടങ്ങളായി സ്മാരകം ആഘോഷിക്കാൻ ക്രമീകരിക്കുന്നതിന് മറ്റൊരു മൂപ്പന്റെ വീട്ടിൽ ഒത്തുകൂടാൻ രണ്ടു മൂപ്പന്മാർ തീരുമാനിച്ചു. അവിടെ എത്താൻ ആ മൂപ്പന്മാർക്ക് ഒരു അഴുക്കുചാൽ കുറുകെ കടക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, ആ ഭാഗത്ത് പോരാട്ടം നടക്കുകയായിരുന്നു. ഒളിപ്പോരാളികൾ അഴുക്കുചാൽ കുറുകെ കടക്കുന്ന ഏതൊരുവനുനേരേയും നിറയൊഴിച്ചിരുന്നു. ഒരു മൂപ്പൻ കുഴപ്പമൊന്നും കൂടാതെ വേഗത്തിൽ അക്കര കടന്നു. മറ്റേ മൂപ്പൻ കുറുകെ കടക്കവേ വെടിയൊച്ച കേട്ടു. അദ്ദേഹം നിലത്തേക്കു വീണ് സുരക്ഷിത സ്ഥാനത്തേക്ക് ഇഴഞ്ഞുനീങ്ങവേ വെടിയുണ്ടകൾ തലയ്ക്കുമീതെ ചീറിപ്പാഞ്ഞു. മൂപ്പന്മാരുടെ യോഗം വിജയകരമായി നടന്നു, സഭയുടെ ആവശ്യങ്ങൾക്കു ശ്രദ്ധ നൽകാനും കഴിഞ്ഞു.
‘സകല ജാതികളിലും ഗോത്രങ്ങളിലും ഭാഷകളിലും നിന്ന്’
16. ചെറിയ ഭാഷാക്കൂട്ടങ്ങളുടെ ഇടയിൽ സുവാർത്ത വ്യാപിപ്പിക്കുന്നതിനായി വിശ്വസ്തനും വിവേകിയുമായ അടിമ ക്രമീകരണം ചെയ്തിരിക്കുന്നതെങ്ങനെ?
16 “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു” ഒരു മഹാപുരുഷാരം വരുമെന്ന് അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞു. (വെളിപ്പാടു 7:9) അതുകൊണ്ട്, വിദൂരദേശങ്ങളിലെ ഗോത്രങ്ങളും ചെറുകൂട്ടങ്ങളും സംസാരിക്കുന്ന ഭാഷകൾ ഉൾപ്പെടെ അധികമധികം ഭാഷകളിൽ സാഹിത്യം ലഭ്യമാക്കാൻ ഭരണസംഘം ക്രമീകരണം ചെയ്യുന്നു. ദൃഷ്ടാന്തത്തിന് മൊസാമ്പിക്കിൽ കൂടുതലായ അഞ്ചു ഭാഷകളിൽ, സമാധാനപൂർണമായ ഒരു ലോകത്തിലെ ജീവിതം എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചു. നിക്കരാഗ്വയിൽ, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രിക മിസ്ക്കിറ്റോ ഭാഷയിൽ ലഭ്യമാക്കി. ആ ഭാഷയിലുള്ള വാച്ച് ടവർ സൊസൈറ്റിയുടെ ആദ്യത്തെ പ്രസിദ്ധീകരണമായിരുന്നു അത്. തങ്ങളുടെ ഭാഷയിൽ ഒരു പ്രസിദ്ധീകരണം കാണുന്നതിലുള്ള സന്തോഷത്തോടെ അനേകം മിസ്ക്കിറ്റോ ഇന്ത്യക്കാർ ആ ലഘുപത്രിക സ്വീകരിച്ചു. 1997-ൽ 25 ഭാഷകളിൽകൂടി സാഹിത്യം പ്രസിദ്ധീകരിക്കാൻ സൊസൈറ്റി അംഗീകാരം നൽകുകയും 100 കോടിയിലധികം മാസികകൾ അച്ചടിക്കുകയും ചെയ്തു.
17. കൊറിയയിൽ ഏതു ഭാഷാക്കൂട്ടത്തിനു സഹായം ലഭിച്ചു, ഈ ജനവിഭാഗത്തെ വീഡിയോടേപ്പുകൾ വളരെയേറെ സഹായിച്ചിരിക്കുന്നതെങ്ങനെ?
17 കൊറിയയിൽ മറ്റൊരു ഭാഷാക്കൂട്ടത്തിനു സഹായം ലഭിച്ചു. 1997-ൽ കൊറിയൻ ആംഗ്യഭാഷയിലുള്ള ആദ്യത്തെ കൺവെൻഷൻ നടന്നു. കൊറിയയിൽ 15 ആംഗ്യഭാഷാ സഭകളിലായി 543 പ്രസാധകരുണ്ട്. എന്നാൽ ആ കൺവെൻഷനിൽ 1,174 പേർ സംബന്ധിച്ചു, 21 പേർ സ്നാപനമേൽക്കുകയും ചെയ്തു. വാചികമോ ലിഖിതമോ ആയ വാക്കുകൾ എളുപ്പം മനസ്സിലാക്കാൻ കഴിയാത്ത ബധിരരെ സഹായിക്കാനായി പ്രസിദ്ധീകരണങ്ങളുടെ 13 വ്യത്യസ്ത ആംഗ്യഭാഷകളിലുള്ള വീഡിയോടേപ്പുകൾ നിർമിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ, സുവാർത്ത “വായിക്കാ”നും പഠിക്കാനും ബധിരർ സഹായിക്കപ്പെടുന്നു, അത് നല്ല ഫലങ്ങളുളവാക്കുകയും ചെയ്യുന്നു. ഐക്യനാടുകളിൽ, ബധിരനായ ഒരു വ്യക്തി സ്നാപനഘട്ടത്തോളം പുരോഗമിക്കുന്നതിന് മുമ്പൊക്കെ അഞ്ചു വർഷംവരെ ആവശ്യമായിരുന്നു. അമേരിക്കൻ ആംഗ്യഭാഷയിൽ ലഭ്യമായിരിക്കുന്ന അനേകം വീഡിയോകൾ നിമിത്തം ചില ബധിരരെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടം ഇപ്പോൾ ഏതാണ്ട് ഒരു വർഷമായി കുറഞ്ഞിട്ടുണ്ട്.
‘രഥത്തിൽ നിലനിൽക്കൽ’
18. യോനാദാബിനെ കണ്ടുമുട്ടിയ ശേഷം യേഹൂ എന്ത് ചെയ്യാൻ തുടങ്ങി?
18 പൊ.യു.മു. 905-ൽ, യോനാദാബ് കൂടെ ചേർന്നശേഷം യേഹൂ വ്യാജാരാധനയെ ഇല്ലായ്മ ചെയ്യാൻ തുടങ്ങി. എല്ലാ ബാൽ ആരാധകർക്കുമായി അവൻ ഒരു ക്ഷണം പുറപ്പെടുവിച്ചു: “ബാലിന്നു ഒരു വിശുദ്ധസഭായോഗം ഘോഷിപ്പിൻ.” എന്നിട്ട്, യാതൊരു ബാൽ ആരാധകനും ഒഴിവാക്കപ്പെട്ടില്ലെന്ന് ഉറപ്പുവരുത്താൻ അവൻ മുഴു ദേശത്തും ആളയച്ചു. ആ വ്യാജദൈവത്തിന്റെ വലിയ ക്ഷേത്രത്തിലേക്ക് ജനക്കൂട്ടം ഒഴുകിയെത്തവേ, യഹോവയുടെ യാതൊരു ആരാധകനും അവിടെയില്ലെന്ന് യേഹൂ ഉറപ്പുവരുത്തി. ഒടുവിൽ, യേഹൂവും അവന്റെ സൈന്യവും ആ ബാൽ ആരാധകരെ വെട്ടിവീഴ്ത്തി. “ഇങ്ങനെ യേഹൂ ബാലിനെ യിസ്രായേലിൽനിന്നു നശിപ്പിച്ചുകളഞ്ഞു.”—2 രാജാക്കന്മാർ 10:20-28.
19. മനുഷ്യവർഗത്തിന്റെ തൊട്ടുമുന്നിൽ സ്ഥിതിചെയ്യുന്ന കാര്യങ്ങളുടെ വീക്ഷണത്തിൽ നാം ഏതു മനോഭാവം പ്രകടമാക്കണം, ഏതു പ്രവർത്തനത്തിൽ നാം ഉത്സാഹപൂർവം വ്യാപൃതരായിരിക്കണം?
19 ഇന്ന്, സകല വ്യാജമതങ്ങളുടെയും അന്തിമ ന്യായവിധി തൊട്ടുമുന്നിലാണ്. ദൈവത്തെ ഭയപ്പെടാനും വ്യാജമതത്തിൽനിന്നു തങ്ങളെത്തന്നെ വേർപെടുത്താനും പ്രോത്സാഹിപ്പിച്ചുകൊണ്ട് ദൂത മാർഗനിർദേശത്തിൻ കീഴിൽ ക്രിസ്ത്യാനികൾ സകല മനുഷ്യവർഗത്തോടും സുവാർത്ത ഘോഷിക്കുന്നു. (വെളിപ്പാടു 14:6-8; 18:2, 4) യഹോവ സിംഹാസനസ്ഥനാക്കിയിരിക്കുന്ന രാജാവായ യേശുക്രിസ്തുവിൻ കീഴിലെ ദൈവരാജ്യത്തിനു കീഴ്പെടാൻ സൗമ്യതയുള്ളവർ പ്രോത്സാഹിപ്പിക്കപ്പെടുന്നു. (വെളിപ്പാടു 12:10) ആവേശം തിരതല്ലുന്ന ഈ സമയത്ത് സത്യാരാധനയ്ക്കായി ഉറച്ചുനിൽക്കവേ നമ്മുടെ തീക്ഷ്ണത കുറഞ്ഞുപോകാൻ നാം അനുവദിക്കരുത്.
20. 1998 സേവനവർഷത്തിൽ എന്തു ചെയ്യാൻ നിങ്ങൾ ദൃഢനിശ്ചയമുള്ളവരായിരിക്കും?
20 ഒരിക്കൽ ശക്തമായ സമ്മർദത്തിൻ കീഴിലായിരുന്നപ്പോൾ ദാവീദ് രാജാവ് പ്രാർഥിച്ചു: “എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും. കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും.” (സങ്കീർത്തനം 57:7, 9) നമുക്കും ഉറച്ചുനിൽക്കാം. നിരവധി പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നിട്ടും 1997 സേവനവർഷത്തിൽ യഹോവയാം ദൈവത്തിന്റെ മഹത്ത്വത്തിനായി ഉച്ചത്തിലുള്ള സ്തുതിഘോഷം ഉയരുകയുണ്ടായി. ഈ സേവനവർഷത്തിലും സമാനമായ, ഒരുപക്ഷേ അതിലും വലിയ ഒരു സ്തുതിഘോഷം മുഴങ്ങട്ടെ. നമ്മെ നിരുത്സാഹപ്പെടുത്തുന്നതിനോ എതിർക്കുന്നതിനോവേണ്ടി സാത്താൻ എന്തുതന്നെ ചെയ്യാൻ ശ്രമിച്ചാലും നമുക്ക് യഹോവയെ സ്തുതിക്കുന്നതിൽ തുടരാം. അങ്ങനെ, നമ്മുടെ ഹൃദയം വലിയ യേഹൂവായ യേശുക്രിസ്തുവിന്റെ ഹൃദയത്തോട് നേരുള്ളതാണെന്ന് നാം പ്രകടമാക്കുകയും പിൻവരുന്ന നിശ്വസ്ത ഉദ്ഘോഷത്തോടു നമ്മുടെ മുഴു ദേഹിയോടെ പ്രതികരിക്കുകയും ചെയ്യും: “നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ; ഹൃദയപരമാർത്ഥികൾ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിൻ.”—സങ്കീർത്തനം 32:11.
നിങ്ങൾക്കു വിശദീകരിക്കാനാകുമോ?
□ പൊ.യു.മു. 905-ൽ ഇസ്രായേലിൽ എന്തു മാറ്റങ്ങൾ സംഭവിച്ചു?
□ ആരാണ് ആധുനികകാല യേഹൂ, തങ്ങളുടെ ഹൃദയം അവന്റെ ‘ഹൃദയത്തോട് നേരുള്ള’താണെന്നു “മഹാപുരുഷാരം” പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
□ വാർഷിക റിപ്പോർട്ടിൽനിന്നുള്ള ഏത് സ്ഥിതിവിവരക്കണക്കുകൾ 1997 സേവനവർഷത്തിൽ യഹോവയുടെ സാക്ഷികൾ കാണിച്ച തീക്ഷ്ണത വിശദമാക്കുന്നു?
□ സാത്താൻ നമുക്കെതിരെ എന്തുതന്നെ ചെയ്താലും 1998 സേവനവർഷത്തിൽ നാം ഏതു മനോഭാവം പ്രകടമാക്കും?
[18-21 പേജുകളിലെ ചാർട്ട്]
യഹോവയുടെ സാക്ഷികളുടെ 1997 സേവനവർഷത്തിലെ ലോകവ്യാപക റിപ്പോർട്ട്
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
[15-ാം പേജിലെ ചിത്രം]
ശ്രദ്ധേയമായ സ്മാരക ഹാജർ ഭാവി വർധനവിനു നല്ല സാധ്യതകളുണ്ടെന്നു പ്രകടമാക്കുന്നു
[16-ാം പേജിലെ ചിത്രം]
യോനാദാബ് യേഹൂവിനെ പിന്തുണച്ചതുപോലെ ഇന്നു “മഹാപുരുഷാരം” വലിയ യേഹൂവായ യേശുക്രിസ്തുവിനെയും അവന്റെ അഭിഷിക്ത സഹോദരന്മാരെയും പിന്തുണയ്ക്കുന്നു